ആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം
എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന ഇങ്ങനെ കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ശരിക്കും ഗുണകരമായ രീതിയിൽത്തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമ്മളിൽ ഭൂരിഭാഗവും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.
ജീവിതത്തിരക്കുകൾക്കിടയിൽ പലർക്കും ഭക്ഷണം എന്നത് തികച്ചും യാന്ത്രികമായ ഒരാവർത്തനമായി മാറിയിരിക്കുന്നു. ഒന്നുകിൽ കഴിച്ചെന്നു വരുത്താനായി പ്രഭാതഭക്ഷണം, ചിലപ്പോഴൊക്കെ അതിനുപോലും നേരമുണ്ടാകില്ല. ജോലികൾ ചെയ്യുന്നതിനിടയിൽ എങ്ങനെയെങ്കിലും കഴിച്ചുതീർക്കുന്ന ഉച്ചഭക്ഷണം. പിന്നെ തിരക്കുകളെല്ലാം കഴിഞ്ഞ് രാത്രി ഏറെ വൈകി അത്താഴം.
ചില ദിവസങ്ങളിൽ നമ്മളെ ആഹാരം കഴിക്കാൻ പ്രേരിപ്പിക്കുന്നത് വിശപ്പാകില്ല, കൊതിയോ മാനസിക സമ്മർദ്ദമോ അല്ലെങ്കിൽ എളുപ്പത്തിൽ കിട്ടുന്ന എന്തെങ്കിലും കൊണ്ട് തൃപ്തിപ്പെടാമെന്ന തോന്നലോ ആയിരിക്കും ഭക്ഷണം കഴിക്കുന്നതിന് പിന്നിൽ.
ഇങ്ങനെ തുടർന്നാലെന്താ കുഴപ്പം എന്ന ധാരണ പൊതുവെ എല്ലാവർക്കുമുണ്ടാകാം. പക്ഷെ, അങ്ങനെ തുടരുന്നതിനിടയിൽ ക്രമേണ നമ്മുടെ ആരോഗ്യത്തിൽ ചില വ്യത്യാസങ്ങൾ അനുഭവപ്പെട്ടു തുടങ്ങും.
അകാരണമായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നു.
പകൽ സമയങ്ങളിൽ ഊർജ്ജമെല്ലാം ചോർന്നുപോകുന്ന അവസ്ഥ വരുന്നു.
ദഹനപ്രശ്നങ്ങൾ ഉടലെടുക്കുന്നു.
ഉറക്കം പോലും തടസ്സപ്പെടാൻ തുടങ്ങുന്നു.
ഈ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ അവഗണിക്കാനെളുപ്പമാണ്. പക്ഷേ ഈ ശാരീരികമാറ്റങ്ങൾ വെറുതെ സംഭവിക്കുന്നതല്ല. ആരോഗ്യം ശ്രദ്ധിക്കാതെ മുന്നേറുമ്പോൾ ശരീരം തരുന്ന മറുപടിയാണിവയെല്ലാം.
ആരോഗ്യകരമായ ഭക്ഷണമെന്നാൽ
നല്ല ഭക്ഷണം കഴിക്കുക എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് എണ്ണയുടെ ഉപയോഗം കുറയ്ക്കുക, കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക, മധുരം ഒഴിവാക്കുക തുടങ്ങിയ പൊതുവായ ചില കാര്യങ്ങളാണ്. വാസ്തവത്തിൽ, എന്ത് കഴിക്കുന്നു എന്ന കാര്യത്തിൽ മാത്രം ഒതുക്കിക്കളയേണ്ടതല്ല സമഗ്രമായ ആരോഗ്യം.
എത്രത്തോളം കൃത്യമായി കഴിക്കുന്നു, എത്രമാത്രം ശ്രദ്ധയോടെ കഴിക്കുന്നു, ശരീരത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞ് കഴിക്കുന്നുണ്ടോ എന്നതിനെക്കൂടി ആശ്രയിച്ചാണ് ആരോഗ്യം ഉണ്ടാകുക.
ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പോഷകങ്ങളുടെ താളക്രമം അത്യാവശ്യമാണ്:
ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ കാർബോഹൈഡ്രേറ്റുകൾ,
കോശങ്ങളുടെ വളർച്ചയ്ക്കും കേടുപാടുകൾ തീർക്കുന്നതിനും പ്രോട്ടീനുകൾ,
ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് കൊഴുപ്പ് (Fats), രോഗപ്രതിരോധ ശേഷി മുതൽ തലച്ചോറിന്റെ ആരോഗ്യം വരെ സംരക്ഷിക്കാൻ സൂക്ഷ്മ പോഷകങ്ങൾ (Micronutrients)- ഇങ്ങനെ ക്രമീകൃതമായ ആഹാരശൈലി പിന്തുടരേണ്ടത് ആരോഗ്യം കാത്തുസൂക്ഷിക്കാൻ അനിവാര്യമാണ്.
ഭക്ഷണം കഴിക്കുന്നതിൽ കൃത്യതയില്ലാതാവുകയോ പോഷകങ്ങൾ ഇല്ലാത്ത ആഹാരം കഴിക്കുകയോ ചെയ്യുമ്പോൾ, ശരീരം പെട്ടെന്ന് പ്രതികരിക്കണമെന്നില്ല.
പതുക്കെ പതുക്കെ ശരീരം ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ തുടങ്ങും — ആ മാറ്റങ്ങൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാകുകയുമില്ല.
ആരോഗ്യം അവതാളത്തിലാക്കുന്ന ശീലങ്ങൾ
നമ്മുടെ ശരീരം ഒരു നിശ്ചിത താളത്തിലാണ് പ്രവർത്തിക്കുന്നത്.
ഉറക്കം, ഹോർമോണുകൾ, ദഹനം, ഉപാപചയ പ്രവർത്തനം (Metabolism) എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ശരീരത്തിനുള്ളിലെ ഈ ജൈവതാളമാണ്.
നമ്മൾ ഇടയ്ക്കിടെ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നാൽ, അതായത്, ഒരു ദിവസം ഭക്ഷണം ഒഴിവാക്കുക, അടുത്ത ദിവസം അമിതമായി കഴിക്കുക, രാത്രി വൈകി ആഹാരം കഴിക്കുക എന്നിങ്ങനെയുള്ള ശീലങ്ങൾ ശരീരത്തിന്റെ സ്വാഭാവിക താളത്തെ അവതാളത്തിലാക്കും.
ആദ്യമൊന്നും ഇത് ശ്രദ്ധയിൽപ്പെട്ടെന്നു വരില്ല. പക്ഷേ കുറച്ചു നാൾ കഴിയുമ്പോൾ അത് ചില ലക്ഷണങ്ങളായി പുറത്തുവരും:
അസമയത്തുള്ള വിശപ്പ്
പെട്ടെന്നുണ്ടാകുന്ന തളർച്ച
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
ദഹനസംബന്ധമായ അസ്വസ്ഥതകൾ
വളരെ ലളിതമായ ഒരു രീതി പിന്തുടരുന്നതിലൂടെ നമുക്കിത് പരിഹരിക്കാം. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക, ദഹനത്തിന് ആവശ്യമായ സമയം നൽകുക, പോഷകഗുണമുള്ള ആഹാരം തിരഞ്ഞെടുക്കുക — ഇവയെല്ലാം ശരീരത്തിന്റെ സ്വാഭാവികതാളം വീണ്ടെടുക്കാൻ സഹായിക്കും.
ശരീരം അതിന്റെ ശരിയായ താളത്തിലാകുമ്പോൾ, ആരോഗ്യവും ഉന്മേഷവും തനിയെ വന്നുചേരും.
ഭക്ഷണത്തിന്റെ സമയം തെറ്റുമ്പോൾ, ദഹനത്തിന്റെ താളവും തെറ്റുന്നു. ക്രമേണ, അത് എപ്പോൾ എങ്ങനെ പ്രവർത്തിക്കുമെന്ന് പറയാനാകാത്ത അവസ്ഥയിലായിത്തീരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ വീർത്തതുപോലെ (Bloating) തോന്നാം.
അല്ലെങ്കിൽ വയറിന് ഭാരമോ, പറഞ്ഞറിയിക്കാൻ പറ്റാത്ത അസ്വസ്ഥതയോ അനുഭവപ്പെടാം. ഈ അസ്വസ്ഥതകൾക്ക് ഉത്തരം തേടുമ്പോൾ എന്തുകഴിച്ചു എന്നതുമാത്രമല്ല ചിന്തിക്കേണ്ടത്. ആഹാരശീലങ്ങളിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ ശരീരം കഷ്ടപ്പെടുന്നത് കൊണ്ടാണിങ്ങനെ അനുഭവപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.
കൃത്യസമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോൾ ദഹനവ്യവസ്ഥ മികച്ച രീതിയിൽ പ്രതികരിക്കുന്നു. ദഹനം സുഗമമാവുകയും ശരീരം കൂടുതൽ ഉന്മേഷമുള്ളതായി മാറുകയും ചെയ്യും. വെറുമൊരു ശാരീരിക മാറ്റം മാത്രമല്ല, മൊത്തത്തിലുള്ള ഒരു പോസിറ്റീവ് എനർജി നമുക്കനുഭവപ്പെടും.
വയറു നിറഞ്ഞാലും തീരാത്ത വിശപ്പ്!
പലരും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും എപ്പോഴും തളർച്ച അനുഭവപ്പെടാറുണ്ട്. ആവശ്യമായ അളവിൽ ആഹാരം കഴിക്കുന്നുണ്ടാകാം, പക്ഷേ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങൾ അതിൽ ഉണ്ടാകണമെന്നില്ല. ഇരുമ്പ് (Iron), വിറ്റാമിൻ B12, വിറ്റാമിൻ D, പ്രോട്ടീൻ എന്നിവയുടെ കുറവ് തുടക്കത്തിൽ നമ്മൾ അറിയണമെന്നില്ല.
കാലക്രമേണ, ശരീരം ചില സൂചനകൾ നൽകിത്തുടങ്ങും:
എത്ര വിശ്രമിച്ചാലും മാറാത്ത ക്ഷീണം
ഇടയ്ക്കിടെയുണ്ടാകുന്ന അസുഖങ്ങൾ
കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
മുടികൊഴിച്ചിൽ അല്ലെങ്കിൽ അമിതമായ തളർച്ച
നല്ലൊരു ഭക്ഷണക്രമം (Diet Plan) എന്നതുകൊണ്ട് ലക്ഷ്യമാക്കേണ്ടത് ഇഷ്ടമുള്ള ആഹാരം തോന്നുമ്പോൾ കഴിക്കുക എന്നല്ല. ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ട പോഷകങ്ങൾ നൽകാൻ കഴിയുന്ന തരത്തിലുള്ള ആഹാരം നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുമ്പോഴാണ് അത് ആരോഗ്യദായകമായ ആഹാരക്രമമാകുന്നത്.
ദൈനംദിനജീവിതത്തെ ആഹാരം സ്വാധീനിക്കുന്നതെങ്ങനെ?
ചില ദിവസങ്ങളിൽ നമുക്ക് നല്ല ഉന്മേഷവും ഊർജ്ജവും അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കാനും കഴിയും. എന്നാൽ മറ്റു ചില ദിവസങ്ങളിൽ ഒന്നിനും ഒരുഷാറില്ലാത്ത പോലെ തോന്നും. ശരീരത്തിന് ഭാരം അനുഭവപ്പെടും. കാര്യങ്ങളെല്ലാം മന്ദഗതിയിലായ പോലെ. ശരീരം ആ ദിവസം എങ്ങനെയാണ് പ്രവർത്തിച്ചത് എന്നതിനെ ആശ്രയിച്ചാണ് ഈ മാറ്റത്തിൻ്റെ കാരണവും ഉണ്ടാകുക.
ക്രമരഹിതമായ ഭക്ഷണരീതി പെട്ടെന്നുള്ള തളർച്ചയ്ക്കും മൂഡ് മാറ്റങ്ങൾക്കും (Mood Swings) മാനസികമായ ക്ഷീണത്തിനും കാരണമായേക്കാം. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നത് ശരീരത്തിന് ഒരുപോലെ ഊർജ്ജം നൽകാനും ജോലിയിലും മറ്റും കൂടുതൽ സജീവമായിരിക്കാനും സഹായിക്കുന്നു.
ഹോർമോണുകളും ഭക്ഷണവും തമ്മിലുള്ള ബന്ധം
ശരീരത്തിലെ ഹോർമോണുകളെ അത് എങ്ങനെ ബാധിക്കുന്നു എന്നതാണ് നമ്മൾ അധികം ശ്രദ്ധിക്കാത്ത മറ്റൊരു പ്രധാന കാര്യം.
വിശപ്പ്, ക്ഷീണം, മാനസിക സമ്മർദ്ദം (Stress), ഉപാപചയ പ്രവർത്തനം (Metabolism), ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്- ഇക്കാര്യങ്ങളെയെല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകളെ സ്വാധീനിക്കാൻ നമ്മുടെ ആഹാരശീലത്തിന് കഴിയും.
നമ്മൾ ഭക്ഷണം ഒഴിവാക്കുമ്പോഴോ അല്ലെങ്കിൽ കൃത്യസമയത്ത് കഴിക്കാതിരിക്കുമ്പോഴോ, ശരീരം അതിനെ ഒരുതരം സമ്മർദ്ദമായാണ് കണക്കാക്കുന്നത്. കാലക്രമേണ, ഇത് ശരീരം എങ്ങനെ ഊർജ്ജം സൂക്ഷിച്ചു വെക്കുന്നു എന്നതിനെയും വിശപ്പിനോടുള്ള പ്രതികരണത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ദോഷകരമായി ബാധിച്ചേക്കാം.
ഭക്ഷണക്രമം കേവലം ശരീരഭാരം കുറയ്ക്കാൻ മാത്രമുള്ളതല്ല എന്ന് പറയുന്നത് അതുകൊണ്ടാണ്. ശരീരത്തിന്റെ ആന്തരികമായ പ്രവർത്തനം എത്രത്തോളം കൃത്യമാണെന്നതിനെക്കൂടി അടിസ്ഥാനമാക്കിയാണ് ആരോഗ്യം തിട്ടപ്പെടുത്താനാകുക.
തിരിച്ചറിവ് പ്രധാനം
ഒരു ഡയറ്റ് പ്ലാൻ പിന്തുടരുക എന്ന് പറഞ്ഞാൽ എല്ലാ ദിവസവും നൂറു ശതമാനം കൃത്യത പാലിച്ച് ആഹാരം കഴിക്കണം എന്നല്ല അർത്ഥം.
എല്ലായ്പ്പോഴും കഠിനമായ നിയന്ത്രണങ്ങളോടെയും അമിതശ്രദ്ധ നൽകിയും ജീവിക്കണം എന്നുള്ളതുമല്ല ലക്ഷ്യം. യഥാർത്ഥത്തിൽ, ഇതൊരു തിരിച്ചറിവാണ്.
നിങ്ങൾ എപ്പോഴൊക്കെയാണ് ഭക്ഷണം ഒഴിവാക്കുന്നത് എന്ന് ശ്രദ്ധിക്കുക.
ഓരോ ഭക്ഷണവും കഴിച്ചു കഴിയുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കുക.
ഏത് ഭക്ഷണരീതിയാണ് നിങ്ങൾക്ക് ഊർജ്ജം നൽകുന്നതെന്നും ഏതാണ് നിങ്ങളെ തളർത്തുന്നതെന്നും തിരിച്ചറിയുക.
ഒരു നേരം കഴിക്കുന്ന ആഹാരം കൊണ്ട് മാത്രം ഉണ്ടാകുന്ന ഒന്നല്ല ആരോഗ്യം. ഓരോ ദിവസവും നമ്മൾ നടത്തുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെയും ഏതുതരം ആഹാരം തെരഞ്ഞെടുക്കുന്നു എന്നതുമനുസരിച്ചാണ് അത് രൂപപ്പെടുന്നത്.
എല്ലാവർക്കുമായി ഒരൊറ്റ പ്ളാൻ പ്രായോഗികമല്ല
ശാരീരിക പ്രത്യേകതകൾ അനുസരിച്ച് ഓരോ വ്യക്തിയുടെയും ആഹാരക്രമവും വ്യത്യസ്തമാകും. ആരോഗ്യകരമെന്ന് തോന്നി കഴിക്കുന്ന പലതും നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായിരിക്കില്ല. ഇവിടെയാണ് ശരിയായ മാർഗനിർദ്ദേശം പ്രസക്തമാകുന്നത്.
പൊതുവായ ഉപദേശങ്ങൾ കേട്ട് അത് പിന്തുടരുന്നതിന് പകരം, നിങ്ങൾക്ക് അനുയോജ്യമായ രീതികൾ കണ്ടെത്താൻ വിദഗ്ദ്ധ നിർദ്ദേശങ്ങൾ വഴികാട്ടിയാകും. നിങ്ങളുടെ ശരീരത്തിൻ്റെ പോഷകാവശ്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ ഇതു സഹായിക്കും.
സന്തുലിതമാക്കാം ആഹാരവും ആരോഗ്യവും
സങ്കീർണ്ണമായ മാറ്റങ്ങളോ കുറച്ചു കാലത്തേക്ക് മാത്രമുള്ള ഡയറ്റുകളോ ഉദ്ദേശിച്ച ഫലം നൽകണമെന്നില്ല. സ്ഥിരതയുള്ളതും സമീകൃതവുമായ പോഷണമാണ് നമുക്കാവശ്യം.
അങ്ങനെ ഒരാഹാരക്രമം ശീലമാക്കുമ്പോൾ അതിൻ്റെ പ്രതിഫലനം നമ്മുടെ മനസ്സിലും ശരീരത്തിലും ദൃശ്യമാകും. നമ്മുടെ ഊർജ്ജത്തിലും ആരോഗ്യത്തിലും ചിന്തകളിലെ വ്യക്തതയിലും അങ്ങനെ ജീവിതത്തിലും അതു പ്രതിഫലിക്കും.
References




