ആഹാരം ഔഷധമാകുമ്പോൾ 

ആഹാരം ഔഷധമാകുമ്പോൾ 

ശരിയായ ഭക്ഷണ രീതിയിലൂടെ രോഗങ്ങളെ എങ്ങനെ അകറ്റി നിർത്താം

ടൈപ്പ് ടു പ്രമേഹം, അമിത രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങൾ ഭയാനകമാംവിധം ലോകമാകെ, ഇന്ത്യയിൽ പ്രത്യേകിച്ചും,വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പാരമ്പര്യമായി വരുന്നതാണെന്നോ അല്ലെങ്കിൽ ഒരു പ്രായം കഴിയുമ്പോൾ സ്വാഭാവികമായും ബാധിക്കുന്ന രോഗങ്ങളാണെന്നോ ഉള്ള ന്യായീകരണങ്ങൾ നിരത്തി ഇതിനെ ലഘൂകരിച്ച് കാണുകയാണ് സാധാരണയായി നമ്മൾ ചെയ്തുവരാറുള്ളത്. എന്നാൽ രോഗങ്ങളെല്ലാം നമ്മുടെ ജീവിതശൈലിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

അതിന് മുഖ്യ കാരണമാകുന്നതോ നമ്മുടെ ഭക്ഷണരീതിയും.

ആഹാരം തന്നെ ഔഷധം എന്ന ആശയം അത്ര പുതിയതൊന്നുമല്ല. നമ്മുടെ പുരാതനചികിത്സാ രീതിയായ ആയുർവേദത്തിൻറെ അടിസ്ഥാന തത്വം തന്നെ ഇതാണ്.ശരിയായ ഭക്ഷണരീതി നമ്മുടെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയെയും കരുത്തോടെ നിലനിർത്താൻ സഹായിക്കുന്നു എന്ന് ആയുർവേദം അടിവരയിട്ടു പറയുന്നു. നമ്മുടെ പൂർവികർ നൂറ്റാണ്ടുകൾക്ക് മുമ്പേ കണ്ടെത്തിയ ഈ വലിയ യാഥാർത്ഥ്യം ആധുനിക വൈദ്യശാസ്ത്രം ലോകത്തിനു മുമ്പിൽ പുനരാവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്

ആരോഗ്യം നശിപ്പിക്കുന്ന ജീവിതശൈലീരോഗങ്ങൾ

ജീവിതശൈലിയിലെ അശ്രദ്ധ മൂലമുണ്ടാകുന്ന രോഗങ്ങൾ പെട്ടെന്നൊരുനാൾ പ്രത്യക്ഷപ്പെടുന്നവയല്ല.  മാസങ്ങളോളം തുടരുന്ന മോശം ശീലങ്ങളുടെ ആകെത്തുകയാണവ. 

ആരോഗ്യത്തെ ഹനിക്കുന്ന തരം ഭക്ഷണരീതി, വ്യായാമമില്ലായ്മ, മാനസിക സമ്മർദ്ദം, ഉറക്ക പ്രശ്നങ്ങൾ, ഇതൊക്കെയാണ് ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണക്കാർ. കൂടുതൽ ഗുരുതരമായി ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത് വരെ ജീവിതശൈലി സമ്മാനിക്കുന്ന രോഗങ്ങളെ നമുക്കു തിരിച്ചറിയാനാകില്ല എന്നതുകൊണ്ടാണ് ഇതിനെ നിശബ്ദ മഹാമാരി എന്ന് വിശേഷിപ്പിക്കുന്നത്.

തെറ്റായ ഭക്ഷണക്രമത്തിലൂടെ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങൾ താഴെ പറയുന്ന രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു:

  • ടൈപ്പ് ടു പ്രമേഹം
  • രക്തസമ്മർദ്ദം
  • ഹൃദയസംബന്ധമായ രോഗങ്ങൾ
  • ഫാറ്റി ലിവർ
  • അമിതവണ്ണം

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത നീർക്കെട്ടും ദഹനപ്രക്രിയയിലെ അപാകതകളുമാണ് ഇതിൻ്റെ മൂലകാരണം.

നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നീർക്കെട്േ്ടിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകുന്നത്. ഭക്ഷണം ഔഷധമാകേണ്ടതിന്റെ പ്രസക്തി നമ്മൾ തിരിച്ചറിയേണ്ടത് ഏറെ അനിവാര്യമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ആഹാരം ഔഷധമാണെന്ന് പറയുമ്പോൾ, നിലവിലെ ചികിത്സകൾ പൂർണ്ണമായും ഒഴിവാക്കി ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നല്ല അർത്ഥമാക്കുന്നത്, രോഗപ്രതിരോധത്തിനായുള്ള ശക്തമായ ആയുധം എന്നപോലെ ഭക്ഷണത്തെ ഉപയോഗിക്കുക എന്നതാണ് ഇതിൽ നിന്നു നമ്മൾ മനസ്സിലാക്കേണ്ട വസ്തുത. പ്രാരംഭഘട്ടത്തിലുള്ള പല രോഗങ്ങളെയും ഭേദമാക്കാൻ ശരിയായ ഭക്ഷണ ക്രമത്തിന് സാധിക്കും.

ഓരോ നേരവും നാം കഴിക്കുന്ന ഭക്ഷണം, ശരീരത്തിൽ സൃഷ്ടിക്കുന്ന നല്ലതും ചീത്തയുമായ പ്രതികരണങ്ങളിലൂടെ കണ്ണോടിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും.

ശരിയായ ഭക്ഷണ രീതി

  • ശരീരത്തിലെ നീർക്കെട്ടും വീക്കവും കുറയ്ക്കുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നു
  • ഉപാപചയ പ്രവർത്തനങ്ങൾ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
  • രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു

തെറ്റായ ഭക്ഷണ രീതി

  • ഇൻസുലിൻ ഹോർമോൺ കൂടുന്നു
  • കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നു
  • ശരീരത്തിൽ നീർക്കെട്ട് വ്യാപിക്കുന്നു

നല്ല ഭക്ഷണ രീതിക്ക്  പിന്നിലെ ശാസ്ത്രം

1. വീക്കം കുറയ്ക്കുന്ന ഭക്ഷണങ്ങൾ (Anti-Inflammatory Foods)

ശരീരത്തിനകത്തുണ്ടാകുന്ന വിട്ടുമാറാത്ത നീർക്കെട്ടാണ് (Chronic Inflammation) ഒട്ടുമിക്ക ജീവിതശൈലീ രോഗങ്ങളുടെയും അടിസ്ഥാന കാരണം.

വീക്കത്തെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ:

  • ഇലക്കറികൾ: ചീര, മുരിങ്ങയില തുടങ്ങിയവ.
  • മഞ്ഞൾ: ഇതിലെ ‘കുർകുമിൻ’ എന്ന ഘടകം മികച്ച ഔഷധമാണ്
  • ഇഞ്ചി: ദഹനത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു
  • ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പഴങ്ങൾ: ബെറികൾ, മാതളനാരങ്ങ തുടങ്ങിയവ

ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും കോശങ്ങൾ നശിക്കുന്നത് തടയുകയും ചെയ്യുന്നു.

2. ലോ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണങ്ങൾ

രക്തത്തിലേക്ക് സാവധാനം മാത്രം ഗ്ലൂക്കോസ് കടത്തിവിടുന്ന ഭക്ഷണങ്ങളാണ് ലോ ഗ്ലൈസെമിക് ഇൻഡെക്സ് (Low GI) വിഭാഗത്തിൽ പെടുന്നത്. ഇവ ഇൻസുലിൻ പെട്ടെന്ന് കൂടുന്നത് (Insulin spikes) തടയുന്നു.

ഇത്തരം ആഹാരപദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങൾ:

  • ചെറുധാന്യങ്ങൾ (Millets): റാഗി, തിന തുടങ്ങിയവ
  • തവിട് കളയാത്ത അരി (Brown rice)
  • മുഴുധാന്യങ്ങൾ
  • പയർവർഗ്ഗങ്ങൾ

ടൈപ്പ്-2 പ്രമേഹം തടയാനും നിയന്ത്രിക്കാനും ഇത്തരം ഭക്ഷണങ്ങൾ അത്യാവശ്യമാണ്.

3. ഹൃദയാരോഗ്യത്തിന് നല്ല കൊഴുപ്പുകൾ

എല്ലാ കൊഴുപ്പുകളും ശരീരത്തിന് ദോഷകരമല്ല. ഹൃദയത്തെ സംരക്ഷിക്കുന്ന ‘നല്ല കൊഴുപ്പുകൾ’ (Good Fats) ആഹാരത്തിൽ ഉൾപ്പെടുത്താം.

ഉൾപ്പെടുത്തേണ്ടവ:

  • തേങ്ങ: മിതമായ അളവിൽ ഉപയോഗിക്കുന്നത് ഗുണകരമാണ്
  • നട്സ്, വിത്തുകൾ: അണ്ടിപ്പരിപ്പ്, ബദാം, മത്തങ്ങ വിത്തുകൾ തുടങ്ങിയവ
  • കോൾഡ് പ്രസ്ഡ് ഓയിലുകൾ (Cold-pressed oils): രാസപ്രക്രിയകൾ ഇല്ലാതെ വേർതിരിച്ചെടുക്കുന്ന വെളിച്ചെണ്ണ പോലെയുള്ള എണ്ണകൾ

ഇവ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4. വയറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങൾ (Gut-Friendly Foods)

ആരോഗ്യമുള്ള ദഹനവ്യവസ്ഥ, നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെയും രോഗപ്രതിരോധ ശേഷിയെയും മെച്ചപ്പെടുത്തും.

അതിനായി നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ:

  • തൈര്
  • മോര്
  • പുളിപ്പിച്ച ഭക്ഷണങ്ങൾ: ഇഡ്ഡലി, ദോശ തുടങ്ങിയവ.

കേരളം മാതൃകയാകണം 

പാരമ്പര്യ അറിവുകളെ മുറുകെപ്പിടിക്കുന്ന കേരളീയ ഭക്ഷണരീതി, ശരിയായ രീതിയിൽ പിന്തുടരുന്ന പക്ഷം, അത് ഭക്ഷണം തന്നെ ഔഷധം എന്ന ആശയത്തിന് മികച്ച ഉദാഹരണമാകും.

നമ്മുടെ ഭക്ഷണത്തെ ഇത്രത്തോളം കരുത്തുറ്റതാക്കുന്നതെന്ത്?

  • പ്രകൃതിദത്തമായ ചേരുവകൾ: അതതു കാലങ്ങളിൽ ലഭിക്കുന്ന ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും
  1. തേങ്ങയുടെ ഗുണം: സംസ്‌കരിച്ച എണ്ണകൾക്ക് പകരം തേങ്ങ അതിന്റെ സ്വാഭാവിക രൂപത്തിൽ തന്നെ (ചിരവിയതും പാൽ എടുത്തതും) നാം ചേർക്കുന്നു
  • പുളിപ്പിച്ച വിഭവങ്ങൾ: ദഹനത്തിന് സഹായിക്കുന്ന പുളിപ്പിച്ച ആഹാരപദാർത്ഥങ്ങളുടെ ഉപയോഗം
  • മസാലക്കൂട്ടുകൾ: മഞ്ഞൾ, ജീരകം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കൃത്യമായ അളവിലുള്ള ഉപയോഗം.

ആരോഗ്യമേകും വിഭവങ്ങൾ

  • കഞ്ഞി: കുടലിന്റെ ആരോഗ്യത്തിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാനും ഉത്തമമാണ്.
  • തോരൻ: ശരീരത്തിന് ആവശ്യമായ നാരുകൾ (Fiber) പച്ചക്കറികളിലൂടെ ഇതിൽ നിന്നും ലഭിക്കുന്നു.
  • സാമ്പാർ: പരിപ്പും പച്ചക്കറികളും ചേരുന്നത് വഴി പ്രോട്ടീനും വിറ്റാമിനുകളും ഒരുപോലെ ശരീരത്തിലെത്തുന്നു.

ആധുനികത നൽകുന്ന പ്രശ്നങ്ങൾ

നമ്മുടെ പാരമ്പര്യ ഭക്ഷണരീതി, തികച്ചും ആരോഗ്്യപ്രദവും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമായിരുന്നു. എന്നാൽ,അതിൽ നിന്ന് മാറി നാം സംസ്‌കരിച്ച ഭക്ഷണങ്ങളിലേക്കും (Processed foods) ഫാസ്റ്റ് ഫുഡിലേക്കും പോകുന്നതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം.

ആധുനിക ഭക്ഷണരീതിയിലെ കെണികൾ: നമുക്ക് തെറ്റുന്നതെവിടെ?

ആവശ്യത്തിന് പോഷകാഹാരങ്ങൾ ലഭ്യമാണെങ്കിൽ പോലും, നമ്മുടെ മാറിയ ജീവിതശൈലി കാരണം പല ആരോഗ്യപ്രശ്നങ്ങളും ചികിൽസ തേടാതെ വച്ചുതാമസിപ്പിക്കുന്നു. 

നമ്മുടെ ആരോഗ്യം നഷ്ടമാക്കുന്ന പ്രധാനപ്പെട്ട ചില ഘടകങ്ങൾ :

  • അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം (Ultra-processed foods)
  • പഞ്ചസാരയുടെയും റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളുടെയും (മൈദ പോലുള്ളവ) അമിത ഉപയോഗം
  • അമിതമായി ഭക്ഷണം കഴിക്കുന്നതും രാത്രി വൈകിയുള്ള ഭക്ഷണരീതിയും
  • ശാരീരിക അധ്വാനമില്ലാത്ത ജീവിതശൈലി

നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ പരോക്ഷമായ അപകടങ്ങൾ

നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില കാര്യങ്ങൾ:

  • മധുരപാനീയങ്ങൾ: സോഡകൾ, കുപ്പിയിലാക്കിയ ജ്യൂസുകൾ തുടങ്ങിയവ
  • പാക്കറ്റ് ഭക്ഷണങ്ങൾ: ദീർഘകാലം കേടാകാതിരിക്കാൻ പ്രിസർവേറ്റീവ്സ് ചേർത്ത ലഘുഭക്ഷണങ്ങൾ
  • ഫാസ്റ്റ് ഫുഡ്: അമിതമായി ഉപ്പും കൊഴുപ്പും അടങ്ങിയവ
  • കൃത്രിമ ചേരുവകൾ: രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന രാസപദാർത്ഥങ്ങൾ.

ഇവ നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ ഉപാപചയ പ്രവർത്തനങ്ങളെ (Metabolism) തകിടം മറിക്കുകയും രോഗങ്ങൾ വളരെ വേഗത്തിൽ വർദ്ധിക്കാൻ കാരണമാവുകയും ചെയ്യുന്നു.

ഭക്ഷണപാത്രത്തെ മരുന്നാക്കി മാറ്റാൻ പ്രയോഗികമായി ചെയ്യാവുന്നത്

നമ്മുടെ നിത്യജീവിതത്തിൽ വരുത്തുന്ന ലളിതമായ  മാറ്റങ്ങൾ ആരോഗ്യത്തിൽ പ്രതിഫലിക്കും:

1. പകുതി പ്ലേറ്റ് തത്വം പിന്തുടരാം

ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിന്റെ പകുതി ഭാഗവും പച്ചക്കറികൾ കൊണ്ട് നിറയ്ക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് ആവശ്യമായ നാരുകളും വിറ്റാമിനുകളും ഉറപ്പാക്കുന്നു.

2. സംസ്കരിച്ചവ വേണ്ട

ഭക്ഷണത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ പരീക്ഷിക്കൂ:

  • വെളുത്ത അരിക്ക് പകരം: തവിടുള്ള അരി (Brown rice) അല്ലെങ്കിൽ ചെറുധാന്യങ്ങൾ (Millets) ഉപയോഗിക്കാം
  • മൈദയ്ക്ക് പകരം: മുഴുധാന്യങ്ങൾ (Whole grains – ഗോതമ്പ് പോലുള്ളവ) ശീലമാക്കാം

3. പോഷകങ്ങളുടെ സന്തുലിതമാക്കാം

ഓരോ നേരത്തെ ഭക്ഷണത്തിലും ഇവ മൂന്നും കൃത്യമായ അളവിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക:

  • കാർബോഹൈഡ്രേറ്റ്: തവിടുകളയാത്ത ധാന്യങ്ങൾ.
  • പ്രോട്ടീൻ: പരിപ്പ് വർഗ്ഗങ്ങൾ, പയറുകൾ, മത്സ്യം തുടങ്ങിയവ.
  • നല്ല കൊഴുപ്പുകൾ: മിതമായ അളവിൽ തേങ്ങയോ മറ്റ് നല്ല എണ്ണകളോ.

4. മനോനിറവോടെ കഴിക്കാം 

  • ഭക്ഷണം കഴിക്കുമ്പോൾ ഫോണോ ടിവിയോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.
  • വിശപ്പുണ്ടെങ്കിൽ മാത്രം കഴിക്കുക, വയർ നിറഞ്ഞു എന്ന് തോന്നുമ്പോൾ നിർത്തുക.

5. ധാരാളം വെള്ളം കുടിക്കുക

ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും (Detoxification) ദഹനം സുഗമമാക്കാനും മതിയായ അളവിൽ വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഡോക്ടറുടെ അഭിപ്രായം (നെല്ലിക്ക.ലൈഫ് കാഴ്ചപ്പാട്)

വൈദ്യശാസ്ത്രപരമായ വീക്ഷണകോണിൽ, ജീവിതശൈലീ രോഗങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയുന്നവയാണ്. കൃത്യമായ പോഷകാഹാരം അടങ്ങിയ ഭക്ഷണക്രമം താഴെ പറയുന്ന ഗുണങ്ങൾ നൽകുന്നു:

  • ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: ഇത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു.
  • രക്തസമ്മർദ്ദം കുറയ്ക്കുന്നു.
  • കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.
  • ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

വിട്ടുമാറാത്ത രോഗങ്ങളെ ചികിത്സിക്കുമ്പോൾ, മരുന്നുകൾക്കൊപ്പം തന്നെ ഭക്ഷണക്രമത്തിനും (Nutrition) പ്രാധാന്യം നൽകണമെന്ന് ഡോക്ടർമാർ പ്രത്യേകം ഊന്നിപ്പറയുന്നു.

ഭക്ഷണം മരുന്നാണെന്ന് കരുതി, ആവശ്യമുള്ള ഘട്ടങ്ങളിൽ ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സകൾ ഒഴിവാക്കരുത്. മറിച്ച്, ചികിത്സയ്ക്കൊപ്പം മികച്ചൊരു ഭക്ഷണരീതി കൂടി പിന്തുടരുന്നത് രോഗമുക്തി വേഗത്തിലാക്കും.

രോഗം വന്നതിനു ശേഷമല്ല, മുൻപേ ശ്രദ്ധിക്കാം

രോഗിയായതിന് ശേഷം മാത്രമാണ് ഭൂരിഭാഗം ആളുകളും ഭക്ഷണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങുന്നത്. എന്നാൽ ഭക്ഷണത്തിന്റെ യഥാർത്ഥ ശക്തി അത് രോഗങ്ങളെ പ്രതിരോധിക്കുന്നു എന്നതിലാണ്.

പഞ്ചസാര കുറയ്ക്കുക, നാരുകളുള്ള ഭക്ഷണം കൂടുതൽ കഴിക്കുക, ഫ്രഷ് ആയ വിഭവങ്ങൾ ശീലമാക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും.

ആരോഗ്യം നിലനിർത്താൻ വിലകൂടിയ സപ്ലിമെന്റുകളോ കഠിനമായ ഡയറ്റുകളോ വേണമെന്നില്ല. സുഖപ്പെടുത്താനുള്ള ഏറ്റവും ശക്തമായ ഘടകങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ സുലഭമായുണ്ട്. ഓരോ നേരത്തെ ഭക്ഷണവും ശരീര പോഷണം,ആരോഗ്യ സംരക്ഷണം, രോഗപ്രതിരോധം എന്നീ കാര്യങ്ങൾ പ്രദാനം ചെയ്യുന്നവയായി മാറ്റിയെടുക്കാനാകും.

ഭക്ഷണം എന്നത് വെറും വയറു നിറയ്ക്കാനുള്ള ഉപാധി മാത്രമല്ല, അത് നമ്മുടെ ശരീരത്തെ ശരീരമായിത്തന്നെ നിലനിർത്താനുള്ള  ഇന്ധനമാണ്.

അതിനാൽ കഴിക്കുന്ന ഓരോ ഉരുളയും കൃത്യമായ അറിവോടെയും ശ്രദ്ധയോടെയും തെരഞ്ഞെടുക്കാം.

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe