ഇടയ്ക്കിടെ തൊണ്ട ശരിയാക്കുന്നത് പ്രശ്നമാണോ?  ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം

ഇടയ്ക്കിടെ തൊണ്ട ശരിയാക്കുന്നത് പ്രശ്നമാണോ?  ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം

ഇടയ്ക്ക് എപ്പോഴെങ്കിലും തൊണ്ട ശരിയാക്കുക (throat clearing) എന്നത്  പൊതുവെ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയുന്നതിന് മുന്നോടിയായോ പ്രസംഗത്തിനിടയിലോ ഒക്കെ സ്വാഭാവികമായി അങ്ങനെ കണ്ഠശുദ്ധി വരുത്തുന്നത് വലിയ കാര്യമാക്കേണ്ട വിഷയമായി ആരും കണക്കാക്കാറില്ല. ചിലപ്പഴൊക്കെ അതൊരു ശീലമായിപ്പോലും തോന്നിയേക്കാം. പക്ഷെ, ഇത് ഇടയ്ക്കിടെ ആവർത്തിക്കുമ്പോൾ നമുക്ക് ആശങ്ക തോന്നും. തൊണ്ടയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതു കൊണ്ടാണോ ഇങ്ങനെ തോന്നുന്നതെന്ന സംശയമുണ്ടാകും. അണുബാധയാണോ അതോ സങ്കീർണ്ണമായ വല്ല ആരോഗ്യപ്രശ്നവുമാണോ എന്നും പേടി തോന്നാം.

ഇക്കാര്യത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില ഘടകങ്ങളുണ്ട്.. ഇടയ്ക്കിടെ തൊണ്ട ശരിയാക്കുന്നത് തനിയെ ഉണ്ടാകുന്ന ഒരു രോഗമല്ല. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കിൽ കൃത്യമായ ചികിത്സ നൽകാത്ത എന്തെങ്കിലും ഇ എൻ ടി (ENT) പ്രശ്നങ്ങളുടെയോ ദഹനസംബന്ധമായ ബുദ്ധിമുട്ടുകളുടെയോ ലക്ഷണമാകാമിത്. 

ഇതിൻെറ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും ഗൗരവമായി കാണേണ്ടതെപ്പോഴാണെന്നും നമുക്ക് നോക്കാം.

എന്താണ് കണ്ഠശുദ്ധി വരുത്തൽ അഥവാ ത്രോട്ട് ക്ലിയറിംഗ്

തൊണ്ടയിൽ തടസ്സമായി നിൽക്കുന്ന വസ്തുക്കളെ പുറന്തള്ളാൻ ശരീരം നടത്തുന്ന സ്വാഭാവിക പ്രതികരണമാണിത്. പ്രധാനമായും:

  • അമിതമായ കഫം (Excess mucus)
  • അസ്വസ്ഥതയുണ്ടാക്കുന്ന ഘടകങ്ങൾ (Irritants)
  • തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നു എന്ന തോന്നൽ

ഇപ്പറഞ്ഞ ഘട്ടങ്ങളിലാണ് അങ്ങനെ വേണ്ടിവരുന്നത്. എന്നാൽ അതൊരു ശീലമായി മാറിക്കഴിഞ്ഞാൽ,  ചാക്രിക ക്രമത്തിൽ ആവർത്തിക്കപ്പടുന്നു.

തൊണ്ടയിൽ അസ്വസ്ഥത ഉണ്ടാകുന്നു → നമ്മൾ തൊണ്ട ശരിയാക്കുന്നു → ഇത് തൊണ്ടയിൽ കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നു → വീണ്ടും തൊണ്ട ശരിയാക്കാൻ പ്രേരണയുണ്ടാകുന്നു.

തുടർച്ചയായി ഇത്തരത്തിൽ തൊണ്ട ശരിയാക്കുന്നത് മൂലം, ആദ്യമുണ്ടായിരുന്ന ചെറിയ പ്രശ്നം മാറിയാലും തൊണ്ടയുടെ സംവേദനക്ഷമത അഥവാ സെൻസിറ്റിവിറ്റി കൂടുകയും ഈ ശീലം നിർത്താൻ കഴിയാത്ത അവസ്ഥ വരികയും ചെയ്യുന്നു.

ഇടയ്ക്കിടെ തൊണ്ട ശരിയാക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങൾ

1. പോസ്റ്റ്-നേസൽ ഡ്രിപ്പ് (Post-Nasal Drip)

മൂക്കിലോ സൈനസുകളിലോ (Sinuses) ഉള്ള കഫം തൊണ്ടയുടെ പിന്നിലേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയാണിത്.

ഇത് പ്രധാനമായും:

  • അലർജി (Allergic rhinitis)
  • വിട്ടുമാറാത്ത സൈനസ് പ്രശ്നങ്ങൾ (Chronic sinusitis)
  • മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത് (Deviated nasal septum)
  • തണുത്ത കാറ്റോ മലിനീകരണമോ ഏൽക്കുന്നത്

എന്നീ കാരണങ്ങൾ കൊണ്ടുണ്ടാകാം.

പ്രധാന ലക്ഷണങ്ങൾ:

  • തൊണ്ടയിൽ കഫം പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നുക
  • ഉറക്കമുണരുന്ന സമയത്ത് കൂടുതലായി ബുദ്ധിമുട്ട് അനുഭവപ്പെടുക
  • ഇടയ്ക്കിടെ തുപ്പാനോ തൊണ്ട ശരിയാക്കാനോ ഉള്ള തോന്നൽ
  • പനി ഇല്ലാത്ത നേരിയ ചുമ

🔍 ഒരു കാര്യം ശ്രദ്ധിക്കുക: മൂക്കടപ്പ് പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാത്തതിനാൽത്തന്നെ പലപ്പോഴും പോസ്റ്റ് നേസൽ ഡ്രിപ്പ് ഉണ്ടെന്ന കാര്യം രോഗികൾ തിരിച്ചറിയാറില്ല.

2. സൈലന്റ് ആസിഡ് റിഫ്ലക്സ്  അഥവാ എൽ പി ആർ: നെഞ്ചെരിച്ചിൽ ഇല്ലാത്ത അസിഡിറ്റി

സാധാരണ അനുഭവപ്പെടുന്ന ആസിഡ് റിഫ്ലക്സിൽ (Acid Reflux) നിന്ന് വ്യത്യസ്തമായി, ഈയവസ്ഥയിൽ നെഞ്ചെരിച്ചിൽ ഉണ്ടാകില്ല. അതുകൊണ്ടാണ് ഇതിനെ ‘സൈലന്റ് റിഫ്ലക്സ്’ എന്ന് വിശേഷിപ്പിക്കുന്നത്.

എൽ പി ആറിൽ, ആസിഡ് ആവിയായി തൊണ്ടയിലേക്കും ശബ്ദനാളത്തിലേക്കും (Voice box) എത്തുന്നു. ഇത് താഴെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു:

  • എപ്പോഴും തൊണ്ട ശരിയാക്കാനുള്ള തോന്നൽ
  • ശബ്ദത്തിലുണ്ടാകുന്ന മാറ്റം അല്ലെങ്കിൽ പെട്ടെന്ന് ശബ്ദം അടഞ്ഞുപോകുക
  • വിട്ടുമാറാത്ത വരണ്ട ചുമ
  • തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലുള്ള അനുഭവം (Globus sensation)

ഇത് തിരിച്ചറിയാതിരിക്കാൻ കാരണം

നെഞ്ചെരിച്ചിൽ ഇല്ലാത്തതിനാൽത്തന്നെ, ഇത് ദഹനസംബന്ധമായ പ്രശ്നമാണെന്ന് പലർക്കും മനസ്സിലാകാറില്ല എന്നതാണ് സത്യം.

ഇതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ:

  • രാത്രി വൈകിയുള്ള ഭക്ഷണം
  • കാപ്പി, എരിവുള്ള ഭക്ഷണം, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം അമിതമാകുക
  • മാനസിക സമ്മർദ്ദം (Stress)
  • ആഹാരം കഴിച്ച ഉടനെ കിടക്കുന്ന ശീലം

3. അലർജികൾ

പുറമേയ്ക്ക് വലിയ ലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ പോലും അലർജി മൂലം വിട്ടുമാറാത്ത തൊണ്ടവേദനയോ അസ്വസ്ഥതയോ ഉണ്ടാകാം.

സാധാരണയായി അലർജിക്ക് കാരണമാകുന്നവ:

  • പൊടിപടലങ്ങൾ (Dust mites)
  • പൂമ്പൊടി (Pollen)
  • പൂപ്പൽ (Mold)
  • വളർത്തുമൃഗങ്ങളുടെ രോമവും ചർമ്മവും (Pet dander)

അലർജി മൂലമുള്ള തൊണ്ട ശരിയാക്കലിന്റെ പ്രത്യേകതകൾ:

  • കാലാവസ്ഥ മാറുന്നതിനനുസരിച്ച് ബുദ്ധിമുട്ട് കൂടുന്നു
  • പൊടിയോ മലിനീകരണമോ ഉള്ള സാഹചര്യങ്ങളിൽ പ്രശ്നം രൂക്ഷമാകുന്നു
  • അലർജിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ (Antihistamines) കഴിക്കുമ്പോൾ താൽക്കാലികാശ്വാസം ലഭിക്കുന്നു

ചില സന്ദർഭങ്ങളിൽ ‘നോൺ-അലർജിക് റൈനൈറ്റിസ്’ (യഥാർത്ഥ അലർജി ഇല്ലാതെ തന്നെ മൂക്കിലുണ്ടാകുന്ന സെൻസിറ്റിവിറ്റി) എന്ന അവസ്ഥയും ഇതേ ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്.

4. ശീലമായി മാറുന്ന സാഹചര്യം

ചിലപ്പോൾ തൊണ്ടയിലെ പ്രശ്നമെല്ലാം മാറിയാലും, തൊണ്ട ശരിയാക്കുന്ന ആ ശീലം മാത്രം മാറാറില്ല. 

പ്രധാനമായും അധ്യാപകർ, പ്രാസംഗികർ, ഗായകർ തുടങ്ങിയവരിലാണ് ഇത് കണ്ടുവരുന്നത്. അമിതമായ മാനസിക സമ്മർദ്ദമോ ഉത്കണ്ഠയോ അനുഭവപ്പെടുന്നവരിലും ഈ ശീലം മാറാതെ തുടരുന്നതായി കാണാറുണ്ട്.

കാലക്രമേണ, ഈ ശീലം, തൊണ്ടയിലെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നു.

ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് മൂലം ശബ്ദനാളിയിൽ അസ്വസ്ഥത ഉണ്ടാവുകയും കൂടുതൽ കഫം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ശബ്ദം ഉപയോഗിച്ചു ചെയ്യുന്ന ജോലികളിൽ ഏർപ്പെടുന്നവരിലാണ് ഈയൊരു പ്രവണത കൂടുതലായി കാണുന്നതെന്ന് സ്പീച്ച് തെറാപ്പിസ്റ്റുകൾ (Speech therapists) വ്യക്തമാക്കുന്നു.

5. തൊണ്ടയിലെ വരൾച്ചയും അന്തരീക്ഷ ഘടകങ്ങളും

തൊണ്ട ഉണങ്ങി വരണ്ടിരിക്കുമ്പോഴും അവിടെ കഫം ഇരിക്കുന്നത് പോലെ നമുക്ക് തോന്നാം. ഇത് മാറ്റാനായി നമ്മൾ ഇടയ്ക്കിടെ തൊണ്ട ശരിയാക്കാൻ ശ്രമിക്കും.

ഇതിലേക്ക് നയിക്കുന്ന പ്രധാന കാര്യങ്ങൾ:

  • നിർജലീകരണം
  • എ സി മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്
  • വായ് തുറന്ന് ശ്വസിക്കുന്നത് (Mouth breathing)
  • പുകവലി അല്ലെങ്കിൽ പുക ഏൽക്കുന്നത്
  • അമിതമായ അളവിൽ കാപ്പി കുടിക്കുന്നത്

ഇത്തരം സാഹചര്യങ്ങളിൽ തൊണ്ടയിൽ യഥാർത്ഥത്തിൽ കഫം ഉണ്ടായിരിക്കില്ല, വരൾച്ചയും അസ്വസ്ഥതയും മാത്രമായിരിക്കും നമുക്ക് അനുഭവപ്പെടുക.

മറ്റ് ചില കാരണങ്ങൾ

അത്ര സാധാരണമല്ലെങ്കിലും, വിട്ടുമാറാത്ത ഈ പ്രശ്നത്തിന് പിന്നിൽ താഴെ പറയുന്ന കാരണങ്ങളും ഉണ്ടാകാം:

  • ടോൺസിൽസ് (Tonsils) വീങ്ങിയിരിക്കുന്നത്
  • ശബ്ദനാളിയിലെ തടിപ്പുകൾ 
  • വിട്ടുമാറാത്ത ചുമ
  • ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം (ഉദാഹരണത്തിന് ബി പിക്ക് ഉപയോഗിക്കുന്ന ACE inhibitors)
  • മാനസിക സമ്മർദ്ദം മൂലം തൊണ്ടയിലെ പേശികൾ വലിഞ്ഞു മുറുകുന്നത്

ഈ ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

എപ്പോഴാണ് ഒരു ഇ എൻ ടി വിദഗ്ധനെ കാണേണ്ടത്?

തൊണ്ട ശരിയാക്കുന്നതിനോടൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി ഉണ്ടെങ്കിൽ അതൊരിക്കലും അവഗണിക്കരുത്:

  • മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശബ്ദമാറ്റം
  • ആഹാരമോ വെള്ളമോ ഇറക്കാനുള്ള ബുദ്ധിമുട്ട്
  • തൊണ്ടയിൽ വേദനയോ എരിച്ചിലോ അനുഭവപ്പെടുക
  • ഉമിനീരിൽ രക്തത്തിന്റെ അംശം കാണുക
  • ശരീരഭാരം പെട്ടെന്ന് കുറയുക
  • രാത്രികാലങ്ങളിൽ തൊണ്ടയിലെ ബുദ്ധിമുട്ട് കൂടുക

പ്രശ്നത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇ എൻ ടി ഡോക്ടർ നേസൽ എൻഡോസ്കോപ്പി (Nasal Endoscopy) അല്ലെങ്കിൽ ലാറിംഗോസ്കോപ്പി (Laryngoscopy) പോലുള്ള പരിശോധനകൾ നിർദ്ദേശിച്ചേക്കാം.

നമുക്ക് ചെയ്യാവുന്ന ലളിതമായ ചില കാര്യങ്ങൾ

ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ തന്നെ വലിയ ആശ്വാസം നേടാനാകും.

പോസ്റ്റ് നേസൽ ഡ്രിപ്പ് (Post-Nasal Drip) ഉണ്ടെങ്കിൽ:

  • ആവി പിടിക്കുക (Steam inhalation)
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം സലൈൻ നേസൽ സ്പ്രേകൾ ഉപയോഗിക്കുക
  • സൈനസ് അല്ലെങ്കിൽ അലർജി പ്രശ്നങ്ങൾക്ക് കൃത്യമായ ചികിത്സ തേടുക

സൈലന്റ് റിഫ്ലക്സ് (LPR) ഉണ്ടെങ്കിൽ:

  • ആഹാരം കഴിച്ച ഉടനെ കിടക്കാതിരിക്കുക (കുറഞ്ഞത് 2-3 മണിക്കൂർ കഴിഞ്ഞ ശേഷം കിടക്കാം)
  • എരിവുള്ളതും എണ്ണമയമുള്ളതും അസിഡിറ്റി ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക
  • ഉറങ്ങുമ്പോൾ തലഭാഗം അല്പം ഉയർത്തി വെച്ച് കിടക്കുക
  • കൂടുതൽ ഭക്ഷണം ഒന്നിച്ച് കഴിക്കാതെ ചെറിയ അളവിൽ പലപ്പോഴായി കഴിക്കുക

തൊണ്ട ശരിയാക്കുന്നത് ശീലമായി മാറിയവർക്ക്:

  • തൊണ്ട ശരിയാക്കാൻ തോന്നുമ്പോൾ അതിന് പകരം അല്പം വെള്ളം കുടിക്കുക
  • തൊണ്ടയിൽ സമ്മർദ്ദം ചെലുത്തി ക്ളിയർ ചെയ്യുന്നതിന് പകരം പതുക്കെ ഇറക്കി നോക്കുകയോ മൂളുകയോ (humming) ചെയ്യുക
  • ഈ ശീലത്തെക്കുറിച്ച് ബോധമുണ്ടാകുക, അത് നിയന്ത്രിക്കാൻ ശ്രമിക്കുക
  • ആവശ്യമെങ്കിൽ വോയ്‌സ് തെറാപ്പി ചെയ്യുക

തൊണ്ടയിലെ വരൾച്ച കുറയ്ക്കാൻ:

  • ധാരാളം വെള്ളം കുടിക്കുക
  • അന്തരീക്ഷത്തിലെ ഈർപ്പം നിലനിർത്താൻ ഹ്യുമിഡിഫയറുകൾ (Humidifiers) ഉപയോഗിക്കുക
  • കഫീൻ അടങ്ങിയ പാനീയങ്ങൾ കുറയ്ക്കുകയും പുകവലി ഒഴിവാക്കുകയും ചെയ്യുക

ഈ പ്രശ്നത്തെ അവഗണിക്കുന്നത് കൊണ്ട്, അത് തനിയെ മാറിക്കൊള്ളണമെന്നില്ല. ഇതിന്റെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നടത്തിയാൽ വലിയ ആശ്വാസം ലഭിക്കും. 

ചെറിയ ലക്ഷണങ്ങളെപ്പോലും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട് എന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു. കാരണം, തുടക്കത്തിലേയുള്ള തിരിച്ചറിവ് ഭാവിയിലെ വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.

Related News

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...

മെയ്‌ 18, 2026 10:55 pm
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച...

മെയ്‌ 18, 2026 10:51 pm
മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

റുമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു മഴക്കാലം തുടങ്ങുമ്പോൾ സന്ധിവാതപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ പലർക്കും വേദനയും കോച്ചിപ്പിടുത്തവും അസ്വസ്ഥതയും വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. മഴ പെയ്താൽ വേദനയുടെ സീസണായെന്ന്...

മെയ്‌ 18, 2026 10:46 pm
Top
Subscribe