മര്യാദയുടെ ഭാഷ : വിനയത്തോടെ സംസാരിക്കാനും സന്ദേശങ്ങൾ അയക്കാനും പഠിക്കാം

മര്യാദയുടെ ഭാഷ : വിനയത്തോടെ സംസാരിക്കാനും സന്ദേശങ്ങൾ അയക്കാനും പഠിക്കാം

ആശയവിനിമയ മാദ്ധ്യമങ്ങളാൽ സമ്പന്നമാണ് നമ്മുടെ വർത്തമാനകാലം. വ്യക്തിപരമായും തൊഴിലിൻ്റെ ഭാഗമായും നേരിട്ടും സാങ്കേതികവിദ്യയുടെ സഹായത്തോടെയുമെല്ലാം നിരന്തരമായി ആശയവിനിമയം നടത്തുമ്പോൾ മറന്നുപോകാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. അതാണ് മര്യാദ അഥവാ വിനയം.

സുഹൃത്തിന് അയയ്ക്കുന്ന വാട്സാപ്പ്  സന്ദേശമായാലും, ജോലിയുടെ ഭാഗമായി  അയയ്ക്കുന്ന ഇമെയിലായാലും ഒപ്പം പ്രവർത്തിക്കുന്ന സംഘത്തോടുള്ള  സംഭാഷണമായാലും ശരി, നമ്മൾ സംസാരിക്കുന്ന രീതി തന്നെയാണ് നമ്മളെ അടയാളപ്പെടുത്തുന്നത്. 

കർക്കശമായ ഒരു ചട്ടക്കൂടുണ്ടാക്കി അതിനുള്ളിൽ നിന്നുകൊണ്ട്, അമിതമായ ഔപചാരികതയോടെ സംസാരിക്കുക എന്നല്ല മര്യാദ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മറിച്ച്, നമ്മൾ പങ്കുവെക്കുന്ന ഓരോ വാക്കിലും സത്യസന്ധമായ ബഹുമാനം, സഹാനുഭൂതി, ശ്രദ്ധ എന്നിവ പ്രസരിപ്പിക്കുക എന്നതാണ്.

ശ്രദ്ധയോടെയുള്ള ആശയവിനിമയം സമ്പൂർണ്ണമായ സ്വാസ്ഥ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് nellikka.life വിശ്വസിക്കുന്നു. നമ്മൾ സ്വയം എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത് നമ്മുടെ ബന്ധങ്ങളെയും മാനസിക സമ്മർദ്ദത്തിൻ്റെ ഏറ്റക്കുറച്ചിലിനെയും വൈകാരിക ആരോഗ്യത്തെത്തന്നെയും സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ, നമുക്ക് മര്യാദ എന്ന കലയെക്കുറിച്ച് മനസ്സിലാക്കാം.  അത് നമ്മുടെ ദൈനംദിന ഇടപെടലുകളെ എങ്ങനെ മാറ്റിമറിക്കുമെന്നും അറിഞ്ഞിരിക്കാം.

എന്താണ് മര്യാദ?

മര്യാദ എന്ന പദത്തിന്, ‘ദയവായി’ (Please), ‘നന്ദി’ (Thank you) എന്നീ വാക്കുകളുടെ അർത്ഥത്തേക്കാളൊക്കെ വ്യാപ്തിയുണ്ട്. അത് ബഹുമാനത്തിൻ്റെ ഭാഷയാണ്. മറ്റുള്ളവരുടെ സമയത്തിനും വികാരത്തിനും വ്യക്തിത്വത്തിനും വില കൽപ്പിക്കുന്ന രീതിയാണത്.  മര്യാദ, അല്ലെങ്കിൽ ആദരവ് നൽകി സംസാരിക്കുമ്പോൾ ആ സംഭാഷണം ഊഷ്മളമാകും, തെറ്റിദ്ധാരണകൾക്ക് ഇട നൽകാത്തതാകും, ആശയവിനിമയമെന്നത്, ആരോഗ്യകരമായ ബന്ധം സൃഷ്ടിക്കാനുതകുന്ന മാദ്ധ്യമമാകും. 

അടിസ്ഥാനപരമായി, മര്യാദ, അല്ലെങ്കിൽ മാന്യതയോടെയുള്ള ആശയവിനിമയം അഞ്ച് പ്രധാന തത്വങ്ങളെ ആശ്രയിച്ചിരിക്കുന്നു:

1.ബഹുമാനവും പരിഗണനയും: നിങ്ങളോട് മറ്റൊരാൾ എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അതുപോലെ മറ്റുള്ളവരോടും പെരുമാറുക. അവരുടെ സമയത്തെയും വ്യക്തിപരമായ ഇടത്തെയും ബഹുമാനിക്കുക. ഉദാഹരണത്തിന്, അത്യാവശ്യമല്ലെങ്കിൽ സംഭാഷണത്തിനിടയിൽ കയറി സംസാരിക്കുന്നതും അസമയത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതും ഒഴിവാക്കുക.

2.സഹാനുഭൂതി: പ്രതികരിക്കുന്നതിന് മുമ്പ്, ‘ഞാൻ പറയുന്ന വാക്കുകൾ കേൾക്കുന്നയാൾക്ക് എങ്ങനെ അനുഭവപ്പെടും?’ എന്ന് സ്വയം ചോദിക്കുക സഹാനുഭൂതി വിഷമകരമായ സംഭാഷണങ്ങളെ പോലും ലഘൂകരിക്കും.

3.ശ്രദ്ധയോടെ കാതോർക്കാം: നേരിട്ടുള്ള സംഭാഷണത്തിൽ കണ്ണിൽ നോക്കുന്നതിലൂടെയായാലും, സന്ദേശത്തിൽ ‘മനസ്സിലായി, നന്ദി!’ എന്ന് പറയുന്നതിലൂടെയായാലും, നിങ്ങൾ ശ്രദ്ധിക്കുന്നു എന്ന് തിരിച്ചറിയുന്നത്, സംസാരിക്കുന്നവർക്ക് സംതൃപ്തി നൽകും.

4.വ്യക്തതയും മിതത്വവും: മറ്റൊരാളുടെ സമയത്തിന് വില കൽപ്പിക്കുക എന്നതും മര്യാദയുടെ ഭാഗമാണ്. പറയാനുള്ളത് ചുരുക്കി, വ്യക്തമായി, കാര്യമാത്രപ്രസക്തമായി പറയുക.

5.തെറ്റില്ലാതെ പറയാം, അയയ്ക്കാം: തെറ്റുകളില്ലാതെ, നല്ല രീതിയിൽ എഴുതിയ സന്ദേശം നിങ്ങളുടെ ശ്രദ്ധയും ബഹുമാനവുമാണ് കാണിക്കുന്നത്. ‘നിങ്ങൾ എനിക്ക് വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്’ എന്നാണ് അത് സൂചിപ്പിക്കുന്നത്.

ലളിതമായ മാറ്റങ്ങളിലൂടെ വലിയ വ്യത്യാസം വരുത്താം 

ചില സന്ദർഭങ്ങളിൽ, നമ്മൾ എന്താണ് പറയുന്നത് എന്നതിനേക്കാൾ, അതെങ്ങനെ പറയുന്നു എന്നതിനാണ് പ്രാധാന്യമുണ്ടാകുക. ഭാഷയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും എത്ര വലിയ വ്യത്യാസം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ താഴെ നൽകുന്നു:

സാഹചര്യംഒഴിവാക്കുക (നേരിട്ടുള്ളത്)പകരം ഉപയോഗിക്കുക (മര്യാദാപൂർവ്വം)
പൊതുവായ അഭിവാദ്യം“ഹായ്” ( ഔപചാരിക സാഹചര്യത്തിൽ)“സുപ്രഭാതം, [പേര്]” അല്ലെങ്കിൽ “ഹലോ!”
ഒരു കാര്യം ആവശ്യപ്പെടുമ്പോൾ“ആ ഫയൽ എനിക്ക് അയയ്ക്കൂ.”“നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ ഫയൽ ഒന്ന് അയയ്ക്കാമോ?” (അല്ലെങ്കിൽ, “ദയവായി ഫയൽ ഷെയർ ചെയ്യാമോ?”)
ഒരു ആവശ്യം നിരസിക്കുമ്പോൾ“ഇല്ല.”“ഇപ്പോൾ എനിക്ക് അതിന് കഴിയില്ലെന്ന് തോന്നുന്നു, പിന്നീടായാലോ?”
അഭിപ്രായം പറയുമ്പോൾ“അതൊരു മോശം ആശയമാണ്.”“ഇതൊന്ന് മെച്ചപ്പെടുത്താൻ നമുക്ക് ഇങ്ങനെ ചെയ്താൽ നന്നാകുമോ…?”
സഹായം ചോദിക്കുമ്പോൾ“എൻ്റെ ലോഗിൻ പ്രവർത്തിക്കുന്നില്ല.”“എനിക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. ഇതൊന്ന് പരിശോധിക്കാമോ?”
സന്ദേശം കണ്ടതായി അറിയിക്കുമ്പോൾ“k” അല്ലെങ്കിൽ “read”“വിവരങ്ങൾക്ക് നന്ദി!” അല്ലെങ്കിൽ “ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, സന്തോഷം.”

ഇത്തരം വാക്യങ്ങൾ നിങ്ങളുടെ ഉദ്ദേശ്യത്തെ വ്യക്തമാക്കുന്നതോടൊപ്പം  അതിന് കൂടുതൽ സൗഹൃദപരമായ ഭാവവും നൽകുന്നു. 

ഡിജിറ്റൽ ലോകത്തെ മര്യാദ: സന്ദേശങ്ങളുടെ കാലത്തെ വിനയം

ടെക്സ്റ്റുകൾ, ഇമെയിലുകൾ, ഗ്രൂപ്പ് ചാറ്റുകൾ എന്നിവ സജീവമായ ലോകത്ത്, നമ്മൾ ഉദ്ദേശിക്കുന്ന സംസാരശൈലി പലപ്പോഴും എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാം. “ശരി” എന്നൊരു വാക്ക് പോലും ചിലപ്പോൾ ദേഷ്യമായി തോന്നാം. നിങ്ങളുടെ ഡിജിറ്റൽ ആശയവിനിമയം ദയയും വ്യക്തതയുമുള്ളതാക്കാനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം:

  • നന്നായി തുടങ്ങുക, നന്നായി അവസാനിപ്പിക്കുക: സ്നേഹത്തോടെയുള്ള “ഹായ് [പേര്]” എന്നും വാചകങ്ങൾ അവസാനിപ്പിക്കുമ്പോൾ, വിനയപൂർവ്വം (“നന്ദി,” “സസ്നേഹം”) എന്നീ പദങ്ങൾ ഉപയോഗിക്കുന്നത്, സംഭാഷണത്തിന് നല്ലൊരു തുടക്കം നൽകുന്നു.
  • ബഹളം കൂട്ടുന്നത് ഒഴിവാക്കുക: എല്ലാ അക്ഷരങ്ങളും വലിയ അക്ഷരത്തിൽ (ALL CAPS) എഴുതുന്നത് ആക്രമണോത്സുകമായി തോന്നും. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി മാത്രം ഇത് ഉപയോഗിക്കുക.
  • സമയത്തെക്കുറിച്ച് ശ്രദ്ധിക്കുക: സന്ദേശം ലഭിക്കുന്ന വ്യക്തി മറ്റൊരു സമയ മേഖലയിലാണെങ്കിൽ, അത്യാവശ്യമല്ലെങ്കിൽ അസമയത്ത് സന്ദേശങ്ങൾ അയക്കുന്നത് ഒഴിവാക്കുക.
  • ഇമോജികൾ ശ്രദ്ധയോടെ ഉപയോഗിക്കുക: സാധാരണ ചാറ്റുകളിൽ ഇമോജികൾ ഊഷ്മളത നൽകുന്നു, എന്നാൽ ഔപചാരികമായതോ അല്ലെങ്കിൽ വൈകാരികമായതോ ആയ സന്ദർഭങ്ങളിൽ അവ ഒഴിവാക്കുക.
  • അയയ്ക്കുന്നതിന് മുമ്പ് ചിന്തിക്കുക: വൈകാരിക വിക്ഷോഭമുള്ള സമയത്ത്, മറുപടി നൽകുന്നതിന് മുമ്പ് അൽപ്പസമയം ചിന്തിക്കുക. അത് വ്യക്തിപരമായ വൈകാരിക വിഷയങ്ങൾ മെസെജിൽ പ്രതിഫലിക്കാതിരിക്കാൻ സഹായിക്കും.
  • പ്രതികരിക്കാൻ സമയം നൽകാം: മറ്റുള്ളവർക്ക് മറുപടി നൽകാൻ സമയം കൊടുക്കുക. ഇത് സ്വസ്ഥതയോടെ മറുപടി നൽകാൻ അവരെ സഹായിക്കും. 

ആധുനിക കാലത്ത് മര്യാദയുടെ പ്രസക്തി  

ഡിജിറ്റൽ വിവരങ്ങളുടെ അതിപ്രസരത്തിൻ്റെയും സാമൂഹിക സംഘർഷങ്ങളുടെയും ഈ കാലഘട്ടത്തിൽ, മര്യാദ എന്നത് ഒരു വൈകാരിക ഔഷധമായി മാറിയിരിക്കുന്നു.

മര്യാദാപൂർവ്വമുള്ള ആശയവിനിമയം സഹകരണം വർദ്ധിപ്പിക്കുകയും ജോലിഭാരം കുറയ്ക്കുകയും ടീമുകൾക്കിടയിലെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന്, തൊഴിലിടങ്ങളിലെ മനഃശാസ്ത്രപരമായ ഗവേഷണങ്ങൾ (Harvard Business Review, 2022) സൂചിപ്പിക്കുന്നു. 

മര്യാദ അല്ലെങ്കിൽ വിനയം, ഒരിക്കലും ബലഹീനതയുടെ ലക്ഷണമല്ല. വാസ്തവത്തിൽ അത്, സഹാനുഭൂതിയിൽ പൊതിഞ്ഞ കരുത്താണ്.

ആശയവിനിമയത്തിന് നമ്മൾ ശ്രദ്ധയോടെ വാക്കുകൾ തെരഞ്ഞെടുക്കുമ്പോൾ, വൈകാരിക ബുദ്ധിയും ആരോഗ്യകരമായ ബന്ധങ്ങളും വളരുന്നു.

പരിശീലനത്തിലൂടെ വിനയം വളർത്താം

ഏത് കഴിവുകളെയും പോലെ, വിനയവും പരിശീലനത്തിലൂടെ വളരും. ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങുക:

  • ഇന്ന് നിങ്ങൾ അയയ്ക്കാൻ ഉദ്ദേശിച്ച പരുഷമായ ഒരു സന്ദേശത്തിന് പകരം, കൂടുതൽ വിനയമുള്ള വാചകം അയയ്ക്കുക. 
  • ഇനി മുതൽ സംസാരിക്കുമ്പോൾ, കണ്ണിൽ നോക്കി ശ്രദ്ധയോടെ പറയുകയും കേൾക്കുകയും ചെയ്യുക.
  • നിങ്ങളുടെ ഇമെയിലുകൾ നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുക.

നമ്മളുമായി ആശയവിനിമയം നടത്തുന്നവരോട് ബഹുമാനം പുലർത്തുക എന്നത് നമ്മളെയും മറ്റുള്ളവരേയും ഒരുപോലെ സന്തോഷമുള്ളവരാക്കി മാറ്റും.

ശരീരത്തിൻ്റെ ആരോഗ്യം മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൻ്റെയും ആശയവിനിമയത്തിൻ്റെയും ആരോഗ്യവും പരിപാലിക്കണമെന്ന് nellikkaa.life  വിശ്വസിക്കുന്നു. കാരണം വാക്കുകൾക്കും സ്വസ്ഥതയും സമാധാനവും സൗഖ്യവും നൽകാൻ കഴിയും.

References:

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe