അവയവം മുറിച്ചുമാറ്റിയ ശേഷമുള്ള വേദന: ഫാൻ്റം പെയ്ൻ മാറ്റാനുള്ള വഴികൾ

അവയവം മുറിച്ചുമാറ്റിയ ശേഷമുള്ള വേദന: ഫാൻ്റം പെയ്ൻ മാറ്റാനുള്ള വഴികൾ

വിചിത്രമെന്ന് തോന്നാവുന്ന ഒരു വേദനയെക്കുറിച്ചാണ്. അപകടത്തെത്തുടർന്ന് മുറിച്ചുമാറ്റിയ കാലിലോ, നഷ്ടപ്പെട്ട വിരലിലോ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സ്തനത്തിലോ കഠിനമായ വേദന അനുഭവപ്പെട്ടാൽ അത് എങ്ങനെയായിരിക്കും? നിലവിലില്ലാത്ത ഒരു ശരീരഭാഗത്ത് എങ്ങനെയാണ് ആ അദൃശ്യവേദന അനുഭവപ്പെടുന്നത്? മുറിച്ചുമാറ്റിയിട്ടും വേദനയുടെ തീവ്രത അതുപോലെ തന്നെ തുടരുന്നത് എന്തുകൊണ്ടാണ് ?

ഈ ഭയാനകമായ അവസ്ഥ വെറും തോന്നലല്ല. ഇതിനെയാണ് ഫാന്റം പെയ്ൻ എന്ന് വിളിക്കുന്നത്.

എന്താണ് ഫാന്റം പെയ്ൻ?

ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കൈകാലുകളിലോ ശരീരഭാഗത്തോ ഉണ്ടാകുന്ന വേദനയാണ് ഫാന്റം പെയ്ൻ. മുറിച്ചുമാറ്റിയ ഭാഗം ഇപ്പോഴുമുണ്ട് എന്ന തോന്നലുണ്ടാക്കുന്ന ‘ഫാന്റം ലിംബ് സെൻസേഷൻ’ എന്ന അവസ്ഥയിൽ നിന്ന് വ്യത്യസ്തമാണിത്. ഫാൻ്റം ലിംബ് സെൻസേഷനിൽ വേദന അനുഭവപ്പെടുന്നില്ല. ഫാന്റം പെയ്നിൽ, ശരീരത്തിൽ നിന്ന് നഷ്ടമായ  ഭാഗത്ത്, യഥാർത്ഥത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന വേദന അനുഭവപ്പെടുന്ന അവസ്ഥയാണുണ്ടാകുക.

മുറിച്ചുമാറ്റിയ ഭാഗത്താണ് ഈ വേദന വരുന്നതെങ്കിലും ഈ അവസ്ഥയുടെ യഥാർത്ഥ ഉറവിടം കേന്ദ്ര നാഡീവ്യൂഹത്തിലാണ്—പ്രത്യേകിച്ച് തലച്ചോറിലും സുഷുമ്നാ നാഡിയിലും.

ഇത് സാധാരണമാണോ?

പഠനങ്ങൾ സൂചിപ്പിക്കുന്നത്:

  • അവയവം മുറിച്ചുമാറ്റിയ 80 ശതമാനത്തിലധികം പേരും ഫാന്റം ലിംബ് പെയിൻ (PLP) അനുഭവിക്കുന്നതായി പറയുന്നുണ്ട്.
  • ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെയോ അല്ലെങ്കിൽ മാസങ്ങളോ വർഷങ്ങളോ പിന്നിട്ട ശേഷമോ ഇത് തുടങ്ങാം.
  • ചെറിയ വേദന മുതൽ കഠിനമായ വേദന വരെ അനുഭവപ്പെടാം. പൊള്ളുന്നതുപോലെയോ കുത്തുന്നതുപോലെയോ മരവിപ്പ് പോലെയോ ഞെരിക്കുന്നതുപോലെയോ ഉള്ള വേദനയാണ് സാധാരണയായി അനുഭവപ്പെടാറ്.

ശാസ്ത്രം പറയുന്നത്

ഫാന്റം പെയ്ൻ എന്നത് വെറും ഒരു തോന്നൽ മാത്രമല്ല, ഈ വേദന സൃഷ്ടിക്കുന്നതിൽ  പ്രധാന പങ്ക് മസ്തിഷ്ക്കത്തിനാണ്  .

കാരണങ്ങൾ:

1നാഡീ പുനഃക്രമീകരണം: ഒരു അവയവം മുറിച്ചുമാറ്റിയ ശേഷം, ശരീരഭാഗങ്ങളെ തിരിച്ചറിയുന്ന തലച്ചോറിലെ ‘സൊമാറ്റോസെൻസറി കോർട്ടെക്സ്’ എന്ന ഭാഗം പുനഃക്രമീകരിക്കപ്പെടുന്നു. മുറിച്ചുമാറ്റിയ ശരീരഭാഗത്തിനടുത്തുള്ള സ്ഥലത്ത് സംവേദനമുണ്ടായതായി മസ്തിഷ്ക്കത്തിന് സിഗ്നൽ ലഭിക്കുമ്പോൾ, തലച്ചോറിന്റെ മറ്റൊരു ഭാഗം ആ സ്ഥാനം ഏറ്റെടുത്തതിനാൽ മുറിച്ചുമാറ്റപ്പെട്ട അവയവത്തിൽ നിന്നാണ് സംവേദന സന്ദേശം ലഭിച്ചതെന്ന് മസ്തിഷ്ക്കം തെറ്റിദ്ധരിക്കുന്നു. അത് വേദന സിഗ്നലുകൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യുന്നു.

2.നാഡീ ക്ഷതം: അവയവം മുറിച്ചുമാറ്റുമ്പോൾ ഞരമ്പുകൾ മുറിഞ്ഞുപോയേക്കാം. ഇത് ന്യൂറോമകൾക്ക് (കുഴഞ്ഞുമറിഞ്ഞ നാഡീവ്യൂഹങ്ങൾ) രൂപം നൽകുന്നു. ഇവ തലച്ചോറിലേക്ക് തെറ്റായ സിഗ്നലുകൾ അയയ്ക്കും.

3.സുഷുമ്‌നാ നാഡിയുടെ സംവേദനക്ഷമത: സുഷുമ്‌നാ നാഡി (spinal cord) വേദനയോടുള്ള പ്രതികരണം അമിതമായി വർദ്ധിപ്പിക്കുന്നു.

4.മാനസിക ഘടകങ്ങൾ:  ഉത്കണ്ഠ, വിഷാദം, പി.ടി.എസ്.ഡി എന്നിവ ചിലരിൽ ഫാന്റം പെയ്നിന്റെ തീവ്രത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ആർക്കൊക്കെ ഫാന്റം പെയ്ൻ ഉണ്ടാകാം?

അവയവങ്ങൾ മുറിച്ചുമാറ്റിയവർക്ക് മാത്രമല്ല ഫാന്റം പെയ്ൻ അനുഭവപ്പെടുന്നത്. ഈ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് ചിലരുടെ വിവരങ്ങൾ ഇനിപ്പറയുന്നു:

  • മാസ്റ്റെക്ടമിക്ക് ശേഷം സ്ത്രീകൾക്ക് (ഫാന്റം ബ്രെസ്റ്റ് പെയ്ൻ).
  • കണ്ണ് എടുത്തുമാറ്റിയ രോഗികൾക്ക്.
  • പല്ല് പറിച്ചതിന് ശേഷം (ഫാന്റം ടൂത്ത് പെയിൻ).
  • ആന്തരിക അവയവങ്ങൾ നീക്കം ചെയ്തതിന് ശേഷം (ഫാന്റം റെക്ടം പെയ്ൻ തുടങ്ങിയവ).

രോഗനിർണ്ണയം: ഫാന്റം പെയ്ൻ ഡോക്ടർ എങ്ങനെ തിരിച്ചറിയും?

ഫാന്റം പെയ്ൻ എന്നത് ഒരു ക്ലിനിക്കൽ രോഗനിർണ്ണയമാണ്. ഇതിനായി കൃത്യമായ ഒരു പരിശോധനയില്ല,  ഡോക്ടർമാർ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ വിലയിരുത്തുന്നു:

  • രോഗിയുടെ മുൻകാല വിവരങ്ങൾ
  • വേദനയുടെ തരം, അത് അനുഭവപ്പെടുന്ന സ്ഥലം
  • അവയവം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട സമയം സംബന്ധിച്ച വിവരങ്ങൾ

ഈ പ്രത്യേക വേദന, മുറിവുണങ്ങിയ ഭാഗത്തുള്ള വേദനയോ (residual limb pain), അണുബാധയോ, ഞരമ്പുകളുടെ പ്രശ്നങ്ങളോ, അല്ലെങ്കിൽ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ അല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ചികിത്സാ രീതികൾ:

ഫാന്റം പെയ്ൻ നിരാശാജനകമാണെങ്കിലും, വിവിധ ചികിത്സാരീതികൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ അതിൻ്റെ തീവ്രതയും ആവർത്തനവും ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

1. മരുന്നുകൾ

  • ആൻ്റിഡിപ്രസൻ്റുകൾ (ഉദാഹരണത്തിന്, അമിട്രിപ്റ്റിലിൻ): വേദനയുടെ നാഡീവ്യൂഹങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • ആൻ്റികൺവൾസൻ്റ്സ് (ഉദാഹരണത്തിന്, ഗാബാപെൻ്റിൻ, പ്രെഗാബാലിൻ): ഞരമ്പുകളുടെ അമിത ഉത്തേജനം കുറയ്ക്കുന്നു.
  • ഒപിയോയിഡ്സ്: ദീർഘകാലത്തേക്ക് അഭികാമ്യമല്ലെങ്കിലും കുറഞ്ഞ കാലയളവിലേക്ക് നിർദ്ദേശിക്കാറുണ്ട്.
  • NMDA റിസപ്റ്റർ ആൻ്റഗോണിസ്റ്റ് (ഉദാഹരണത്തിന്, കെറ്റാമിൻ): വേദനയെ തടയുന്ന പുതിയ ചികിത്സാ മാർഗ്ഗമാണിത്.

2. മറ്റു ചികിത്സകൾ

  • മിറർ തെറാപ്പി: ഒരു കണ്ണാടി ഉപയോഗിച്ച് നിലവിലുള്ള കൈകാലുകളുടെ പ്രതിബിംബം കാണിച്ചുകൊണ്ട് തലച്ചോറിനെ “കബളിപ്പിച്ച്” വേദന കുറയ്ക്കുന്ന രീതി.

പഠനം: 1996ൽ രാമചന്ദ്രനും റോജേഴ്സ്-രാമചന്ദ്രനും ചേർന്ന് നടത്തിയ പഠനമാണ് ഈ രീതിക്ക് തുടക്കമിട്ടത്.

  • വെർച്വൽ റിയാലിറ്റി (VR) തെറാപ്പി: മിറർ തെറാപ്പിയോട് സാമ്യമുള്ളതും കൂടുതൽ ആഴത്തിലുള്ളതുമായ ചികിത്സ.
  • ട്രാൻസ്‌ക്യൂട്ടേനിയസ് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ (TENS): വൈദ്യുത തരംഗങ്ങൾ ഉപയോഗിച്ച് വേദനാ സിഗ്നലുകളെ തടയുന്നു.
  • സുഷുമ്നാ നാഡി ഉത്തേജനം: തലച്ചോറിലേക്കുള്ള സിഗ്നലുകളെ നിയന്ത്രിക്കുന്നതിന് ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങൾ.
  • സെൻസിറ്റൈസേഷൻ കുറയ്ക്കുന്ന വിദ്യകൾ: മുറിവുണങ്ങിയ ഭാഗത്ത് മസ്സാജ് ചെയ്യുക, തട്ടുക, വൈബ്രേഷൻ നൽകുക എന്നിവ.

3. മനസ്സിനെയും ശരീരത്തെയും ബന്ധിപ്പിച്ചുള്ള ചികിത്സകൾ

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT): വിട്ടുമാറാത്ത വേദന മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ നേരിടാൻ സഹായിക്കുന്നു.
  • മൈൻഡ്ഫുൾനെസ്, മെഡിറ്റേഷൻ: വേദനയുടെ തീവ്രത കുറയ്ക്കാൻ ഇവ സഹായിക്കും.
  • ബയോഫീഡ്ബാക്ക്: ഹൃദയമിടിപ്പ്, പേശികളുടെ പിരിമുറുക്കം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ പഠിപ്പിക്കുന്നു.

ഫാന്റം പെയ്ൻ തടയാനാകുമോ?

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്, ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും വേദന നിയന്ത്രിക്കുന്നത് ഫാന്റം പെയ്ൻ വരാനുള്ള സാധ്യത കുറയ്ക്കും:

  • എപ്പിഡ്യൂറൽ അല്ലെങ്കിൽ പെരിഫെറൽ നാഡി ബ്ലോക്കുകൾ ഉപയോഗിക്കുന്നത്
  • നേരത്തെയുള്ള പുനരധിവാസ ചികിത്സ
  • മുറിവുണങ്ങിയ ഭാഗത്തെ സങ്കീർണ്ണതകൾ ഒഴിവാക്കുക

യഥാർത്ഥ അനുഭവങ്ങൾ

“എൻ്റെ കയ്യോ കാലോ മിസ് ചെയ്യുന്നതിൻ്റെ വേദനയല്ലിത്, ഈ വേദന മാറിയിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.” – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ.

ഫാന്റം പെയ്നിനെ തിരിച്ചറിയുകയും അതിൻ്റെ ആഘാതത്തെ അംഗീകരിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ഇത് ഒരു തോന്നലല്ല, മറിച്ച് ജീവശാസ്ത്രപരമായും നമ്മുടെ കാഴ്ചപ്പാടിലും വേരൂന്നിയ  യാഥാർത്ഥ്യമാണ്.

പ്രധാന കാര്യങ്ങൾ:

  • ഫാന്റം പെയ്ൻ എന്നത് ഒരു യഥാർത്ഥ അവസ്ഥയാണ്, ഇത് അവയവങ്ങൾ മുറിച്ചുമാറ്റിയ മിക്ക വ്യക്തികളേയും ബാധിക്കുന്നു.
  • മസ്തിഷ്ക്കത്തിലും സുഷുമ്നാ നാഡിയിലുമുണ്ടാകുന്ന സങ്കീർണ്ണമായ പുനഃക്രമീകരണം കാരണമാണ് ഇത് സംഭവിക്കുന്നത്.
  • മരുന്ന് മുതൽ മിറർ തെറാപ്പിയും മൈൻഡ്ഫുൾനെസും ഉൾപ്പെടെയുള്ള വിവിധ ചികിത്സാരീതികൾ സഹായകമാകും.
  • നേരത്തെയുള്ള ചികിത്സയും സമഗ്ര പരിചരണവും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നു.

References :

1. Is Phantom Limb Awareness Necessary for the Treatment of Phantom Limb Pain?

2.Mirror Therapy for the Management of Phantom Limb Pain: A Single- Center Experience

3.Phantom limb pain

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe