മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

റുമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു

മഴക്കാലം തുടങ്ങുമ്പോൾ സന്ധിവാതപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ പലർക്കും വേദനയും കോച്ചിപ്പിടുത്തവും അസ്വസ്ഥതയും വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. മഴ പെയ്താൽ വേദനയുടെ സീസണായെന്ന് പലരും പറയാറുണ്ട്.

വർഷങ്ങളോളം നമ്മൾ ഇക്കാര്യത്തെ പണ്ടുള്ളവർ വിശ്വസിച്ചു പോന്ന തെറ്റിദ്ധാരണയായി മാത്രമാണ് കണക്കാക്കിയിരുന്നത്. എന്നാൽ, കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ പലരിലും സന്ധിവാതത്തിന്റെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ആധുനിക ശാസ്ത്രീയ പഠനങ്ങളും ഡോക്ടർമാരുടെ നിരീക്ഷണങ്ങളും വ്യക്തമാക്കുന്നുണ്ട്.

ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നതനുസരിച്ച്, മഴക്കാലത്ത് സന്ധിവേദനയും കോച്ചിപ്പിടുത്തവും കൂടുന്നതായി പല ആർത്രൈറ്റിസ് രോഗികൾക്കും അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ എല്ലാ രോഗികളെയും ഒരേ രീതിയിലാകില്ല ബാധിക്കുന്നത് എങ്കിലും തണുപ്പ്, അന്തരീക്ഷത്തിലെ ഈർപ്പം, മഴക്കാലത്തെ ശാരീരികാദ്ധ്വാനക്കുറവ് എന്നീ ഘടകങ്ങൾ പലരിലും ഈ രോഗലക്ഷണങ്ങൾ കൂടാൻ കാരണമാകുന്നു.

എന്താണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം?

സന്ധികളിൽ വീക്കം, നീര്, വേദന അല്ലെങ്കിൽ പിടുത്തം എന്നിവയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് ആർത്രൈറ്റിസ്. സന്ധികളെ താങ്ങിനിർത്തുന്ന ലിഗമെന്റുകൾ, സ്നായുക്കൾ (tendons), പേശികൾ തുടങ്ങിയവയെയും ഇത് ബാധിച്ചേക്കാം. ആർത്രൈറ്റിസിന് നൂറിലധികം വകഭേദങ്ങളുണ്ടെങ്കിലും പ്രധാനമായും ഇവയെ രണ്ട് വിഭാഗങ്ങളായി തിരിക്കാം:

1. ഓട്ടോ ഇമ്മ്യൂൺ ആർത്രൈറ്റിസ് (Autoimmune Arthritis)

നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം, ആരോഗ്യമുള്ള സന്ധികളെയും കോശങ്ങളെയും ആക്രമിക്കുന്ന അവസ്ഥയാണിത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപ്പസ് (Lupus), ആങ്കൈലോസിങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, ഗൗട്ട് (Gout) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം അവസ്ഥകളിൽ വിട്ടുമാറാത്ത നീർക്കെട്ട് ഉണ്ടാകാറുണ്ട്. ചെറുപ്പക്കാരിൽ, പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

2. ഡീജെനറേറ്റീവ് ആർത്രൈറ്റിസ് (Degenerative Arthritis)

സന്ധികൾക്ക് കാലക്രമേണ സംഭവിക്കുന്ന തേയ്മാനം കാരണമാണ് ഡീജെനറേറ്റീവ് ആർത്രൈറ്റിസ് ഉണ്ടാകുന്നത്. കാൽമുട്ടുകൾ, ഇടുപ്പ്, കഴുത്ത്, നട്ടെല്ല് എന്നിവയെ ബാധിക്കുന്ന ‘ഓസ്റ്റിയോ ആർത്രൈറ്റിസ്’ (Osteoarthritis) ആണ് ഇതിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത്. പ്രായമേറുന്നത് ഇതിനൊരു പ്രധാന കാരണമാണെങ്കിലും ആധുനിക കാലത്തെ വ്യായാമമില്ലാത്ത ജീവിതശൈലി, അമിതവണ്ണം, സന്ധികളെ കൂടുതൽ ആയാസപ്പെടുത്തുന്നത്, 

അമിതമായി കായിക വിനോദങ്ങളിലേർപ്പെടുന്നത് തുടങ്ങിയ ഘടകങ്ങൾ കാരണം നേരത്തെ തന്നെ പലർക്കും സന്ധികളിൽ തേയ്മാനം സംഭവിക്കുന്നുണ്ട്.

മഴക്കാലത്ത് സന്ധിവേദന കൂടുന്നത് എന്തുകൊണ്ടാണ്?

കാലാവസ്ഥയും സന്ധിവാത ലക്ഷണങ്ങളും തമ്മിലുള്ള കൃത്യമായ ബന്ധത്തെക്കുറിച്ച് ഇപ്പോഴും ഗവേഷണങ്ങൾ നടക്കുകയാണ്. തണുപ്പ്, ഈർപ്പം, അന്തരീക്ഷ മർദ്ദത്തിലെ വ്യത്യാസങ്ങൾ എന്നിവ ചില രോഗികളിൽ വേദനയും പിടുത്തവും കൂട്ടാൻ കാരണമാകുമെന്ന് പല ശാസ്ത്രീയ നിരീക്ഷണങ്ങളും വ്യക്തമാക്കുന്നു.

1. തണുപ്പും പേശികളിലെ പിടുത്തവും

അന്തരീക്ഷം തണുക്കുമ്പോൾ, ശരീരത്തിലെ ചൂട് നഷ്ടപ്പെടാതെ നിലനിർത്താൻ നമ്മുടെ ശരീരം സ്വാഭാവികമായും ശ്രമിക്കും. ഇതിന്റെ ഫലമായി പേശികൾ ചുരുങ്ങുകയും വലിഞ്ഞുമുറുകുകയും ചെയ്യുന്നു. ഇങ്ങനെ പേശികൾ മുറുകുന്നത്, നേരത്തെ തന്നെ നീർക്കെട്ടോ കേടുപാടുകളോ ഉള്ള സന്ധികൾക്ക് ചുറ്റുമുള്ള സമ്മർദ്ദം കൂട്ടുന്നു. ഇത് സന്ധികളുടെ ചലനങ്ങളെ കൂടുതൽ വേദനാജനകമാക്കുകയും പിടുത്തം ഉണ്ടാക്കുകയും ചെയ്യുന്നു. തണുപ്പുകാലത്ത് അതിരാവിലെയാണ് പല സന്ധിവാത രോഗികൾക്കും ഈ ബുദ്ധിമുട്ട് കൂടുതലായി അനുഭവപ്പെടാറുള്ളത്.

2. അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന കുറവ്

അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ സന്ധിവാതരോഗികളിലെ ശാരീരിക അസ്വസ്ഥതകളുടെ പ്രധാനകാരണമായി പറയപ്പെടുന്നു. മഴക്കാലത്ത് അന്തരീക്ഷ മർദ്ദം പലപ്പോഴും കുറയാറുണ്ട്. ഈ മാറ്റം സന്ധികൾക്കുള്ളിൽ ചെറിയ വികാസത്തിന് കാരണമാകാം. ഇത് സംവേദനക്ഷമത തിരിച്ചറിയാൻ  സഹായിക്കുന്ന ഞരമ്പുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് രോഗികളിൽ വേദന കൂടുതൽ തീവ്രമായി അനുഭവപ്പെടാൻ കാരണമാകുന്നു.

3. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നത്

മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നത് സന്ധിവാത ലക്ഷണങ്ങളെ ബാധിച്ചേക്കാം. ഈ ഈർപ്പം ശരീരത്തിലെ രക്തക്കുഴലുകൾ, സ്വേദ ഗ്രന്ഥികൾ, വേദന അറിയാൻ സഹായിക്കുന്ന നാഡികൾ എന്നിവയെ സ്വാധീനിച്ചേക്കാം. ഇതിന്റെ കൃത്യമായ കാരണം ഇപ്പോഴും പഠനവിധേയമാണെങ്കിലും ഈർപ്പമുള്ള കാലാവസ്ഥയിൽ സന്ധികൾക്ക് ഭാരം കൂടുന്നതായും കൂടുതൽ മുറുക്കം അനുഭവപ്പെടുന്നതായും പല രോഗികളും പറയാറുണ്ട്.

4. സൈനോവിയൽ ദ്രാവകത്തിലുണ്ടാകുന്ന മാറ്റങ്ങൾ

ആരോഗ്യമുള്ള എല്ലാ സന്ധികൾക്കുള്ളിലും അവ സുഗമമായി ചലിപ്പിക്കാൻ സഹായിക്കുന്ന സൈനോവിയൽ ഫ്ലൂയിഡ് (Synovial fluid) എന്ന ദ്രാവകമുണ്ട്. യന്ത്രങ്ങളിൽ എണ്ണയെന്നപോലെ സന്ധികൾ തമ്മിൽ ഉരസുന്നത് കുറയ്ക്കാനും എളുപ്പത്തിൽ ചലിപ്പിക്കാനും ഇത് സഹായിക്കുന്നു. തണുപ്പുകാലത്ത് ഈ ദ്രാവകത്തിന്റെ കട്ടി വർദ്ധിക്കാനിടയുണ്ട്. ഇങ്ങനെ ദ്രാവകം കട്ടിയാകുമ്പോൾ സന്ധികൾക്ക് കൂടുതൽ പിടുത്തം അനുഭവപ്പെടുകയും ചലനങ്ങളിൽ ബുദ്ധിമുട്ടുളവാക്കുകയും ചെയ്യുന്നു.

5. വ്യായാമക്കുറവ്

മഴക്കാലത്ത് പലപ്പോഴും നമ്മൾ വീടിനുള്ളിൽ തന്നെ ഇരിക്കുന്നതുകൊണ്ട് ശരീരത്തിന് വേണ്ടത്ര ചലനം ലഭിക്കുന്നില്ല. വ്യായാമം കുറയുന്നത് പേശികൾക്ക് മുറുക്കം വരാനും ശരീരത്തിന്റെ വഴക്കം കുറയാനും സന്ധികൾക്ക് കൂടുതൽ പിടുത്തം അനുഭവപ്പെടാനും കാരണമാകും. സന്ധികളെ താങ്ങിനിർത്തുന്ന പേശികളുടെ ബലം കുറയാനും ഇത് ഇടയാക്കും. സന്ധികളുടെ ആരോഗ്യം നിലനിർത്താൻ ദിവസവുമുള്ള വ്യായാമം വളരെ പ്രധാനമാണ്.

6. വിറ്റാമിൻ ഡിയുടെ (Vitamin D) അപര്യാപ്തത

മഴക്കാലത്ത് വെയിൽ കുറവാകുന്നത് നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡി അപര്യാപ്തതയ്ക്ക് കാരണമാകാം. എല്ലുകളുടെ കരുത്ത്, പേശികളുടെ ആരോഗ്യം, പ്രതിരോധശേഷി, സന്ധികളുടെ ആരോഗ്യം എന്നിവയെല്ലാം നിലനിർത്താൻ വിറ്റാമിൻ ഡി അത്യാവശ്യമാണ്. ഇതിന്റെ കുറവ് ചിലരിൽ സന്ധിവേദനയും പേശിവേദനയും വർദ്ധിപ്പിക്കാൻ കാരണമാകാറുണ്ട്.

7. മഴക്കാലത്തുണ്ടാകുന്ന വൈറൽ പനികൾ (Viral Infections)

വൈറൽ പനികൾ കൂടുതലായി കാണപ്പെടുന്ന സമയമാണല്ലോ മഴക്കാലം. ചില വൈറൽ പനികൾ, പ്രത്യേകിച്ച് ചിക്കുൻഗുനിയ, കടുത്ത സന്ധിവേദനയ്ക്കും നീർക്കെട്ടിനും കാരണമാകാറുണ്ട്. ഇത് ചിലപ്പോൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള അസുഖങ്ങളുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതായിരിക്കും. ഓട്ടോ ഇമ്മ്യൂൺ ആർത്രൈറ്റിസ് ഉള്ളവരിൽ, ഇത്തരം പനികൾ വരുന്നത് അസുഖം പെട്ടെന്ന് വർദ്ധിക്കാൻ കാരണമായേക്കാം.

മഴക്കാലം എല്ലാവരെയും ഒരേ രീതിയിലാണോ ബാധിക്കുന്നത്?

മഴക്കാലത്ത് എല്ലാ സന്ധിവാത രോഗികൾക്കും ഒരുപോലെ വേദന കൂടണമെന്നില്ല. ചിലർക്ക് കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പെട്ടെന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമ്പോൾ, മറ്റു ചിലർക്ക് വലിയ വ്യത്യാസമൊന്നും തോന്നാറില്ല. ഓരോരുത്തർക്കും വേദന അനുഭവപ്പെടുന്ന രീതി, രോഗതീവ്രത, ജീവിതശൈലി, പേശികളുടെ ബലം, ഉറക്കത്തിന്റെ ഗുണനിലവാരം, മാനസിക സമ്മർദ്ദം, പൊതുവായ ആരോഗ്യം എന്നിവയെല്ലാം,  കാലാവസ്ഥ രോഗിയെ എങ്ങനെ ബാധിക്കുന്നു എന്ന് തീരുമാനിക്കുന്ന ഘടകങ്ങളാണ്.

മഴക്കാലത്ത് സന്ധിവാതം നിയന്ത്രിക്കാനുള്ള ചില ലളിതമായ വഴികൾ

കാലാവസ്ഥയെ നമുക്ക് നിയന്ത്രിക്കാനാകില്ലെങ്കിലും നമ്മുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മഴക്കാലത്തെ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

സജീവമായിരിക്കുക 

മഴയുള്ള ദിവസങ്ങളിൽ പുറത്തുപോകാൻ കഴിഞ്ഞില്ലെങ്കിലും വീടിനുള്ളിൽ തന്നെ നടക്കാനും സ്ട്രെച്ചിംഗ് വ്യായാമങ്ങളോ യോഗയോ ചെയ്യാനും ശ്രദ്ധിക്കുക. ഒരേ ഇരിപ്പിൽ അധികനേരം തുടരാതിരിക്കുക. ശരീരം എപ്പോഴും സജീവമായിരിക്കുന്നത് പേശികൾക്ക് ബലം നൽകാനും ശരീരത്തിന്റെ വഴക്കം നിലനിർത്താനും സഹായിക്കും.

ശരീരത്തിൽ ഊഷ്മാവ് നിലനിർത്തുക

ശരീരത്തിന് ആവശ്യമായ ചൂട് നൽകുന്നത് സന്ധികളിലെ പിടുത്തവും പേശികളിലെ മുറുക്കവും കുറയ്ക്കാൻ സഹായിക്കും. ഇതിനായി ഇളം ചൂടുവെള്ളത്തിൽ കുളിക്കുക, ചൂടുള്ള പാനീയങ്ങൾ കുടിക്കുക, തണുപ്പകറ്റുന്ന വസ്ത്രങ്ങൾ ധരിക്കുക, വേദനയുള്ള ഭാഗങ്ങളിൽ ചൂട് പിടിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.

മരുന്നുകൾ മുടക്കാതിരിക്കുക

മഴക്കാലത്തോ അല്ലെങ്കിൽ പനി പോലുള്ള മറ്റസുഖങ്ങൾ വരുമ്പോഴോ ചില രോഗികൾ ഡോക്ടറെ കാണാൻ മടിക്കുകയോ മരുന്നുകൾ കഴിക്കുന്നത് നിർത്തിവെക്കുകയോ ചെയ്യാറുണ്ട്. ഇത് നീർക്കെട്ട് കൂടാനും സന്ധിവാതം വഷളാകാനും കാരണമാകും. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരിക്കലും മരുന്നുകൾ നിർത്തരുത് എന്ന കാര്യം എപ്പോഴും ഓർമ്മയുണ്ടാകണം.

വീടിനുള്ളിലെ വീഴ്ചകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക

മഴക്കാലത്ത് തെന്നി വീഴാനുമുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പ്രായമായ സന്ധിവാത രോഗികൾക്ക് ഇത് ഏറെ അപകടകരമാണ്. അതിനാൽ സുരക്ഷയ്ക്കായി വീടിനുള്ളിലെ തറ എപ്പോഴും നനവു തട്ടാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക, ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കുക, വീട്ടിൽ നടക്കുന്ന ഭാഗങ്ങളിൽ തട്ടി വീഴാൻ സാധ്യതയുള്ള സാധനങ്ങൾ ഉണ്ടെങ്കിൽ അവ മാറ്റി വെയ്ക്കുക, വീടിനുള്ളിൽ സുരക്ഷിതമായ, മൃദുവായ ചെരിപ്പുകൾ ഉപയോഗിക്കുക.

പ്രതിരോധശേഷി നിലനിർത്തുക

മഴക്കാലത്ത് പനിയും അണുബാധകളും വരാതിരിക്കാൻ നല്ല ഉറക്കവും  പോഷകസമൃദ്ധമായ ഭക്ഷണവും വേണം. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിൽ മതിയായ ജലാംശം നിലനിർത്തുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

സന്ധികളിൽ വിട്ടുമാറാത്ത നീർക്കെട്ട്, രാവിലെ എഴുന്നേൽക്കുമ്പോൾ അര മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന കോച്ചിപ്പിടുത്തം, സന്ധികൾ ചലിപ്പിക്കാൻ ബുദ്ധിമുട്ട്, സന്ധിവേദനയോടൊപ്പമുള്ള പനി, കടുത്ത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത്  നിസ്സാരമായി കാണരുത്. തുടക്കത്തിൽ തന്നെ അസുഖം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുന്നത് സന്ധികൾക്ക് ഭാവിയിലുണ്ടാകുന്ന വലിയ കേടുപാടുകൾ തടയാനും ബുദ്ധിമുട്ടുകളില്ലാത്ത ജീവിതം നയിക്കാനും സഹായിക്കും.

മഴക്കാലത്ത് സന്ധിവാതത്തെ എങ്ങനെ നേരിടാം?

വർഷക്കാലത്ത് സന്ധിവേദന കൂടുന്നു എന്നത് വെറും തോന്നലല്ല, അത് യാഥാർത്ഥ്യമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പല സന്ധിവാത രോഗികളിലും വേദനയും അസ്വസ്ഥതകളും വർദ്ധിപ്പിക്കാറുണ്ട്. തണുപ്പ്, ഈർപ്പം, വ്യായാമക്കുറവ്, വിറ്റാമിൻ ഡിയുടെ കുറവ്, അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകാം.

കൃത്യമായ ചികിൽസ, ചിട്ടയായ വ്യായാമം, ശരീരത്തിൽ ആവശ്യമായ ഊഷ്മാവ് നിലനിർത്തുക, ആരോഗ്യകരമായ ജീവിതശൈലി, സമയബന്ധിതമായ ചികിത്സ എന്നിവയിലൂടെ മഴക്കാലത്തും സന്ധിവാതത്തിന്റെ ബുദ്ധിമുട്ടുകൾ ഫലപ്രദമായി നേരിടാൻ സാധിക്കും. പ്രയാസങ്ങൾ കുറയുന്നില്ലെങ്കിൽ, അത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ, ശരിയായ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ഒരു റുമറ്റോളജിസ്റ്റിനെ (Rheumatologist) കാണേണ്ടത് അനിവാര്യമാണ്.

Related News

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...

മെയ്‌ 18, 2026 10:55 pm
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച...

മെയ്‌ 18, 2026 10:51 pm
ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ആധുനിക ജീവിതരീതിയും രക്താതിമർദ്ദവും തമ്മിലുള്ള ശാസ്ത്രീയ ബന്ധം മനസ്സിലാക്കാം ബ്ളഡ് പ്രഷർ അഥവാ രക്തസമ്മർദ്ദത്തിലെ ഉയർച്ചതാഴ്ച്ചകൾക്ക് അടിസ്ഥാനമായ കാരണങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ജീവിതശൈലിയുടെ സ്വാധീനം. പനിയോ തലവേദനയോ...

മെയ്‌ 17, 2026 11:37 pm
രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

ലോകത്ത് സർവ്വസാധാരണമായി കണ്ടുവരുന്നതും എന്നാൽ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പർടെൻഷൻ (Hypertension) അഥവാ അമിത രക്തസമ്മർദ്ദം. പൊതുവെ ലക്ഷണങ്ങൾ പ്രകടമാക്കാതെ ആന്തരികതലത്തിൽ നിശബ്ദമായി...

മെയ്‌ 17, 2026 11:32 pm
Top
Subscribe