വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം മിക്കവാറും കാരണമാകുന്നത്, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലാണെന്നതുതന്നെയാണ് ഇതിന് കാരണം.
പ്രമേഹ ചികിത്സയിൽ മരുന്നുകളുടെ പങ്കുപോലെത്തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ഘടകമാണ് പോഷകാഹാരക്രമം. പ്രമേഹത്തെ ഏറ്റവും മികച്ച രീതിയിൽ നിയന്ത്രിക്കാൻ ഇവ രണ്ടും അനിവാര്യമാണ്. മധുരം പൂർണ്ണമായി ഒഴിവാക്കുന്നതുകൊണ്ടോ ഇന്റർനെറ്റിൽ കാണുന്ന ഏതെങ്കിലും ഡയറ്റ് ചാർട്ട് പ്രകാരം ആഹാരത്തിൽ വ്യത്യാസം വരുത്തുന്നതുകൊണ്ടോ മാത്രം പ്രമേഹം പൂർണ്ണമായും നിയന്ത്രിക്കാം എന്നു കരുതുന്നത് ഒട്ടും ശരിയല്ല. ഓരോരുത്തരുടെയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ, അവരുടെ ജീവിതശൈലി, ഇഷ്ടാഹാരങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് പ്രമേഹം കൃത്യമായി നിയന്ത്രിക്കുന്നതിനായി, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള ഭക്ഷണക്രമം ആവശ്യമാണെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
പ്രമേഹ നിയന്ത്രണത്തിൽ ഭക്ഷണത്തിനുള്ള പ്രാധാന്യം
നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ, അതിലെ അന്നജത്തെ (കാർബോഹൈഡ്രേറ്റ്) ശരീരം ഗ്ലൂക്കോസാക്കി മാറ്റുകയും അത് നമ്മുടെ രക്തത്തിൽ കലരുകയും ചെയ്യുന്നു. പ്രമേഹമുള്ളവരിൽ ഈ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറവായിരിക്കും. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ വർദ്ധിക്കാൻ ഇത് കാരണമാകുന്നു. നമ്മൾ കഴിക്കാൻ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങൾ, കഴിക്കുന്ന അളവ്, എന്തിന് ഭക്ഷണം കഴിക്കുന്ന സമയം പോലും ദിവസം മുഴുവനുമുള്ള ഷുഗർ ലെവലിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നു.
ആരോഗ്യകരമായ ഒരു ഭക്ഷണക്രമം പിന്തുടരുന്നത് താഴെ പറയുന്ന കാര്യങ്ങൾക്ക് സഹായകമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു:
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ
- ശരീരത്തിന് വേണ്ടത്ര ഊർജ്ജം ലഭിക്കാൻ
- ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ
- ഹൃദയാരോഗ്യം സംരക്ഷിക്കാൻ
- പ്രമേഹം മൂലമുണ്ടാകുന്ന മറ്റ് സങ്കീർണ്ണതകൾ തടയാൻ
മരുന്നുകൾ, വ്യായാമം, കൃത്യമായ ഇടവേളകളിലുള്ള പരിശോധന എന്നിവയോടൊപ്പം തന്നെ പോഷകാഹാരവും പ്രമേഹ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായി കണക്കാക്കാനുള്ള കാരണവും ഇതുതന്നെ.
ഒരേ ഭക്ഷണക്രമം എല്ലാവർക്കും അനുയോജ്യമാകാത്തത് എന്തുകൊണ്ട്?
പ്രമേഹമുള്ളവരെല്ലാം ഒരേതരം ഭക്ഷണക്രമം തന്നെ പിന്തുടരണം എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ ഓരോരുത്തർക്കും പ്രമേഹം നിയന്ത്രിക്കേണ്ടതിൻ്റെ രീതി തികച്ചും വ്യത്യസ്തമാണ്.
ഒരു വ്യക്തിയുടെ ഭക്ഷണക്രമം തീരുമാനിക്കുമ്പോൾ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്:
- പ്രായം
- ശരീരഭാരം
- ശാരീരികാധ്വാനം അല്ലെങ്കിൽ വ്യായാമം
- ഭക്ഷണ ശീലങ്ങളും വ്യക്തിപരമായ ഇഷ്ടങ്ങളും
- ജോലി സമയം
- കഴിക്കുന്ന മരുന്നുകൾ
- രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾ, ഫാറ്റി ലിവർ, അമിതവണ്ണം തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾ
ഒരാൾക്ക് മികച്ച ഫലം നൽകിയ ഒരു ഡയറ്റ് പ്ലാൻ മറ്റൊരാൾക്ക് അനുയോജ്യമാകണമെന്നില്ല. എല്ലാവർക്കും ഒരേ ഡയറ്റ് എന്ന രീതിക്ക് പകരം, ഓരോരുത്തരുടെയും ശരീരപ്രകൃതിയും സാഹചര്യങ്ങളും മനസ്സിലാക്കി പ്രത്യേകം ഭക്ഷണക്രമം തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലതെന്ന് പ്രമുഖ ആരോഗ്യ സംഘടനകൾ അടിവരയിട്ടു പറയുന്നു.
എന്താണ് വ്യക്തിഗത ഭക്ഷണക്രമം?
ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, ജീവിതശൈലി, ആരോഗ്യവും കരുത്തും സംബന്ധിച്ച ലക്ഷ്യങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കി തയ്യാറാക്കുന്ന ഭക്ഷണരീതിയാണിത്. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം പൂർണ്ണമായി ഒഴിവാക്കാൻ നിർബന്ധിക്കുന്നതിന് പകരം നമ്മുടെ ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താനാകുന്നതും ദീർഘകാലം മടുപ്പില്ലാതെ പിന്തുടരാൻ കഴിയുന്നതുമായ ആഹാരക്രമം രൂപപ്പെടുത്താൻ ഈ രീതി സഹായകമാകുന്നു.
ഇങ്ങനെ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കുന്നു:
- നിത്യവും ശരീരത്തിന് ആവശ്യമായ ഊർജ്ജം അഥവാ കലോറി
- അന്നജത്തിന്റെ അളവും കഴിക്കേണ്ട സമയവും
- ഓരോ നേരവും കഴിക്കേണ്ട ആഹാരപദാർത്ഥങ്ങളുടെ അളവ്
- ഭക്ഷണം കഴിക്കേണ്ട കൃത്യമായ സമയം
- ആവശ്യമായ പ്രോട്ടീന്റെ അളവ്
- നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ അളവ്
- വ്യക്തി ജീവിക്കുന്ന പ്രദേശത്തെ തനതു ഭക്ഷണശീലങ്ങളും വ്യക്തിപരമായ ഇഷ്ടങ്ങളും
- ഓരോ ദിവസവും ചെയ്യുന്ന വ്യായാമവും അധ്വാനവും
വ്യക്തിഗത ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നതെങ്ങനെ?
1. അന്നജത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അന്നജമാണ്.
വ്യക്തിഗത ഭക്ഷണക്രമം താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു:
- ഏതൊക്കെ ഭക്ഷണങ്ങളിൽ നിന്നുള്ള അന്നജമാണ് തെരഞ്ഞെടുക്കേണ്ടത്
- ഓരോ തവണയും ഏതളവിലാണ് കഴിക്കേണ്ടത്
- ഓരോ നേരത്തെയും ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് എങ്ങനെ ക്രമീകരിക്കണം
- വ്യത്യസ്ത ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ ഇത് വലിയ രീതിയിൽ സഹായിക്കും.
2. കഴിക്കുന്ന അളവിനെക്കുറിച്ചുള്ള കൃത്യമായ ധാരണ
ആരോഗ്യകരമായ ഭക്ഷണമാണെങ്കിൽപ്പോലും അമിതമായി കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ആവശ്യങ്ങൾക്കും അനുസരിച്ച് ഓരോ തവണയും എത്രത്തോളം ഭക്ഷണം കഴിക്കണം (Portion sizes) എന്ന് കൃത്യമായി മനസ്സിലാക്കാൻ വ്യക്തിഗത ഭക്ഷണക്രമം സഹായിക്കുന്നു.
3. ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കാൻ
അമിതവണ്ണവും ഇൻസുലിൻ റെസിസ്റ്റൻസും (ശരീരം ഇൻസുലിൻ ശരിയായി ഉപയോഗിക്കാത്ത അവസ്ഥ) തമ്മിൽ വലിയ ബന്ധമുണ്ട്, പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ. ഇഷ്ടമുള്ളതെല്ലാം ഒഴിവാക്കുന്ന കർശനമായ ഡയറ്റുകൾക്ക് പകരം പ്രായോഗികമായ മാറ്റങ്ങളിലൂടെ പടിപടിയായി ശരീരഭാരം കുറയ്ക്കാനും അത് നിലനിർത്താനും വ്യക്തിഗത ഭക്ഷണക്രമം സഹായിക്കും.
4. ജീവിതശൈലിയിൽ സ്ഥായിയായ മാറ്റങ്ങൾ വരുത്താൻ
വളരെ കർശനമായ ഡയറ്റുകൾ ദീർഘകാലം പിന്തുടരാൻ മിക്കവാറും ആളുകൾക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാൽ വ്യക്തിഗത ഡയറ്റ് പ്ളാനാകട്ടെ, വ്യക്തിയുടെ ദൈനംദിന ജീവിതവുമായി എളുപ്പത്തിൽ ചേർന്നുപോകുന്ന പ്രായോഗികമായ മാറ്റങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഇത് ആരോഗ്യകരമായ ഭക്ഷണശീലം ഒട്ടും മടുപ്പുമില്ലാതെ എക്കാലവും തുടരാൻ സഹായിക്കുന്നു.
5. ചികിത്സ കൂടുതൽ ഫലപ്രദമാകുന്നു
പോഷകാഹാരം എന്നത്, ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾക്ക് പകരമുള്ള ഒന്നായി ഒരിക്കലും കണക്കാക്കരുത്. മരുന്നുകൾ, വ്യായാമം, പരിശോധനകൾ എന്നിവയ്ക്കൊപ്പം കൃത്യമായതും അനുയോജ്യമായതുമായ ഒരു ഭക്ഷണക്രമം കൂടി ചേരുമ്പോഴാണ് പ്രമേഹ നിയന്ത്രണം കൂടുതൽ ഫലപ്രദമാകുന്നത്.
ആഹാരത്തിനും അപ്പുറം
പ്രമേഹ നിയന്ത്രണത്തിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ടെങ്കിലും മികച്ച ഫലം ലഭിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്:
- ഡോക്ടർ നിർദ്ദേശിച്ച പ്രകാരം കൃത്യമായി മരുന്നുകൾ കഴിക്കുക
- പതിവായി വ്യായാമം ചെയ്യുക
- ആവശ്യത്തിന് ഉറങ്ങുക
- മാനസിക സമ്മർദ്ദം നിയന്ത്രിക്കുക
- കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക
- രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് ഉറപ്പുവരുത്തുക
ഈ കാര്യങ്ങളെല്ലാം സംയോജിപ്പിച്ച് ജീവിക്കുമ്പോഴാണ് പ്രമേഹ ചികിത്സ ഏറ്റവും കൂടുതൽ ഫലപ്രദമാകുന്നത്.
വ്യക്തിഗത ഭക്ഷണക്രമം പ്രാധാന്യമർഹിക്കുന്നതിനുള്ള കാരണങ്ങൾ
പ്രമേഹമുള്ള എല്ലാവർക്കും ഒരുപോലെ ഫലം നൽകുന്ന ഒരൊറ്റ ഭക്ഷണക്രമം എന്നൊന്നില്ല എന്നതാണ് യാഥാർത്ഥ്യം. ശാസ്ത്രീയ അടിത്തറയുള്ളതും എല്ലാ പോഷകങ്ങളും അടങ്ങിയതും ഓരോ വ്യക്തിയുടേയും ആരോഗ്യത്തിനും ജീവിതശൈലിക്കും ഇണങ്ങുന്നതുമായ പ്രായോഗികമായ ഒരു ഭക്ഷണരീതി കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം.
രക്തത്തിലെ പഞ്ചസാര കൃത്യമായി നിയന്ത്രിക്കാനും ഗുണകരമായ ആഹാരം തെരഞ്ഞെടുക്കാനും ശരീരഭാരം നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം വ്യക്തിഗത ഡയറ്റ് പ്ലാൻ സഹായിക്കും. കൃത്യമായ ചികിത്സയ്ക്കും നല്ല ജീവിതശൈലിക്കുമൊപ്പം ഇതു കൂടി ചേരുമ്പോൾ, പ്രമേഹമുണ്ടെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കുമെന്നുറപ്പാണ്.




