ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ആധുനിക ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ സ്വന്തം ശരീരവും  ആരോഗ്യവും ശ്രദ്ധിക്കാനും പരിപാലിക്കാനും നമ്മളിൽ പലർക്കും സമയം കിട്ടാറില്ല. ആ കുറവ് പരിഹരിക്കാൻ ഗുളികയുടെയും പൗഡറിൻ്റെയും സിറപ്പിൻ്റെയുമൊക്കെ രൂപത്തിൽ പകരക്കാരുണ്ടല്ലോ എന്നു സമാധാനിക്കുന്നവരും കുറവല്ല. 

വാസ്തവത്തിൽ നല്ല ആഹാരത്തിന് പകരം വെയ്ക്കാൻ സപ്ളിമെൻ്റുകൾക്കാകുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.  

അതിവേഗ പോഷണം എന്ന മിഥ്യാബോധം

വേണ്ടത്ര പോഷകങ്ങൾ കൃത്യമായി കണക്കാക്കി നൽകാൻ സപ്ലിമെന്റുകൾക്ക് കഴിയുമെന്ന് പൊതുവെ ഒരു ധാരണയുണ്ട്. നിശ്ചിത അളവിൽ വിറ്റാമിൻ ഡി, കൃത്യമായി സ്പൂൺ കണക്കാക്കി പ്രോട്ടീൻ പൗഡർ,                                                         

ആരോഗ്യത്തിൻ്റെ സകല കുറവുകളും പരിഹരിക്കാൻ ദിവസവും മൂന്നാലു മൾട്ടി വിറ്റാമിൻ ക്യാപ്സൂളുകൾ.

ഇതൊക്കെ കേൾക്കുമ്പോൾ ആരോഗ്യത്തെ വെറും കണക്കുകളിലേക്ക് ചുരുക്കാൻ കഴിയുമെന്ന് നമുക്കു തോന്നാം.

എന്നാൽ വാസ്തവത്തിൽ മനുഷ്യശരീരത്തിൻ്റെ പ്രവർത്തനം ഇങ്ങനെയല്ല.

ഓരോ പോഷകങ്ങളെയും വേർതിരിച്ചെടുത്ത് വെവ്വേറെ കണക്കുകളിൽ ഉൾപ്പെടുത്തിയല്ല ശരീരം സ്വീകരിക്കുന്നത്. ഭക്ഷണത്തെ ഒരു സമ്പൂർണ്ണ വ്യവസ്ഥയായിട്ടാണ് ശരീരം കണക്കാക്കുന്നത്.

പോഷകങ്ങൾക്കുമപ്പുറം ചിലത്

ചോറ്, പരിപ്പ്, പച്ചക്കറികൾ, തൈര് എന്നിവയടങ്ങിയ ലളിതമായ ഭക്ഷണം കഴിക്കുമ്പോൾ, ശരീരത്തിന് ലഭിക്കുന്നത് വെറും പോഷകങ്ങൾ മാത്രമല്ല:

  • വിറ്റാമിനുകളുടെയും മിനറലുകളുടെയും സംയോജിത ഘടകങ്ങൾ
  • ദഹനാരോഗ്യത്തിന് സഹായിക്കുന്ന നാരുകൾ 
  • ദഹനം സുഗമമാക്കുന്ന പ്രകൃതിദത്ത രാസാഗ്നികൾ അഥവാ എൻസൈമുകൾ
  • വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ബയോ ആക്ടീവ് ഘടകങ്ങൾ

ശാസ്ത്രം “ഫുഡ് മാട്രിക്സ് ഇഫക്റ്റ്” (Food Matrix Effect) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

പ്രകൃതിദത്തമായ ഭക്ഷണത്തിലെ പോഷകങ്ങൾ പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാനും അവയുടെ ഗുണം പൂർണ്ണമായി ലഭിക്കാനും സഹായിക്കുന്നു.

ഉദാഹരണത്തിന്:

  • സസ്യാഹാരങ്ങളിൽ നിന്നുള്ള ഇരുമ്പ് (Iron) ശരീരം നന്നായി ആഗിരണം ചെയ്യുന്നത് വിറ്റാമിൻ സിയുടെ സാന്നിധ്യത്തിലാണ്.
  • ആരോഗ്യകരമായ കൊഴുപ്പുകൾ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
  • നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നു, ഇത് രോഗപ്രതിരോധ ശേഷിയെയും സ്വാധീനിക്കുന്നു.

ഒരു സപ്ലിമെന്റ്, അതുകഴിക്കുന്ന വ്യക്തിക്ക് ഒരു പ്രത്യേക പോഷകം മാത്രമേ നൽകുന്നുള്ളൂ. എന്നാൽ ഭക്ഷണം ശരീരത്തിനാകെ താങ്ങാകുന്ന ബൃഹദ് ശൃംഖലയെയാണ് സമ്മാനിക്കുന്നത്.

അങ്ങനെയെങ്കിൽ സപ്ലിമെന്റുകളുടെ ഉപയോഗം എന്താണ്?

ശാസ്ത്രീയമായി വിശകലനം ചെയ്താൽ,സപ്ലിമെന്റുകൾ പ്രധാനമായും മൂന്ന് കാര്യങ്ങൾക്കായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്:

  • പോഷകക്കുറവ് പരിഹരിക്കാൻ
  • ആരോഗ്യപ്രശ്നങ്ങളുള്ള പ്രത്യേക അവസ്ഥകളിൽ പുഷ്ടി നൽകാൻ
  • പോഷക ആവശ്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ 

ഇനിപ്പറയുന്ന അവസ്ഥകളിലാണ് ഇവ ഏറ്റവും പ്രയോജനകരമാകുന്നത്:

  • രക്തപരിശോധനയിലൂടെ ശരീരത്തിൽ പോഷകങ്ങളുടെ കുറവ് (ഉദാഹരണത്തിന് വിറ്റാമിൻ ബി12 അല്ലെങ്കിൽ ഡി) കണ്ടെത്തുമ്പോൾ
  • ഭക്ഷണത്തിലൂടെ വേണ്ടത്ര പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ
  • ഗർഭാവസ്ഥ, വാർദ്ധക്യം തുടങ്ങിയ, കൂടുതൽ പോഷണമാവശ്യമുള്ള പ്രത്യേക ഘട്ടങ്ങളിൽ

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സപ്ലിമെന്റുകൾ അനിവാര്യവും  ഗുണകരവുമാണ്.

സപ്ലിമെന്റുകൾ കുറുക്കുവഴിയാകുമ്പോൾ

ഭക്ഷണത്തിന് പകരമായി സപ്ലിമെന്റുകൾ ഉപയോഗിച്ചു തുടങ്ങുമ്പോൾ  പ്രശ്നങ്ങളും ആരംഭിക്കുകയായി. ഉദാഹരണത്തിന്, 

  • കൃത്യമായി ഭക്ഷണം കഴിക്കാതെ ഷേയ്ക്കുകളെ (Shakes) മാത്രം ആശ്രയിക്കുക
  • ഭക്ഷണത്തിന്റെ ഗുണനിലവാരം ശ്രദ്ധിക്കാതെ അതിന് പകരമായി മൾട്ടിവിറ്റാമിനുകൾ കഴിക്കുക
  • ജീവിതശൈലിയിലെ പോരായ്മകൾ ഗുളികകൾ കൊണ്ട് പരിഹരിക്കാമെന്ന് വിശ്വസിക്കുക

കാലക്രമേണ, ഇത് ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നതും തമ്മിൽ വലിയൊരന്തരം സൃഷ്ടിക്കുന്നു.

സപ്ലിമെന്റുകൾക്ക് പോഷകങ്ങൾ നൽകാൻ കഴിഞ്ഞേക്കും, പക്ഷേ അവയ്ക്ക് ഒരിക്കലും ഭക്ഷണത്തിന് പകരമാകാൻ കഴിയില്ല. പ്രത്യേകിച്ച്:

  • ഭക്ഷണത്തിലെ നാരുകൾ (Fiber)
  • പ്രകൃതിദത്തമായ ഭക്ഷണഘടന
  • ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനുള്ള കഴിവ്
  • ആഹാരം കഴിക്കുമ്പോൾ തലച്ചോറും വയറും തമ്മിലുണ്ടാകുന്ന സ്വാഭാവിക ബന്ധം (Gut-brain connection)

പോഷകഗുണങ്ങൾ ആഗിരണം ചെയ്യപ്പെടുമെന്ന് ഉറപ്പിക്കാനാകില്ല

നിങ്ങൾ ഒരു സപ്ലിമെന്റ് കഴിച്ചാൽ ശരീരം അത് പൂർണ്ണമായും സ്വീകരിക്കും എന്നു പറയാനാകില്ല.

ശരീരം പോഷകങ്ങൾ വലിച്ചെടുക്കുന്നത് പ്രധാനമായും ഇനിപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കും:

  • കുടലിന്റെ ആരോഗ്യം
  • ഏത് സമയത്താണ് അത് കഴിക്കുന്നത് എന്നത്
  • മറ്റ് പോഷകങ്ങളുമായുള്ള അതിന്റെ പ്രവർത്തനം
  • ദഹനപ്രക്രിയയുടെ വേഗത

ഉദാഹരണത്തിന്:

  • ഇരുമ്പ് (Iron) അല്ലെങ്കിൽ കാൽസ്യം അമിതമായാൽ, അത് മറ്റ് ധാതുക്കൾ ശരീരം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തിയേക്കാം.
  • കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ (Fat-soluble vitamins) ശരിയായി ആഗിരണം ചെയ്യപ്പെടാൻ ഭക്ഷണത്തിൽ അല്പം കൊഴുപ്പ് ആവശ്യമാണ്.
  • ചില സപ്ലിമെന്റുകൾ അമിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിലെ സന്തുലിതാവസ്ഥ തെറ്റിക്കാൻ കാരണമായേക്കാം

അതുകൊണ്ടാണ് ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് പറയുന്നത്.

കുടലിന്റെ പങ്ക്

നമ്മുടെ ദഹനവ്യവസ്ഥ (Gut) പോഷക സംസ്കരണ കേന്ദ്രം കൂടിയാണ്.

പ്രകൃതിദത്തമായ ആഹാരം:

  • ദഹനത്തെ ഉത്തേജിപ്പിക്കുന്നു
  • കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നു
  • പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു

ഭക്ഷണം കഴിക്കാതെ സപ്ലിമെന്റുകൾ മാത്രം ശരീരത്തിന് നൽകിയാൽ ദഹനവ്യവസ്ഥയ്ക്ക് ഇത്തരമൊരു പിന്തുണ നൽകാൻ സാധിക്കില്ല.

സപ്ലിമെന്റുകൾ സ്ഥിരമായി കഴിച്ചിട്ടും, പലർക്കും ക്ഷീണവും അസ്വസ്ഥതയും വിട്ടുമാറാത്തതിൻ്റെ പ്രധാന കാരണം ഇതാണ്.

ഊർജ്ജം, രോഗപ്രതിരോധം, ആരോഗ്യം

ശരിയായ പോഷണം ലഭിക്കുന്നുണ്ടോ എന്നത്, ശാരീരികാവസ്ഥയെ  അടിസ്ഥാനപ്പെടുത്തി മനസ്സിലാക്കാനാകും:

  • ദിവസം മുഴുവൻ നിലനിൽക്കുന്ന ഉന്മേഷം
  • മികച്ച ദഹനം
  • മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി
  • ചിന്തകളിലെ വ്യക്തത

ഇതൊന്നും ഏതെങ്കിലും ഒരു പ്രത്യേക പോഷകം കൊണ്ട് മാത്രം കൈവരില്ല.

കൃത്യമായ ഇടവേളകളിലുള്ള സന്തുലിതമായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇതെല്ലാം ആർജിച്ചെടുക്കാൻ കഴിയൂ.

സപ്ലിമെന്റുകൾക്ക് ഇക്കാര്യത്തിൽ ഒരു സഹായക ഘടകമായി പ്രവർത്തിക്കാൻ കഴിഞ്ഞേക്കാം — പക്ഷേ അവയ്ക്ക് മാത്രമായി ഇതൊന്നും കെട്ടിപ്പടുക്കാനാകില്ല.

അപ്പോൾ എന്താണ് ശരിയായ രീതി?

ഭക്ഷണം കഴിക്കണോ അതോ സപ്ളിമെൻ്റുകൾ കഴിക്കണോ എന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. പ്രഥമപരിഗണന ഭക്ഷണത്തിന് നൽകുക, ആവശ്യമെങ്കിൽ മാത്രം സപ്ലിമെന്റുകളെ ആശ്രയിക്കുക എന്നതാണ് അഭികാമ്യം.

സന്തുലിതമായ ആഹാരം, കൃത്യസമയത്തുള്ള ഭക്ഷണരീതി, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ തുടങ്ങിയവ ശക്തമായ ആരോഗ്യത്തിന് അടിത്തറ പാകാൻ അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങൾ പാലിച്ച ശേഷവും എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ മാത്രം — വിദഗ്ധോപദേശം തേടി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി സപ്ലിമെന്റുകൾ കഴിക്കാം, അല്ലാതെ തോന്നിയപോലെ അവ ഉപയോഗിക്കാനേ പാടില്ല.

വ്യക്തിഗത ശ്രദ്ധയുടെ പ്രാധാന്യം 

എല്ലാവരുടെയും ശരീരം പോഷകങ്ങൾ സ്വീകരിക്കുന്നത് ഒരുപോലെയല്ല. അതുകൊണ്ടുതന്നെ, എല്ലാവർക്കും ഒരൊറ്റ ഭക്ഷണക്രമവും സപ്ലിമെൻ്റുകളും അനുയോജ്യമാകണമെന്നില്ല.

ചിലർക്ക്, നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വിറ്റാമിൻ B12 സപ്ലിമെന്റുകൾ വേണ്ടി വന്നേക്കാം.വെയിൽ അധികം ഏൽക്കാത്തതുകൊണ്ട് വിറ്റാമിൻ D,

വിളർച്ചയോ പോഷകക്കുറവോ ഉണ്ടെങ്കിൽ അയേൺ (Iron)- തുടങ്ങി, വ്യക്തികളുടെ ശാരീരിക സവിശേഷതകളും ജീവിതസാഹചര്യങ്ങളുമനുസരിച്ചുള്ള പോഷകങ്ങളാണ് നൽകേണ്ടി വരിക.

എന്നാൽ മറ്റുചിലർക്ക് സപ്ലിമെന്റുകളുടെ ആവശ്യമേ ഉണ്ടാകില്ല, അവർക്ക് ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും.

ശരിയായ മാർഗനിർദ്ദേശം സ്വീകരിക്കാതിരുന്നാൽ,

ആവശ്യമില്ലാതെ അമിതമായി സപ്ലിമെന്റുകൾ കഴിക്കുകയോ അല്ലെങ്കിൽ ശരീരത്തിലുള്ള യഥാർത്ഥ പോഷകക്കുറവ് തിരിച്ചറിയാതെ പോകുകയോ ചെയ്തേക്കാം.

ഊഹാപോഹങ്ങൾ ഗുണം ചെയ്യില്ല

പോഷകാഹാരങ്ങളെക്കുറിച്ചുള്ള അശാസ്ത്രീയവും അവ്യക്തവുമായ വിവരങ്ങൾ നമ്മെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

അമിതമായ അഭിപ്രായങ്ങളും അസംഖ്യം ഉൽപ്പന്നങ്ങളും

പെട്ടെന്നുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒട്ടേറെ കുറുക്കുവഴികളും നമുക്കു ചുറ്റുമുണ്ട്. ഉപരിപ്ളവമായ വിവരങ്ങൾക്ക് പ്രാധാന്യം നൽകാതെ, വ്യക്തമായ ധാരണയും പരിചരണവുമാണ് ആരോഗ്യം മികവുറ്റതാക്കുക എന്നതിൽ സംശയമില്ല.

ഇക്കാര്യത്തിൽ പരിശീലനം ലഭിച്ച ഒരു ഡയറ്റീഷ്യന് നിങ്ങളെ സഹായിക്കാൻ കഴിയും:

  • നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് തിരിച്ചറിയാൻ
  • സപ്ലിമെന്റുകൾ അത്യാവശ്യമാണോ എന്ന് മനസ്സിലാക്കാൻ
  • ഭക്ഷണത്തിന് മുൻഗണന നൽകുന്ന, ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു ശൈലി രൂപപ്പെടുത്താൻ

ഇതിനെല്ലാം ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, ഒരംഗീകൃത ഡയറ്റീഷ്യന് നൽകാനാകും. പരസ്യങ്ങളിൽക്കാണുന്നതും പരിചയമുള്ളവർ പറഞ്ഞുകേൾക്കുന്നതുമായ കാര്യങ്ങൾ അന്ധമായി പിന്തുടർന്നാൽ, അത് വിപരീതഫലമാണ് സൃഷ്ടിക്കുക എന്നകാര്യം നമ്മളെല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ നൽകുകയാണു വേണ്ടത്.  

സപ്ലിമെന്റുകൾക്ക് അതിൻ്റേതായ പ്രാധാന്യം എപ്പോഴുമുണ്ട്. പക്ഷെ അവ, ഒരിക്കലും ഭക്ഷണത്തിന് പകരം ഉപയോഗിക്കുന്നതാകരുത്.

നന്നായി ഭക്ഷണം കഴിക്കുക, സ്വന്തം ശരീരത്തെ മനസ്സിലാക്കുക, ആവശ്യം വരുന്ന സന്ദർഭത്തിൽ വിദഗ്ധോപദേശപ്രകാരം മാത്രം സപ്ളിമെൻ്റുകൾ കഴിക്കുക.  ആരോഗ്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നമ്മളെല്ലാവരും അനുവർത്തിക്കേണ്ട രീതിയാണിത്. 

References

  1. The balance between food and dietary supplements in the general population
  2. Do You Need Dietary Supplements?

Related News

ടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

ടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

അക്കാര്യത്തിൽ സമ്മർദ്ദം വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട് കുറെയേറെ ടെൻഷൻ അനുഭവിക്കുന്ന ദിവസങ്ങളിൽ നമ്മളിൽ ചിലർക്കെങ്കിലും ഭക്ഷണത്തോട് ആർത്തി തോന്നാറുണ്ട്. ഉത്കണ്ഠയും സമ്മർദ്ദവും നേരിടുമ്പോൾ സ്വസ്ഥമാകാൻ ഇഷ്ടഭക്ഷണം വേണമെന്ന...

ഏപ്രിൽ 3, 2026 11:04 pm
ആഹാരക്രമം ശരിയായ രീതിയിലാണോ?

ആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന...

ഏപ്രിൽ 1, 2026 7:48 pm
വയറെപ്പോഴും വീർത്തിരിക്കുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ?

വയറെപ്പോഴും വീർത്തിരിക്കുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ?

കാര്യകാരണങ്ങൾ ഡയറ്റീഷ്യനിൽ നിന്ന് മനസ്സിലാക്കാം മിക്ക ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് വയറു വീർപ്പ് അഥവാ ബ്ളോട്ടിങ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പ്രയാസവും ഉണ്ടാകില്ല. ദഹനപ്രശ്നങ്ങൾക്ക് വഴിവെയ്ക്കാത്ത...

ഏപ്രിൽ 1, 2026 7:41 pm
കത്തുന്ന വേനൽച്ചൂടിൽ വാടാതെ കാക്കാം കുഞ്ഞിളംചർമ്മം

കത്തുന്ന വേനൽച്ചൂടിൽ വാടാതെ കാക്കാം കുഞ്ഞിളംചർമ്മം

കുട്ടികളുടെ ചർമ്മസംരക്ഷണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം  തുടർച്ചയായ പഠനവും ഹോംവർക്കും പരീക്ഷകളുമെല്ലാം കഴിഞ്ഞ് പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന മാസങ്ങളാണ് മധ്യവേനലവധിക്കാലം. പരീക്ഷാച്ചൂടാറുമ്പോഴേക്കും വേനൽ കനക്കാൻ തുടങ്ങി. കൂട്ടുകാരുമൊത്ത് വീടിനുപുറത്ത്...

മാർച്ച്‌ 22, 2026 9:57 pm
Top
Subscribe