കോട്ടുവാ ഇടുന്നത് കാണുന്നവരിൽ അതാവർത്തിക്കപ്പെടുന്നത് എന്തുകൊണ്ട്?

കോട്ടുവാ ഇടുന്നത് കാണുന്നവരിൽ അതാവർത്തിക്കപ്പെടുന്നത് എന്തുകൊണ്ട്?

ഈ ആവർത്തനത്തിലെ  ശാസ്ത്രമെന്തെന്ന് നോക്കാം

കോട്ടുവാ എന്നത് ഏറ്റവും സാധാരണമായ ഒരു അനൈച്ഛിക പ്രവർത്തിയാണ്. സാധാരണയായി ഉറക്കം വരുമ്പോഴോ, മടുപ്പ് തോന്നുമ്പോഴോ, അല്ലെങ്കിൽ തലച്ചോറിൻ്റെ ചൂട് കുറയ്ക്കാൻ വേണ്ടിയോ ഒക്കെയാണ് കോട്ടുവാ ഇടുന്നത്. മറ്റൊരാൾ കോട്ടുവാ ഇടുന്നത് കാണുമ്പോൾ, നമുക്കും അതേപോലെ കോട്ടുവാ ഇടാൻ തോന്നുന്നു എന്നതാണ് കൗതുകകരമായ കാര്യം. ഈ വിചിത്രമായ പ്രതികരണത്തെയാണ് “കോട്ടുവാ പകരൽ” അഥവാ ‘Contagious Yawning’ എന്ന് പറയുന്നത്. മനഃശാസ്ത്രം, നാഡീശാസ്ത്രം, സഹാനുഭൂതി തുടങ്ങിയ ഘടകങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. 

കോട്ടുവായുടെ പിന്നിലെ ജീവശാസ്ത്രം

കോട്ടുവാ എന്നത് വെറും വായ തുറക്കലും ദീർഘശ്വാസമെടുക്കലും മാത്രമല്ല. ശരീരശാസ്ത്രപരമായി കോട്ടുവായിൽ ഇനിപ്പറയുന്ന പ്രക്രിയകൾ ഉൾപ്പെടുന്നു:

  • കൂടുതൽ ഓക്സിജൻ ഉള്ളിലേക്ക് എടുക്കാൻ ആഴത്തിലുള്ള ശ്വാസം.
  • മുഖത്തെയും തൊണ്ടയിലെയും പേശികൾ വലിഞ്ഞുമുറുകുന്നു
  • കണ്ണുകളിൽ വെള്ളം നിറയുന്നതോടൊപ്പം  അവസാനിക്കുന്ന ശക്തമായ നിശ്വാസം.

കോട്ടുവായുടെ ലക്ഷ്യമെന്താണെന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ സജീവമാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച്, തണുത്ത വായു ഉള്ളിലേക്ക് എടുക്കുന്നതുവഴി തലച്ചോറിനെ തണുപ്പിക്കാൻ കോട്ടുവാ സഹായിക്കുന്നു എന്നതാണ് പ്രബലമായ സിദ്ധാന്തം. നമ്മൾക്ക് ഉറക്കം വരുമ്പോഴോ അല്ലെങ്കിൽ മടുപ്പ് തോന്നുമ്പോഴോ ജാഗ്രത വീണ്ടെടുക്കാനും ഇത് സഹായിച്ചേക്കാമെന്നും പഠനങ്ങൾ പറയുന്നു.

കോട്ടുവാ പകരാനുള്ള കാരണം?

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കോട്ടുവാ പകരുന്നത് ഓക്സിജന്റെ അളവ് കുറവായതുകൊണ്ടല്ല, മറിച്ച് തലച്ചോറിലെ ചില പ്രവർത്തനങ്ങൾ കാരണമാണ്. ഈ പ്രതിഭാസത്തിന് പിന്നിൽ പ്രധാനമായും മൂന്ന് ഘടകങ്ങളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്:

1.മിറർ ന്യൂറോണുകളുടെ പ്രവർത്തനം

നമ്മുടെ തലച്ചോറിൽ ‘മിറർ ന്യൂറോണുകൾ’ എന്ന കോശങ്ങളുണ്ട്. നമ്മൾ ഒരു പ്രവർത്തി ചെയ്യുമ്പോഴും, മറ്റൊരു വ്യക്തി അങ്ങനെ ചെയ്യുന്നത് കാണുമ്പോഴും ഈ ന്യൂറോണുകൾ ഉത്തേജിതമാകും. മറ്റുള്ളവർ ചിരിക്കുമ്പോൾ നമ്മളും ചിരിക്കുന്നത്, അല്ലെങ്കിൽ മറ്റുള്ളവർ കോട്ടുവാ ഇടുമ്പോൾ നമ്മളും കോട്ടുവാ ഇടുന്നതും ഈ ന്യൂറോണുകളുടെ പ്രവർത്തനഫലമായിട്ടാണ്. പെരുമാറ്റങ്ങളെ അനുകരിക്കാൻ മിറർ ന്യൂറോണുകൾ പ്രേരിപ്പിക്കുന്നു.

2.സഹാനുഭൂതിയും സാമൂഹിക ബന്ധങ്ങളും

അടുപ്പമുള്ളവർക്കിടയിൽ കോട്ടുവാ ആവർത്തിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിൽ, എന്തിന്, വളർത്തുമൃഗങ്ങൾക്കും അവയുടെ ഉടമസ്ഥർക്കുമിടയിൽപ്പോലും — കോട്ടുവാ പകരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ജീവിവർഗ്ഗങ്ങളിൽ സാമൂഹിക ബന്ധവും കൂട്ടായ്മയും ശക്തമാക്കാൻ സഹായിക്കുന്ന തരത്തിൽ മസ്തിഷ്ക്കം വികാരങ്ങളെ തിരിച്ചറിയുന്നു എന്നാണ് വിദഗ്ധരുടെ പക്ഷം.  ഒരു സംഘത്തെ ജാഗരൂകരാക്കി നിലനിർത്താനും അവരെ തമ്മിൽ ബന്ധിപ്പിക്കാനും സഹായിക്കുന്ന ഒരുതരം സാമൂഹിക സമന്വയമായി കോട്ടുവാ പരിണമിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. 

3.നാഡീവ്യൂഹ ബന്ധം

കോട്ടുവാ പകരുന്നതിൽ പങ്കാളിയാകുന്ന തലച്ചോറിൻ്റെ ഭാഗങ്ങൾ സാമൂഹിക പെരുമാറ്റത്തെയും സഹാനുഭൂതിയെയും കൈകാര്യം ചെയ്യുന്ന മസ്തിഷ്ക്ക ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും ആൻ്റീരിയർ സിംഗുലേറ്റ് കോർട്ടെക്സും പ്രെക്യൂനിയസും (anterior cingulate cortex and precuneus).മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും പങ്ക് വെയ്ക്കുകയും ചെയ്യുന്ന സഹാനുഭൂതി എന്ന കഴിവിന് ഈ പ്രക്രിയയുമായി ബന്ധമുണ്ടെന്ന് വ്യക്തമാണ്. നമ്മുടെ സാമൂഹികവും വൈകാരികവുമായ പ്രവർത്തനങ്ങൾ നാഡീവ്യൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് ഈ പ്രതികരണം സൂചിപ്പിക്കുന്നു.

ആർക്കാണ് കോട്ടുവാ വേഗത്തിൽ പകരുക?

മറ്റുള്ളവർ കോട്ടുവാ ഇടുമ്പോൾ എല്ലാവർക്കും കോട്ടുവാ ഉണ്ടാകണമെന്നില്ല. അതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാണ്:

  • പ്രായം – സഹാനുഭൂതി വികസിക്കുന്ന സമയമായ, നാല്-ആറ് വയസ്സിനിടയിലാണ് കോട്ടുവാ പകരുന്ന സ്വഭാവം സാധാരണയായി ആരംഭിക്കുന്നത്. 
  • വ്യക്തിത്വം – കൂടുതൽ സഹാനുഭൂതിയോ സാമൂഹിക അവബോധമോ ഉള്ളവർക്ക് മറ്റുള്ളവർ കോട്ടുവാ ഇടുമ്പോൾ അത് പകരാൻ സാധ്യത കൂടുതലാണ്.
  • ക്ഷീണം – ക്ഷീണമുണ്ടെങ്കിൽ, കോട്ടുവാ “പകരാൻ” സാധ്യത കൂടുതലാണ്.
  • നാഡീസംബന്ധമായ അവസ്ഥകൾ – ഓട്ടിസം, സ്കിസോഫ്രീനിയ തുടങ്ങിയ അവസ്ഥകളുള്ളവരിൽ കോട്ടുവാ പകരുന്ന പ്രതിഭാസം കുറവാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഇത് തലച്ചോറിൽ, സഹാനുഭൂതിയെ കൈകാര്യം ചെയ്യുന്നതിലെ വ്യത്യാസങ്ങൾ കൊണ്ടാകാം.

മൃഗങ്ങളും കോട്ടുവായും

ചിമ്പാൻസികൾ, നായകൾ, ചെന്നായകൾ, എന്തിന് തത്തകളിൽ പോലും കോട്ടുവാ പകരുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ മാത്രമല്ല, സംഘമായി ജീവിക്കുന്ന മൃഗങ്ങളിലും പക്ഷികളിലും കൂട്ടായ ആശയവിനിമയത്തിലും ബന്ധങ്ങളിലും കോട്ടുവായ്ക്കും പങ്കുണ്ട് എന്ന വാദത്തിന് ബലം നൽകുന്നു.

കോട്ടുവായെക്കുറിച്ചുള്ള ചില രസകരമായ വിവരങ്ങൾ

  • കോട്ടുവായെക്കുറിച്ച് വായിക്കുമ്പോൾ പോലും കോട്ടുവാ വരാൻ സാധ്യതയുണ്ട്!
  • കോട്ടുവാ ഇടുന്നത് കാണുമ്പോഴുള്ളതുപോലെ അത് കേൾക്കുമ്പോഴും പകരാം.
  • പൊതുപരിപാടികളിലോ കൂട്ടായ ചടങ്ങുകളിലോ ഉള്ള കോട്ടുവാ ഒരുപക്ഷേ  പുരാതനകാലത്ത് സമൂഹത്തെ വൈകാരികമായി ചേർത്തുനിർത്താൻ സഹായിച്ചിട്ടുണ്ടാകാം.

കോട്ടുവാ എന്നത് ഉറക്കത്തിന്റെ മാത്രം ലക്ഷണമല്ല. നമ്മുടെ തലച്ചോറിന്റെ സാമൂഹികമായ ബന്ധങ്ങളെക്കുറിച്ചുള്ള  ഉൾക്കാഴ്ച കൂടിയാണിത്. അടുത്ത തവണ മറ്റൊരാളുടെ കോട്ടുവാ നിങ്ങൾക്ക് പകരുന്നെങ്കിൽ ഓർക്കുക — മിറർ ന്യൂറോണുകളും സഹാനുഭൂതിയും പരിണാമ ചരിത്രവുമാണ് അതിൽ പ്രതിഫലിക്കുന്നതെന്ന്!

References

1.Provine RR. Yawning as a stereotyped action pattern and releasing stimulus. Ethology. 1986.

2.Platek SM, Critton SR, Myers TE, Gallup GG Jr. Contagious yawning: the role of self-awareness and mental state attribution. Brain Res Cogn Brain Res. 2003;17(2):223–227. [1]

3.Gallup AC, Eldakar OT. Contagious yawning and empathy in humans and other animals. Neurosci Biobehav Rev. 2011;35(3):765–779. [2]

ദൈനംദിന ജീവിതത്തിലെ സംഭവങ്ങൾക്കു പിന്നിലുള്ള ശാസ്ത്രത്തെക്കുറിച്ച്, ശാരീരിക – മാനസിക വിഷയങ്ങളെക്കുറിച്ച് വായനക്കാരിൽ കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ് nellikka.life ലക്ഷ്യം വെയ്ക്കുന്നത്.   

Related News

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...

മെയ്‌ 18, 2026 10:55 pm
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച...

മെയ്‌ 18, 2026 10:51 pm
മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

റുമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു മഴക്കാലം തുടങ്ങുമ്പോൾ സന്ധിവാതപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ പലർക്കും വേദനയും കോച്ചിപ്പിടുത്തവും അസ്വസ്ഥതയും വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. മഴ പെയ്താൽ വേദനയുടെ സീസണായെന്ന്...

മെയ്‌ 18, 2026 10:46 pm
Top
Subscribe