ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

വിചിത്രമെന്ന് തോന്നുമെങ്കിലും ഇവ തമ്മിൽ ബന്ധമുണ്ട് എന്നതാണ് സത്യം.

നമ്മുടെ ജീവിതപരിസരങ്ങളിൽ സ്ഥിരം കാണുന്ന ഒരു കാഴ്ച്ചയിൽ നിന്ന് തന്നെ തുടങ്ങാം.

നിങ്ങൾ ഒരു ദിവസം രാത്രി വളരെ വൈകി ഉറങ്ങുന്നു— അതിന് പല കാരണങ്ങൾ ഉണ്ടാകാം, ചിലപ്പോൾ ഫോൺ നോക്കി സമയം പോയതാകാം, അല്ലെങ്കിൽ ജോലിത്തിരക്ക് കാരണം, അതൊന്നുമല്ലെങ്കിൽ ഉറക്കം വരാത്തതുകൊണ്ടാവാം.

അടുത്ത ദിവസം രാവിലെ മുതൽ നിങ്ങളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു.

എഴുന്നേൽക്കുമ്പോൾത്തന്നെ ക്ഷീണം അനുഭവപ്പെട്ടു തുടങ്ങുന്നു.

ഒരു ഉന്മേഷവുമില്ല, ഒട്ടും വിശപ്പുമില്ല.

പ്രാതലിനേക്കാൾ പ്രധാനം ഒരു ചായയോ കാപ്പിയോ കുടിക്കുന്നതാണെന്ന് നിങ്ങളുടെ മനസ്സ് പറയുന്നു.

ആ ഒരു ചായയിൽ പ്രാതലൊതുങ്ങും. ഉച്ചയാകുമ്പോഴേക്കും വിശപ്പ് നിങ്ങളെ വല്ലാതെ അലട്ടാൻ തുടങ്ങുന്നു.  അപ്പോഴും നല്ല ഭക്ഷണം കഴിക്കാനല്ല, മറിച്ച് പെട്ടെന്ന് കഴിക്കാൻ കിട്ടുന്ന എന്തെങ്കിലും കൊറിക്കാനാകും ആഗ്രഹം തോന്നുക.

ബിസ്ക്കറ്റോ, പലഹാരങ്ങളോ, അല്ലെങ്കിൽ മധുരമുള്ളതോ എണ്ണയിൽ വറുത്തതോ ആയ സ്നാക്കുകൾ.

വൈകുന്നേരമാകുമ്പോഴേക്കും ഭക്ഷണത്തോടുള്ള ആർത്തി  കൂടുതൽ ശക്തമാകുന്നു.

രാത്രിയാകുമ്പോഴേക്കും വിചാരിച്ചതിനേക്കാൾ കൂടുതൽ ഭക്ഷണം നിങ്ങൾ കഴിക്കുന്നു. 

ഒരു ദിവസം ഇങ്ങനെ തീരാറാകുമ്പോൾ സ്വാഭാവികമായും ഒരു ചിന്ത മനസ്സിലുയരും:

“ഇന്നെന്തിനാണ് ഞാൻ ഇങ്ങനെയൊക്കെ ആഹാരം കഴിച്ചത്?”

അപ്പോഴും മനസ്സിലെത്തുന്ന ചോദ്യം അന്നു കഴിച്ചുതീർത്ത ഭക്ഷണത്തെക്കുറിച്ച് മാത്രമാണ്.

തലേന്നു രാത്രിയിലെ ഉറക്കക്കുറവാണ് ഭക്ഷണരീതിയെ ഇങ്ങനെ മാറ്റിമറിച്ചതെന്ന് നിങ്ങൾ അറിയുന്നേയില്ല.

ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിൽ ശരീരം, നിങ്ങൾ ഇന്ന് എന്ത് കഴിക്കണം എന്ന് നിങ്ങൾ പോലുമറിയാതെ ഒരു തീരുമാനത്തിലെത്തിയിരുന്നു എന്നതാണ് യാഥാർത്ഥ്യം.

ഉറക്കം നഷ്ടപ്പെടുമ്പോൾ ഭക്ഷണശീലവും മാറുന്നു

ഭക്ഷണശീലം സ്വന്തം നിയന്ത്രണത്തിൽ മാത്രം നിൽക്കുന്ന ഒന്നാണെന്ന മിഥ്യാധാരണ പലർക്കുമുണ്ട്. 

എന്നാൽ യാഥാർത്ഥ്യം അതല്ല—നമ്മുടെ ഹോർമോണുകൾ, ശരീരോഷ്മാവ്, തലച്ചോറിൽ നിന്നുള്ള സന്ദേശങ്ങൾ എന്നിവയിലൂടെ ശരീരം നിരന്തരം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തിരുമാനിക്കുന്നുണ്ട്. ഉറക്കം ഇതിലൊരു പ്രധാന പങ്ക് വഹിക്കുന്നു.

നല്ല ഉറക്കം ലഭിക്കാത്തപ്പോൾ നിങ്ങളുടെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുമെന്നതിലുപരിയായി, പലതരം ഭക്ഷണങ്ങൾ കഴിക്കാനുള്ള അമിതമായ ത്വര വർദ്ധിക്കുകയും ചെയ്യും.

ചില ദിവസങ്ങളിൽ കൂടുതൽ വിശപ്പ് തോന്നാൻ കാരണം

ഉറക്കമില്ലായ്മയാണ് കാരണമെന്ന് പെട്ടെന്ന് നമ്മൾ തിരിച്ചറിയണമെന്നില്ല.

ഉറക്കം ശരിയാകാത്ത ദിവസങ്ങളിൽ തോന്നുന്ന വിശപ്പിന് ഒരു പ്രത്യേകതയുണ്ട്, ആവശ്യത്തിന് ഭക്ഷണം കഴിച്ചാലും പൂർണ്ണമായിട്ടില്ല എന്ന് തോന്നിക്കൊണ്ടേയിരിക്കും. ശരീരത്തിനുള്ളിലെ ചില സിഗ്നലുകളിൽ വന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം.

“എനിക്ക് വിശക്കുന്നു” എന്ന സന്ദേശം കൂടുതൽ ശക്തമാകുമ്പോൾത്തന്നെ “വയർ നിറഞ്ഞു” എന്ന സന്ദേശത്തിന് ശക്തി കുറയുകയും ചെയ്യുന്നു. 

അതുകൊണ്ട് തന്നെ, വയർ നിറഞ്ഞ സംതൃപ്തി അനുഭവിക്കുന്നതിന് പകരം  കഴിക്കാൻ ഇനിയും എന്തെങ്കിലും വേണമെന്ന ആഗ്രഹം  തോന്നിക്കൊണ്ടേയിരിക്കും. 

അത് വാസ്തവത്തിൽ ആഹാരം ആവശ്യമുള്ളത് കൊണ്ടല്ല—മറിച്ച്, നിങ്ങളുടെ ശരീരം “വയർ നിറഞ്ഞു” എന്ന സിഗ്നലിനെ കൃത്യമായി വായിച്ചെടുക്കാത്തത് കൊണ്ടാണ്.

ഈ മാറ്റം എന്തുകൊണ്ട്?

സ്വസ്ഥമായുറങ്ങാത്ത രാത്രിക്ക് ശേഷം, നമ്മുടെ തലച്ചോറാഗ്രഹിക്കുന്നത്, പെട്ടെന്ന് ഊർജ്ജം നൽകുന്നതും മനഃസംതൃപ്തി  തരുന്നതുമായ ഭക്ഷണമാണ്. പോഷകസമൃദ്ധമായ ആഹാരം വേണമെന്ന് ഈ ഘട്ടത്തിൽ നമുക്ക് തോന്നുകയില്ല.

മധുരം കൂടിയ ചായ, കാപ്പി, ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, രാത്രി ഏറെ വൈകിയും ലഘുഭക്ഷണങ്ങളോടുള്ള ആർത്തി – ഇത്തരം ആഗ്രഹങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് നമ്മുടെ മസ്തിഷ്ക്കം തന്നെയാണ്.  

ശരീരം ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ, ക്ഷണികമെങ്കിലും ഇത്തരം ഭക്ഷണങ്ങൾ നമുക്ക് പെട്ടെന്ന് ആശ്വാസവും  ഊർജ്ജവും നൽകുന്നു.

നിങ്ങളുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടല്ല ആഹാരരീതിയൽ ഇങ്ങനെ മാറ്റം വരുന്നത്; മറിച്ച്, ക്ഷീണം  മറികടക്കാൻ ശരീരം തന്നെ കണ്ടെത്തുന്ന ഉപായമാണിത്.

കൃത്യമായി ഉറക്കം ലഭിക്കാതെ വരുമ്പോൾ:

  •  ഊർജം പെട്ടെന്ന് ചോർന്നുപോകുന്നു
  • കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം നേരിടുന്നു
  • നല്ല ഭക്ഷണം തിരഞ്ഞെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു

തുടർന്ന് സംഭവിക്കുന്നത്:

  • ഭക്ഷണസമയം തെറ്റുകയോ അല്ലെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുന്നു
  • ഇടയ്ക്കിടെ ലഘുഭക്ഷണങ്ങൾ (Snacks) കഴിക്കുന്നത് ശീലമാകുന്നു
  • തയ്യാറാക്കാൻ എളുപ്പമുള്ള ലഘുഭക്ഷണങ്ങൾ മാത്രം തെരഞ്ഞെടുക്കാൻ ആഗ്രഹം തോന്നുന്നു

അതോടെ, ആ ദിവസത്തെ നിങ്ങളുടെ ഭക്ഷണരീതി പൂർണ്ണമായും വ്യത്യസ്തമായിത്തീരുന്നു. മാത്രമല്ല,ശരീരം ഭക്ഷണത്തോടു പ്രതികരിക്കുന്ന രീതിയിലും മാറ്റമുണ്ടാകുന്നു. 

ആഹാരത്തോടുള്ള പ്രതികരണത്തിലെ മാറ്റങ്ങൾ

  • മെറ്റബോളിസം (ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ) മന്ദഗതിയിലാകുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരം ബുദ്ധിമുട്ടുന്നു
  • ദഹനപ്രക്രിയ കൂടുതൽ സാവധാനത്തിലായതായോ തകരാറിലായതായോ അനുഭവപ്പെടാം

ചുരുക്കത്തിൽ, നമ്മൾ എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല, കഴിക്കുന്ന ഭക്ഷണത്തെ ശരീരം എങ്ങനെ ആഗിരണം ചെയ്യുന്നു എന്നതിനെയും  ഉറക്കമാണ് നിയന്ത്രിക്കുന്നത് എന്നു സാരം.

വൈകി ഉറങ്ങുക, ഉറക്കം പൂർണ്ണമാകാതെ ക്ഷീണത്തോടെ ഉണരുക, ഭക്ഷണം കഴിക്കാൻ വൈകുക അല്ലെങ്കിൽ ഒഴിവാക്കുക, വൈകുന്നേരമാകുമ്പോൾ ആഹാരത്തോട് കൂടുതൽ കൊതി തോന്നുകയും രാത്രി വൈകി അമിതമായി ആഹാരം കഴിക്കുകയും ചെയ്യുക. സ്വാഭാവികമായും ഈ രീതി ശീലമാകുമ്പോൾ, അടുത്ത ദിവസം ശരീരത്തിന് വലിയ ഭാരം തോന്നുന്നു. വീണ്ടും ഇത് തന്നെ ആവർത്തിക്കുന്നു.

കാലക്രമേണ, ഈ ജീവിതശൈലി ശരീരഭാരത്തെയും ദഹനത്തെയും ഊർജ്ജനിലയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിച്ചു തുടങ്ങുന്നു.

യഥാർത്ഥ പ്രശ്നം ഭക്ഷണക്രമം മാത്രമല്ല 

ഡയറ്റ് പ്ലാനുണ്ടാക്കി അത് കൃത്യമായി പാലിക്കുകയും പക്ഷെ ഉറക്കത്തിൻ്റെ കാര്യത്തിൽ ശ്രദ്ധ പുലർത്താതിരിക്കുകയും ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലത്,  സമയാസമയങ്ങളിൽ വേണ്ടത്ര ഭക്ഷണവും ഒപ്പം സുഖകരമായ  ഉറക്കവുമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

 കാരണം, ഉറക്കം നന്നാകുമ്പോൾ:

  • വിശപ്പ് സ്വാഭാവികമായ രീതിയിലാകുന്നു
  • ഭക്ഷണത്തോടുള്ള അമിത ആർത്തി തനിയെ കുറയുന്നു
  • സ്വാഭാവികമായിത്തന്നെ ഭക്ഷണരീതി കൃത്യമായ താളത്തിലാകുന്നു

ഉറക്കം ശരിയാകാത്ത ദിവസങ്ങളിൽ ശ്രദ്ധിക്കാൻ: 

  • വിശപ്പില്ലെങ്കിൽ പോലും ഭക്ഷണം പൂർണ്ണമായി ഒഴിവാക്കരുത്
  • ലളിതവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക
  • ധാരാളം വെള്ളം കുടിക്കുക (പലപ്പോഴും ക്ഷീണത്തെ നമ്മൾ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്)
  • കാപ്പി, ചായ, ഇടനേരപ്പലഹാരങ്ങൾ എന്നിവയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുക

പതിയെപ്പതിയെ ചിട്ടയായ ഉറക്കത്തിനു വേണ്ടിയുള്ള ശ്രമം തുടങ്ങാം.

ഉറക്കം ആഹാരത്തോളം പ്രധാനം

മുമ്പിലെ പ്ലേറ്റിൽ വിളമ്പിയിരിക്കുന്ന വിഭവങ്ങൾ മാത്രമല്ല,അത് കഴിക്കുമ്പോൾ ശരീരം ഏത് അവസ്ഥയിലാണെന്നത് കൂടി ശ്രദ്ധിക്കണം.

ഓർക്കുക , സ്വസ്ഥമായ, മതിയായ  ഉറക്കത്തിന് തന്നെയാണ് ഡയറ്റിൽ ആദ്യസ്ഥാനം നൽകേണ്ടത്. 

ഉറക്കം അവഗണിക്കുകയും ആഹാരത്തോട് അമിതമായ ആഗ്രഹം തോന്നുകയും ചെയ്യുമ്പോൾ, ഉറക്കക്കുറവ് ശരീരത്തിലും മനസ്സിലും വരുത്തുന്ന ഈ മാറ്റങ്ങളെക്കുറിച്ചോർക്കുക, അത് ആരോഗ്യത്തിൽ സൃഷ്ടിക്കുന്ന  തകരാറുകളെക്കുറിച്ചും. 

Reference

  1. Sleep Duration and Levels of Hormones That Influence Hunger
  2. Sleep, Appetite, and Obesity—What Is the Link?
  3. Short Sleep Duration Is Associated with Reduced Leptin, Elevated Ghrelin, and Increased Body Mass Index

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe