മദ്യപിച്ചില്ലെങ്കിലും ഫാറ്റി ലിവറുണ്ടാകുമോ? ചെറുപ്പക്കാരിൽ ഈ രോഗം കൂടുന്നതിന്റെ കാരണങ്ങൾ

മദ്യപിച്ചില്ലെങ്കിലും ഫാറ്റി ലിവറുണ്ടാകുമോ? ചെറുപ്പക്കാരിൽ ഈ രോഗം കൂടുന്നതിന്റെ കാരണങ്ങൾ

ഒരുകാലത്ത് മധ്യവയസ്ക്കരിലും അല്ലെങ്കിൽ വർഷങ്ങളോളം മദ്യപിക്കുന്നവരിലും മാത്രം കണ്ടുവന്നിരുന്ന അസുഖമായിരുന്നു ഫാറ്റി ലിവർ. എന്നാലിന്ന്, ഒട്ടും മദ്യപിക്കാത്ത, 20-30 വയസ്സുമാത്രമുള്ള യുവാക്കളിൽ പോലും ഫാറ്റി ലിവർ രോഗം വ്യാപകമായി കണ്ടുവരുന്നു.

മദ്യപാനം മൂലമല്ലാതെ കരളിൽ കൊഴുപ്പ് അടിയുന്ന ഈ അവസ്ഥ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നാണ് അറിയപ്പെടുന്നത്. ലോകമെമ്പാടും അതിവേഗം വർധിച്ചുവരുന്ന ആരോഗ്യ പ്രശ്നമായി ഇത് മാറിയിരിക്കുന്നു. രക്തപരിശോധനയോ സ്കാനിംഗോ നടത്തുന്നത് വരെ തങ്ങൾക്ക് ഇങ്ങനെയൊരു രോഗമുണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം,.

ഇന്നത്തെ ചെറുപ്പക്കാരുടെ കരളിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? നമുക്ക് പരിശോധിക്കാം.

എന്താണ് എൻ എ എഫ് എൽ ഡി? മദ്യപിക്കാതെ കരളിൽ എങ്ങനെ കൊഴുപ്പുണ്ടാകുന്നു?

മദ്യപിക്കുന്ന ശീലമില്ലാത്തവരിലോ അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം മദ്യം ഉപയോഗിക്കുന്നവരിലോ, കരളിലെ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ജോലികൾ ചെയ്യുന്നത് കരളാണ്. അതായത്, 

  • മെറ്റബോളിസം (Metabolism)
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിർത്തുന്നു
  • ശരീരത്തിലെ കൊഴുപ്പിനെ സംസ്കരിക്കുന്നു
  • രക്തത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു (Detoxification)

എന്നാൽ കരളിന് താങ്ങാവുന്നതിലും അധികം ജോലിഭാരം വരുമ്പോൾ (പ്രത്യേകിച്ച് അമിതമായ അന്നജവും കൊഴുപ്പും ശരീരത്തിലെത്തുമ്പോൾ), കരൾ ആ കൊഴുപ്പ് അവിടെത്തന്നെ ശേഖരിക്കാൻ തുടങ്ങുന്നു. ഇത് വളരെ സാവധാനമാണ് സംഭവിക്കുന്നത്.

എൻ എ എഫ് എൽ ഡി (NAFLD)യുടെ തുടക്കത്തിൽ  ഭൂരിഭാഗം ആളുകൾക്കും ഒരുതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാറില്ല. അതുകൊണ്ട് തന്നെ പലരും തങ്ങൾക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നു.

ചെറുപ്പക്കാരിൽ സാധാരണമാകാൻ കാരണം?

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നമ്മുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ യുവാക്കൾ നേരിടുന്ന ചില പ്രധാന വെല്ലുവിളികൾ ഇവയാണ്:

  • പഞ്ചസാര അമിതമായി അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും ശീലമാക്കുന്നത്
  • മണിക്കൂറുകളോളം അനങ്ങാതെ ഒരേയിടത്ത് ഇരുന്ന് ജോലി ചെയ്യുന്ന രീതി
  • വ്യായാമക്കുറവ് 
  • ക്രമമല്ലാത്ത ഉറക്കം
  • അമിത മാനസിക സമ്മർദ്ദം (Stress)

കാഴ്ച്ചയിൽ മെലിഞ്ഞവരാണെങ്കിൽ പോലും, മേൽപ്പറഞ്ഞ കാര്യങ്ങൾ നമ്മുടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ (Metabolism) ദോഷകരമായി ബാധിക്കുകയും കരളിൽ കൊഴുപ്പ് അടിയാൻ കാരണമാവുകയും ചെയ്യുന്നു.

എന്താണ് ഇൻസുലിൻ റെസിസ്റ്റൻസ്?

രക്തത്തിലെ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിച്ച് ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ശരീരകോശങ്ങൾ ഇൻസുലിനോട് ശരിയായ തരത്തിൽ  പ്രതികരിക്കാതിരിക്കുമ്പോൾ, ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു.

ഇതിന്റെ ഫലമായി രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുകയും അതിൽ ഭൂരിഭാഗവും കരളിൽ ചെന്നടിയുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ മദ്യപാനമല്ല, ഈ ഇൻസുലിൻ റെസിസ്റ്റൻസാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ പ്രധാന കാരണം.

ഇൻസുലിൻ റെസിസ്റ്റൻസിന്റെ ലക്ഷണങ്ങൾ:

ചെറുപ്പക്കാർ പലപ്പോഴും അവഗണിക്കുന്ന ചില പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

  • വിട്ടുമാറാത്ത ക്ഷീണം
  • വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുക
  • മധുരത്തോടുള്ള ആർത്തി
  • കഴുത്തിന് പിന്നിലും കക്ഷത്തിലും കറുത്ത നിറം  (Acanthosis Nigricans).
  • ട്രൈഗ്ലിസറൈഡുകൾ കൂടുക

പല ചെറുപ്പക്കാരും ഇത്തരം ലക്ഷണങ്ങളെ ജോലിയിലെ സമ്മർദ്ദമോ ഉറക്കക്കുറവോ ആണെന്ന് കരുതി നിസ്സാരമായി തള്ളിക്കളയാറാണ് പതിവ്.

കരളിൻ്റെ വില്ലനാകുന്ന മധുരം

ഫ്രക്ടോസ് (Fructose) എന്ന പ്രത്യേക തരം പഞ്ചസാരയാണ് കരളിൻ്റെ പ്രധാന ശത്രു.

ഫ്രക്ടോസ് പ്രധാനമായും അടങ്ങിയിരിക്കുന്നത് ഇവയിലാണ്:

  • സോഫ്റ്റ് ഡ്രിങ്കുകൾ (Soft drinks)
  • പാക്കറ്റുകളിൽ ലഭിക്കുന്ന പഴച്ചാറുകൾ
  • എനർജി ഡ്രിങ്കുകൾ
  • അമിതമായി സംസ്കരിച്ച സ്നാക്കുകൾ

മറ്റ് പഞ്ചസാരകളിൽ നിന്ന് വ്യത്യസ്തമായി, ഫ്രക്ടോസിനെ സംസ്കരിക്കാനുള്ള ചുമതല പൂർണ്ണമായും കരളിലാണുള്ളത്. നമ്മൾ കൂടുതൽ മധുരം കഴിക്കുമ്പോൾ കരളിന് ജോലിഭാരം താങ്ങാനാകാതെ വരുന്നു.

ഫ്രക്ടോസ്  അമിതമായി ശരീരത്തിലെത്തുമ്പോൾ 

  • ഇത് കരളിൽ നേരിട്ട് കൊഴുപ്പായി അടിയുന്നു
  • നീർക്കെട്ടുണ്ടാക്കുന്നു
  • ഇൻസുലിൻ റെസിസ്റ്റൻസ് കൂട്ടുന്നു

കാഴ്ച്ചയിൽ മെലിഞ്ഞവരാണെങ്കിൽ പോലും, അമിതമായി മധുരപലഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുന്നവരിൽ ഫാറ്റി ലിവർ ഉണ്ടാകുന്നത് ഇങ്ങനെയാണ്.

അലസജീവിതം, ഒരേയിരുപ്പിലുള്ള ജോലി

ശാരീരിക അധ്വാനമില്ലാതെയാകുമ്പോൾ ശരീരം ഗ്ലൂക്കോസും കൊഴുപ്പും ഉപയോഗിക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നു.

മണിക്കൂറുകളോളം ഇരുന്നു ജോലിചെയ്യുന്നത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകുന്നു:

  • ഇൻസുലിൻ കാര്യക്ഷമത കുറയുന്നു
  • ഉപയോഗിക്കപ്പെടാത്ത ഊർജ്ജം കൊഴുപ്പായി ശേഖരിക്കപ്പെടുന്നു
  • പേശികളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നു

ദിവസവും ഒരു മണിക്കൂർ ജിമ്മിൽ പോയാൽ എല്ലാം ശരിയാകും എന്നാണ് പലരുടെയും ധാരണ. എന്നാൽ 8 മുതൽ 10 മണിക്കൂർ വരെ ഒരേയിരുപ്പ് ഇരിക്കുന്നത് ഉണ്ടാക്കുന്ന ദോഷം മാറ്റാൻ ഒരു മണിക്കൂർ വ്യായാമം കൊണ്ട് മാത്രം സാധിക്കില്ല. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത്, പതിവായുള്ള വ്യായാമത്തേക്കാൾ കരളിന് ഗുണം ചെയ്യും.

ഫാറ്റി ലിവർ തിരിച്ചറിയാൻ വൈകുന്നത് എന്തുകൊണ്ട്?

ഫാറ്റി ലിവർ തുടക്കത്തിൽ യാതൊരു വേദനയും ഉണ്ടാക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി. എങ്കിലും ശരീരം ചില സൂചനകൾ നൽകാറുണ്ട്:

  • രക്തപരിശോധനയിൽ ലിവർ എൻസൈമുകളുടെ അളവിൽ നേരിയ വർദ്ധനവു കാണാം
  •  അമിതമായ തളർച്ച
  • വയറു വീർക്കൽ
  • വയറിന്റെ വലതുഭാഗത്ത് മുകളിലായി അസ്വസ്ഥത തോന്നുക

പലപ്പോഴും സാധാരണ ലിവർ ഫങ്ഷൻ ടെസ്റ്റുകളിൽ (LFT) രോഗം കണ്ടെത്തണമെന്നില്ല. അൾട്രാസൗണ്ട് സ്കാനിംഗോ അല്ലെങ്കിൽ ചില പ്രത്യേക പരിശോധനകളോ നടത്തുമ്പോഴാണ് ആകസ്മികമായി  ഇത് തിരിച്ചറിയുക.

ഫാറ്റി ലിവർ നിസ്സാരമാക്കല്ലേ

കരളിൽ കൊഴുപ്പടിയുന്നത് നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ സങ്കീർണ്ണതകളുണ്ടാകാനിടയുണ്ട്.

  • നാഷ് (NASH) അഥവാ കരളിൽ കൊഴുപ്പടിഞ്ഞ് നീർക്കെട്ടും വീക്കവും ഉണ്ടാകുന്ന അവസ്ഥ
  • ഫൈബ്രോസിസ് (Fibrosis): വീക്കം കാരണം കരൾ കോശങ്ങളിൽ പാടുകൾ വീഴുന്ന ഘട്ടം
  • സിറോസിസ് (Cirrhosis): കരൾ പ്രവർത്തനരഹിതമാകുന്ന അതീവ ഗുരുതരമായ അവസ്ഥ

ഫാറ്റി ലിവർ ഉള്ളവർക്ക് മറ്റ് ചില രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്:

  • ടൈപ്പ് 2 പ്രമേഹം (Type 2 Diabetes)
  • ഹൃദ്രോഗം
  • സ്ട്രോക്ക് (Stroke)

യഥാർത്ഥത്തിൽ, ഫാറ്റി ലിവർ ഉള്ള മിക്ക രോഗികളും മരിക്കുന്നത് കരൾ രോഗം കൊണ്ടല്ല, ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണെന്നത് ഗൗരവകരമായ വസ്തുതയാണ്.

യുവാക്കളെ കൂടുതൽ ബാധിക്കാൻ കാരണം?

ഇന്നത്തെ വേഗമേറിയ ജീവിതശൈലി യുവാക്കളുടെ ആരോഗ്യത്തെ പലവിധത്തിൽ ബാധിക്കുന്നുണ്ട്. പ്രധാനമായും:

  • രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്
  • ഭക്ഷണം ഒഴിവാക്കുന്നത്
  • പാക്കറ്റ് ഭക്ഷണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത്
  • ക്രമമല്ലാത്ത ഉറക്കം
  • കൂടുതൽ സമയം ഇരിക്കുന്നത്

ഫാറ്റി ലിവർ മാറ്റിയെടുക്കാൻ എന്ത് ചെയ്യണം?

പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി, ഫാറ്റി ലിവർ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുക

  • ഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ (Fiber), നല്ല കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തുക
  • ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം (Snacking) ഒഴിവാക്കുക
  • മൈദയും അമിതമായ കാർബോഹൈഡ്രേറ്റും കുറയ്ക്കുക

പഞ്ചസാരയുടെ അളവ് കുറയ്ക്കുക

  • മധുരപാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കുക
  • പഴച്ചാറുകളുടെയും മധുരപലഹാരങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുക
  • ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അതിലുള്ള പഞ്ചസാരയുടെ (Hidden sugar) അളവ് ശ്രദ്ധിക്കുക

കൂടുതൽ സജീവമാകുക, ഇരിക്കുന്നത് കുറയ്ക്കുക

  • ജോലിക്കിടയിൽ ഓരോ മണിക്കൂർ കൂടുമ്പോഴും 5-10 മിനിറ്റ് എഴുന്നേറ്റ് നടക്കുക.
  • ആഴ്ചയിൽ കുറച്ചു ദിവസമെങ്കിലും പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ (Strength training) ചെയ്യുക
  • ജിമ്മിലെ വർക്കൗട്ടിനേക്കാൾ ഉപരിയായി പകൽ മുഴുവൻ ശരീരം സജീവമാക്കി വെയ്ക്കാൻ ശ്രമിക്കുക

ഉറക്കവും സ്ട്രെസ്സും 

  • എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
  • മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക
  • രാത്രി വൈകി ആഹാരം കഴിക്കുന്നത് ഒഴിവാക്കുക

ജീവിതശൈലിയിൽ വരുത്തുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ നിങ്ങളുടെ കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

ചെറുപ്പക്കാർ എപ്പോഴാണ് പരിശോധന നടത്തേണ്ടത്?

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്:

  • വിട്ടുമാറാത്ത ക്ഷീണം
  • രക്തപരിശോധനയിൽ ലിവർ എൻസൈമുകൾ (Liver enzymes) കൂടുതലാകുക
  • വയറിന് ചുറ്റും തടികൂടുക 
  • കുടുംബത്തിൽ ആർക്കെങ്കിലും പ്രമേഹമോ കരൾ രോഗങ്ങളോ ഉണ്ടെങ്കിൽ
  • വ്യായാമമില്ലാത്തതും കൂടുതൽ സമയം ഇരുന്നുള്ളതുമായ ജീവിതശൈലി

ചെറുപ്പക്കാർക്ക് ഫാറ്റി ലിവർ ഉണ്ടാകുന്നത്, മദ്യപാനം കൊണ്ടോ സ്വഭാവദൂഷ്യം കൊണ്ടോ അല്ല. ആധുനിക ജീവിതശൈലി ശരീരത്തിന് നൽകുന്ന അമിതഭാരത്തിന്റെ (Metabolic stress) ബാക്കിപത്രമാണത്.

ശരീരത്തിന് താങ്ങാവുന്നതിലും അധികം സമ്മർദ്ദം വരുമ്പോൾ ആദ്യം സൂചന നൽകുന്ന അവയവമാണ് കരൾ. ഈ മുന്നറിയിപ്പ് കൃത്യസമയത്ത് തിരിച്ചറിയുകയും ജീവിതരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വലിയ ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാം. തിരിച്ചെടുക്കാൻ പറ്റാത്ത വിധം കരൾ നശിക്കുന്നതിന് മുൻപ് തന്നെ നമുക്ക് ജാഗ്രത പാലിക്കാം.

ശരിയായ അറിവാണ് ആരോഗ്യത്തിലേക്കുള്ള ആദ്യപടിയെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.

Related News

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...

മെയ്‌ 18, 2026 10:55 pm
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച...

മെയ്‌ 18, 2026 10:51 pm
മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

റുമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു മഴക്കാലം തുടങ്ങുമ്പോൾ സന്ധിവാതപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ പലർക്കും വേദനയും കോച്ചിപ്പിടുത്തവും അസ്വസ്ഥതയും വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. മഴ പെയ്താൽ വേദനയുടെ സീസണായെന്ന്...

മെയ്‌ 18, 2026 10:46 pm
Top
Subscribe