തലമുറയെ കാത്ത പെൺകരുത്ത്: ലോകം മാറ്റിമറിച്ച ഒരൊറ്റ വാക്ക്

തലമുറയെ കാത്ത പെൺകരുത്ത്: ലോകം മാറ്റിമറിച്ച ഒരൊറ്റ വാക്ക്

ലോകം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലമായിരുന്നു 1950ൽ ആരംഭിച്ച ദശകം. രണ്ടാം ലോകമഹായുദ്ധമേൽപ്പിച്ച ആഘാതത്തിൽ നിന്ന് ലോകം സുഖം പ്രാപിക്കാൻ തുടങ്ങിയ കാലം. ശാസ്ത്ര മേഖല കുതിച്ചുയർന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മരുന്നുകൾക്കൊപ്പം നൽകിയ വാഗ്ദാനങ്ങൾ, ജനങ്ങളിൽ പ്രതീക്ഷ സൃഷ്ടിച്ചു മുന്നേറാൻ തുടങ്ങി. 

താലിഡോമൈഡ് എന്ന മരുന്നും ആ വാഗ്ദാനങ്ങളിൽപ്പെട്ട ഒന്നായിരുന്നു.  ആധുനിക കണ്ടെത്തലിൻ്റെ ഭാഗമായ ഈ മികച്ച ഔഷധം, ഗർഭിണികൾക്ക് തികച്ചും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് വ്യാപകമായി പരസ്യം ചെയ്യപ്പെട്ടു.

ഗർഭാവസ്ഥയുടെ തുടക്കത്തിൽ, പ്രത്യേകിച്ച് രാവിലെ ഉണർന്ന ശേഷം  അനുഭവപ്പെടുന്ന ഓക്കാനത്തിൽ നിന്നും മറ്റ് അസ്വസ്ഥതകളിൽ  (morning sickness) നിന്നും മോചനം നേടാൻ ഈ മരുന്ന് പ്രയോജനപ്രദമാണെന്ന മരുന്നുകമ്പനിയുടെ പരസ്യത്തിൽ വിശ്വസിച്ച്, യൂറോപ്പിലുടനീളം ആയിരക്കണക്കിന് ഗർഭിണികൾ ഇത് കഴിച്ചു. 

ഈ മരുന്നുപയോഗത്തെത്തുടർന്നുണ്ടായ സംഭവങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയിൽ മുൻനിരയിൽത്തന്നെ ഇടം പിടിച്ചു. യൂറോപ്യൻചരിത്രത്തിലെ കറുത്ത ഏടായി താലിഡോമൈഡ്  മാറി.

അതേ ദുരന്തം ആവർത്തിക്കുമായിരുന്ന അമേരിക്കയിൽ, പക്ഷെ,താലിഡോമൈഡിൻ്റെ വിപണനം തടയപ്പെട്ടു. ആ നിഷേധശബ്ദമുയർത്തിയ  സ്ത്രീയാണ് ഡോ. ഫ്രാൻസെസ് ഓൾഡ്ഹാം കെൽസി.

എഫ് ഡി എയിലെ പുതിയ ഡോക്ടർ

1960ൽ, യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (FDA) പുതിയതായി ജോലിക്ക് ചേർന്ന ഒരു മെഡിക്കൽ ഓഫീസർക്കു മുന്നിലേക്ക്, പതിവ് നടപടിക്രമത്തിൻ്റെ ഭാഗമായി ഒരു ഫയൽ എത്തി. താലിഡോമൈഡ് വിൽക്കാനുള്ള ഒരു അമേരിക്കൻ കമ്പനിയുടെ അപേക്ഷയായിരുന്നു ആ ഫയലിൽ.

ഡോ. കെൽസി ഫയലിലെ കടലാസുകൾ മറിച്ചുനോക്കിയപ്പോൾ, എന്തോ ഒരപാകത തോന്നി. കമ്പനിയുടെ വിവരങ്ങൾ അപൂർണ്ണമായിരുന്നു, അവർ മൃഗങ്ങളിൽ നടത്തിയ ഗവേഷണങ്ങൾ സംബന്ധിച്ച വിവരങ്ങളിൽ പാകപ്പിഴകളുണ്ടായിരുന്നു, കൂടാതെ ഈ  മരുന്ന് ഗർഭധാരണത്തെ എങ്ങനെ ബാധിക്കുമെന്നതിന് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല.

മറ്റ് രാജ്യങ്ങൾ ഈ മരുന്നു വിപണനം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഡോ. കെൽസി, ഫയൽ പരിശോധിച്ച് വേഗത്തിൽ ഒപ്പിട്ടുകൊടുക്കുമെന്ന് അവരുടെ സൂപ്പർവൈസർമാർ പ്രതീക്ഷിച്ചു.

പക്ഷേ, അതുണ്ടായില്ല. ഡോ. കെൽസി അത് നിഷേധിച്ചു. ‘നോ‘ എന്ന ഒറ്റവാക്കിൽ ആ ഫയൽ ഡോ.കെൽസിയുടെ ഒപ്പില്ലാതെ മടങ്ങി.

വിൽപ്പനയെക്കാൾ പ്രാധാന്യം കൽപ്പിക്കപ്പെട്ട ശാസ്ത്രീയ വസ്തുത

മരുന്ന് നിയമങ്ങൾ അനുസരിച്ച് ഓരോ അറുപത് ദിവസം കൂടുമ്പോഴും എഫ് ഡി എ ഒന്നുകിൽ അപേക്ഷ അംഗീകരിക്കുകയോ അല്ലെങ്കിൽ വൈകിപ്പിക്കുകയോ ചെയ്യണമെന്നാണ് നിയമം. ഓരോ തവണയും കമ്പനി വ്യക്തതയില്ലാത്ത മറുപടികൾ നൽകിക്കൊണ്ടിരുന്നു. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതുവരെ ഒപ്പിടില്ലെന്ന തീരുമാനത്തിൽ  ഡോ.കെൽസി ഉറച്ചു നിന്നു.

കമ്പനി പ്രതിനിധികൾ ഓഫീസിൽ തമ്പടിക്കാൻ തുടങ്ങി, തുടരെത്തുടരെ  ഫോൺ വിളിച്ചു, സൂപ്പർവൈസർമാരെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. മരുന്നു സംബന്ധിച്ച് “അമിതമായി ജാഗ്രത കാണിക്കുന്നതിന്” ഡോ.കെൽസിയെ  പരിഹസിക്കുക പോലും ചെയ്തു. എങ്കിലും അവർ നിലപാട് മാറ്റിയില്ല. ഗർഭിണിയുടെ ശരീരത്തിലെത്തുന്ന ഏത് മരുന്നും ഗർഭസ്ഥശിശുവിന് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടണം എന്ന്, അവർ പഠിച്ച ശാസ്ത്രവും നേടിയെടുത്ത പരിശീലനവും അവരോട് പറഞ്ഞുകൊണ്ടേയിരുന്നു.

യൂറോപ്പിലെ ദുരന്തം

അമേരിക്കയിൽ താലിഡോമൈഡ് ഉപയോഗം ‘വേണ്ട’ എന്ന് ഡോ. കെൽസി  പറഞ്ഞുകൊണ്ടിരുന്നപ്പോൾ, യൂറോപ്പിൽ ദുരന്തം നടമാടുകയായിരുന്നു. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഗുരുതരമായ വൈകല്യങ്ങൾ. കുറിയ കൈകാലുകളുമായി, അല്ലെങ്കിൽ കൈകാലുകൾ ഇല്ലാത്ത അവസ്ഥയിൽ നിരവധി കുഞ്ഞുങ്ങൾ പിറന്നുവീണു. കണ്ണുകളും ചെവികളും ആന്തരികാവയവങ്ങളും വൈകല്യം പേറി.  

ഈ ഗുരുതരാവസ്ഥയുടെ കാരണം അന്വേഷിച്ച ഡോക്ടർമാർ, ഞെട്ടിക്കുന്ന ഒരു യാഥാർത്ഥ്യം മനസ്സിലാക്കി. ജൻമനാ വൈകല്യവുമായി ഭൂമിയിലേക്കെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർ ഗർഭകാലത്ത് താലിഡോമൈഡ് കഴിച്ചിരുന്നു എന്ന സത്യം. ഡസൻ കണക്കിന് രാജ്യങ്ങളിലായി പതിനായിരത്തിലേറെ കുട്ടികളെ ഇത് ബാധിച്ചു. ജനിച്ചയുടൻ തന്നെ ആയിരങ്ങൾ മരണത്തിന് കീഴടങ്ങി.

ഈ ദുരന്തം അമേരിക്കയിൽ ആവർത്തിക്കാതിരിക്കാൻ കാരണമായത്, ദീർഘവീക്ഷണമുള്ള, വൈദ്യശാസ്ത്രത്തെ ആദരിക്കുന്ന ഡോ.കെൽസി എന്ന സ്ത്രീയുടെ ഉറച്ച തീരുമാനമായിരുന്നു. സുരക്ഷിതമാണെന്നത് വ്യക്തമാക്കുന്ന തെളിവുകൾ നൽകാതെ അമേരിക്കയിലെ ഒരൊറ്റ ഫാർമസിയിലും ഈ മരുന്നെത്തില്ലെന്ന തീരുമാനം, വലിയൊരു ദുരന്തത്തിന് പ്രതിരോധം തീർത്തു.  

ഒറ്റയ്ക്ക് നിലകൊള്ളാനുള്ള ചങ്കൂറ്റം

ഡോ. കെൽസിയുടെ ഈ അചഞ്ചല നിലപാട്, എത്രയോ കുട്ടികളെ രക്ഷിച്ചു. 1962ൽ സത്യം പുറത്തുവന്നതോടെ അവർ ദേശീയ നായികയായി മാറി.

പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അവരെ പ്രസിഡന്റിന്റെ വിശിഷ്ട ഫെഡറൽ സിവിലിയൻ സർവീസ് അവാർഡ് നൽകി ആദരിച്ചു. ഡോ.കെൽസിയുടെ തീരുമാനം കൈക്കൊള്ളാനുള്ള കഴിവും സത്യസന്ധതയും മാതൃകാപരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അംഗീകാരങ്ങൾക്കും വാഴ്ത്തുപാട്ടുകൾക്കും നടുവിൽ നിൽക്കുമ്പോഴും, “എൻറെ കർത്തവ്യം നിർവ്വഹിക്കുക മാത്രമാണ് ഞാൻ ചെയ്തത്” എന്നാണയിരുന്നു  ഡോ. കെൽസിയുടെ പ്രതികരണം. 

ആ “കർത്തവ്യം” ആണ് വാസ്തവത്തിൽ  വൈദ്യശാസ്ത്രത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കാനിടയാക്കിയത്.

ഔഷധസുരക്ഷയുടെ പുതിയ യുഗം

അണുവിട തെറ്റാതെ ഗുണനിലവാരം പാലിച്ച്, ശാസ്ത്രീയ മാനദണ്ഡങ്ങൾക്കനുസൃതമായി വേണം മരുന്നുകൾ വിപണിയിലെത്തിക്കാനെന്ന ഡോ.കെൽസിയുടെ  ഉറച്ച നിലപാട് പൊതുജനാരോഗ്യ മേഖലയിൽ വലിയൊരു വിപ്ലവത്തിന് കാരണമായി. 1962ലെ കെഫോവർ-ഹാരിസ് ഭേദഗതി (Kefauver-Harris Amendment) മരുന്ന് അംഗീകാര നിയമങ്ങളെ ഉടച്ചുവാർത്തു:

  • മരുന്നുകൾ വിപണിയിലെത്തിക്കുന്നതിന് മുമ്പ് സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കണം.
  • കമ്പനികൾ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യണം, കൂടാതെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് പൂർണ്ണ അറിവോടെയുള്ള സമ്മതം (informed consent) നേടണം.
  • നിയന്ത്രണ മേൽനോട്ടം കൂടുതൽ കർശനവും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതുമായി മാറി.

പിന്നീട്, ഡോ. കെൽസി FDAയുടെ ഇൻവെസ്റ്റിഗേഷണൽ ഡ്രഗ് ബ്രാഞ്ചിന് നേതൃത്വം നൽകി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കാരണം അവർ പരിശീലനം നൽകിയ ഇൻസ്പെക്ടർമാർ,”കെൽസിയുടെ പോലീസുകാർ” (Kelsey’s cops”)എന്ന ഇരട്ടപ്പേരിൽ അറിയപ്പെടാൻ തുടങ്ങി. 

ഇന്നും നമ്മെ സംരക്ഷിക്കുന്ന പൈതൃകം

നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം തൊണ്ണൂറാം വയസ്സിൽ ഡോ. കെൽസി വിരമിച്ചു. പുതിയ മരുന്നുകളൊന്നും അവർ കണ്ടെത്തിയില്ല, പക്ഷേ അവർ ആർജിച്ചെടുത്ത പൊതുജനവിശ്വാസം പതിറ്റാണ്ടുകൾക്കിപ്പുറവും അചഞ്ചലമായി തുടരുന്നു. 

കണ്ടുപിടുത്തങ്ങൾ  മാത്രമല്ല, സംയമനവും നിഷേധിക്കാനുള്ള സ്ഥൈര്യവും ധാർമ്മികതയുടെ അവിഭാജ്യ ഘടകമാണെന്ന് ഡോ. ഫ്രാൻസെസ് ഓൾഡ്ഹാം കെൽസിയുടെ ജീവിതം നമ്മളോടു പറയുന്നു. 

ഇന്ന് വിപണിയിലുള്ള സുരക്ഷിതമായ ഓരോ മരുന്നും, ക്ലിനിക്കൽ ഡേറ്റയുടെ പിൻബലമുള്ള ഓരോ മരുന്നും ഡോ.കെൽസിയുടെ നേരും നൻമയും വഹിക്കുന്നു.

മറ്റുള്ളവർ മുന്നേറുമ്പോൾ അതേ പാത പിൻതുടരാതെ, സുവ്യക്തമായ തെളിവുകൾ നിരന്തരം ആവശ്യപ്പെടുകയും അരുതാത്തതിനോട്  ‘വേണ്ട’ എന്ന് പറയാൻ ആർജവം കാണിക്കുന്നതുമാണ് യഥാർത്ഥ നൈതികത എന്ന് ഡോ. കെൽസി പറഞ്ഞു വെയ്ക്കുന്നു.

Nellikka.life ന് പറയാനുള്ളത്

തികഞ്ഞ ആത്മവിശ്വാസത്തോടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നവരെ Nellikka.life അകമഴിഞ്ഞാദരിക്കുന്നു.

വേഗതയിലും മത്സരത്തിലും അധിഷ്ഠിതമായ ഈ ലോകത്ത്, സത്യസന്ധതയാണ് ഏറ്റവും നല്ല മരുന്നെന്ന് ഡോ. ഫ്രാൻസെസ് കെൽസിയുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

സുരക്ഷിതമായി നമ്മൾ കഴിക്കുന്ന ഓരോ ഗുളികയ്ക്ക് പിന്നിലും വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ച ശാസ്ത്രജ്ഞരുടെ ഉൾക്കരുത്ത് പ്രതിഫലിക്കുന്നുണ്ട്.

References

  1. U.S. Food and Drug Administration – History of the Thalidomide Tragedy and Dr. Frances Kelsey.
  2. National Institutes of Health – Drug Safety Reform in the 1960s.
  3. World Health Organization – Lessons from Thalidomide in Modern Pharmacovigilance.

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe