മുഖക്കുരു, ഉത്കണ്ഠ, തളർച്ച…കാരണം ഹോർമോൺ വ്യതിയാനമാകാം

മുഖക്കുരു, ഉത്കണ്ഠ, തളർച്ച…കാരണം ഹോർമോൺ വ്യതിയാനമാകാം

ഹോർമോൺ മാറ്റങ്ങൾ യുവതികളെ  എങ്ങനെയെല്ലാം ബാധിക്കുന്നു?

ആർത്തവചക്രത്തിലെ താളപ്പിഴകളാണ് ഹോർമോൺ വ്യതിയാനങ്ങൾ(Hormonal Imbalance)   കാരണം സംഭവിക്കുന്ന ഒരേയൊരു പ്രശ്നമെന്നാണ് മിക്ക സ്ത്രീകളുടേയും  ധാരണ. ഹോർമോണുകൾ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം മാസമുറയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല.

നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം, മാനസികോൻമേഷം, ഊർജ്ജം, ശരീരഭാരം, ഉറക്കം, ദഹനം, ഏകാഗ്രത എന്നീ ഘടകങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ഹോർമോണുകളാണ്. ഹോർമോണുകളുടെ തോതിൽ ഏറ്റക്കുറച്ചലുണ്ടാകുമ്പോൾ, ആർത്തവത്തിൽ മാറ്റങ്ങൾ പ്രകടമാകുന്നതിന് വളരെ മുൻപ് തന്നെ നമ്മുടെ ശരീരം ചില സൂചനകൾ നൽകാൻ തുടങ്ങും.

ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് മാറ്റമുണ്ടാകില്ല

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അമിതമായ ഉത്കണ്ഠ തോന്നാം.

ശരീരഭാരത്തിൽ പൊടുന്നനെ മാറ്റങ്ങൾ വരാം

എപ്പോഴും തളർച്ച അനുഭവപ്പെടാം

നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലുള്ള മൂഡ് മാറ്റങ്ങൾ അലട്ടിയേക്കാം

ആന്തരിക തലത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് ശരീരം നൽകുന്ന സന്ദേശങ്ങളാണിതെല്ലാം. 

ഹോർമോണുകളെ തിരിച്ചറിയാം

നമ്മുടെ ശരീരത്തിലെ വിവിധ ഗ്രന്ഥികൾ (അണ്ഡാശയം, തൈറോയ്ഡ്, അഡ്രീനൽ, പിറ്റ്യൂട്ടറി തുടങ്ങിയവ) ഉത്പാദിപ്പിക്കുന്ന രാസ സന്ദേശവാഹകരാണ് ഹോർമോണുകൾ. ഒരു ഓർക്കസ്ട്രയെ നിയന്ത്രിക്കുന്ന സംഗീതജ്ഞനെപ്പോലെ ഇവ നമ്മുടെ ശരീരത്തിലെ ഓരോ പ്രവർത്തനത്തെയും ഏകോപിപ്പിക്കുന്നു.

യുവതികളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഹോർമോണുകൾ ഇവയാണ്:

  • ഈസ്ട്രജൻ (Estrogen)
  • പ്രൊജസ്ട്രോൺ (Progesterone)
  • ആൻഡ്രോജനുകൾ (ഉദാഹരണത്തിന് ടെസ്റ്റോസ്റ്റിറോൺ)
  • കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ)
  • തൈറോയ്ഡ് ഹോർമോണുകൾ (Thyroid hormones)
  • ഇൻസുലിൻ (Insulin)

ഈ ഹോർമോണുകൾ കൃത്യമായ അളവിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നതെങ്കിൽ നമ്മുടെ ശരീരം വളരെ സുഗമമായി പ്രവർത്തിക്കും. എന്നാൽ ഇവയുടെ താളം തെറ്റുമ്പോൾ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് പുറമെ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

മുഖക്കുരു: ചർമ്മപ്രശ്നം മാത്രമല്ല

ഹോർമോൺ വ്യതിയാനത്തിന്റെ ഏറ്റവും ആദ്യ ലക്ഷണങ്ങളിലൊന്നാണ് മുഖക്കുരു (Hormonal Acne).

കൗമാരപ്രായത്തിൽ കണ്ടുവരുന്ന മുഖക്കുരുവിൽ നിന്നും വ്യത്യസ്തമായി, യുവതികളിലുണ്ടാകുന്ന മുഖക്കുരുവിന്റെ പ്രത്യേകതകൾ:

  • താടിയെല്ല്, താടി, കവിൾ എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്നു
  • ആർത്തവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഇത് കൂടുന്നു
  • 20കളിലും 30കളിലും ഈ പ്രശ്നം വിട്ടുമാറാതെ തുടരുന്നു
  • ക്രീമുകളും ലേപനങ്ങളും മാത്രം പുരട്ടിയതുകൊണ്ട് ഇത് പൂർണ്ണമായി അപ്രത്യക്ഷമാകില്ല

ഇത്തരം മുഖക്കുരുവിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാകാം:

  • ആൻഡ്രോജൻ (Androgens) ഹോർമോണുകളുടെ അളവ് കൂടുന്നത്
  • ഇൻസുലിൻ റെസിസ്റ്റൻസ് (ശരീരത്തിന് ഗ്ലൂക്കോസിനെ ശരിയായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ)
  • പി സി ഒ എസ് (PCOS) പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ
  • കടുത്ത മാനസിക സമ്മർദ്ദം (Chronic Stress)

ചർമ്മത്തിന് പുറത്തു ചികിത്സിക്കുന്നതുകൊണ്ടു മാത്രം യഥാർത്ഥ പ്രശ്നം പരിഹരിക്കപ്പെടില്ല. മൂലകാരണം കണ്ടെത്തി ചികിൽസിക്കുകയാണ് വേണ്ടത്.  

മാനസികാവസ്ഥയിലെ മാറ്റങ്ങൾ

കാരണം വ്യക്തമല്ലാത്ത മാനസിക മാറ്റങ്ങളിലൂടെ പല യുവതികളും പലപ്പോഴും കടന്നുപോകാറുണ്ട്. പ മനസ്സ് നിയന്ത്രണത്തിലാക്കാൻ കഴിയാത്തത്  എന്തുകൊണ്ടാണെന്ന് അവർക്ക് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല:

  • പ്രത്യക്ഷത്തിൽ സമ്മർദ്ദമുണ്ടാക്കുന്ന കാരണങ്ങൾ ഒന്നുമില്ലെങ്കിലും തോന്നുന്ന ഉത്കണ്ഠ (Anxiety)
  • പെട്ടെന്നുണ്ടാകുന്ന ദേഷ്യം അല്ലെങ്കിൽ അസ്വസ്ഥത
  • നിസ്സാരകാര്യങ്ങൾക്ക് പോലും കരച്ചിൽ വരിക
  • ചെറിയ ജോലികൾ പോലും വലിയ ഭാരമായി തോന്നുക
  • ഒന്നിനോടും താൽപ്പര്യമില്ലാതാകുക അല്ലെങ്കിൽ വൈകാരിക ശൂന്യത അനുഭവപ്പെടുക

ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകൾ നമ്മുടെ മസ്തിഷ്ക്കത്തിലെ, സന്തോഷവും സമാധാനവും നൽകുന്ന സെറോടോണിൻ (Serotonin), ഡോപമിൻ (Dopamine) തുടങ്ങിയ രാസവസ്തുക്കളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ഹോർമോണുകളുടെ അളവിൽ മാറ്റമുണ്ടാകുമ്പോൾ:

  • വികാരങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു
  • സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ശേഷി കുറയുന്നു
  • ഉത്കണ്ഠ വർദ്ധിക്കുന്നു
  • ഉറക്കത്തിൽ താളപ്പിഴകളുണ്ടാകുന്നു

ഇത്തരം പ്രയാസങ്ങൾ, സെൻസിറ്റീവായതു കൊണ്ടു തോന്നുന്നതാകാം എന്നു കരുതരുത്; ശരീരത്തിലുണ്ടാകുന്ന ജൈവപരമായ മാറ്റങ്ങളോടുള്ള സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രമാണിവ.

വിശ്രമിച്ചാലും മാറാത്ത തളർച്ച

ഹോർമോൺ വ്യതിയാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു ലക്ഷണമാണ് വിട്ടുമാറാത്ത ക്ഷീണം.

ഇത്തരം തളർച്ചയ്ക്ക് കാരണമാകുന്ന ഹോർമോൺ പ്രശ്നങ്ങൾ:

  • തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാകുന്നത് 
  • അയേണിന്റെ അംശം കുറയുന്നത് 
  • വിറ്റാമിൻ ബി12ന്റെ അപര്യാപ്തത
  • കോർട്ടിസോൾ ഹോർമോണിന്റെ അളവിലുണ്ടാകുന്ന മാറ്റം 
  • ഇൻസുലിൻ റെസിസ്റ്റൻസ്

തിരക്കേറിയ ജീവിതശൈലി കാരണമാണ് എപ്പോഴുമിങ്ങനെ ക്ഷീണം എന്ന് തോന്നിയേക്കാം. എന്നാൽ ആവശ്യത്തിന് വിശ്രമിച്ചിട്ടും മാറാത്ത തളർച്ച ഉണ്ടെങ്കിൽ, അത് വെറും ക്ഷീണമല്ല. വൈദ്യസഹായം തേടേണ്ട അവസ്ഥയാണത്.


ശരീരഭാരത്തിലെ മാറ്റവും മാനസിക പ്രയാസവും

പല യുവതികൾക്കും ഭക്ഷണരീതിയിൽ മാറ്റം വരുത്താതെ തന്നെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്:

  • ഭക്ഷണക്രമം പഴയതുപോലെ തുടർന്നാലും ശരീരഭാരം കൂടുക
  • വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിയുക
  • എത്ര ശ്രമിച്ചാലും ശരീരഭാരം കുറയ്ക്കാൻ കഴിയാത്ത അവസ്ഥ
  • മധുരത്തോടോ മറ്റ് ഭക്ഷണങ്ങളോടോ തോന്നുന്ന അമിതമായ ഇഷ്ടം
  • പെട്ടെന്ന് ഊർജ്ജം ചോർന്നുപോകുന്ന അവസ്ഥ

ഉപാപചയ പ്രവർത്തനങ്ങളെ (Metabolism) ഹോർമോണുകൾ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം:

  • ഇൻസുലിൻ റെസിസ്റ്റൻസ്: കോശങ്ങൾക്ക് ഇൻസുലിനെ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുന്നത് കൊഴുപ്പ് കൂടാൻ കാരണമാകുന്നു
  • പേശികളുടെ ബലം കുറയുന്നത്: ഹോർമോൺ മാറ്റങ്ങൾ കാരണം മസിൽ മാസ് കുറയുന്നു.
  • കോർട്ടിസോൾ വർദ്ധിക്കുന്നത്: സ്ട്രെസ് ഹോർമോൺ കൂടുന്നത് വയറിൽ കൊഴുപ്പടിയാൻ കാരണമാകും
  • തൈറോയ്ഡ് ഹോർമോണിലെ വ്യതിയാനം: ഇത് മെറ്റബോളിസത്തെ സാവധാനത്തിലാക്കുന്നു

ഇച്ഛാശക്തിയുടെ കുറവുകൊണ്ടാണ് ഭാരം കുറയാത്തതെന്ന് സ്വയം കുറ്റപ്പെടുത്തുന്നത് മാനസിക വിഷമം വർദ്ധിപ്പിക്കുകയേ ഉള്ളൂ. യഥാർത്ഥത്തിൽ ഇത്, ശരീരത്തിനുള്ളിലെ ഹോർമോണുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നമാണ്.

ഉറക്കത്തിലെ അസ്വസ്ഥതകളും ഹോർമോണുകളും

നമ്മുടെ ഉറക്കത്തെയും ഉണർവ്വിനെയും നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾക്ക് വലിയ പങ്കുണ്ട്. ഇവയുടെ അളവിൽ മാറ്റം വരുമ്പോൾ ഉറക്കത്തിന്റെ താളം തെറ്റുന്നു:

  • ഉറക്കം വരാനുള്ള ബുദ്ധിമുട്ട്
  • രാത്രിയിൽ ഇടയ്ക്കിടെ ഉറക്കമുണരുക
  • അതിരാവിലെ തന്നെ ഉറക്കം നഷ്ടപ്പെടുക
  • എത്ര ഉറങ്ങിയാലും ഉറക്കം പോരാ എന്ന തോന്നൽ 

ഇതൊരു ചക്രം പോലെ തുടരുന്നു. ഹോർമോൺ വ്യതിയാനം കാരണം ഉറക്കം കുറയുന്നു, ഉറക്കം കുറയുന്നത് ഹോർമോൺ നില വീണ്ടും വഷളാക്കുന്നു.

പി സി ഒ എസ്: തിരിച്ചറിയപ്പെടാതെ പോകുന്ന അസുഖം

ഇന്ന് ഒട്ടേറെ യുവതികൾ പി സി ഒ എസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം മൂലം ബുദ്ധിമുട്ടുന്നുണ്ട്. പലപ്പോഴും വർഷങ്ങളോളം ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നു.

ആർത്തവത്തകരാർ മാത്രമല്ല പി സി ഒ എസ്സിൻ്റെ ലക്ഷണം. പ്രകടമാകുന്ന മറ്റു സൂചനകൾ:

  • വിട്ടുമാറാത്ത മുഖക്കുരു
  • മുഖത്തോ ശരീരത്തോ അമിതമായി രോമങ്ങൾ വളരുക
  • ശരീരഭാരം കൂടുക
  • ഉത്കണ്ഠയോ നിരാശയോ തോന്നുന്ന അവസ്ഥ
  • അമിതമായ തളർച്ച
  • ഏകാഗ്രതക്കുറവ്

ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾക്കുപരിയായി, ശരീരത്തിലെ ഹോർമോണുകളെയും ഉപാപചയ പ്രവർത്തനങ്ങളെയും (Metabolism) ബാധിക്കുന്ന ഒരവസ്ഥയാണ് പി സി ഒ എസ്.

അവഗണിക്കപ്പെടുമ്പോൾ അനുഭവപ്പെടുന്ന മാനസിക വിഷമം

“ഇതൊക്കെ സാധാരണമാണ്.”

“നിനക്ക് വെറുതെ തോന്നുന്നതാണ്, ഇത് വെറും സ്ട്രെസ് ആണ്.”

“പ്രായം കൂടുമ്പോൾ ഇതൊക്കെ താനേ മാറിക്കോളും.”

സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മറ്റുള്ളവരോട് പറയുമ്പോൾ പല യുവതികളും ഇത്തരം മറുപടികളാണ് കേൾക്കാറ്.

ഇത്തരത്തിൽ പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരം മറുപടികൾ കേൾക്കുന്നവരിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു:

  • സ്വയം സംശയം തോന്നിത്തുടങ്ങും
  • രോഗനിർണ്ണയം വൈകാനിടയാക്കും
  • കൃത്യമായ ചികിത്സ ലഭിക്കാത്തത് പ്രശ്നം സങ്കീർണ്ണമാകും
  • ആരും തന്നെ മനസ്സിലാക്കുന്നില്ല എന്ന തോന്നൽ അവരെ മാനസികമായി തളർത്തും

ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തുടക്കത്തിലേ തിരിച്ചറിയുകയും ശ്രദ്ധ നൽകുകയും  ചെയ്യുന്നത് ഭാവിയിലെ വലിയ പ്രയാസങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

എപ്പോഴാണ് ഹോർമോൺ വ്യതിയാനം ഉണ്ടെന്ന് സംശയിക്കേണ്ടത്?

താഴെ പറയുന്ന ലക്ഷണങ്ങൾ ഒരേസമയം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും:

  • മുഖക്കുരു നിരന്തരമായുണ്ടാകുക
  • ഇടയ്ക്കിടെയുണ്ടാകുന്ന മാനസിക മാറ്റങ്ങൾ അല്ലെങ്കിൽ ഉത്കണ്ഠ
  • ക്രമം തെറ്റിയതോ അമിതമായ വേദനയോടു കൂടിയോ ആർത്തവമുണ്ടാകുക
  • അകാരണമായി പൊടുന്നനെ ശരീരഭാരം വ്യത്യാസപ്പെടുക
  • എപ്പോഴും ക്ഷീണം
  • ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്ക തടസ്സങ്ങൾ

ഹോർമോൺ വ്യതിയാനം പരിശോധിക്കുന്നത് എങ്ങനെ?

ഏതെങ്കിലും ഒരു ടെസ്റ്റിലൂടെ മാത്രം  ഹോർമോൺ പ്രശ്നങ്ങൾ കണ്ടെത്താനാകില്ല.  ഇതിനായി താഴെ പറയുന്ന കാര്യങ്ങളും തിരിച്ചറിയേണ്ടതുണ്ട്:

  • ലക്ഷണങ്ങൾ മനസ്സിലാക്കുക
  • ആർത്തവ ക്രമം ശ്രദ്ധിക്കുക
  • രക്തപരിശോധന
  • ജീവിതശൈലി പരിശോധന

ഓരോ വ്യക്തിയുടെയും സാഹചര്യം കണക്കിലെടുത്തു മാത്രമേ കൃത്യമായ  നിഗമനത്തിലെത്താനും ചികിൽസ നിശ്ചയിക്കാനും കഴിയുകയുള്ളൂ.

നെല്ലിക്ക.ലൈഫിന് യുവതികളോട് പറയാനുള്ളത് 

ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് നിശ്ചയമില്ലാത്ത ഒരവസ്ഥയിലാണോ നിങ്ങൾ?

നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തവിധം തീവ്രമാകുന്നുണ്ടോ?

ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങളോ മൂഡ് മാറ്റങ്ങളോ എപ്പോഴും അനുഭവപ്പെടുന്ന തളർച്ചയോ വല്ലാതെ അലട്ടുന്നുണ്ടോ?

എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ…

ഹോർമോൺ വ്യതിയാനമുണ്ടാകുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല; ഉള്ളിലെന്തോ മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് ശരീരം തരുന്ന സൂചനയാണത്.

ഹോർമോണുകളെക്കുറിച്ച് നേരത്തെ മനസ്സിലാക്കുന്നത് ആരോഗ്യം സംരക്ഷിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും നല്ലൊരു ഭാവി കെട്ടിപ്പടുക്കാനും നിങ്ങളെ സഹായിക്കും.

ഓർക്കുക: ഹോർമോൺ വ്യതിയാനത്തെ ആർത്തവ പ്രശ്നം മാത്രമായി ചുരുക്കരുത്. ഓരോ ദിവസവും നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, ജീവിക്കുന്നു, പെരുമാറുന്നു എന്നതിൻ്റെയെല്ലാം ചുക്കാൻ പിടിക്കുന്നത് ഹോർമോണുകളാണ് എന്നു തിരിച്ചറിയുക. ആവശ്യമെങ്കിൽ വേണ്ട പരിശോധനകൾ നടത്തുക. ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അത് സഹായകമാകും.

Related News

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...

മെയ്‌ 18, 2026 10:55 pm
Top
Subscribe