റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം
ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു
പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച മിഥ്യാധാരണകൾ മാറ്റേണ്ടത് ഏറെ അനിവാര്യമാണ്. ആർത്രൈറ്റിസ് എന്നത് ഒറ്റപ്പെട്ട ഒരു അസുഖമല്ല. സന്ധികളിൽ വേദന, നീർക്കെട്ട്, കോച്ചിപ്പിടുത്തം, ശരീരം ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നീ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന പലതരം അവസ്ഥകളെ പൊതുവായി വിളിക്കുന്ന പേരാണിത്.
ഇതിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രണ്ട് തരം ആർത്രൈറ്റിസുകളാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസും (RA) ഓസ്റ്റിയോ ആർത്രൈറ്റിസും (OA). ഈ രണ്ടസുഖങ്ങളും സന്ധികളെയാണ് ബാധിക്കുന്നതെങ്കിലും, ഇവ ഉണ്ടാകാനുള്ള കാരണങ്ങളും, രോഗം വർദ്ധിക്കുന്ന രീതിയും, ഇതിന്റെ ചികിത്സകളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്.
ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥിൻ്റെ അഭിപ്രായത്തിൽ, ഇൻഫ്ലമേറ്ററി ആർത്രൈറ്റിസും (നീർക്കെട്ട് കാരണമുണ്ടാകുന്ന സന്ധിവാതം) ഡീജെനറേറ്റീവ് ആർത്രൈറ്റിസും (തേയ്മാനം മൂലമുണ്ടാകുന്ന സന്ധിവാതം) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. പ്രാരംഭദശയിൽത്തന്നെ രോഗനിർണ്ണയം നടത്തി കൃത്യമായ ചികിത്സ നൽകുകയാണെങ്കിൽ, സന്ധികൾക്ക് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള കേടുപാടുകളും അതുമൂലമുള്ള വൈകല്യങ്ങളും വലിയൊരു പരിധി വരെ തടയാൻ സാധിക്കും. ഏതുതരം സന്ധിവാതമാണ് പ്രശ്നങ്ങൾക്ക് ഹേതു എന്നത് തിരിച്ചറിയേണ്ടത് നിർണ്ണായകമാകുന്നതും അതുകൊണ്ടുതന്നെ.
എന്താണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ?
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. അതായത്, ശരീരത്തിന്റെ പ്രതിരോധ സംവിധാനം അബദ്ധത്തിൽ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന അവസ്ഥ. ഈ അസുഖത്തിൽ, ശരീരത്തിന്റെ പ്രതിരോധശേഷി പ്രധാനമായും ആക്രമിക്കുന്നത് സന്ധികളുടെ ആന്തരിക ആവരണമായ സൈനോവിയം (synovium) എന്ന ഭാഗത്തെയാണ്. കാലക്രമേണ, വിട്ടുമാറാത്ത ഈ നീർക്കെട്ട് സന്ധികളിലെ തരുണാസ്ഥികൾക്കും (cartilage) എല്ലുകൾക്കും ലിഗമെന്റുകൾക്കും ചുറ്റുമുള്ള കോശങ്ങൾക്കും കേടുപാടുകൾ വരുത്തുന്നു.
ഓസ്റ്റിയോ ആർത്രൈറ്റിസിൽ നിന്ന് വ്യത്യസ്തമായി, പ്രായമാകുന്നതു കൊണ്ടോ സന്ധികൾ അമിതമായി ഉപയോഗിക്കുന്നതു കൊണ്ടോ അല്ല ഇത് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കിയിരിക്കണം. ഏത് പ്രായത്തിലുള്ളവരെയും ഇത് ബാധിക്കാമെങ്കിലും, സാധാരണയായി 15നും 40നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്.
ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള സന്ധികളെ ഒരേസമയം ബാധിക്കുന്നു എന്നതാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ ഒരു പ്രധാന ലക്ഷണം. അതായത്, ഇരുവശങ്ങളിലുമുള്ള കൈക്കുഴകൾ, കാൽമുട്ടുകൾ, അല്ലെങ്കിൽ കൈപ്പത്തികൾ എന്നിവയെ ഒരുപോലെ ഈ രോഗം ബാധിക്കാം. വിട്ടുമാറാത്ത സന്ധിവേദന, നീർക്കെട്ട്, സന്ധികൾക്ക് ചുറ്റും ചൂട് അനുഭവപ്പെടുക, രാവിലെ എഴുന്നേൽക്കുമ്പോൾ അര മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന പിടുത്തം, കടുത്ത ക്ഷീണം, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽ കൈകളിലെയും കാലുകളിലെയും ചെറിയ സന്ധികളെയാണ് ഇത് കൂടുതലായി ബാധിക്കാറുള്ളത്. പ്രഭാതസമയത്തെ ഈ ശാരീരിക അസ്വസ്ഥതകൾ ശരീരത്തിന് അനക്കം കിട്ടിത്തുടങ്ങുമ്പോൾ ക്രമേണ കുറഞ്ഞുവരുന്നതായി പല രോഗികൾക്കും അനുഭവപ്പെടാറുണ്ട്.
സന്ധികളിൽ മാത്രമല്ല
റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം സന്ധികളെ മാത്രം ബാധിക്കുന്ന അസുഖമല്ല. ചില രോഗികളിൽ കണ്ണുകൾ, ശ്വാസകോശം, ചർമ്മം, രക്തക്കുഴലുകൾ, ഹൃദയം എന്നിവയെയും ഇതു ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ, സാധാരണ സന്ധിവാതം മാത്രമായല്ല, മറിച്ച് ശരീരത്തെയാകെ ബാധിക്കുന്ന സ്വയംപ്രതിരോധ രോഗമായാണ് ഈയവസ്ഥയെ കണക്കാക്കുന്നത്. കൃത്യമായ ചികിത്സ നൽകാതിരുന്നാൽ, വിട്ടുമാറാത്ത ഈ നീർക്കെട്ട് ഭാവിയിൽ ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ജീവിതനിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്യും.
എന്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ്?
സന്ധികളിലെ തരുണാസ്ഥികൾക്ക് (cartilage) കാലക്രമേണ സംഭവിക്കുന്ന തേയ്മാനം മൂലമുണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis). എല്ലുകൾ തമ്മിൽ ഉരസാതിരിക്കാൻ അവയ്ക്കിടയിൽ ഒരു കുഷൻ പോലെ പ്രവർത്തിക്കുന്ന ഭാഗങ്ങളാണ് തരുണാസ്ഥികൾ. ഇവയ്ക്ക് തേയ്മാനം സംഭവിക്കുമ്പോൾ എല്ലുകൾ തമ്മിൽ ഉരസാൻ തുടങ്ങുകയും ഇത് കടുത്ത വേദനയ്ക്കും പിടുത്തത്തിനും സന്ധികൾ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടിനും കാരണമാകുകയും ചെയ്യുന്നു.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വാതരോഗമാണിത്. സാധാരണയായി കാൽമുട്ടുകൾ, ഇടുപ്പ്, നട്ടെല്ല്, കൈകൾ, കഴുത്ത് എന്നീ ഭാഗങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. പ്രായമായവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്കിലും, അമിതവണ്ണം, വ്യായാമമില്ലാത്ത ജീവിതശൈലി, സന്ധികൾക്ക് അമിതഭാരം നൽകുന്നത്, കായിക വിനോദങ്ങൾക്കിടയിലുണ്ടാകുന്ന പരിക്കുകൾ, ഇരിക്കുന്നതിലും നിൽക്കുന്നതിലുമുള്ള തെറ്റായ രീതികൾ (poor posture) എന്നിവ കാരണം ഇക്കാലത്ത് ചെറുപ്പക്കാരിലും ഈ അസുഖം കൂടുതലായി കണ്ടുവരുന്നുണ്ട്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നും വ്യത്യസ്തമായി, ഓസ്റ്റിയോ ആർത്രൈറ്റിസ് സാധാരണയായി കുറച്ചു സന്ധികളെ മാത്രമേ ഒരേസമയം ബാധിക്കാറുള്ളൂ. കൂടാതെ, ശാരീരിക അധ്വാനം കൂടുമ്പോൾ ഇതിന്റെ ലക്ഷണങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. നടക്കുമ്പോഴോ കോണിപ്പടികൾ കയറുമ്പോഴോ വേദന കൂടുക, രാവിലെ എഴുന്നേൽക്കുമ്പോൾ കുറച്ചുനേരത്തേക്ക് മാത്രം അനുഭവപ്പെടുന്ന ചെറിയ കോച്ചിപ്പിടുത്തം, ശരീരത്തിന്റെ വഴക്കം കുറയുക, സന്ധികൾ ചലിപ്പിക്കുമ്പോൾ പൊട്ടുന്നതുപോലെയോ ഉരസുന്നതുപോലെയോ ഉള്ള ശബ്ദം ഉണ്ടാകുക എന്നിവയാണ് ഈ അസുഖമുള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. പലർക്കും വിശ്രമിക്കുമ്പോൾ വേദന കുറയുകയും കൂടുതൽ നേരം ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോൾ വേദന വീണ്ടും കൂടുകയും ചെയ്യാറുണ്ട്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും: വ്യത്യാസങ്ങൾ എന്തെല്ലാം?
സന്ധികളിൽ വേദന അനുഭവപ്പെടുക എന്നതാണ് ഈ രണ്ടവസ്ഥകളിലും പൊതുവായുണ്ടാകുന്ന പ്രയാസമെങ്കിലും ഇവ തമ്മിൽ പ്രധാനപ്പെട്ട പല വ്യത്യാസങ്ങളുമുണ്ട്:
ശരീരത്തിന്റെ പ്രതിരോധശേഷി തന്നെ സന്ധികളിൽ നീർക്കെട്ടുണ്ടാക്കുന്ന അവസ്ഥയാണ് (Autoimmune inflammatory disease) റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. എന്നാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് സന്ധികൾക്കുണ്ടാകുന്ന തേയ്മാനം കാരണമാണ് ഉണ്ടാകുന്നത്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് സാധാരണയായി ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള പല സന്ധികളെയും ഒരേസമയം ബാധിക്കുമ്പോൾ, ഓസ്റ്റിയോ ആർത്രൈറ്റിസ് ശരീരഭാരം താങ്ങുന്ന കാൽമുട്ടുകൾ, ഇടുപ്പ് പോലുള്ള പ്രത്യേക സന്ധികളെയാണ് കൂടുതലായി ബാധിക്കുന്നത്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസിൽ രാവിലെ എഴുന്നേൽക്കുമ്പോഴുള്ള കോച്ചിപ്പിടുത്തം അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കാറുണ്ട്. എന്നാൽ ഓസ്റ്റിയോ ആർത്രൈറ്റിസിൽ ഇത് വളരെ കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകാറുള്ളൂ, അല്പം അനങ്ങിക്കഴിയുമ്പോൾ തന്നെ അത് വേഗത്തിൽ മാറുകയും ചെയ്യും.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചെറുപ്പക്കാരെയും ബാധിക്കാം, മാത്രമല്ല ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് ബാധിച്ചേക്കാം. എന്നാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് കൂടുതലായും പ്രായമാകുന്നതുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. ഇന്നത്തെ ജീവിതശൈലിയും സന്ധികൾക്ക് നൽകുന്ന അമിതഭാരവും കാരണം ചെറുപ്പക്കാരിലും ഇപ്പോൾ ഇത് കണ്ടുവരാറുണ്ട്.
ഈ രണ്ട് അസുഖങ്ങൾക്കുമുള്ള ചികിത്സാ രീതികൾ തികച്ചും വ്യത്യസ്തമായതിനാൽ, ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
എന്തുകൊണ്ടാണ് ഓട്ടോ ഇമ്മ്യൂൺ ആർത്രൈറ്റിസ് സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നത്?
സ്ത്രീ ഹോർമോണുകൾ, ജനിതകപരമായ പ്രത്യേകതകൾ (genetics), പ്രതിരോധശേഷിയിലുള്ള വ്യത്യാസങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകളിലെ ഈസ്ട്രജൻ (Estrogen) എന്ന ഹോർമോൺ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും, ചിലരിൽ ഇത്തരം ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്തേക്കാം.
കൂടാതെ, സ്ത്രീകളിൽ രണ്ട് എക്സ് ക്രോമസോമുകൾ (X chromosomes) ഉള്ളതും ഇതിനൊരു കാരണമാണെന്ന് ഗവേഷകർ വിശ്വസിക്കുന്നു. കാരണം, ശരീരത്തിന്റെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പല പ്രധാന ജീനുകളും ഈ എക്സ് ക്രോമസോമുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
എല്ലാ സന്ധിവേദനകളും ആർത്രൈറ്റിസ് ആണോ?
അല്ല. പേശികളിലെ ഉളുക്ക്, വിറ്റാമിനുകളുടെ കുറവ്, ലിഗമെന്റുകൾക്കുണ്ടാകുന്ന പരിക്കുകൾ, അമിതമായ ഉപയോഗം, സ്നായുക്കളിൽ ഉണ്ടാകുന്ന നീർക്കെട്ട്, വൈറൽ പനികൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും സന്ധിവേദന ഉണ്ടാകാം. അതുകൊണ്ട് തന്നെ, ഗൂഗിളിലും മറ്റും നോക്കി സ്വന്തമായി അസുഖം നിർണ്ണയിക്കുന്നത് പലപ്പോഴും അബദ്ധത്തിൽ കലാശിച്ചേക്കാം. വിട്ടുമാറാത്തതോ അകാരണമായതോ ആയ സന്ധിവേദനകൾ എപ്പോഴും ഒരു ഡോക്ടറെ കണ്ട് പരിശോധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ആർത്രൈറ്റിസ് എങ്ങനെ നിർണ്ണയിക്കാം?
രോഗിയുടെ അസുഖവിവരങ്ങൾ (clinical history), ശാരീരിക പരിശോധന, രോഗലക്ഷണങ്ങൾ, രക്തപരിശോധനകൾ, സ്കാനിംഗ് തുടങ്ങിയവയിലൂടെയാണ് ഇത് നിർണ്ണയിക്കുക. രോഗലക്ഷണങ്ങൾക്കനുസരിച്ച് ഇ എസ് ആർ (ESR), സി ആർ പി (CRP), റൂമറ്റോയ്ഡ് ഫാക്ടർ (Rheumatoid Factor), ആൻറി സി സി പി (Anti-CCP) ആന്റിബോഡി ടെസ്റ്റ്, അൾട്രാസൗണ്ട്, എം ആർ ഐ (MRI) സ്കാൻ അല്ലെങ്കിൽ എക്സ്-റേ (X-rays) തുടങ്ങിയ പരിശോധനകൾ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം. ഡോ. വിഷാദ് വിശ്വനാഥിന്റെ അഭിപ്രായത്തിൽ, എല്ലാ സന്ധിവേദനകൾക്കും ഇത്തരത്തിലുള്ള വിശദമായ പരിശോധനകൾ ആവശ്യമില്ല. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രീതിയും കൃത്യമായ ശാരീരിക പരിശോധനകളും വഴി ഏത് തരം ആർത്രൈറ്റിസ് ആണെന്നതിന്റെ പ്രധാന സൂചനകൾ പലപ്പോഴും ഡോക്ടർമാർക്ക് ലഭിക്കാറുണ്ട്.
തുടക്കത്തിൽ തന്നെ അസുഖം തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യം?
രോഗലക്ഷണങ്ങൾ മാസങ്ങളോളമോ ചിലപ്പോൾ വർഷങ്ങളോളമോ അവഗണിക്കുക എന്നതാണ് പല രോഗികളും ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. നീർക്കെട്ട് മൂലമുള്ള സന്ധിവാതത്തിന് (Inflammatory arthritis) കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ, അത് സന്ധികൾക്ക് സ്ഥായിയായ കേടുപാടുകൾ സംഭവിക്കാനും വൈകല്യങ്ങൾക്കും പേശികളുടെ ബലഹീനതയ്ക്കും ജീവിതനിലവാരം മോശമാകാനും കാരണമാകും.
തുടക്കത്തിൽ തന്നെ അസുഖം തിരിച്ചറിഞ്ഞാൽ, ഈ നീർക്കെട്ട് ഫലപ്രദമായി നിയന്ത്രിക്കാനും അസുഖം മൂർച്ഛിക്കുന്നത് ഒരു വലിയ പരിധി വരെ തടയാനും ആധുനിക ചികിത്സകൾക്ക് സാധിക്കും എന്നതാണ് ഏറ്റവും ആശ്വാസകരമായ വസ്തുത. നേരത്തെ തന്നെ രോഗം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടുന്നതിലൂടെ, രോഗികൾക്ക് അവരുടെ ചലനശേഷി നിലനിർത്താനും മറ്റുള്ളവരെ ആശ്രയിക്കാതെ ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാനും സാധിക്കും.
സന്ധികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ജീവിതശൈലി
ചികിത്സയോടൊപ്പം തന്നെ, നമ്മുടെ ജീവിതശൈലിക്കും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വലിയ പങ്കുണ്ട്. ആരോഗ്യകരമായ തൂക്കം നിലനിർത്തുന്നത് ശരീരഭാരം താങ്ങുന്ന സന്ധികളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സന്ധികൾക്ക് അധികം ആയാസം നൽകാത്ത ലഘുവായ വ്യായാമങ്ങൾ പതിവായി ചെയ്യുന്നത് ശരീരത്തിന്റെ വഴക്കം, പേശികളുടെ ബലം, ചലനശേഷി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. ശക്തമായ പേശികൾ സന്ധികൾക്ക് താങ്ങാകുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ സന്ധിവാത രോഗികൾക്ക് കൃത്യമായ വ്യായാമവും ചലനങ്ങളും വളരെ അത്യാവശ്യമാണ്. ഇരിക്കുന്നതിലും നിൽക്കുന്നതിലുമുള്ള ശരിയായ രീതികൾ (Good posture), സ്ട്രെച്ചിംഗ് വ്യായാമങ്ങൾ, നല്ല ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണം, പുകവലി ഒഴിവാക്കൽ എന്നിവയും സന്ധികളുടെ ദീർഘകാല ആരോഗ്യത്തിന് നല്ലതാണ്.
എപ്പോഴാണ് റുമറ്റോളജിസ്റ്റിനെ കാണേണ്ടത്?
വിട്ടുമാറാത്ത സന്ധിവേദന, നീർക്കെട്ട്, രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികളിൽ മുറുക്കം, സന്ധികൾ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, സന്ധിവേദനയോടൊപ്പമുള്ള കടുത്ത ക്ഷീണം, സന്ധികളിൽ ആവർത്തിച്ച് നീർക്കെട്ട് വരിക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം. തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടുന്നത് ഭാവിയിലുണ്ടാകുന്ന സങ്കീർണ്ണതകൾ ഒഴിവാക്കാനും സന്ധികളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
പ്രധാന വ്യത്യാസങ്ങൾ ചുരുക്കിപ്പറയാം
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും സന്ധികളെയാണ് ബാധിക്കുന്നതെങ്കിലും, ഇവ രണ്ടും ഉണ്ടാകാനുള്ള കാരണങ്ങളും ചികിത്സാ രീതികളും തികച്ചും വ്യത്യസ്തമാണ്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് മറ്റ് പല അവയവങ്ങളെക്കൂടി ബാധിച്ചേക്കാവുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ് (Autoimmune inflammatory disease). എന്നാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രധാനമായും സന്ധികൾക്കുണ്ടാകുന്ന തേയ്മാനം കാരണമാണ് അനുഭവപ്പെടുന്നത്.
വിട്ടുമാറാത്ത വേദന, നീർക്കെട്ട്, അല്ലെങ്കിൽ കോച്ചിപ്പിടുത്തം എന്നീ ലക്ഷണങ്ങളെ വയസ്സാകുന്നതിൻ്റെ പ്രശ്നങ്ങൾ മാത്രമാണെന്ന് കരുതി ഒരിക്കലും അവഗണിക്കരുത്. കൃത്യസമയത്തുള്ള രോഗനിർണ്ണയം, ശരിയായ ചികിത്സ, പതിവായ വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ സന്ധിവാതമുള്ള പല വ്യക്തികൾക്കും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ തികച്ചും ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കാൻ സാധിക്കും.




