ടൈപ്പ് 2 പ്രമേഹം: ശരീരം നടത്തുന്ന നിശ്ശബ്ദ പോരാട്ടം

ടൈപ്പ് 2 പ്രമേഹം: ശരീരം നടത്തുന്ന നിശ്ശബ്ദ പോരാട്ടം

പ്രമേഹത്തെ സാധാരണ നിശ്ശബ്ദ രോഗം എന്നാണ് വിശേഷിപ്പിക്കാറ്. പലരിലും ലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയാണ് ഇത് രൂപപ്പെടുക. ലളിതമായി പറഞ്ഞാൽ, ശരീരത്തിൽ ഊർജ്ജത്തിനായി പഞ്ചസാര (ഗ്ലൂക്കോസ്) ഉപയോഗിക്കുന്ന രീതിയെ ഈ രോഗാവസ്ഥ നിശ്ശബ്ദമായി തടസ്സപ്പെടുത്തുന്നു. ടൈപ്പ് 1 പ്രമേഹം രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിൽ, ടൈപ്പ് 2 പ്രമേഹം (T2D) ജീവിതശൈലിയുടെയും ജനിതക ഘടകങ്ങളുടെയും പ്രത്യേകത കൊണ്ടാണ് ഉണ്ടാകുന്നത്. ആഗോളതലത്തിൽ പ്രമേഹത്തിൻ്റെ ഏറ്റവും സാധാരണമായ വിഭാഗമാണ് ടൈപ്പ് 2 ഡയബെറ്റിസ്. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി ഇന്ത്യയെ കണക്കാക്കുന്ന തരത്തിലേക്ക് നമ്മുടെ രാജ്യത്ത് ഈ രോഗം വ്യാപിച്ചുകൊണ്ടേയിരിക്കുന്നു.

എന്താണ് ടൈപ്പ് 2 പ്രമേഹം?

ഉപാപചയ പ്രവർത്തനത്തിലെ തകരാറാണ് ടൈപ്പ് 2 പ്രമേഹത്തിൻ്റെ അടിസ്ഥാന കാരണം. ഈ അവസ്ഥയിൽ ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ, അല്ലെങ്കിൽ ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാതിരിക്കുകയോ (ഇൻസുലിൻ റെസിസ്റ്റൻസ്) ചെയ്യുന്നു.

  • ഇൻസുലിൻ എന്നത് പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ്. ഇത് രക്തത്തിൽ നിന്ന് ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിച്ച് ഊർജ്ജമായി ഉപയോഗിക്കാൻ സഹായിക്കുന്നു.
  • ടൈപ്പ് 2 പ്രമേഹത്തിൽ, ഈ പ്രക്രിയ തകരാറിലാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ തോതിൽ വർദ്ധിക്കുന്നതിന് (ഹൈപ്പർഗ്ലൈസീമിയ) കാരണമാകുന്നു.

കാലക്രമേണ, ഇത് ഊർജ്ജ നിലയെ തകരാറിലാക്കുന്നത് കൂടാതെ രക്തക്കുഴലുകൾ, നാഡികൾ, വൃക്കകൾ, കണ്ണുകൾ, ഹൃദയം എന്നിവയെയും ദോഷകരമായി ബാധിക്കുന്നു.

അറിഞ്ഞിരിക്കേണ്ട അപകടസാധ്യതകൾ

പല കാരണങ്ങൾ ചേർന്നാണ് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നത്:

  • ജനിതക ഘടകങ്ങൾ: കുടുംബത്തിലെ പ്രമേഹ പാരമ്പര്യം പ്രധാന പങ്ക് വഹിക്കുന്നു.
  • ജീവിതശൈലി: വ്യായാമമില്ലാത്ത, മേലനങ്ങാത്ത ജീവിതരീതി, ആരോഗ്യകരമല്ലാത്ത ഭക്ഷണം (ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, മധുരപാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണം), പൊണ്ണത്തടി.
  • അമിതവണ്ണവും വിസെറൽ ഫാറ്റും: വയറിനു ചുറ്റുമുള്ള കൊഴുപ്പ് (വിസെറൽ ഫാറ്റ്) ഇൻസുലിൻ റെസിസ്റ്റൻസുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു.
  • പ്രായം: 40 വയസ്സിന് ശേഷം പ്രമേഹ സാധ്യത വർദ്ധിക്കുന്നു. ഇക്കാലത്ത്, ചെറുപ്പക്കാരിലും കുട്ടികളിലും പോലും ഇത് ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചു വരുന്നുണ്ട്.
  • വംശവുമായി ബന്ധപ്പെട്ട സാദ്ധ്യത: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യക്കാർക്ക് ശരീരഭാരം കുറഞ്ഞിരുന്നാൽപ്പോലും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

അവഗണിക്കരുതാത്ത ലക്ഷണങ്ങൾ

ടൈപ്പ് 2 പ്രമേഹം നിശ്ശബ്ദമായി വരാമെങ്കിലും ശ്രദ്ധിച്ചാൽ, ചില ലക്ഷണങ്ങൾ തിരിച്ചറിയാനാകും:

  • കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക
  • അമിതമായ ദാഹം
  • ഒരു കാരണവുമില്ലാത്ത ക്ഷീണം
  • കാഴ്ചക്ക് മങ്ങൽ
  • മുറിവുകൾ ഉണങ്ങാൻ കാലതാമസം, അല്ലെങ്കിൽ കൂടെക്കൂടെ അണുബാധയുണ്ടാവുക

ചിലപ്പോൾ നാഡീക്ഷതം (ന്യൂറോപ്പതി) അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പലർക്കും പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നത്.

രോഗത്തിന് പിന്നിലെ ശാസ്ത്രം

ടൈപ്പ് 2 പ്രമേഹത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1.ഇൻസുലിൻ റെസിസ്റ്റൻസ് (പ്രതിരോധം) കൂടിവരുന്നു – പേശികൾ, കൊഴുപ്പ്, കരളിലെ കോശങ്ങൾ എന്നിവ ഇൻസുലിനോട് ശരിയായി പ്രതികരിക്കുന്നില്ല.

2.ഇതിനെ നേരിടാൻ, പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു.

3.കാലക്രമേണ, പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ തളർന്നുപോകുകയും ഇത് ഇൻസുലിൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.

4.രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയർന്ന നിലയിൽ തുടരുകയും ഇത് അവയവങ്ങൾക്കും കോശങ്ങൾക്കും ദോഷം വരുത്തുകയും ചെയ്യുന്നു.

ഇതുകൊണ്ടാണ് ടൈപ്പ് 2 പ്രമേഹത്തെ പുരോഗമിച്ചു വരുന്ന, അല്ലെങ്കിൽ കൂടിക്കൂടിവരുന്ന രോഗം എന്ന് വിശേഷിപ്പിക്കുന്നത് – ഇത് കാലക്രമേണ മാറിക്കൊണ്ടിരിക്കുകയും തുടർച്ചയായ പരിചരണം ആവശ്യമായി വരികയും ചെയ്യുന്നു.

ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയും പ്രതിരോധവും

കൃത്യസമയത്തുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെയും ശരിയായ ചികിത്സയിലൂടെയും ടൈപ്പ് 2 പ്രമേഹം വലിയൊരളവിൽ തടയാനും നിയന്ത്രിക്കാനും സാധിക്കും.

ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

  • പോഷകാഹാരം: ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, നട്സ് എന്നിവ ധാരാളമായി ഉൾപ്പെടുത്തിയതും ശുദ്ധീകരിച്ച പഞ്ചസാരകൾ കുറഞ്ഞതുമായ സമീകൃതാഹാരം.
  • ശാരീരിക വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം (നടത്തം, യോഗ, സൈക്ലിംഗ്, നീന്തൽ).
  • ശരീരഭാരം നിയന്ത്രിക്കുക: ശരീരഭാരത്തിൽ 5–10% കുറവ് വരുത്തുന്നത് പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും.
  • മാനസിക സമ്മർദ്ദവും ഉറക്കവും: ഇവ രണ്ടും ഇൻസുലിൻ സെൻസിറ്റിവിറ്റിയെ നേരിട്ട് ബാധിക്കുന്നു.

മരുന്നുകളും ചികിൽസയും

  • വായവഴിയുള്ള മരുന്നുകൾ (മെറ്റ്ഫോർമിൻ പോലെ) പലപ്പോഴും ആദ്യഘട്ട ചികിത്സയായി നൽകുന്നു.
  • ഇഞ്ചക്ഷനുകൾ, ഇൻസുലിൻ: രോഗം മൂർച്ഛിക്കുമ്പോൾ, ഇൻസുലിൻ തെറാപ്പിയോ മറ്റ് മരുന്നുകളോ ആവശ്യമായി വന്നേക്കാം.
  • തുടർച്ചയായ നിരീക്ഷണം: രക്തത്തിലെ പഞ്ചസാരയും HbA1c പരിശോധനകളും പതിവായി നടത്തുന്നത് ദീർഘകാല രോഗനിയന്ത്രണം വിലയിരുത്താൻ സഹായിക്കും.

ടൈപ്പ് 2 പ്രമേഹം എന്നത് നമ്മൾ കൈക്കൊള്ളുന്ന ദൈനംദിന തീരുമാനങ്ങളും ശരീരത്തിന്റെ പ്രതിരോധശേഷിയും അനുസരിച്ചാണ് വ്യത്യാസപ്പെടുക. ശരിയായ അവബോധം, ജീവിതശൈലിയിലെ ക്രമീകരണങ്ങൾ,  വിദഗ്ധഡോക്ടറുടെ ചികിൽസ എന്നിവയിലൂടെ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാനും സങ്കീർണ്ണമായ അവസ്ഥകൾ തടയാനും സാധിക്കും.

ആരോഗ്യകരമായ ഭക്ഷണരീതിയ്ക്കും വ്യായാമത്തിനും വീട്ടിൽ എല്ലാവരും ഒരുമിച്ച് സമയം കണ്ടെത്തുന്നത്, ഇഴയടുപ്പമുള്ള കുടുംബബന്ധങ്ങൾക്ക് പ്രാധാന്യമുള്ള നമ്മുടെ രാജ്യത്ത്, പ്രമേഹ ചികിത്സയെ കൂടുതൽ സുഗമവും സന്തോഷകരവുമാക്കും.

References:

  1. Zheng Y, Ley SH, Hu FB. Global aetiology and epidemiology of type 2 diabetes mellitus and its complications. Nat Rev Endocrinol. 2018 Feb;14(2):88–98.
  2. Chatterjee S, Khunti K, Davies MJ. Type 2 diabetes. Lancet. 2017 Jun;389(10085):2239–2251.
  3. Unnikrishnan R, Anjana RM, Mohan V. Diabetes in South Asians: Is the phenotype different? Diabetes. 2014 Jan;63(1):53–55.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe