കുട്ടികളുടെ മാനസികാരോഗ്യം: മാതാപിതാക്കള്‍ക്കൊരു വഴികാട്ടി

കുട്ടികളുടെ മാനസികാരോഗ്യം: മാതാപിതാക്കള്‍ക്കൊരു വഴികാട്ടി

‘പിള്ളേര്‍ക്ക് എന്താ കുഴപ്പം? അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല, ചുമ്മാതെ കളിച്ചും പഠിച്ചും കുരുത്തുക്കേട് കാണിച്ചു നടന്നാല്‍ പോരെ.. ഒരു ടെന്‍ഷനുമില്ലല്ലോ’ ഇങ്ങനെയാണ് പലപ്പോഴും നമ്മുടെ സമൂഹം കുട്ടികളെ വിലയിരുത്തുന്നത്. കുട്ടികള്‍ക്കൊരു മനസ്സുണ്ടെന്ന് നാം മനസ്സിലാക്കിത്തുടങ്ങിയിട്ട് എത്ര നാളായി? കുട്ടികളെ പരിഗണിക്കുന്ന ഒരു സമൂഹമായി നാം വളര്‍ന്നു തുടങ്ങുന്നതേയുള്ളൂ. കുട്ടികളുടെ മാനസികാരോഗ്യം (children’s mental wellness ) വളരെ പ്രാധാന്യമുള്ള ഒരു കാര്യമാകുന്നതിന് കാരണമുണ്ട്. ഭാവിയില്‍ ആരോഗ്യകരമായ ഒരു സമൂഹം ഇന്നത്തെ കുട്ടികളിലൂടെയാണ് ഉണ്ടാകേണ്ടത്.

മുതിരുമ്പോള്‍ അവരുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണ് ചെറുപ്പത്തിലെ മാനസികാരോഗ്യം. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. വിശദമായി അറിയാം-

1. ശക്തമായ ബന്ധം കെട്ടിപ്പടുക്കുക

മാതാപിതാക്കള്‍ കുട്ടിയുമായി രസകരമായ രീതിയില്‍ സമയം ചെലവഴിക്കുക എന്നത് പ്രധാനമാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അവരുടെ ജീവിതത്തില്‍ ആത്മാര്‍ത്ഥമായ താല്‍പ്പര്യം കാണിക്കുക തുടങ്ങിയവയെല്ലാം പ്രധാനമാണ്. ഇത് കുട്ടികളുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തും. അവര്‍ക്ക് ഉള്ളില്‍ സുരക്ഷിതത്വബോധം ലഭിക്കുകയും ചെയ്യും.

2. ദിനചര്യ

കുട്ടികള്‍ക്ക് പാലിക്കാവുന്ന തരത്തില്‍ ലളിതമായ ഒരു ദിനചര്യ അവര്‍ക്ക് നിര്‍മ്മിച്ചു നല്‍കണം. സ്ഥിരതയുള്ള ദിനചര്യകള്‍ കുട്ടികള്‍ക്ക് മാനസികമായ സ്ഥിരത നല്‍കുന്നു. ഭക്ഷണം, ഗൃഹപാഠം, ഉറക്കസമയം എന്നിവയ്ക്കെല്ലാം കൃത്യമായ സമയം നിശ്ചയിക്കുക. പ്രവചിക്കാന്‍ കഴിയാത്ത ഒരു ജീവിതം കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. ഇത് അവരില്‍ അരക്ഷിതത്വം സൃഷ്ടിക്കും. അവരില്‍ ഉത്കണ്ഠ വളര്‍ത്തും.

3. തുറന്ന ആശയവിനിമയം 

കുട്ടികളുമായി മാതാപിതാക്കള്‍ തുറന്ന ആശയവിനിമയം നടത്തണം. കുട്ടിക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സുരക്ഷിതത്വം തോന്നുന്ന ഒരു അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുന്നത് ഗുണകരമാണ്. എല്ലാം ജഡ്ജ് ചെയ്യാതെ അവരെ ശ്രദ്ധിക്കുകയും അവരുടെ വികാരങ്ങളെ മാനിക്കുകയും വേണം. ഇത് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.

4. ആരോഗ്യകരമായ ശീലങ്ങള്‍ 

സ്ഥിരമായി വ്യായാമം ചെയ്യുന്നത് അടക്കമുള്ള നല്ല ശീലങ്ങള്‍ കുട്ടികള്‍ക്കുണ്ടാകണം. ഇത് മാതാപിതാക്കളാണ് സൃഷ്ടിച്ചു നല്‍കേണ്ടത്. സന്തുലിതമായ പോഷകാഹാരം, മതിയായ ഉറക്കം എന്നിവ കുട്ടിക്കുണ്ടായിരിക്കണം. ഈ ശീലങ്ങള്‍ നമ്മുടെ മൊത്തത്തിലുള്ള ശാരീരിക-മാനസിക ക്ഷേമത്തിനും നല്ലതാണ്.

5. എന്തും നേരിടാനുള്ള കഴിവ്

കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കണം. അത് സുരക്ഷിതത്വ ബോധത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. എങ്ങനെയാണ് സമ്മര്‍ദ്ദം കൈകാര്യം ചെയ്യേണ്ടതെന്ന് കുട്ടിയെ പഠിപ്പിക്കുന്നത് നല്ലതാണ്. മാതാപിതാക്കള്‍ കുട്ടിക്ക് സംരക്ഷണ വലയം ഒരുക്കിക്കൊടുക്കണം. അതില്‍ സുരക്ഷിതത്വ ബോധത്തോടെ അവര്‍ വളരട്ടെ.

6. സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തുക

കുട്ടികള്‍ക്ക് എങ്ങനെയാണ് സൗഹൃദം വളര്‍ത്തേണ്ടതെന്ന് നാം പഠിപ്പിച്ചു കൊടുക്കണം. കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെടണം. സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും കുട്ടിയെ പിന്തുണയ്ക്കുക. പോസിറ്റീവായ ബന്ധങ്ങള്‍ കുട്ടികളുടെ വൈകാരിക ആരോഗ്യത്തിന് നല്ലതാണ് എന്നോര്‍ക്കുക.

7. അതിരുകള്‍ നിശ്ചയിക്കുക

ഒരു വ്യക്തിക്ക് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനാകില്ലെന്ന ബോധം ചെറുപ്പത്തില്‍ തന്നെ വരേണ്ടതുണ്ട്. ലഹരിയിലേക്കും മറ്റും കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത് തടയാന്‍ ഇങ്ങനെയേ നമുക്കാകൂ. വ്യക്തമായ നിയമങ്ങള്‍ സ്ഥാപിക്കുക. സ്ഥിരമായി പാലിക്കേണ്ട നിയമങ്ങളും, അതിരുകളുമെല്ലാം കുട്ടികളെ പരിധികള്‍ മനസ്സിലാക്കാനും സ്വയം അച്ചടക്കം വികസിപ്പിക്കാനും സഹായിക്കുന്നു.

8. മാതൃകാപരമായ പെരുമാറ്റം

കുട്ടികള്‍ മാതാപിതാക്കളെ നിരീക്ഷിച്ചുകൊണ്ടാണ് പഠിക്കുന്ന്. സമ്മര്‍ദ്ദവും വികാരങ്ങളും കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് കുട്ടി പഠിക്കുക മാതാപിതാക്കളില്‍ നിന്നുമെല്ലാമാണ്. എങ്ങനെയാണ് പോസിറ്റീവ് മനോഭാവം വളര്‍ത്തേണ്ടതെന്ന് അവരെ പഠിപ്പിക്കണം. വെല്ലുവിളികളെ ക്രിയാത്മകമായി സമീപിക്കാന്‍ അവരെ പഠിപ്പിക്കണം.

9. സ്വാതന്ത്ര്യം 

കുട്ടിയെ പ്രായത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിക്കേണ്ടതുണ്ട്. എല്ലാ തീരുമാനങ്ങളും മാതാപിതാക്കള്‍ എടുക്കുന്നത് നല്ലതല്ല. കുട്ടികളില്‍ ആത്മവിശ്വാസവും പ്രശ്‌നപരിഹാര ശേഷിയും വളര്‍ത്താന്‍ ഇത് സഹായകമാണ്. സ്വാതന്ത്ര്യ നല്‍കുന്നത് ഉത്തരവാദിത്തബോധം വളര്‍ത്തുന്നു എന്ന് ഓര്‍മ്മിക്കുക.

10. ഡോക്ടറുടെ സഹായം

കുട്ടിയുടെ പെരുമാറ്റത്തിലോ മാനസികാവസ്ഥയിലോ സ്ഥിരമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക. പ്രശ്‌നങ്ങള്‍ വഷളാകുന്നതിന് മുമ്പ് ഇടപെട്ട് അവ പരിഹരിക്കാന്‍ കഴിയും. കുട്ടിയുടെ മാനസികാരോഗ്യം നിലനിര്‍ത്തുക എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. ഇത് മാതാപിതാക്കള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചും ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ തേടിയുമെല്ലാം നടപ്പാക്കണ്ട ഒന്നുകൂടിയാണ്. 

രോഗങ്ങളെയും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ച് ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ക്കും Nellikka.life സന്ദര്‍ശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.

Reference

https://www.seattlechildrens.org/health-safety/mental-health-resources/mental-health-and-your-child-or-teen-what-to-watch-for-and-how-to-help

https://www.childrens.com/health-wellness/how-to-nuture-your-childs-mental-health

https://www.seattlechildrens.org/health-safety/mental-health-resources/mental-health-and-your-child-or-teen-what-to-watch-for-and-how-to-help

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe