കുട്ടികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാകണം

കുട്ടികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാകണം

സ്വാദുനിറച്ച് ശാസ്ത്രീയമായി എങ്ങനെ ലഞ്ച് ബോക്സ് ഒരുക്കാം   

വേനലവധിക്കാലത്ത് കളികളും യാത്രയുമൊക്കെയായി ആസ്വദിച്ചു നടന്ന ശേഷം സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ ദൈനംദിനരീതികളിൽ അപ്പാടെ മാറ്റം വരും. പ്ലേസ്കൂളിൽ പോകുന്ന കുഞ്ഞുകുട്ടികൾക്ക് മുതൽ കൗമാരക്കാരായ സ്കൂൾ കുട്ടികൾക്ക് വരെ ഉച്ചഭക്ഷണത്തിൽ നിന്നാണ് കളിക്കാനും പഠിക്കാനും വേണ്ട ഊർജം ലഭിക്കുന്നത്. വിശപ്പടക്കാനുള്ള ആഹാരമെന്നതിലപ്പുറം, ഉച്ചഭക്ഷണത്തിന് പ്രാധാന്യമുണ്ട് എന്നു പറയാനുള്ള കാരണവും അതുതന്നെ.

വിശപ്പും ക്ഷീണവുമില്ലാതെ ഉൻമേഷമുള്ള മനസ്സും ശരീരവുമുണ്ടെങ്കിലേ കുട്ടികൾക്ക് പഠിക്കാനും കളിക്കാനുമാകൂ. ദിവസം മുഴുവൻ നിലനിൽക്കുന്ന ഊർജ്ജവും പഠിപ്പിക്കുന്ന വിഷയങ്ങൾ മനസ്സിലാക്കാൻ വേണ്ടത്ര ഏകാഗ്രതയും  

സന്തോഷത്തോടെ ഇരിക്കാനുള്ള നല്ല മാനസികാവസ്ഥയും കുട്ടികൾക്ക് ആവശ്യമാണ്. അതിന്, അവർ കഴിക്കുന്ന ആഹാരം പോഷകസമൃദ്ധമായിരിക്കണം.  

എന്നാലിന്ന്, മിക്ക കുഞ്ഞുങ്ങളുടെയും ലഞ്ച് ബോക്സുകളിൽ അമിതമായി സംസ്കരിച്ച ലഘുഭക്ഷണങ്ങൾ (Processed snacks), മധുരപലഹാരങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ (മൈദ പോലെ ഗുണമില്ലാത്ത അന്നജം) എന്നിവയടങ്ങിയ ആഹാരമാണ് കാണാനാവുക. ഇത്തരം ആഹാരങ്ങൾ കഴിക്കുന്ന കുട്ടി പെട്ടെന്ന് തളർന്നുപോകുന്നു, ശ്രദ്ധ കുറയുന്നു, കൂടാതെ അനാരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് അവർ വഴുതിവീഴുകയും ചെയ്യുന്നു.

ഇവിടെയാണ് ഉച്ചഭക്ഷണത്തിലെ ശാസ്ത്രീയത (Lunchbox Science) പ്രസക്തമാകുന്നത്. സ്കൂൾ സമയങ്ങളിൽ ഒരു കുട്ടിയുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയാണിത്.

പോഷകസമ്പുഷ്ടമായ ഉച്ചഭക്ഷണം പ്രധാനമാകാൻ കാരണം?

കുട്ടികൾ താഴെ പറയുന്ന പ്രധാനപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്:

  • വേഗത്തിലുള്ള ശാരീരിക വളർച്ച
  • മസ്തിഷ്ക വികാസം
  • പുതിയ കാര്യങ്ങൾ പഠിക്കാനും ഓർമ്മിച്ചുവെക്കാനുമുള്ള കഴിവ്

ഉച്ചഭക്ഷണം ശരിയായ രീതിയിലല്ലെങ്കിൽ അത് കുട്ടികളിൽ താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം:

  • ശാരീരിക തളർച്ചയും മടുപ്പും
  • ശ്രദ്ധക്കുറവ്
  • പെട്ടെന്നുള്ള ദേഷ്യവും സ്വഭാവത്തിലെ മാറ്റങ്ങളും
  • രക്തക്കുറവ് (Iron Deficiency Anemia) പോലുള്ള പോഷകാഹാര കുറവുകൾ

👉 ചുരുക്കത്തിൽ, കൃത്യമായ പ്ലാനിംഗോട് കൂടി തയ്യാറാക്കുന്ന ഉച്ചഭക്ഷണം കുട്ടികളുടെ ആരോഗ്യം മാത്രമല്ല, അവരുടെ പഠനനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ആരോഗ്യകരമായ ഉച്ചഭക്ഷണത്തിന്റെ ശാസ്ത്രം

സന്തുലിതമായ ഒരു ലഞ്ച് ബോക്സിൽ താഴെ പറയുന്ന നാല് പ്രധാന ഘടകങ്ങൾ ഉണ്ടായിരിക്കണം:

1. കോംപ്ലെക്സ് കാർബോഹൈഡ്രേറ്റുകൾ – ഊർജ്ജത്തിന്റെ ഉറവിടം

കുട്ടികൾക്ക് ദിവസം മുഴുവൻ സജീവമായിരിക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്നത് കാർബോഹൈഡ്രേറ്റുകളാണ് (അന്നജം).

ഉൾപ്പെടുത്താവുന്നവ:

  • ചപ്പാത്തി
  • തവിട് കളയാത്ത അരി (ബ്രൗൺ റൈസ്/മട്ട അരി)
  • ഇഡ്ഡലി / ദോശ
  • പച്ചക്കറികൾ ചേർത്ത ഉപ്പുമാവ്
  • ചെറുധാന്യങ്ങൾ (റാഗി, തിന തുടങ്ങിയവ)

👉 ശ്രദ്ധിക്കുക: വൈറ്റ് ബ്രെഡ്, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ പോലെയുള്ള ശുദ്ധീകരിച്ച അന്നജം ഒഴിവാക്കുക.

2. പ്രോട്ടീൻ – വളർച്ചയ്ക്കും ഏകാഗ്രതയ്ക്കും

പേശികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് പ്രോട്ടീൻ. മാത്രമല്ല, കുട്ടികൾക്ക് വേഗത്തിൽ വിശക്കാതിരിക്കാനും ഇതു സഹായിക്കും.

സസ്യാഹാരം:

  • പരിപ്പ് വർഗ്ഗങ്ങൾ
  • കടല, ചെറുപയർ
  • പനീർ
  • മുളപ്പിച്ച ധാന്യങ്ങൾ

മാംസാഹാരം:

  • മുട്ട
  • ചിക്കൻ
  • മീൻ

👉 പ്രയോജനങ്ങൾ: പ്രോട്ടീൻ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ഉച്ചകഴിഞ്ഞുള്ള ക്ഷീണം ഒഴിവാക്കുകയും ചെയ്യുന്നു.

3. പച്ചക്കറികൾ – പ്രതിരോധശേഷിക്കും പോഷകങ്ങൾക്കും

ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പച്ചക്കറികളിൽ നിന്നാണ് ലഭിക്കുന്നത്.

ആഹാരത്തിൽ ചേർക്കാവുന്നവ:

  • കാരറ്റ് കഷ്ണങ്ങൾ
  • ബീറ്റ്റൂട്ട് തോരൻ
  • മിക്സ്ഡ് വെജിറ്റബിൾ കറി

👉 ഓർക്കുക: കുട്ടികളുടെ ലഞ്ച് ബോക്സ് നിറപ്പകിട്ടാർന്നതാക്കുക. കുഞ്ഞുങ്ങൾക്ക് അതാകർഷകമായി തോന്നും എന്നതിലുപരിയായി,  നിറങ്ങളിൽ വൈവിദ്ധ്യമേറുന്തോറും പോഷകങ്ങളും വർദ്ധിക്കും. 

4. പഴവർഗ്ഗങ്ങൾ – പ്രകൃതിദത്തമായ ഊർജ്ജം

പഴങ്ങൾ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു.

ഉൾപ്പെടുത്താവുന്നവ:

  • പഴം (ഏത്തപ്പഴം, ഞാലിപ്പൂവൻ തുടങ്ങിയവ)
  • ആപ്പിൾ
  • പപ്പായ
  • പേരയ്ക്ക

👉 ശ്രദ്ധിക്കുക: ഫ്രൂട്ട് ജ്യൂസുകൾ ഒഴിവാക്കുന്നതാണ് നല്ലത്—പഴങ്ങൾ മുഴുവനായി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

5. ആരോഗ്യകരമായ കൊഴുപ്പുകൾ – ബുദ്ധിശക്തിക്ക്

മസ്തിഷ്ക വികാസത്തിന് നല്ല കൊഴുപ്പുകൾ അത്യാവശ്യമാണ്.

ഉൾപ്പെടുത്താവുന്നവ:

  • അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ (ബദാം, നിലക്കടല, കഴുവണ്ടിപ്പരിപ്പ്)
  • വിത്തുകൾ (Seeds)
  • നാളികേരക്കഷ്ണങ്ങൾ

👉 ചെറിയ അളവിൽ നൽകുന്നത് പോലും കുട്ടികൾക്ക് വലിയ ഗുണം ചെയ്യും.

സമ്പൂർണ്ണ ലഞ്ച് ബോക്സ് ഒരുക്കാനുള്ള എഴുപ്പവഴി

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പാത്രം നിറയ്ക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ഓർത്തുവെച്ചാൽ, ലഞ്ച് ബോക്സ് സമ്പൂർണ്ണമാണെന്നുറപ്പാക്കാനാകും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനിപ്പറയുന്നു:

👉 1 ധാന്യം + 1 പ്രോട്ടീൻ + 1 പച്ചക്കറി + 1 പഴം + ആരോഗ്യകരമായ കൊഴുപ്പ്

ഈ മാതൃകകൾ പരീക്ഷിക്കാം

വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവർക്ക്:

  • ചപ്പാത്തി + പരിപ്പ് കറി + കാരറ്റ് തോരൻ
  • ഒരു പഴം
  • അല്പം നിലക്കടല

മാംസാഹാരം ഉൾപ്പെടുന്ന (Mixed Diet) ഭക്ഷണക്രമം:

  • വെജിറ്റബിൾ റൈസ് + പുഴുങ്ങിയ മുട്ട
  • വെള്ളരിക്ക കഷ്ണങ്ങൾ (Cucumber)
  • ആപ്പിൾ

തിരക്കുള്ള ദിവസങ്ങളിൽ തയ്യാറാക്കാവുന്നവ:

  • ഇഡ്ഡലി + സാമ്പാർ
  • ഏതെങ്കിലും ഒരു പഴം
  • കുറച്ച് നട്സ്

ഇവ വളരെ ലളിതവും നമ്മുടെ നാടിന് അനുയോജ്യവും കുട്ടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയതുമാണ്.

ലഞ്ച് ബോക്സ് തയ്യാറാക്കുമ്പോൾ സംഭവിക്കുന്ന സാധാരണ പിഴവുകൾ

ചെറിയ അശ്രദ്ധ മൂലം,നമ്മൾ അറിയാതെ തന്നെ ചില അബദ്ധങ്ങൾ വരാം. ഉദാഹരണത്തിന്,

❌ അന്നജം മാത്രം നൽകുക: വെറും ചോറോ ചപ്പാത്തിയോ മാത്രം നൽകുന്നത് (കറികൾ ഇല്ലാതെ)

❌ പാക്കറ്റ് ഭക്ഷണങ്ങൾ: എല്ലാദിവസവും പാക്കറ്റിൽ കിട്ടുന്ന സ്നാക്കുകൾ നൽകുന്നത്

❌ പച്ചക്കറികളും പഴങ്ങളും ഒഴിവാക്കുന്നത്

❌ മധുരപാനീയങ്ങൾ നൽകുന്നത്: കോളകളോ കൃത്രിമ മധുരമുള്ള ജ്യൂസുകളോ നൽകുന്നത്

👉 ഇത്തരം ശീലങ്ങൾ കുട്ടികളിൽ പോഷകാഹാരക്കുറവിനും പിൽക്കാലത്ത് മോശം ഭക്ഷണരീതികളോട് താൽപ്പര്യം തോന്നുന്നതിനും കാരണമാകും.

ആരോഗ്യകരമായ ഭക്ഷണം എങ്ങനെ ആകർഷകമാക്കാം?

പലപ്പോഴും കുട്ടികൾ ആരോഗ്യകരമായ ഭക്ഷണം വേണ്ടെന്ന് വെയ്ക്കുന്നത് അതിന്റെ രുചി പിടിക്കാത്തതുകൊണ്ടല്ല, മറിച്ച് അത് കാണാനുള്ള ഭംഗിക്കുറവ് കൊണ്ടാണ്.

ചില പൊടിക്കൈകൾ ഇതാ:

  • പ്രകൃതിദത്തമായ നിറങ്ങളുള്ള ചേരുവകൾ ഉൾപ്പെടുത്തുക.
  • സർഗ്ഗാത്മകതയാകാം: പഴങ്ങളും മറ്റും പല ആകൃതികളിൽ മുറിച്ചു നൽകുക (പൂക്കൾ, മൃഗങ്ങൾ, നക്ഷത്രം തുടങ്ങിയ ഡിസൈനുകൾ)
  • കുട്ടികളെയും പങ്കാളികളാക്കുക: ഭക്ഷണം പ്ലാൻ ചെയ്യുമ്പോൾ കുട്ടികളുടെ അഭിപ്രായം കൂടി ചോദിക്കുക
  • വിഭവങ്ങൾ മാറ്റിക്കൊണ്ടിരിക്കുക: ഒരേ ഭക്ഷണം തന്നെ എന്നും നൽകാതെ ഇടയ്ക്ക് മാറ്റങ്ങൾ വരുത്തുക.

👉 ലഞ്ച് ബോക്സിലെ ആഹാരം  ആകർഷകമാണെങ്കിൽ കുട്ടികൾ അത് ആസ്വദിച്ചു കഴിക്കാനുള്ള സാധ്യത കൂടുതലാണ്.

വെള്ളം സുപ്രധാനം

ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതും.

മികച്ച പാനീയങ്ങൾ:

  • പച്ചവെള്ളം
  • മോരുംവെള്ളം
  • കരിക്കിൻ വെള്ളം

👉 മധുരമുള്ള പാനീയങ്ങളും സോഡകളും പൂർണ്ണമായും ഒഴിവാക്കുക.

ഡോക്ടറുടെ അഭിപ്രായം (നെല്ലിക്ക.ലൈഫ് കാഴ്ച്ചപ്പാട്)

വേണ്ടത്ര ഊർജം ലഭിക്കാതെ പെട്ടെന്നു തളർന്നുപോകുക,

രോഗപ്രതിരോധ ശേഷിക്കുറവ്, പോഷകാഹാരക്കുറവ് എന്നിവയാണ്

ഇന്നത്തെ ഒട്ടുമിക്ക കുട്ടികളും നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്ന് ഡോക്ടർ അഭിപ്രായപ്പെടുന്നു. സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗവും സന്തുലിതമല്ലാത്ത ഭക്ഷണരീതിയുമാണ് ഈ പ്രശ്നങ്ങളുടെ പ്രധാന കാരണം.

ഡോക്ടർമാർ നിർദ്ദേശിക്കുന്നത്:

👉 പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണങ്ങളേക്കാൾ (Convenience foods), വീട്ടിൽ ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിന് മുൻഗണന നൽകുക.

ദിവസേനയുള്ള ലഞ്ച് ബോക്സ് ചെക്ക്‌ലിസ്റ്റ്

ഓരോ ദിവസവും ലഞ്ച് ബോക്സിൽ ഭക്ഷണം നിറയ്ക്കുമ്പോൾ താഴെ പറയുന്നവ ഉണ്ടെന്ന് ഉറപ്പുവരുത്താം:

✔ ഒരു ധാന്യം (അരി, ഗോതമ്പ്, അല്ലെങ്കിൽ റാഗി)

✔ ഒരു പ്രോട്ടീൻ (പരിപ്പ്, മുട്ട, പയർ വർഗ്ഗങ്ങൾ, അല്ലെങ്കിൽ മാംസം)

✔ ഒരു പച്ചക്കറി (തോരനായോ കറിയായോ)

✔ ഒരു പഴം

✔ കുറച്ച് അണ്ടിപ്പരിപ്പ് അല്ലെങ്കിൽ നല്ല കൊഴുപ്പുകൾ അടങ്ങിയ ബദാം, കടല, തേങ്ങ

കുട്ടിക്കാലത്തുതന്നെ പോഷകപ്രദമായ ആഹാരരീതി സ്വായത്തമാക്കിയാൽ ഭാവിയിലും അതേറെ ഗുണം ചെയ്യും. കുഞ്ഞുങ്ങൾക്ക് നല്ല ആഹാരം നൽകാം. അവരുടെ വളർച്ചയും ഭാവിയും ആരോഗ്യകരമാക്കാം.  

Related News

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആയുർവേദത്തിൽ ആരോഗ്യത്തിൻ്റെ അമൃതായി വിശേേഷിപ്പിക്കപ്പെടുന്ന അത്ഭുതഫലമാണ് നെല്ലിക്ക. പുരാതനകാലം മുതൽക്കേ പലതരത്തിൽ ആഹാരത്തിലും ഔഷധങ്ങളിലും നെല്ലിക്ക ഉപയോഗിച്ചു പോരുന്നുണ്ട്. ക്ഷീണമകറ്റാനും പ്രതിരോധശേഷി കൂട്ടാനുമുള്ള എളുപ്പവഴിയാണ് ഈ സൂപ്പർഫുഡ്....

ഏപ്രിൽ 20, 2026 11:26 pm
കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, കൂടാതെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചും ഡോ. മുരളി അപ്പുക്കുട്ടൻ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജൻ) നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു.

ഏപ്രിൽ 19, 2026 9:52 pm
ഇന്ന് ലോക ഹീമോഫീലിയ ദിനം

ഇന്ന് ലോക ഹീമോഫീലിയ ദിനം

നേരത്തെ തിരിച്ചറിയാം സങ്കീർണ്ണതകൾ ഒഴിവാക്കാം നമ്മൾ പലപ്പോഴും ശരീരം നൽകുന്ന രോഗസൂചനകളെ കാര്യമാക്കാറില്ല. ചെറിയ ജലദോഷം മുതൽ അർബുദം വരെയുള്ള അസുഖങ്ങളുടെ കാര്യം നോക്കിയാൽ ഇത് വാസ്തവമാണെന്നു...

ഏപ്രിൽ 17, 2026 12:00 pm
ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

വിചിത്രമെന്ന് തോന്നുമെങ്കിലും ഇവ തമ്മിൽ ബന്ധമുണ്ട് എന്നതാണ് സത്യം. നമ്മുടെ ജീവിതപരിസരങ്ങളിൽ സ്ഥിരം കാണുന്ന ഒരു കാഴ്ച്ചയിൽ നിന്ന് തന്നെ തുടങ്ങാം. നിങ്ങൾ ഒരു ദിവസം രാത്രി...

ഏപ്രിൽ 13, 2026 9:56 pm
Top
Subscribe