പോഷകാഹാരക്കുറവ് നിസ്സാരമാക്കല്ലേ

പോഷകാഹാരക്കുറവ് നിസ്സാരമാക്കല്ലേ

ലക്ഷണങ്ങളും പരിഹാരങ്ങളും അറിഞ്ഞിരിക്കാം

ശരീരത്തിൽ പോഷകങ്ങൾ കുറവാണെന്ന് എങ്ങനെ തിരിച്ചറിയാം

നമ്മളെല്ലാവരും ദിവസവും ആഹാരം കഴിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന്  മതിയായ പോഷകങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടോ എന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാറില്ല. പോഷകാഹാരക്കുറവ് അങ്ങനെ തിരിച്ചറിയാറില്ല എന്നതാണ് സത്യം. 

പോഷകങ്ങളുടെ അപര്യാപ്തത  പെട്ടെന്നൊരു ദിവസം വലിയ രോഗമായി പ്രത്യക്ഷപ്പെടില്ല. ചെറിയ ചില സൂചനകളിലൂടെയാണ് അതു പ്രകടമായിത്തുടങ്ങുക:

  • ആവശ്യത്തിന് വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണം
  • മുടിക്ക് ബലക്കുറവ്, ചീകുമ്പോൾ ഒരുപാടു മുടി പൊഴിഞ്ഞു പോകുക
  • പ്രത്യേക കാരണങ്ങളില്ലാതെ വരുന്ന തലവേദന
  • ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ (Low focus)
  • ശരീരത്തിന് പഴയ പോലെയുള്ള ഉന്മേഷം ഇല്ലാതാകുക

ഇത്തരം ലക്ഷണങ്ങളെ നമ്മൾ പലപ്പോഴും ജോലിത്തിരക്കിന്റെയോ ഉറക്കക്കുറവിന്റെയോ സ്ട്രെസ്സിന്റെയോ ഒക്കെ ഭാഗമായി വിചാരിച്ച് തള്ളിക്കളയാറുണ്ട്. പക്ഷെ യഥാർത്ഥത്തിൽ, അത് പോഷകാഹാരക്കുറവ് (Undernourished) മൂലമുള്ള പ്രശ്നങ്ങളാകാം.

പോഷകങ്ങൾ കുറയുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുന്നു?

ശരീരത്തിലെ ഓരോ കോശത്തിന്റെയും ശരിയായ പ്രവർത്തനത്തിന് വിറ്റാമിനുകളും മിനറലുകളും നിരന്തരമായി ആവശ്യമുണ്ട്. ഇവ പ്രധാനമായും താഴെ പറയുന്ന ധർമ്മങ്ങളാണ് നിർവ്വഹിക്കുന്നത്:

  • ഊർജോൽപ്പാദനം
  • തലച്ചോറിന്റെ പ്രവർത്തനം
  • രോഗപ്രതിരോധ ശേഷി
  • ഹോർമോൺ സന്തുലിതാവസ്ഥ
  • കോശങ്ങളുടെ അറ്റകുറ്റപ്പണി

നമ്മുടെ ശരീരത്തിന് ആവശ്യമായ ഏതെങ്കിലും ഒരു പ്രധാന പോഷകം കുറയുമ്പോൾ, ശരീരം ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു. ഈ ‘പൊരുത്തപ്പെടൽ’ പ്രക്രിയയുടെ ഭാഗമായാണ് പലപ്പോഴും ചെറിയ ലക്ഷണങ്ങൾ പുറത്തുകാണുന്നത്. ഇതിനെ സബ്ക്ലിനിക്കൽ ഡെഫിഷ്യൻസി എന്ന് വിശേഷിപ്പിക്കുന്നു. അതായത്, ശരീരത്തിലെ പോഷകങ്ങളുടെ അളവ് ഒരു വലിയ രോഗമുണ്ടാക്കാൻ തക്ക കുറവല്ല, എന്നാൽ ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ അപര്യാപ്തവുമാണ് എന്നർത്ഥം.

പോഷകാഹാരക്കുറവ് തിരിച്ചറിയാൻ സഹായിക്കുന്ന പൊതുവായ ലക്ഷണങ്ങൾ

ഡോക്ടർമാർ ലാബ് റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനൊപ്പം ശരീരത്തിൽ പ്രകടമാകുന്ന ചില പാറ്റേണുകൾ കൂടി ശ്രദ്ധിക്കാറുണ്ട്:

1. വിട്ടുമാറാത്ത തളർച്ച (Persistent Fatigue)

ആവശ്യത്തിന് വിശ്രമിച്ചാലും തീരാത്ത ക്ഷീണം താഴെ പറയുന്നവയുടെ കുറവാകാം:

  • അയേൺ അപര്യാപ്തത
  • വിറ്റാമിൻ B12 കുറവ്
  • വിറ്റാമിൻ Dയുടെ കുറവ്

👉 ഇവ കുറയുമ്പോൾ ശരീരത്തിന്റെ ഉപാപചയം മന്ദഗതിയിലാവുകയും കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം ലഭിക്കാതെ വരികയും ചെയ്യുന്നു.

2. മുടി കൊഴിച്ചിലും നഖങ്ങൾ പൊട്ടുന്നതും

മുടി അമിതമായി കൊഴിയുന്നതും നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതും താഴെ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടാകാനിടയുണ്ട് :

  • ഇരുമ്പ് സത്ത് കുറവ്
  • പ്രോട്ടീൻ അപര്യാപ്തത
  • ബയോട്ടിൻ (B7), സിങ്ക് (Zinc) എന്നിവ കുറയുക

👉 ഒരു പ്രധാന വസ്തുത: ശരീരം എപ്പോഴും ഹൃദയം, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങൾക്കാണ് (Vital organs) മുൻഗണന നൽകുന്നത്. പോഷകങ്ങൾ കുറയുമ്പോൾ ശരീരം ആദ്യം മുടിയിലേക്കും നഖത്തിലേക്കുമുള്ള പോഷകങ്ങൾ തടയുന്നു. അതുകൊണ്ടാണ് മുടിയുടെ ആരോഗ്യം ആദ്യം ബാധിക്കപ്പെടുന്നത്.

3. ഇടയ്ക്കിടെയുള്ള അസുഖങ്ങൾ

തുടർച്ചയായി രോഗങ്ങൾ ബാധിക്കുകയോ അല്ലെങ്കിൽ ജലദോഷം വന്നാൽ അത് മാറാൻ വളരെയധികം സമയമെടുക്കുകയോ ചെയ്താൽ, പ്രതിരോധ സംവിധാനം ദുർബലമാണ് എന്നു മനസ്സിലാക്കാം. ഇതിന് പ്രധാനമായും താഴെ പറയുന്നവയുടെ അപര്യാപ്തതയാകും കാരണം:

  • വിറ്റാമിൻ C 
  • വിറ്റാമിൻ D
  • സിങ്ക്

4. ശ്രദ്ധക്കുറവും മറവിയും

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ചെറിയ കാര്യങ്ങൾ മറന്നുപോവുക, മാനസികമായ തളർച്ച എന്നിവ താഴെ പറയുന്ന പോഷകങ്ങളുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു:

  • വിറ്റാമിൻ B12
  • ഒമേഗ-3 ഫാറ്റി ആസിഡുകൾ
  • അയേൺ

👉 ഓർക്കുക: നമ്മുടെ ശരീരത്തിലെ ആകെ പോഷകങ്ങളിൽ വലിയൊരു ഭാഗം ഉപയോഗിക്കുന്നത് തലച്ചോറാണ്. അതിനാൽ പോഷകങ്ങൾ കുറയുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ പെട്ടെന്ന് മന്ദഗതിയിലാകും.

5. പേശിവേദനയും കോച്ചിപ്പിടുത്തവും

പേശികളുടെ സങ്കോച വികാസങ്ങളെയും നാഡീവ്യൂഹത്തെയും ബാധിക്കുന്ന പോഷകങ്ങളുടെ കുറവാണിത്:

  • മഗ്നീഷ്യം, പൊട്ടാസ്യം: ഇവ കുറയുമ്പോൾ പേശികൾ പെട്ടെന്ന് വലിഞ്ഞു മുറുകുകയും (Cramps) വേദന അനുഭവപ്പെടുകയും ചെയ്യുന്നു
  • കാൽസ്യം, വിറ്റാമിൻ D: എല്ലുകളുടെയും പേശികളുടെയും ബലത്തിന് ഇവ ആവശ്യമാണ്

6. വിളറിയ ചർമ്മവും കണ്ണിന് താഴെയുള്ള കറുപ്പും

ചർമ്മത്തിന്റെ നിറത്തിലുണ്ടാകുന്ന മാറ്റം രക്തത്തിന്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു:

  • അയേൺ ഡെഫിഷ്യൻസി അനീമിയ
  • രക്തയോട്ടം കുറയുക

സ്വയം ചികിൽസ ദോഷകരം

ശാരീരികമായി ക്ഷീണമോ ബുദ്ധിമുട്ടോ തോന്നിയാൽ പലരും ഉടനെ ഗൂഗിളിൽ തിരഞ്ഞ്  സ്വയം സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്ന പ്രവണത കാണാറുണ്ട്. ഇത് അപകടകരമാണ്. കാരണം, പലപ്പോഴും  വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഒരേ ലക്ഷണങ്ങൾ (Overlapping Symptoms) ഉണ്ടാകാം. കൃത്യമായ കാരണമെന്തെന്ന് തിരിച്ചറിയാതെ സപ്ളിമെൻ്റുകൾ കഴിക്കുന്നത്, ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ആരോഗ്യത്തെ മോശമായി ബാധിക്കാനുമിടയുണ്ട്. 

ഉദാഹരണത്തിന്, അയേണിൻ്റെ കുറവ്, തൈറോയ്ഡ് ഹോർമോണിലെ വ്യതിയാനം (Thyroid imbalance), ഉറക്കപ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം (Stress) എന്നീ പ്രശ്നങ്ങളുടെ പൊതുവായ ലക്ഷണമാണ് തളർച്ചയും ക്ഷീണവും.

കൃത്യമായ പരിശോധന കൂടാതെ ഇതിൽ ഏതാണ് യഥാർത്ഥ കാരണമെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. 

രക്തപരിശോധനകളുടെ പ്രാധാന്യം

ലക്ഷണങ്ങൾ ഒരു സൂചന മാത്രമാണ്, എന്നാൽ ശരീരത്തിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ രക്തപരിശോധനകൾ ആവശ്യമാണ്. സാധാരണയായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രധാന പരിശോധനകൾ ഇവയാണ്:

  • സി ബി സി (Complete Blood Count)
  • സിറം വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി (Serum Vitamin B12 & Vitamin D)
  • ഫെറിറ്റിൻ (Ferritin)
  • രക്തത്തിലെ പഞ്ചസാരയുടെ അളവ്

👉 ഓർക്കുക: ചിലപ്പോൾ പ്രകടമാകുന്ന ലക്ഷണങ്ങളും ശരീരത്തിന് യഥാർത്ഥത്തിൽ ആവശ്യമുള്ള കാര്യങ്ങളും വ്യത്യസ്തമായിരിക്കാം. ഇത് തിരിച്ചറിയാൻ ലാബ് പരിശോധനകൾ സഹായിക്കും.

ഭക്ഷണത്തിലൂടെ മാത്രം പോഷകാഹാരക്കുറവ് പരിഹരിക്കാനാകുമോ?

പല സാഹചര്യങ്ങളിലും കഴിയും എന്നാണ് ഉത്തരം. ചെറിയ തോതിലുള്ള പോഷകക്കുറവുകൾ ശരിയായ ഭക്ഷണക്രമത്തിലൂടെ പരിഹരിക്കാൻ സാധിക്കും:

  • ഇരുമ്പ് സത്ത് വർദ്ധിപ്പിക്കാൻ: ഇലക്കറികൾ (മുരിങ്ങയില, ചീര), പയർ വർഗ്ഗങ്ങൾ, ശർക്കര എന്നിവ ഉൾപ്പെടുത്തുക
  • പ്രോട്ടീൻ: മുട്ട, പാൽ ഉൽപ്പന്നങ്ങൾ, പയർ, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ ദിവസവും കഴിക്കുക
  • ഭക്ഷണത്തിലെ വൈവിധ്യം: എന്നും ഒരേ ഭക്ഷണം കഴിക്കാതെ വിവിധ വർണ്ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും മാറി മാറി ഉൾപ്പെടുത്തുക
  • വിറ്റാമിൻ ഡി: സൂര്യപ്രകാശം ഏൽക്കുന്നത് ശീലമാക്കുക

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഭക്ഷണക്രമം കൃത്യമായി പ്ലാൻ ചെയ്ത് തുടർച്ചയായി പിന്തുടരണമെന്നതാണ്. വല്ലപ്പോഴും പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതുകൊണ്ടു മാത്രം പോഷകക്കുറവ് നികത്താനാകില്ല.

സപ്ലിമെന്റുകൾ അനിവാര്യമാകുന്നതെപ്പോൾ?

എല്ലാ പോഷകക്കുറവുകളും ഭക്ഷണം കൊണ്ട് മാത്രം പെട്ടെന്ന് പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല. താഴെ പറയുന്ന സാഹചര്യങ്ങളിൽ ഡോക്ടർമാർ സപ്ലിമെന്റുകൾ നിർദ്ദേശിക്കാറുണ്ട്:

  • പരിശോധനയിലൂടെ ഉറപ്പാക്കുമ്പോൾ: രക്തപരിശോധനയിൽ പോഷകങ്ങളുടെ അളവ് വളരെ കുറവാണെന്ന് കണ്ടാൽ
  • ലക്ഷണങ്ങൾ കഠിനമാകുമ്പോൾ: ക്ഷീണമോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ നിത്യജീവിതത്തെ ബാധിക്കുന്ന അവസ്ഥയിൽ
  • ഭക്ഷണം മാത്രം മതിയാകാതെ വരുമ്പോൾ: ശരീരത്തിന് ആവശ്യമായ അളവിൽ പോഷകങ്ങൾ ഭക്ഷണത്തിലൂടെ മാത്രം ആഗിരണം ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ

ഉദാഹരണത്തിന്:

വിറ്റാമിൻ B12 വല്ലാതെ കുറയുക

വിറ്റാമിൻ D അപര്യാപ്തമാകുക 

അയേൺ ഡെഫിഷ്യൻസി അനീമിയ (വിളർച്ച)

ഇത്തരം സന്ദർഭങ്ങളിൽ സപ്ലിമെന്റുകൾ ചികിത്സയുടെ (Therapeutic) ഭാഗമാണ്. എന്നാൽ അത്, കൃത്യമായ വൈദ്യനിർദ്ദേശപ്രകാരം ശരിയായ അളവിൽ കഴിക്കണം. സമയാസമയങ്ങളിൽ രക്തപരിശോധനയിലൂടെ മാറ്റങ്ങൾ നിരീക്ഷിക്കുകയും വേണം.

ഓരോ വ്യക്തിക്കും വ്യത്യസ്തമായ സമീപനത്തിൻ്റെ ആവശ്യകത

ഒരേതരം ഭക്ഷണം കഴിക്കുന്ന രണ്ട് വ്യക്തികളിൽ പോലും പോഷകങ്ങളുടെ അളവ് വ്യത്യസ്തമായിരിക്കും. കാരണം ഓരോ ശരീരവും വ്യത്യസ്തമാണ്. ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാണ്:

  • പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി (Absorption)
  • വയറിന്റെ ആരോഗ്യം
  • ജീവിതശൈലി
  • ആരോഗ്യസ്ഥിതി
  • ഹോർമോൺ വ്യതിയാനങ്ങൾ

ഇതുകൊണ്ടാണ് എല്ലാവർക്കും വേണ്ടിയുള്ള പൊതുവായ ഒരു ഡയറ്റ് പ്ലാൻ (Generalized plan) എല്ലായ്പ്പോഴും ഫലപ്രദമാകാത്തത്.

ഊഹങ്ങൾ വേണ്ട, തിരിച്ചറിവ് അനിവാര്യം

തുടർച്ചയായി ചില ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ, അതവഗണിക്കാതെ, സ്വയം കാരണങ്ങൾ ഊഹിച്ചു കൂട്ടാതെ, കാര്യങ്ങളെ കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. 

ഒരു ഡോക്ടർക്കോ അല്ലെങ്കിൽ യോഗ്യതയുള്ള ഡയറ്റീഷ്യനോ

താഴെ പറയുന്ന കാര്യങ്ങളിൽ സഹായിക്കാൻ കഴിയും:

  • ലക്ഷണങ്ങളുടെ യഥാർത്ഥ കാരണം മനസ്സിലാക്കാൻ
  • ശരീരത്തിൽ ഏതൊക്കെ പോഷകങ്ങളാണ് യഥാർത്ഥത്തിൽ കുറവുള്ളതെന്ന് തിരിച്ചറിയാൻ
  • വ്യക്തിഗത ഭക്ഷണക്രമം രൂപപ്പെടുത്താൻ

👉 ഓർക്കുക: കാണുന്ന പരസ്യങ്ങൾ വിശ്വസിച്ച് തോന്നിയപോലെ സപ്ലിമെന്റുകൾ കഴിക്കുന്നതല്ല പരിഹാരം; സ്വന്തം ശരീരത്തെ ശരിയായി മനസ്സിലാക്കുന്നതാണ് അഭികാമ്യം. 

ആരോഗ്യത്തിലേക്കുള്ള ചുവടുവെയ്പ്പ് 

പോഷകാഹാരക്കുറവ് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല എന്നതുകൊണ്ടുതന്നെ, അത് പരിഹരിക്കപ്പെടാൻ കുറച്ചു സമയവും ക്ഷമയും ആവശ്യമാണ്.

ശരിയായ രോഗനിർണ്ണയം, ചിട്ടയായ ഭക്ഷണരീതി എന്നിവയിലൂടെ, ശരീരത്തെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും. ഇത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ജീവിതം കൂടുതൽ ഊർജ്ജസ്വലമാക്കുകയും ചെയ്യും.

References

  1. Micronutrients
  2. About Nutrition
  3. Scoping review of micronutrient imbalances, clinical manifestations, and interventions

Related News

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...

മെയ്‌ 18, 2026 10:55 pm
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച...

മെയ്‌ 18, 2026 10:51 pm
മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

റുമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു മഴക്കാലം തുടങ്ങുമ്പോൾ സന്ധിവാതപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ പലർക്കും വേദനയും കോച്ചിപ്പിടുത്തവും അസ്വസ്ഥതയും വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. മഴ പെയ്താൽ വേദനയുടെ സീസണായെന്ന്...

മെയ്‌ 18, 2026 10:46 pm
ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ആധുനിക ജീവിതരീതിയും രക്താതിമർദ്ദവും തമ്മിലുള്ള ശാസ്ത്രീയ ബന്ധം മനസ്സിലാക്കാം ബ്ളഡ് പ്രഷർ അഥവാ രക്തസമ്മർദ്ദത്തിലെ ഉയർച്ചതാഴ്ച്ചകൾക്ക് അടിസ്ഥാനമായ കാരണങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ജീവിതശൈലിയുടെ സ്വാധീനം. പനിയോ തലവേദനയോ...

മെയ്‌ 17, 2026 11:37 pm
Top
Subscribe