സീഫുഡ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അപകട ലക്ഷണങ്ങൾ എന്തെല്ലാം? വൈദ്യസഹായം തേടേണ്ടതെപ്പോൾ?

സീഫുഡ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അപകട ലക്ഷണങ്ങൾ എന്തെല്ലാം? വൈദ്യസഹായം തേടേണ്ടതെപ്പോൾ?

തിരുവനന്തപുരം വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവം കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്. കടൽ വിഭവങ്ങൾ കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നത് ഏറെ ഗൗരവകരമായ വാർത്തയാണ്. ഭക്ഷ്യവിഷബാധയാണോ അലർജിയാണോ അതോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ എന്നതു സംബന്ധിച്ച ഔദ്യോഗിക അന്വേഷണങ്ങൾ നടന്നു വരികയാണ്. എങ്കിലും, ഈ സംഭവം സീഫുഡ് സുരക്ഷയെക്കുറിച്ചും ബോധവൽക്കരണത്തെക്കുറിച്ചും ഗൗരവകരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

കടൽവിഭവങ്ങൾ കഴിക്കാനിഷ്ടപ്പെടുന്നവരെ ആശങ്കയിലാക്കാൻ വേണ്ടിയല്ല ഇങ്ങനെയൊരു ലേഖനം. ഇതിനു പിന്നിലെ ശാസ്ത്രം മനസ്സിലാക്കാനും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാനും എപ്പോൾ വൈദ്യസഹായം തേടണം എന്ന് ബോധ്യപ്പെടുത്താനും വേണ്ടിയാണിത്.

പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അയഡിൻ, അത്യാവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ, ഏറ്റവും പോഷകഗുണമുള്ള ആഹാരങ്ങളിൽ ഒന്നാണ് സീഫുഡ്. നമ്മളിൽ പലരുടേയും ഇഷ്ടവിഭവവുമാണിത്.

എന്നാൽ സീഫുഡ് കഴിച്ചാൽ ചിലർക്ക് ചെറിയ വയറുവേദന മുതൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ വരെ  ഉണ്ടായേക്കാം.

സീഫുഡ് അലർജിയും ഫിഷ് പോയ്സണിംഗും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് പലപ്പോഴും ജീവൻ രക്ഷിക്കാൻ പോലും സഹായകമാകും.

ഏതൊക്കെ ഭക്ഷണങ്ങളാണ് അസ്വസ്ഥതകൾ സൃഷ്ടിക്കുക?

സീഫുഡ് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾക്ക് പ്രധാനമായും കാരണമാകുന്നത്:

കടുപ്പമേറിയ തോടുള്ള ജീവികൾ – (Crustaceans):

  • കൊഞ്ച് (Shrimp/Prawns)
  • ഞണ്ട് (Crab)
  • ലോബ്സ്റ്റർ (Lobster)

കടൽവിഭവങ്ങളിൽ ഏറ്റവും കൂടുതൽ അലർജിക്കു കാരണമാകുന്നവയാണിവ; പ്രത്യേകിച്ച് മുതിർന്നവരിൽ.

മൃദുശരീരമുള്ള തോടുള്ള ജീവികൾ (Molluscs):

  • കക്ക 
  • കല്ലുമ്മക്കായ
  • കൂന്തൾ/കണവ

മത്സ്യങ്ങൾ:

ഷെൽഫിഷ് (Shellfish) അലർജിയുമായി താരതമ്യം ചെയ്യുമ്പോൾ മത്സ്യങ്ങൾ മൂലമുള്ള അലർജി കുറവാണെങ്കിലും, ഇത് ചിലരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്.

പ്രത്യേകം ശ്രദ്ധിക്കുക,

കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിലാണ് സീഫുഡ് അലർജി കൂടുതൽ സാധാരണയായി കണ്ടുവരുന്നത്.

ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി സീഫുഡ് കഴിച്ച് 30 മിനിറ്റ് മുതൽ 2 മണിക്കൂറിനുള്ളിലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കാം:

1. വയറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ

  • വയറിൽ ഉണ്ടാകുന്ന ശക്തമായ പിടുത്തം (Cramps)
  • ഓക്കാനം
  • ഛർദ്ദി
  • വയറിളക്കം

2. ചർമ്മത്തിലെ ലക്ഷണങ്ങൾ

  • ശരീരം ചുവന്നു തടിക്കുക
  • ചൊറിച്ചിൽ
  • തടിപ്പുകൾ
  • ചുണ്ടുകൾ, കൺപോളകൾ അല്ലെങ്കിൽ മുഖം എന്നിവിടങ്ങളിലെ വീക്കം

3. ശ്വസനസംബന്ധമായ ലക്ഷണങ്ങൾ

  • ചുമ
  • ശ്വാസംമുട്ടൽ
  • ശ്വസിക്കാൻ പ്രയാസവും ശ്വസിക്കുമ്പോൾ ശബ്ദവുണ്ടാകുക

4. അതീവ ഗുരുതരമായ ലക്ഷണങ്ങൾ

  • തലകറക്കം
  • ബോധക്ഷയം
  • രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നു പോകുക

പ്രത്യേകം ശ്രദ്ധിക്കുക: ഒരേസമയം ഒന്നിലേറെ ലക്ഷണങ്ങൾ പ്രകടമാവുകയും പ്രത്യേകിച്ച് ശ്വാസംമുട്ടലും ബി പി കുറയുന്ന സാഹചര്യവും ഉണ്ടാകുകയാണെങ്കിൽ അത് അനാഫിലാക്സിസ് (Anaphylaxis) എന്ന അതീവ ഗുരുതരമായ അവസ്ഥയാകും. അടിയന്തിരചികിൽസ ആവശ്യമുള്ള ഘട്ടമാണിതെന്നു മനസ്സിലാക്കി ഉടൻ ചികിത്സ തേടണം.

സീഫുഡ് അലർജി എങ്ങനെ തിരിച്ചറിയാം?

നിങ്ങൾക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകൾ അലർജിയാണോ എന്ന് തിരിച്ചറിയാൻ താഴെ പറയുന്ന രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക:

  • മത്സ്യമോ മറ്റ് കടൽ വിഭവങ്ങളോ കഴിച്ച് 30 മിനിറ്റ് മുതൽ 2 മണിക്കൂറിനുള്ളിൽ അസ്വസ്ഥതകൾ പ്രകടമാകുന്നുണ്ടോ?
  • ആ പ്രത്യേക ആഹാരം കഴിക്കുമ്പോഴെല്ലാം ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിച്ചുണ്ടാകുന്നുണ്ടോ?

ഈ രണ്ട് കാര്യങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ അതിനെ ഫുഡ് അലർജിയായി തന്നെ കണക്കാക്കേണ്ടതുണ്ട്.

സാധാരണയായി ഉണ്ടാകുന്ന ദഹനക്കേടുകളിൽ (Food Intolerance) നിന്നും വ്യത്യസ്തമാണ് യഥാർത്ഥ അലർജി. 

ദഹനക്കേട്, ദഹനവ്യവസ്ഥയുമായി മാത്രം ബന്ധപ്പെട്ടതാണ്, സാധാരണഗതിയിൽ അത്ര ഗുരുതരമാകാറില്ല.

അതേസമയം അലർജി നമ്മുടെ പ്രതിരോധ സംവിധാനത്തെയാണ് ബാധിക്കുന്നത്. ഓരോ തവണ അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോഴും ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

ഡോക്ടറെ കണ്ട് ലക്ഷണങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും വേണ്ട പരിശോധനകൾ നടത്തുകയും വേണം.

അലർജി സ്ഥിരീകരിക്കുന്നതിനായി ഡോക്ടർമാർ താഴെ പറയുന്ന പരിശോധനകൾ നിർദ്ദേശിച്ചേക്കാം:

  • സ്കിൻ പ്രിക് ടെസ്റ്റ് (Skin Prick Test): തൊലിപ്പുറത്ത് നടത്തുന്ന പരിശോധന.
  • രക്തപരിശോധന (IgE Testing): രക്തത്തിലെ അലർജി ഘടകങ്ങൾ കണ്ടെത്താൻ

മുൻകരുതലുകൾ എടുക്കുക

  • ടിന്നിലടച്ച ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അതിലെ ചേരുവകൾ  ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കുക
  • അലർജിയുണ്ടെന്ന് ഉറപ്പുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക
  • ഹോട്ടലുകളിലും മറ്റും പോകുമ്പോൾ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുൻപ് നിങ്ങൾക്ക് അലർജിയുള്ള കാര്യം അവരെ അറിയിക്കുക
  • അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള മരുന്നുകളുണ്ടെങ്കിൽ അതെപ്പോഴും കൂടെ കരുതുക
  • ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒട്ടും വൈകാതെ അടുത്തുള്ള  ആശുപത്രിയിലെത്തുക

ഉടനടി ആശുപത്രിയിലെത്തേണ്ട സാഹചര്യങ്ങൾ

താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ അടിയന്തര വൈദ്യസഹായം തേടുക:

  • ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുക
  • തൊണ്ട അടയുന്നതുപോലെയോ മുറുകുന്നതുപോലെയോ തോന്നുക
  • നിർത്താതെയുള്ള ഛർദ്ദി
  • കഠിനമായ തലകറക്കം
  • കുഴഞ്ഞുവീഴുകയോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്യുക

ചികിത്സ വൈകുന്നത് വലിയ പ്രയാസങ്ങൾക്കിടവരുത്തും.

ഇത്തരം കാര്യങ്ങളിലുള്ള അവബോധം നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടതിൻ്റെ പ്രാധാന്യം വിഴിഞ്ഞത്തെ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. 

കടൽവിഭവങ്ങൾ അതീവരുചികരവും ഗുണകരവുമാണെങ്കിലും സുരക്ഷയും ശരിയായ രീതിയിലുള്ള സംഭരണവും വിതരണവും അലർജിയെക്കുറിച്ചുള്ള ബോധ്യവും ഏറെ പ്രധാനമാണ്.

ശാസ്ത്രീയമായ അറിവുകൾ നൽകി ഏവരേയും ശാക്തീകരിക്കുക എന്നതാണ് നെല്ലിക്ക.ലൈഫ് ലക്ഷ്യമിടുന്നത്. ആ അറിവ് നിങ്ങളുടെ സുരക്ഷയായി മാറിയാൽ ഞങ്ങൾ കൃതാർത്ഥരായി!

Final Word

തയ്യാറാക്കിയത്: ഡോ.ഷഹനാസ് ബീഗം എംഡി ഡിഎൻബി(പൾമണറി മെഡിസിൻ) എംആർസിപി -  എസ് സി ഇ (റെസ്പിറേറ്ററി മെഡിസിൻ)

 

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe