സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടും സമാധാനമില്ലാത്തതെന്തുകൊണ്ടാണ്?

 സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടും സമാധാനമില്ലാത്തതെന്തുകൊണ്ടാണ്?

യുവതയെ സ്വാധീനിക്കുന്ന സോഷ്യൽ മീഡിയ 

നമ്മളെല്ലാവരും ഒരൊറ്റ സമൂഹത്തിൽ ജീവിക്കുമ്പോഴും ഓരോ വ്യക്തിയുടെയും ജീവിതരീതികൾ വ്യത്യസ്തമായിരിക്കാം. പഠനം, ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ…അങ്ങനെ നമ്മൾ ദിവസവും സമയം ചെലവഴിക്കുന്ന ഇടങ്ങളിലും ഏർപ്പെടുന്ന കാര്യങ്ങളിലും വലിയ അന്തരമുണ്ടാകാം. എങ്കിലും സമൂഹത്തിലെ എല്ലാവരും പൊതുവായി അനുവർത്തിക്കുന്ന ചില കാര്യങ്ങളുമുണ്ട്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി, സമകാലീന സമൂഹങ്ങളിൽ ഉടലെടുത്ത ചില ശീലങ്ങളുണ്ട്. ഫോൺ സ്ക്രീനിലേക്ക് നോക്കിക്കൊണ്ടാണ് ഇന്ന് നമ്മുടെ ഒരു ദിവസം തുടങ്ങുന്നത്. രാവിലെ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ നോട്ടിഫിക്കേഷനുകളും മെസേജുകളും റീലുകളും സോഷ്യൽ മീഡിയ അപ്ഡേറ്റുകളും ഒന്നുതിരഞ്ഞു നോക്കുന്നത് പലരുടെയും ശീലമായി മാറിയിരിക്കുന്നു. മറ്റുള്ളവരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങിയ ഈ സംവിധാനം, ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിയിരിക്കുകയാണ്. സമൂഹമാധ്യമം അഥവാ സോഷ്യൽ മീഡിയ (social media) എന്നത് ഇന്ന് വെറുമൊരു വിനോദം മാത്രമല്ല; നമ്മുടെ ആശയവിനിമയത്തെയും വ്യക്തിത്വത്തെയും സൗഹൃദങ്ങളെയും ആത്മവിശ്വാസത്തെയും എന്തിന്, നമ്മുടെ മാനസികാവസ്ഥയെപ്പോലും അത് സ്വാധീനിക്കുന്നുണ്ട്. ഈ ഓൺലൈൻ ജീവിതം സമൂഹത്തിലെ ചെറുപ്പക്കാരുടെ മാനസികാരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന പ്രധാനപ്പെട്ട ചോദ്യം ഗവേഷകരും മാനസികാരോഗ്യ വിദഗ്ദ്ധരും ഗൗരവമായി ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഈ ചോദ്യത്തിന് വലിയ പ്രസക്തിയുമുണ്ട്.

വെറും ഫോൺ ഉപയോഗം മാത്രമല്ല സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയെക്കുറിച്ചുള്ള പല ചർച്ചകളും ഫോണിന്റെ അമിതോ പയോഗത്തിൽ മാത്രം ഒതുങ്ങിപ്പോകാറുണ്ട്. ശാസ്ത്രീയമായി പരിശോധിച്ചാൽ, ഇതിന് പിന്നിലെ കാരണങ്ങൾ ഫോൺ ഉപയോഗത്തിനപ്പുറം ഏറെ സങ്കീർണ്ണമാണ്. സോഷ്യൽ മീഡിയ നമ്മുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ഏകാഗ്രതയെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഹോർമോണുകളുടെ പ്രവർത്തനത്തെയുമൊക്കെ സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കൗമാരപ്രായത്തിലും ചെറുപ്പകാലത്തും നമ്മുടെ മസ്തിഷ്‌ക്കം സാമൂഹികമായും വൈകാരികമായും വളർന്നുകൊണ്ടിരിക്കുന്ന സമയമായതുകൊണ്ട് തന്നെ, ഈ പ്രായത്തിലുള്ളവരെ സോഷ്യൽ മീഡിയയുടെ സ്വാധീനം വളരെ പെട്ടെന്ന് ബാധിച്ചേക്കാം.

യുവജനങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള യു.എസ്. സർജൻ ജനറലിന്റെ (U.S. Surgeon General’s Advisory) റിപ്പോർട്ട് പ്രകാരം, കൗമാരപ്രായത്തിൽ നമുക്കുണ്ടാകുന്ന സാമൂഹിക അനുഭവങ്ങളാണ് നമ്മുടെ വ്യക്തിത്വ രൂപീകരണത്തെയും വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെയും ശക്തമായി സ്വാധീനിക്കുന്നത്. ഇന്ന് ഇത്തരം അനുഭവങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സോഷ്യൽ മീഡിയ എന്ന ബൃഹത്തായ ഇടത്തിലാണ്. അതുകൊണ്ടുതന്നെ, ഓൺലൈനിലൂടെയുള്ള ഇത്തരം ഇടപെടലുകൾ പലപ്പോഴും നമ്മുടെ വികാരങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. നമ്മൾ ചിന്തിക്കുന്നതിലും എത്രയോ വ്യാപ്തിയിലാണ് അത് മനസ്സിനെ ബാധിക്കുന്നത്.

താരതമ്യം ചെലുത്തുന്ന സമ്മർദ്ദം

സമൂഹമാധ്യമം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്നതിൻ്റെ മുഖ്യഘടകം മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലാണ്. മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യക്തികൾ, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ മാത്രമാണ് പങ്കുവെയ്ക്കാറുള്ളത്; യാത്രകൾ, വലിയ വിജയങ്ങൾ, പെർഫെക്റ്റ് ആയ സെൽഫികൾ, കായികക്ഷമത, ആഘോഷങ്ങൾ, സന്തോഷം നൽകിയ സംഭവങ്ങൾ, ആകർഷണീയത അങ്ങനെ എല്ലാം. ഓൺലൈനിൽ നമ്മൾ കാണുന്ന പല ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്തതോ, ഫിൽട്ടറുകൾ ഉപയോഗിച്ചതോ അല്ലെങ്കിൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ബോധപൂർവ്വം തയ്യാറാക്കിയതോ ആയിരിക്കും. എങ്കിലും, നമ്മുടെ മനസ്സ് സ്വാഭാവികമായും ഈ തിളക്കമുള്ള നിമിഷങ്ങളെ നമ്മുടെ സാധാരണ ജീവിതവുമായി താരതമ്യം ചെയ്യാൻ തുടങ്ങും.

കാലക്രമേണ, ഈ താരതമ്യപ്പെടുത്തൽ നമ്മുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും നിശബ്ദമായി ബാധിക്കും. മറ്റെല്ലാവരും നമ്മളേക്കാൾ കൂടുതൽ സന്തോഷത്തിലാണെന്നും കൂടുതൽ വിജയം നേടുന്നുണ്ടെന്നും കൂടുതൽ ഭംഗിയുള്ളവരാണെന്നും അല്ലെങ്കിൽ നമ്മളേക്കാൾ നല്ലൊരു ജീവിതമാണ് നയിക്കുന്നതെന്നും തോന്നാൻ ഇത് കാരണമാകും.

മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്തുകൊണ്ടുള്ള സോഷ്യൽ മീഡിയ ഉപയോഗം താഴെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു:

  • ആത്മവിശ്വാസം കുറയുക
  • സ്വന്തം ശരീരത്തെക്കുറിച്ച് അപകർഷതാബോധം തോന്നുക
  • അനാവശ്യമായ ഉത്കണ്ഠ (Anxiety)
  • താൻ ഒന്നിനും കൊള്ളാത്തവനാണെന്ന തോന്നൽ
  • വിഷാദ ചിന്തകൾ

ഈ മാനസിക ബുദ്ധിമുട്ടുകൾ വളരെ പതുക്കെയാണ് നമ്മളിലേക്ക് കടന്നുവരുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ ചതിക്കുഴി.  ഈ താരതമ്യപ്പെടുത്തൽ സ്വന്തം സ്വഭാവത്തെയും സന്തോഷത്തെയും എത്രത്തോളം ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് പലർക്കും പെട്ടെന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞെന്ന് വരില്ല.

ഓൺലൈൻ ലോകം ഇത്രയേറെ സ്വാധീനം ചെലുത്താനുള്ള കാരണം?

പരസ്പരമുള്ള ഇടപെടലുകൾക്കും പ്രതികരണങ്ങൾക്കും (feedback) പ്രാധാന്യം നൽകുന്ന രീതിയിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമ്മൾ കാണുന്ന ഓരോ നോട്ടിഫിക്കേഷനും ലൈക്കും ഷെയറും കമന്റും നമ്മുടെ തലച്ചോറിലെ സന്തോഷവും ആവേശവും ഉദ്ദീപിപ്പിക്കുന്ന ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ട്. ഓൺലൈനിലെ ഇത്തരം പ്രതികരണങ്ങൾ തലച്ചോറിലെ ഡോപമിൻ (Dopamine) ഹോർമോണിന്റെ പ്രവർത്തനത്തെ ഉണർത്തുകയും അത് മനസ്സിന് താൽക്കാലിക സന്തോഷം നൽകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്.

സോഷ്യൽ മീഡിയ പൂർണ്ണമായും മോശമാണെന്നല്ല ഇതിനർത്ഥം . എങ്കിലും, ഒരാൾ തന്റെ സ്വന്തം മൂല്യത്തെയും സന്തോഷത്തെയും അളക്കുന്നത് ഓൺലൈനിൽ കിട്ടുന്ന ഇത്തരം അംഗീകാരങ്ങളെ മാത്രം അടിസ്ഥാനമാക്കിയാകുമ്പോൾ, ആ വ്യക്തിയുടെ മാനസികാവസ്ഥ വളരെ പെട്ടെന്ന് തകരാൻ സാധ്യതയുണ്ട്.

പല യുവ ഉപയോക്താക്കളുടെയും ആത്മവിശ്വാസം താഴെ പറയുന്ന കാര്യങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാൻ തുടങ്ങും:

  • ലൈക്കുകളും റിയാക്ഷനുകളും
  • ഫോളോവേഴ്സിന്റെ എണ്ണവും റീച്ചും
  • മറ്റുള്ളവരുടെ നല്ല വാക്കുകൾ
  • ഓൺലൈനിൽ കിട്ടുന്ന ശ്രദ്ധ

തൽഫലമായി, സോഷ്യൽ മീഡിയയിൽ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ച് അവരുടെ മാനസികാവസ്ഥയും സന്തോഷവും എപ്പോഴും മാറിമറയുന്ന അവസ്ഥയുണ്ടാകുന്നു.

ഉറക്കവും സ്വസ്ഥതയും നഷ്ടമാകുന്ന വഴി 

സോഷ്യൽ മീഡിയ ഉറക്കത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന കാര്യം പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകാറുണ്ട്. രാത്രി ഏറെ വൈകിയും ഫോൺ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത്, പ്രത്യേകിച്ച് കൗമാരക്കാരിലും യുവാക്കളിലും ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു. നിർഭാഗ്യവശാൽ, ഈ ശീലം നമ്മുടെ തലച്ചോറിനെ പല രീതിയിലും ബാധിക്കും. ഫോൺ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം (Blue light), നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മെലാടോണിൻ (Melatonin) എന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇതിനൊപ്പം തന്നെ, സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന ആകാംക്ഷയോ ആവേശമോ ഉണ്ടാക്കുന്ന കാര്യങ്ങൾ, മസ്തിഷ്ക്കം ശാന്തമാകേണ്ട സമയത്തും അതിനെ കൂടുതൽ സജീവമായി നിലനിർത്തുന്നു.

കൃത്യമായ ഉറക്കം കിട്ടാതിരിക്കുന്നത് താഴെ പറയുന്ന ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാം:

  • പെട്ടെന്ന് ദേഷ്യം വരിക (Irritability)
  • ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
  • മാനസികമായ കടുത്ത ക്ഷീണം
  • അമിത സമ്മർദ്ദം
  • പ്രതിസന്ധികളെ നേരിടാനുള്ള മാനസിക കരുത്ത് കുറയുക

പലപ്പോഴും മാനസിക തളർച്ചയ്ക്ക് കാരണം ജോലിത്തിരക്കോ മാനസിക സമ്മർദ്ദമോ ആണെന്ന് നമ്മൾ കരുതാറുണ്ട്; എന്നാൽ ഡിജിറ്റൽ ശീലങ്ങൾ അതിനൊരു പ്രധാന കാരണമാണെന്ന് മനസ്സിലാക്കാൻ പലർക്കും കഴിയാറില്ല.

ശരീരഭംഗിയും ആത്മവിശ്വാസവും ഫിൽട്ടറുകളുടെ കാലത്ത്

യുവാക്കൾ സ്വന്തം ബാഹ്യരൂപത്തെ നോക്കിക്കാണുന്ന രീതിയെപ്പോലും സോഷ്യൽ മീഡിയ മാറ്റിമറിച്ചിട്ടുണ്ട്. ഫിൽട്ടറുകൾ ഉപയോഗിച്ച് സുന്ദരമാക്കിയ ചിത്രങ്ങൾ, എഡിറ്റ് ചെയ്ത് മനോഹരമാക്കുന്ന ശരീരവടിവ്,  ബ്യൂട്ടി ട്രെൻഡുകൾ, യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത സൗന്ദര്യ സങ്കൽപ്പങ്ങൾ എന്നിവയാണ് ഇന്ന് നമ്മൾ ഓൺലൈനിൽ നിരന്തരം കാണുന്നത്. ഇത്തരം ചിത്രങ്ങൾ എപ്പോഴും കാണുന്നത് സ്വന്തം ശരീരത്തോടുള്ള മനോഭാവത്തെയും ആത്മവിശ്വാസത്തെയും സാവധാനത്തിൽ ബാധിച്ചു തുടങ്ങും. സൗന്ദര്യത്തിന് മാത്രം പ്രാധാന്യം നൽകുന്ന സോഷ്യൽ മീഡിയ ഉപയോഗം താഴെ പറയുന്ന പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു:

  • സ്വയംമതിപ്പ് കുറയുക   
  • ബാഹ്യരൂപത്തെക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠ
  • സ്വന്തം ശരീരത്തിൽ സംതൃപ്തിയില്ലാത്ത അവസ്ഥ
  • ഭക്ഷണരീതികളിലെ അപാകതകൾ

എപ്പോഴും കാണാൻ ഭംഗിയുള്ളവരായിരിക്കണം, പൂർണ്ണത വേണം, ഇരുപത്തിനാലു മണിക്കൂറും ആകർഷണീയത നിലനിർത്തണം എന്ന  തരത്തിലുള്ള വലിയ സമ്മർദ്ദം ഇന്നത്തെ യുവാക്കൾക്ക് അനുഭവപ്പെടാറുണ്ട്. കാലക്രമേണ ഇത് കടുത്ത മാനസിക സമ്മർദ്ദമായി മാറുകയും ഡിജിറ്റൽ ലോകത്തിനപ്പുറം യഥാർത്ഥ ജീവിതത്തെപ്പോലും ബാധിക്കുകയും ചെയ്യും.

നല്ലവശങ്ങളും കാണാനാകാണം

ഇത്തരം ആശങ്കകൾ നിലനിൽക്കുമ്പോഴും സോഷ്യൽ മീഡിയ പൂർണ്ണമായും ദോഷകരമാണെന്ന് പറയാൻ കഴിയില്ല. അത് പല നല്ല കാര്യങ്ങൾക്കുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്:

  • പരസ്പരം മാനസിക പിന്തുണ നൽകുന്ന കൂട്ടായ്മകൾ (Support communities)
  • മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം
  • പുതിയ അറിവുകളും പഠനങ്ങളും
  • സർഗ്ഗാത്മകതയും സ്വയം പ്രകടിപ്പിക്കാനുള്ള അവസരങ്ങളും
  • ദൂരെയുള്ളവരുമായി എപ്പോഴും ബന്ധപ്പെടാനുള്ള സൗകര്യം

പലർക്കും തങ്ങളുടെ ഒറ്റപ്പെടലിൻ്റെ വിഷമം കുറയ്ക്കാനും മനസ്സിലാക്കുന്ന ആളുകളെ കണ്ടെത്താനും ഇത്തരം ഓൺലൈൻ ഇടങ്ങൾ സഹായിക്കുന്നുണ്ട്. അതുകൊണ്ട് പ്രശ്നം സോഷ്യൽ മീഡിയയുടേതല്ല; മറിച്ച് നമ്മളത് എങ്ങനെ ഉപയോഗിക്കുന്നു, അതിനെ എത്രത്തോളം മാനസികമായി ആശ്രയിക്കുന്നു, അത് നമ്മുടെ ദൈനംദിന ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിനെയെല്ലാം ആശ്രയിച്ചാണി രിക്കുന്നത്. പൂർണ്ണമായി ഒഴിവാക്കുകയോ അമിത ആശ്രിതത്വം പുലർത്തുകയോ ചെയ്യാതെ, സന്തുലനം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്.

നല്ല ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കാം

ഈ ഡിജിറ്റൽ യുഗത്തിൽ മാനസികാരോഗ്യം നിലനിർത്താൻ വ്യക്തമായ സ്വയംബോധം ആവശ്യമാണ്. സോഷ്യൽ മീഡിയ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ താഴെ പറയുന്ന ശീലങ്ങൾ സഹായിക്കും:

  • ഫോൺ സ്ക്രീനുകളിൽ നിന്ന് കൃത്യമായ ഇടവേളകൾ എടുക്കുക
  • മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരം ഉള്ളടക്കങ്ങൾ കാണുന്നത് ഒഴിവാക്കുക
  • ഉറങ്ങാൻ പോകുന്നതിന് മുൻപ് ഫോൺ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക
  • ഇന്റർനെറ്റിന് പുറത്തുള്ള യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങൾക്കും കാര്യങ്ങൾക്കും കൂടുതൽ സമയം നൽകുക
  • അറിവ് പകരുന്നതോ നല്ല ചിന്തകൾ നൽകുന്നതോ ആയ പേജുകളും അക്കൗണ്ടുകളും മാത്രം ഫോളോ ചെയ്യുക

ഡിജിറ്റൽ ശീലങ്ങളിൽ വരുത്തുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ പോലും കാലക്രമേണ നമ്മുടെ മാനസികാവസ്ഥയിൽ വലിയ പുരോഗതി ഉണ്ടാക്കും. എല്ലാറ്റിനുമുപരിയായി, ഓൺലൈനിലെ പ്രശസ്തി കൊണ്ടല്ല സ്വന്തം മൂല്യം അളക്കേണ്ടതെന്ന ചിന്ത ഇന്നത്തെ യുവാക്കൾക്ക് ഉണ്ടാകേണ്ടതുണ്ട്.

മാനസിക പിന്തുണയ്ക്ക് പ്രാധാന്യമേറുമ്പോൾ

സോഷ്യൽ മീഡിയ കാരണം വല്ലപ്പോഴുമൊക്കെ ഉണ്ടാകുന്ന മാനസിക സമ്മർദ്ദമോ താരതമ്യപ്പെടുത്തലുകളോ സ്വാഭാവികമാണ്. എന്നാൽ വിട്ടുമാറാത്ത മാനസിക ബുദ്ധിമുട്ടുകളെ ഒരിക്കലും അവഗണിക്കരുത്. താഴെ പറയുന്ന പ്രശ്നങ്ങൾ നിരന്തരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ:

  • എപ്പോഴും തോന്നുന്ന ആത്മവിശ്വാസക്കുറവ്
  • കടുത്ത ഉത്കണ്ഠ 
  • ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • മാനസികമായ മടുപ്പ് 
  • വിട്ടുമാറാത്ത സങ്കടം അല്ലെങ്കിൽ ഒറ്റപ്പെടൽ

ഇത്തരം സാഹചര്യങ്ങളിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെയോ (Mental health professional) ഡോക്ടറുടെയോ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്. ഇങ്ങനെ സഹായം തേടുന്നത് ഒരിക്കലും ബലഹീനതയായി കണക്കാക്കരുത്, വാസ്തവത്തിൽ, നമ്മുടെ മാനസികാരോഗ്യത്തിന് നമ്മൾ എത്രത്തോളം കരുതൽ നൽകുന്നു എന്നതിന്റെ തെളിവാണത്.

യുവമനസ്സുകൾ മനസ്സിലാക്കേണ്ടത്

സാങ്കേതികവിദ്യ എന്നും നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടേയിരിക്കും. സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമാകാനും പോകുന്നില്ല. എന്നാൽ നമ്മുടെ സ്വയംമതിപ്പും ആത്മവിശ്വാസവും ഒരിക്കലും സോഷ്യൽ മീഡിയയിലെ അൽഗോരിതങ്ങൾക്കോ ഫിൽട്ടറുകൾക്കോ ലൈക്കുകൾക്കോ പണയം വെയ്ക്കരുത്. ആരോഗ്യകരമായ ഡിജിറ്റൽ ജീവിതം എന്നതുകൊണ്ടർത്ഥമാക്കുന്നത്, ലോകത്തിൽ നിന്ന് പൂർണ്ണമായി ഒളിച്ചോടുക എന്നതല്ല; മറിച്ച് നമ്മുടെ ആത്മവിശ്വാസവും സമാധാനവും നഷ്ടപ്പെടുത്താതെ ഈ ലോകവുമായി ബന്ധപ്പെട്ടിരിക്കുക എന്നതാണ്.

ചെറിയ മാറ്റങ്ങൾ അവഗണിക്കരുത്

തുടർച്ചയായി ഫോൺ നോക്കുന്നത് നിങ്ങളുടെ മാനസിക സമാധാനം  കെടുത്തുന്നുണ്ടെങ്കിൽ, ഉത്കണ്ഠയ്ക്കും ശ്രദ്ധക്കുറവിനും കാരണമാകുന്നുണ്ടെങ്കിൽ, ആത്മവിശ്വാസം കുറയ്ക്കുന്നുണ്ടെങ്കിൽ,  സോഷ്യൽ മീഡിയയുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം.ഒരു ശീലം സാവധാനത്തിൽ നമ്മെ പിടിമുറുക്കുമ്പോൾ, അത് ഉടനെ നമുക്ക് തിരിച്ചറിയാൻ സാധിച്ചെന്നു വരില്ല. സമൂഹമാധ്യമത്തിലുള്ള അമിത ആശ്രിതത്വം നമ്മുടെ മനസ്സിലും പെരുമാറ്റത്തിലും ചിന്താഗതിയിലും വരുത്തിയ മാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ മനസ്സിലാകും. വിദഗ്ധ നിർദ്ദേശങ്ങൾക്ക് വേണ്ട പ്രാധാന്യം നൽകുക. നമ്മുടെ മാനസികാരോഗ്യം രൂപപ്പെടുന്നത് നമുക്ക് ചുറ്റും എന്ത് നടക്കുന്നു എന്നതിലൂടെ മാത്രമല്ല, ഓരോ ദിവസവും ഓൺലൈനിലൂടെ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നത് എന്നതിനും അതിൽ തുല്യപ്രാധാന്യമുണ്ട്. അത് മനസ്സിലാക്കി മുന്നേറുന്നത് യുവതലമുറയ്ക്കും ഭാവി തലമുറകൾക്കും ഏറെ പ്രയോജനം ചെയ്യും.

References

  1. Self-esteem and social media addiction level in adolescents: The mediating role of body image
  2. Mental health of adolescents
  3. Social Media Has Both Positive and Negative Impacts on Children and Adolescents

Related News

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

മാനസികമായി സജ്ജമാക്കാം;പേടി ഒഴിവാക്കാം വേനലവധി കഴിഞ്ഞ് സ്കൂളുകൾ സജീവമാകുന്ന സമയമായി. പുതിയ ക്ളാസും അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയായി ഇടപഴകാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ തന്നെ, അദ്ധ്യയന വർഷാരംഭത്തെ ആശങ്കയോടെ നോക്കിക്കാണുന്ന...

മെയ്‌ 22, 2026 4:34 pm
മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...

മെയ്‌ 18, 2026 10:55 pm
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച...

മെയ്‌ 18, 2026 10:51 pm
Top
Subscribe