വിശ്വാസം നൽകുന്ന രോഗശാന്തി : പ്ലസീബോ പ്രതിഭാസം

വിശ്വാസം നൽകുന്ന രോഗശാന്തി : പ്ലസീബോ പ്രതിഭാസം

ഒരു ഗുളിക കഴിച്ചതിന് ശേഷം പെട്ടെന്നുതന്നെ ആശ്വാസം തോന്നുകയും പിന്നീട്, കഴിച്ചത് വെറും പഞ്ചസാര ഗുളികയായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്ന സാഹചര്യം അനുഭവിച്ചവർ നമുക്കിടയിൽ ഉണ്ടാകും. അല്ലെങ്കിൽ, ഒരു ചികിത്സ ‘അത്ഭുതകരമായി ഫലം ചെയ്യും’ എന്ന് കേട്ട നിമിഷം തന്നെ, വേദന കുറയുന്നതായി അനുഭവപ്പെടുക- ഇതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

മരുന്നിന്റെ ശക്തികൊണ്ടല്ല, മറിച്ച് അതിലുള്ള വ്യക്തിയുടെ വിശ്വാസം കൊണ്ടുണ്ടാകുന്ന ഈ നിഗൂഢമായ മാറ്റത്തെയാണ് പ്ലസീബോ പ്രതിഭാസം (Placebo Effect) എന്ന് പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും കൗതുകകരമായ വിഷയങ്ങളിൽ ഒന്നാണിത്.

വ്യാജ ചികിത്സകളെക്കുറിച്ചല്ല പ്ളസീബോ എന്നതു കൊണ്ടർത്ഥമാക്കുന്നത്. പ്ലസീബോ പ്രതിഭാസം വാസ്തവത്തിൽ അസാധാരണമായ ഒരു വസ്തുതയാണ് വെളിപ്പെടുത്തുന്നത്:

ശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രക്രിയകളെ പോലും അളക്കാൻ കഴിയുന്ന, രോഗശാന്തി നൽകുന്ന രീതിയിൽ സ്വാധീനിക്കാൻ മനുഷ്യ മനസ്സിന്  കഴിയും എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അദൃശ്യമാണെങ്കിലും ശക്തമായ ഈ കരുത്തിന് പിന്നിലെ ശാസ്ത്രം നമുക്ക് പരിശോധിക്കാം.

1. എന്താണ് ഈ പ്ലസീബോ പ്രതിഭാസം?

സജീവമായ ഒരു ചികിൽസയുടെ ഫലമായല്ലാതെ, നല്ല ചികിൽസ ലഭിക്കുന്നു എന്ന  രോഗിയുടെ വിശ്വാസത്തിൻ്റെ ഫലമായി, ആരോഗ്യത്തിൽ ഉണ്ടാകുന്ന പുരോഗതിയാണ് പ്ലസീബോ പ്രതിഭാസം. ഇത് ശാസ്ത്രീയമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്

ക്ലിനിക്കൽ പരീക്ഷണങ്ങളിൽ, പ്ലസീബോ,  (ലാറ്റിൻ ഭാഷയിൽ ഈ പദത്തിന്, ‘ഞാൻ സംതൃപ്തി നൽകും’ എന്നാണർത്ഥം) ഒരു പഞ്ചസാര ഗുളികയോ, ഉപ്പുലായനിയുടെ (saline) ഇഞ്ചക്ഷനോ, അല്ലെങ്കിൽ ഒരു വ്യാജ ശസ്ത്രക്രിയയോ പോലും ആകാം. എങ്കിലും പ്ലസീബോ ലഭിക്കുന്ന രോഗികൾ വേദന, ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ ക്ഷീണം എന്നിവയിൽ നിന്ന് യഥാർത്ഥത്തിലുള്ള ആശ്വാസം ലഭിച്ചതായി വ്യക്തമാക്കാറുണ്ട്.

ഇതൊന്നും വെറും ഭാവനയല്ല – പ്രതീക്ഷയോട് ശരീരം പ്രതികരിക്കുന്ന രീതിയാണിത്.

യഥാർത്ഥ മരുന്നുകളുടെ അഭാവത്തിൽ പോലും, മനസ്സിന് യഥാർത്ഥ ശാരീരിക സ്വാസ്ഥ്യത്തെ ഉത്തേജിപ്പിക്കാൻ കഴിയും എന്ന് ബ്രെയിൻ സ്കാനുകളും ബയോകെമിക്കൽ രേഖകളും വ്യക്തമാക്കുന്നു.

2. മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന് പിന്നിലെ ശാസ്ത്രം

വിശ്വാസം എങ്ങനെ ജീവശാസ്ത്രപരമായ മാറ്റങ്ങളായി രൂപപ്പെടുന്നു എന്ന് ആധുനിക ന്യൂറോസയൻസ് ഇന്ന് കണ്ടെത്തിയിരിക്കുന്നു.

പ്ലസീബോ പ്രതികരണ സമയത്ത് ശരീരത്തിനകത്ത് സംഭവിക്കുന്നതെന്തെന്ന് നോക്കാം:

മസ്തിഷ്കത്തിന്റെ ഉത്തേജനം

ഒരു ചികിത്സ സഹായിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുമ്പോൾ, നിങ്ങളുടെ മസ്തിഷ്കം എൻഡോർഫിനുകൾ (സ്വാഭാവിക വേദനസംഹാരികൾ), ഡോപമിൻ (സന്തോഷം നൽകുന്ന രാസവസ്തു), സെറോട്ടോണിൻ (മനോനില നിയന്ത്രിക്കുന്ന രാസവസ്തു) എന്നിവ പുറത്തുവിടുന്നു. ഈ പ്രക്രിയ വേദനയുടെ അനുഭവം, മാനസികാവസ്ഥ, കൂടാതെ രോഗപ്രതിരോധ ശേഷി എന്നിവയെ പോലും മാറ്റുന്നു.

നാഡീവ്യവസ്ഥയുടെ നിയന്ത്രണം 

പോസിറ്റീവായ വിശ്വാസം ശരീരത്തിന്റെ “വിശ്രമം, കേടുപാടുകൾ തീർക്കൽ, രോഗശാന്തി” എന്നിവയുടെ മോഡായ പാരാസിംപതറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നു. ഇത് കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളെ കുറയ്ക്കുകയും ശരീരകലകൾക്ക് കൂടുതൽ കാര്യക്ഷമമായി കേടുപാടുകൾ തീർക്കാൻ അവസരം നൽകുകയും ചെയ്യുന്നു.

കണ്ടീഷൻഡ് റെസ്പോൺസ് 

ചില സൂചനകളെ (ഗുളിക കഴിക്കുന്നതോ ഡോക്ടറെ സന്ദർശിക്കുന്നതോ പോലുള്ളവ) രോഗശാന്തിയുമായി ബന്ധപ്പെടുത്താൻ മസ്തിഷ്കത്തിന് കഴിയും. കാലക്രമേണ, യഥാർത്ഥ മരുന്നില്ലെങ്കിൽ പോലും, ഈ സൂചനകൾക്ക് മാത്രം അതേ ജീവശാസ്ത്രപരമായ പ്രതികരണങ്ങൾ ഉണർത്താൻ കഴിയുന്നു.

ജനിതകപരവും ഹോർമോൺപരവുമായ മാറ്റങ്ങൾ

പ്ലസീബോ പ്രതികരണങ്ങൾക്ക് നീർക്കെട്ട്, രോഗ പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ജീൻ എക്സ്പ്രഷനെപ്പോലും മാറ്റാൻ കഴിയുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനർത്ഥം, വിശ്വാസത്തിന് അക്ഷരാർത്ഥത്തിൽ കോശങ്ങളെ പുനഃക്രമീകരിക്കാൻ കഴിയും എന്നാണ്.

3. പ്ലസീബോ പ്രതിഭാസത്തിന്റെ ചരിത്രം

പ്ലസീബോ പ്രതിഭാസത്തിന് രോഗശാന്തിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിനും മുമ്പ്, മിക്ക ചികിത്സകളും ചടങ്ങുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു: പ്രാർത്ഥനകൾ, മന്ത്രങ്ങൾ, വിശുദ്ധ ആചാരങ്ങൾ എന്നിവ.

അതിലുപയോഗിക്കുന്ന പ്രകൃതിദത്ത ചേരുവകൾ സഹായകരമായിരുന്നുവെങ്കിലും, രോഗശാന്തിയുടെ ഭൂരിഭാഗവും ലഭിച്ചിരുന്നത് വിശ്വാസം, പ്രതീക്ഷ, പരിചരണത്തിന്റെ ചടങ്ങ് എന്നിവയിൽ നിന്നാണ് – അതായത് രോഗശാന്തി നൽകുന്ന വ്യക്തിയും രോഗിയും തമ്മിലുള്ള മാനുഷിക ബന്ധത്തിൽ നിന്ന്.

ഇന്നും ‘ ആയുർവേദം, റേക്കി പോലുള്ള പല പരമ്പരാഗത ചികിത്സാ രീതികളും ഈ രോഗശാന്തിയുടെ അന്തരീക്ഷം ഉപയോഗിക്കുന്നു – ഇവിടെ വിശ്വാസം, സ്പർശം, ചിന്തകൾ എന്നിവയെല്ലാം ചികിത്സയുടെ ഭാഗമാണ്.

4. പ്ലസീബോ – ആധുനിക വൈദ്യശാസ്ത്രത്തിൽ

ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒരുകാലത്ത് പ്ലസീബോയെ വ്യാജ ചികിത്സയെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ, ഗവേഷകർ ഇതിനെ ശരീരത്തിന്റെ സ്വാസ്ഥ്യം സംബന്ധിച്ച സഹജമായ ധിഷണയുടെ തെളിവായി കാണുന്നു.

ക്ലിനിക്കൽ തെളിവുകൾ

  • വേദന നിയന്ത്രണം സംബന്ധിച്ച പഠനങ്ങളിൽ, ചികിത്സയൊന്നും നൽകാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ, പ്ലസീബോയ്ക്ക് വേദനയുടെ തീവ്രത 50% വരെ കുറയ്ക്കാൻ കഴിഞ്ഞതായി തെളിഞ്ഞിട്ടുണ്ട്.
  • വിഷാദരോഗ ചികിത്സാ പരീക്ഷണങ്ങളിൽ, രോഗലക്ഷണങ്ങളിൽ  30–40% ആശ്വാസത്തിനും കാരണമായത് പ്ലസീബോ പ്രതികരണങ്ങളാണ്.
  • പാർക്കിൻസൺസ് രോഗമുള്ള വ്യക്തികളിൽ പോലും, പുതിയ മരുന്നാണെന്ന് ലേബൽ ചെയ്ത പ്ലസീബോ ഗുളിക കഴിച്ചതിന് ശേഷം മസ്തിഷ്കത്തിൽ ഡോപമിൻ വർദ്ധിച്ചതായി തെളിഞ്ഞിട്ടുണ്ട്.

ഇതിനർത്ഥം, രോഗശാന്തിയുടെ പശ്ചാത്തലം – ഡോക്ടറിലുള്ള വിശ്വാസം, സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ, മരുന്നിലുള്ള വിശ്വാസം – എന്നിവ മരുന്നു പോലെതന്നെ പ്രധാനമാണ് എന്നാണ്.

5. നോസിബോ പ്രതിഭാസം:

വിശ്വാസത്തിന് രോഗശാന്തി നൽകാൻ കഴിയുന്നതുപോലെ, ഭയത്തിന് ദോഷം വരുത്താനും കഴിയും.ഒരു ചികിത്സ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന ഭീതി ഒരു വ്യക്തിക്കുണ്ടെന്നിരിക്കട്ടെ, ആ ചികിത്സ നൽകിയില്ലെങ്കിൽ പോലും ശരീരം പാർശ്വഫലത്തിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. ഇതിനെയാണ് നോസിബോ പ്രതിഭാസം (Nocebo Effect) എന്ന് വിളിക്കുന്നത് (‘ഞാൻ ദോഷം ചെയ്യും’ എന്നർത്ഥം). ഉദാഹരണത്തിന്, ഓക്കാനം ഒരു പാർശ്വഫലമായി ഉണ്ടാകുമെന്ന് രോഗികൾക്ക് മുന്നറിയിപ്പ് നൽകിയാൽ, പ്ലസീബോ ഗുളികയാണ് കഴിച്ചത് എങ്കിൽക്കൂടി പലർക്കും യഥാർത്ഥത്തിൽ ഓക്കാനം അനുഭവപ്പെട്ടേക്കാം. നല്ല രീതിയിലായാലും മോശം രീതിയിലായാലും, നമ്മുടെ പ്രതീക്ഷകൾ നമ്മുടെ ജീവശാസ്ത്രത്തെ രൂപപ്പെടുത്തുന്നു എന്ന് ഈ തെളിവുകൾ ഓർമ്മിപ്പിക്കുന്നു.

6.  വിശ്വാസം നൽകുന്നു സ്വാസ്ഥ്യത്തിൻ്റെ കരുത്ത്

വിശ്വാസത്തിന് മരുന്നായി പ്രവർത്തിക്കാൻ കഴിയും. ആവശ്യമായ പരിചരണവും കരുതലും ലഭിക്കുന്നുണ്ടെന്നും സുഖപ്പെടുമെന്ന ഉറച്ച വിശ്വാസം, ശരീരത്തിൽ ചില രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നു:

  • എൻഡോർഫിനുകൾ – സ്വാഭാവിക വേദനസംഹാരി
  • ഡോപമിൻ, സെറോട്ടോണിൻ – വൈകാരിക സന്തുലിതാവസ്ഥ
  • ഓക്സിടോസിൻ – വിശ്രമവും വിശ്വാസവും
  • പ്രതിരോധശേഷി ക്രമീകരണം – വേഗത്തിലുള്ള രോഗമുക്തിയും വീക്കം കുറയ്ക്കലും

യഥാർത്ഥ ചികിത്സകളെ ഉപേക്ഷിക്കണമെന്നല്ല ഇതിനർത്ഥം, മറിച്ച്, വിശ്വാസത്തിന്റെയും പോസിറ്റിവിറ്റിയുടെയും കരുത്തിനെക്കൂടി ചേർത്തുപിടിച്ച് അവയെ മെച്ചപ്പെടുത്തുക എന്നാണ്. വാസ്തവത്തിൽ, ഏറ്റവും ഫലപ്രദമായ രോഗശാന്തി നൽകുന്നവർ – ആധുനിക ഡോക്ടർമാർ മുതൽ പുരാതന കാലത്തെ ഗുരുക്കന്മാർ വരെ – ഈ ആന്തരിക സംവിധാനം സജീവമാക്കാനായി അസുഖം മാറുമെന്ന ഉറപ്പും വിശ്വാസവും ഉപയോഗിക്കുന്നു.

7. ദൈനംദിന ജീവിതത്തിൽ പ്ലസീബോ എങ്ങനെ സജീവമാക്കാം?

പ്ലാസിബോ- മനസ്സിൻ്റെയും ശരീരത്തിൻറെയും ബന്ധത്തെ കാര്യക്ഷമമാക്കാനുള്ള വഴികൾ:

1. പോസിറ്റീവായ പ്രതീക്ഷ:

രോഗശാന്തി സാധ്യമാണെന്ന് വിശ്വസിക്കുക. നല്ല ഫലങ്ങൾ പ്രതീക്ഷിക്കുക – അതനുസരിച്ച് നിങ്ങളുടെ മസ്തിഷ്കം ശരീരത്തെ സജ്ജീകരിച്ചെടുക്കും.

2. മരുന്നുകൾ ശ്രദ്ധാപൂർവ്വം:

ചികിത്സക്ക് വിധേയമാകുമ്പോൾ, അത് ബോധപൂർവം ചെയ്യുക – ഇരിക്കുക, ശ്വാസമെടുക്കുക, സുഖം പ്രാപിക്കുന്നത് മനസ്സിൽ കാണുക. നിങ്ങളുടെ മനസ്സ് മരുന്നിന്റെ ഫലത്തെ ശക്തിപ്പെടുത്തുന്നു.

3.പരിചരണത്തിലുള്ള വിശ്വാസം:

നിങ്ങളുടെ ഡോക്ടർ, തെറാപ്പിസ്റ്റ്, അല്ലെങ്കിൽ നിങ്ങൾ സ്വയം ചെയ്യുന്ന രോഗശാന്തി പരിശീലനം എന്നിവയിൽ വിശ്വാസം വളർത്തുക. വൈകാരിക സുരക്ഷിതത്വം, സ്വാസ്ഥ്യ പ്രതികരണങ്ങളെ വർദ്ധിപ്പിക്കുന്നു.

4.വിഷ്വലൈസേഷനും മെഡിറ്റേഷനും:

ദൃശ്യവൽക്കരണത്തിന്, യഥാർത്ഥ ചികിത്സ സജീവമാക്കുന്ന അതേ മസ്തിഷ്ക മേഖലകളെ ഉണർത്താൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നതും അവയവങ്ങൾ ഊർജ്ജസ്വലമാകുന്നതും സങ്കൽപ്പിക്കുക – അത് ചലനാത്മകമായ ഒരു ബയോകെമിക്കൽ ശാക്തീകരണമാണ്.

5.വാക്കുകളും ആത്മഗതവും:

“എങ്ങനെ സുഖം പ്രാപിക്കണമെന്ന് എന്റെ ശരീരത്തിന് അറിയാം” അല്ലെങ്കിൽ “എൻ്റെ അസുഖം വേഗത്തിൽ ഭേദമാക്കപ്പെടുന്നു” തുടങ്ങിയ ഉറച്ച വിശ്വാസത്തിലധിഷ്ഠിതമായ ചിന്തകൾ പോസിറ്റീവായ ന്യൂറോ കെമിക്കൽ പ്രവാഹങ്ങളെ ഉത്തേജിപ്പിക്കുന്നു.

8. രോഗശാന്തിയുടെ ഭാവി: പ്ലസീബോയിൽ നിന്ന് മാനസിക-ശാരീരിക ചികിത്സയിലേക്ക്

ഓപ്പൺ ലേബൽ പ്ളസീബോകളാണ് ശാസ്ത്രജ്ഞർ ഇപ്പോൾ പരീക്ഷിക്കുന്നത്.അതായത്, പ്ളസീബോയെക്കുറിച്ച് രോഗി അറിഞ്ഞുകൊണ്ടുള്ള ചികിൽസ. 

പ്ളസീബോ ചികിൽസയാണ് നൽകുന്നതെന്ന് ഡോക്ടർമാർ രോഗികളെ അറിയിച്ചിട്ടും അവർക്ക് രോഗശാന്തി ഫലങ്ങൾ അനുഭവപ്പെടുന്നുണ്ട്.

പ്രതീകാത്മകമാണെന്ന് രോഗിക്ക് പൂർണ്ണബോധ്യം വന്നതിനു ശേഷവും, അസുഖം മാറുന്നത്, പരിചരണത്തിൻ്റയും വിശ്വാസത്തിൻറെയും ശക്തി തെളിയിക്കുന്നു.

പ്ലസീബോ പ്രതിഭാസം വഞ്ചനയല്ല – നമ്മളിൽ അന്തർലീനമായ സ്വാഭാവിക രോഗശാന്തി സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിനെയാണ് ഈ പ്രതിഭാസം ലക്ഷ്യം വെയ്ക്കുന്നത്.

പ്ലസീബോ പ്രതിഭാസം നമുക്ക് നൽകുന്ന ഏറ്റവും പ്രസക്തമായ ഓർമ്മപ്പെടുത്തൽ ഇതാണ്:

നിങ്ങൾ ചിന്തിക്കുന്ന ഓരോ കാര്യവും ശരീരം കേൾക്കുകയും അനുഭവിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. വിശ്വാസം, പ്രതീക്ഷ, ആശ്രയം എന്നിവ കേവലം “മൃദുലമായ” വികാരങ്ങളല്ല. അവ നിങ്ങളുടെ ശരീരത്തോട് എങ്ങനെ സുഖം പ്രാപിക്കണമെന്ന് പറയുന്ന ന്യൂറോ കെമിക്കൽ നിർദ്ദേശങ്ങളാണ്.

അടുത്ത തവണ നിങ്ങൾക്ക് അസുഖം തോന്നുമ്പോൾ ഓർക്കുക – രോഗശാന്തി നിങ്ങളുടെ മനസ്സിൽ നിന്നാണ് ആരംഭിക്കുന്നത് എന്ന്.

നിങ്ങളുടെ ഉള്ളിൽ, മനസ്സിനും കോശങ്ങൾക്കുമിടയിലുള്ള ശക്തമായ സംഭാഷണത്തിലൂടെയാണ് അത് തുടങ്ങുന്നത്.

References

Related News

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആയുർവേദത്തിൽ ആരോഗ്യത്തിൻ്റെ അമൃതായി വിശേേഷിപ്പിക്കപ്പെടുന്ന അത്ഭുതഫലമാണ് നെല്ലിക്ക. പുരാതനകാലം മുതൽക്കേ പലതരത്തിൽ ആഹാരത്തിലും ഔഷധങ്ങളിലും നെല്ലിക്ക ഉപയോഗിച്ചു പോരുന്നുണ്ട്. ക്ഷീണമകറ്റാനും പ്രതിരോധശേഷി കൂട്ടാനുമുള്ള എളുപ്പവഴിയാണ് ഈ സൂപ്പർഫുഡ്....

ഏപ്രിൽ 20, 2026 11:26 pm
കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, കൂടാതെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചും ഡോ. മുരളി അപ്പുക്കുട്ടൻ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജൻ) നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു.

ഏപ്രിൽ 19, 2026 9:52 pm
ഇന്ന് ലോക ഹീമോഫീലിയ ദിനം

ഇന്ന് ലോക ഹീമോഫീലിയ ദിനം

നേരത്തെ തിരിച്ചറിയാം സങ്കീർണ്ണതകൾ ഒഴിവാക്കാം നമ്മൾ പലപ്പോഴും ശരീരം നൽകുന്ന രോഗസൂചനകളെ കാര്യമാക്കാറില്ല. ചെറിയ ജലദോഷം മുതൽ അർബുദം വരെയുള്ള അസുഖങ്ങളുടെ കാര്യം നോക്കിയാൽ ഇത് വാസ്തവമാണെന്നു...

ഏപ്രിൽ 17, 2026 12:00 pm
ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

വിചിത്രമെന്ന് തോന്നുമെങ്കിലും ഇവ തമ്മിൽ ബന്ധമുണ്ട് എന്നതാണ് സത്യം. നമ്മുടെ ജീവിതപരിസരങ്ങളിൽ സ്ഥിരം കാണുന്ന ഒരു കാഴ്ച്ചയിൽ നിന്ന് തന്നെ തുടങ്ങാം. നിങ്ങൾ ഒരു ദിവസം രാത്രി...

ഏപ്രിൽ 13, 2026 9:56 pm
Top
Subscribe