ടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

ടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

അക്കാര്യത്തിൽ സമ്മർദ്ദം വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട്

കുറെയേറെ ടെൻഷൻ അനുഭവിക്കുന്ന ദിവസങ്ങളിൽ നമ്മളിൽ ചിലർക്കെങ്കിലും ഭക്ഷണത്തോട് ആർത്തി തോന്നാറുണ്ട്. ഉത്കണ്ഠയും സമ്മർദ്ദവും നേരിടുമ്പോൾ സ്വസ്ഥമാകാൻ ഇഷ്ടഭക്ഷണം വേണമെന്ന മോഹമുണ്ടാകും. ക്ഷീണവും തളർച്ചയും തോന്നുമ്പോൾ മധുരപലഹാരങ്ങളോ ചിപ്‌സോ അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലും വിഭവമോ വേണമെന്ന അനിയന്ത്രിതമായ ആഗ്രഹം.

വിശപ്പനുഭവപ്പെടുന്നതു കൊണ്ടല്ല ഇങ്ങനെ തോന്നുന്നത്. എങ്കിലും ആ സമയത്ത് നമുക്ക് ആഹാരം കഴിച്ചുകൊണ്ടേയിരിക്കാൻ താൽപ്പര്യം തോന്നും.

നമ്മുടെയെല്ലാം ജീവിതത്തിൽ പലപ്പോഴും സംഭവിക്കാറുള്ള ഒരു കാര്യമാണിത്. ഇതിനെയാണ് ‘ഇമോഷണൽ ഈറ്റിങ്‘ (Emotional Eating) എന്ന് വിശേഷിപ്പിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതനുഭവിക്കാത്തവർ ചുരുക്കമായിരിക്കും.

എന്തുകൊണ്ടാണ് ഇങ്ങനെ  സംഭവിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കിക്കഴിഞ്ഞാൽ, കുറ്റബോധമില്ലാതെ തന്നെ ഈ ശീലത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

എന്താണ് ഇമോഷണൽ ഈറ്റിങ്?

ശരീരത്തിന് ഭക്ഷണം ആവശ്യമില്ലാത്തപ്പോൾ, മനസ്സിന് ആശ്വാസം ലഭിക്കാൻ വേണ്ടി നമ്മൾ ആഹാരം കഴിക്കുന്നതിനെയാണ് ഇമോഷണൽ ഈറ്റിങ് എന്ന് പറയുന്നത്.

ശാരീരികമായ വിശപ്പ് സാവധാനമാണ് നമുക്കനുഭവപ്പെടുക. ഏത് ഭക്ഷണം കഴിച്ചാലും ഈ വിശപ്പ് മാറുകയും ചെയ്യും. എന്നാൽ മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന വിശപ്പ് പെട്ടെന്നാണ് ഉണ്ടാവുക. വറുത്തതോ പൊരിച്ചതോ ആയ ഏതെങ്കിലും പ്രത്യേക ഭക്ഷണത്തോട് മാത്രമേ അപ്പോൾ താല്പര്യം തോന്നുകയുമുള്ളൂ. ഇതാണ് സ്വാഭാവികമായ വിശപ്പും വൈകാരിക വ്യതിയാന സമയത്തെ വിശപ്പും തമ്മിലുള്ള പ്രധാന വ്യത്യാസം.

ഇമോഷണൽ ഈറ്റിങിൽ, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മനസ്സിന് ആശ്വാസം ലഭിക്കേണ്ടതിന് പകരം, വലിയ കുറ്റബോധമോ വിഷമമോ അനുഭവപ്പെടുന്നു.

വൈകാരികമാറ്റങ്ങൾ ആർത്തി വർദ്ധിപ്പിക്കാനുള്ള കാരണങ്ങൾ 

1. മാനസിക സമ്മർദ്ദവും ജങ്ക് ഫുഡിനോടുള്ള താല്പര്യവും

നമുക്ക് സമ്മർദ്ദം (Stress) ഉണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ (Cortisol) എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു.ഇത്, 

  • വിശപ്പ് വർദ്ധിപ്പിക്കുന്നു
  • മധുരവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കുന്നു
  • ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇതു കാരണമാകുന്നു

അതുകൊണ്ടാണ് മാനസിക സമ്മർദ്ദമുള്ള സമയത്ത് നമുക്ക് സാലഡ് കഴിക്കാൻ തോന്നാത്തത്—പകരം നമ്മൾ ആശ്വാസം തരുന്ന (Comfort food) ഭക്ഷണങ്ങളിലേക്ക് തിരിയുന്നു.

2. ആഹാരം നൽകുന്ന സമാധാനം 

ചില പ്രത്യേക ഭക്ഷണങ്ങൾ (പ്രത്യേകിച്ച് മധുരപലഹാരങ്ങളും എണ്ണയിൽ പൊരിച്ച വിഭവങ്ങളും) നമ്മുടെ തലച്ചോറിൽ സന്തോഷം നൽകുന്ന ചില രാസവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ, കുറച്ചു നേരത്തേക്ക് നമുക്ക് നല്ല സന്തോഷവും സമാധാനവും അനുഭവപ്പെടുമെങ്കിലും ഇത് താൽക്കാലികം മാത്രമാണ്. കഴിച്ച ഭക്ഷണത്തിന്റെ പ്രഭാവം കുറയുമ്പോൾ, വൈകാരിക വിക്ഷോഭത്തിനിടയാക്കിയ ആ പഴയ വിഷമങ്ങൾ വീണ്ടും തിരിച്ചുവരും. ചില ഘട്ടങ്ങളിൽ അത് മുൻപത്തേക്കാൾ ശക്തമായി അനുഭവപ്പെടുകയും ചെയ്തേക്കാം.

3. അത് വിശപ്പല്ല, ക്ഷീണം

ഉറക്കം ശരിയായില്ലെങ്കിൽ അത് ശരീരത്തെ ആശയക്കുഴപ്പത്തിലാക്കും.

കൃത്യമായി ഉറക്കം ലഭിക്കാതെ വരുമ്പോൾ:

  • വിശപ്പ് വർദ്ധിക്കുന്നു
  • ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കൂടുന്നു
  • സ്വയം നിയന്ത്രിക്കാനുള്ള കഴിവ് കുറയുന്നു

ചുരുക്കത്തിൽ, ശരീരം നമ്മളോട് വിശ്രമിക്കാൻ  ആവശ്യപ്പെടുന്നതിനെ നമ്മൾ വിശപ്പായി തെറ്റിദ്ധരിക്കുന്നതാണ് ഈ അമിതമായ ആർത്തിക്ക് ഇടവരുത്തുന്നത്. 

4. ശീലങ്ങൾക്കും വലിയ പങ്കുണ്ട്

ചിലപ്പോൾ ഇത് വികാരങ്ങൾ കൊണ്ട് മാത്രമാകില്ല സംഭവിക്കുന്നത്.

ക്രമേണ അതൊരു ശീലമായി മാറിയിട്ടുണ്ടാകാം. ഉദാഹരണത്തിന്:

  • ടിവി കാണുന്നു → ലഘുഭക്ഷണം കഴിക്കുന്നു
  • ബോറടിക്കുന്നു → ഫ്രിഡ്ജ് തുറന്നു നോക്കുന്നു, എടുത്തു കഴിക്കുന്നു
  • രാത്രി ഏറെ വൈകി → മധുരമുള്ള എന്തെങ്കിലും കഴിക്കുന്നു

നമ്മുടെ മസ്തിഷ്ക്കം ഈ രീതികൾ പഠിച്ചുവെക്കുകയും പിന്നീട് അത് സ്വയമേവ ആവർത്തിക്കുകയും ചെയ്യുന്നു.

5. വയറും വൈകാരികതയും തമ്മിലുള്ള ബന്ധം

ദഹനവ്യവസ്ഥയുടെ (Gut) ആരോഗ്യം നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നുണ്ട്.

ആരോഗ്യമില്ലാത്ത ദഹനവ്യവസ്ഥ:

  • ഭക്ഷണത്തോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നു
  • മാനസികാവസ്ഥയെ ബാധിക്കുന്നു
  • വൈകാരികമായ ഭക്ഷണശീലത്തെ കൂടുതൽ വഷളാക്കുന്നു

ദഹനവും മാനസികാരോഗ്യവും, നമ്മൾ കരുതുന്നതിനേക്കാൾ ആഴത്തിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

‘ഇമോഷണൽ ഈറ്റർ’ ആണോയെന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • വിശപ്പില്ലാത്തപ്പോഴും നിങ്ങൾ ഭക്ഷണം കഴിക്കാറുണ്ടോ?
  • സമ്മർദ്ദം തോന്നുമ്പോൾ ഇഷ്ടപ്പെട്ട ലഘുഭക്ഷണങ്ങൾ (Comfort foods) കഴിക്കാൻ അതിയായ ആഗ്രഹം തോന്നാറുണ്ടോ?
  • മാനസിക സമ്മർദ്ദമോ ബോറടിയോ സങ്കടമോ തോന്നുമ്പോൾ നിങ്ങൾ ഭക്ഷണത്തിൽ അഭയം തേടാറുണ്ടോ?
  • ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കുറ്റബോധം തോന്നാറുണ്ടോ?
  • എന്താണ് കഴിക്കുന്നതെന്ന് പോലും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാറുണ്ടോ?

മുകളിൽ പറഞ്ഞവയിൽ ചില കാര്യങ്ങളെങ്കിലും നിങ്ങളുടെ കാര്യത്തിൽ ശരിയാണെന്ന് തോന്നുന്നുണ്ടോ? വിഷമിക്കേണ്ട കാര്യമില്ല—ഇത് വളരെ സാധാരണമായ ഒരു സംഗതിയാണ്. പലരും ഇതേ അവസ്ഥയിലൂടെ കടന്നുപോകാറുമുണ്ട്. ഇത് തിരിച്ചറിയുക എന്നതാണ് മാറ്റത്തിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്.

വൈകാരിക ഭക്ഷണശീലം നിയന്ത്രിക്കാം ഈ മാർഗ്ഗങ്ങളിലൂടെ 

1. കഴിക്കുന്നതിന് മുൻപ് ഒന്നു ചിന്തിക്കാം

അടുത്ത തവണ എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ, ഒരു നിമിഷം ഒന്ന് ആലോചിച്ചു നോക്കൂ:

“എനിക്ക് ശരിക്കും വിശക്കുന്നുണ്ടോ… അതോ മനസ്സിന് എന്തെങ്കിലും വിഷമമുള്ളതുകൊണ്ട് കഴിക്കാൻ തോന്നുന്നതാണോ?”

സ്വയം ചോദിക്കുന്ന ഈ ഒരു ചോദ്യം തന്നെ നിങ്ങളുടെ ശീലങ്ങളിൽ വലിയ മാറ്റം കൊണ്ടുവരും.

2. 10 മിനിറ്റ് കഴിയട്ടെ

പെട്ടെന്ന് എന്തെങ്കിലും കഴിക്കണമെന്ന് തോന്നുമ്പോൾ അത് ഉടനെ ചെയ്യാതെ:

  • 10 മിനിറ്റ് കാത്തിരിക്കുക.
  • അല്പം വെള്ളം കുടിക്കുക.
  • ഒന്ന് നടക്കുക
  • ദീർഘമായി ശ്വസിക്കുക.

മിക്കവാറും ഇത്തരം ആഹാരത്തിനോടുള്ള വൈകാരികമായ ആസക്തികൾ (Cravings) അല്പസമയത്തിനുള്ളിൽ തനിയെ മാറിക്കൊള്ളും.

3. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക 

ഭക്ഷണം ഒഴിവാക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ.

ശരീരത്തിന് ആവശ്യമായ ആഹാരം ലഭിക്കാതെ വരുമ്പോൾ:

  • ഭക്ഷണത്തോടുള്ള ആസക്തി (Cravings) വർദ്ധിക്കുന്നു
  • വൈകാരികമായ ഭക്ഷണശീലം (Emotional eating) കൂടുന്നു

അതുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താൻ ശ്രമിക്കുക:

  • പ്രോട്ടീൻ (Protein): മുട്ട, പരിപ്പ് വർഗ്ഗങ്ങൾ, മത്സ്യം.
  • നാരുകൾ (Fiber): പച്ചക്കറികൾ, പഴങ്ങൾ.
  • ആരോഗ്യകരമായ കൊഴുപ്പുകൾ (Healthy fats): അണ്ടിപ്പരിപ്പുകൾ (Nuts), വിത്തുകൾ (Seeds).

കൃത്യമായ ഇടവേളകളിൽ പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ, അനാവശ്യമായി ആഹാരത്തിനോടു തോന്നുന്ന ആർത്തി തടയാനാകും.

4. മറ്റ് വഴികൾ കണ്ടെത്തുക

ആശ്വാസം കണ്ടെത്താനുള്ള പോംവഴി ഭക്ഷണം മാത്രമല്ല.

ഭക്ഷണത്തിന് പകരം താഴെ പറയുന്നവ പരീക്ഷിച്ചു നോക്കൂ:

  • ആരോടെങ്കിലും സംസാരിക്കുക
  • അല്പനേരം നടക്കാൻ പോകുക
  • പാട്ട് കേൾക്കുക

നിങ്ങളുടെ ചിന്തകൾ ഒരു ഡയറിയിൽ എഴുതിവെയ്ക്കുക.

ഇങ്ങനെയുള്ള ചെറിയ മാറ്റങ്ങൾ പോലും വലിയ ഗുണം ചെയ്യും.

5. ഉറക്കം ശരിയാക്കുക

നല്ല ഉറക്കം ലഭിക്കുന്നത് ഭക്ഷണത്തോടുള്ള അനാവശ്യ ആസക്തി നിയന്ത്രിക്കാൻ സഹായിക്കും.

എല്ലാ ദിവസവും 7 – 8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക.

ഇമോഷണൽ ഈറ്റിങ് ഗണ്യമായി കുറയ്ക്കാൻ ഇതേറെ സഹായകമാകും.

6. ഭക്ഷണത്തിന്റെ കാര്യത്തിൽ കടുംപിടുത്തം വേണ്ട

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാൽ, അവയോടുള്ള ആസക്തി വർദ്ധിക്കും.

അതിനുപകരം:

  • ഓരോ ഉരുളയും അതിന്റെ രുചി ആസ്വദിച്ച്, മനോനിറവോടെ കഴിക്കുക
  • ഇഷ്ടമുള്ളത് കഴിക്കാം, പക്ഷേ അളവ് കുറയ്ക്കാം. അങ്ങനെ മിതത്വം പാലിക്കാം
  • ആസ്വദിച്ചു കഴിക്കുന്ന ഭക്ഷണത്തെച്ചൊല്ലി പിന്നീട് സങ്കടപ്പെടരുത്

എല്ലാം മിതമായ അളവിൽ ശീലിക്കുന്നതാണ്, ഇനി മുതൽ ഒന്നും വേണ്ട എന്ന കഠിനമായ തീരുമാനത്തേക്കാൾ നല്ലത്.

7. വയറിന്റെ ആരോഗ്യം ശ്രദ്ധിക്കുക

ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക:

  • തൈര് / മോര്
  • പഴം, പപ്പായ തുടങ്ങിയ പഴവർഗ്ഗങ്ങൾ
  • ധാരാളം വെള്ളം

വയറിന് സുഖം തോന്നുമ്പോൾ അത് മാനസികാവസ്ഥയെയും പോസിറ്റീവായി സ്വാധീനിക്കും. വൈകാരിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇത് സഹായിക്കും.

ഗൗരവമായി കാണേണ്ടത് എപ്പോൾ?

താഴെ പറയുന്ന അവസ്ഥ നേരിടുന്നുണ്ടെങ്കിൽ ഒരു വിദഗ്ദ്ധന്റെ സഹായം തേടുന്നത് നല്ലതാണ്:

  • ഭക്ഷണശീലത്തെ നിങ്ങൾക്ക് ഒട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് തോന്നുമ്പോൾ
  • അടിക്കടി അമിതമായി ഭക്ഷണം കഴിക്കുന്ന രീതി (Binge eating) തുടരുമ്പോൾ
  • ഈ ശീലം മാനസികാരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമ്പോൾ

ഒരു ഡയറ്റീഷ്യന്റെയോ തെറാപ്പിസ്റ്റിന്റെയോ സഹായം തേടുന്നത് ഏറെ ഗുണം ചെയ്യും. സ്വയം പഴിച്ച് തെറ്റായ ആഹാരക്രമം ശീലിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് വിദഗ്ധ നിർദ്ദേശം സ്വീകരിക്കുന്നതാണ്. 

ഏതെങ്കിലും ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ നമ്മുടെ ശരീരം കണ്ടെത്തുന്ന മാർഗ്ഗമാണ് ഇമോഷണൽ ഈറ്റിങ്. അതുകൊണ്ട്, സ്വയം കുറ്റപ്പെടുത്തുന്നതിന് പകരം നിങ്ങളുടെ ശരീരം യഥാർത്ഥത്തിൽ എന്താണ് ആവശ്യപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. ഒരുപക്ഷെ, വിശ്രമം, സമാധാനം, പരിചരണം മുതലായ കാര്യങ്ങളാകും യഥാർത്ഥത്തിൽ ശരീരത്തിന് വേണ്ടത്. 

സ്വയം സ്നേഹത്തോടെയും കരുതലോടെയും കാണാൻ പഠിക്കുക. മാറ്റങ്ങൾ സാവധാനം വന്നുകൊള്ളും. 

References

  1. Cortisol reactivity and distress-induced emotional eating
  2. Mindfulness Intervention for Stress Eating to Reduce Cortisol and Abdominal Fat among Overweight and Obese Women: An Exploratory Randomized Controlled Study

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe