രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

ലോകത്ത് സർവ്വസാധാരണമായി കണ്ടുവരുന്നതും എന്നാൽ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പർടെൻഷൻ (Hypertension) അഥവാ അമിത രക്തസമ്മർദ്ദം. പൊതുവെ ലക്ഷണങ്ങൾ പ്രകടമാക്കാതെ ആന്തരികതലത്തിൽ നിശബ്ദമായി പ്രവർത്തിച്ച് ആരോഗ്യത്തെ തകരാറിലാക്കുന്ന വില്ലനായതുകൊണ്ടുതന്നെ, അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം, നിശബ്ദ കൊലയാളി (Silent killer) എന്നും അറിയപ്പെടുന്നു.

പലപ്പോഴും രക്തസമ്മർദ്ദം (hypertension) ഉയരുന്ന വസ്തുത തിരിച്ചറിയുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ, അത്  ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുിണ്ടാകും. പ്രത്യക്ഷത്തിൽ അസുഖമൊന്നും തോന്നില്ലെങ്കിലും രക്തക്കുഴലുകളിലെ ഈ അമിതമർദ്ദം ഹൃദയം, തലച്ചോറ്, വൃക്കകൾ, കണ്ണുകൾ തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളെ പതുക്കെപ്പതുക്കെ തകരാറിലാക്കുന്നുണ്ടാകും. 

ഈ വർഷത്തെ പ്രമേയം

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ, എല്ലാ വർഷവും മെയ് 17 ലോക ഹൈപ്പർടെൻഷൻ ദിനമായി (World Hypertension Day) ആചരിച്ചുവരുന്നു. “നമുക്കൊറ്റക്കെട്ടായി ഹൈപ്പർടെൻഷൻ നിയന്ത്രിക്കാം, ബി പി കൃത്യമായി പരിശോധിക്കൂ, നിശബ്ദ കൊലയാളിയെ ചെറുത്തുതോൽപ്പിക്കൂ” (“Controlling Hypertension Together: Check Your Blood Pressure Regularly, Defeat the Silent Killer”) എന്നതാണ് 2026ലെ പ്രമേയം. കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഓരോ വ്യക്തിയും കുടുംബവും ആരോഗ്യപ്രവർത്തകരും സമൂഹവും ഈ രോഗത്തിനെതിരെ ഒന്നിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യവും ഈ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു.

സമ്മർദ്ദം നൽകുന്ന കണക്കുകൾ

ലോകമെമ്പാടുമുള്ള അകാലമരണങ്ങൾക്ക് ഇടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നായി അമിത രക്തസമ്മർദ്ദം മാറിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, ലോകത്ത് ഏകദേശം 140 കോടി ജനങ്ങൾക്ക് അമിതരക്തസമ്മർദ്ദമുണ്ട്. ഇതിൽ പലർക്കും തങ്ങളുടെ  രോഗാവസ്ഥയെക്കുറിച്ച് അറിയില്ല എന്നതാണ് ഏറ്റവും ആശങ്കയ്ക്കിടയാക്കുന്ന വസ്തുത. അസുഖമുള്ളവരിൽ ഏകദേശം നാലിൽ ഒരാൾക്ക് മാത്രമാണ് രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

തെക്കുകിഴക്കൻ ഏഷ്യയിൽ മാത്രം 27.3 കോടിയിലധികം പേർ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. അസുഖം തിരിച്ചറിയാതെ ജീവിക്കുന്നവർ വേറെയും. സമീപകാലം വരെ, പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായാണ് ഹൈപ്പർടെൻഷനെ കണക്കാക്കിയിരുന്നത്. എന്നാൽ ആധുനിക കാലത്തെ ജീവിതശൈലീ പ്രശ്നങ്ങൾ മൂലം ചെറുപ്പക്കാരിലും രക്താതിമർദ്ദം കണ്ടുവരുന്നു. കൗമാരക്കാരിൽ പോലും ഇന്ന് ഹൈപ്പർടെൻഷൻ കൂടുതലായി കാണുന്നുണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. അമിതമായ മാനസിക സമ്മർദ്ദം (Stress), ഉറക്കമില്ലായ്മ, കൂടുതൽ നേരം മൊബൈൽ/കമ്പ്യൂട്ടർ സ്ക്രീനുകൾ നോക്കിയിരിക്കുന്നത്, അനാരോഗ്യകരമായ ഭക്ഷണരീതികൾ, പൊണ്ണത്തടി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, വൈകാരിക തളർച്ച എന്നിവയെല്ലാം രക്തസമ്മർദ്ദത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.

തകരാറിലാകുന്ന അവയവങ്ങൾ

നമ്മൾ എന്തെങ്കിലും കഠിനമായ ജോലികൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ പെട്ടെന്ന് മാനസിക വിക്ഷോഭം ഉണ്ടാകുമ്പോഴോ രക്തസമ്മർദ്ദത്തിൽ വരുന്ന താൽക്കാലികമായ മാറ്റങ്ങളെ നേരിടാൻ കഴിയുന്ന രീതിയിലാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ രക്തസമ്മർദ്ദം വർഷങ്ങളോളം സ്ഥിരമായി ഉയർന്ന നിലയിൽ തന്നെ തുടർന്നാൽ, അത് രക്തക്കുഴലുകളെ തകരാറിലാക്കാൻ തുടങ്ങും. കാലക്രമേണ ഇത് ഹൃദയാഘാതം (Heart attack), പക്ഷാഘാതം (Stroke), ഹൃദയ സ്തംഭനം (Cardiac arrest), വൃക്കരോഗങ്ങൾ, ഓർമ്മക്കുറവ്, കാഴ്ച്ചാത്തകരാറുകൾ തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നിരന്തരമായ അമിത രക്തസമ്മർദ്ദം, കൂടുതൽ ആയാസപ്പെട്ട് പ്രവർത്തിക്കാൻ ഹൃദയത്തെ നിർബന്ധിതമാക്കുകയും അത് ക്രമേണ ഹൃദയത്തിന്റെയും രക്തചംക്രമണ വ്യവസ്ഥയുടെയും ആരോഗ്യത്തെ പൂർണ്ണമായും തളർത്തി ക്കളയുകയും ചെയ്യുന്നു.

നമ്പറുകൾ അറിഞ്ഞിരിക്കാം

ഹൈപ്പർടെൻഷൻ നേരത്തെ തിരിച്ചറിയാൻ പ്രയാസമായതുകൊണ്ടുതന്നെ,

തീവ്രതയേറുന്ന ഘട്ടത്തിൽ മാത്രമേ പലർക്കും പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാനാകുകയുള്ളൂ. ചിലർക്ക് ഇടയ്ക്കിടെ തലവേദന, തലകറക്കം, നെഞ്ചിൽ അസ്വസ്ഥത, ശ്വാസംമുട്ടൽ, കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെട്ടേക്കാം. എന്നാൽ ഒട്ടുമിക്ക ആളുകളിലും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതുവരെ യാതൊരു മുന്നറിയിപ്പും നൽകാതെ ഈ രോഗം നിശബ്ദമായി പ്രവർത്തിച്ചുകൊണ്ടിരിക്കും.

അതുകൊണ്ടാണ് ആരോഗ്യവിദഗ്ദ്ധർ നമ്പറുകളുടെ പ്രാധാന്യത്തെക്കുറിച്ച് (Know your numbers) അടിവരയിട്ട് പറയുന്നത്. ലളിതമായ രക്തസമ്മർദ്ദ പരിശോധനയിലൂടെ വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് വളരെ മുൻപ് തന്നെ  പ്രശ്നം കണ്ടെത്താൻ കഴിയും. നേരത്തെ തന്നെ ഇത് തിരിച്ചറിയുന്നത് വഴി, ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്താനും ആവശ്യമെങ്കിൽ ചികിൽസ തുടങ്ങാനും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള സങ്കീർണ്ണാരോഗ്യ പ്രശ്നങ്ങളെ വലിയൊരു പരിധിവരെ കുറയ്ക്കാനും നമുക്ക് സാധിക്കും.

ശാസ്ത്രീയമായി പറഞ്ഞാൽ, രണ്ട് നമ്പറുകൾ ഉപയോഗിച്ചാണ് രക്തസമ്മർദ്ദം അളക്കുന്നത്. ഇതിലെ ആദ്യത്തെ നമ്പറാണ്  ‘സിസ്റ്റോളിക് പ്രഷർ’ (Systolic pressure) എന്നറിയപ്പെടുന്നത്. ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ ധമനികളിൽ ചെലുത്തുന്ന മർദ്ദമാണിത്. രണ്ടാമത്തെ നമ്പറാണ് ‘ഡയസ്റ്റോളിക് പ്രഷർ’ (Diastolic pressure). ഹൃദയം പമ്പ് ചെയ്യുന്നതിനിടയിലുള്ള വിശ്രമവേളകളിലെ മർദ്ദമാണ് ഇതിലൂടെ തിരിച്ചറിയാനാകുക. നിലവിലെ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഈ നമ്പറുകൾ (BP റീഡിങ്ങുകൾ) സാധാരണ നിലയേക്കാൾ സ്ഥിരമായി ഉയർന്നു നിൽക്കുന്നത് ഹൈപ്പർടെൻഷൻ്റെ ലക്ഷണമാകാം. ഈ അവസ്ഥയുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ട്.

പ്രതിരോധം നേരത്തെ തുടങ്ങാം

പലപ്പോഴും രക്താതിമർദം വരാതെ തടയാനും അഥവാ വന്നാൽത്തന്നെ അത് നിയന്ത്രിച്ചു നിർത്താനും നമുക്ക് സാധിക്കും എന്നതാണ് ഏറ്റവും ആശ്വാസം നൽകുന്ന വസ്തുത. ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കുക വഴി രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, വ്യായാമം ചെയ്യുക, അമിതവണ്ണം ഒഴിവാക്കി ശരിയായ ശരീരഭാരം നിലനിർത്തുക, നന്നായി ഉറങ്ങുക, പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ പഠിക്കുക എന്നിവയെല്ലാം ഈ അസുഖം വരാതെ തടയുന്നതിലും നിയന്ത്രിച്ചു നിർത്തുന്നതിലും വലിയ പങ്കുവഹിക്കുന്നു.

ദിവസവുമുള്ള നടത്തം പോലെയുള്ള ലളിതമായ വ്യായാമങ്ങൾ പോലും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കാലക്രമേണ രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിട്ടുമാറാത്ത ടെൻഷൻ, വൈകാരിക തളർച്ച, ഉത്കണ്ഠ (Anxiety), അമിതജോലിഭാരം, നിരന്തരമായ മാനസിക സമ്മർദ്ദം എന്നിവ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ മോശമായി ബാധിക്കുകയും അത് ഹൃദയത്തിന് കൂടുതൽ ആയാസം നൽകുകയും ചെയ്യും.

പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തിൽ പലർക്കും മാനസിക സമ്മർദ്ദം (Stress) പതിവുരീതിയായി മാറിയിരിക്കുന്നു. ഇത് നമ്മുടെ ശാരീരികാരോഗ്യത്തെ തകർക്കുന്നുണ്ടെന്ന യാഥാർത്ഥ്യം പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്നു.

സ്വയം ഓർമ്മപ്പെടുത്താം

ഉയർന്ന രക്തസമ്മർദ്ദം കേവലം ഭക്ഷണത്തെയോ പാരമ്പര്യത്തെയോ മാത്രം ആശ്രയിച്ചുള്ളതല്ല. വർഷങ്ങളായുള്ള കടുത്ത ക്ഷീണം, തെറ്റായ ജീവിതചര്യകൾ, മാനസിക സമ്മർദ്ദങ്ങൾ, ഉറക്കമില്ലായ്മ, സ്വന്തം ശരീരത്തെ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കൽ എന്നിവയെല്ലാം ഇതിന് കാരണമാകാം. അതുകൊണ്ടുതന്നെയാണ് ലോക ഹൈപ്പർടെൻഷൻ ദിനം കേവലം ബോധവൽക്കരണം എന്നതിലുപരി സമഗ്രാരോഗ്യത്തിൽ അധിഷ്‌ഠിതമായ ദിനാചരണമായി  മാറുന്നത്. അസുഖങ്ങളിലൂടെ പ്രതികരിക്കാൻ ശരീരത്തെ നിർബന്ധിതമാക്കുന്നതിന് മുൻപ്, നമ്മുടെ തിരക്കുകൾക്കിടയിൽ ഒരല്പം മാറിനിന്ന് സ്വന്തം ശരീരത്തെ ശ്രദ്ധിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ലക്ഷണങ്ങൾ പ്രകടമായതിന് ശേഷം മാത്രം രക്തസമ്മർദ്ദം പരിശോധിക്കാമെന്ന ധാരണ നല്ലതല്ല. വലിയ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുന്നതിനു മുൻപേ തന്നെ കൃത്യമായി മുൻകരുതൽ  എടുക്കുന്നതാണ് എപ്പോഴും ഉചിതം.

ശാന്തമായി, വിശ്രമത്തിലിരിക്കുന്ന സമയത്ത് മാത്രം രക്തസമ്മർദ്ദം പരിശോധിക്കണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. കാരണം ഉത്കണ്ഠ (Anxiety), ശാരീരികാദ്ധ്വാനം, ടെൻഷൻ, കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം, പരിശോധനാ രീതിയിലുള്ള പിഴവുകൾ എന്നിവയൊക്കെ താൽക്കാലികമായി ബി പി റീഡിങ്ങുകളിൽ വ്യത്യാസം വരുത്തിയേക്കാം.

ഉയർന്ന രക്തസമ്മർദ്ദം നമുക്ക് നിയന്ത്രിക്കാൻ കഴിയും, അത് വരുത്തിവെയ്ക്കുന്ന വലിയ അപകടങ്ങൾ തടയാനുമാകും, തുടക്കത്തിൽ തന്നെയുള്ള കൃത്യമായ ഇടപെടലുകൾ ജീവൻ രക്ഷിക്കും എന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ നൽകുന്ന പ്രധാനസന്ദേശം. 

നമ്മുടെ വീടുകളിൽ നിന്നുതന്നെയാണ് ഈ തിരിച്ചറിവ് തുടങ്ങേണ്ടത്. മാതാപിതാക്കളെയും വീട്ടിലുള്ള പ്രായമായവരെയും സുഹൃത്തുക്കളെയും കൃത്യമായി രക്തസമ്മർദ്ദം പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ജീവൻ തന്നെ രക്ഷിച്ചേക്കാം. തങ്ങൾക്ക് യാതൊരു കുഴപ്പവുമില്ല എന്ന ധാരണയിൽ പലരും ആരോഗ്യപരിശോധനകൾ നീട്ടിവെക്കാറുണ്ട്. ശരീരത്തിന് ഗുരുതരമായ തകരാറുകൾ സംഭവിക്കുന്നത് വരെ ഉയർന്ന രക്തസമ്മർദ്ദം നിശബ്ദമായിരിക്കും എന്ന വസ്തുത നമ്മളെല്ലാവരും ഓർത്തുവെയ്ക്കേണ്ട കാര്യമാണ്. 

സ്വന്തം ആരോഗ്യത്തിൽ കരുതൽ വേണം

ലോക ഹൈപ്പർടെൻഷൻ ദിനത്തിൽ, സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാൻ അല്പസമയം കണ്ടെത്തുക:

  • കൂടുതൽ സജീവമാകാം: വ്യായാമം ചെയ്യുകയോ ശാരീരിക അധ്വാനമുള്ള കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക
  • ഭക്ഷണം കരുതലോടെ: അമിതമായ ഉപ്പും പാക്കറ്റുകളിൽ വരുന്ന പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും കുറയ്ക്കുക
  • ഉറക്കം പ്രധാനം: ദിവസവും നന്നായി ഉറങ്ങാൻ ശ്രദ്ധിക്കുക
  • സമ്മർദ്ദം നിയന്ത്രിക്കാം: കഴിയുന്നത്ര ടെൻഷനും മാനസിക സമ്മർദ്ദങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക
  • വേണ്ടത്ര വിശ്രമം: നിരന്തരമായുള്ള ജോലിഭാരത്തിൽ നിന്നും ഇടവേളകൾ എടുക്കുക
  • ബി പി പരിശോധന: രക്തസമ്മർദ്ദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക

ഇക്കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ രക്തസമ്മർദ്ദം ആരോഗ്യത്തെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ നമുക്ക് മുന്നേറാനാകും.   

References

Related News

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ആധുനിക ജീവിതരീതിയും രക്താതിമർദ്ദവും തമ്മിലുള്ള ശാസ്ത്രീയ ബന്ധം മനസ്സിലാക്കാം ബ്ളഡ് പ്രഷർ അഥവാ രക്തസമ്മർദ്ദത്തിലെ ഉയർച്ചതാഴ്ച്ചകൾക്ക് അടിസ്ഥാനമായ കാരണങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ജീവിതശൈലിയുടെ സ്വാധീനം. പനിയോ തലവേദനയോ...

മെയ്‌ 17, 2026 11:37 pm
അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

എവറസ്റ്റിനൊപ്പം ലോകമനസ്സ് കീഴടക്കിയ അരുണിമ സിൻഹ ജീവിതം ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറ്റിമറിക്കും. ഒരപ്രതീക്ഷിത നിമിഷത്തിൽ അത് സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതായനങ്ങൾ നമുക്കു...

മെയ്‌ 16, 2026 11:17 pm
എസ് എൽ ഇ എന്ന സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് :  

എസ് എൽ ഇ എന്ന സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് :  

വിശദമായി അറിഞ്ഞിരിക്കാം എസ് എൽ ഇയെക്കുറിച്ച് പ്രശസ്ത റൂമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥുമായി നടത്തിയ അഭിമുഖത്തിൻ്റെ സംഗ്രഹമാണിത്. ദീർഘകാലത്തെ സൂക്ഷ്മപഠനത്തിലൂടെയും ഒട്ടനവധി രോഗികൾക്കു ചികിൽസ നൽകിയതിൻ്റെ...

മെയ്‌ 9, 2026 6:14 pm
ആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ശരിയായ ചികിൽസ നേടാം; ചെറുത്തു തോൽപ്പിക്കാം ശ്വാസകോശത്തിൻ്റെ ആരോഗ്യം സംബന്ധിച്ച അവബോധം വ്യാപിപ്പിക്കാൻ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച്ച ലോകം മുഴുവൻ ആസ്ത്മ ദിനമായി ആചരിച്ചു...

മെയ്‌ 5, 2026 11:33 pm
Top
Subscribe