മെഡിക്കൽ കോഡിംഗ്: ആരോഗ്യരംഗത്തെ അവിഭാജ്യഘടകം

മെഡിക്കൽ കോഡിംഗ്: ആരോഗ്യരംഗത്തെ അവിഭാജ്യഘടകം

നവീനകാല വൈദ്യശാസ്ത്ര മേഖലയിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് മെഡിക്കൽ കോഡിംഗ് (Medical Coding). രോഗിക്ക് നൽകുന്ന ചികിത്സയെയും രോഗവിവരങ്ങളെയും സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട കോഡുകളിലേക്ക് മാറ്റുന്ന പ്രക്രിയയാണിത്. ഇതിനെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം. 

എന്താണ് മെഡിക്കൽ കോഡിംഗ്?

ഡോക്ടറുടെ കുറിപ്പടികൾ, രോഗനിർണ്ണയവിവരങ്ങൾ (Diagnosis), ചികിത്സകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെ അക്കങ്ങളും അക്ഷരങ്ങളും ചേർന്ന ഒരു സാർവ്വത്രിക ഭാഷയിലേക്ക് (Universal Codes) മാറ്റുന്ന ജോലിയാണിത്. ക്ളിനിക്കൽ മേഖലയേയും ആരോഗ്യസേവനങ്ങളുടെ നടത്തിപ്പിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി മെഡിക്കൽ കോഡിംഗ് പ്രവർത്തിക്കുന്നു. 

പ്രധാനമായും മൂന്ന് തരം കോഡിംഗ് സംവിധാനങ്ങളാണ് ഉപയോഗത്തിലുള്ളത്:

  • ഐ സി ഡി (International Classification of Diseases): ലോകാരോഗ്യ സംഘടന (WHO) തയ്യാറാക്കിയ ഈ കോഡുകൾ രോഗനിർണ്ണയങ്ങൾക്കായി (Diagnoses) ഉപയോഗിക്കുന്നു.
  • സി പി ടി (Current Procedural Terminology): ഡോക്ടർമാരുടെ ചികിത്സാ രീതികൾക്കും സർജറികൾക്കും വേണ്ടിയുള്ള കോഡുകളാണിത്.
  • എച്ച് സി പി സി എസ് (Healthcare Common Procedure Coding System): മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ആംബുലൻസ് സർവീസുകൾ എന്നിവ രേഖപ്പെടുത്താൻ ഇത് ഉപയോഗിക്കുന്നു.

ഉദാഹരണത്തിന്,

ഒരു രോഗി ആശുപത്രിയിൽ വരുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള (Type 2 Diabetes) ചികിത്സയ്ക്കാണെന്ന് കരുതുക.

ഡോക്ടർ റിപ്പോർട്ടിൽ “Type 2 Diabetes” എന്ന് എഴുതുമ്പോൾ, ഒരു മെഡിക്കൽ കോഡർ അതിനെ E11.9 (ICD-10 Code) എന്നാക്കി മാറ്റുന്നു.

അതുപോലെ, മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് (Knee Replacement Surgery) അതിന്റേതായ പ്രത്യേക CPT കോഡ് ഉണ്ടായിരിക്കും. 

മെഡിക്കൽ കോഡിംഗിൻ്റെ പ്രാധാന്യം

1.ഇൻഷുറൻസും ബില്ലിംഗും (Insurance & Billing): ആശുപത്രികൾക്ക് അവർ നൽകുന്ന ചികിത്സയ്ക്ക് കൃത്യമായ തുക ഇൻഷുറൻസ് കമ്പനികളിൽ നിന്ന് വേഗത്തിൽ ലഭിക്കുന്നുണ്ട് എന്ന് മെഡിക്കൽ കോഡിംഗ് ഉറപ്പുവരുത്തുന്നു.

2.നിയമപരമായ സുരക്ഷ (Legal Compliance): ചികിത്സാ വിവരങ്ങൾ കൃത്യമായി കോഡുകൾ വഴി രേഖപ്പെടുത്തുന്നത് വഴി ആശുപത്രികൾക്കും ഡോക്ടർമാർക്കും നിയമപരമായ പ്രശ്നങ്ങളിൽ നിന്നും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.

3.പൊതുജനാരോഗ്യ നിരീക്ഷണം (Public Health Tracking): നാട്ടിൽ പടരുന്ന പകർച്ചവ്യാധികളെക്കുറിച്ചും ആരോഗ്യ പ്രവണതകളെക്കുറിച്ചും കൃത്യമായ കണക്കുകൾ സൂക്ഷിക്കാൻ സർക്കാരിനെ ഇത് സഹായിക്കുന്നു.

4.ഗവേഷണം (Medical Research): പുതിയ ചികിത്സാ രീതികളും മരുന്നുകളും വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ മെഡിക്കൽ കോഡുകൾ സഹായിക്കുന്നു.

പ്രവർത്തനഘട്ടങ്ങൾ

പ്രധാനമായും നാല് ഘട്ടങ്ങളാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നത്:

1: മെഡിക്കൽ റിപ്പോർട്ടുകൾ (Medical Documentation): രോഗിയുടെ ലക്ഷണങ്ങൾ, ഡോക്ടറുടെ നിഗമനങ്ങൾ, നൽകിയ ചികിത്സ എന്നിവ ഡോക്ടർ മെഡിക്കൽ റെക്കോർഡുകളിൽ രേഖപ്പെടുത്തുന്നു.

2: കോഡുകൾ നൽകൽ (Code Assignment): ഈ റിപ്പോർട്ടുകൾ പരിശോധിച്ച് മെഡിക്കൽ കോഡർമാർ അനുയോജ്യമായ ICD, CPT, HCPCS കോഡുകൾ നൽകുന്നു.

3: ക്ലെയിം സമർപ്പണം (Claim Submission): ഇങ്ങനെ തയ്യാറാക്കിയ കോഡുകൾ ഇൻഷുറൻസ് കമ്പനികൾക്ക് അയച്ചുകൊടുക്കുന്നു.

4: വിവരങ്ങളുടെ ഉപയോഗം (Data Use): ഈ വിവരങ്ങൾ പിന്നീട് ചികിത്സാ ചരിത്രം പരിശോധിക്കാനും ഗവേഷണങ്ങൾക്കും പൊതുജനാരോഗ്യ കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്നു.

ചുരുക്കത്തിൽ, ആരോഗ്യമേഖലയിലെ കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും വേണ്ട അവിഭാജ്യഘടകമായി മെഡിക്കൽ കോഡിംഗ് പ്രവർത്തിക്കുന്നു.

മികച്ച മെഡിക്കൽ കോഡർ ആകാൻ ആവശ്യമായ കഴിവുകൾ എന്തൊക്കെയാണെന്നും ഈ മേഖലയുടെ ഭാവി എന്താണെന്നും നമുക്ക് നോക്കാം.

മെഡിക്കൽ കോഡർ ആകാൻ വേണ്ട നിപുണതകൾ

  • സൂക്ഷ്മ ശ്രദ്ധ (Attention to Detail): ഒരു ചെറിയ അക്കം മാറിയാൽപ്പോലും ഇൻഷുറൻസ് ക്ലെയിമുകൾ നിഷേധിക്കപ്പെടാനോ നിയമപരമായ നൂലാമാലകൾക്കോ കാരണമാകും. അതിനാൽത്തന്നെ ഈ ജോലിക്ക് അതീവ ശ്രദ്ധ ആവശ്യമാണ്.
  • ആരോഗ്യവിജ്ഞാനം (Medical Knowledge): മനുഷ്യശരീരത്തിന്റെ ഘടന, പ്രവർത്തനങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ ഉണ്ടായിരിക്കണം.
  • കോഡിംഗ് സിസ്റ്റത്തിലുള്ള പ്രാവീണ്യം: ICD, CPT, HCPCS തുടങ്ങിയ കോഡിംഗ് രീതികളിൽ കൃത്യമായ അറിവുണ്ടായിരിക്കണം.
  • വിശകലന ശേഷി (Analytical Skills): ഡോക്ടർമാരുടെ കുറിപ്പുകൾ വായിച്ച് അവയെ പിഴവില്ലാതെ കോഡുകളിലേക്ക് മാറ്റാൻ നല്ല വിശകലന ശേഷി ആവശ്യമാണ്.
  • കമ്പ്യൂട്ടർ പരിജ്ഞാനം: മിക്ക ജോലികളും പ്രത്യേക സോഫ്റ്റ്‌വെയറുകൾ വഴിയായതിനാൽ കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്.

മെഡിക്കൽ കോഡിംഗിന്റെ അനന്തസാദ്ധ്യതകൾ

ഡിജിറ്റൽ ഹെൽത്ത് കെയറും ടെലിമെഡിസിനും വികസിച്ചതോടെ ഈ മേഖലയുടെ വളർച്ചയും വേഗത്തിലായി.

1. ആഗോളതലത്തിൽ വൻ ഡിമാൻഡ്

ആരോഗ്യമേഖല അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. യു എസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (U.S. Bureau of Labor Statistics)  പുറത്തുവിട്ട കണക്കുകൾ പ്രകാരം, മറ്റ് തൊഴിൽമേഖലകളേക്കാളൊക്കെ വേഗത്തിൽ മെഡിക്കൽ റെക്കോർഡ് സ്പെഷ്യലിസ്റ്റുകളുടെ തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

2. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം (Work-from-Home)

മെഡിക്കൽ കോഡിംഗിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. പല കമ്പനികളും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കാറുണ്ട് (Remote Work). ഇത് ജോലിയും ജീവിതവും സന്തുലിതമാക്കാൻ സഹായിക്കും.

ചുരുക്കത്തിൽ, ആരോഗ്യമേഖലയിൽ താല്പര്യമുള്ളവർക്കും എന്നാൽ ആശുപത്രിയിലെ തിരക്കുകളിൽ നിന്നും മാറി ശാന്തമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കരിയറാണിത്.

3. വൈവിധ്യമാർന്ന തൊഴിലിടങ്ങൾ

മെഡിക്കൽ കോഡർമാർക്ക് കേവലം ആശുപത്രികളിൽ മാത്രമല്ല, മറ്റു പല മേഖലകളിലും ജോലി ചെയ്യാൻ സാധിക്കും:

  • ആശുപത്രികളും ക്ലിനിക്കുകളും: വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും കോഡർമാരുടെ സേവനം അത്യാവശ്യമാണ്.
  • ഇൻഷുറൻസ് കമ്പനികൾ: ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ പരിശോധിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി ഇൻഷുറൻസ് കമ്പനികൾ കോഡർമാരെ നിയമിക്കുന്നു.
  • സർക്കാർ ആരോഗ്യ വകുപ്പുകൾ: പൊതുജനാരോഗ്യ വിവരങ്ങൾ വിശകലനം ചെയ്യാനും സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കാനും കോഡർമാരുടെ സഹായം ആവശ്യമാണ്.
  • മെഡിക്കൽ ബില്ലിംഗ് ഏജൻസികൾ: പല വിദേശ ആശുപത്രികൾക്കും വേണ്ടി നാട്ടിലിരുന്ന് ബില്ലിംഗ് ജോലികൾ ചെയ്തു നൽകുന്ന വലിയ ബിപിഒ (BPO) കമ്പനികൾ.
  • ഗവേഷണ സ്ഥാപനങ്ങൾ: പുതിയ മരുന്നുകളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾക്കായി വിവരശേഖരണത്തിനായി  ഇത്തരം സ്ഥാപനങ്ങൾ കോഡർമാരെ നിയമിക്കുന്നു.

4. അന്താരാഷ്ട്ര തൊഴിലവസരങ്ങൾ

മെഡിക്കൽ കോഡിംഗ്  സാർവ്വത്രിക ഭാഷയായതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിൽ ഇതിന് വൻ ഡിമാൻഡാണ്.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യു എ ഇ  തുടങ്ങിയ രാജ്യങ്ങളിൽ പ്രാവീണ്യമുള്ള മെഡിക്കൽ കോഡർമാർക്ക് നിരവധി തൊഴിലവസരങ്ങളുണ്ട്.

ICD-10-CM, CPT തുടങ്ങിയ അന്താരാഷ്ട്ര കോഡിംഗ് രീതികളിൽ വൈദഗ്ധ്യമുള്ളവർക്ക് ആകർഷകമായ ശമ്പളവും മികച്ച ജീവിതസാഹചര്യങ്ങളും ഈ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

5. കരിയറിലെ വളർച്ചാ സാദ്ധ്യതകൾ 

മെഡിക്കൽ കോഡിംഗിൽ പ്രവൃത്തിപരിചയം നേടുന്നതിലൂടെ താഴെ പറയുന്ന ഉയർന്ന പദവികളിലേക്ക് എത്താൻ സാധിക്കും:

  • മെഡിക്കൽ കോഡിംഗ് ഓഡിറ്റർ (Medical Coding Auditor): മറ്റ് കോഡർമാർ രേഖപ്പെടുത്തിയ വിവരങ്ങൾ കൃത്യമാണെന്നും നിയമപരമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്ന ചുമതലയാണിത്.
  • ഹെൽത്ത് ഇൻഫർമേഷൻ മാനേജർ (Health Information Manager): ഒരു സ്ഥാപനത്തിലെ രോഗികളുടെ മുഴുവൻ ചികിത്സാ രേഖകളും സുരക്ഷിതമായും കൃത്യതയോടെയും കൈകാര്യം ചെയ്യുന്ന സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കുന്നു.
  • മെഡിക്കൽ കോഡിംഗ് ട്രെയിനർ (Medical Coding Trainer): ഈ മേഖലയിലേക്ക് പുതുതായി വരുന്നവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഡിംഗ് രീതികളിൽ പരിശീലനം നൽകുന്ന ജോലി.
  • കംപ്ലയൻസ് ഓഫീസർ (Compliance Officer): ആരോഗ്യമേഖലയിലെ നിയമങ്ങളും ഇൻഷുറൻസ് മാനദണ്ഡങ്ങളും സ്ഥാപനം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഉത്തരവാദിത്തപ്പെട്ട ജോലിയാണിത്.

വെല്ലുവിളികൾ

നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും ഈ ജോലിയിൽ ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം:

  • നിരന്തര പഠനം: മെഡിക്കൽ കോഡിംഗ് രീതികളിൽ (ICD, CPT) വർഷംതോറും മാറ്റങ്ങൾ വരാറുണ്ട്. ഇതിനനുസൃതമായി,തുടർച്ചയായ പഠനം വേണ്ടിവരും. 
  • സമയക്രമം പാലിക്കൽ: കൃത്യത നിലനിർത്തിക്കൊണ്ടുതന്നെ നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ റിപ്പോർട്ടുകൾ പൂർത്തിയാക്കേണ്ടി വരുന്നത് മാനസിക സമ്മർദ്ദമുണ്ടാക്കാം.
  • അപൂർണ്ണമായ രേഖകൾ: ചില സന്ദർഭങ്ങളിൽ ഡോക്ടർമാർ നൽകുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അവ്യക്തമോ അപൂർണ്ണമോ ആയേക്കാം. അത്തരം സാഹചര്യങ്ങളിൽ കൃത്യമായ കോഡ് കണ്ടെത്തുക എന്നത് പ്രയാസകരമാകും.

പരിശീലനവും സർട്ടിഫിക്കേഷനും 

ഒരു അംഗീകൃത മെഡിക്കൽ കോഡർ ആകാൻ അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നത് ഏറെ ഗുണം ചെയ്യും:

  • AAPC (American Academy of Professional Coders): CPC , COC, CIC സർട്ടിഫിക്കേഷനുകൾ
  • AHIMA (American Health Information Management Association): CCS, CCA സർട്ടിഫിക്കേഷനുകൾ

ഇന്ത്യയിൽ മിക്ക പ്രമുഖ നഗരങ്ങളിലും ഓൺലൈൻ വഴിയും  പരിശീലനം ലഭിക്കുന്നതാണ്. ഇത് വിദേശ രാജ്യങ്ങളിൽ ജോലി നേടാൻ സഹായകമാകും.

ഇന്ത്യയിൽ ലഭിച്ചേക്കാവുന്ന വേതനം സംബന്ധിച്ച വിവരങ്ങൾ

തുടക്കക്കാർക്ക്

  • പ്രതിവർഷം: 1.8 ലക്ഷം മുതൽ 5 ലക്ഷം വരെ (പ്രതിമാസം ₹15,000–₹42,000)

മെഡിക്കൽ കോഡർമാർക്ക്

  • ഗ്ളാസ്ഡോർ (Glassdoor) നൽകിയിരിക്കുന്നതു പ്രകാരം: പ്രതിമാസം ₹16,000–₹32,000, അതായത്, മാസത്തിൽ ഏകദേശം ₹23,000

അംഗീകൃത മെഡിക്കൽ കോഡർമാർക്ക്

  • അടിസ്ഥാന ശമ്പളം പ്രതിമാസം ₹20,000–₹36,000; മാസശമ്പളം ആകെ ₹27,000

സീനിയർ മെഡിക്കൽ കോഡർമാർക്ക്

  • ഇൻഡീഡ് (Indeed) നൽകിയിരിക്കുന്നത് പ്രകാരം പ്രതിമാസം ഏകദേശം 

₹29,000 (വർഷം ₹3.5 ലക്ഷം)

പ്രവൃത്തിപരിചയം ഉള്ളവർക്കും മികച്ച അനുഭവസമ്പത്തുള്ളവർക്കും 

  • സ്വാസ(Swaasa) നൽകുന്ന വിവരമനുസരിച്ച്, പ്രതിമാസം ₹15,000–₹40,000
  • അംബീഷൻബോക്സ് (AmbitionBox) നൽകിയിരിക്കുന്ന വിവരമനുസരിച്ച്,

വാർഷിക വേതനം ₹2.7 ലക്ഷം മുതൽ ₹7.1 ലക്ഷം വരെ (ഏകദേശം ₹22,500 – ₹59,000 പ്രതിമാസം) 

വേതനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ

  • അംഗീകൃത സർട്ടിഫിക്കേഷനുകൾ: CPC (Certified Professional Coder) അല്ലെങ്കിൽ CCS പോലുള്ള അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക് താരതമ്യേന ഉയർന്ന ശമ്പളം ലഭിക്കുന്നു. 
  • ജോലി ചെയ്യുന്ന നഗരം: ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിൽ ശമ്പളം കൂടുതലായിരിക്കും.
  • സ്പെഷലൈസേഷൻ: സർജറി, കാർഡിയോളജി, റേഡിയോളജി തുടങ്ങിയ സങ്കീർണ്ണമായ മേഖലകളിൽ കോഡിംഗ് ചെയ്യാൻ വൈദഗ്ധ്യമുള്ളവർക്ക് പ്രത്യേക അലവൻസുകളും ഉയർന്ന ശമ്പളവും ലഭിക്കാറുണ്ട്.
  • സ്ഥാപനത്തിന്റെ രീതി : നേരിട്ട് ആശുപത്രികളിൽ ജോലി ചെയ്യുന്നതിനേക്കാൾ, വിദേശ ക്ലയന്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വലിയ ഐടി/ഔട്ട്സോഴ്സിംഗ് (Outsourcing) കമ്പനികൾ പലപ്പോഴും മികച്ച ശമ്പള പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു.

പ്രത്യക്ഷത്തിൽ പ്രകടമാകുന്ന തരം ജോലിയല്ലെങ്കിലും

മെഡിക്കൽ കോഡിംഗ് ആധുനിക ആരോഗ്യ ഭരണനിർവ്വഹണത്തിന്റെ ഒഴിച്ചുകൂടാാനാകാത്ത ഘടകമായി മാറിക്കഴിഞ്ഞു.

ആരോഗ്യരംഗത്തെ ഡേറ്റ ഡിജിറ്റലൈസ് ആകുന്നതിനനുസൃതമായി ലോകമെമ്പാടും വിദഗ്ധരായ കോഡർമാരുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

തുടക്കത്തിൽ മിതമായ ശമ്പളമാണെങ്കിലും, പരിചയസമ്പന്നർക്ക് ഇന്ത്യയിൽ പ്രതിവർഷം 6 – 7 ലക്ഷം രൂപ എളുപ്പത്തിൽ നേടാനാകുമെന്നതിൽ സംശയമില്ല. വൻനഗരങ്ങളിൽ ഇത് ഇനിയും കൂടാൻ സാധ്യതയുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നു.

കൃത്യമായ പരിശീലനവും സർട്ടിഫിക്കേഷനും ഉണ്ടെങ്കിൽ, ഇന്ത്യയിലും വിദേശത്തും മികച്ച കരിയറും  ഉയർന്ന ശമ്പളവും നേടാൻ  സാധിക്കും.

Related News

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആയുർവേദത്തിൽ ആരോഗ്യത്തിൻ്റെ അമൃതായി വിശേേഷിപ്പിക്കപ്പെടുന്ന അത്ഭുതഫലമാണ് നെല്ലിക്ക. പുരാതനകാലം മുതൽക്കേ പലതരത്തിൽ ആഹാരത്തിലും ഔഷധങ്ങളിലും നെല്ലിക്ക ഉപയോഗിച്ചു പോരുന്നുണ്ട്. ക്ഷീണമകറ്റാനും പ്രതിരോധശേഷി കൂട്ടാനുമുള്ള എളുപ്പവഴിയാണ് ഈ സൂപ്പർഫുഡ്....

ഏപ്രിൽ 20, 2026 11:26 pm
കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, കൂടാതെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചും ഡോ. മുരളി അപ്പുക്കുട്ടൻ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജൻ) നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു.

ഏപ്രിൽ 19, 2026 9:52 pm
ഇന്ന് ലോക ഹീമോഫീലിയ ദിനം

ഇന്ന് ലോക ഹീമോഫീലിയ ദിനം

നേരത്തെ തിരിച്ചറിയാം സങ്കീർണ്ണതകൾ ഒഴിവാക്കാം നമ്മൾ പലപ്പോഴും ശരീരം നൽകുന്ന രോഗസൂചനകളെ കാര്യമാക്കാറില്ല. ചെറിയ ജലദോഷം മുതൽ അർബുദം വരെയുള്ള അസുഖങ്ങളുടെ കാര്യം നോക്കിയാൽ ഇത് വാസ്തവമാണെന്നു...

ഏപ്രിൽ 17, 2026 12:00 pm
ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

വിചിത്രമെന്ന് തോന്നുമെങ്കിലും ഇവ തമ്മിൽ ബന്ധമുണ്ട് എന്നതാണ് സത്യം. നമ്മുടെ ജീവിതപരിസരങ്ങളിൽ സ്ഥിരം കാണുന്ന ഒരു കാഴ്ച്ചയിൽ നിന്ന് തന്നെ തുടങ്ങാം. നിങ്ങൾ ഒരു ദിവസം രാത്രി...

ഏപ്രിൽ 13, 2026 9:56 pm
Top
Subscribe