കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച് പറയുമ്പോൾ മിക്കവാറും ആളുകൾ തൈരിൻ്റെ ഗുണഗണങ്ങളാകും ആദ്യം ഓർക്കുക. വയറിൻ്റെ ആരോഗ്യത്തിൽ തൈരിന് പ്രധാനസ്ഥാനം തന്നെയാണെന്നതിൽ വ്യത്യസ്താഭിപ്രായമില്ല. എന്നാൽ, ദഹനവ്യവസ്ഥയെ സഹായിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ തൈരിനു പുറമെ എളുപ്പത്തിൽ ലഭ്യമാകുന്ന മറ്റു ചിലതു കൂടിയുണ്ട് എന്നതും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. 

“പ്രോബയോട്ടിക്സ്”, “ഗട്ട് ഹെൽത്ത്” തുടങ്ങിയ വാക്കുകൾ നമ്മുടെ ആരോഗ്യ വർത്തമാനത്തിൻ്റെ ഭാഗമാകുന്നതിനും എത്രയോ തലമുറകൾക്ക് മുമ്പ് തന്നെ, കുടലിലെ സൂക്ഷ്മാണുക്കൾക്ക് ഗുണകരമാകുന്ന പല വിഭവങ്ങളും  ഭാരതത്തിൽ ഉപയോഗിച്ചു വരുന്നുണ്ട് എന്നതാണ് വാസ്തവം.

നമ്മുടെ പരമ്പരാഗത ഭക്ഷണ സംസ്ക്കാരത്തിൻ്റെ ഭാഗമായി നൂറ്റാണ്ടുകൾ മുമ്പ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന വസ്തുത, ആധുനിക കാലത്തെ ശാസ്ത്രജ്ഞരും അംഗീകരിക്കുന്നുണ്ട്. 

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ദഹന വ്യവസ്ഥയുടെ ആരോഗ്യത്തിന് വലിയ പങ്കുണ്ട്. കുടൽ നന്നായാൽ ഉടൽ നന്നായി എന്നൊരു ചൊല്ലുതന്നെയുണ്ടല്ലോ. ഗട്ട് മൈക്രോബയോം (gut microbiome) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോടിക്കണക്കിന് ബാക്ടീരിയകളുടെയും സൂക്ഷ്മാണുക്കളുടെയും വാസസ്ഥലമാണ് കുടൽ. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും ആവശ്യമായ പോഷകങ്ങൾ രൂപപ്പെടുത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ സൂക്ഷ്മാണുക്കൾ സഹായിക്കുന്നു. കൂടാതെ, തലച്ചോറുൾപ്പെടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്നതിലും ഇവ മുഖ്യപങ്കു വഹിക്കുന്നുണ്ട്.

ഈ സൂക്ഷ്മാണുക്കളുടെ വൈവിധ്യം ആരോഗ്യം നിലനിർത്താൻ ഏറെ സഹായകമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. പുളിപ്പിച്ച ഭക്ഷണങ്ങൾ (fermented foods) ആഹാരത്തിൽ ഉൾപ്പെടുന്നത്, ഗട്ട് മൈക്രോബയോമിനെ ആരോഗ്യകരമായ തരത്തിൽ നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്.

പുളിപ്പിച്ച ആഹാരം വയറിന്റെ ആരോഗ്യത്തിന് ഉത്തമമാകാനുള്ള കാരണങ്ങൾ

ബാക്ടീരിയ, യീസ്റ്റ് തുടങ്ങിയ ഗുണകരമായ സൂക്ഷ്മാണുക്കൾ ഭക്ഷണത്തിലെ മധുരവും അന്നജവും വിഘടിപ്പിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് പുളിപ്പിക്കൽ അഥവാ ഫെർമെൻ്റേഷൻ (Fermentation).

ഭക്ഷണം കേടാകാതെ സൂക്ഷിക്കാൻ മാത്രമല്ല, ദഹനം എളുപ്പമാക്കാനും പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാനും കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ പുതിയ ഘടകങ്ങൾ ഉത്പാദിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി (Stanford University) നടത്തിയ ഒരു പഠനത്തിൽ, പുളിപ്പിച്ച ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നവരുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ വൈവിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ശരീരത്തിൽ നീർക്കെട്ടിനും മറ്റസുഖങ്ങൾക്കും കാരണമാകുന്ന ഘടകങ്ങൾ തീരെ കുറവാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഇത്തരം വിഭവങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

1. ഇഡ്ഡലിയും ദോശയും: പുളിപ്പിച്ച മാവുപയോഗിച്ചുള്ള പ്രഭാതഭക്ഷണം

നമ്മുടെ രാജ്യത്തെ അടുക്കളകളിൽ ഏറ്റവും കൂടുതലായുണ്ടാക്കുന്ന പ്രഭാതഭക്ഷണങ്ങളാണ് ഇഡ്ഡലിയും ദോശയും. ഇതുണ്ടാക്കാനുപയോഗിക്കുന്ന മാവ്, സ്വാഭാവികമായി പുളിക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകുന്നു. അരിയും ഉഴുന്നും ചേർത്ത് അരച്ചെടുത്ത മാവ് രാത്രി മുഴുവൻ പുളിക്കാൻ വെയ്ക്കുമ്പോൾ, ആരോഗ്യത്തിന് ഗുണകരമായ സൂക്ഷ്മാണുക്കൾ അതിൽ സമൃദ്ധമായുണ്ടാകുന്നു.

മാവ് ഇങ്ങനെ പുളിപ്പിച്ചുപയോഗിക്കുന്നത്, ദഹനം സുഗമമാക്കാനും പോഷകങ്ങൾ ശരീരത്തിന് വേഗത്തിൽ ലഭ്യമാക്കാനും സഹായിക്കുന്നു. മാത്രമല്ല, പോഷകങ്ങളെ ആഗിരണം ചെയ്യാൻ തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങളെ ഒരു പരിധി വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.

പാകം ചെയ്യുമ്പോൾ ഇതിലെ ജീവനുള്ള ഒട്ടുമിക്ക ബാക്ടീരിയകളും നശിച്ചുപോകുമെങ്കിലും, പുളിക്കുന്ന പ്രക്രിയയിലൂടെ ഭക്ഷണത്തിൽ ഉണ്ടാകുന്ന പോഷകഗുണങ്ങൾ അതേപടി നിലനിൽക്കുന്നു.

നമ്മുടെ രാജ്യത്തുള്ള മിക്കവരുടേയും ഗട്ട് ഹെൽത്തിനു വേണ്ടിയുള്ള കരുതൽ തുടങ്ങുന്നത് ഈ പ്രഭാതഭക്ഷണത്തിൽ നിന്നുതന്നെ.

2. സംഭാരം അല്ലെങ്കിൽ മോര്

വേനൽച്ചൂടു കനക്കുമ്പോൾ ഒരു ഗ്ലാസ്സ് തണുത്ത മോരുംവെള്ളം കുടിച്ചാൽ കിട്ടുന്ന ആശ്വാസം അനുഭവിച്ചറിയേണ്ടതു തന്നെയാണ്. നൂറ്റാണ്ടുകളായി ഇന്ത്യൻ ഭക്ഷണ രീതിയുടെ ഒരു പ്രധാന ഭാഗം തന്നെയാണ് സംഭാരം അഥവാ മോര്. ദഹനം എളുപ്പമാക്കുന്നതിനായി പലപ്പോഴും ഊണിന് ശേഷമാണ് ഈ  പാനീയം കുടിക്കാറുള്ളത്.

തൈരിൽ വെള്ളം ചേർത്ത് തയ്യാറാക്കുന്ന മോരിൽ, നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ലാക്റ്റിക് ആസിഡ് ബാക്ടീരിയകൾ (lactic acid bacteria) അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെ പ്രവർത്തനങ്ങൾക്ക് വളരെ നല്ലതാണ്. കൂടാതെ, ശരീരത്തിലെ ജലാംശം നിലനിർത്താനും കൃത്രിമ മധുരമുള്ള പാനീയങ്ങൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന ആരോഗ്യകരമായ പാനീയവുമാണിത്.

വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതും അതേസമയം ഏറ്റവും ലളിതവുമായ പുളിപ്പിച്ച പാനീയങ്ങളാണ് മോരും സംഭാരവും.

3. നാടൻ അച്ചാറുകൾ

ഭാരതത്തിലെ അടുക്കളകളിൽ കാലങ്ങളായി നാടൻ അച്ചാറുകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.

മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി അല്ലെങ്കിൽ പലതരം പച്ചക്കറികൾ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന നാടൻ അച്ചാറുകൾ കേടാകാതെ സൂക്ഷിക്കാൻ കൃത്രിമ മാർഗ്ഗങ്ങളൊന്നും തന്നെ ഉപയോഗിക്കുന്നില്ല. സ്വാഭാവികമായി പുളിക്കാൻ വെച്ചുകൊണ്ടാണ് അച്ചാറുകൾ അഥവാ ഉപ്പിലിട്ടത് സൂക്ഷിക്കുന്നത്.

ഇങ്ങനെ പുളിക്കുന്ന സമയത്ത്, ഗുണകരമായ സൂക്ഷ്മാണുക്കൾ അതിലെ ചേരുവകളിൽ പ്രവർത്തിക്കുകയും നാടൻ അച്ചാറുകൾക്ക് മാത്രമുള്ള തനതു രുചിയും മണവും കൈവരികയും ചെയ്യുന്നു.

ഉപ്പിലിട്ട പച്ചക്കറികളെക്കുറിച്ചുള്ള പഠനങ്ങൾ പ്രകാരം, അവ നമ്മുടെ ശരീരത്തിന് ഗുണകരമായ സൂക്ഷ്മാണുക്കളെ സൃഷ്ടിക്കുകയും ഭക്ഷണത്തിലെ വൈവിധ്യം നിലനിർത്തുകയും ചെയ്യുന്നു.

അച്ചാറുകൾ മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന കാര്യം പ്രത്യേകം ഓർമ്മവേണം. വയറിന് ഗുണം ചെയ്യുന്ന പ്രോബയോട്ടിക്കുകൾ ലഭിക്കാനുള്ള പ്രധാന മാർഗ്ഗമായി ഇതിനെ കാണരുത്. അച്ചാറുകളിൽ ഉപ്പിന്റെ അംശം കൂടുതലായതുകൊണ്ടുതന്നെ, ഊണിനൊപ്പം തൊട്ടു കൂട്ടാവുന്ന രുചികരമായ വിഭവമായി മാത്രം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

4. കാഞ്ചി: ഭാരതത്തിലെ പരമ്പരാഗത പാനീയം

പുതിയ കാലത്ത് പലർക്കും കാഞ്ചിയുടെ പ്രാധാന്യം അറിയില്ല. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും തലമുറകളായി ആളുകൾ ഇത് മികച്ച പാനീയമായി ഉപയോഗിച്ചുവരുന്നു.  ഉത്തരേന്ത്യയിൽ കാലീ ഗാജർ എന്നറിയപ്പെടുന്ന കറുത്ത കാരറ്റ്, കടുക്, വെള്ളം എന്നിവ ചേർത്ത്, സ്വാഭാവികമായി പുളിക്കാൻ ആവശ്യമായ സമയം നൽകിയാണ് നാടൻ കാഞ്ചി തയ്യാറാക്കുന്നത്. ഈ പ്രക്രിയയിലൂടെ ഇതിന്  പ്രത്യേക പുളിരസം ലഭിക്കുന്നു.

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഘടകങ്ങൾ പുളിപ്പിക്കുമ്പോൾ രൂപപ്പെടുന്നു. കാലാവസ്ഥ മാറിവരുന്ന സമയങ്ങളിലാണ് പണ്ടുള്ളവർ ഇത് കുടിക്കാറുള്ളത്.

ആധുനികകാലത്ത് ആഹാരരീതിയിൽ മാറ്റം വന്നതോടെ പിന്തള്ളപ്പെട്ടു പോയെങ്കിലും ദഹനത്തിനും കുടലിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്ന സ്വാഭാവികമായ പുളിപ്പിച്ച ഭക്ഷണങ്ങളുടെ വലിയൊരു പാരമ്പര്യം തന്നെ ഇന്ത്യയ്ക്കുണ്ടായിരുന്നു എന്ന് കാഞ്ചി നമ്മെ ഓർമ്മിപ്പിക്കുന്നു.

5. പഴങ്കഞ്ഞി 

പണ്ടുകാലങ്ങളിൽ, പാടത്തും പറമ്പിലും നന്നായി പണിയെടുത്തിരുന്ന നമ്മുടെ പൂർവ്വികർ പഴങ്കഞ്ഞിയുടെ മഹത്വം തിരിച്ചറിഞ്ഞിരുന്നു.

ചോറിൽ വെള്ളം ഒഴിച്ച് രാത്രി മുഴുവൻ വെച്ച് പുളിപ്പിച്ചെടുത്ത് പ്രഭാതഭക്ഷണമായി കഴിക്കുന്ന രീതി ഇന്ത്യയിലെ പല ഭാഗങ്ങളിലും  കണ്ടുവരുന്നുണ്ട്. 

കേരളത്തിൽ ‘പഴങ്കഞ്ഞി’ എന്നും പശ്ചിമ ബംഗാളിൽ ‘പന്താ ഭട്ട്’ എന്നും അങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ മറ്റു പല പേരുകളിലും അറിയപ്പെടുന്ന ഈ വിഭവത്തിന് പഴയകാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നു.

രാത്രി മുഴുവൻ, അതായത് ഏകദേശം എട്ടുമണിക്കൂർ സമയം വെള്ളത്തിൽക്കിടന്ന് പുളിക്കുമ്പോൾ, ചോറിലെ ചില പോഷകങ്ങൾ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ പാകത്തിലാകും. ഒപ്പം ആരോഗ്യത്തിന് ഗുണകരമായ സൂക്ഷ്മാണുക്കൾ അതിൽ ഉണ്ടാകുകയും ചെയ്യുന്നു.

സാധാരണയായി ചൂടുകാലത്താണ് ആളുകൾ പഴങ്കഞ്ഞി പ്രാതലായി  കഴിക്കാറുള്ളത്. ശരീരം തണുപ്പിക്കാനും ക്ഷീണമകറ്റി ഉന്മേഷം നൽകാനും ഇതു വളരെ നല്ലതാണ്. പണ്ട് സാധാരണക്കാരുടെ ഭക്ഷണമായി മാത്രം കണ്ടിരുന്ന ഈ വിഭവത്തിലുള്ള നല്ല ബാക്ടീരിയകളെയും പോഷകഗുണങ്ങളെയും കുറിച്ച് ശാസ്ത്രലോകം ഏറെ കൗതുകപൂർവ്വം വിശകലനം ചെയ്തുവരുന്നു.

വൈവിദ്ധ്യമേറുമ്പോൾ ആരോഗ്യവുമേറുന്നു

നമ്മൾ പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക തരം ആഹാരപദാർത്ഥത്തിലോ അല്ലെങ്കിൽ  സപ്ലിമെന്റുകളിലോ (supplements) മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു സൂപ്പർ ഫുഡിനെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ മൊത്തത്തിലുള്ള വൈവിദ്ധ്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന്  പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഓരോ സൂക്ഷ്മാണുവിനും വളരാൻ ഓരോ തരം പോഷകങ്ങളാണ് ആവശ്യം. അതിനാൽ പുളിപ്പിച്ച പലതരം ആഹാര പദാർത്ഥങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മുഴുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, ഗുണകരമായ വിവിധയിനം ബാക്ടീരിയകൾക്ക് വളരാൻ ഏറ്റവും അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. കുടലിൻ്റെ ആരോഗ്യത്തിന് അടിസ്ഥാനമാകുന്നതും അതുതന്നെയാണ്. 

ഒരു നേരത്തെ ഭക്ഷണത്തിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രോബയോട്ടിക് ഉൽപ്പന്നത്തിലോ മാത്രം ശ്രദ്ധ നൽകിയതുകൊണ്ട് വയറിന്റെ ആരോഗ്യം പൂർണ്ണമായും മെച്ചപ്പെടില്ല. നിരന്തരമായി അനുവർത്തിക്കുന്ന നല്ല ഭക്ഷണശീലങ്ങളിലൂടെ സാവധാനത്തിലാണ് അത് നേടിയെടുക്കാനാകുക.

വയറിന്റെ ആരോഗ്യം നിലനിർത്താൻ എപ്പോഴും വിലകൂടിയ സപ്ലിമെന്റുകളോ വിദേശത്ത് നിന്നുള്ള ഭക്ഷണങ്ങളോ വേണമെന്നില്ല. നമ്മുടെ പല പരമ്പരാഗത വിഭവങ്ങളും തലമുറകളായി ദഹനവ്യവസ്ഥയെ സ്വാഭാവികമായിത്തന്നെ സഹായിക്കുന്നവയാണ്.

ഉദാഹരണത്തിന്,

പ്രഭാതഭക്ഷണമായി കഴിക്കുന്ന ഒരു പ്ലേറ്റ് ഇഡ്ഡലി.

ഉച്ചയൂണിന് ശേഷമുള്ള ഒരു ഗ്ലാസ്സ് മോരുംവെള്ളം.

ഒരു സ്പൂൺ നാടൻ അച്ചാർ.

വേനൽക്കാലത്ത് ദാഹവും ക്ഷീണവുമകറ്റുന്ന പഴങ്കഞ്ഞി.

ഇതെല്ലാം സമ്പൂർണ്ണാരോഗ്യത്തിന് ഗുണകരമാകുന്ന വിവിധ ഘടകങ്ങളായി പ്രവർത്തിക്കുന്നു. ആധുനിക ശാസ്ത്രം വാനോളം പുകഴ്ത്തുന്ന, നമ്മുടെ സമ്പന്നമായ ഭക്ഷണ പാരമ്പര്യത്തിന്റെ നേർക്കാഴ്ചകളാണ് ഈ വിഭവങ്ങളെല്ലാം.

വാസ്തവത്തിൽ, വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പുതിയ വിഭവങ്ങൾ തേടിപ്പിടിക്കുന്നതിനേക്കാൾ, കാലങ്ങളായി നമ്മുടെ സ്വന്തം അടുക്കളകളിൽ തന്നെയുള്ള തനതു വിഭവങ്ങളെ ആഹാരത്തിൻ്റെ ഭാഗമാക്കുകയാണ് വേണ്ടത്.

ഇക്കാര്യം മറക്കാതിരിക്കാം

ഓരോ ദിവസവും നാം തെരഞ്ഞെടുക്കുന്ന ഭക്ഷണ ശീലങ്ങളാണ് നമ്മുടെ കുടലിലെ സൂക്ഷ്മാണുക്കളുടെ ശേഷിയെ രൂപപ്പെടുത്തുന്നത്.

തലമുറകൾ കൈമാറിപ്പോരുന്ന സ്വാഭാവികമായി പുളിപ്പിച്ച തനതു വിഭവങ്ങൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കാനും തികച്ചും അനുയോജ്യമായ മാർഗ്ഗമാണ്. ഇതിലൂടെ തലമുറകളിലേക്കു പകർന്നുപോന്ന നമ്മുടെ ഭക്ഷണ പാരമ്പര്യത്തിലേക്ക് തിരികെ പോകാനും നമുക്ക് കഴിയുന്നു.

ആരോഗ്യ സംരക്ഷണത്തിനായുള്ള ഏറ്റവും മികച്ച പല ശീലങ്ങളും നവീനകാലത്തെ കണ്ടുപിടിത്തങ്ങളല്ല. കാലത്തിന്റെ മാറ്റങ്ങളെ അതിജീവിച്ച് നമ്മോടൊപ്പം ഇന്നും നിലനിൽക്കുന്ന പരമ്പരാഗത രീതികൾ തന്നെയാണ്  ആയുരാരോഗ്യത്തിന് കരുത്തു പകരുന്നത്.

References

  1. Probiotics: Usefulness and Safety
  2. Fermented Foods: Definitions and Characteristics, Impact on the Gut Microbiota and Effects on Gastrointestinal Health and Disease
  3. Probiotics and prebiotics

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന വാഗ്ദാനമാണ്...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe