അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

എവറസ്റ്റിനൊപ്പം ലോകമനസ്സ് കീഴടക്കിയ അരുണിമ സിൻഹ
ജീവിതം ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറ്റിമറിക്കും. ഒരപ്രതീക്ഷിത നിമിഷത്തിൽ അത് സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതായനങ്ങൾ നമുക്കു മുന്നിൽ തുറന്നിട്ടുതരും. മറ്റുചിലപ്പോൾ ആശങ്കയുടെയും നിരാശയുടെയും പടുകുഴിയിലേക്ക് നമ്മളെ വലിച്ചെറിയും.
മനസ്സു നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്നതിനിടെ നിമിഷാർദ്ധം കൊണ്ട് റെയിൽപ്പാളങ്ങൾക്കിടയിലേക്ക് തള്ളിയിടപ്പെട്ട അരുണിമ സിൻഹയുടെ ജീവിതം അത്തരത്തിൽ ഒരാകസ്മിതയാണ്. കണ്ണുതുറന്നപ്പോൾ, ഇരുൾ മാത്രമായിരുന്നു മുന്നിൽ. 2011ലെ ആ രാത്രി ശരീരമാകെ തകർന്ന്, ചോരയിൽക്കുളിച്ച് അവൾ ട്രാക്കിൽക്കിടന്നു.
ആ രാത്രിക്ക് മുമ്പ്, ദേശീയ തലത്തിൽ മാറ്റുരയ്ക്കുന്ന വോളിബോൾ താരമായിരുന്നു അരുണിമ. കരുത്തുറ്റവൾ. വലിയ ലക്ഷ്യങ്ങളുള്ള, ജീവിക്കാൻ ഏറെ മോഹിച്ച പെൺകുട്ടി. വോളിബോൾ മത്സരങ്ങളിലെ ആവേശം അവൾ നെഞ്ചേറ്റി. കഠിനാധ്വാനവും കഴിവുമുണ്ടെങ്കിൽ മുന്നിലുള്ള ഏതു വാതിലും തനിക്കായി തുറക്കപ്പെടുമെന്ന് അവൾ വിശ്വസിച്ചു. അവൾക്കും ഭാവി സംബന്ധിച്ച് വലിയ പദ്ധതികളുണ്ടായിരുന്നു.
ജീവിതം തകർത്ത യാത്ര
ആ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. ട്രെയിൻ യാത്രയിൽ മോഷ്ടാക്കളുടെ ആക്രമണം സധൈര്യം നേരിടുന്നതിനിടെ അരുണിമ പുറത്തേക്ക് തള്ളിയിടപ്പെട്ടു. തൊട്ടടുത്ത റെയിൽവേ ട്രാക്കിലേക്ക് പാഞ്ഞുവന്ന മറ്റൊരു ട്രെയിൻ അവളുടെ ഇടതുകാലിലൂടെ കയറിയിറങ്ങി.
ആ വേദന വിവരിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ഭയം, ഞെട്ടൽ, നിസ്സഹായത… മണിക്കൂറുകളോളം വേദനനോടു മല്ലിട്ടുകൊണ്ടിരുന്ന അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കാൽ മുറിച്ചുമാറ്റേണ്ടി വന്നു.
ആശുപത്രി കിടക്കയിൽ മരുന്നുകളുടെ ഗന്ധവും മെഷീനുകളുടെ ബീപ് ശബ്ദവും മാത്രം തിരിച്ചറിയുന്ന അവസ്ഥയിൽ അവളൊന്നുകൂടി തിരിച്ചറിഞ്ഞു. തനിക്ക് നഷ്ടമായത് ഒരു കാൽ മാത്രമല്ല, കായികതാരമെന്ന പദവി കൂടിയാണെന്ന്. വർഷങ്ങളോളം കഷ്ടപ്പെട്ട് പടുത്തുയർത്തിയ ജീവിതം കൂടിയാണെന്ന്.
ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ പലരും സ്വയം ചോദിക്കാറുള്ള അതേ ചോദ്യം അവളെയും വേട്ടയാടിക്കൊണ്ടിരുന്നു:
“ഞാൻ ഇനി എന്ത് ചെയ്യും? ഇതില്ലെങ്കിൽപ്പിന്നെ ഞാൻ ആരാണ്?”
തോൽവി സമ്മതിച്ച് പിന്മാറിയിരുന്നെങ്കിൽ ആരുംതന്നെ അതിൽ തെറ്റ് കാണുമായിരുന്നില്ല. പക്ഷെ വിധിയെ പഴിച്ച് നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ അരുണിമ തയ്യാറായില്ല. ചികിത്സയിൽ കഴിയവേ, ശരീരം കൊത്തിപ്പറിക്കുന്ന വേദനയ്ക്കിടയിലും അവളുടെ മനസ്സ് കരുത്താർജ്ജിച്ചു കൊണ്ടേയിരുന്നു. എവറസ്റ്റ് കീഴടക്കണം എന്ന മോഹം മുളപൊട്ടിയതും ആ കരുത്തിൽ നിന്നാണ്.
വേദനസംഹാരികൾ നൽകിയ മയക്കത്തിലാണ് അവളിങ്ങനെ പറയുന്നതെന്നാണ് ചുറ്റുമുള്ളവർ കരുതിയത്. യാഥാർഥ്യം ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ആശങ്ക കാരണമോ അതുമല്ലെങ്കിൽ ഒരിക്കലും നടക്കാനിടയില്ലാത്ത എന്തെങ്കിലും ഒരു പ്രതീക്ഷയിൽ പിടിച്ചുനിൽക്കാനുള്ള ശ്രമമോ ആണെന്ന് ലോകം കരുതി. അവളുടെ ആഗ്രഹം കേട്ട് ചിലർ ചിരിച്ചു. മറ്റു ചിലർ സഹതപിച്ചു. വളരെ കുറച്ച് പേർ മാത്രം അവളെ വിശ്വസിച്ചു.
അരുണിമയ്ക്ക് ആരെയും ഒന്നും ബോധിപ്പിക്കേണ്ടിയിരുന്നില്ല. ഈ തീരുമാനം ആരുടേയും കയ്യടി നേടാനുമായിരുന്നില്ല. കൊടുമുടി കയറണമെന്ന തീരുമാനം അവൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ” ഞാൻ തോറ്റുപോയിട്ടില്ല, ആർക്കുമെന്നെ തകർക്കാൻ കഴിഞ്ഞിട്ടില്ല” എന്നു മാത്രമായിരുന്നു പ്രപഞ്ചത്തോടു മുഴുവൻ അവൾ പറയാൻ ശ്രമിച്ചത്..
ദുഷ്ക്കരമായ മറ്റൊരു യാത്ര തുടങ്ങുന്നു
കൃത്രിമക്കാലു വച്ചുള്ള പരിശീലനത്തിനിടയിൽ പലതവണ അവൾ താഴെ വീണു. എത്ര ചങ്കുറപ്പുള്ളവരെയും കരയിക്കുന്നത്രയും തീവ്രമായ വേദന. പരിശീലനം മതിയാക്കി വിശ്രമിക്കാൻ ശരീരം വാശിപിടിച്ചപ്പോഴും തളരില്ല, തുടരുക തന്നെ ചെയ്യുമെന്ന് അരുണിമയുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. കടുത്ത വേദനയിൽ പൊട്ടിക്കരഞ്ഞ ദിവസങ്ങൾ. സ്വന്തം തീരുമാനങ്ങളെ സംശയിച്ച ദിവസങ്ങൾ. കൊടുമുടിയുടെ ഉയരം താണ്ടാൻ തന്റെ കാലുകൾക്കാകില്ലെന്നു വിഷമിച്ച ദിവസങ്ങൾ.
എങ്കിലും അവൾ മുന്നേറുക തന്നെ ചെയ്തു. ചുറ്റുമുള്ള ലോകമൊന്നാകെയും ഒരിക്കലും നടക്കില്ല എന്നാവർത്തിച്ചപ്പോഴും സ്വന്തം ലക്ഷ്യത്തിൽ വിശ്വസിക്കാൻ അവൾ ശരീരത്തെയും മനസ്സിനെയും സ്വയം പാകപ്പെടുത്തി. അസഹനീയമായ വേദനയെ മുന്നേറാനുള്ള ഇന്ധനമാക്കി. ഉള്ളിൽ തലപൊക്കിയ ഭീതിയെ ലക്ഷ്യബോധമാക്കി. ജീവിതത്തിൽ സംഭവിച്ച വലിയ നഷ്ടത്തെ ഉള്ളിലെരിയുന്ന നിശ്ചയദാർഢ്യമാക്കി. ഒടുവിൽ 2013 മെയ് 21ന്, ലോകം അസാധ്യമെന്ന് മുദ്രചാർത്തിയ കാര്യം അരുണിമ സിൻഹ പ്രാവർത്തികമാക്കി.
അവൾ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ തലയുയർത്തി നിന്നു.
കാലറ്റു പോയിട്ടും ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വനിത.
നമുക്കു സങ്കൽപ്പിക്കാനാകുമോ ആ നിമിഷം? ശീതക്കാറ്റേറ്റ് താഴേക്കു നോക്കുമ്പോൾ കാൽച്ചുവട്ടിൽ പരന്നുകിടക്കുന്നൂ ലോകം. റെയിൽവേ ട്രാക്കിൽ കാൽ മുറിഞ്ഞ് ശരീരം തകർന്നു കിടന്നവൾ ലോകത്തിന്റെ നെറുകയിൽ കാൽ തൊട്ടിരിക്കുന്നു.
പിന്നിട്ട വഴികളിലെ കാഠിന്യവും ചുറ്റുമുള്ള മനുഷ്യരുടെ പ്രതികരണവും ഉൾക്കരുത്തിൻ്റെ കനൽവെളിച്ചവും അരുണിമയുടെ മനസ്സിൽ അലയടിച്ചിട്ടുണ്ടാകാം. കഴിച്ചുകൂട്ടിയ വേദനയ്ക്കവസാനം താൻ ചവിട്ടി നിൽക്കുന്നത് ലോകത്തെ ഏറ്റവും തലയെടുപ്പുള്ള കൊടുമുടിയിലാണെന്ന യാഥാർത്ഥ്യം നൽകിയ അഭിമാനത്തിൽ അവൾ ആനന്ദത്തിൻ്റെ കൊടുമുടിയും കീഴടക്കിയിട്ടുണ്ടാകുമെന്നുറപ്പ്.
എവറസ്റ്റ് കീഴടക്കി എന്നതിൽ മാത്രം ഒതുക്കാനാകില്ല അരുണിമ സിൻഹ കൈവരിച്ച നേട്ടം. ജീവിതം അത്രമേൽ ക്രൂരമായി താഴേക്ക് തള്ളിയിട്ടപ്പോൾ, ഉയർത്തെഴുന്നേൽക്കാൻ കാണിച്ച നിശ്ചയദാർഢ്യമാണ് അവളുടെ ഏറ്റവും വലിയ വിജയം. ജീവിതകഥയിലെ അവസാന അധ്യായം ദുരന്തത്തിൽ എഴുതപ്പെടരുതെന്ന തീരുമാനമാണ് ആ വിജയത്തിന് വഴിയൊരുക്കിയത്.
മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന പർവ്വതാരോഹക എന്നതിലുപരിയായി മനുഷ്യർ അസാദ്ധ്യമെന്നു വിധിയെഴുതിയ കാര്യം ചെയ്തു കാണിച്ചു എന്നതും നമ്മുടെയെല്ലാം മനസ്സിൽ സുവർണ്ണലിപികളിൽ കുറിച്ചുവെക്കേണ്ട വസ്തുതയാണ്.
വാസ്തവത്തിൽ നമുക്കോരോരുത്തർക്കും കീഴടക്കാൻ ഓരോ കൊടുമുടികളുണ്ട്. നമ്മളിൽ പലരും പ്രകടമാകാത്ത ചില പോരാട്ടങ്ങളിലാണ്; നിരന്തരമായ ഉത്കണ്ഠ, വർഷങ്ങൾ കഴിഞ്ഞിട്ടും നൊമ്പരപ്പെടുത്തുന്ന ഹൃദയവേദനകൾ, നമ്മുടെ തന്നെ മൂല്യത്തെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന പരാജയങ്ങൾ, ആരോടും പങ്കുവെയ്ക്കാൻ കഴിയാത്ത ഏകാന്തത. ഇനിയൊരിക്കലും പഴയതുപോലെ ആകാൻ കഴിയില്ലേ എന്ന് സ്വയം ചിന്തിക്കുമ്പോഴും ലോകത്തിന് മുന്നിൽ നമ്മൾ പുഞ്ചിരിച്ചു കാണിക്കും.
അങ്ങനെയൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ, അരുണിമ സിൻഹയെ നമ്മളോർക്കണം. അപ്രതീക്ഷിത നിമിഷത്തിൽ വിധി അവർക്കു നൽകിയതെന്തെന്നും പകരം അവർ ജീവിതത്തിന് തിരികെ നൽകിയതെന്തെന്നും നമ്മളോർക്കണം.
നിരന്തരമായി വേദന അനുഭവിക്കുമ്പോഴും മുന്നോട്ട് പോകാനുള്ള തീരുമാനം. വീഴ്ച്ചകൾ ആവർത്തിക്കപ്പെടുമ്പോഴും എഴുന്നേൽക്കാനുള്ള തീരുമാനം.
പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഘട്ടങ്ങളിലും പരിശ്രമിക്കാനുള്ള തീരുമാനം.
ജീവിതം ചിലപ്പോൾ നമ്മളെ തകർത്തേക്കാം. അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് നമ്മൾ കരുതിയ പലതും നഷ്ടമായേക്കാം. എന്നാൽ നമ്മൾ സ്വയം വിട്ടുകൊടുക്കാത്തിടത്തോളം കാലം, നമ്മുടെ ധൈര്യവും നിശ്ചയദാർഢ്യവും കവർന്നെടുക്കാൻ ആർക്കുമാകില്ല, ഒന്നിനുമാകില്ല.
കാൽ നഷ്ടമായതോർത്ത് നിരാശയിൽ കൂപ്പുകുത്താതെ ആർജവത്തോടെ ജീവിതത്തെ നേരിട്ടതുകൊണ്ടാണ് അരുണിമ സിൻഹയ്ക്ക് ആത്മവിശ്വാസത്തിൻ്റെ കൊടുമുടി ചവിട്ടിക്കയറാനായത്. പ്രതിബന്ധങ്ങളെ തട്ടിനീക്കി മുന്നേറുമ്പോഴാണ് ലക്ഷ്യത്തിന് സൗന്ദര്യം കൂടുക. ജീവിതയാത്ര സധൈര്യം തുടരുക തന്നെ ചെയ്യുമെന്ന ഉൾക്കാഴ്ചയുണ്ടെങ്കിൽ
തടസ്സങ്ങളെ അതിജീവിക്കാനാകുമെന്നുറപ്പാണ്.
എത്ര വലിയ വീഴ്ച്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള കഴിവ് മനുഷ്യമനസ്സിനുണ്ട്. വേദനകൾ മായും, മുറിവുകളുണങ്ങും, സധൈര്യം യാത്ര തുടരാൻ നമുക്കേവർക്കുമാകും.
ഈ പ്രചോദനം സ്വന്തം ജീവിതം കൊണ്ടടയാളപ്പെടുത്തിയതിന് അരുണിമ സിൻഹയ്ക്ക് ഒരായിരം നന്ദി!




