ആർത്തവാരോഗ്യത്തിൽ ശ്രദ്ധ വേണം: ശരീരം നൽകുന്ന സൂചനകൾ തിരിച്ചറിയാം

നമ്മുടെ സമൂഹത്തിൽ ഈയടുത്ത കാലം വരെ അതീവരഹസ്യമായി മാത്രം സംസാരിച്ചിരുന്ന വിഷയമാണ് ആർത്തവം. അസ്വാഭാവികത തോന്നിയാലും അമിത രക്തസ്രാവമുണ്ടായാൽപ്പോലും തുറന്നുപറയാതെ സഹിച്ചു ജീവിച്ചിരുന്ന തലമുറകൾ നമുക്കു തൊട്ടുമുൻപു വരെ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
ഓരോ മാസവും എങ്ങനെയെങ്കിലും കഴിച്ചുകൂട്ടേണ്ട ദിവസങ്ങളായിട്ടാണ് ആർത്തവ ചക്രത്തെ പലരും കണക്കാക്കിയിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രവും ആരോഗ്യ വിദഗ്ധരും ആർത്തവത്തിന് നൽകുന്ന നിർവ്വചനം ഇങ്ങനെയല്ല.
ആർത്തവചക്രം കേവലം പ്രത്യുത്പാദനവുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. അത് പെൺകുട്ടികളുടെും സ്ത്രീകളുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ഒരു സുപ്രധാന ഘടകമാണ്.
ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശരീരോഷ്മാവ്, ശ്വസന നിരക്ക് എന്നിവ പോലെ തന്നെ പ്രധാനമാണ് ആർത്തവചക്രവും. നമ്മുടെ ശരീരത്തിലെ ഹോർമോണുകൾ, ഉപാപചയം അഥവാ മെറ്റബോളിസം, നാഡീവ്യൂഹം, പ്രതിരോധ സംവിധാനം, മാനസികാരോഗ്യം എന്നീ ഘടകങ്ങളെല്ലാം എത്രത്തോളം കൃത്യമായി പ്രവർത്തിക്കുന്നു എന്നതിന്റെ പ്രതിഫലനം ആർത്തവചക്രത്തിൽ ദൃശ്യമാകും.
ആർത്തവത്തിൽ മാറ്റങ്ങൾ വരികയോ മുടങ്ങുകയോ കഠിനമായ വേദന അനുഭവപ്പെടുകയോ ചെയ്യുമ്പോൾ ശരീരത്തിനുള്ളിൽ എന്തോ മാറ്റം സംഭവിക്കുന്നു എന്ന് ശരീരം തന്നെ സംവദിക്കുന്നതായി മനസ്സിലാക്കേണ്ടതുണ്ട്.
ആർത്തവം ആരോഗ്യ സൂചകമാകുന്നത് എന്തുകൊണ്ട്?
ആർത്തവചക്രം കൃത്യമാണെങ്കിൽ, അത് ശരീരം നൽകുന്ന ശുഭസൂചനയാണ്:
- ശരീരത്തിലെ ഹോർമോണുകൾ കൃത്യമായി പ്രവർത്തിക്കുന്നു.
- തലച്ചോറ്, അണ്ഡാശയം (Ovaries), ഗർഭപാത്രം എന്നിവ തമ്മിലുള്ള ആശയവിനിമയം തടസ്സമില്ലാതെ നടക്കുന്നു.
- ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നുണ്ട്.
- മാനസിക സമ്മർദ്ദം (Stress) പ്രശ്നം സൃഷ്ടിക്കുന്ന പരിധിക്ക് താഴെയാണ്.
- തൈറോയ്ഡ് പ്രവർത്തനവും മെറ്റബോളിസവും സാധാരണ നിലയിലാണ്.
മേൽപ്പറഞ്ഞ ഏതെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ തകരാറുകൾ സംഭവിക്കുമ്പോൾ, ശരീരം അത് ആദ്യം പ്രകടിപ്പിക്കുന്നത് ആർത്തവചക്രത്തിലെ മാറ്റങ്ങളിലൂടെയാണ്.
ആർത്തവത്തിലെ മാറ്റങ്ങൾ അവഗണിച്ചാൽ, യഥാർത്ഥ രോഗലക്ഷണങ്ങൾ കണ്ടെത്താൻ വൈകും.
ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും ആരോഗ്യകരമായ ആർത്തവചക്രത്തിന്റെ ലക്ഷണങ്ങൾ ഇനിപ്പറയുന്നു:
- ദൈർഘ്യം: 21 മുതൽ 35 ദിവസങ്ങൾക്കുള്ളിൽ ആർത്തവം വരുന്നത് സ്വാഭാവികമാണ്.
- ദിവസങ്ങൾ: രക്തസ്രാവം സാധാരണയായി 3 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കും.
- അളവ്: മിതമായ രീതിയിലുള്ള രക്തസ്രാവം (ഓരോ മണിക്കൂറിലും പാഡുകൾ മാറ്റേണ്ടി വരുന്നുണ്ടെങ്കിൽ, അമിതരക്തസ്രാവത്തിൻ്റെ സൂചനയാണ്)
- വേദന: നേരിയ തോതിലുള്ള അസ്വസ്ഥതകൾ സ്വാഭാവികമാണ്. എന്നാൽ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കഠിനമായ വേദന, അസ്വാഭാവികമാണ്.
- മാനസികാവസ്ഥ: നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലുള്ള മൂഡ് മാറ്റങ്ങൾ.
- ക്രമം: ഓരോ മാസവും ഏകദേശം കൃത്യമായ ഇടവേളകളിൽ ആർത്തവം വരിക
ആർത്തവചക്രം ജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ളതാകരുത്. അമിതമായ വേദനയോ അസ്വസ്ഥതകളോ ഉണ്ടെങ്കിൽ, അതു ശരീരം നൽകുന്ന മുന്നറിയിപ്പായി കണക്കാക്കണം.
ശരീരം നൽകുന്ന മുന്നറിയിപ്പുകൾ
പലപ്പോഴും കാര്യമായ രോഗലക്ഷണങ്ങളെപ്പോലും സാധാരണമാണെന്നു കരുതി സ്ത്രീകൾ അവഗണിക്കാറുണ്ട്.
ശ്രദ്ധിക്കേണ്ട ചില പ്രധാന സൂചനകൾ:
ക്രമം തെറ്റിയ ആർത്തവം: ഇത് മാനസിക സമ്മർദ്ദം (Stress), തൈറോയ്ഡ് പ്രശ്നങ്ങൾ, പി.സി.ഒ.എസ് (PCOS), ഇൻസുലിൻ റെസിസ്റ്റൻസ്, ഭക്ഷണക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്.
അസഹ്യമായ വേദന: ജോലിക്കോ പഠനത്തിനോ പോകാൻ കഴിയാത്ത വിധം കഠിനമായ വേദന അനുഭവപ്പെടുന്നത് സാധാരണമല്ല. ഇത് എൻഡോമെട്രിയോസിസ് (Endometriosis), ഗർഭപാത്രത്തിലെ മുഴകൾ (Fibroids), അണുബാധ എന്നിവയുടെ സൂചനയാകാം.
അമിത രക്തസ്രാവം: വിളർച്ച (Anemia), ഹോർമോൺ വ്യതിയാനങ്ങൾ, ഗർഭപാത്ര സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണമാകാം.
ആർത്തവം വരാതിരിക്കുക: ഗർഭിണിയല്ലാതെ തന്നെ ആർത്തവം മുടങ്ങുന്നത് അമിതമായ മാനസിക സമ്മർദ്ദം മൂലമോ പെട്ടെന്ന് ശരീരഭാരം കുറയുന്നതു കൊണ്ടോ ആകാം. കഠിനമായ വ്യായാമം ചെയ്യുമ്പോൾ ശരീരം ഊർജ്ജം സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായും ആർത്തവം വരാതിരിക്കാം.
മൂഡ് മാറ്റങ്ങൾ: ആർത്തവത്തിന് തൊട്ടുമുമ്പ് നിയന്ത്രിക്കാനാവാത്ത വിഷാദം, ദേഷ്യം, അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ തോന്നുന്നത് പി എം ഡി ഡി (PMDD) പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം.
ആർത്തവം സൂചിപ്പിക്കുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യം മാത്രമല്ല!
പ്രത്യുത്പാദനകാലത്ത് സ്ത്രീകൾക്കുണ്ടാകുന്ന ഒരു കാര്യം മാത്രമാണ് ആർത്തവമെന്ന വലിയ തെറ്റിദ്ധാരണ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ, ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും പ്രതിഫലിക്കുന്ന ഒന്നാണിത് എന്ന അവബോധം എല്ലാവർക്കും ഉണ്ടാകണം.
തലച്ചോറും നാഡീവ്യൂഹവും:
തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ കൃത്യമായിരുന്നാൽ മാത്രമേ അണ്ഡോത്പാദനം (Ovulation) നടക്കുകയുള്ളൂ. കടുത്ത മാനസിക സമ്മർദ്ദം ഈ സിഗ്നലുകളെ തടസ്സപ്പെടുത്തുകയും ആർത്തവം വൈകാനോ നിൽക്കാനോ കാരണമാകുകയും ചെയ്യും.
മെറ്റബോളിസവും പോഷകാഹാരവും:
ആഹാരക്കുറവ് മൂലമോ പോഷകാഹാരക്കുറവ് മൂലമോ അണ്ഡോത്പാദനം തടസ്സപ്പെട്ടേക്കാം. ശരീരഭാരം സാധാരണ നിലയിലാണെങ്കിൽ പോലും ഇത് സംഭവിക്കാം.
തൈറോയ്ഡും ഹോർമോണുകളും:
പലപ്പോഴും തൈറോയ്ഡ് പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായി പ്രകടമാകുന്നത് ആർത്തവത്തിലെ ക്രമക്കേടുകളാണ്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നതിന് മുൻപേ ആർത്തവം ഇതിന്റെ സൂചന നൽകുന്നു.
രോഗപ്രതിരോധ ശേഷി:
നമ്മുടെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അസുഖങ്ങൾ (Autoimmune conditions) ആർത്തവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്.
കൗമാരം മുതൽ ആർത്തവവിരാമം വരെ: ശരീരം നൽകുന്ന സന്ദേശം
സ്ത്രീജീവിതത്തിലെ എല്ലാ ഘട്ടത്തിലും ആർത്തവാരോഗ്യം വളരെ പ്രധാനമാണ്. പ്രായത്തിനനുസരിച്ച് ആർത്തവചക്രത്തിൽ മാറ്റങ്ങൾ വരുമെങ്കിലും ശരീരം നൽകുന്ന സന്ദേശങ്ങൾ നമ്മൾ തിരിച്ചറിയണം.
കൗമാരപ്രായം (Adolescence):
ആദ്യകാലങ്ങളിൽ ആർത്തവം ക്രമം തെറ്റുന്നത് സാധാരണമാണ്. എന്നാൽ ഈ ക്രമക്കേട് ദീർഘകാലം തുടരുകയാണെങ്കിൽ, അത് ഹോർമോൺ വ്യതിയാനങ്ങളുടെയോ പോഷകാഹാരക്കുറവിന്റെയോ സൂചനയാകാം.
പ്രത്യുത്പാദന കാലഘട്ടം (Reproductive years):
ആർത്തവചക്രം ഏറ്റവും കൃത്യമായിരിക്കേണ്ടത് ഈ സമയത്താണ്. ഈ ഘട്ടത്തിൽ വരുന്ന മാറ്റങ്ങൾ അമിതമായ മാനസിക സമ്മർദ്ദത്തെയോ ഉപാപചയ സംബന്ധമായ പ്രശ്നങ്ങളെയോ സൂചിപ്പിക്കുന്നു.
ആർത്തവ വിരാമത്തിന് മുൻപുള്ള ഘട്ടം (Perimenopause):
ഈ സമയത്ത് ആർത്തവചക്രത്തിന്റെ ദൈർഘ്യം കൂടുകയോ കുറയുകയോ ചെയ്യാം. എന്നാൽ അമിതമായ വേദനയോ കഠിനമായ ബുദ്ധിമുട്ടുകളോ ഉണ്ടാകുകയാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണണം.
എന്തുകൊണ്ടാണ് നമ്മൾ ആർത്തവ പ്രശ്നങ്ങളെ അവഗണിക്കുന്നത്?
വളർന്നുവന്ന സാഹചര്യങ്ങളും സംസ്കാരവുമാണ് പലപ്പോഴും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. വേദനകൾ സ്വാഭാവികമാണെന്നും എല്ലാ സ്ത്രീകളും ഈ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണെന്നും ആദ്യപ്രസവത്തിനു ശേഷം എല്ലാം ശരിയാകുമെന്ന പഴയ പല്ലവികൾ കേട്ടാണ് പെൺകുട്ടികൾ വളരുന്നത്.
ഇത്തരം തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്നതു മൂലം പല രോഗങ്ങളും കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെ പോകുന്നു. ഇത് വർഷങ്ങളോളം സ്ത്രീകൾ കഷ്ടപ്പാടനുഭവിക്കാൻ ഇടവരുത്തുന്നു.
ആർത്തവാരോഗ്യം മെച്ചപ്പെടുത്താൻ ചില മാർഗ്ഗങ്ങൾ
പ്രശ്നത്തിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുക എന്നതാണ് പ്രധാനം. എന്നിരുന്നാലും, ആർത്തവാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്:
- വേണ്ടത്ര പോഷകാഹാരം: ഇരുമ്പ് സത്ത് (Iron), പ്രോട്ടീൻ, നല്ല കൊഴുപ്പുകൾ എന്നിവയടങ്ങിയ ഭക്ഷണത്തിന് മുൻഗണന നൽകുക.
- മാനസിക സമ്മർദ്ദം നിയന്ത്രിക്കാം: സ്ട്രെസ് പൂർണ്ണമായും ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും, അതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കാൻ ശീലിക്കുക.
- കൃത്യമായ ഉറക്കം: ഉറക്കത്തിന്റെ സമയം തെറ്റാതെ നോക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് അത്യാവശ്യമാണ്.
- വ്യായാമം: ശരീരത്തിന് ആശ്വാസം നൽകുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക. കഠിനമായ വ്യായാമങ്ങൾ ചെയ്ത് ശരീരം തളർത്താതിരിക്കാൻ ശ്രദ്ധിക്കണം.
- വിദഗ്ദ്ധ പരിശോധന: ബുദ്ധിമുട്ടുകൾ തുടരുകയാണെങ്കിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാകുക.
യഥാർത്ഥ കാരണം കണ്ടെത്തി ചികിൽസിക്കാതെ താൽക്കാലിക പരിഹാരവും സ്വയംചികിൽസയും തുടർന്നാൽ അതേറെ ദോഷം ചെയ്തേക്കാം.
സ്ത്രീശരീരത്തിന്റെ ഭാഷയാണ് ആർത്തവം. അത് ശ്രദ്ധിക്കാൻ സമയം കണ്ടെത്തുന്നത് പരമപ്രധാനമാണ് എന്ന ബോധ്യം ഉണ്ടാകണം.
മാറിച്ചിന്തിക്കാൻ സമയമായി
ആർത്തവത്തെ ബുദ്ധിമുട്ടായി കാണുന്നതിന് പകരം, നമ്മുടെ ശരീരം നൽകുന്ന ഹെൽത്ത് റിപ്പോർട്ടായി കണക്കാക്കാൻ തുടങ്ങാം.
വർഷങ്ങളോളം വേദന സഹിച്ച്, വൈകിയ വേളയിൽ ചികിൽസയെക്കുറിച്ച് അന്വേഷിക്കാതെ, അസ്വാഭാവികതകൾ കണ്ടുതുടങ്ങുമ്പോൾ തന്നെ വിദഗ്ധ നിർദ്ദേശം സ്വീകരിക്കാം.
പ്രഷറും ഷുഗറും പോലെ തന്നെ ആർത്തവാരോഗ്യത്തിനും വേണ്ടത്ര ഗൗരവം നൽകാം.
ആർത്തവത്തെ ശരീരത്തിന്റെ പ്രധാന ആരോഗ്യ സൂചകമായി കാണുമ്പോൾ, നമ്മൾ വേദന സഹിക്കുന്നവർ എന്ന നിലയിൽ നിന്ന് സ്വന്തം ശരീരത്തെക്കുറിച്ച് തിരിച്ചറിവുള്ളവർ എന്ന തലത്തിലേക്ക് മാറുന്നു. അനാവശ്യ സഹനത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക് നമ്മൾ ചുവടുവെയ്ക്കുന്നു.
നെല്ലിക്ക.ലൈഫിൻ്റെ സമീപനം
ആർത്തവാരോഗ്യം എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കണക്കാക്കേണ്ട കാര്യമല്ല; അത് നമ്മുടെ ജീവിതശൈലിയ്ക്കും പരസ്പരമുള്ള കരുതലിനും ഊന്നൽ നൽകുന്ന ആരോഗ്യ വിഷയമാണ്.
ആർത്തവചക്രം നൽകുന്ന സൂചനകൾ മനസ്സിലാക്കുന്നത് ശാരീരികവും മാനസികവുമായ സ്വാസ്ഥ്യത്തിന് കരുത്തു നൽകും.
ഈ ലേഖനം അറിവു പകർന്നെങ്കിൽ, ശാസ്ത്രീയമായ കൂടുതൽ ആരോഗ്യവിവരങ്ങൾക്കായി നെല്ലിക്ക.ലൈഫ് സന്ദർശിക്കൂ.




