അമ്മയാകാൻ ഒരുങ്ങാം അല്ലലില്ലാതെ

അമ്മയാകാൻ ഒരുങ്ങാം അല്ലലില്ലാതെ

അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

അമ്മയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളിൽ ഒരുപോലെ ആനന്ദവും ആശങ്കയും ഉടലെടുക്കാറുണ്ട്. ആരോഗ്യമുള്ള കുഞ്ഞു വേണമെന്ന മോഹത്തോടൊപ്പം തന്നെ ഗർഭകാലത്തും പ്രസവസമയത്തും ഉണ്ടാകാൻ ഇടയുള്ള സങ്കീർണ്ണതകൾ മനസ്സിലെത്തുമ്പോൾ, പലരും ഭീതിയിലാകും.  ഗർഭിണിയാകാൻ തയ്യാറെടുക്കുമ്പോൾത്തന്നെ  സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ അത് അമ്മക്കും കുഞ്ഞിനും ഏറെ ഗുണം ചെയ്യും. ആശങ്കകൾ ഒഴിവാക്കി കുഞ്ഞിനെ സന്തോഷത്തോടെ വരവേൽേക്കാനുമാകും.  

പാകപ്പെടുത്താം മനസ്സും ശരീരവും

ജീവിതത്തിലേക്ക് കുഞ്ഞതിഥിയെ വരവേൽക്കാൻ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യമുള്ള സ്ത്രീയാണെങ്കിൽക്കൂടി, ഗർഭധാരണത്തിന് മുമ്പ് തന്നെ ഡോക്ടറെ കാണേണ്ടതും അവശ്യ പരിശോധനകൾ നടത്തേണ്ടതുമാണ്. പ്രകടമാകാത്ത എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് ആരോഗ്യം ഉറപ്പുവരുത്തിയാൽ ഗർഭാവസ്ഥയിലും പ്രസവ സമയത്തും ഉണ്ടായേക്കാവുന്ന പല പ്രശ്നങ്ങളെയും അകറ്റിനിർത്താൻ കഴിയും .  നേരത്തെ വന്ന എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവരാണങ്കിൽ ഗർഭധാരണത്തിനു മുമ്പു തന്നെ അക്കാര്യം ഗൈനക്കോളജിസ്റ്റുമായി ചർച്ച ചെയ്ത്  വേണ്ട ഉപദേശം തേടുന്നത് നല്ലതാണ് . ഗർഭകാലത്തും പ്രസവസമയത്തുമുണ്ടായേക്കാവുന്ന സങ്കീർണ്ണതകൾ ഒഴിവാക്കാൻ അത് സഹായയകമാകും . 

ഒരുക്കങ്ങൾ എങ്ങനെ 

ഗർഭധാരണം പ്ളാൻ ചെയ്താൽ വൈകാതെ തന്നെ ഡോക്ടറെ കാണണം. ഫോളിക് ആസിഡ് , അയേൺ ഗുളികകൾ തുടങ്ങിയവ  ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കഴിക്കുന്നത് കുഞ്ഞിൻറെ ബുദ്ധിവളർച്ചക്ക് അവശ്യം വേണ്ടതാണ്. ഗർഭിണിയാകുന്നതിന് മൂന്ന് മാസം മുൻപ് മുതൽ പോഷക ഗുളികകൾ  കഴിക്കണം. കുഞ്ഞിന് വേണ്ടി പ്ളാനിംഗ്  ഇല്ലാതെയാണ് ഗർഭധാരണം   എങ്കിൽ,  ഗർഭിണിയാണെന്ന് അറിഞ്ഞയുടനെ തന്നെ ഗൈനക്കോജിസ്റ്റിനെ കണ്ട്  ഗുളികകൾ കഴിച്ടുതുടങ്ങാം . 

പ്രമേഹം ബി പി, തൈറോയ്ഡ് തുടങ്ങിയ  രോഗങ്ങൾ ഉണ്ടോ എന്ന്  കണ്ടെത്തി ചികിൽസിക്കുന്നതും പ്രധാനമാണ്. അമ്മയാകാൻ  ഒരുങ്ങുന്നിൻറെ ആദ്യപടിയായി ഡോക്ടറെ കാണുമ്പോൾത്തന്നെ, രക്ത പരിശോധന ഉൾപ്പെടെയുള്ള ടെസ്റ്റുകൾ ചെയ്യേണ്ടിവരും. 

പാരമ്പര്യമായി എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ , ഗർഭകാലത്ത് പ്രത്യേക ശ്രദ്ധ വേണം . ആസ്ത്മ, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ , പൊണ്ണത്തടി തുടങ്ങിയ ബുദ്ധിമുട്ടുകൾ നിയന്ത്രണത്തിലാക്കിയ ശേഷം ഗർഭിണിയാകുന്നതാവും ഉചിതം. ഇക്കാര്യങ്ങളെല്ലാം ഗർഭധാരണത്തിന് മുമ്പുതന്നെ  വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധനക്ക് വിധേയമാവുന്നതിലൂടെ അറിയാനും ക്രമീകരിക്കാനും സാധിക്കും.

ആർത്തവ ചക്രവും ഓവുലേഷനും ക്രമരഹിതമാണെങ്കിൽ , അവ ക്രമപ്പെടുത്തുന്നത്  ഗുണകരമാവും.

ശരീരത്തെ ഒരുക്കിയെടുക്കാം 

ആരോഗ്യമുള്ള ശരീരവും മനസ്സും ജനിക്കാനിരിക്കുന്ന  കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ അനിവാര്യമാണ്. അലസമായ ജീവിതശൈലിയോ അല്ലെങ്കിൽ ഏറെ തിരക്കുപിടിച്ച ജീവിതരീതികളോ  ആണെങ്കിൽ, അതിനെല്ലാം മാറ്റം വരുത്തേണ്ട സമയമാണിത്.  

വ്യായാമം ശീലമാക്കാം

ഗർഭാവസ്ഥയിലും പ്രസവസമയത്തും ഉണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ശരീരത്തെ  സജ്ജമാക്കുന്നത്, സങ്കീർണ്ണതകൾ കുറയ്ക്കാൻ സഹായിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് കഠിനമല്ലാത്ത മിക്കവാറും  വ്യായാമമുറകൾ  ഗർഭകാലത്തും തുടരാനാകും. വ്യായാമം ചെയ്ത് ശീലിക്കാത്തവർക്കും ഗർഭിണിയാകാൻ ഒരുങ്ങുന്ന സമയത്ത് വ്യായാമം പരിശീലിച്ച് തുടങ്ങാം. മുപ്പത് മിനിറ്റ് വീതം ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമത്തന് മാറ്റിവെക്കണം. ഗർഭിണിയായ ശേഷം ഏതെല്ലാം വ്യായാമങ്ങൾ എത്ര തവണ വീതം ചെയ്യണം എന്നത് ഓരോരുത്തരുടേയും ശാരീരിക അവസ്ഥയെ ആശ്രയിച്ചിരിക്കും. ശരീരസ്ഥിതി അനുസരിച്ച്  വ്യായാമം എങ്ങനെ , ഏതളവ് വരെ ആകാമെന്നും ഡോക്ടർ നിർദ്ദേശിക്കും.   വ്യായാമം എല്ലുകൾക്കും ശരീരപേശികൾക്കും ഉറപ്പ് നൽകാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറെ നല്ലതാണ്. 

ദുശ്ശീലങ്ങൾ ഒഴിവാക്കാം

കഫീൻ അടങ്ങിയ പാനീയങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ചായ, കാപ്പി,  സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പരിമിതപ്പടുത്തണം .  മദ്യപാനം , പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ അത് അമ്മയാകാൻ ഒരുങ്ങും മുമ്പേ ഉപേക്ഷിക്കണം. പുകവലിക്കുന്ന വ്യക്തികളുമായി അടുത്തിട പഴകുന്നതും ദോഷം ചെയ്യും എന്നതതിനാൽ പാസീവ് സ്മോക്കിംഗിൻറെ പ്രത്യാഘാതം ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. 

എണ്ണയും കൊഴുപ്പും അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണവും ജങ്ക് ഫുഡും കഴിയുന്നത്ര വേണ്ടെന്നു വെക്കുന്നത് അമ്മയുടേയും കുഞ്ഞിൻറെയും  ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണ കാര്യത്തിൽ കൃത്യനിഷ്ഠ പുലർത്തുന്നവരിൽ അൾസർ , ദഹനക്കേട് പോലുള്ള ബുദ്ധിമുട്ടുകൾ കാണാറില്ല. ഗർഭിണിയാകുന്നതിന് മുൻപ് തന്നെ ആഹാരം , ജോലി, വിശ്രമം, ഉറക്കം തുടങ്ങിയ കാര്യങ്ങളിൽ ചിട്ട വരുത്തുകയും ഗർഭധാരണത്തിന് ശേവും അതേ ചിട്ടയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും  ചെയ്യുന്നത് പല ശാരീരിക അസ്വസ്ഥതകളേയും അകറ്റി നിർത്താൻ സഹായിക്കും.       

പോഷകാഹാരം പ്രധാനം

ഗർഭിണിയാകുന്നതിന് മുൻപ് തന്നെ പോഷകാഹാരം ശീലമാക്കണം. ആവശ്യമുള്ള പോഷകങ്ങൾ ശരീരത്തിലെത്തുന്നുണ്ടോയെന്ന് ശ്രദ്ധിച്ച് ഭക്ഷണത്തിൽ  മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും എന്നും ഭക്ഷണത്തിലുണ്ടാവണം. 

ദിവസവും ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്താൻ അത്യാവശ്യമാണ്. പ്രോട്ടീനും കാൽസ്യവും  അടങ്ങിയ ആഹാരം, സാലഡ് , പഴങ്ങൾ എന്നിവ ദിവസവും കഴിക്കണം. കൃത്രിമ നിറങ്ങൾ കലർത്തിയ സിന്തറ്റിക് ഫുഡ് വേണ്ട എന്നുതന്നെ തീരുമാനിക്കാം. 

അമിതവണ്ണമുള്ള സ്ത്രീകൾ ശരീരഭാരം ക്രമീകരിച്ച ശേഷം മാത്രം കുഞ്ഞിനു വേണ്ടി പ്ളാൻ ചെയ്യുന്നത് ഗർഭകാലത്തെ പല സങ്കീർണ്ണതകളും ഒഴിവാക്കാൻ സഹായിക്കും.      

സ്ട്രെസ് മാറ്റി സന്തോഷം  നിറയ്ക്കാം

അമ്മയാകാൻ ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് മാനസിക സമ്മർദ്ദം ഒഴിവാക്കുക എന്നത്. സ്ട്രെസ് നിറഞ്ഞ ജീവിത സാഹചര്യങ്ങളാണ് ഉള്ളതെങ്കിൽ സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ തേടണം. വ്യായാമവും വേണ്ടത്ര ഉറക്കവും ഉറപ്പു വരുത്തുന്നതിനോടൊപ്പം  മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാം. അതിയായ മാനസിക സമ്മർദ്ദം, ജനിക്കാനിരിക്കുന്ന കുഞ്ഞിൻറെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും എന്ന കാര്യം ഓർമ്മ വേണം. സ്ട്രെസ് നൽകുന്ന കാര്യങ്ങളിൽ നിന്നകന്നു നിൽക്കുന്നതോടൊപ്പം തന്നെ മനസ്സിൽ ഊർജം നിറയ്ക്കാനുതകുന്ന ഹോബികൾക്കായി സമയം കണ്ടെത്തണം. 

ആരോഗ്യമുള്ള കുഞ്ഞു വേണമെന്ന ആഗ്രഹം സാക്ഷാത്ക്കരിക്കാൻ ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ  മാനസികമായും ശാരീരികമായും തയ്യാറടുക്കാം . കുഞ്ഞിനെ വരവേൽക്കാൻ  മാനസികമായ ഒരുക്കങ്ങൾ അമ്മയോടൊപ്പം അച്ഛനും നടത്തുകയും വീട്ടിൽ സന്തോഷമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും വേണം.  ആരോഗ്യമുള്ള അമ്മയും  കുഞ്ഞും എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഈ മുന്നൊരുക്കങ്ങൾ സഹായിക്കും എന്ന കാര്യത്തിൽ സംശമമില്ല. 

References :
How to Prepare for Pregnancy
Steps to take before you get pregnant
A 30-Day Guide to Prepare Your Body for Pregnancy

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യത്യസ്ത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യത്യസ്ത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe