പിതൃത്വം എന്ന  കരുതലിൻ്റെ കരുത്ത് : പുതിയ കാലത്തെ അച്ഛനമ്മമാർ അറിയാൻ

പിതൃത്വം എന്ന  കരുതലിൻ്റെ കരുത്ത് : പുതിയ കാലത്തെ അച്ഛനമ്മമാർ അറിയാൻ

കുഞ്ഞുങ്ങളുടെ വളർച്ചാവികാസങ്ങളിൽ രക്ഷിതാക്കളുടെ പങ്കിനെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ് തീർക്കാനാകില്ല. കുഞ്ഞിനോടൊപ്പം അച്ഛനമ്മമാരുടേയും ലോകം വളർന്ന് കൊണ്ടേയിരിക്കുന്നു. മാതാപിതാക്കളുടെ  കരുതലും സ്നേഹവും അറിഞ്ഞ് വളരുന്ന കുട്ടിയുടെ മനസ്സിൽ, ആഴത്തിൽത്തന്നെ അതിൻ്റെ പ്രതിഫലനമുണ്ടാകും.

മണ്ണിലേക്ക് പിറന്നുവീഴുന്നതിന് മുമ്പ് തന്നെ, കുഞ്ഞിന് അമ്മയുമായുള്ള ബന്ധം തുടങ്ങും. ജനിച്ച് ആദ്യമാസങ്ങളിൽ അമ്മയുടെ സാമീപ്യവും പരിചരണവും മുഴുവൻ സമയവും കുഞ്ഞിന് ലഭിക്കുന്നു. അദ്ധ്വാനിക്കാനും  ആഹാരം കണ്ടെത്താനും അച്ഛൻ, ഊട്ടാനും ഉറക്കാനും ചേർത്തു പിടിക്കാനും അമ്മ എന്ന പഴയ ചിന്താഗതിയിൽ നിന്ന് അമ്മമാർ വളർന്നുകഴിഞ്ഞു. സ്നേഹവും വാൽസല്യവും മനസ്സിൽ ഒളിപ്പിച്ച്, കുഞ്ഞുങ്ങളെ കയ്യകലത്തിൽ പേടിപ്പിച്ചു നിർത്തി അനുസരണ പഠിപ്പിക്കാനുള്ള കാർക്കശ്യക്കാരനിൽ നിന്ന് അച്ഛനും.

അച്ഛൻറെ സ്വാധീനം കുട്ടികളിൽ, കുടുംബത്തിൽ, സമൂഹത്തിൽ എങ്ങനെ പ്രതിധ്വനിക്കുന്നു എന്ന് ശാസ്ത്രീയാടിസ്ഥാനത്തിൽ നമുക്ക് മനസ്സിലാക്കാം.

  1. ബൌദ്ധിക, സാമൂഹിക, വൈകാരിക വളർച്ചയിൽ അച്ഛൻ്റെ പങ്ക്

പിതാവിൻ്റെ സജീവ പങ്കാളിത്തം, കുഞ്ഞിൻ്റെ ശാരീരിക – മാനസികാരോഗ്യത്തെയും പഠന മികവിനേയും സാമൂഹിക ഇടപെടലിനെയും മികവുറ്റതാക്കുമെന്ന്  ദീർഘകാലത്തെ നിരീക്ഷണ ഫലങ്ങളുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദ സൊസൈറ്റി ഫോർ റിസർച്ച് ഇൻ ചൈൽഡ് ഡെവലപ്‌മെന്റിന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്, കുട്ടികളുമായി ഇടപഴകുന്ന അച്ഛന്മാർ, മക്കളുടെ അക്കാദമിക മികവിനും  സമപ്രായക്കാരുമായുള്ള നല്ല ബന്ധത്തിനും പെരുമാറ്റ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു എന്നാണ്.

2. ഭാഷയും ഭാവനാത്മക വളർച്ചയും

അച്ഛൻമാർ കുട്ടികളോടൊത്ത് കളികളിൽ ഏർപ്പെടുമ്പോൾ, അത് വിനോദത്തിനപ്പുറം, കുഞ്ഞുങ്ങളുടെ ഭാഷാപരമായ പുരോഗതിക്കും വൈകാരിക വളർച്ചക്കും യുക്തിസഹമായ പ്രശ്നപരിഹാരശേഷിക്കും ഊർജം നൽകുന്നുവെന്ന് പല പഠനങ്ങളഉം വ്യക്തമാക്കിയിട്ടുണ്ട്.  

 കളികളിൽ പങ്കാളിയാകുന്നതുവഴി അച്ഛൻ കുഞ്ഞിന് പകർന്ന് നൽകുന്നത് ദുഷ്ക്കര സാഹചര്യങ്ങങ്ങളിൽ പ്രതികരിക്കേണ്ട രീതികളും പ്രായോഗികതയും നേട്ടങ്ങൾ കരസ്ഥമാക്കാനുള്ള വഴികളുമാണെന്ന് ഗവേഷണങ്ങൾ അടിവരയിട്ട് പറയുന്നു. 

3. എത്ര നേരം എന്നല്ല എങ്ങനെയെന്നത്  പ്രധാനം :  

കുട്ടികളോടൊപ്പം എത്ര സമയം ചെലവഴിക്കുന്നു എന്നതിനേക്കാൾ, ഏത് രീതിയിൽ എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. അച്ഛൻ  കുട്ടിക്കൊപ്പം ജീവിക്കുന്ന വ്യക്തി ആയാലും പ്രവാസിയായാലും വൈകാരിക  ഇടപെടൽ നടത്താൻ കഴിയണം. അപ്പോൾ കുഞ്ഞുങ്ങളുടെ  മാനസികാരോഗ്യം, വൈകാരിക ശക്തി, അക്കാദമിക മികവ് എന്നിവയെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയും.

4. പ്രകൃതി ഒരുക്കുന്ന പിതൃത്വം 

കുഞ്ഞിൻ്റെ പിതാവായി മാറുമ്പോൾ ആ വ്യക്തിയിൽ മാനസികവും  ജൈവശാസ്ത്രപരവുമായ മാറ്റങ്ങൾ സംഭവിക്കുന്നു. സഹാനുഭൂതി, വൈകാരിക ക്രമീകരണം, സഫലീകരണം എന്നീ ചിന്തകളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കത്തിലെ അമിഡ്ഗാല. പ്രീഫ്രോണ്ടൽ കോർടെക്സ് ഭാഗങ്ങളിൽ മാറ്റങ്ങൾ  വരുന്നതായി ബ്രെയിൻ ഇമേജിംഗിൽ  കണ്ടെത്തിയിട്ടുണ്ട്.

ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയുകയും ഓക്സിടോസിൻ, പ്രോലാക്റ്റിൻ ഹോർമോണുകൾ  വർദ്ധിക്കുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്.  ഈ ഹോർമോൺ മാറ്റങ്ങൾ, പിതൃപുത്രബന്ധത്തിൽ കരുതലും സ്നേഹവും വാൽസല്യവും നിറയ്ക്കാൻ  ഇടയാക്കുന്നു.

5.  പിതാവിന്റെ സാന്നിധ്യം കുടുംബത്തെ ഊഷ്മളമാക്കും 

കുടുംബത്തിൽ സജീവമായി ഇടപഴകുന്ന അച്ഛന്മാരുടെ കുട്ടികളിൽ വൈകാരിക വിക്ഷോഭവും പെരുമാറ്റ വൈകല്യങ്ങളും കുറവാണ്. അച്ഛന്റെ സൗമ്യമായ ഇടപെടലുകളിലൂടെ  മാതാവിൻ്റെ മാനസികാരോഗ്യം മെച്ചപ്പെടുകയും  കുടുംബാന്തരീക്ഷം ആരോഗ്യകരമാകുകയും ചെയ്യുന്നു.

ഉത്തരവാദിത്തത്തോടെയുള്ള രക്ഷാകർതൃത്വം  കുട്ടികൾക്ക് മാത്രമല്ല, അച്ഛനമ്മമാർക്കും പ്രയോജനങ്ങൾ നൽകുന്നു. 

6. പിതൃത്വവും പുതിയകാല സാഹചര്യങ്ങളും

അച്ഛനും അമ്മയും തുല്യപങ്കാളിത്തത്തോടെ കുഞ്ഞിനെ പരിപാലിക്കുമ്പോൾ, അത് ദാമ്പത്യത്തിലെ ഇഴയടുപ്പം വർദ്ധിപ്പിക്കും. അച്ഛനുമായി മികച്ച വൈകാരിക ബന്ധം പുലർത്തുന്ന കുട്ടിക്ക്  സമൂഹത്തിൽ നല്ല രീതിയിൽ ഇടപഴകാനും വൈകാരിക നിയന്ത്രണം പാലിക്കാനും കഴിയുന്നു.  

പിതൃത്വ അവധിയിലേക്കും തുല്യ രക്ഷാകർതൃത്വത്തിലേക്കുമുള്ള സാമൂഹിക വളർച്ച,  മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ഗുണം ചെയ്യും. കുഞ്ഞ് ജനിച്ച് ആദ്യ ആഴ്ചകളിൽ അച്ഛൻ്റെ സാമീപ്യവും കരുതലും അമ്മയ്ക്കുണ്ടാകുന്ന പ്രസവാനന്തര വിഷാദം കുറയ്ക്കാൻ സഹായിക്കും. ഒപ്പം, കുഞ്ഞിൻ്റെ എല്ലാക്കാര്യങ്ങളിലും അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്തമാകുമ്പോൾ,  കുഞ്ഞിന് അച്ഛനുമായുളള ബന്ധവും ദൃഢമാകും. 

അച്ഛൻ അറിയാൻ

  • സാന്നിദ്ധ്യം ഉറപ്പാക്കാം –  വൈകാരിക ബന്ധം ശക്തമാക്കാൻ  കുഞ്ഞ് ഉറങ്ങാൻ പോകുമ്പോഴും  ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ കൂടെയുണ്ടാവുക.
  • കഴിയുമ്പോഴൊക്കെ കുട്ടിയോടൊപ്പം കളിക്കുക : ശാരീരികവും ഭാവനാത്മകവും പ്രശ്നപരിഹാരപരവുമായ ഗെയിമുകളിൽ ഏർപ്പെടുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തും.
  • തുറന്ന മനസ്സോടെ   ഇടപഴകുക : വികാരങ്ങൾ പങ്കിടാം, സജീവമായി ഇടപെടാം – പ്രത്യേകിച്ച് കുഞ്ഞിന്  ദുഷ്‌കരമായ സമയങ്ങളിൽ.
  • പങ്കാളിയെ ചേർത്ത് പിടിയ്ക്കുക : മാതാപിതാക്കൾ തമ്മിലുള്ള 

            ഊഷ്മള ബന്ധം കുട്ടികൾക്ക് ഏറെ ഗുണം ചെയ്യും. സമ്മർദ്ദം ഒഴിവാക്കാനുമാകും.

  • ജൈവിക മാറ്റങ്ങളെ തിരിച്ചറിയുക : നിങ്ങളുടെ മസ്തിഷക്കവും മനസ്സും ഹോർമോണുകളും ഉൾക്കൊള്ളുന്ന മാറ്റങ്ങൾ, നല്ല ഒരു അച്ഛനാകാൻ നിങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുക.

പിതൃത്വം എന്നത് ഒരു ഉദാത്തമായ  യാത്രയാണ് –  ശാസ്ത്രത്തിന്റെയും പരിണാമത്തിൻ്റെയും സ്നേഹത്തിന്റെയും പിൻബലത്തിൽ ഉരുവായ ഒന്ന്. 

നിങ്ങൾ ഒരു പുതിയ അച്ഛനായാലും നല്ല അച്ഛനാകാൻ ശ്രമിക്കുന്ന വ്യക്തിയായാലും അച്ഛനാകാൻ വെമ്പുന്നവനായാലും –   ഓരോ നിമിഷവും പ്രധാനമാണ്. നിങ്ങളുടെ നിറസാന്നിധ്യം നല്ല മനസും ശരീരവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഏറെ സഹായകരമാകും.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe