യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ?

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം
ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ എട്ടും നേരം ബാക്കിയില്ലാത്ത അവസ്ഥ. വ്യായാമത്തിന് സമയം കണ്ടെത്തുക എന്നത് മിക്കവർക്കും വലിയൊരു വെല്ലുവിളിയാണ്.
എന്നാൽ, ദിവസവും വെറും 20 മിനിറ്റ് മാത്രം മാറ്റിവെച്ചാൽ ആരോഗ്യത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞാലോ? യോഗയെക്കുറിച്ചും അത് ആരോഗ്യത്തിൽ വരുത്തുന്ന പരിവർത്തനങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്നവർക്കിടയിൽ വലിയ ചർച്ചയാകുന്ന വിഷയമാണിത്. ശരീരത്തിന് നല്ല വഴക്കം കിട്ടാനും മനസ്സ് ശാന്തമാക്കാനും മാത്രമാണ് യോഗ എന്ന് കരുതുന്നവരുണ്ട്; എന്നാൽ ദിവസവുമുള്ള ഈ ചെറിയ പരിശീലനം ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യം നിലനിർത്താനും നല്ല ഉറക്കം നേടാനും സമ്മർദ്ദം കുറയ്ക്കാനുമെല്ലാം സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. എത്ര സമയം യോഗ ചെയ്യുന്നു എന്നതല്ല; അതെത്രത്തോളം മുടങ്ങാതെ ചെയ്യുന്നു എന്നതാണ് പ്രധാനം.
കൂടുതൽ സമയമില്ലെങ്കിലും വേണ്ടില്ല, പക്ഷെ ഒഴിവാക്കരുത്
കൂടുതൽ നേരം വർക്കൗട്ട് ചെയ്താൽ മാത്രമേ നല്ല ഫലം കിട്ടൂ എന്നൊരു പൊതുധാരണ നമുക്കിടയിലുണ്ട്. വ്യായാമം ചെയ്യുന്ന സമയം പ്രധാനമാണെന്നത് ശരിതന്നെയാണ്. പക്ഷേ, ദീർഘകാലം മുടങ്ങാതെ കൊണ്ടുപോകാൻ കഴിയുന്ന ശീലങ്ങൾക്കാണ് ആരോഗ്യവിദഗ്ധർ മുൻഗണന നൽകുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ച്, ശരീരത്തെ വല്ലാതെ തളർത്തുന്ന കഠിനമായ വർക്കൗട്ടുകൾ ചെയ്യുന്നതിനേക്കാൾ, എളുപ്പത്തിൽ തുടർന്നുകൊണ്ടുപോകാൻ കഴിയുന്നത്, ദിവസവുമുള്ള ഈ 20 മിനിറ്റ് യോഗയാകും.
ഏറെ ലളിതവും നമുക്ക് എളുപ്പം ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറാൻ കൂടുതൽ സാധ്യതയെന്നാണ് മനുഷ്യന്റെ ശീലങ്ങളെക്കുറിച്ച് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. കാലക്രമേണ ഇത്തരം ചെറിയ ശീലങ്ങൾ വലിയ ആരോഗ്യനേട്ടങ്ങൾ സമ്മാനിക്കും. ഈയൊരു രീതിക്ക് തികച്ചും അനുയോജ്യമാണ് യോഗ. കാരണം ശരീരത്തിന്റെ ചലനം, ശ്വസന വ്യായാമങ്ങൾ, മൈൻഡ്‌ഫുൾനെസ്, വിശ്രമം എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു എന്നതുതന്നെ. വളരെ കുറച്ചു സമയം മാത്രമേ ചെയ്യുന്നുള്ളൂ എങ്കിൽ പോലും, അത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ സജീവമാക്കുന്നു.
20 മിനിറ്റ് യോഗ ചെയ്യുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്
കഠിനമായ മറ്റ് വർക്കൗട്ടുകളെ അപേക്ഷിച്ച് യോഗ വളരെ ലളിതമാണെന്ന് തോന്നാമെങ്കിലും അത് ശരീരത്തിലെ വിവിധ അവയവവ്യൂഹങ്ങളെ ഒരേസമയം സജീവമാക്കുന്നുണ്ട്. പേശികൾ നിവർത്തുക(Stretching), ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുക, ശ്വാസോച്ഛ്വാസം നിയന്ത്രിക്കുക, പേശികൾക്ക് ബലം നൽകുക, മനസ്സ് ശാന്തമാക്കുന്ന വിശ്രമ രീതികൾ അവലംബിക്കുക എന്നിവയെല്ലാം ചേർന്നതാണ് സാധാരണഗതിയിലുള്ള ഒരു യോഗ സെഷൻ. ശരീരത്തിന്റെ വഴക്കം, രക്തയോട്ടം, നാഡീവ്യൂഹത്തിന്റെ പ്രവർത്തനം, സമ്മർദ്ദങ്ങളെ നേരിടാനുള്ള ശരീരത്തിന്റെ പ്രതികരണം എന്നിവയെല്ലാം മെച്ചപ്പെടുത്താൻ ഈ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
പതിവായുള്ള യോഗാ പരിശീലനം താഴെ പറയുന്ന കാര്യങ്ങളിൽ വലിയ പുരോഗതി കൊണ്ടുവരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു:
- ശരീരത്തിന്റെ വഴക്കവും ചലനശേഷിയും
- പേശികളുടെ ബലവും പ്രവർത്തനക്ഷമതയും
- ശരീരത്തിന്റെ സന്തുലിതാവസ്ഥയും ഏകോപനവും
- നിൽപ്പും ആകൃതിയും
- ശ്വാസകോശത്തിന്റെ പ്രവർത്തനം
- മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത്
- ജീവിത നിലവാരം
ചെറുതെങ്കിലും ദിവസവുമുള്ള ഈ മാറ്റങ്ങളെല്ലാം ഒന്നിച്ചുചേരുമ്പോഴാണ് മികച്ച ശാരീരിക-മാനസികാരോഗ്യം സ്വായത്തമാക്കാനാകുന്നത്.
മാനസിക സമ്മർദ്ദവും യോഗയും
യോഗ ചെയ്യുന്നതിലൂടെ മനുഷ്യന് ലഭിക്കുന്ന ഏറ്റവും പ്രധാന ഗുണം, അത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു എന്നത് തന്നെയാണ്. വിശ്രമമില്ലാതെ തലച്ചോറിനെ അഹോരാത്രം പണിയെടുപ്പിക്കുന്ന തരം ജീവിതശൈലിയാണ് നമ്മൾ പിന്തുടരുന്നത്. ജോലിസ്ഥലത്തെ ഡെഡ്‌ലൈനുകൾ, സാമ്പത്തിക ആശങ്കകൾ, ഉത്തരവാദിത്തങ്ങൾ, സോഷ്യൽ മീഡിയയുടെ അമിതോപയോഗം എന്നിവയെല്ലാം വിട്ടുമാറാത്ത മാനസിക സമ്മർദ്ദത്തിലേക്കാണ് നമ്മളെ കൊണ്ടെത്തിക്കുന്നത്.
ഈ സമ്മർദ്ദം ദീർഘകാലം തുടരുമ്പോൾ, ശരീരം കോർട്ടിസോൾ (Cortisol) പോലെയുള്ള സ്ട്രെസ് ഹോർമോണുകളെ ഉയർന്ന അളവിൽ ഉത്പാദിപ്പിക്കാൻ തുടങ്ങും. ഉറക്കം നഷ്ടപ്പെടാനും വൈകാരിക ഏറ്റക്കുറച്ചിലുകൾക്കും രോഗപ്രതിരോധശേഷി കുറയാനും ദഹനപ്രശ്നങ്ങൾക്കും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനും ഇതു വഴിവെയ്ക്കും.
ഇവിടെയാണ് യോഗയുടെ പ്രസക്തി. ശരീരത്തിന്റെ വിശ്രമ സംവിധാനമായ പാരാസിംപതെറ്റിക് നെർവസ് സിസ്റ്റത്തെ (Parasympathetic nervous system) സജീവമാക്കാൻ യോഗയ്ക്ക് കഴിയും. ശ്രദ്ധാപൂർവ്വമുള്ള ശാരീരിക ചലനങ്ങളിലൂടെയും നിയന്ത്രിതമായ ശ്വാസോച്ഛ്വാസത്തിലൂടെയും സമ്മർദ്ദത്തിന്റെ മുൾമുനയിൽ നിൽക്കുന്ന ശരീരത്തെ ശാന്തമായ അവസ്ഥയിലേക്ക് യോഗ എത്തിക്കുന്നു. പതിവായി യോഗ ചെയ്യുന്നത് മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും വൈകാരികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തിരക്കുകൾക്കിടയിൽ ശ്വാസം മുട്ടുന്ന ഒരു ദിവസത്തിൽ, നമ്മുടെ ശരീരത്തിനും മനസ്സിനും കിട്ടാവുന്ന അമൂല്യമായ ഒരിടവേളയാകും ദിവസവുമുള്ള ഇരുപത് മിനിറ്റ് പരിശീലനം.
20 മിനിറ്റ് കൊണ്ട് മാത്രം ശരീരത്തിന് വഴക്കവും ബലവും കിട്ടുമോ?
വെറുതെ ശരീരം വളയ്ക്കുകയുെം തിരിക്കുകയും ചെയ്യുന്ന രീതിയാണിത് എന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. വാസ്തവത്തിൽ യോഗാസനങ്ങൾ അഭ്യസിക്കുമ്പോൾ ശരീരത്തിന്റെ ഭാരം താങ്ങാനും ബാലൻസ് തെറ്റാതെ നിൽക്കാനും സന്ധികളെ ഉറപ്പിച്ചു നിർത്താനും നമ്മുടെ പേശികൾ പാകപ്പെടുകയാണ് ചെയ്യുന്നത്.
പതിവായുള്ള യോഗാപരിശീലനം വഴി ശരീരത്തിന് വഴക്കവും ബലവും നേടാനാകും. പേശികളുടെ കരുത്ത് കൂട്ടാനും ശാരീരികക്ഷമത വർദ്ധിപ്പിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ചലനശേഷി സുഗമമാക്കാനും യോഗ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
യോഗാഭ്യാസത്തിൻ്റെ യഥാർത്ഥ ഗുണം നമുക്കു തിരിച്ചറിയാൻ കഴിയുന്നത് പ്രായമേറുമ്പോഴാണ്. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാനും ബാലൻസ് തെറ്റാതെ നടക്കാനും ഇത് സഹായിക്കും. ഒരു ദിവസം വെറും 20 മിനിറ്റ് യോഗ ചെയ്താൽ പിറ്റേന്നു കാലത്ത് ശരീരം റബ്ബർ പോലെ വഴങ്ങുകയൊന്നുമില്ല. പക്ഷേ, ആഴ്ചകളും മാസങ്ങളും മുടങ്ങാതെ യോഗ തുടർന്നാൽ അത്ഭുതകരമായ മാറ്റങ്ങൾ ശരീരത്തിലുണ്ടാകും എന്നതിൽ സംശയം വേണ്ട.
സ്ക്രീനുകളുടെ ലോകത്ത് നട്ടെല്ലു നിവർത്തി നിൽക്കാൻ
ഒറ്റയിരുപ്പിരുന്നു കൊണ്ടാണ് നമ്മളിൽ പലരും ദിവസത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്. ഒന്നുകിൽ ലാപ്ടോപ്പിന് മുന്നിൽ, അല്ലെങ്കിൽ സ്മാർട്ട്‌ഫോണിലേക്ക് തലകുനിച്ച്, അങ്ങനെ കഴിഞ്ഞുപോകുന്നൂ നമ്മുടെ ഓരോ ദിവസവും. കഴുത്തുവേദന, തോളെല്ലുകളിലെ പിടുത്തം, നടുവേദന, ശരീരത്തിന്റെ സ്വാഭാവിക ഘടന തന്നെ വളഞ്ഞുപോകുന്ന അവസ്ഥ എന്നിവയിലേക്കെല്ലാം ഈ ജീവിതരീതി നമ്മളെ കൊണ്ടെത്തിക്കുന്നു.
പേശികൾക്ക് കരുത്തുപകരുന്നതിനൊപ്പം സ്വന്തം ശരീരത്തിൻ്റെ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണ നേടാനും യോഗ സഹായിക്കുന്നു. നെഞ്ചുവിരിച്ചു നിൽക്കാനും നട്ടെല്ലിന്റെ വഴക്കം കൂട്ടാനും സഹായിക്കുന്ന ലളിതമായ ചില യോഗാസനങ്ങൾ പരിശീലിച്ചാൽപ്പോലും മണിക്കൂറുകൾ ഒരേയിരുപ്പ് ഇരിക്കുന്നതിന്റെ ദോഷങ്ങളെ വലിയൊരു പരിധിവരെ മറികടക്കാനാകും. ഐടി പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഓഫീസ് ജീവനക്കാർക്കുമൊക്കെ വൈകുന്നേരങ്ങളിലെ ഈ ഇരുപതു മിനിറ്റ് നേരം, ദിവസം മുഴുവൻ പേശികൾക്കു സംഭവിച്ച ക്ഷീണത്തിൽ നിന്ന് വലിയ ആശ്വാസം നൽകും.
സുഖമായുറങ്ങാനും യോഗ
സ്വസ്ഥമായ ഉറക്കമാണ് മികച്ച ആരോഗ്യത്തിന്റെ അടിസ്ഥാനം. പക്ഷെ പലർക്കും പല കാരങ്ങൾ കൊണ്ടും നല്ല ഉറക്കം ലഭിക്കാറില്ല എന്നതാണ് സത്യം. കിടന്ന് ഏറെ നേരം കഴിഞ്ഞാലും ഉറക്കം വരാതിരിക്കുക, പാതിരാത്രിയിൽ ഞെട്ടിയുണരുക, എത്ര ഉറങ്ങിയാലും ഉണരുമ്പോൾ കടുത്ത ക്ഷീണം തോന്നുക തുടങ്ങിയ ഉറക്ക പ്രശ്നങ്ങളുമായി മല്ലിടുന്ന നിരവധി പേർ നമുക്കുചുറ്റുമുണ്ട്.
യോഗയ്ക്ക് ആരോഗ്യകരമായ ഉറക്കശീലം തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രി കിടക്കാൻ നേരം ചെയ്യുന്ന ചെറിയ ശ്വസന വ്യായാമങ്ങളും ലളിതമായ സ്ട്രെച്ചിംഗുകളും ശരീരത്തെ അയച്ചുവിടുന്ന വിശ്രമ രീതികളും നമ്മുടെ നാഡീവ്യൂഹത്തെ പൂർണ്ണമായും ശാന്തമാക്കുന്നു. പതിവായി യോഗ ചെയ്യുന്നവരിൽ, പ്രത്യേകിച്ച് മാനസിക സമ്മർദ്ദം മൂലം ഉറക്കതടസ്സം നേരിടുന്നവരിൽ യോഗാഭ്യാസം നല്ല മാറ്റങ്ങൾ വരുത്തുന്നതായി പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വൈകുന്നേരങ്ങളിലോ രാത്രിയിലോ അനുവർത്തിക്കുന്ന ഹ്രസ്വമായ യോഗാപരിശീലനം, “ശരീരത്തിന് വിശ്രമിക്കാനുള്ള സമയമായി” എന്ന് തലച്ചോറിന് നൽകുന്ന സന്ദേശമായി മാറുന്നു.
ഹൃദയാരോഗ്യത്തിന് കരുതൽ നൽകാം
കഠിനമായ കാർഡിയോ അല്ലെങ്കിൽ ഏറോബിക് വ്യായാമങ്ങൾക്ക് പകരം ചെയ്യാവുന്ന വ്യായാമമുറയല്ല യോഗ എങ്കിൽക്കൂടി, നമ്മുടെ ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തിന് ഇത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
താഴെ പറയുന്ന കാര്യങ്ങളിൽ യോഗ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു:
- രക്തസമ്മർദ്ദം നിയന്ത്രിക്കാൻ
- ഹൃദയമിടിപ്പിന്റെ താളവും സന്തുലിതാവസ്ഥയും ക്രമീകരിക്കാൻ
- രക്തചംക്രമണം സുഗമമാക്കാൻ
- മാനസിക സമ്മർദ്ദം മൂലം ഹൃദയത്തിനുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാൻ
യോഗ പരിശിലിക്കുമ്പോൾ, ശാരീരിക ചലനത്തിനൊപ്പം തന്നെ നാഡീവ്യൂഹം സന്തുലിതമാകുകയും ചെയ്യുന്നു. അത് ഹൃദയത്തിന് ഗുണകരമായ നേട്ടങ്ങൾ നൽകുന്നുവെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. പതിവായുള്ള ഈ ശീലം ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു നിർത്തും.
യോഗ നൽകുന്ന ആനന്ദം
സമ്പൂർണ്ണാരോഗ്യം എന്നാൽ ശാരീരിക കരുത്തു മാത്രമല്ല. തെളിഞ്ഞ ചിന്താഗതി, വൈകാരിക ശേഷി, പ്രതിസന്ധികളെ പതറാതെ നേരിടാനുള്ള കഴിവ് എന്നിവയും ആരോഗ്യത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ്.
മുൻവിധികളൊന്നുമില്ലാതെ, വർത്തമാനകാല നിമിഷത്തിൽ മാത്രം ജീവിക്കാൻ പരിശീലിക്കുന്ന മനോനിറവ് (Mindfulness) എന്ന അവസ്ഥയിലേക്ക് യോഗ നമ്മെ എത്തിക്കുന്നു. വളരെ ലളിതമെന്ന് തോന്നാവുന്ന ഈയൊരു ശീലത്തിന് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ഏകാഗ്രത വർദ്ധിപ്പിക്കാനും സാഹചര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്ന രീതി കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
20 മിനിറ്റ് യോഗയിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെ?
സന്തുലിതമായ ദൈനംദിന യോഗാ പരിശീലനം സങ്കീർണ്ണമായ വ്യായാമമുറകൾ നിറഞ്ഞതാകണം എന്നൊന്നുമില്ല. തുടക്കക്കാർക്ക് വളരെ ലളിതമായി താഴെ കാണുന്ന രീതിയിൽ ഈ 20 മിനിറ്റ് പ്ലാൻ ചെയ്യാം:
ആദ്യത്തെ 5 മിനിറ്റ്: ശരീരത്തെ പാകപ്പെടുത്താം (Warm-Up)
- കഴുത്ത് വട്ടത്തിൽ ചലിപ്പിച്ചുകൊണ്ടുള്ള വ്യായാമം (Neck rolls)
- തോളുകൾ അയച്ചുവിടുന്ന സ്ട്രെച്ചിംഗുകൾ (Shoulder stretches)
- നട്ടെല്ലിന് വഴക്കം നൽകുന്ന ക്യാറ്റ്-കൗ പോസ് (Cat-Cow Pose) അഥവാ മാർജാരാസന, ബിടിലാസന എന്നിവ
- ശരീരത്തിന്റെ മുറുക്കം മാറ്റാനുള്ള ലളിതമായ ചലനങ്ങൾ
10 മിനിറ്റ്: ചലനവും കരുത്തും
- അധോമുഖ ശ്വാനാസനം (Downward Dog)
- വീരഭദ്രാസനം (Warrior Poses)
- വൃക്ഷാസനം (Tree Pose)
- ഭുജംഗാസനം (Cobra Pose)
- നിവർന്നുനിന്നുകൊണ്ടുള്ള മറ്റ് സ്ട്രെച്ചിംഗുകൾ
5 മിനിറ്റ്: ശ്വസനവും വിശ്രമവും
- ആഴത്തിൽ ശ്വാസമെടുത്ത് സാവധാനം പുറത്തുവിടുന്ന രീതി (Deep diaphragmatic breathing)
- നാഡീശുദ്ധി പ്രാണായാമം (Alternate Nostril Breathing)
- കണ്ണുകളടച്ച് പൂർണ്ണമായി ശരീരത്തെ അയച്ചുവിടുള്ള വിശ്രമം അല്ലെങ്കിൽ മൈൻഡ്‌ഫുൾനെസ്
ഏതെല്ലാം യോഗാസനങ്ങളാണ് ചെയ്യുന്നത് എന്നതിനേക്കാൾ, അവ മുടങ്ങാതെ നിത്യവും പരിശീലിക്കുക എന്നതാണ് പ്രധാനം.
20 മിനിറ്റ് മതിയാകുമോ?
20 മിനിറ്റ് യോഗ ചെയ്യുക എന്നത് മറ്റെല്ലാ ശാരീരിക വ്യായാമങ്ങൾക്കും പകരമുള്ള ഒറ്റമൂലിയല്ല. ഓട്ടം, സൈക്ലിംഗ് പോലെയുള്ള ഏറോബിക് വ്യായാമങ്ങളും (Aerobic exercise), പേശികൾക്ക് കരുത്തുപകരുന്ന സ്ട്രെങ്ത് ട്രെയിനിംഗും (Strength training) മുതിർന്നവർക്ക് തീർച്ചയായും ആവശ്യമാണ്.
ശരീരത്തിന്റെ വഴക്കം കൂട്ടുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക, മനോനിറവ് ശീലിക്കുക, ദീർഘകാലം തുടർന്നു കൊണ്ടുപോകാൻ കഴിയുന്ന നല്ല ശീലം രൂപപ്പെടുത്തിയെടുക്കുക എന്നിവയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ— ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ 20 മിനിറ്റ് തന്നെ ധാരാളം.
ലളിതമായ ശീലത്തിലൂടെ സമ്പൂർണ്ണാരോഗ്യത്തിലേക്ക്
നല്ല ആരോഗ്യം ഒരൊറ്റ ദിവസം കൊണ്ട് കെട്ടിപ്പടുക്കാനാകില്ല. നാം ബോധപൂർവ്വം പ്രാവർത്തികമാക്കുന്ന ചെറിയ തീരുമാനങ്ങൾ ദിവസവും ആവർത്തിക്കുമ്പോഴാണ് അത് ഫലവത്താകുക.
ദിവസവുമുള്ള 20 മിനിറ്റ് യോഗ പരിശീലനമെന്നത് കേൾക്കുമ്പോൾ വലിയൊരു കാര്യമായി തോന്നണമെന്നില്ല; പക്ഷേ, ആ കുറച്ചു മിനിറ്റുകൾ, ശാരീരികാരോഗ്യത്തിലേക്കും മനസ്സിന്റെ തെളിച്ചത്തിലേക്കും വൈകാരിക സന്തുലിതാവസ്ഥയിലേക്കും മികച്ച ജീവിത നിലവാരത്തിലേക്കും നിങ്ങൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായി മാറും. ഇതിനായി അതികഠിനമായ യോഗാ പോസുകളോ, വിലയേറിയ ഉപകരണങ്ങളോ, മണിക്കൂറുകളോളം സമയമോ നീക്കിവെയ്ക്കേണ്ടതില്ല. അൽപ്പം സ്ഥലം, യോഗ ചെയ്തു തുടങ്ങാനുള്ള മനസ്സ്, പിന്നെ ഒരിരുപതു മിനിറ്റ്, അത്രമാത്രം മതി.
ചിലപ്പോഴെല്ലാം ജീവിതത്തെ മാറ്റിമറിക്കുന്ന ഏറ്റവും വലിയ പരിവർത്തനങ്ങൾ തുടങ്ങുന്നത് ദിവസവുമുള്ള ഇത്തരം ഏറ്റവും ചെറിയ ശീലങ്ങളിൽ നിന്നാകും.
References
- Yoga: Effectiveness and Safety
- Yoga for depression: a systematic review and meta-analysis




