വേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

വേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

ഈ പഴങ്ങൾ കഴിക്കാം ദഹനം എളുപ്പമാക്കാം

വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സി‌ലേക്ക് വരിക പൊള്ളുന്ന ചൂടും വിയർപ്പും എത്ര വെള്ളം കുടിച്ചാലും മതിവരാത്ത തരം ദാഹവുമൊക്കെയാണ്.  ഈ ചൂടുകാലത്ത് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രശ്നത്തിലാകുന്നത് നമ്മുടെ ദഹനവ്യവസ്ഥയാണ്. എങ്കിലും ചർമ്മസംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം പലപ്പോഴും നമ്മൾ വയറിൻ്റെ കാര്യത്തിന് നൽകാറില്ല എന്നതാണ് യാഥാർത്ഥ്യം.

വയറു വീർത്തുവരിക (Bloating), അസിഡിറ്റി, മലബന്ധം, പെട്ടെന്നുണ്ടാകുന്ന തളർച്ച എന്നീ പ്രശ്നങ്ങൾ വേനൽക്കാലത്ത് പൊതുവെ കൂടുന്നതായി കാണാറുണ്ട്.  നിർജ്ജലീകരണവും ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതുമാണ് ഇതിന് പ്രധാന കാരണം. 

വയറിന്റെ ആരോഗ്യം, ദഹനത്തിനപ്പുറം ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയുടെ അടിസ്ഥാനം കൂടിയാണ്. അതതു സീസണുകളിൽ ലഭ്യമാകുന്ന പഴങ്ങൾ ധാരാളം കഴിക്കുക എന്നതാണ് കുടലിൻ്റെ സംരക്ഷണത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യം.

ഏതെല്ലാം പഴങ്ങളാണ് വേനൽക്കാലത്ത് വയറിന് ആശ്വാസം നൽകുക എന്നു നോക്കാം. 

1. തണ്ണിമത്തൻ – ജലാംശമേറെ, ഉദരാരോഗ്യത്തിന് ഉത്തമം

ദാഹം അകറ്റുന്നതിനൊപ്പം, ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒരു പോഷകഫലമാണ് തണ്ണിമത്തൻ. 

  • ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ നിർജ്ജലീകരണം തടയുകയും അതുവഴി ദഹനപ്രക്രിയ സാവധാനത്തിലാകാതെ നോക്കുകയും ചെയ്യുന്നു
  • തണ്ണിമത്തനിലെ നാരുകൾ ശോധന സുഗമമാക്കാൻ സഹായിക്കുന്നു
  • ഇതിലെ ലൈക്കോപീൻ (Lycopene), പോളിഫെനോൾസ് (Polyphenols) എന്നിവ വയറ്റിലുണ്ടാകുന്ന വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നു

ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കാനും കുടലിലെ നല്ല ബാക്ടീരിയകളുടെ (Gut Microbiota) വളർച്ചയെ സഹായിക്കാനും തണ്ണിമത്തൻ ഉത്തമമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

തണ്ണിമത്തന്റെ ഉൾവശത്തെ വെളുത്ത കട്ടിയുള്ള  ഭാഗം പൂർണ്ണമായും കളയേണ്ടതില്ല. വയറിന് ഗുണകരമായ നാരുകൾ അതിൽ ധാരാളമായുണ്ട്.

2. പപ്പായ – പ്രകൃതി ഒരുക്കിയ ദഹന സഹായി

ദഹനപ്രക്രിയയെ നേരിട്ട് മെച്ചപ്പെടുത്താൻ കഴിവുള്ള ചുരുക്കം ചില പഴങ്ങളിൽ ഒന്നാണ് പപ്പായ.

  • പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ (Papain), കൈമോപപ്പെയ്ൻ (Chymopapain) എന്നീ രാസാഗ്നികൾ പ്രോട്ടീനുകളെ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു
  • കുടലിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കാനും പപ്പായ മികച്ചതാണ്
  • പപ്പായ കഴിച്ചാൽ വയറു വീർത്തുവരുന്ന അവസ്ഥയും (Bloating) ദഹനസംബന്ധമായ മറ്റ് അസ്വസ്ഥതകളും ശമിക്കും

പപ്പായയിലെ എൻസൈമുകളും നാരുകളും ചേരുമ്പോൾ അത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായകമാണെന്നും വീക്കം കുറയ്ക്കുമെന്നും ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അസിഡിറ്റി (Acidity), ദഹനക്കേട് (Indigestion), ഐ ബി എസ് അഥവാ ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പപ്പായ ആഹാരത്തിൻ്റെ ഭാഗമാക്കുന്നത് ഏറെ ആശ്വാസം നൽകും.

3. മാമ്പഴം – പ്രീബയോട്ടിക്കുകളുടെ കലവറ

അതീവരുചികരമായ മാമ്പഴം, രസമുകുളങ്ങൾക്കു മാത്രമല്ല, നമ്മുടെ വയറിനും പ്രിയങ്കരമാണ്. പാകത്തിന് കഴിച്ചാൽ, അത് ഉദരാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു.

  • മാമ്പഴത്തിലെ പ്രീബയോട്ടിക് നാരുകൾ വയറിലെ നല്ല ബാക്ടീരിയകളുടെ പ്രധാന ആഹാരമാണ്
  • ഇതിലെ പോളിഫെനോൾസ്, ഉദരസംബന്ധമായ അസ്വസ്ഥതകളും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു
  • ശരീരത്തിന് ആവശ്യമായ ജലാംശവും കുടലിലെ പാളികളുടെ (Gut lining) ആരോഗ്യത്തിന് വേണ്ട പോഷകങ്ങളും നൽകാൻ മാമ്പഴത്തിന് കഴിവുണ്ട്

നാരുകളും പോളിഫെനോളുകളും അടങ്ങിയ പഴങ്ങൾ ദഹനവ്യവസ്ഥയിലെ ഗുണകരമായ ബാക്ടീരിയകൾക്ക് കരുത്ത് പകരുകയും ദഹനശക്തിയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, എല്ലാം മിതമായി കഴിക്കുമ്പോഴാണ് അത് ശരീരത്തിന് ഗുണകരമാകുക. മാമ്പഴം അമിതമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും കാരണമായേക്കാം.

4. ഏത്തപ്പഴം – പോഷകസമൃദ്ധം

വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനിയാണെങ്കിലും പലപ്പോഴും നമ്മൾ വേണ്ടത്ര പരിഗണന നൽകാത്ത ഒന്നാണ് ഏത്തപ്പഴം.

  • ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ കൂടുതൽ സുഗമമാക്കുന്നു
  •  വയറിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പ്രീബയോട്ടിക് ഘടകങ്ങൾ ഏത്തപ്പഴത്തിൽ സമൃദ്ധമായുണ്ട്
  • ഇതിലെ പൊട്ടാസ്യം ശരീരത്തിലെ ധാതുലവണങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു

സ്ഥിരമായി ഏത്തപ്പഴം കഴിക്കുന്നത് താഴെ പറയുന്ന ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു:

  • മലശോധന കൃത്യമാക്കുന്നു
  • വീക്കത്തിൽ നിന്നും മറ്റ് അസ്വസ്ഥതകളിൽ നിന്നും കുടലിന് സംരക്ഷണം നൽകുന്നു

അധികം പഴുക്കാത്ത പച്ചകലർന്ന ഏത്തപ്പഴത്തിൽ റെസിസ്റ്റന്റ് സ്റ്റാർച്ച് (Resistant Starch) കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് കരുത്തുറ്റ ഒരു ശരീരത്തിൽ പ്രീബയോട്ടിക്കായി പ്രവർത്തിക്കുന്നു.

5. കൈതച്ചക്ക – വീക്കം കുറയ്ക്കാം ദഹനം എളുപ്പമാക്കാം

പോഷകഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് കൈതച്ചക്കയുടെ സ്ഥാനം.

  • ഇതിൽ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ൻ (Bromelain) എന്ന എൻസൈം പ്രോട്ടീനുകളെ വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു
  • വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകളും വീക്കവും കുറയ്ക്കാൻ ഇത് വളരെ ഫലപ്രദമാണ്
  • കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ അളവ് നിലനിർത്താൻ കൈതച്ചക്ക സഹായിക്കുന്നു

പൈനാപ്പിൾ പോലുള്ള, എൻസൈമുകൾ ധാരാളമടങ്ങിയ പഴങ്ങൾ പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ കഴിക്കുന്നത്, ദഹനവ്യവസ്ഥയുടെ ആയാസം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

എപ്പോഴും ഫ്രഷ് ആയ കൈതച്ചക്ക തന്നെ കഴിക്കാൻ ശ്രദ്ധിക്കണം.  ടിന്നിലടച്ചതോ (Canned) അമിതമായി സംസ്കരിച്ചതോ ആയവ ഒഴിവാക്കുന്നതാണ് നല്ലത്.

പഴങ്ങൾ എങ്ങനെ ദഹനവ്യവസ്ഥയെ സഹായിക്കുന്നു? 

ജീവനുള്ള പരിസ്ഥിതി വ്യവസ്ഥ പോലെയാണ് നമ്മുടെ ദഹനവ്യവസ്ഥയും (Gut microbiome). അതിൻ്റെ കുറ്റമറ്റ പ്രവർത്തനത്തിന് പ്രധാനമായും മൂന്ന് ഘടകങ്ങൾ അനിവാര്യമാണ്:

  • നാരുകൾ (Fiber/Prebiotics)
  • ആന്റിഓക്‌സിഡന്റുകൾ (Antioxidants)
  • ജലാംശം (Hydration)

പഴങ്ങൾ കഴിക്കുന്നതിലൂടെ ഒരേസമയം ഈ മൂന്ന് ഘടകങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.

ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്

പഴങ്ങൾ പതിവായി കഴിക്കുന്നത് വയറിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാനും വീക്കം (Inflammation) കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശോധന സുഗമമാക്കുകയും ദഹനവ്യവസ്ഥയെ പൊതിഞ്ഞിരിക്കുന്ന ആവരണത്തെ (Gut lining) ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യത്തിനായി കൃത്രിമ മരുന്നുകളെയും സപ്ലിമെന്റുകളെയും മാത്രം ആശ്രയിക്കുന്നതിന് പകരം, ആഹാരത്തെത്തന്നെ ഏറ്റവും നല്ല ഔഷധമാക്കി മാറ്റാൻ നമുക്ക് സാധിക്കും.

വേനൽക്കാലത്ത് ശരീരത്തിന് തണുപ്പേകാനും ദഹനവ്യവസ്ഥയ്ക്ക് ആരോഗ്യമേകാനുമായി പ്രകൃതി കനിഞ്ഞുനൽകിയിരിക്കുന്ന അനുഗ്രഹമാണ് വൈവിദ്ധ്യമാർന്ന ഫലവർഗ്ഗങ്ങൾ.

ഈ പഴങ്ങൾ എങ്ങനെ കഴിക്കണം?

  • രാവിലെ വെറും വയറ്റിലോ അല്ലെങ്കിൽ ഭക്ഷണത്തിന് ഇടയിലുള്ള സമയത്തോ പഴങ്ങൾ കഴിക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടനെ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം.
  • പഴങ്ങൾ അതേപടി കഴിക്കുന്നതാണ് ജ്യൂസാക്കി കുടിക്കുന്നതിനേക്കാൾ നല്ലത്. നാരുകൾ മുഴുവനായി ലഭിക്കാൻ ഈ രീതി സഹായിക്കും.
  • ഒരേ പഴം തന്നെ കഴിക്കാതെ പലതരം പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് വയറിലെ നല്ല ബാക്ടീരിയകളുടെ വൈവിധ്യം കൂട്ടാൻ സഹായിക്കും
  • എപ്പോഴും അതതു സീസണുകളിൽ ലഭിക്കുന്നതും (Seasonal) പ്രാദേശികമായി വിളയുന്നതുമായ പഴങ്ങൾക്ക് മുൻഗണന നൽകുക.

ഉദരാരോഗ്യം ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതല്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്ത്, എങ്ങനെ കഴിക്കണമെന്നതു സംബന്ധിച്ച് നമ്മൾ കൈക്കൊള്ളുന്ന തീരുമാനങ്ങളിലൂടെയാണ് അത് രൂപപ്പെടുന്നത്. ഒരു കഷ്ണം തണ്ണിമത്തനിലൂടെയോ പപ്പായയിലൂടെയോ നന്നായി പഴുത്ത ഒരു മാമ്പഴത്തിലൂടെയോ ഒക്കെ നമുക്കു ലഭിക്കുന്നത് പഴങ്ങളുടെ രൂപം പൂണ്ട ഔഷധങ്ങൾ തന്നെയാണ്. വേണ്ട രീതിയിൽ, മിതമായി കഴിച്ചാൽ ഈ വേനൽക്കാലത്തും നമുക്ക് ഉദരാരോഗ്യം സംരക്ഷിക്കാനാകും.  

References

  1. Fruit‐Based Diet and Gut Health: A Review

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe