മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം ഉള്ള പലർക്കും മഴ പെയ്യുമ്പോൾ സന്ധികളിൽ വേദനയും മുറുക്കവും നീർക്കെട്ടും ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടുകളും കൂടുകയാണ് ചെയ്യാറ്. തണുപ്പും നനവും അന്തരീക്ഷത്തിൽ ഈർപ്പവുമുള്ള കാലാവസ്ഥയിൽ അസുഖത്തിന്റെ തീവ്രത കൂടുന്നതായി സന്ധിവാതമുള്ള ഭൂരിഭാഗം പേരും പറയാറുണ്ട്.
കാലാവസ്ഥയിലെ മാറ്റങ്ങൾ എല്ലാ രോഗികളെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എങ്കിലും, തണുപ്പിലും ഈർപ്പത്തിലും അന്തരീക്ഷ മർദ്ദത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഈ അസുഖമുള്ളവരിൽ സന്ധിവേദനയും അസ്വസ്ഥതകളും കൂട്ടാൻ കാരണമാകുമെന്ന് നിരവധി പഠനങ്ങളും ഡോക്ടർമാരുടെ നിരീക്ഷണങ്ങളും വ്യക്തമാക്കുന്നുണ്ട്.
ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നതനുസരിച്ച്, മഴക്കാലം ഒരുതരത്തിലും നേരിട്ട് സന്ധിവാതത്തിന് കാരണമാകുന്നില്ല. എങ്കിലും നിലവിലുള്ള രോഗലക്ഷണങ്ങൾ, പ്രത്യേകിച്ച് ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് (നീർക്കെട്ട് കാരണമുണ്ടാകുന്ന സന്ധിവാതം) ഉള്ള രോഗികളിൽ അസുഖം വഷളാക്കാൻ ഇത് കാരണമാകും. മഴക്കാലത്തെ കാലാവസ്ഥ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്, ഈ രോഗലക്ഷണങ്ങളെ ഫലപ്രദമായി നേരിടാനും മഴക്കാലത്തും മെച്ചപ്പെട്ട ജീവിതസാഹചര്യം നിലനിർത്താനും രോഗികളെ സഹായിക്കും.
1. മഴയുള്ള ദിവസങ്ങളിലും ശാരീരിക ചലനങ്ങൾ നിർബന്ധം
മഴക്കാലത്ത് പലരും ശാരീരികാദ്ധ്വാനം കുറയ്ക്കാറുണ്ട്. ഇത് ഒട്ടും ശരിയല്ല.
മഴ കാരണം കൂടുതൽ സമയവും വീടിനുള്ളിൽ തന്നെ ഇരിക്കേണ്ടി വരുന്നത് ചലനങ്ങൾ കുറയ്ക്കുകയും അലസത നിറഞ്ഞ, മടി പിടിച്ച ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, ആവശ്യത്തിന് അനക്കമില്ലാതിരിക്കുന്നത് സന്ധികളിൽ കൂടുതൽ പിടുത്തം ഉണ്ടാക്കാനും പേശികൾ മുറുകാനും മാത്രമേ ഇടയാക്കൂ. സന്ധിവാത രോഗികൾ പതിവായി ശരീരം ചലിപ്പിക്കേണ്ടത് താഴെ പറയുന്ന കാര്യങ്ങൾക്ക് വളരെ അത്യാവശ്യമാണ്:
- സന്ധികളുടെ വഴക്കം (flexibility) നിലനിർത്താൻ
- പേശികളുടെ ബലം കൂട്ടാൻ
- രക്തയോട്ടം വർദ്ധിപ്പിക്കാൻ
- ശരീരത്തിന്റെ ബാലൻസും ചലനശേഷിയും മെച്ചപ്പെടുത്താൻ
വീടിനുള്ളിൽ ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റം ഉണ്ടാക്കും. വീടിനകത്ത് തന്നെ നടക്കുക, സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക, യോഗ അല്ലെങ്കിൽ ലഘുവായ മറ്റ് വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് സന്ധികളിലെ പിടുത്തം കുറയ്ക്കാനും അവയുടെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കും. കൂടുതൽ നേരം ഒരേ ഇരുപ്പിലിരിക്കുന്നതും കിടക്കുന്നതും സന്ധികളിലെ അസ്വസ്ഥതകൾ വർദ്ധിപ്പിക്കും, പ്രത്യേകിച്ച് നീർക്കെട്ട് മൂലമുള്ള സന്ധിവാതം ഉള്ളവരിൽ.
2. ശരീരത്തിൽ വേണ്ടത്ര ഊഷ്മാവ് നിലനിർത്തുക
തണുപ്പുള്ള കാലാവസ്ഥ പേശികളുടെ മുറുക്കത്തിനും സന്ധികളിലെ അസ്വസ്ഥതയ്ക്കും കാരണമാകും. തണുപ്പുള്ള അന്തരീക്ഷത്തിൽ കഴിയുമ്പോൾ, ശരീരത്തിലെ ചൂട് നഷ്ടമാകാതെ നിലനിർത്താൻ വേണ്ടി പേശികൾ സ്വാഭാവികമായും വലിഞ്ഞുമുറുകുന്നു. പേശികൾ ഇങ്ങനെ മുറുകുന്നത് വേദനയുള്ള സന്ധികൾക്ക് ചുറ്റുമുള്ള സമ്മർദ്ദം കൂട്ടുകയും ചലനങ്ങൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്യും. തണുപ്പുകാലത്ത് അതിരാവിലെയും തണുപ്പുള്ള അന്തരീക്ഷത്തിൽ കൂടുതൽ നേരം ഇരിക്കുമ്പോഴുമാണ് സന്ധിവാതത്തിന്റെ ബുദ്ധിമുട്ടുകൾ പലരിലും കൂടാറുള്ളത്. ശരീരം എപ്പോഴും തണുപ്പു തട്ടാതെ സൂക്ഷിക്കുന്നത് ഈ പിടുത്തം കുറയ്ക്കാനും ആശ്വാസം നൽകാനും സഹായിക്കും.
ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്:
- ഇളം ചൂടുവെള്ളത്തിൽ കുളിക്കുക
- ചൂടുള്ള പാനീയങ്ങൾ കുടിക്കുക
- തണുപ്പകറ്റുന്ന സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കുക
- വേദനയുള്ള സന്ധികളിൽ ഹീറ്റിംഗ് പാഡ് ഉപയോഗിച്ച് ചൂട് പിടിക്കുക
- ഉറങ്ങുമ്പോൾ ചൂടു നിലനിർത്തുന്ന പുതപ്പ് ഉപയോഗിക്കുക
പ്രായമായ രോഗികൾക്കും വിട്ടുമാറാത്ത സന്ധിവാതം (Chronic inflammatory arthritis) ഉള്ളവർക്കും ശരീരോഷ്മാവ് താഴാതെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
3. വിറ്റാമിൻ ഡി കുറയാതെ ശ്രദ്ധിക്കുക
മഴക്കാലത്ത് സ്വാഭാവികമായും വെയിൽ കൊള്ളാനുള്ള സാഹചര്യം കുറയുന്നു. സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാത്തത് ചിലരിൽ വിറ്റാമിൻ ഡിയുടെ കുറവിന് കാരണമായേക്കാം. നമ്മുടെ ശരീരത്തിൽ താഴെ പറയുന്ന കാര്യങ്ങളിൽ വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നുണ്ട്:
- എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ
- പേശികളുടെ പ്രവർത്തനം സുഗമമാക്കാൻ
- പ്രതിരോധശേഷി നിയന്ത്രിക്കാൻ
- സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാൻ
ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നത് സന്ധിവേദനയും പേശിവേദനയും കൂടാനും കടുത്ത ക്ഷീണത്തിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകും. അതിനാൽ മുട്ട, കൊഴുപ്പുള്ള മീനുകൾ, വിറ്റാമിൻ ഡി അടങ്ങിയ പാൽ ഉൽപന്നങ്ങൾ, കൂൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. കഴിയുമ്പോഴൊക്കെ അല്പം വെയിൽ കൊള്ളുന്നതും ഏറെ ഗുണം ചെയ്യും. വിറ്റാമിൻ ഡി ഗുളികകൾ കഴിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ നിർദ്ദേശം തേടണം. രക്തപരിശോധനയും നടത്തേണ്ടതാണ്.
4. വൈറൽ പനിക്കെതിരെ ജാഗ്രത വേണം
മഴക്കാലത്ത് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ വൈറൽ പനികളും മറ്റണുബാധകളും വരാനുള്ള സാധ്യത കൂടുതലാണ്. ചില വൈറൽ പനികൾ, ചിക്കുൻഗുനിയ പ്രത്യേകിച്ചും, കടുത്ത സന്ധിവേദനയ്ക്കും നീർക്കെട്ടിനും കാരണമാകാറുണ്ട്; ഇത് ചിലപ്പോൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളതായിരിക്കും. ചിലരിൽ ഇത്തരം വൈറൽ പനികൾ വരുന്നത് അവരുടെ ഓട്ടോ ഇമ്മ്യൂൺ ആർത്രൈറ്റിസ് പെട്ടെന്ന് വർദ്ധിക്കാനും കാരണമായേക്കാം. ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾക്കുള്ള ചികിൽസയുടെ ഭാഗമായി പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകൾ (immune-suppressing medicines) കഴിക്കുന്നവർ മഴക്കാലത്ത് അണുബാധകൾ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പനി മാറിയ ശേഷവും വിട്ടുമാറാത്ത സന്ധിവേദനയുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്, കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കിയിരിക്കണം.
5. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ നിർത്തരുത്
മഴക്കാലത്തോ പനി പോലുള്ള മറ്റ് അസുഖങ്ങൾ വരുമ്പോഴോ, മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പേടി കൊണ്ടോ അല്ലെങ്കിൽ ഡോക്ടറെ പോയി കാണാനുള്ള ബുദ്ധിമുട്ട് കൊണ്ടോ ചില രോഗികൾ മരുന്നുകൾ മുടക്കാറുണ്ട്. എന്നാൽ മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത് അസുഖം കഠിനമാകാനും നീർക്കെട്ട് കൂടാനും സന്ധികൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കാനും കാരണമാകും. ഡോ. വിഷാദ് വിശ്വനാഥിന്റെ അഭിപ്രായത്തിൽ, നീർക്കെട്ട് മൂലമുണ്ടാകുന്ന സന്ധിവാതങ്ങൾക്ക് (inflammatory arthritis) കൃത്യമായി മരുന്നുകൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്; കാരണം നിയന്ത്രിക്കപ്പെടാത്ത നീർക്കെട്ട് കാലക്രമേണ സന്ധികളെ പൂർണ്ണമായി നശിപ്പിച്ചേക്കാം. അതിനാൽ ഡോക്ടറോട് ചോദിക്കാതെ ഒരിക്കലും മരുന്നുകൾ നിർത്തുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്.
6. വീടിനുള്ളിലെ വീഴ്ചകളും പരിക്കുകളും ഒഴിവാക്കാൻ ശ്രദ്ധിക്കുക
മഴക്കാലത്ത് തറയിൽ നനവുണ്ടാകാനും തെന്നി വീഴാനുമുള്ള സാധ്യത കൂടുതലാണ്, പ്രത്യേകിച്ച് പ്രായമായ സന്ധിവാത രോഗികളുടെ കാര്യത്തിൽ. നനഞ്ഞ തറ, തെന്നുന്ന പ്രതലങ്ങൾ, വെളിച്ചക്കുറവ്, സന്ധിവേദന മൂലം ബാലൻസ് നഷ്ടമാകൽ എന്നിവയെല്ലാം പരിക്കുകൾക്കും എല്ലുപൊട്ടുന്നതിനും കാരണമായേക്കാം.
വീടിനുള്ളിൽ ചില മുൻകരുതലുകൾ എടുക്കുന്നത് സുരക്ഷിതത്വം കൂട്ടാൻ സഹായിക്കും:
- തറ എപ്പോഴും നനവില്ലാതെ സൂക്ഷിക്കുക
- വീടിനകത്ത് തെന്നി വീഴാത്ത തരം ചെരിപ്പുകൾ ഉപയോഗിക്കുക
- മുറികളിലും നടവഴികളിലും ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കുക
- തട്ടി വീഴാൻ സാധ്യതയുള്ള തടസ്സങ്ങൾ നടവഴിയിൽ നിന്ന് മാറ്റുക
- ആവശ്യമെങ്കിൽ ശുചിമുറിയിൽ പിടിച്ചു നടക്കാനുള്ള കമ്പികൾ (support rails) പിടിപ്പിക്കുക
കാൽമുട്ട് വേദന, ഇടുപ്പ് വേദന (hip arthritis) അല്ലെങ്കിൽ പേശികൾക്ക് ബലഹീനത എന്നീ പ്രയാസങ്ങളുള്ളവർ മഴക്കാലത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
7. ലക്ഷണങ്ങൾ ശ്രദ്ധിക്കുക, അവയെ അവഗണിക്കാതിരിക്കുക
പലരും സന്ധികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രായത്തിന്റേതാണെന്നോ കാലാവസ്ഥാമാറ്റം മൂലം ഉണ്ടാകുന്നതാണെന്നോ കരുതി അവഗണിക്കാറുണ്ട്. എന്നാൽ, വിട്ടുമാറാത്ത ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, അത്, കൃത്യമായ വൈദ്യസഹായം ആവശ്യമുള്ള ‘ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ്’ (നീർക്കെട്ട് മൂലമുള്ള സന്ധിവാതം) ആകാം.
താഴെ പറയുന്ന മുന്നറിയിപ്പ് ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:
- സന്ധികളിൽ വിട്ടുമാറാത്ത നീർക്കെട്ട്
- രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികളിലും പേശികളിലും അര മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന പിടുത്തം
- ശരീരത്തിലെ പല സന്ധികളിലും ഒരേസമയം വേദന വരിക
- വിട്ടുമാറാത്ത കടുത്ത ക്ഷീണം
- സന്ധിവേദനയോടൊപ്പം പനി
- ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്
തുടക്കത്തിൽ തന്നെ രോഗനിർണ്ണയം നടത്തി ചികിത്സിക്കേണ്ടതാണ്. കാരണം, നീർക്കെട്ട് മൂലമുള്ള സന്ധിവാതത്തിന് കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ അത് സന്ധികൾക്ക് സ്ഥായിയായ കേടുപാടുകൾ വരുത്താനും ചലനശേഷി പൂർണ്ണമായി കുറയ്ക്കാനും കാരണമാകും.
മഴക്കാലത്ത് സന്ധിവാതം സൃഷ്ടിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ
ശാരീരിക അസ്വസ്ഥതകൾക്ക് പുറമെ, മൺസൂൺ മാനസികാരോഗ്യത്തെയും ബാധിച്ചേക്കാം. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വിട്ടുമാറാത്ത വേദന, ഉറക്കക്കുറവ്, ശരിയായി നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലരിൽ മാനസിക സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകാറുണ്ട്. സന്ധിവാതം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. അതിനാൽ സുഹൃത്തുക്കളോടും കുടുംബത്തോടും സംസാരിക്കുക, വീടിനുള്ളിൽ തന്നെ സജീവമായിരിക്കുക, താൽപ്പര്യമുള്ള വിനോദങ്ങളിൽ ഏർപ്പെടുക, മാനസിക പിന്തുണ തേടുക എന്നിവയെല്ലാം ഈ സമയത്ത് സന്തോഷം നിലനിർത്താൻ സഹായിക്കും.
എപ്പോഴും ഓർക്കേണ്ട ചില വസ്തുതകൾ
മഴക്കാലത്ത് ചിലർക്ക് സന്ധിവാത ബുദ്ധിമുട്ടുകൾ വർദ്ധിക്കാറുണ്ട്. തണുപ്പ്, അന്തരീക്ഷത്തിലെ ഈർപ്പം, വ്യായാമക്കുറവ്, വൈറൽ പനികൾ, സൂര്യപ്രകാശത്തിന്റെ കുറവ് എന്നിവയെല്ലാം വേദനയും കോച്ചിപ്പിടുത്തവും കൂട്ടാൻ കാരണമായേക്കാം. എങ്കിലും കൃത്യമായ പരിചരണവും പതിവായി വ്യായാമം ചെയ്യുന്നതും പ്രയാസങ്ങൾ കുറയ്ക്കും. ശരീരത്തിൻ്റെ ഊഷ്മാവ് നിലനിർത്തി, ജീവിതശൈലിയിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി, കൃത്യമായി മരുന്നുകൾ കഴിക്കേണ്ടതാണ്. ഡോക്ടറുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക കൂടി ചെയ്യുന്ന പക്ഷം മഴക്കാലത്തും സന്ധിവാത അസ്വസ്ഥതകളെ ഫലപ്രദമായി നിയന്ത്രിക്കാനാകും.
നമ്മുടെ ചലനശേഷിയും സ്വാതന്ത്ര്യവും മെച്ചപ്പെട്ട ജീവിതനിലവാരവും നിലനിർത്തുന്നതിൽ സന്ധികൾക്ക് വലിയ പങ്കുണ്ട്. ശരീരത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ്, തുടക്കത്തിൽത്തന്നെ വൈദ്യസഹായം തേടുന്നത് സന്ധികളുടെ ദീർഘകാല ആരോഗ്യത്തിന് ഏറെ സഹായകമാകും.




