കുഞ്ഞുങ്ങളെ കുരുക്കുന്ന ഡിജിറ്റൽ ലോകം : തിരിച്ചറിയാം  രക്ഷിതാക്കളുടെ പങ്ക്    

കുഞ്ഞുങ്ങളെ കുരുക്കുന്ന ഡിജിറ്റൽ ലോകം : തിരിച്ചറിയാം  രക്ഷിതാക്കളുടെ പങ്ക്    

കുട്ടികളിലെ ഓൺലൈൻ ആസക്തിയും ഡിജിറ്റൽ അടിമത്തവും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞുങ്ങൾ സ്ക്രീനുകൾക്ക് മുമ്പിൽ കീഴടങ്ങുന്നത് ഇന്നത്തെ പതിവുകാഴ്ച്ചയായി മാറിയിരിക്കുന്നു.

 സാങ്കേതികതയുടെ വേഗം കുഞ്ഞുവിരൽത്തുമ്പുകളിൽ മിന്നിമറയുമ്പോേൾ, പ്രത്യക്ഷത്തിൽ പ്രകടമാകാത്ത വലിയൊരപകടം പതിയിരിക്കുന്നത് നമ്മളിൽ പലർക്കും കാണാൻ കഴിയുന്നില്ല  എന്നതാണ് യാഥാർത്ഥ്യം. ഈ അപകടത്തിലേക്ക് കുട്ടികളെ നയിക്കുന്നതിൽ രക്ഷിതാക്കൾ പരോക്ഷ പങ്ക് വഹിക്കുന്നു എന്നത് ഗൌരവപൂർവ്വം തിരിച്ചറിയേണ്ട വിഷയം തന്നെയാണ്.

ഡിജിറ്റൽ അടിമത്തത്തിലേക്ക് കുഞ്ഞുങ്ങളെ വഴികാട്ടുന്നത് മാതാപിതാക്കൾ തന്നെയാണ് എന്നതിന് ഉദാഹരണങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും ബഹളം കൂട്ടാതെ  ഒരിടത്തിരുത്താനുമുള്ള ഉപാധിയായി സ്ക്രീനുകൾ ഉപയോഗിച്ചു തുടങ്ങുന്നത് രക്ഷിതാക്കൾ തന്നെയാണ്. കുഞ്ഞിനെ നോക്കാനുള്ള ആയയായി ഡിജിറ്റൽ ചതുരങ്ങളെ മാറ്റിയെടുക്കുന്നത് വാസ്തവത്തിൽ നമ്മൾ തന്നെയല്ലേ ?

എന്തിനും ഏതിനും ഡിജിറ്റൽ ചതുരം

ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുകയും അവർ ആ വർണ്ണലോകത്തെ അദ്ഭുതങ്ങളിലേക്ക് വഴുതി വീണ് അറിയാതെ വായ് തുറക്കുന്നത് മുതലാക്കി ആഹാരം നൽകുകയും ചെയ്യുക, വാശി പിടിക്കുന്ന കുട്ടികളുടെ ശ്രദ്ധ മാറ്റാൻ ഡിജിറ്റൽ ഉപകരണങ്ങൾ തന്നെ അവർക്ക് പകരമായ് നൽകുക, മാതാപിതാക്കൾ വിശ്രമിക്കുകയോ ജോലി ചെയ്യുകയോ ആവട്ടെ, കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ മുതിർന്നവർ കണ്ടെത്തുന്ന എളുപ്പമാർഗ്ഗം കുഞ്ഞുങ്ങളെ ഡിജിറ്റൽ ചതുരങ്ങളിലേക്ക് ഒതുക്കുക എന്നതാണ്. 

ആദ്യവർഷങ്ങൾ അതിനിർണ്ണായകം 

ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യ അഞ്ച് വർഷങ്ങൾ മസ്തിഷ്ക്ക വികാസത്തിൽ  ഏറെ നിർണ്ണായകമാണ് .  മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള ശേഷി , കണ്ടും കേട്ടും തൊട്ടറിഞ്ഞും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ്,  കണ്ണുകളിൽ നോക്കി ആത്മവിശ്വാസത്തോടെ ചിന്തകൾ പ്രകടിപ്പിക്കാനുള്ള പ്രാപ്തി, വൈകാരിക വളർച്ച – ഇവയെല്ലാം ആർജിച്ചെടുക്കുന്നത് അഞ്ച് വയസ്സെത്തും മുമ്പാണ്. ജനിച്ച് ആറുമാസം മുതൽക്കേ സ്ക്രീനിന്  മുമ്പിലെത്തുന്ന കുഞ്ഞിന് നഷ്ടമാകുന്നതും ബൌദ്ധികവും സാമൂഹികവുമായ ഇത്തരം പാഠങ്ങളാണ്.  രണ്ട് വയസ്സിൽ താഴെയുള്ള, കൂടുതൽ സമയം  സ്ക്രീൻ കണ്ടിരിക്കുന്ന കുഞ്ഞുങ്ങൾക്ക്, സ്കൂളിലെത്തുന്നതോടെ  ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് , സംസാരിക്കുന്നതിൽ കാലതാമസം, ഉറക്കപ്രശ്നങ്ങൾ എന്നിവ  അനുഭവപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

നാലിനും പത്തിനുമിടയിൽ 

കുഞ്ഞുന്നാൾ മുതൽക്കേ ഡിജിറ്റൽ കാഴ്ചകളിൽ തടവിലാക്കപ്പെടുന്ന കുട്ടിക്ക് ഏകദേശം നാല് വയസ്സാകുമ്പോഴേക്കും ഇൻറർനെറ്റ് ലഹരിയായി മാറിയിരിക്കും . കുഞ്ഞുങ്ങളുടെ  ‘ക്രിയാത്മകമായുള്ള  നേരമ്പോക്കിന് ’  രക്ഷിതാക്കൾ മൊബൈൽ ഫോണുകൾ അവർക്ക് കൈമാറും. എത്ര നേരം , ഏതെല്ലാം സൈറ്റുകൾ എന്നൊന്നും രക്ഷിതാക്കൾ ശ്രദ്ധിക്കുന്നുണ്ടാവില്ല. മുതിർന്നവരുടെ വലിയ ലോകത്തെ തിരക്കുകൾക്കും താൽപ്പര്യങ്ങൾക്കുമിടയിൽ, ഡിജിറ്റൽ ലോകമെന്ന കുഞ്ഞുചതുരം കയ്യിൽപ്പിടിച്ചിരിക്കുന്ന  കുട്ടിയുടെ  മനസ്സിൽ എന്താണ് സംഭവിക്കുന്നതന്ന് പലപ്പോഴും  അവർക്ക് തിരിച്ചറിയാനും കഴിയാറില്ല. 

നാലുവയസ്സിനും പത്തുവയസ്സിനും ഇടയ്ക്ക് പ്രായമുള്ള ഡിജിറ്റൽ ആസക്തിയുള്ള കുട്ടികൾ, വീടിന് പുറത്തിറങ്ങി കളിക്കാനും  മറ്റുള്ളവരുമായി ആശയവിനിമയം  നടത്താനും വിമുഖത  കാണിക്കുമെന്ന് മാത്രമല്ല. പരമാവധി സമയം സ്ക്രീനിന് മുമ്പിൽ ചെലവഴിക്കുന്നതിൽ സന്തോഷം  കണ്ടെത്തുകയും ചെയ്യും. മൊബൈൽ ഫോണോ കംപ്യൂട്ടറോ നൽകാതിരുന്നാൽ ഇവർക്ക്  അമിതമായി ദേഷ്യം വരും. കളികളിലോ, പുസ്തകങ്ങളിലോ താൽപ്പര്യമില്ലാതെ, ഭക്ഷണം കഴിക്കണമെങ്കിൽപ്പോലും  സ്ക്രീനില്ലാതെ പറ്റില്ല എന്ന അവസ്ഥയുമുണ്ടാകാം.

എളുപ്പത്തിൽ കാര്യം നടത്താൻ സ്ക്രീൻ എന്ന ഉപാധി 

ആവശ്യപ്പെടുന്ന കാര്യങ്ങൾ  കുട്ടികൾ വേഗത്തിൽ അനുസരിക്കാനുള്ള ഉപാധിയായി മാതാപിതാക്കൾ ഇൻറർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ‘ഹോംവർക്ക് ചെയ്തുതീർത്താൽ മൊബൈൽ  തരാം ‘, ‘ഭക്ഷണം കഴിച്ചുതീർത്താൽ ഇൻറർനെറ്റ് നോക്കാം ‘ തുടങ്ങിയ കണ്ടീഷനുകൾ  രക്ഷിതാക്കളിൽ നിന്ന് വരുന്നതോടെ, മറ്റുകാര്യങ്ങളെല്ലാം അപ്രസക്തമാണെന്നും ഡിജിറ്റൽ കാഴ്ച്ചകളാണ് പരമപ്രധാനമെന്നുമുള്ള ധാരണ കുട്ടികളിൽ രൂപപ്പെടും. ടാബ്ലെറ്റോ മൊബൈൽ ഫോണോ കംപ്യൂട്ടറോ നോക്കിയിരിക്കുന്ന കുട്ടി, അച്ചടക്കമുള്ള കുട്ടിയാണെന്ന ധാരണ മാതാപിതാക്കൾക്കും അവർ പോലുമറിയാതെ ഉണ്ടാകും. 

കൌമാരകാലത്തെ ഇൻറർനെറ്റ് അടിമത്തം

കുഞ്ഞുന്നാൾ മുതലേ ഇൻറർനെറ്റ് ഉപയോഗത്തിൽ ലഹരി കണ്ടെത്തുന്ന കുട്ടി, കൌമാരത്തിലേക്ക് കാലൂന്നുന്നതോടെ ഡിജിറ്റൽ ലോകത്തെ മുഴുവനായും ആശ്രയിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന രക്ഷിതാക്കൾ പിന്നീടുള്ള  സമയം ഏറെയും  മൊബൈലിൽ ചെലവഴിക്കുന്നത് കണ്ടു വളരുന്ന കുട്ടികൾ, അവരെ അനുകരിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ. വർഷങ്ങളായുള്ള ഡിജിറ്റൽ ഉപയോഗവും ആസക്തിയും നേരം കളയാൻ മറ്റൊരു മാർഗ്ഗവുമില്ലെന്ന ചിന്തയും കൂടിയാകുമ്പോൾ, കുട്ടികൾ ഉറങ്ങാത്ത സമയം മുഴുവൻ സ്ക്രീനിനു മുമ്പിലെത്തുന്ന രീതിയിലേക്ക് മാറുന്നു. 

ടീനേജും  ഡിജിറ്റൽ ആസക്തിയും  

സാമൂഹ്യ മാധ്യമങ്ങളിലേക്കും ഓൺലൈൻ ഗെയിമുകളിലേക്കും ചുരുങ്ങിപ്പോകുന്ന കൌമാരക്കാർക്ക്, സമൂഹത്തിൽ നേരിട്ട്  ഇടപഴകാനുള്ള താൽപ്പര്യം നഷ്ടമാകും. വൈകാതെ,  വൈകാരികമായും ഡിജിറ്റൽ ലോകത്തെ ആശ്രയിക്കുന്നവരായി ഈ കുട്ടികൾ മാറുന്നു.  ഇൻറർനെറ്റ് കാഴ്ച്ചകളിലെ ഹീറോകളുമായി  സ്വയം താരതമ്യം ചെയ്യുന്നതോടെ, കുട്ടികളിൽ അപകർഷതാബോധവും ഉൽക്കണ്ഠയും വിഷാദവും ഉടലെടുക്കും. രാവു പകലാക്കി ഇൻറർനെറ്റ് ഉപയോഗിക്കുന്നതിലൂടെ,ഏകാഗ്രതയില്ലായ്മ, ഉൻമേഷക്കുറവ് തുടങ്ങി, ശാരീരികമായും മാനസികമായും നിരവധി പ്രതിസന്ധികളിലൂടെ ഇവർക്ക് കടന്നുപോകേണ്ടി വരും. അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നവരിൽ ആത്മഹത്യാപ്രവണതയും കണ്ടുവരുന്നുണ്ട് .

ആദ്യ മാതൃക രക്ഷിതാക്കൾ തന്നെ

വീട്ടിലെ ജോലികൾ ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും വിശ്രമിക്കുമ്പോഴുമെല്ലാം മൊബൈൽ ഫോണിൽ വിരലോടിക്കുന്ന രക്ഷിതാക്കളെ അനുകരിച്ചാണ് കൊച്ചുകുഞ്ഞുങ്ങൾ ഡിജിറ്റൽ ലോകത്തെത്തിപ്പെടുക. സ്ക്രീൻ നോക്കുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ ആണെന്ന തോന്നൽ കുഞ്ഞുന്നാളിൽത്തന്നെ മനസ്സിലുറയ്ക്കും. വലുതാകുന്തോറും സ്ക്രീൻ ഒഴിവാക്കാനാകാത്ത കാര്യമായി മാറുന്നതിനുള്ള  പരോക്ഷ പിന്തുണ നൽകുന്നത്  മാതാപിതാക്കൾ തന്നെയാണെന്നു പറയുന്നതിലെ കാരണം ഇതാണ്. 

രക്ഷിതാക്കൾ അറിയാൻ

ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽത്തന്നെ അച്ഛനമ്മമാർക്ക് തങ്ങളുടെ പെരുമാറ്റരീതി  സ്വയം വിലയിരുത്താൻ സാധിക്കും. 

  • രാവിലെ ഉറക്കമുണർന്ന് അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ ഫോൺ നോക്കാറുണ്ടോ?
  • വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീൻ ഉപയോഗിക്കാറുണ്ടോ ?
  • ഡിജിറ്റൽ കാഴ്ച്ചകളില്ലാതെ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയുമോ?

സ്വയം ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തുമ്പോൾ സാങ്കേതികതയുടെ എത്ര  വലിയ വലയ്ക്കുള്ളിലാണ് നമ്മൾ കുരുങ്ങിക്കിടക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും.

അറിഞ്ഞുപയോഗിക്കാം

പുത്തൻ സാങ്കേതികതയുടെെ ലോകത്തുനിന്ന് മാറി സഞ്ചരിക്കാൻ നമുക്കാവില്ല. പക്ഷെ, ഉപയോഗം ആവശ്യത്തിന് മാത്രമായി ചുരുക്കാൻ ഉറപ്പായും നമുക്കോരോരുത്തർക്കും കഴിയും. ചുറ്റുമുള്ളവരെ നിരീക്ഷിച്ചാണ് കുട്ടികൾ ലോകത്തെ മനസ്സിലാക്കുന്നത്. അവിടെ  മുതിർന്നവർ സ്ക്രീൻ അമിതമായി  ഉപയോഗിക്കുന്നുണ്ടെങ്കിൽ , തീർച്ചയായും കുഞ്ഞുങ്ങളും അതേവഴിക്ക് സഞ്ചരിക്കും.

ശരിയായ വഴി കാട്ടാം

കുട്ടികൾക്ക് നേർവഴി കാണിച്ചു കൊടുക്കണമെങ്കിൽ, ആദ്യം രക്ഷിതാക്കൾ ആ വഴിയിൽ സഞ്ചരിക്കണം. ഓരോ ദിവസവും നമ്മൾ എങ്ങനെയാണ് സമയം ഉപയോഗിക്കുന്നത് എന്ന് സ്വയം നിരീക്ഷിച്ച്, വേണ്ട മാറ്റങ്ങൾ വരുത്തുക എന്നതാണ് ആദ്യപടി. 

 കുഞ്ഞുങ്ങൾക്ക് ക്രിയാത്മകമായി നേരം ചെലവഴിക്കാൻ പുസ്തകങ്ങൾ, കഥകൾ, സംഗീതം തുടങ്ങിയ മേഖലകൾ  തുറന്നുകൊടുക്കാം.

പരിധി നിശ്ചയിക്കാം

കുട്ടികൾ എത്രനേരം , എപ്പോഴൊക്കെ ഇൻറർനെറ്റിൽ ചെലവഴിക്കണം എന്നത് സംബന്ധിച്ച് കൃത്യമായ ഷെഡ്യൂൾ  വേണം. കാലത്ത് പഠിക്കാൻ പോകുന്നതു വരെയുള്ള സമയത്തും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുന്നതിന് മുമ്പുമൊന്നും സ്ക്രീൻ കാണേണ്ട എന്ന് തീരുമാനിക്കുന്നതിനൊപ്പം തന്നെ, ദിവസം എത്ര സമയം സ്ക്രീൻ ഉപയോഗിക്കാം എന്ന കാര്യത്തിലും കർശന നിയന്ത്രണം വേണം. 

കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഡിജിറ്റൽ ഉപയോഗം കുറയ്ക്കണം. മാത്രമല്ല, ദിവസവും ഒരു നിശ്ചിത സമയത്ത് കുടുംബാംഗങ്ങൾ  എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കാനും നേരം കണ്ടെത്തണം.

മറ്റു ഹോബികൾ കണ്ടത്താൻ സഹായിക്കാം

സംഗീതം നൃത്തം, വായന, പെയിൻറിംഗ് തുടങ്ങി , കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ഡിജിറ്റൽ ഇതര വിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടാം.

ഡിജിറ്റൽ അമിതോപയോഗം മൂലമുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായിത്തന്നെ പറഞ്ഞുകൊടുത്താൽ, രക്ഷിതാക്കൾ എന്തുകൊണ്ടാണ്  നിയന്ത്രണം ഏർപ്പടുത്തുന്നത് എന്ന് കുട്ടികൾക്ക്  മനസ്സിലാകും.  കുട്ടികളുടെ കിടപ്പുമുറികളിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കാം. 

കുഞ്ഞുങ്ങളെ പുറംലോകത്തെ പ്രതിസന്ധികളിൽ നിന്നു സംരക്ഷിക്കുക മാത്രമല്ല, അവരിൽ വൈകാരിക സ്വാശ്രയത്വം വളർത്തിയടുക്കുക എന്ന ഉത്തരവാദിത്തവും ഡിജിറ്റൽ കാലത്തെ പാരൻറിംഗിൽ ഉൾപ്പെടുന്നുണ്ട് എന്ന് രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. 

എന്തിനും ഏതിനും ഡിജിറ്റൽ ലോകത്ത് പരതുന്ന നമ്മൾ മുതിർന്നവർ മറക്കാതിരിക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട് – കുഞ്ഞുങ്ങളിലെ ഡിജിറ്റൽ അടിമത്തം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ വീട്ടിനുള്ളിൽത്തന്നെ നമുക്ക് കണ്ടെത്താനാകും, സാങ്കേതികതയെ കൂട്ടുപിടിക്കാതെ തന്നെ.സ്വതന്ത്രമായി വളരാൻ, കാര്യങ്ങൾ തിരിച്ചറിയാൻ, സമൂഹത്തെയും ലോകത്തത്തന്നെയും കണ്ടറിഞ്ഞു ജീവിക്കാൻ നമുക്ക് അവരെ പ്രാപ്തരാക്കാം. 

References :

  1. To grow up healthy, children need to sit less and play more
  2. New WHO guidance: Very limited daily screen time recommended for children under 5
  3. Social Media and Suicide Risk in Youth
  4. 10 Non-Tech Holiday Gift Ideas to Promote Kids’ Language & Learning

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe