എസ് എൽ ഇ എന്ന സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് :  

എസ് എൽ ഇ എന്ന സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് :  

വിശദമായി അറിഞ്ഞിരിക്കാം

എസ് എൽ ഇയെക്കുറിച്ച് പ്രശസ്ത റൂമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥുമായി നടത്തിയ അഭിമുഖത്തിൻ്റെ സംഗ്രഹമാണിത്. ദീർഘകാലത്തെ സൂക്ഷ്മപഠനത്തിലൂടെയും ഒട്ടനവധി രോഗികൾക്കു ചികിൽസ നൽകിയതിൻ്റെ അനുഭവങ്ങളിലൂടെയും കൈവന്ന ചില പ്രധാന ഉൾക്കാഴ്ചകൾ അദ്ദേഹം വിവരിക്കുന്നു. ലോക ലൂപ്പസ് ദിനമായി മെയ് 10 ആചരിക്കപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിൽ ഈ വിവരണത്തിന് ഏറെ പ്രസക്തിയുണ്ട്. രോഗം സംബന്ധിച്ച് കൃത്യമായ അവബോധം നൽകാൻ ഇത് സഹായകമാകും.  ലക്ഷണങ്ങൾ, രോഗനിർണ്ണയം, ചികിൽസ, രോഗികൾക്കു ലഭ്യമാകേണ്ട ശാരീരിക മാനസിക കരുതൽ എന്നിവയെക്കുറിച്ചെല്ലാം ഡോ. വിഷാദ് വിശ്വനാഥ്  അഭിമുഖത്തിൽ വിശദമാക്കുന്നുണ്ട്.

എന്താണ് ലൂപ്പസ് (SLE)?

പുറത്തുനിന്നുള്ള ആക്രമണങ്ങളെയെല്ലാം ചെറുത്തു തോൽപ്പിക്കാനായി നമ്മുടെ ശരീരത്തിൽ സദാ സജ്ജമായ പ്രതിരോധ സംവിധാനം (Immune System) സ്വന്തം കോശങ്ങളെ തന്നെ ശത്രുവായി തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന അവസ്ഥയാണിത്. എസ് എൽ ഇ ഒരു  പകർച്ചവ്യാധിയല്ല, മറിച്ച് ശരീരത്തിനുള്ളിൽ സംഭവിക്കുന്ന മാറ്റമാണ് ഇതിന് ഹേതു. സാധാരണ സന്ധിവാതരോഗത്തിലേതുപോലെ, ശരീരത്തിലെ സന്ധികളെ മാത്രമല്ല എസ് എൽ ഇ ബാധിക്കുന്നത്. പ്രധാന അവയവങ്ങളുൾപ്പെടെ, ആരോഗ്യം നിലനിർത്തുന്നതിൽ ഏറെ നിർണ്ണായകമായ ആന്തരികഭാഗങ്ങളെയും ഈ രോഗം കീഴ്പ്പെടുത്തുന്നു. 

എല്ലാ അവയവങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ ലൂപ്പസിനെ ഓട്ടോ ഇമ്മ്യൂൺ രോഗത്തിൻ്റെ സർവ്വസാധാരണമായ ഉദാഹരണമായിത്തന്നെ കണക്കാക്കാം. അപൂർവ്വരോഗമായ എസ് എൽ ഇ, ഏകദേശം പതിനായിരം ആളുകളിൽ ഒരാൾക്ക് എന്ന അനുപാതത്തിൽ കണ്ടുവരുന്നുണ്ട്.

പ്രധാനമായും 15നും 45നും ഇടയിൽ പ്രായമുള്ള യുവതികളിലാണ് ലൂപ്പസ് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരെയും ഇതു ബാധിക്കാം. പുരുഷന്മാരിൽ പൊതുവെ രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരമായി കാണപ്പെടാറുണ്ട്.

എന്തുകൊണ്ടാണ് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നത് ?

സ്ത്രീകളിൽ ലൂപ്പസ് വരാനുള്ള സാധ്യത കൂടുതലാകാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളതെന്ന് ഡോ. വിഷാദ് വിശ്വനാഥ് ചൂണ്ടിക്കാട്ടുന്നു:

1. ജനിതക കാരണങ്ങൾ (Genetic Factors)

സ്ത്രീകളിൽ രണ്ട് എക്സ് ക്രോമസോമുകൾ (XX) ആണുള്ളത്, പുരുഷന്മാരിലാകട്ടെ, ഒരു എക്സും ഒരു വൈയും (XY). ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ചില പ്രധാന ജീനുകൾ എക്സ് ക്രോമസോമിലാണ് അടങ്ങിയിരിക്കുന്നത്. രണ്ട് എക്സ് ക്രോമസോമുകൾ ഉള്ളതിനാൽ, സ്ത്രീകളിൽ ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യത സ്വാഭാവികമായും ഇരട്ടിയാകുന്നു.

2. ഹോർമോണുകളുടെ സ്വാധീനം (Hormonal Influence)

സ്ത്രീ ഹോർമോണായ ഈസ്ട്രജൻ (Estrogen) പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ ഹോർമോൺ ശരീരത്തിലെ പ്രതിരോധ പ്രതികരണങ്ങൾ ശക്തമാക്കാൻ കാരണമാകുന്നു. ചില ഘട്ടങ്ങളിൽ ഇത്, സ്വന്തം ശരീരത്തിനെതിരെ തന്നെയുള്ള ആക്രമണമായും മാറാറുണ്ട്.

ചുരുക്കത്തിൽ, ജനിതക ഘടനയും ഹോർമോണുകളുടെ സ്വാധീനവും ഒത്തുചേരുന്നതാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ലൂപ്പസ് കൂടുതലായി കാണപ്പെടാൻ കാരണം.

എന്തുകൊണ്ടാണ് ലൂപ്പസിനെ “ഗ്രേറ്റ് ഇമിറ്റേറ്റർ” എന്ന് വിശേഷിപ്പിക്കുന്നത്?

ലൂപ്പസിൻ്റെ ലക്ഷണങ്ങൾക്ക്, മറ്റ് പല സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങളുമായും ഏറെ സാമ്യമുണ്ട് എന്നതാണ് ഈ അസുഖത്തിൻ്റെ ഏറ്റവും സങ്കീർണ്ണമായ വശം. ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതിനാലും മറ്റ് രോഗലക്ഷണങ്ങൾ അനുകരിക്കപ്പെടുന്നതിനാലുമാണ് (Imitate)  ഇതിനെ ഗ്രേറ്റ് ഇമിറ്റേറ്റർ എന്ന് വിശേഷിപ്പിക്കുന്നത്.

പ്രധാന ലക്ഷണങ്ങൾ:

  • മുടികൊഴിച്ചിൽ
  • കണ്ണുകളിലുണ്ടാകുന്ന അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും
  • വായ്പുണ്ണ്
  • ചർമ്മത്തിൽ തടിപ്പുകൾ
  • സൂര്യപ്രകാശത്തോടുള്ള അലർജി
  • വിട്ടുമാറാത്ത പനി
  • സന്ധിവേദനയും വീക്കവും
  • ശ്വാസകോശം, ഹൃദയം, വൃക്കകൾ എന്നിവയ്ക്കുണ്ടാകുന്ന അസുഖങ്ങൾ

രോഗനിർണ്ണയത്തിലെ വെല്ലുവിളി

ഈ ലക്ഷണങ്ങളെല്ലാം തന്നെ സാധാരണയായി  മറ്റ് പല അസുഖങ്ങളിലും കണ്ടുവരുന്നതാണ്. അതിനാൽ, വ്യക്തമായ കാരണങ്ങളില്ലാതെ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ, ഡോക്ടർമാർ മറ്റ് സാധ്യതകൾക്കൊപ്പം ലൂപ്പസ് ആണോ എന്ന കാര്യവും ഗൗരവമായി പരിശോധിക്കാറുണ്ട്. രോഗനിർണ്ണയം വൈകുന്നത് രോഗം സങ്കീർണ്ണമാകാൻ കാരണമായേക്കാം.

ലൂപ്പസ് തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ചില രോഗികളിൽ ലൂപ്പസിന്റെ ലക്ഷണങ്ങൾ വളരെ വ്യക്തമായിരിക്കും, ഇത് രോഗനിർണ്ണയം വേഗത്തിലാക്കാൻ സഹായിക്കുന്നു. ഡോക്ടർമാർ പ്രധാനമായും ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് ഡോ. വിഷാദ് വിശദമാക്കുന്നു:

മുഖത്ത് ചിത്രശലഭത്തിന്റെ ആകൃതിയിൽ നിറംമാറ്റം (Butterfly Rash) പ്രകടമാകാറുണ്ട്. ലൂപ്പസിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണിത്. മൂക്കിന് മുകളിലായി ഇരുവശങ്ങളിലേക്കും (കവിളുകളിലേക്ക്) പടരുന്ന ചുവന്ന തടിപ്പ് 60-70% രോഗികളിലും കണ്ടുവരാറുണ്ട്. വെയിൽ കൊള്ളുമ്പോൾ ഈ തടിപ്പുകൾ കൂടുതൽ രൂക്ഷമാകും.

ലൂപ്പസ് ശരീരത്തിലെ രക്തകോശങ്ങളെ ബാധിക്കുന്നത് മൂലം താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാം:

  • മുടി കൊഴിയുന്ന രീതിയിൽ സവിശേഷ പാറ്റേണുകൾ ദൃശ്യമാകാം
  • പ്രതിരോധ സംവിധാനം ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കുന്നത് മൂലം വിളർച്ച (Anemia) അനുഭവപ്പെടുന്നു
  • രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ലിംഫോസൈറ്റുകൾ (Lymphocytes) കുറഞ്ഞുവരുന്നു
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകൾ കുറയുന്നത് മൂലം അമിതമായ രക്തസ്രാവത്തിന് സാധ്യതയേറുന്നു

ഈ ലക്ഷണങ്ങൾ എല്ലാ രോഗികളിലും പ്രകടമാകണമെന്നില്ല. വിട്ടുമാറാത്ത പനി മാത്രമായോ വൃക്കരോഗമായോ രക്തപരിശോധനയിൽ കാണുന്ന അസ്വാഭാവികതയായോ ലക്ഷണങ്ങൾ കണ്ടേക്കാം. ഇത് കൃത്യമായി രോഗനിർണ്ണയം നടത്തുന്നത് വൈകാനിടയാക്കുന്നു.

ലൂപ്പസ് ആണെന്ന് എങ്ങനെ നിർണ്ണയിക്കാനാകും?

ലൂപ്പസ് തിരിച്ചറിയാൻ പ്രധാനമായും ശാരീരിക പരിശോധനകളും ലാബോറട്ടറി പരിശോധനകളും സംയോജിപ്പിച്ചുള്ള രീതിയാണ് ഉപയോഗിക്കുന്നത്.

രക്തപരിശോധന

പ്രധാനമായും സി ബി സി (Complete Blood Count) വഴി താഴെ പറയുന്നവ നിരീക്ഷിക്കുന്നു:

  • വിളർച്ച (Anemia)
  • ശ്വേത രക്തകോശങ്ങളുടെ കുറവ് (Leukopenia)
  • പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് (Thrombocytopenia)

മൂത്രപരിശോധന

ലൂപ്പസ് വൃക്കകളെ ബാധിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ മൂത്രപരിശോധന സഹായിക്കുന്നു:

  • പ്രോട്ടീന്റെ സാന്നിധ്യം (Proteinuria)
  • രക്തത്തിന്റെ സാന്നിധ്യം (Hematuria)

ഇമ്മ്യൂണോളജിക്കൽ പരിശോധനകൾ (Immunological Tests)

പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ചില പ്രത്യേക ടെസ്റ്റുകൾ ആവശ്യമാണ്:

  • എ എൻ എ (Antinuclear Antibody Test): ലൂപ്പസ് ഉണ്ടോ എന്ന് പ്രാഥമികമായി അറിയാൻ സഹായിക്കുന്ന പ്രധാന പരിശോധന
  • ആൻ്റി ഡി എസ് ഡി എൻ എ (Anti-dsDNA Test): ലൂപ്പസ് തിരിച്ചറിയാനുള്ള വളരെ കൃത്യമായ പരിശോധനയാണിത്. ഈ പരിശോധനാഫലം കണക്കിലെടുത്ത് രോഗം സ്ഥിരീകരിക്കാൻ എളുപ്പമാണ്

കിഡ്‌നി ബയോപ്സി (Kidney Biopsy)

ലൂപ്പസ് വൃക്കകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെങ്കിൽ, കിഡ്‌നി ബയോപ്സി നിർദ്ദേശിക്കാറുണ്ട്. രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്നും ഏത് തരം ചികിത്സയാണ് വേണ്ടതെന്നും കൃത്യമായി തീരുമാനിക്കാൻ ബയോപ്സി സഹായകമാകുന്നു.

ലൂപ്പസ് ബാധിക്കുന്നത് എന്തുകൊണ്ട് ?

ലൂപ്പസ് ഉണ്ടാകുന്നത് ഏതെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ടല്ലെന്ന് ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു. നമ്മുടെ ജനിതക ഘടനയും (Genetic susceptibility) ചുറ്റുപാടുകളിലെ ചില ഘടകങ്ങളും ഒന്നിച്ചു ചേരുമ്പോഴാണ് ഈ രോഗം വരുന്നത്.

ലൂപ്പസ് വരാൻ കാരണമായേക്കാവുന്ന പ്രധാന പ്രേരക ഘടകങ്ങൾ (Triggers):

  • അമിതമായ സൂര്യപ്രകാശം: അൾട്രാവയലറ്റ് (UV) രശ്മികൾ ഏൽക്കുന്നത് രോഗലക്ഷണങ്ങൾ തുടങ്ങാനോ വഷളാകാനോ കാരണമാകും
  • വൈറസ് ബാധകൾ: എപ്സ്റ്റൈൻ-ബാർ വൈറസ് (EBV), സി.എം.വി (CMV) തുടങ്ങിയ ചില വൈറസ് അണുബാധകൾ പ്രതിരോധ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയേക്കാം
  • മരുന്നുകൾ: ചില പ്രത്യേക രോഗങ്ങൾക്കായി കഴിക്കുന്ന മരുന്നുകൾ ലൂപ്പസിന് സമാനമായ ലക്ഷണങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്

ഈ പ്രേരകഘടകങ്ങൾ, പ്രതിരോധ സംവിധാനത്തെ തെറ്റായ രീതിയിൽ ഉത്തേജിപ്പിക്കുകയും അത് ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

പ്രാരംഭ ലക്ഷണങ്ങൾ 

അമിതമായ തളർച്ചയാണ് രോഗത്തിന്റെ തുടക്കത്തിൽ അനുഭവപ്പെടുന്ന ലക്ഷണങ്ങളിൽ പ്രധാനം. മറ്റു പല കാരണങ്ങൾ കൊണ്ടും ക്ഷീണം തോന്നാമെന്നതിനാൽ, എസ് എൽ ഇ ആണ് ക്ഷീണത്തിന് കാരണമെന്ന് തുടക്കത്തിൽ തിരിച്ചറിയാൻ പൊതുവെ പ്രയാസമാണ്.

വിട്ടുമാറാത്ത സന്ധിവേദനയും ചർമ്മത്തിൽ കാണുന്ന തടിപ്പുകളുമാണ് ലൂപ്പസിനെ മറ്റ് അസുഖങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ ഡോക്ടർമാരെ സഹായിക്കുന്ന മറ്റൊരു ഘടകം.

രോഗലക്ഷണങ്ങളും ലാബ് പരിശോധനകളും സംയോജിപ്പിച്ച് വിലയിരുത്തിക്കൊണ്ടാണ് ലൂപ്പസ് രോഗനിർണ്ണയം നടത്തുന്നതെന്നും ഡോ.വിഷാദ് വിശ്വനാഥ് വിശദമാക്കുന്നു.

ചികിത്സാരീതികൾ

ലൂപ്പസ് ചികിത്സയുടെ പ്രധാന ലക്ഷ്യം അമിതമായി പ്രവർത്തിക്കുന്ന പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുക എന്നതാണ്. അതേസമയം, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി പാടെ നശിച്ചുപോകാതെ ശ്രദ്ധിക്കുകയും വേണം.

പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകൾ ഇവയാണ്:

ഹൈഡ്രോക്സിക്ലോറോക്വിൻ (Hydroxychloroquine)

1950കൾ മുതൽ ലൂപ്പസ് ചികിത്സയിൽ ഉപയോഗിച്ചുവരുന്ന ഏറ്റവും പ്രധാനപ്പെട്ട മരുന്നാണിത്. ലൂപ്പസ് ചികിത്സയുടെ അടിസ്ഥാനമായി ഇതറിയപ്പെടുന്നു. രോഗലക്ഷണങ്ങൾ കുറയ്ക്കാനും ഭാവിയിൽ അവയവങ്ങൾക്കുണ്ടാകുന്ന തകരാറുകൾ തടയാനും ഈ മരുന്ന് സഹായിക്കുന്നു.

കോർട്ടിക്കോസ്റ്റിറോയ്ഡുകൾ (Corticosteroids)

ശരീരത്തിലുണ്ടാകുന്ന വീക്കം പെട്ടെന്ന് കുറയ്ക്കാൻ സ്റ്റിറോയ്ഡുകൾ സഹായിക്കും. മുൻകാലങ്ങയളിൽ ഇവ ഉയർന്ന അളവിൽ നൽകിയിരുന്നു. എന്നാൽ സ്റ്റിറോയ്ഡുകളുടെ ദീർഘകാല ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഇപ്പോൾ ഏറ്റവും കുറഞ്ഞ ഡോസ് മാത്രം നൽകാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്.

ഇമ്മ്യൂണോ സപ്പോർട്ടീവ് മരുന്നുകൾ (Immunosuppressive Medicines)

ലൂപ്പസ് ചികിൽസയിൽ സൈക്ലോഫോസ്ഫാമൈഡ് (Cyclophosphamide), മൈക്കോഫിനോലേറ്റ് മോഫെറ്റിൽ (Mycophenolate mofetil), ടാക്രോലിമസ് (Tacrolimus) എന്നീ മരുന്നുകളും ഉപയോഗിക്കാറുണ്ട്.

ചികിത്സ എങ്ങനെ തീരുമാനിക്കുന്നു?

രോഗം എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. പ്രത്യേകിച്ച് വൃക്കകൾ പോലെയുള്ള പ്രധാന അവയവങ്ങളെ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് ഏത് മരുന്ന് നൽകണമെന്ന് നിശ്ചയിക്കുന്നത്.

ലൂപ്പസ് ചികിത്സയിൽ വന്ന വലിയ മാറ്റങ്ങൾ

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ലൂപ്പസ് ചികിത്സയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഡോ. വിഷാദ് വിശ്വനാഥ് അടിവരയിട്ടു പറയുന്നു. ഈ മാറ്റം, രോഗികളുടെ ആയുസ്സും ജീവിതനിലവാരവും വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഡോക്ടർ വിശദമാക്കുന്നു. 

ഉദാഹരണത്തിന്, 1950കളിൽ ലൂപ്പസ് ബാധിച്ചവരിൽ പകുതിയോളം പേർ മാത്രമേ അഞ്ച് വർഷത്തിലധികം ജീവിച്ചിരുന്നുള്ളൂ. എന്നാൽ ഇന്ന്, മികച്ച രോഗനിർണ്ണയ രീതികളും ആധുനിക മരുന്നുകളും ലഭ്യമായതോടെ ഇത് 75-80 ശതമാനമായി ഉയർന്നിട്ടുണ്ട്. മാത്രമല്ല, പുതിയ മരുന്നുകളും രോഗാവസ്ഥ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും വന്നതോടെ ദീർഘകാലാടിസ്ഥാനത്തിൽ അവയവങ്ങൾക്കുണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും സാധിക്കുന്നു.

ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മരുന്നുകൾക്കൊപ്പം തന്നെ, ജീവിതശൈലിക്കും ലൂപ്പസ് നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ഏറ്റവും പ്രധാനം സൂര്യപ്രകാശമാണ്. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്തെ അൾട്രാവയലറ്റ് (UV) രശ്മികൾ രോഗലക്ഷണങ്ങൾ വഷളാക്കാൻ കാരണമാകും.

പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുകയോ ചർമ്മം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം സൺസ്‌ക്രീനുകളും ഉപയോഗിക്കാം.

മറ്റ് പ്രധാന മുൻകരുതലുകൾ എന്തെല്ലാം?

  • പോഷകഗുണമുള്ള ആഹാരം ശീലമാക്കുക
  • മാനസിക സമ്മർദ്ദം ലൂപ്പസ് ലക്ഷണങ്ങൾ കൂട്ടാൻ കാരണമാകും. അതിനാൽ മനസ്സിനെ ശാന്തമാക്കുന്ന വിനോദങ്ങളിലോ വ്യായാമങ്ങളിലോ ഏർപ്പെടുക
  • ശരീരഭാരം നിയന്ത്രിക്കുക
  • പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് അസുഖങ്ങളുണ്ടെങ്കിൽ അവ കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്

അണുബാധ തടയലും വാക്സിനേഷനും

രോഗപ്രതിരോധ ശേഷിയിലെ വ്യതിയാനവും മരുന്നുകളുടെ സ്വാധീനവും മൂലം  ലൂപ്പസ് ബാധിച്ചവർക്ക് സാധാരണക്കാരെ അപേക്ഷിച്ച് അണുബാധകൾ (Infections) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  മുൻകരുതലെന്നോണം, ലൂപ്പസ് രോഗികൾക്ക് ഇൻഫ്ലുവൻസ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി വാക്സിനും സാധാരണയായി നിർദ്ദേശിക്കാറുണ്ട് എന്നും ഡോക്ടർ വിശദമാക്കുന്നു. എന്നാൽ ഓരോ വ്യക്തിയുടെയും പ്രതിരോധശേഷിയും അവർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും കണക്കിലെടുത്ത് മാത്രമേ എപ്പോഴാണ് വാക്സിൻ നൽകേണ്ടത് എന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനാകൂ. അതിനാൽ ഇത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യേണ്ടതാണെന്ന് ഡോ. വിഷാദ് ഓർമ്മിപ്പിക്കുന്നു. 

ലൂപ്പസ് പൂർണ്ണമായും നിയന്ത്രണവിധേയമാകുമോ? 

രോഗം നിയന്ത്രണത്തിലാകുന്ന അവസ്ഥയെ പ്രധാനമായും രണ്ട് രീതിയിൽ തരം തിരിക്കാം:

ക്ലിനിക്കൽ റെമിഷൻ (Clinical Remission): രോഗിക്ക് ലക്ഷണങ്ങളോ ശാരീരികമായ അസ്വസ്ഥതകളോ ഇല്ലാത്ത അവസ്ഥയാണിത്. ഈ സമയത്ത് മരുന്നുകൾ തുടരുന്നത് രോഗം വീണ്ടും വഷളാകാതിരിക്കാൻ സഹായിക്കുന്നു.

ഡ്രഗ് ഫ്രീ റെമിഷൻ (Drug-Free Remission): വളരെ ചുരുക്കം രോഗികളിൽ മരുന്നുകളില്ലാതെ തന്നെ ലക്ഷണങ്ങൾ കുറയുന്ന അവസ്ഥ കണ്ടുവരാറുണ്ട്. എന്നാൽ ഇത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

പ്രത്യേകം ശ്രദ്ധിക്കുക,  ഒരു കാരണവശാലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ പെട്ടെന്ന് നിർത്തരുത്. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോ. വിഷാദ് എടുത്തുപറയുന്നു.

ഗർഭധാരണവും ലൂപ്പസും

ലൂപ്പസ് രോഗം കൃത്യമായി നിയന്ത്രണവിധേയമായ സ്ത്രീകൾക്ക് ഗർഭം ധരിക്കാനും ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുമാകും. എന്നാൽ ഗർഭധാരണത്തിന് മുൻപും ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

  • ഗർഭധാരണത്തിന് കുറഞ്ഞത് ആറ് മാസം മുൻപെങ്കിലും രോഗം പൂർണ്ണമായി നിയന്ത്രണത്തിലായിരിക്കണം
  • ഗർഭകാലത്ത് സുരക്ഷിതമായ മരുന്നുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഉദാഹരണത്തിന്, ‘മൈക്കോഫിനോലേറ്റ്’ പോലുള്ള മരുന്നുകൾ ഗർഭധാരണത്തിന് മുൻപേ നിർത്തി പകരം സുരക്ഷിതമായവ ഉപയോഗിക്കണം
  • Anti-Ro/SSA, Anti-La/SSB എന്നീ ആന്റിബോഡികളുടെ അളവ് പരിശോധിക്കണം, കാരണം ഇവ കുഞ്ഞിന്റെ ഹൃദയമിടിപ്പിനെ ബാധിക്കാൻ സാധ്യതയുണ്ട്
  • ആൻറി കാർഡിയോലിപിൻ (Anti-cardiolipin) ആന്റിബോഡികൾ ഉള്ളവരിൽ ഗർഭം അലസാനോ ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനോ ഉള്ള സാധ്യതയുണ്ട്

കൃത്യമായ പരിചരണവും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണവുമുണ്ടെങ്കിൽ ഏകദേശം 80 ശതമാനം ലൂപ്പസ് രോഗികൾക്കും ഗർഭധാരണവും പ്രസവവും സങ്കീർണ്ണതകൾ ഇല്ലാതെ തന്നെ പൂർത്തിയാക്കാനാകുമെന്ന് ഡോ. വിഷാദ് വ്യക്തമാക്കുന്നു. 

ലൂപ്പസ് പാരമ്പര്യരോഗമാണോ?

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സമ്പർക്കത്തിലൂടെ പടരുന്ന രോഗമല്ലെങ്കിലും 

ജനിതക ഘടനയ്ക്ക് (Genetics) ഇതിൽ ഒരു പങ്കുണ്ട്. ലൂപ്പസ് രോഗബാധിതരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഈ രോഗം വരാനുള്ള സാധ്യത അല്പം കൂടുതലായി കണ്ടുവരാറുണ്ട്.

അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും ലൂപ്പസ് (SLE) ഉണ്ടെങ്കിൽ കുടുംബാംഗങ്ങൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ പരിശോധനകൾ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഡോ. വിഷാദ് വിശ്വനാഥ് നിർദ്ദേശിക്കുന്നു.

കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളുടെ പ്രാധാന്യം

കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക എന്നത് ലൂപ്പസ് ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. രോഗം പൂർണ്ണമായി നിയന്ത്രിച്ചു നിർത്താൻ ഇത് സഹായിക്കും.

വൃക്കകളുടെ ആരോഗ്യം, രക്തത്തിലെ മാറ്റങ്ങൾ, നിലവിലെ രോഗാവസ്ഥ, മരുന്നുകളുടെ പാർശ്വഫലങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി രോഗികൾക്ക് ഇടയ്ക്കിടെയുള്ള പരിശോധനകൾ (Follow-up) ആവശ്യമായി വന്നേക്കാം.

എന്തൊക്കെ പരിശോധനകളാണ് നടത്താറുള്ളത്?

സാധാരണയായി ശാരീരിക പരിശോധനകൾക്ക് പുറമെ രക്തപരിശോധന, മൂത്രപരിശോധന, ചിലപ്പോൾ കോംപ്ലിമെന്റ് ലെവൽ (Complement level) പരിശോധനകൾ എന്നിവ നടത്തുന്നു. രോഗത്തിന്റെ തീവ്രതയും അവസ്ഥയും അനുസരിച്ച് എത്ര ഇടവേളകളിൽ ഡോക്ടറെ കാണണം എന്നത് ഓരോ വ്യക്തിയുടെ കാര്യത്തിലും  വ്യത്യസ്തമായിരിക്കും.

വൈകാരിക പിന്തുണയും ജീവിതനിലവാരവും

പഠനം, ഔദ്യോഗിക ജീവിതം, കുടുംബം കെട്ടിപ്പടുക്കൽ തുടങ്ങി ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന യുവതയെയാണ്  ലൂപ്പസ് പ്രധാനമായും ബാധിക്കുന്നത്. അതിനാൽ തന്നെ ശാരീരിക ചികിത്സയോളം പ്രധാനമാണ് അവർക്ക് ലഭിക്കുന്ന വൈകാരികവും സാമൂഹികവുമായ പിന്തുണയും.

ലൂപ്പസിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അനാവശ്യ ഭീതിയെയും തെറ്റായ ധാരണകളെയും കുറിച്ച് ഡോക്ടർ അഭിമുഖത്തിൽ എടുത്തു പറയുന്നുണ്ട്. കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും മാനസിക പിന്തുണയും ലഭിക്കുന്നത് രോഗികൾക്ക് മരുന്നുകൾ കൃത്യമായി കഴിക്കാനും അവരുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കും.

ലൂപ്പസ് ബാധിച്ചു എന്നത് കൊണ്ട് ഒരു വ്യക്തിയും പഠനമോ ജോലിയോ കുടുംബപരമായ ഉത്തരവാദിത്തങ്ങളോ ഉപേക്ഷിക്കേണ്ടതില്ല. കൃത്യമായ ചികിത്സയും പോസിറ്റീവായ  ചിന്താഗതിയുമുണ്ടെങ്കിൽ, ലൂപ്പസ് ബാധിച്ചവർക്കും മറ്റാരെയും പോലെ തന്നെ സാധാരണമായ ഒരു ജീവിതം നയിക്കാൻ സാധിക്കും.

ഡോ. വിഷാദ് വിശ്വനാഥ് നൽകുന്ന സന്ദേശം

സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് (SLE) ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയാണെന്നത് സത്യം തന്നെയാണ്. എങ്കിലും, കൃത്യമായ ചികിത്സയിലൂടെയും കൃത്യസമയത്തുള്ള പരിശോധനകളിലൂടെയും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും ഇത് പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കും എന്നതുകൂടി മനസ്സിലുണ്ടാകണം. ചികിത്സയെ ഒരു ബുദ്ധിമുട്ടായി കാണുന്നതിന് പകരം, സാർത്ഥകവും ക്രിയാത്മകവുമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ഒരു സുരക്ഷാസംവിധാനമായി കണക്കാക്കുക. തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറുക. ലൂപ്പസ് ഉണ്ടെന്ന ചിന്തയിൽ പഠനവും ജോലിയും ആഗ്രഹങ്ങളും ഒന്നും മാറ്റിവെക്കേണ്ടതില്ല. ചികിത്സയോട് നൂറു ശതമാനം പ്രതിബദ്ധത പുലർത്തിക്കൊണ്ട് തന്നെ പോസിറ്റീവ് ആയി ജീവിതത്തെ സമീപിച്ചാൽ നിങ്ങളുടെ സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും എസ് എൽ ഇ വിലങ്ങുതടിയാകില്ല. 

Related News

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ആധുനിക ജീവിതരീതിയും രക്താതിമർദ്ദവും തമ്മിലുള്ള ശാസ്ത്രീയ ബന്ധം മനസ്സിലാക്കാം ബ്ളഡ് പ്രഷർ അഥവാ രക്തസമ്മർദ്ദത്തിലെ ഉയർച്ചതാഴ്ച്ചകൾക്ക് അടിസ്ഥാനമായ കാരണങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ജീവിതശൈലിയുടെ സ്വാധീനം. പനിയോ തലവേദനയോ...

മെയ്‌ 17, 2026 11:37 pm
രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

ലോകത്ത് സർവ്വസാധാരണമായി കണ്ടുവരുന്നതും എന്നാൽ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പർടെൻഷൻ (Hypertension) അഥവാ അമിത രക്തസമ്മർദ്ദം. പൊതുവെ ലക്ഷണങ്ങൾ പ്രകടമാക്കാതെ ആന്തരികതലത്തിൽ നിശബ്ദമായി...

മെയ്‌ 17, 2026 11:32 pm
അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

എവറസ്റ്റിനൊപ്പം ലോകമനസ്സ് കീഴടക്കിയ അരുണിമ സിൻഹ ജീവിതം ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറ്റിമറിക്കും. ഒരപ്രതീക്ഷിത നിമിഷത്തിൽ അത് സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതായനങ്ങൾ നമുക്കു...

മെയ്‌ 16, 2026 11:17 pm
ആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ശരിയായ ചികിൽസ നേടാം; ചെറുത്തു തോൽപ്പിക്കാം ശ്വാസകോശത്തിൻ്റെ ആരോഗ്യം സംബന്ധിച്ച അവബോധം വ്യാപിപ്പിക്കാൻ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച്ച ലോകം മുഴുവൻ ആസ്ത്മ ദിനമായി ആചരിച്ചു...

മെയ്‌ 5, 2026 11:33 pm
Top
Subscribe