പ്രണയനദിയിലൊഴുകുമ്പോൾ

പ്രണയനദിയിലൊഴുകുമ്പോൾ

വിസ്മയകരമായ മാറ്റങ്ങൾക്കു പിന്നിലെ ശാസ്ത്രം

പ്രണയം എന്നത് പലപ്പോഴും വിവരിക്കാനാവാത്ത ഒരു വികാരമായാണ് കണക്കാക്കപ്പെടുന്നത് — പ്രപഞ്ചം മുഴുവനും ആനന്ദം മാത്രമാണെന്ന തോന്നൽ,

വല്ലാത്തൊരു സന്തോഷം, ആവേശക്കുതിപ്പ്, ഇഷ്ടപ്പെട്ട വ്യക്തിയെക്കുറിച്ച് ആലോചിച്ചുള്ള ഉറക്കമില്ലാത്ത രാത്രികൾ. 

എന്നാൽ ഈ ചിന്തകൾക്കും വികാരങ്ങൾക്കുമപ്പുറം, പ്രണയം സങ്കീർണ്ണമായ ജൈവിക പ്രതിഭാസമാണ്. പ്രണയത്തിലായിരിക്കുമ്പോൾ തലച്ചോറിനും ശരീരത്തിനും എന്ത് സംഭവിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് എക്കാലത്തും കൗതുകമുണ്ട്. ന്യൂറോസയൻസ്, സൈക്കോളജി, എൻഡോക്രൈനോളജി എന്നീ മേഖലകളിലെ ഗവേഷണങ്ങളുടെ പിന്തുണയോടെ, പ്രണയത്തിന് പിന്നിലെ കൗതുകകരമായ ശാസ്ത്രത്തിലേക്ക് നമുക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാം.

പ്രണയം തുടങ്ങുന്നത് തലച്ചോറിൽ, ഹൃദയത്തിലല്ല

ഹൃദയങ്ങളും ചുവന്ന റോസാപ്പൂക്കളും പ്രതീകാത്മകമാണെങ്കിലും, പ്രണയം ആരംഭിക്കുന്നത് തലച്ചോറിലാണ്. നിങ്ങൾക്ക് ഒരാളോട് ആകർഷണം തോന്നുമ്പോൾ, പ്രത്യേക മസ്തിഷ്ക ഭാഗങ്ങളിൽ രാസപ്രവർത്തനങ്ങളുടെ തിരയിളക്കം സംഭവിക്കുന്നു.

പ്രധാനമായും ഉൾപ്പെടുന്ന മസ്തിഷ്ക്ക ഭാഗങ്ങൾ:

  • വെൻട്രൽ ടെഗ്‌മെൻ്റൽ ഏരിയ (VTA): തലച്ചോറിൻ്റെ റിവാർഡ് കേന്ദ്രം (Reward Center). ഇവിടെ നിന്നാണ് സന്തോഷം, പ്രചോദനം, പ്രതിഫലം എന്നിവയുമായി ബന്ധിപ്പിച്ച ‘നല്ല അനുഭൂതി നൽകുന്ന’ ന്യൂറോട്രാൻസ്മിറ്ററായ ഡോപമിൻ പുറത്തുവിടുന്നത്.
  • കോഡേറ്റ് ന്യൂക്ലിയസ് (Caudate Nucleus): പഠനത്തിൻ്റെയും ഓർമ്മകളുടേയും ചുമതല വഹിക്കുന്ന  ഈ ഭാഗം സന്തോഷകരമായ അനുഭവങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് പങ്കാളിയുമായി കൂടുതൽ ഇടപെഴകാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.
  • ഹിപ്പോകാമ്പസ് (Hippocampus): പുതിയ ഓർമ്മകൾ രൂപപ്പെടുത്തുന്നതിൽ പങ്കു വഹിക്കുന്നു, പ്രണയപരമായ അനുഭവങ്ങൾക്ക് വൈകാരിക പ്രാധാന്യം നൽകുന്നതിൽ ഇത് നിർണ്ണായകമാണ്.

ശാസ്ത്രീയ അടിത്തറ: തങ്ങളുടെ പ്രണയിതാക്കളുടെ ചിത്രങ്ങൾ കാണുമ്പോൾ തലച്ചോറിലെ ഈ ഭാഗങ്ങളിൽ പ്രവർത്തനം വർദ്ധിക്കുന്നതായി fMRI സ്കാനുകൾ ഉപയോഗിച്ച് ആരോണും സംഘവും 2005ൽ നടത്തിയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

പ്രണയത്തിൻ്റെ കെമിക്കൽ കോക്ക്‌ടെയ്ൽ

പ്രണയത്തിലാകുന്നത് രാസപരമായി ആസക്തിക്ക് തുല്യമാണ് — കാരണം ഇവ രണ്ടിലും തലച്ചോറിൻ്റെ റിവാർഡ് സംവിധാനവും തീവ്രമായ വൈകാരിക ഉന്നതികളും ഉൾപ്പെടുന്നു.

പ്രധാന ഹോർമോണുകളും ന്യൂറോട്രാൻസ്മിറ്ററുകളും:

  • ഡോപമിൻ: ആഹ്ലാദം, പ്രചോദനം, സന്തോഷം എന്നിവയുടെ വികാരങ്ങൾ സൃഷ്ടിക്കുന്നു.
  • ഓക്സിടോസിൻ: “ആത്മബന്ധത്തിൻ്റെ ഹോർമോൺ” എന്നറിയപ്പെടുന്നു. പ്രത്യേകിച്ചും ശാരീരിക അടുപ്പത്തിന് ശേഷം, ഓക്സിടോസിൻ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കുന്നു.
  • വാസോപ്രസിൻ: ദീർഘകാല പ്രതിബദ്ധതയുമായും പങ്കാളിയോടുള്ള ഇഴയടുപ്പവുമായും ബന്ധപ്പെട്ടുള്ള മറ്റൊരു ‘ബോണ്ടിംഗ്’ ഹോർമോണാണിത്.
  • സെറോടോണിൻ: ആശ്ചര്യകരമെന്നു പറയട്ടെ, പ്രണയത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ സെറോടോണിൻ്റെ അളവ് കുറയുന്നതായി കാണാറുണ്ട്. ഇത് ചിലപ്പോൾ പുതിയ പങ്കാളിയെക്കുറിച്ചുള്ള അമിതമായ ചിന്തകൾക്ക് കാരണമാവുന്നു — ഒബ്സെസീവ്-കംപൾസീവ് ഡിസോർഡറിൽ (OCD) സംഭവിക്കുന്നതിന് സമാനമാണിത്.

ശാസ്ത്രീയ അടിത്തറ: പുതിയതായി പ്രണയത്തിലായ വ്യക്തികളിലെ സെറോടോണിൻ്റെ അളവ് OCD ഉള്ളവരുടേതിന് സാമ്യമുള്ളതായി 1999ൽ മരാസിറ്റിയും സംഘവും നടത്തിയ ഗവേഷണം കണ്ടെത്തി. ഇതാണ് ഒരു പുതിയ പങ്കാളിയെക്കുറിച്ചുള്ള നിരന്തര ചിന്തകൾക്ക് കാരണമായി  വിശദീകരിക്കുന്നത്.

പ്രണയത്തിൻ്റെ മൂന്ന് ഘട്ടങ്ങൾ

ഡോ. ഹെലൻ ഫിഷറെപ്പോലുള്ള മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, പ്രണയം പ്രത്യേക ഘട്ടങ്ങളിലൂടെയാണ് വികസിക്കുന്നത്. ഓരോ ഘട്ടത്തിനും അതിൻ്റേതായ ജൈവശാസ്ത്രപരമായ അടിത്തറയുണ്ട്:

1.മോഹം: ലൈംഗിക ഹോർമോണുകളായ ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയാൽ നയിക്കപ്പെടുന്നു. ഇത് ലൈംഗികമായ ആഗ്രഹം സൃഷ്ടിക്കുന്നു.

2.ആകർഷണം: ഈ ഘട്ടത്തിൽ ഡോപമിൻ, നോറെപിനെഫ്രിൻ, സെറോടോണിൻ എന്നിവ ആധിപത്യം സ്ഥാപിക്കുന്നു. ഇത് ആവേശം, ഊർജ്ജസ്വലത, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

3.ആത്മബന്ധം: ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ ദീർഘകാല ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നു. സ്ഥിരതയ്ക്കും കുട്ടികളെ വളർത്തുന്നതിനും ഇത് നിർണ്ണായകമാണ്.

ആഗ്രഹത്തിൽ നിന്ന് തുടങ്ങി, പ്രത്യുൽപാദനം വഴി കുടുംബം കെട്ടിപ്പടുക്കുന്നതുവരെയുള്ള, നമ്മുടെ വർഗ്ഗത്തിൻ്റെ നിലനിൽപ്പ് ഉറപ്പാക്കുന്നത് ഈ ജൈവപരമായ ശ്രേണിയാണ്.

പ്രണയം കാഴ്ച്ചപ്പാടിനെയും പെരുമാറ്റത്തെയും മാറ്റുന്നു

പ്രണയം അനുഭവത്തിൽ മാത്രമല്ല,  ചിന്തിക്കുന്നതിലും പ്രവർത്തിക്കുന്നതിലും വരെ മാറ്റങ്ങൾ വരുത്തുന്നു:

  • ശ്രദ്ധ വർദ്ധിക്കുന്നു: നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള ചെറിയ വിശദാംശങ്ങൾ പോലും നിങ്ങൾ ശ്രദ്ധിച്ചുതുടങ്ങും — ഇണയെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്ന ജൈവിക ഉത്തേജനമാണിത്..
  • ഭയവും വേദനയും കുറയുന്നു: ഓക്സിടോസിൻ, എൻഡോർഫിനുകൾ എന്നിവയുടെ അളവ് വർധിക്കുന്നതിനാൽ ഉത്കണ്ഠയും അസ്വസ്ഥതയും കുറയുന്നു, ഇത് സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നു.
  • പ്രചോദനം വർദ്ധിക്കുന്നു: ഡോപമിൻ കൂടുതൽ പരിശ്രമത്തിനും സ്ഥിരതയ്ക്കും ഊർജ്ജം നൽകുന്നു. പങ്കാളിയെ തേടുന്നതിനും ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇത് സഹായിക്കുന്നു.  

രസകരമായ വസ്തുത: പ്രണയം നിങ്ങളുടെ കൃഷ്ണമണികളെപ്പോലും സ്വാധീനിക്കും — ആകർഷണം തോന്നുന്ന ഒരാളെ നോക്കുമ്പോൾ കൃഷ്ണമണികൾ വികസിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പ്രണയം ആരോഗ്യത്തിൽ ചെലുത്തുന്ന ദീർഘകാല സ്വാധീനം

പ്രണയത്തിന് അളക്കാൻ കഴിയുന്ന ആരോഗ്യപരമായ ഗുണങ്ങളുണ്ട്:

✅ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു. 

✅ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. 

✅ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. 

✅ വേദന ചെറുക്കാനുള്ള ശേഷി കൂട്ടുന്നു.

നേരെമറിച്ച്, പ്രണയം നഷ്ടപ്പെട്ട് ഹൃദയം തകരുമ്പോൾ തലച്ചോറിൽ ശാരീരിക വേദനയുമായി ബന്ധപ്പെട്ട അതേ ഭാഗങ്ങൾ സജീവമാകുന്നു. ഇത് നമ്മുടെ വികാരങ്ങളും ജൈവശാസ്ത്രവും പരസ്പരം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

പ്രണയം: രസതന്ത്രം, മനഃശാസ്ത്രം, രഹസ്യം

പ്രണയത്തിൽ വീഴുന്നത് മാന്ത്രികമായി തോന്നാമെങ്കിലും അത് തിരിച്ചറിയാൻ കഴിയുന്ന യഥാർത്ഥ ജൈവ പ്രക്രിയകളിൽ വേരൂന്നിയതാണ്. “എങ്ങനെ” എന്ന് ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയുമെങ്കിലും, പ്രണയത്തിൻ്റെ വൈകാരികവും ആത്മീയവുമായ അഗാധതലങ്ങൾ ഇപ്പോഴും രഹസ്യമായി തുടരുന്നു.

പുതിയ പ്രണയത്തിലായാലും ദീർഘകാല ബന്ധത്തിലായാലും ഹൃദയഭേദകമായ അവസ്ഥയിൽ നിന്ന് സുഖം പ്രാപിക്കുന്ന അവസ്ഥയിലായാലും ഈ ശാസ്ത്രം മനസ്സിലാക്കുന്നത് വികാരങ്ങളെ തിരിച്ചറിവോടെ കൈകാര്യം ചെയ്യാൻ സഹായിക്കും.

References :

1. Romantic love: an fMRI study of a neural mechanism for mate choice

2. Reward, motivation, and emotion systems associated with early-stage intense romantic love

3. Alteration of the platelet serotonin transporter in romantic love

4.The role of pupil size in communication. Is there room for learning?

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe