യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം

ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി പരിശീലിക്കുന്ന രീതിയാണ് യോഗ നിർദ്ദേശിക്കുന്നത് എന്നും നമുക്കറിയാം. ഇപ്പറഞ്ഞ കാര്യങ്ങൾക്കപ്പുറം യോഗാഭ്യാസത്തിന്, നമ്മുടെ ചിന്തകളെയും എന്തിന്, മസ്തിഷ്ക്കത്തെപ്പോലും ആഴത്തിൽ സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് യോഗയുടെ സവിശേഷത അതിൻ്റെ പൂർണ്ണമായ അർത്ഥത്തിൽ നമുക്ക് മനസ്സിലാക്കാനാകുക.   

സ്ഥിരമായി യോഗ ചെയ്യുന്നത് തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പുതിയ ശാസ്ത്രപഠനങ്ങൾ പറയുന്നത്. ഓർമ്മശക്തിയും ഏകാഗ്രതയും കൂട്ടാനും, മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അകറ്റാനുമൊക്കെ യോഗാഭ്യാസം ഏറെ സഹായിക്കും. ചുരുക്കിപ്പറഞ്ഞാൽ, ശാരീരികവഴക്കത്തിനും ആരോഗ്യത്തിനുമപ്പുറം തലച്ചോറിൻ്റെ പ്രവർത്തനങ്ങളിലും മാനസികാരോഗ്യത്തിലും യോഗയുടെ ഗുണങ്ങൾ പ്രതിഫലിക്കുന്നുണ്ട്. കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ നമ്മൾ കടന്നുപോകുന്ന വർത്തമാനകാലത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യരീതി നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നു എന്ന ബൃഹത്തായ അന്വേഷണത്തിലാണ് ആധുനികശാസ്ത്രം.

സങ്കൽപ്പിച്ചതിനേക്കാൾ അപ്പുറത്തേക്കുള്ള മാറ്റങ്ങൾ  

പ്രായപൂർത്തിയായ ഒരാളുടെ തലച്ചോറിന് പിന്നീട് വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്നായിരുന്നു പതിറ്റാണ്ടുകളായി ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ ആധുനിക ന്യൂറോ സയൻസ് ഇതിനപ്പുറത്തേക്കുള്ള യാഥാർത്ഥ്യങ്ങൾ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.  ജീവിതത്തിന്റെ ഏതു ഘട്ടത്തിലും പുതിയ നാഡീബന്ധങ്ങൾ (Neural connections) ഉണ്ടാക്കിയെടുക്കാനും സ്വയം പുനഃക്രമീകരിക്കാനുമുള്ള  അത്ഭുതവിദ്യ തലച്ചോറിനുണ്ട്. ഇതാണ് ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity).

അതായത്, നമ്മുടെ ദൈനംദിന ശീലങ്ങളും അനുഭവങ്ങളും പെരുമാറ്റവുമെല്ലാം തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അർത്ഥം. വ്യായാമം, ധ്യാനം (Meditation), പുതിയ കാര്യങ്ങളിൽ അറിവാർജ്ജിക്കൽ, മെച്ചപ്പെട്ട ജീവിതശൈലി എന്നിവയെല്ലാം തലച്ചോറിന്റെ മികച്ച പരിവർത്തനത്തിന് സഹായിക്കും. ഈ പറഞ്ഞ കാര്യങ്ങളെല്ലാം യോഗയിൽ ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് യോഗയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെയാണ് ഗവേഷകർ യോഗയെ ഇത്രത്തോളം കൗതുകത്തോടെയും പ്രാധാന്യത്തോടെയും നോക്കിക്കാണുന്നത്.

ശാരീരിക വ്യായാമം മാത്രമല്ല യോഗ

ശാരീരികക്ഷമത മാത്രം ലക്ഷ്യമിട്ടുള്ള സാധാരണ വർക്കൗട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ശരീരത്തിന്റെ ചലനങ്ങൾ, ശ്വാസോച്ഛ്വാസം, ശ്രദ്ധ, മനോനിറവ് (Mindfulness) എന്നിവയെല്ലാം പരസ്പരം കോർത്തിണക്കുന്ന വ്യായാമമുറയാണ് യോഗ. യോഗ ചെയ്യുമ്പോൾ പേശികൾ ചലിപ്പിക്കുന്നതിനോടൊപ്പം, ശ്വാസോച്ഛ്വാസത്തിലേക്ക് ശ്രദ്ധ തിരിക്കാനും ശരീരത്തിലുണ്ടാകുന്ന ഓരോ പ്രതികരണങ്ങളും തൊട്ടറിയാനും മനസ്സിനെ ഉറപ്പിച്ചു നിർത്താനും നമ്മൾ ശീലിക്കുകയാണ്. ഈ അപൂർവ്വ സവിശേഷത, തലച്ചോറിലെ വിവിധ പ്രവർത്തനങ്ങളെ ഒരേസമയം സജീവമാക്കുന്നു. ശാരീരിക ആരോഗ്യത്തിനപ്പുറം ബൗദ്ധികവും (Cognitive) വൈകാരികവുമായ വളർച്ചയിലേക്ക് യോഗ നയിക്കുന്നതിൻ്റെ പ്രധാന കാരണവും ഇതുതന്നെയാണെന്ന് ഗവേഷകർ വിശ്വസിക്കുന്നു.

തലച്ചോറിന് കൂടുതൽ കരുത്തേകാൻ 

വർഷങ്ങളായി യോഗ ചെയ്യുന്ന ഒരാളുടെ തലച്ചോറും യോഗ ചെയ്യാത്ത വ്യക്തിയുടെ തലച്ചോറും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട് എന്നാണ് തലച്ചോറിന്റെ ഘടന പരിശോധിക്കുന്ന ‘ബ്രെയിൻ ഇമേജിംഗ്’ (Brain imaging) പഠനങ്ങൾ പുറത്തുവിട്ട ഏറ്റവും കൗതുകകരമായ കാര്യം.  ബ്രെയിൻ പ്ലാസ്റ്റിസിറ്റി (Brain Plasticity) എന്ന സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്; നമ്മുടെ ഓർമ്മശക്തി, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കഴിവ്, വൈകാരിക നിയന്ത്രണം (Emotional regulation), സ്വാവബോധം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ കേന്ദ്രങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്താൻ യോഗയ്ക്ക് സാധിക്കുന്നുണ്ടെന്നാണ്.

ഹിപ്പോക്യാമ്പസ് എന്ന വിസ്മയം

തലച്ചോറിന്റെ ഏറ്റവും ഉള്ളിലായി സ്ഥിതി ചെയ്യുന്ന, കാഴ്ചയിൽ വളരെ ചെറുതെങ്കിലും അതിപ്രധാനമായ ഒരു ഭാഗമാണ് ഹിപ്പോക്യാമ്പസ് (Hippocampus). പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും ഓർമ്മകൾ സൂക്ഷിച്ചുവെക്കുന്നതിലുമുള്ള നമ്മുടെ കഴിവിനെ ഇത് ഏറെ സ്വാധീനിക്കുന്നു.  ദൗർഭാഗ്യവശാൽ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം (Chronic stress), വാർദ്ധക്യം, വിഷാദരോഗം (Depression), മറ്റ് നാഡീരോഗങ്ങൾ എന്നിവ ഹിപ്പോക്യാമ്പസ് ചുരുങ്ങിപ്പോകാൻ കാരണമാകാറുണ്ട്. എന്നാൽ, പതിവായി യോഗ ചെയ്യുന്നവരിൽ, അതു ചെയ്യാത്തവരെ അപേക്ഷിച്ച്, ഹിപ്പോക്യാമ്പസിന്റെ വലുപ്പം കൂടുതലാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. യോഗ ചെയ്യുമ്പോൾ ശരീരത്തിലെ സമ്മർദ്ദം കുറയുന്നത്, തലച്ചോറിന്റെ ഈ പ്രധാന ഭാഗത്തിന് ഒരു സംരക്ഷണ കവചം തീർക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൂടുതൽ വേഗത്തിൽ പഠിക്കാനും മാറുന്ന സാഹചര്യങ്ങളോട് ചേർന്നുപോകാനും കാര്യങ്ങൾ വ്യക്തതയോടെ ഓർമ്മയിൽ സൂക്ഷിക്കാനും തലച്ചോറിനെ പാകപ്പെടുത്തിയെടുക്കുന്നതിൽ യോഗ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. 

യോഗയ്ക്ക് ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാനാകുമോ?

ഫോണിൽ വരുന്ന നോട്ടിഫിക്കേഷനുകൾ, സോഷ്യൽ മീഡിയ, ഒന്നിനുപുറകെ ഒന്നായി ചെയ്യേണ്ടി വരുന്ന ജോലികൾ എന്നിവ കാരണം ശ്രദ്ധ വഴുതിപ്പോകുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഇനി ആ കാര്യമോർത്ത് സങ്കടപ്പെടേണ്ടതില്ല. കൃത്യമായ യോഗാ പരിശീലനം ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കും. 

ശ്വസനപ്രക്രിയയിലേക്കും ശാരീരിക ചലനങ്ങളിലേക്കും മനസ്സർപ്പിക്കാൻ  യോഗ നമ്മളെ പരിശീലിപ്പിക്കുന്നു. ആവർത്തിച്ചുള്ള ഈ പരിശീലനം, നമ്മുടെ ശ്രദ്ധയും ചിന്താശേഷിയും (Executive function) നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീശൃംഖലകളെ കൂടുതൽ ബലപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. സ്ഥിരമായി യോഗ ചെയ്യുന്നവരിൽ ഏകാഗ്രത, കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനുള്ള കഴിവ് (Information processing), മനക്കരുത്ത് എന്നിവയിൽ വലിയ പുരോഗതി ഉണ്ടായതായി പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ചുറ്റുപാടുകളിൽ നിന്നുള്ള അനാവശ്യ ഇടപെടലുകളെ പൂർണ്ണമായി ഇല്ലാതാക്കാൻ യോഗയ്ക്ക് കഴിഞ്ഞെന്നുവരില്ല; പക്ഷേ, അത്തരം ഘടകങ്ങളെ സമചിത്തതയോടെ നേരിടാനും നിയന്ത്രിക്കാനുമുള്ള തലച്ചോറിന്റെ ശേഷി വർദ്ധിപ്പിക്കാൻ തീർച്ചയായും യോഗയ്ക്ക് സാധിക്കും.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിൽ യോഗയുടെ പങ്ക്

നമ്മൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ, ശരീരം സ്വാഭാവികമായും അതിനെ പ്രതിരോധിക്കാനായി, നേരിടുക അല്ലെങ്കിൽ രക്ഷപ്പെടുക (Fight-or-flight) എന്ന അവസ്ഥയിലേക്ക് മാറും. ഇത് നമ്മുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂട്ടുകയും കോർട്ടിസോൾ (Cortisol) പോലെയുള്ള സ്ട്രെസ് ഹോർമോണുകളെ ശരീരത്തിലേക്ക് വൻതോതിൽ പമ്പ് ചെയ്യുകയും ചെയ്യും. പെട്ടെന്ന് ഒരപകടം നേരിടേണ്ടി വരുന്ന ഘട്ടത്തിൽ ശരീരം പ്രകടിപ്പിക്കുന്ന ഈ പ്രതികരണം സാധാരണ ഗതിയിൽവളരെ നല്ലതാണ്; എന്നാൽ ആധുനിക ജീവിതശൈലിയുടെ പ്രത്യേകത മൂലം നമ്മളിൽ പലരുടെയും ശരീരം എപ്പോഴും ഈയൊരു ‘അലർട്ട് മോഡിൽ’ തന്നെ കുടുങ്ങിക്കിടക്കുകയാണ് എന്നതാണ് വാസ്തവം. ജോലിസ്ഥലത്തെ ഡെഡ്‌ലൈനുകൾ, സാമ്പത്തികമായ ആശങ്കകൾ, കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ, സാങ്കേതികവിദ്യയുടെ അമിതോപയോഗം എന്നിവയെല്ലാം ചേർന്ന് ശരീരത്തെ എപ്പോഴും യുദ്ധസമാനമായ ഒരുതരം സമ്മർദ്ദത്തിൽ നിലനിർത്തുന്നു.

ശരീരത്തിന്റെ ഈ അമിത പ്രതികരണത്തെ ശാന്തമാക്കി സന്തുലിതാവസ്ഥയിൽ എത്തിക്കാൻ യോഗ നമ്മെ പ്രാപ്തരാക്കുന്നു. സാവധാനത്തിലുള്ള ശ്വാസോച്ഛ്വാസം, ശ്രദ്ധയോടെയുള്ള ചലനങ്ങൾ, വിശ്രമ രീതികൾ എന്നിവയിലൂടെ യോഗ നമ്മുടെ പാരാസിംപതെറ്റിക് നെർവസ് സിസ്റ്റത്തെ (Parasympathetic nervous system) ഉണർത്തുന്നു. ശരീരത്തിന്റെ വിശ്രമ സംവിധാനമായ ഇതിനെ ‘റെസ്റ്റ് ആൻഡ് ഡൈജസ്റ്റ് സംവിധാനം’, അഥവാ വിശ്രമിക്കുക, ഊർജ്ജം വീണ്ടെടുക്കുക (Rest-and-digest) എന്നാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്. പതിവായുള്ള യോഗ പരിശീലനം ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും സമ്മർദ്ദങ്ങളെ സ്വയം നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സമ്മർദ്ദങ്ങളിൽ നിന്നുണ്ടാകുന്ന ഈ മോചനമാണ്, തലച്ചോറിന്റെ ദീർഘകാല ആരോഗ്യത്തിന് കരുത്തേകാൻ സഹായിക്കുന്ന സുപ്രധാന ഘടകം.

യോഗയും വൈകാരിക ആരോഗ്യവും

ഒരു വ്യക്തിയുടെ മാനസികാരോഗ്യം, ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്. മാനസിക സമ്മർദ്ദം, ശരീരത്തിലുണ്ടാകുന്ന വീക്കം (Inflammation), ഉറക്കത്തിന്റെ ഗുണനിലവാരം, നാഡീവ്യൂഹത്തിന്റെ സന്തുലിതാവസ്ഥ എന്നിവയെല്ലാം ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ പറഞ്ഞ മേഖലകളിലെല്ലാം അനുകൂല സ്വാധീനം ചെലുത്താൻ യോഗയ്ക്ക് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

താഴെ പറയുന്ന മാനസികാവസ്ഥകളുടെ കാഠിന്യം കുറയ്ക്കാൻ യോഗ സഹായിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു:

  • ഉത്കണ്ഠ (Anxiety)
  • വിഷാദം (Depression)
  • വിട്ടുമാറാത്ത മാനസിക സമ്മർദ്ദം (Chronic stress)
  • വൈകാരിക തളർച്ച (Emotional exhaustion)
  • അമിത ജോലിഭാരവും മറ്റും മൂലമുണ്ടാകുന്ന കടുത്ത മാനസിക ശൂന്യത (Burnout)

വികാരങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ്,  മനോനിറവ് അഥവാ മൈൻഡ്‌ഫുൾനെസ്സ്, സ്വസ്ഥമായ ഉറക്കം തുടങ്ങി, ജൈവപരവും മാനസികവുമായ ഒരുകൂട്ടം ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ് ഈ ഗുണങ്ങളെല്ലാം നമുക്ക് ആർജിക്കാനാകുന്നതെന്നാണ് ശാസ്ത്രത്തിൻ്റെ വിശദീകണം.

അവശ്യഘട്ടങ്ങളിൽ ഒരു ഡോക്ടറുടെയോ തെറാപ്പിസ്റ്റിന്റെയോ ചികിത്സയ്ക്ക് പകരമുള്ള ഒറ്റമൂലിയല്ല യോഗ എന്നത് പ്രത്യേകം ഓർമ്മ വേണം. മാനസികാരോഗ്യ ചികിത്സയ്ക്കൊപ്പം സംയോജിപ്പിക്കാൻ കഴിയുന്ന, ആശ്വാസം വേഗത്തിലാക്കാൻ സഹായിക്കുന്ന മികച്ച ഒരുപാധി മാത്രമാണിത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

 തലച്ചോറിന് യോഗ നൽകുന്ന കരുതൽ

മനുഷ്യന്റെ ആയുർദൈർഘ്യം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, വാർദ്ധക്യത്തിലും തലച്ചോറിന്റെ പ്രവർത്തനക്ഷമത മങ്ങാതെ കാത്തുസൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. പ്രായമാകുമ്പോൾ തലച്ചോറിനെ സംരക്ഷിക്കാൻ യോഗ പോലെയുള്ള ശീലങ്ങൾക്ക് കഴിയുമോ എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം.

തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ചും ശരീരത്തിലെ നീർക്കെട്ട് കുറച്ചും ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തിയും ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പാക്കാൻ യോഗയ്ക്ക് കഴിയുമെന്നാണ് പ്രാഥമിക പഠനങ്ങൾ നൽകുന്ന സൂചന. പ്രായമായവരിൽ നടത്തിയ പഠനങ്ങൾ പ്രകാരം, സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ അവരുടെ ഓർമ്മശക്തിയിലും ശ്രദ്ധയിലും കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ്. ഇക്കാര്യത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണെങ്കിൽക്കൂടി, വാർദ്ധക്യത്തിലും തലച്ചോറിന്റെ ചുറുചുറുക്ക് നഷ്ടപ്പെടാതെ കാക്കാൻ യോഗ ഒരു മികച്ച മാർഗ്ഗമാണെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

ദിവസം എത്ര നേരം യോഗ ചെയ്യണം?

നിത്യേന മണിക്കൂറുകളോളം യോഗയ്ക്കായി മാറ്റി വെക്കേണ്ടതില്ല. എത്ര കഠിനമായി ചെയ്യുന്നു എന്നതിലല്ല, എത്ര സ്ഥിരതയോടെ (Consistency) ചെയ്യുന്നു എന്നതിലാണ് കാര്യം.

ആഴ്ചയിൽ കുറച്ചു ദിവസങ്ങളിൽ,15 മുതൽ 30 മിനിറ്റ് വരെ യോഗ ചെയ്താൽ മതി; അത് നിങ്ങളുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും ഏകാഗ്രത കൂട്ടാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. തുടക്കക്കാർക്ക്, അധികം ആയാസമില്ലാത്ത ലളിതമായ സ്ട്രെച്ചിംഗുകൾ, ശ്വസന വ്യായാമങ്ങൾ, മൈൻഡ്‌ഫുൾനെസ് രീതികൾ എന്നിവയിൽ നിന്ന് ആരംഭം കുറിക്കാവുന്നതാണ്.

മുടങ്ങാത്ത പരിശീലനം ഏറെ പ്രധാനമാണ്.

ശാസ്ത്രം പറയുന്നത്

അപ്പോൾ യോഗയ്ക്ക് നമ്മുടെ തലച്ചോറിനെ മാറ്റാൻ കഴിയുമോ? കഴിയും എന്നുതന്നെയാണ് പുതിയ പഠനങ്ങൾ ഉറപ്പിച്ചു പറയുന്നത്.

തലച്ചോറിന്റെ സ്വയം പുനഃക്രമീകരണ ശേഷിയായ ന്യൂറോപ്ലാസ്റ്റിസിറ്റി വർദ്ധിപ്പിക്കാനും ഓർമ്മശക്തിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കൂടുതൽ സജീവമാക്കാനും ഏകാഗ്രത കൂട്ടാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും വൈകാരികാരോഗ്യം ഉറപ്പാക്കാനും യോഗയ്ക്ക് കഴിയുന്നു. ഇതിന് പിന്നിലെ സൂക്ഷ്മമായ പ്രവർത്തനരീതികൾ എന്തൊക്കെയാണെന്ന് ശാസ്ത്രം ഇപ്പോഴും പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതിനെ ശരിവെക്കുന്ന തെളിവുകൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്.

ഒരേസമയം ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരിപാലിക്കുന്നു എന്നതാണ് യോഗയെ ഇത്രത്തോളം കരുത്തുറ്റതാക്കി മാറ്റുന്നത്. മണിക്കൂറുകളോളം ഒരേയിരുപ്പിലിരുന്ന്, ഫോണിൽ സ്ക്രോൾ ചെയ്ത്, ഒരേസമയം പല ജോലികൾ ചെയ്ത്  ആകെ തളർന്നുപോകുമ്പോൾ,  ജീവിതത്തിന്റെ തിരക്കൊന്നു കുറയ്ക്കാനും ദീർഘമായി ശ്വാസമെടുക്കാനും നമ്മളെത്തന്നെ വീണ്ടെടുക്കാനുമുള്ള അവസരം യോഗ നമുക്കു സമ്മാനിക്കുന്നു. കൂടുതൽ ആരോഗ്യമുള്ള, ഏതു പ്രതിസന്ധികളെയും താങ്ങാൻ കെൽപ്പുള്ള, ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ പാകപ്പെടുത്തുന്ന അനുഗ്രഹമായി യോഗ മാറുന്നു എന്ന് ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ജനങ്ങൾ അനുഭവത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തുന്നു.

സന്തുലിതാവസ്ഥ തുടങ്ങുന്നത് തലച്ചോറിൽ നിന്ന്

നമ്മൾ പലപ്പോഴും ശരീരത്തിന്റെ ആരോഗ്യത്തിന് നൽകുന്ന പ്രാധാന്യം മനസ്സിന് നൽകാറില്ല എന്നത് തികച്ചും യാഥാർത്ഥ്യമാണ്. എന്നാൽ നമ്മുടെ ഓർമ്മശക്തി, ഏകാഗ്രത, മാനസിക വ്യാപാരങ്ങൾ, വ്യക്തിബന്ധങ്ങൾ, ജീവിതത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം തീരുമാനിക്കുന്നത് മസ്തിഷ്ക്കത്തിൻ്റെ ആരോഗ്യമാണ്.

എല്ലാ പ്രശ്നങ്ങൾക്കുമുള്ള മാന്ത്രിക ഒറ്റമൂലിയല്ല യോഗ. പക്ഷേ ശരീരത്തിന്റെ ചലനം, മാനസിക സ്വാസ്ഥ്യം, ശ്വസനപ്രക്രിയ, വിശ്രമം എന്നിവയെല്ലാം ശാസ്ത്രീയമായ അടിത്തറയോടെ ഒരൊറ്റ ശീലത്തിലേക്ക് കൊണ്ടുവരുന്ന അപൂർവ്വം ചില മാർഗ്ഗങ്ങളിൽ ഒന്നാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യരീതിക്ക് ആധുനിക ശാസ്ത്രത്തിൽ ഇന്നും ഇത്രത്തോളം പ്രസക്തിയുണ്ടാകാനുള്ള കാരണവും ഇതുതന്നെയാകാം.

References

  1. Yoga Effects on Brain Health: A Systematic Review of the Current Literature
  2. What Has Neuroimaging Taught Us on the Neurobiology of Yoga?

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
Top
Subscribe