കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

മാനസികമായി സജ്ജമാക്കാം;പേടി ഒഴിവാക്കാം
വേനലവധി കഴിഞ്ഞ് സ്കൂളുകൾ സജീവമാകുന്ന സമയമായി. പുതിയ ക്ളാസും അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയായി ഇടപഴകാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ തന്നെ, അദ്ധ്യയന വർഷാരംഭത്തെ ആശങ്കയോടെ നോക്കിക്കാണുന്ന കുഞ്ഞുങ്ങളുൾപ്പെടുന്ന മറ്റൊരു വിഭാഗവുമുണ്ട്. പുതിയ ബാഗ്, പുതിയ പുസ്തകങ്ങൾ, പുത്തൻ യൂണിഫോം, ബോക്സ്, പേന, പെൻസിൽ… അങ്ങനെ എല്ലാം പുതിയതായി തുടങ്ങുന്നതിന്റെ ഒരു സന്തോഷം ഉണ്ടെങ്കിലും ചില കുട്ടികളുടെ മനസ്സിൽ അവധിക്ക് ശേഷം സ്കൂളിലേക്കുള്ള തിരിച്ചുപോക്ക്, ആശങ്കകളും ഭീതിയും സൃഷ്ടിക്കുന്നു.
ചില കുട്ടികൾ ഈ സമയത്ത് പതിവില്ലാതെ ശാന്തരായി കാണപ്പെടും. മറ്റു ചിലരാകട്ടെ, സ്കൂളിൽ പോകുന്നതിന് തൊട്ടുമുമ്പ് വയറുവേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉള്ളതായി പരാതിപ്പെടാം. ശരിയായി ഉറങ്ങാൻ കഴിയാതെ വരിക, പെട്ടെന്ന് ദേഷ്യപ്പെടുക, സ്കൂളിനെക്കുറിച്ചുള്ള സംസാരങ്ങളിൽ നിന്ന് പെട്ടെന്ന് ഒഴിഞ്ഞുമാറുക എന്നീ ലക്ഷണങ്ങളും സ്കൂൾ പേടി മൂലം ഉണ്ടാകാം.
ചൈൽഡ് സൈക്കോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഈ പേടിയും ആശങ്കയും തികച്ചും സ്വാഭാവികമായ ഒരു മാനസികാവസ്ഥയാണ്. കുട്ടികളുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങളുണ്ടാകുമ്പോഴോ അല്ലെങ്കിൽ പുതിയൊരു സാഹചര്യത്തിലേക്ക് മാറുമ്പോഴോ പ്രായഭേദമില്ലാതെ, പല കുട്ടികളെയും ഇത് ബാധിച്ചേക്കാമെന്ന് കുട്ടികളുടെ മനഃശാസ്തജ്ഞർ വ്യക്തമാക്കുന്നു.
സ്കൂളിൽ പോക്ക് കുട്ടികളിൽ മാനസിക പ്രയാസം സൃഷ്ടിക്കുന്നത് എന്തുകൊണ്ട്?
കുട്ടികളെ സംബന്ധിച്ചിടത്തോളം വിദ്യാലയം പഠിക്കാൻ മാത്രമുള്ള ഒരിടമല്ല. മറ്റുള്ളവരുമായി ഇടപഴകാനും വികാരങ്ങൾ പങ്കുവെയ്ക്കാനും മാനസികമായി വളരാനും ശീലിക്കുന്ന ഒരു ഇടം കൂടിയാണത്. അതുകൊണ്ടുതന്നെ, വീണ്ടുമൊരു അദ്ധ്യയനവർഷം തുടങ്ങുമ്പോൾ താഴെ പറയുന്ന പുതിയ സാഹചര്യങ്ങളുമായി അവർക്ക് പൊരുത്തപ്പെടേണ്ടി വരുന്നു:
- പുതിയ അദ്ധ്യാപകർ
- പുതിയ കൂട്ടുകാർ
- പഠന കാര്യങ്ങളിലുള്ള പ്രതീക്ഷകളും വെല്ലുവിളികളും
- മറ്റുള്ളവരുമായുള്ള സാമൂഹിക ഇടപെടലുകൾ
- കൃത്യമായ സമയക്രമവും ദിനചര്യകളും
- മാതാപിതാക്കളിൽ നിന്നുള്ള താൽക്കാലിക വേർപാട്
ചെറിയ കുട്ടികളിൽ, മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള സങ്കടവും പേടിയുമാണ് (Separation Anxiety) ഏറ്റവും വലിയ പ്രശ്നം. എന്നാൽ മുതിർന്ന കുട്ടികളിലും കൗമാരക്കാരിലും ഈ ആശങ്കകൾ വേറെ തരത്തിലാകും. കൂട്ടുകെട്ടുകൾ, കൂട്ടുകാരിൽ നിന്നുള്ള സമ്മർദ്ദം, പഠന മികവ്, കളിയാക്കൽ, കൂട്ടുകാരുടെ ഇടയിൽ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം എന്നിവയൊക്കെയാണ് അവരെ അലട്ടുന്നുണ്ടാകുക.
തങ്ങൾ അനുഭവിക്കുന്ന ഈ പേടിയും ആശങ്കയും വ്യക്തമായി തുറന്നുപറയാൻ കുട്ടികൾക്ക് എപ്പോഴും കഴിഞ്ഞെന്ന് വരില്ല എന്നതാണ് സങ്കീർണ്ണമായ പ്രശ്നം. പലപ്പോഴും, പെരുമാറ്റത്തിലെ മാറ്റങ്ങളിലൂടെയോ, മൂഡ് മാറ്റങ്ങളിലൂടെയോ, അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളിലൂടെയോ ഒക്കെയായിരിക്കും അവരുടെ മാനസിക സമ്മർദ്ദം പ്രകടമാകുക .
സ്കൂൾ തുറക്കുമ്പോഴുണ്ടാകുന്ന പേടിയുടെ പൊതുവായ ലക്ഷണങ്ങൾ
സ്കൂളിൽ പോകാനുള്ള പേടിയും ആശങ്കയും ഓരോ കുട്ടികളിലും ഓരോ തരത്തിലാണ് പ്രകടമാവുക. ചില കുട്ടികൾ വല്ലാതെ സങ്കടപ്പെടുകയും മാതാപിതാക്കളെ വിട്ടുമാറാൻ മടിക്കുകയും ചെയ്യും. എന്നാൽ മറ്റു ചിലർ നിശ്ശബ്ദരാവുകയോ, ദേഷ്യപ്പെടുകയോ, അല്ലെങ്കിൽ ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടുകയോ ചെയ്യാം. പലപ്പോഴും, കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവരുടെ ശാരീരികമായ മാറ്റങ്ങളിലൂടെ മാതാപിതാക്കൾക്ക് ഇത് തിരിച്ചറിയാൻ കഴിയും.
ചില പൊതുവായ ലക്ഷണങ്ങൾ ഇനിപ്പറയുന്നു:
- സ്കൂളിൽ പോകുന്നതിന് തൊട്ടുമുമ്പ് പതിവായി വയറുവേദനയോ തലവേദനയോ അനുഭവപ്പെടുക
- ഉറങ്ങാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ പേടിസ്വപ്നങ്ങൾ കാണുക
- വിശപ്പില്ലായ്മ
- സ്കൂളിൽ കൊണ്ടുവിടുമ്പോൾ കരയുകയോ വാശിപിടിക്കുകയോ ചെയ്യുക
- പെട്ടെന്ന് ദേഷ്യം വരികയോ അസ്വസ്ഥതയുണ്ടാകുകയോ ചെയ്യുക
- സ്കൂളിനെക്കുറിച്ചുള്ള സംസാരം മനഃപൂർവ്വം ഒഴിവാക്കുക
- കാര്യങ്ങൾ ശരിയാകുമോ എന്ന് മാതാപിതാക്കളോട് ആവർത്തിച്ച് ചോദിച്ച് ഉറപ്പുവരുത്താൻ ശ്രമിക്കുക
- ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
കുട്ടികളിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആശങ്കകൾ, ഉറക്കക്കുറവ്, ശാരീരിക അസ്വസ്ഥതകൾ എന്നിവയൊക്കെ സ്കൂളുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് ഹാർവാർഡ് ഹെൽത്ത് (Harvard Health) നടത്തിയ പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.
ചിട്ടയായ ദിനചര്യ വലിയ മാറ്റം വരുത്തും
സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം അവരുടെ ദിനചര്യകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ്. അവധിക്കാലത്ത് ഉണരുകയും ഉറങ്ങുകയും കളിക്കുകയുമൊക്കെ ചെയ്യുന്ന സമയത്തിന് ക്രമമുണ്ടായെന്നു വരില്ല. ഫോണുപയോഗവും ടിവി കാണുന്ന സമയവും (Screen time) കൂടും. ആഹാരം കഴിക്കുന്ന സമയത്തിന് കൃത്യതയുണ്ടാകില്ല. അങ്ങനെ തന്നിഷ്ടപ്രകാരം ദിവസങ്ങൾ ചെലവഴിച്ച ശേഷം ഒരു ദിവസം പെട്ടെന്ന് സ്കൂൾ തുറക്കുമ്പോൾ, കുട്ടികളുടെ ശരീരത്തിനും മനസ്സിനും ഈ പുതിയ മാറ്റത്തോട് വേഗത്തിൽ പൊരുത്തപ്പെടേണ്ടി വരുന്നു. ഇതാണ് അവരെ സമ്മർദ്ദത്തിലാക്കുന്നത്.
അതുകൊണ്ട്, സ്കൂൾ തുറക്കുന്നതിന് കുറഞ്ഞത് ഒന്നുരണ്ടാഴ്ച മുമ്പെങ്കിലും സ്കൂൾ സമയത്തിനനുസരിച്ചുള്ള ദിനചര്യകൾ വീണ്ടും ശീലിപ്പിച്ചു തുടങ്ങണമെന്ന് കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇത് മാനസികമായി ഒരുങ്ങാനും ഭയം കുറയ്ക്കാനും കുട്ടികളെ സഹായിക്കും.
ചെറിയ ചില ശീലങ്ങളിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും:
- ഉറങ്ങാൻ പോകുന്ന സമയം പടിപടിയായി നേരത്തെയാക്കുക
- സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ രാവിലെ നേരത്തെ എഴുന്നേൽക്കാൻ ശീലിപ്പിക്കുക
- രാത്രി വൈകിയുള്ള സ്ക്രീൻ ഉപയോഗം ഒഴിവാക്കുക
- രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോകാനൊരുങ്ങുന്ന കാര്യങ്ങൾ മുൻകൂട്ടിത്തന്നെ ഒരു പരിശീലനം പോലെ ചെയ്തു നോക്കുക
- സ്കൂൾ ബാഗും പുസ്തകങ്ങളും മറ്റ് സാധനങ്ങളും നേരത്തെ തന്നെ ഒരുക്കി വെക്കുക
കാര്യങ്ങളെല്ലാം കൃത്യമായ ഒരു ക്രമത്തിലാകുമ്പോൾ കുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വവും ആത്മവിശ്വാസവും തോന്നും.
സ്ക്രീൻ സമയവും ഉറക്കവും കുട്ടികളുടെ വൈകാരിക നിയന്ത്രണവും
ഫോണും ടിവിയും ഉപയോഗിക്കുന്ന ശീലങ്ങളും ഉറക്കവും കുട്ടികളുടെ മാനസികാരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നാണ് ആധുനിക പഠനങ്ങൾ വെളിപ്പെടുത്തുന്നത്. രാത്രി വൈകിയുള്ള ഫോൺ ഉപയോഗം, ഗെയിമിംഗ് എന്നിവ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും വികാരങ്ങളെ നിയന്ത്രിക്കാനുള്ള കുട്ടിയുടെ ശേഷിയെയും ദോഷകരമായി ബാധിക്കും. ശരിയായ ഉറക്കം കിട്ടാതിരിക്കുന്നത് കുട്ടികളിലെ ആശങ്കകൾ വർദ്ധിപ്പിക്കുകയും സമ്മർദ്ദങ്ങളെ ശാന്തമായി നേരിടാനുള്ള അവരുടെ കഴിവിനെ കുറയ്ക്കുകയും ചെയ്യും.
അതുകൊണ്ടാണ്, പ്രത്യേകിച്ച് സ്കൂൾ തുറക്കുന്ന ഈയൊരു പരിവർത്തന ഘട്ടത്തിൽ, ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ മനഃശാസ്ത്രജ്ഞർ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്. നന്നായി ഉറങ്ങി ഉന്മേഷത്തോടെയിരിക്കുന്ന ഒരു കുട്ടിക്ക് മാനസിക സമ്മർദ്ദങ്ങളെയും പഠനത്തെയും കൂട്ടുകാരുമായുള്ള ഇടപെടലുകളെയുമൊക്കെ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
കുട്ടികളെ മാനസികമായി എങ്ങനെ ഒരുക്കാം?
കുട്ടികളെ സ്കൂളിലേക്ക് ഒരുക്കുക എന്ന് പറഞ്ഞാൽ പുസ്തകങ്ങളും യൂണിഫോമും വാങ്ങി നൽകുന്നത് മാത്രമല്ല, അവരെ മാനസികമായി ഒരുക്കുക എന്നതും അത്രതന്നെ പ്രധാനമാണ്. ഇതിനായി മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം കുട്ടികളോട് തുറന്ന് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്.
സാധാരണയായി ചോദിക്കാറുള്ളത് പോലെ:
“സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണോ?” എന്ന് ചോദിക്കുന്നതിന് പകരം,
ഇങ്ങനെയൊന്ന് ചോദിച്ചു നോക്കൂ:
- “സ്കൂളിനെക്കുറിച്ച് ആലോചിക്കുമ്പോൾ നിനക്ക് എന്താണ് തോന്നുന്നത്?”
- “നിന്നെ വിഷമിപ്പിക്കുന്ന എന്തെങ്കിലും കാര്യമുണ്ടോ?”
- “സ്കൂളിലെ ഏത് കാര്യമാണ് നിനക്ക് ഏറ്റവും സന്തോഷം തരുന്നത്? ഏതാണ് ബുദ്ധിമുട്ടായി തോന്നുന്നത്?”
ഇത്തരം ചോദ്യങ്ങൾ, കുറ്റപ്പെടുത്തലുകളെ ഭയക്കാതെ തങ്ങളുടെ വികാരങ്ങൾ തുറന്നുപറയാൻ കുട്ടികളെ സഹായിക്കും. അതോടൊപ്പം കുട്ടികളുടെ മനസ്സിലുള്ള ഭീതിയെ അവഗണിക്കാതെ അതംഗീകരിക്കാനും മാതാപിതാക്കൾ തയ്യാറാകണമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു.
ഉദാഹരണത്തിന്:
“പുതിയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ പേടി തോന്നുന്നത് തികച്ചും സ്വാഭാവികമാണ്, സാരമില്ല” എന്ന് പറയുന്നത് തങ്ങളെ മാതാപിതാക്കൾ മനസ്സിലാക്കുന്നുണ്ടെന്ന തോന്നൽ കുട്ടികളിലുണ്ടാക്കും.
പരിചയം പേടി കുറയ്ക്കും
സ്കൂളിൽ പോകാനുള്ള ഭയം കുട്ടികളെ വല്ലാതെ അലട്ടുന്നതിന്റെ ഒരു പ്രധാന കാരണം അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചുള്ള നിശ്ചയമില്ലായ്മയാണ്. അതുകൊണ്ട്, ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് തന്നെ കുട്ടികളെ സ്കൂൾ അന്തരീക്ഷം പരിചിതമാക്കാൻ സഹായിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. സ്കൂളിൽ ഒന്ന് പോയി വരിക, അദ്ധ്യാപകരെ കാണുക, ക്ലാസ് മുറികളിലൂടെ നടക്കുക, അല്ലെങ്കിൽ പഴയ സഹപാഠികളുമായി വീണ്ടും സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ, കുട്ടികളുടെ ഉള്ളിലെ ഭയം വലിയൊരളവു വരെ കുറയ്ക്കാൻ സഹായിക്കും. ഇത്തരം ചെറിയ കാര്യങ്ങൾ പോലും മാനസികമായി ഒരുങ്ങാൻ അവരെ പ്രാപ്തരാക്കും. തീരെ ചെറിയ കുഞ്ഞുങ്ങളാണെങ്കിൽ, സ്കൂളിൽ കൊണ്ടുവിട്ട് തിരികെ പോരുന്ന കാര്യങ്ങൾ വീട്ടിൽ വെച്ച് അഭിനയിച്ച് ശീലിപ്പിക്കുന്നതും (Role-play) അവരുടെ ആശങ്കകൾ അകറ്റാൻ നല്ലതാണ്.
മുതിർന്നവരുടെ സമ്മർദ്ദം കുട്ടികളും ഏറ്റെടുക്കും
മാതാപിതാക്കളുടെ വികാരങ്ങളും ഭാവമാറ്റങ്ങളും വളരെ പെട്ടെന്ന് തിരിച്ചറിയാൻ കുട്ടികൾക്ക് പ്രത്യേക കഴിവുണ്ട്. സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് മുതിർന്നവർ അമിതമായി ആശങ്കപ്പെടുകയോ, പരിഭ്രാന്തരാവുകയോ, പേടിക്കുകയോ ചെയ്താൽ കുട്ടികളും ആ വികാരങ്ങൾ അതേപടി ഉൾക്കൊള്ളും. മാതാപിതാക്കൾ എപ്പോഴും പെർഫെക്റ്റ് ആയിരിക്കണം എന്നല്ല ഇതിനർത്ഥം. ഇത്തരം മാറ്റങ്ങളുടെ സമയത്ത് രക്ഷിതാക്കൾ കാണിക്കുന്ന ശാന്തതയും ക്ഷമയും മാനസിക സ്ഥിരതയും കുട്ടികൾക്ക് വലിയ സുരക്ഷിതത്വബോധം നൽകും. കുട്ടികളുടെ ജീവിതത്തിലെ എല്ലാ വെല്ലുവിളികളും മാതാപിതാക്കൾ നേരിട്ട് മാറ്റി കൊടുക്കണം എന്നല്ല വിദഗ്ദ്ധർ പറയുന്നത്; മറിച്ച്, ആ വെല്ലുവിളികളെ നേരിടുമ്പോൾ തങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടാകും എന്നൊരു ഉറപ്പ് കുട്ടികൾക്ക് മാതാപിതാക്കളിൽ നിന്ന് ലഭിക്കണം.
മാതാപിതാക്കൾ വിദഗ്ദ്ധസഹായം തേടേണ്ടതെപ്പോൾ?
സ്കൂൾ തുറക്കുന്നതിന് മുൻപ് കുട്ടികളിൽ ചെറിയ രീതിയിലുള്ള പേടിയും പരിഭ്രമവും ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ, കുട്ടിയുടെ ഈ ആശങ്ക താഴെ പറയുന്ന രീതിയിലേക്ക് മാറുകയാണെങ്കിൽ ഒരു പ്രൊഫഷണൽ കൗൺസിലറുടെയോ ഡോക്ടറുടെയോ സഹായം തേടുന്നത് നന്നായിരിക്കും:
- പേടിയും വിഷമവും ആഴ്ചകളോളം തുടർച്ചയായി നീണ്ടുനിൽക്കുകയാണെങ്കിൽ
- പേടി കാരണം സ്കൂളിൽ പോകാതിരിക്കാൻ കുട്ടി ശാഠ്യം പിടിക്കുകയാണെങ്കിൽ
- കടുത്ത മാനസിക വിഷമമോ സങ്കടമോ കുട്ടി പ്രകടിപ്പിക്കുകയാണെങ്കിൽ
- ഭക്ഷണം, ഉറക്കം എന്നിവയെ ഇത് സാരമായി ബാധിക്കുകയാണെങ്കിൽ
- അമിതഭയം മൂലം കുഞ്ഞ് വിയർക്കുകയോ വിറയ്ക്കുകയോ അല്ലെങ്കിൽ ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടുകയോ ചെയ്യുകയാണെങ്കിൽ
മാനസികാരോഗ്യ വിദഗ്ദ്ധർക്ക് ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും മാനസിക കരുത്ത് എങ്ങനെ വീണ്ടെടുക്കണമെന്നും തുടക്കത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ സാധിക്കും. തുടക്കത്തിലേ നൽകുന്ന ഈ പിന്തുണ, സ്കൂളിനെക്കുറിച്ചുള്ള ഭീതി പിന്നീട് വലിയൊരു മാനസിക പ്രശ്നമായി മാറാതിരിക്കാൻ സഹായിക്കും.
പെർഫെക്ഷനല്ല, സുരക്ഷിത്വമാണ് പ്രധാനം
കുട്ടികൾക്ക് എല്ലാ കാര്യങ്ങളും മുറതെറ്റാതെ നടക്കുന്ന ഒരു സ്കൂൾക്കാലമല്ല ആവശ്യം. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്ന മാതാപിതാക്കളെയും അവർക്ക് ആവശ്യമുണ്ടാകില്ല. മാനസികമായ സുരക്ഷിതത്വമാണ് അവർക്ക് വേണ്ടത്; തങ്ങളുടെ പേടിയും ആശങ്കകളും നാണക്കേടോ അവഗണനയോ ഇല്ലാതെ തുറന്നുപറയാൻ കഴിയും എന്നൊരു ഉറപ്പുണ്ടാകണം. കാരണം, പറയുന്ന കാര്യങ്ങൾ കേൾക്കാനും പിന്തുണയ്ക്കാനും മനസ്സിലാക്കാനും ആളുണ്ടെന്ന് തോന്നുമ്പോൾ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കുട്ടികൾക്ക് എളുപ്പത്തിൽ സാധിക്കും. ഈ മാനസിക പിന്തുണയാകും ഒരുപക്ഷെ അവരുടെ പഠനത്തിനും വളർച്ചയ്ക്കും ലഭിക്കാവുന്ന ഏറ്റവും കരുത്തുറ്റ അടിത്തറ.
ചെറിയ ലക്ഷണങ്ങളും ശ്രദ്ധിക്കാം
സ്കൂളിൽ പോകുന്നതിന് തൊട്ടുമുമ്പുള്ള വയറുവേദന, വീട്ടിൽ സുഖമായിരിക്കാനുള്ള അടവാകണമെന്നില്ല. കുട്ടിയുടെ ദേഷ്യവും നിശ്ശബ്ദതയും എപ്പോഴും വാശി മൂലം ആകണമെന്നുമില്ല. പലപ്പോഴും, കുട്ടികൾ ഉള്ളിലെ പേടിയും സങ്കടവും പ്രകടമാക്കുന്ന മാർഗ്ഗങ്ങളാകാമത്. മുതിർന്നവർ ഇത് നേരത്തെ തിരിച്ചറിഞ്ഞ് ക്ഷമയോടെ ഇടപെട്ടാൽ, വിദ്യാലയം കുട്ടികൾക്ക് ഒട്ടും പേടിയില്ലാത്ത, സന്തോഷത്തോടെ ചെന്നുകയറാൻ കഴിയുന്ന ഒരിടമായി മാറുമെന്നതിൽ സംശയമില്ല.




