വിദ്യാർത്ഥികളുടെ മാനസികാരോഗ്യം : എല്ലാ അദ്ധ്യാപകരും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം : എല്ലാ അദ്ധ്യാപകരും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല ദ്രുതഗതിയിൽ  മുന്നേറിക്കൊണ്ടിരിക്കുകയാണ്.  മുൻകാല സാഹചര്യങ്ങളെ അപേക്ഷിച്ച് അദ്ധ്യാപകരുടെ റോളിലും മാറ്റങ്ങൾ വന്നു.  വിദ്യാർത്ഥികളുടെ വൈകാരിക- മാനസിക തലങ്ങളെ ഏറെ സ്വാധീനിക്കാൻ ശേഷിയുള്ള മാതൃകകളാണ് അദ്ധ്യാപകർ.  കുട്ടികളിൽ വളർന്നു വരുന്ന സമ്മർദ്ദം, മത്സര സ്വഭാവം, അമിത പ്രതീക്ഷ, എന്നീ ഘടകങ്ങളുടെ അതിപ്രസരമുള്ള ഇന്നത്തെ അവസ്ഥയിൽ അദ്ധ്യാപകന് കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഭാരതത്തിലെ അധ്യാപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, കുട്ടികളിലെ പ്രതിസന്ധികളുടെ പ്രാരംഭ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം, അവരെ ലക്ഷ്യബോധവും ആത്മവിശ്വാസവുമുള്ളവരാക്കി മാറ്റിയെടുക്കുന്നതിന് ക്ലാസ് മുറിയിൽ സ്വീകരിക്കേണ്ട നടപടികൾ  എന്തെല്ലാമാണ് എന്നീ കാര്യങ്ങളെല്ലാം  നമുക്ക് വിശദമായി മനസ്സിലാക്കാം.

സ്കൂളുകളിൽ മാനസികാരോഗ്യ അവബോധം പ്രധാനം

മാറുന്ന കാലത്ത്, ഭാരതത്തിലെ കുട്ടികളിലും കൗമാരക്കാരിലും മാനസികാരോഗ്യ പ്രശ്നങ്ങൾ നമ്മൾ കരുതുന്നതിലും കൂടുതലാണ്. ലാൻസെറ്റ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 5 മുതൽ 17  വയസ്സ് വരെ പ്രായമുള്ള  കുട്ടികളിൽ ഏകദേശം 7.3% പേർ  മാനസികാരോഗ്യ വൈകല്യങ്ങളുടെ പിടിയിലാണ്. പക്ഷെ, വൈകാരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാനുള്ള  നാണക്കേട്, ഭയം, അറിവില്ലായ്മ  എന്നീ കാരണങ്ങൾ മൂലം പല കുട്ടികളും നിശബ്ദരായിപ്പോകുന്നു എന്നതാണ് യാഥാർത്ഥ്യം. 

വിദ്യാർത്ഥികൾക്ക് സ്കൂൾ എന്നത് അക്കാദമിക വളർച്ചയ്ക്കുള്ള ഒരിടം  മാത്രമല്ല, അത്, വൈകാരിക- സാമൂഹ്യ വികസനത്തിന്  പാതയൊരുക്കുന്ന വേദി കൂടിയാണ്. 

 മാനസികാരോഗ്യം അവഗണിക്കപ്പെടുമ്പോൾ:

  • പഠനത്തിൽ പിന്നോക്കം പോകുന്നു
  • പെരുമാറ്റ പ്രശ്നങ്ങൾ വർദ്ധിക്കുന്നു
  • സാമൂഹിക ബന്ധങ്ങൾ വഷളാകുന്നു
  • സ്വയം ഉപദ്രവിക്കുക, ലഹരിവസ്തുക്കൾക്ക് അടിമയാകുക, പഠനം പാതിവഴിയിൽ  ഉപേക്ഷിക്കുക എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു.

അദ്ധ്യാപകർ മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങൾ

1. മാനസികാരോഗ്യം അതിവിശാലമായ മേഖലയാണ് . അതിനാൽത്തന്നെ, ഓരോ കുട്ടിയിലും അത് പ്രകടമാകുന്നത് വ്യത്യസ്ത രീതിയിൽ ആയിരിക്കും. ഒരു  കുട്ടി സന്തോഷവാനാണെന്ന് പുറമേ തോന്നിയാലും, അവൻ ഉള്ളിൽ വലിയ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ടാകും. തുടക്കത്തിൽ മടിയെന്നോ അനുസരണക്കേടെന്നോ ഒക്കെ തെറ്റിദ്ധരിച്ചേക്കാവുന്ന ലക്ഷണങ്ങളാകും കാണുക.

2. സങ്കടം പ്രകടിപ്പിക്കുന്നതിൽ വ്യത്യാസം.

നമ്മുടെ കുഞ്ഞുങ്ങൾ, പ്രത്യേകിച്ച് കൌമാരകാലത്ത്, വിഷമങ്ങൾ പുറത്തുകാണിക്കുന്നത്  വ്യത്യസ്ത രീതിയിലാണ്. മനസ്സിൽ അനുഭവിക്കുന്ന വേദന, അവർ മിക്കപ്പോഴും തുറന്നു പറയാറില്ല. പകരം, അവരുടെ മുഖഭാവങ്ങളിൽ, ശരീര ചലനങ്ങളിൽ ഒക്കെ  അത് നിഴലിക്കും. അവർക്ക് :

  • തലവേദന, വയറുവേദന പോലുള്ള ശാരീരിക പ്രശ്നങ്ങൾ
  • ദേഷ്യം, സങ്കടം, പെട്ടെന്നുള്ള ദുശ്ശാഠ്യം
  • ചുറ്റുപാടിൽ നിന്ന് ഉൾവലിയുക

കൌമാരക്കാരിൽ ഇനിപ്പറയുന്ന ലക്ഷണങ്ങളും കാണാം

  • മാർക്ക് കുറയുക
  • അമിതമായി ഉറങ്ങുകയോ വളരെ കുറച്ച് മാത്രം ഉറങ്ങുകയോ ചെയ്യുക
  • ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങൾ
  • അപകടകരമായ പെരുമാറ്റങ്ങൾ അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗം

ഭാരതത്തിൽ  മാത്രം കണ്ടുവരുന്ന സാമൂഹിക-സാംസ്കാരിക ഘടകങ്ങൾ

1. മാതാപിതാക്കളുടെയും സാമൂഹത്തിന്റെയും പ്രതീക്ഷകൾക്കനുസരിച്ച്  ഉയരാനാകുമോ എന്ന ഭയം

പ്രത്യേകിച്ച് ബോർഡ് പരീക്ഷകളിലും മത്സര പ്രവേശന പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം എന്നുള്ള  സമ്മർദ്ദം കുട്ടികളിൽ വളരെ വലിയ പ്രതിസന്ധി തീർക്കുന്നു. ഈ പിരിമുറുക്കം  മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അധ്യാപകർ തിരിച്ചറിയണം – പ്രത്യേകിച്ച് അപ്പർ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികളിൽ.

2. മാനസികാരോഗ്യ പ്രശ്നങ്ങൾ തെറ്റാണെന്ന ചിന്ത    

നമ്മുടെ രാജ്യത്ത് പൊതുവെ കുട്ടികൾ വൈകാരിക സംഘർഷങ്ങളെക്കുറിച്ച്  തുറന്ന് സംസാരിക്കുന്നത്  ശരിയല്ലെന്നുള്ള പൊതുബോദ്ധ്യം നിലനിൽക്കുന്നുണ്ട്. “ഭ്രാന്തൻ” “ദുർബലൻ”, എന്നൊക്കെ മുദ്രകുത്തപ്പെടുമെന്ന് ഭയപ്പെടുന്ന കുട്ടികൾ, സഹായം തേടുന്നതിൽ നിന്ന് പിന്മാറുന്നു.

3. ലിംഗപരമായ റോളുകൾ

പെൺകുട്ടികൾ ദേഷ്യമോ  അതൃപ്തിയോ പ്രകടിപ്പിക്കുമ്പോൾ, അത് തെറ്റ് എന്ന തരത്തിൽ  സമൂഹം കർശനമായി  ഇടപെടും .അതേസമയം ആൺകുട്ടികളാകട്ടെ, ഏതു ദുർഘട ഘട്ടത്തിലും  വികാരങ്ങൾ പ്രകടിപ്പിക്കാതെ “ ആണുങ്ങളെപ്പോലെ “ പെരുമാറണമെന്നും ധാരണയുണ്ട്. 

. അധ്യാപകർ സമൂഹത്തിൻ്റെ ഈ നിലപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.  മാത്രമല്ല  ലിംഗഭേദം ഉൾക്കൊള്ളുന്നതും സഹാനുഭൂതിക്ക് പ്രാധാന്യം നൽകുന്നതുമായ  ക്ലാസ് റൂം അന്തരീക്ഷം സൃഷ്ടിക്കുകയും വേണം.

4.  പശ്ചാത്തലങ്ങളിലെ വൈവിധ്യം

അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നോ, ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നോ, പിന്നോക്ക മേഖലകളിൽ നിന്നോ ഉള്ള കുട്ടികൾ ദാരിദ്ര്യം, ഗാർഹിക പ്രശ്നങ്ങൾ, പോഷകാഹാരക്കുറവ് , തുടങ്ങിയ കാരണങ്ങളാൽ  അധിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ട്.

അധ്യാപകർക്ക് പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

1. ആദ്യമേ തന്നെ ലക്ഷണങ്ങളിലൂടെ കുട്ടിയുടെ മാനസിക പ്രശ്നങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക. 

അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  •  കുട്ടിയിൽ കാണുന്ന നിരന്തരമായ ദുഃഖം, അല്ലെങ്കിൽ എല്ലാത്തിൽ നിന്നുമുള്ള പിൻവലിയൽ
  • അമിതമായ ഉത്കണ്ഠ
  • മാർക്കു നേടുന്നതിലോ കൂട്ടായ്മയിൽ പങ്കുചേരുന്നതിനോ  ഉള്ള ബുദ്ധിമുട്ട് 
  •  പൊട്ടിത്തെറിയിൽ അവസാനിക്കുന്ന ദേഷ്യം, അല്ലെങ്കിൽ  ആക്രമണ സ്വഭാവം
  • സാമൂഹികമായ ഒറ്റപ്പെടൽ
  • ഭീഷണിപ്പെടുത്തുന്ന സ്വഭാവം അല്ലെങ്കിൽ അതിന് ഇരയാക്കപ്പെടൽ

2. സുരക്ഷിതമായ  വൈകാരിക ഇടം സൃഷ്ടിക്കുക

  • ക്ളാസ്സുകളിൽ സഹവർത്തിത്തവും സഹാനുഭൂതിയുമുള്ള  അന്തരീക്ഷം സൃഷ്ടിക്കുക, ഭീഷണിപ്പെടുത്തലിനെ ശക്തമായി നിരുൽസാഹപ്പെടുത്തുക
  • സഹായം ചോദിക്കുന്നതിൽ തെറ്റില്ലെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുക.
  • ചിത്രരചന, എഴുത്ത്,  കഥപറച്ചിൽ എന്നിവയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം  പ്രോത്സാഹിപ്പിക്കുക.

3. വേദനിപ്പിക്കുന്ന ഭാഷ ഉപയോഗിക്കാതിരിക്കുക

“ഭ്രാന്തൻ”, “ദുർബലൻ”, ” തുടങ്ങിയ പദപ്രയോഗങ്ങൾ ഒഴിവാക്കുക. പകരം, ഇനിപ്പറയുന്നതുപോലുള്ള സഹാനുഭൂതി നിറഞ്ഞ ഭാഷ ഉപയോഗിക്കുക:

  • ” വൈകാരികമായി കാര്യങ്ങളെ കാണുന്നത് അപരാധമല്ല.”
  • “അതിനെക്കുറിച്ച്  തുറന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?”
  • “ഈ ബുദ്ധിമുട്ടിൽ  കുട്ടി ഒറ്റയ്ക്കല്ല.”

4. SEL (സാമൂഹിക-വൈകാരിക പഠനം) ഉൾപ്പെടുത്തുക.

  • വികാരങ്ങളെ വിവക്ഷിക്കാൻ കഴിയുന്ന വാക്കുകൾ ഉപയോഗിക്കാം
  •  സഹാനുഭൂതി, തർക്ക പരിഹാരം എന്നിവ പഠിപ്പിക്കുക
  • മൈൻഡ്ഫുൾനെസ്, ശ്വസന വ്യായാമങ്ങൾ,എന്നിവ പരിശീലിപ്പിക്കുക
  • കൂട്ടായ പ്രവർത്തനങ്ങളെയും സഹപാഠികളെ  പിന്തുണയ്ക്കുന്ന രീതിയേയും  പ്രോത്സാഹിപ്പിക്കുക

5. മാതാപിതാക്കളുമായി  അനുഭാവ പൂർവ്വം ആശയവിനിമയം നടത്തുക 

  • ആശങ്കകൾ സഹാനുഭൂതിയോടെയും കുറ്റപ്പെടുത്താതെയും പങ്കിടുക
  • വ്യക്തമായ ഉദാഹരണങ്ങൾ നൽകുക (പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ, അക്കാദമിക് പ്രശ്നങ്ങൾ തുടങ്ങിയവ)
  • ആവശ്യമെങ്കിൽ കൗൺസലിംഗ് നിർദ്ദേശിക്കുക, പക്ഷേ അത് കുടുംബ പശ്ചാത്തലവും അവരുടെ  വിശ്വാസങ്ങളേയും  കണക്കിലെടുത്തു കൊണ്ടാവണം

6. സ്കൂൾ കൗൺസിലർമാരുടേയോ മാനസികാരോഗ്യ വിദഗ്ധരുടേയോ സഹായം തേടുക 

ഒരു വിദ്യാർത്ഥിക്ക് വൈകാരിക പിന്തുണ ആവശ്യമുള്ളപ്പോൾ, അദ്ധ്യാപകൻ്റെ ഉചിതമായ ഇടപെടൽ, കുട്ടിയുടെ

ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. നിങ്ങളുടെ സ്കൂളിൽ കൗൺസിലർമാരുടെ അഭാവമുണ്ടെങ്കിൽ, പ്രാദേശിക എൻ‌ജി‌ഒകളുമായോ മാനസികാരോഗ്യ സംഘടനകളുമായോ സഹകരിക്കുക.

ഇന്ത്യൻ സ്കൂളുകൾക്കുള്ള ശുപാർശകൾ

  • നിർബന്ധിത മാനസികാരോഗ്യ പാഠ്യപദ്ധതി: വൈകാരിക സമ്മർദ്ദങ്ങളെക്കുറിച്ചും അത് നേരിടേണ്ട മാർഗ്ഗങ്ങൾ സംബന്ധിച്ചും പ്രായത്തിന് അനുസൃതമായി പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തുക
  • സ്കൂൾ കൗൺസിലർമാർ: സിബിഎസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 500 വിദ്യാർത്ഥികൾക്ക് ഒരു കൗൺസിലർ എന്ന രീതിയിൽ കൌൺസിലർമാരുടെ സാന്നിദ്ധ്യം ഉണ്ടാകണം  
  • വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടിയുള്ള  മാനസികാരോഗ്യ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുക .
  • മാനസികാരോഗ്യ ദിനങ്ങളും പിന്തുണ നൽകാൻ ഗ്രൂപ്പുകളും : വിദ്യാർത്ഥികൾക്ക് വികാരങ്ങൾ വേണ്ടരീതിയിൽ പ്രകടിപ്പിക്കാൻ അവസരങ്ങൾ സൃഷ്ടിക്കുക.

സമയം കിട്ടുമ്പോൾ മാത്രം ചർച്ച ചെയ്യാനുള്ള വിഷയമായല്ല കുട്ടികളുടെ മാനസികാവസ്ഥയെ കാണേണ്ടത് , അത്  വിദ്യാഭ്യാസത്തെ പൂർണ്ണതയിലെത്തിക്കുന്ന  പ്രധാന ഘടകമാണ്. വൈകാരിക പ്രക്ഷുബ്ധതയിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികളെ ശ്രദ്ധിക്കാനും പിന്തുണയ്ക്കാനും വഴികാട്ടാനും അധ്യാപകർക്ക് ബാധ്യതയുണ്ട്. അതിനായി അദ്ധ്യാപകൻ  ഒരു തെറാപ്പിസ്റ്റാകണമെന്നില്ല , മറിച്ച് വിവേകവും  സഹാനുഭൂതിയുള്ള ഒരു മുതിർന്ന വ്യക്തിയായാൽ മാത്രം മതി. അത്, സമൂഹത്തിൽ നല്ല മാറ്റങ്ങൾ വരുത്തും .

നമുക്ക് ഓർത്തുവെയ്ക്കാം: 

 മനസ്സിലാക്കപ്പെടുന്നുണ്ട് എന്ന തിരിച്ചറിവും സുരക്ഷിതത്വവും  വേണ്ടത്ര  പിന്തുണയും ലഭിക്കുന്ന  വിദ്യാർത്ഥിക്ക്  അക്കാദമികമായും വൈകാരികമായും അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കും.

Further Reading & Resources:

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe