ആദ്യാർത്തവം:പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആദ്യാർത്തവം:പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആദ്യമായി ഋതുമതിയാകുന്നത് പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയാത്ത കാര്യമാണ്. വളർച്ചയുടെ നിർണ്ണായക ഘട്ടം. ശാരീരിക മാനസിക പരിവർത്തനങ്ങളുടെ കാലം. കുട്ടിത്തം പൂർണ്ണമായും പിന്നിടാത്ത, എന്നാൽ മുതിർന്ന വ്യക്തിയിലേക്ക് എത്തപ്പെട്ടിട്ടില്ലാത്ത ഘട്ടം.

പല പെൺകുട്ടികൾക്കും ആദ്യത്തെ ആർത്തവം (Period) വളരെ അപ്രതീക്ഷിതമായിട്ടാകും കടന്നുവരുന്നത്. സ്കൂളിൽ വെച്ചോ, ഏതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴോ ഒക്കെയാകാം ഇത് ആദ്യമായി വരുന്നത്.

പെൺശരീരത്തിൽ നടക്കുന്ന തികച്ചും സ്വാഭാവികമായ ഒരു മാറ്റമായിരുന്നിട്ടും, ആർത്തവത്തെക്കുറിച്ച് സംസാരിക്കാൻ മിക്കവർക്കും മടിയാണ്. അനാവശ്യ ഭീതിയും തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്.

ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം, ആദ്യത്തെ ആർത്തവം എന്നത് കേവലം ഒരു ശാരീരിക മാറ്റം മാത്രമല്ല, വലിയൊരു മാനസിക പരിവർത്തനം കൂടിയാണത്. നമ്മുടെ ശരീരത്തിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കുന്നത്, പേടി മാറ്റി ആത്മവിശ്വാസം നേടാൻ സഹായിക്കും.

എന്താണ് ആർത്തവം?

ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കാത്ത പ്രായമാണെങ്കിലും, സമയാസമയങ്ങളിൽ ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നതിൻ്റെ ഭാഗമായി, ഏകദേശം പത്തു വയസ്സു പിന്നിട്ട ശേഷം പെൺകുട്ടികളിൽ ആർത്തവമുണ്ടാകുന്നു. ഭാവിയിൽ എപ്പോഴെങ്കിലും ഒരു കുഞ്ഞിനെ സ്വീകരിക്കാൻ ശരീരം നടത്തുന്ന തയ്യാറെടുപ്പിന്റെ ഭാഗമാണ് ആർത്തവം.

ഓരോ മാസവും ശരീരത്തിൽ നടക്കുന്നത്:

  • ശരീരത്തിലെ ഹോർമോണുകൾ ഗർഭപാത്രത്തിന് ഒരു സന്ദേശം നൽകുന്നു. ഇതനുസരിച്ച് ഗർഭപാത്രത്തിനുള്ളിൽ രക്തം കൊണ്ടും കോശങ്ങൾ കൊണ്ടും മൃദുവായ ഒരു പാളി (Lining) തയ്യാറാകുന്നു
  • ഒരു കുഞ്ഞ് വളരാൻ ആവശ്യമായ പോഷകങ്ങൾ നൽകാനാണ് ഈ പാളി ഒരുങ്ങുന്നത്
  • ഗർഭധാരണം നടക്കാത്ത പക്ഷം, തയ്യാറാക്കി വെച്ച ആ പാളിയുടെ ആവശ്യം ശരീരത്തിനില്ലാതെ വരുന്നു. തുടർന്ന് അത് രക്തത്തോടൊപ്പം പുറത്തേക്ക് പോകുന്നു. ഇതാണ് ആർത്തവം.

ഈ പ്രക്രിയയെ പ്രധാനമായും നിയന്ത്രിക്കുന്നത് ഈസ്ട്രജൻ, (Estrogen) പ്രൊജസ്റ്ററോൺ (Progesterone) എന്നീ  ഹോർമോണുകളാണ്:

കൗമാരക്കാരായ പെൺകുട്ടികളിൽ ഈ ഹോർമോണുകൾ ഒരുമിച്ച് പ്രവർത്തിക്കാൻ പഠിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ടാണ് ആദ്യകാലങ്ങളിൽ ആർത്തവം കൃത്യസമയത്ത് വരാത്തതും (Irregularity) ഇടവേളകളിൽ മാറ്റം വരുന്നതും. ഇത് തികച്ചും സ്വാഭാവികമാണ്.

ആർത്തവം സാധാരണയായി എപ്പോഴാണ് തുടങ്ങുക?

ഭൂരിഭാഗം പെൺകുട്ടികൾക്കും 9 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള പ്രായത്തിലാണ് ആദ്യത്തെ ആർത്തവം ഉണ്ടാകുന്നത്. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായതുകൊണ്ടുതന്നെ ഇതിലും വ്യത്യാസങ്ങളുണ്ടാകാം.

താഴെ പറയുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി ആർത്തവം നേരത്തെയോ വൈകിയോ വരാം:

  • പാരമ്പര്യം (Genetics)
  • ഭക്ഷണരീതി (Nutrition)
  • ശരീരഭാരം
  • ആരോഗ്യസ്ഥിതി
  • മാനസിക സമ്മർദ്ദം (Stress)

ആർത്തവം നേരത്തെ തുടങ്ങിയതുകൊണ്ടോ അല്പം വൈകിയതുകൊണ്ടോ നിങ്ങളുടെ ശരീരത്തിന് കുഴപ്പമൊന്നും സംഭവിക്കില്ല.

തുടക്കത്തിൽ ആർത്തവം ക്രമമല്ലാത്തതാകാൻ കാരണം?

ആദ്യത്തെ ആർത്തവം കഴിഞ്ഞ് ഒന്ന് രണ്ട് വർഷത്തോളം അത് കൃത്യമായ ഇടവേളകളിൽ വരണമെന്നില്ല. ഇത് പലരിലും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്.

ഈ ഘട്ടത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്:

  • ചില മാസങ്ങളിൽ ആർത്തവം വരാതിരിക്കാം
  • ആർത്തവ ചക്രത്തിന്റെ ദൈർഘ്യം കൂടുകയോ കുറയുകയോ ചെയ്യാം (ചിലപ്പോൾ 20 ദിവസം, ചിലപ്പോൾ 45 ദിവസം)
  • രക്തസ്രാവത്തിന്റെ അളവ് ചിലപ്പോൾ കുറവും ചിലപ്പോൾ കൂടുതലും ആയിരിക്കാം

ഇത് സംഭവിക്കുന്നത്:

  • അണ്ഡോത്പാദനം (Ovulation) എല്ലാ മാസവും നടക്കണമെന്നില്ല
  • ശരീരത്തിലെ ഹോർമോൺ സന്ദേശങ്ങൾ ശരിയായ രീതിയിൽ ക്രമീകരിക്കപ്പെട്ടു വരുന്നതേയുള്ളൂ
  • തലച്ചോറും അണ്ഡാശയവും (Ovary) തമ്മിലുള്ള ആശയവിനിമയം പക്വത പ്രാപിക്കാൻ കുറച്ച് സമയമെടുക്കും

തുടക്കത്തിലുള്ള ഈ ക്രമക്കേടുകൾ തികച്ചും സാധാരണമാണ്. ഇക്കാര്യമോർത്ത് വിഷമിക്കേണ്ടതില്ല.

ഏതാണ് സാധാരണമായ രീതി? എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടത്?

ആർത്തവസമയത്തെ മാറ്റങ്ങൾ മനസ്സിലാക്കുന്നത്, എപ്പോൾ സഹായം തേടണമെന്ന് തിരിച്ചറിയാൻ  സഹായിക്കും.

സാധാരണ രീതി (Normal):

  • ആർത്തവം 3 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കുന്നത്
  • സഹിക്കാവുന്ന രീതിയിലുള്ള വയറുവേദനയോ നടുവേദനയോ ഉണ്ടാകാം
  • ചെറിയ രക്തക്കട്ടകൾ (Clots) പോകുന്നത്
  • ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളിൽ അനുഭവപ്പെടുന്ന ചെറിയ തളർച്ച

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഇവ സാധാരണയല്ല:

  • രക്തസ്രാവം 7 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുക
  • ഓരോ 1-2 മണിക്കൂറിലും പാഡുകൾ മാറ്റേണ്ടി വരുന്ന രീതിയിലുള്ള അമിത രക്തസ്രാവം
  • സ്കൂളിൽ പോകാനോ ദൈനംദിന കാര്യങ്ങൾ ചെയ്യാനോ കഴിയാത്ത വിധത്തിലുള്ള കഠിനമായ വേദന
  • തലകറക്കമോ അമിതമായ തളർച്ചയോ അനുഭവപ്പെടുക
  • ഒരിക്കൽ തുടങ്ങിയ ശേഷം പിന്നീട് മാസങ്ങളോളം ആർത്തവം വരാതിരിക്കുക

ആർത്തവം എന്നത് നിശബ്ദമായി സഹിക്കേണ്ട ഒന്നല്ല. മുകളിൽ പറഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് മാതാപിതാക്കളോടോ അദ്ധ്യാപകരോടോ തുറന്നു പറയുകയും ഒരു ഡോക്ടറുടെ നിർദ്ദേശം തേടുകയും വേണം.

ആർത്തവ വേദന എന്തുകൊണ്ട്?

ഗർഭപാത്രത്തിന്റെ ഉൾപാളി പുറന്തള്ളുന്നതിനായി ഗർഭപാത്രത്തിലെ പേശികൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ആർത്തവസമയത്ത് വയറുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നത്.

കൗമാരക്കാരായ പെൺകുട്ടികളിൽ ഈ വേദന അല്പം കൂടുതലായി അനുഭവപ്പെടാൻ ചില കാരണങ്ങളുണ്ട്:

  • ഈ പ്രായത്തിൽ ഹോർമോണുകളുടെ അളവിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് വേദനയുടെ ആക്കം കൂട്ടാം
  • ഗർഭപാത്രം ഈ പ്രക്രിയയുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ
  • അമിതമായ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും വേദന കൂടുതൽ കഠിനമായി തോന്നാൻ കാരണമായേക്കാം

മിതമായ രീതിയിലുള്ള വേദന സാധാരണമാണ്. എന്നാൽ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള കഠിനമായ വേദന സ്വാഭാവികമാണെന്നു കരുതി അവഗണിക്കരുത്.

കഠിന വേദന ഉണ്ടെങ്കിൽ ഡോക്ടറെ കാണണം. കൃത്യമായ പരിശോധനയിലൂടെ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കും.

മാനസികാവസ്ഥയിലെ മാറ്റങ്ങളും വൈകാരിക ഉയർച്ചതാഴ്ചകളും

ആർത്തവത്തിന് മുന്നോടിയായും ആർത്തവ സമയത്തും പല പെൺകുട്ടികളും താഴെ പറയുന്ന മാറ്റങ്ങൾ അനുഭവിക്കാറുണ്ട്:

  • പെട്ടെന്ന് ദേഷ്യം വരിക
  • സങ്കടം വരിക, കരയാൻ തോന്നുക
  • അനാവശ്യമായ പേടിയോ ഉത്കണ്ഠയോ അനുഭവപ്പെടുക
  • കൂടുതൽ സെൻസിറ്റീവ് ആകുക

എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്? 

  • ഹോർമോൺ മാറ്റങ്ങൾ
  • ഉറക്കക്കുറവ്
  • ശാരീരിക ബുദ്ധിമുട്ടുകൾ
  • പുറത്തുപറയാനുള്ള മടിയും ലജ്ജയും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു

ആർത്തവം ശരീരത്തെ മാത്രമല്ല, മനസ്സിനെയും ബാധിക്കുന്ന കാര്യമാണ്. ഈ സമയത്തെ നമ്മുടെ വികാരങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നത്, അതൊരു സ്വാഭാവിക പ്രക്രിയയാണെന്ന് തിരിച്ചറിയാനും ഉള്ളിലെ പേടിയും നാണക്കേടും കുറയ്ക്കാനും സഹായിക്കും.

ഭക്ഷണകാര്യത്തിൽ വേണം പ്രത്യേക ശ്രദ്ധ

ആർത്തവസമയത്ത് നമ്മുടെ ശരീരത്തിന് സാധാരണ വേണ്ടതിനേക്കാൾ കൂടുതൽ പോഷകങ്ങൾ ആവശ്യമാണ്.

കൗമാരക്കാരായ പെൺകുട്ടികളിൽ ഈ സമയത്ത് രക്തക്കുറവ് (Iron deficiency/Anemia) ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 

ഇത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം:

  • അമിതമായ തളർച്ച
  • പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ
  • തലവേദനയും തലകറക്കവും
  • അമിതമായ മുടികൊഴിച്ചിൽ

ആർത്തവ ആരോഗ്യത്തിന് ആവശ്യമായ പ്രധാന ഘടകങ്ങൾ:

  • ഇരുമ്പ് സത്ത് (Iron): ഇലക്കറികൾ, ഈന്തപ്പഴം, പയർ വർഗ്ഗങ്ങൾ, മുട്ട എന്നിവയിൽ നിന്ന് ഇത് ലഭിക്കും
  • പ്രോട്ടീൻ
  • വൈറ്റമിൻ ബി12, ഡി
  • നല്ല കൊഴുപ്പുകൾ

ഈ പ്രായത്തിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും അമിതമായ ഡയറ്റിംഗ് നടത്തുന്നതും ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കാനേ ഇടയാക്കൂ.

ശുചിത്വവും ഉൽപ്പന്നങ്ങളും: മടി വേണ്ട, ശ്രദ്ധ വേണം

ആർത്തവ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഉൽപ്പന്നങ്ങളുടെ കാര്യമാണെങ്കിൽ, ഓരോരുത്തരുടെയും ശരീരപ്രകൃതത്തിനും താല്പര്യത്തിനും അനുയോജ്യമായത് തെരഞ്ഞെടുക്കാം:

  • പാഡുകൾ (Sanitary Pads)
  • ടാംപൂണുകൾ (Tampons)
  • മെൻസ്ട്രൽ കപ്പുകൾ (Menstrual Cups)
  • പീരിയഡ് അണ്ടർവെയർ (Period Underwear)

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • അണുബാധ ഒഴിവാക്കാൻ പാഡുകളോ മറ്റ് ഉൽപ്പന്നങ്ങളോ നിശ്ചിത സമയത്തിനുള്ളിൽ മാറ്റാൻ ശ്രദ്ധിക്കുക
  • ജനനേന്ദ്രിയ ഭാഗങ്ങൾ വൃത്തിയുള്ള വെള്ളം ഉപയോഗിച്ച് കഴുകുക
  • അസ്വസ്ഥതയുണ്ടാക്കുന്ന സെന്റഡ് പാഡുകൾ ഒഴിവാക്കുന്നതാണ് നല്ലത്

ആർത്തവത്തെ അറപ്പോടെ കാണേണ്ടതില്ല. നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രതിഫലനമാണത്.

തുടച്ചു മാറ്റേണ്ട തെറ്റിദ്ധാരണകൾ

ആർത്തവത്തെക്കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തിൽ ഒട്ടേറെ തെറ്റായ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതു പെൺകുട്ടികളിൽ പേടിയും നാണക്കേടും ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. അത്തരം ചില ധാരണകളും അവയുടെ യാഥാർത്ഥ്യവും താഴെ നൽകുന്നു:

  • “ആർത്തവം അശുദ്ധമാണ്”
  • “ആർത്തവസമയത്ത് വ്യായാമം ചെയ്യാൻ പാടില്ല”
  • “ചില ഭക്ഷണങ്ങൾ തൊടാനോ കഴിക്കാനോ പാടില്ല”
  • “വേദന സാധാരണമാണ്, അത് സഹിച്ചേ മതിയാകൂ”

ആരോഗ്യത്തിന്റെ കാര്യത്തിൽ പഴഞ്ചൊല്ലുകളെക്കാളും പാരമ്പര്യത്തെക്കാളും പ്രാധാന്യം നൽകേണ്ടത് ശാസ്ത്രീയമായ യാഥാർത്ഥ്യങ്ങൾക്കാണ്.

ഡോക്ടറെ കാണേണ്ടത് എപ്പോൾ?

ആർത്തവം സംബന്ധിച്ച ചില കാര്യങ്ങളിൽ വിദഗ്ധോപദേശം തേടുന്നത് ഭാവിയിലെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. 

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒരു ഡോക്ടറെ കാണുക:

  • കഠിനമായ വേദന
  • അമിത രക്തസ്രാവം
  • ദീർഘകാലത്തേക്ക് ആർത്തവം വരാതിരിക്കുക
  • നിരന്തരമായ തളർച്ച
  • ആർത്തവം മാനസികാരോഗ്യത്തെ ബാധിക്കുമ്പോൾ

ആദ്യമേയുള്ള കരുതൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ സഹായിക്കും.

മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും പങ്ക്

പല പെൺകുട്ടികളെ സംബന്ധിച്ചും വീട്ടിൽ ആർത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണ്.

മാതാപിതാക്കൾക്ക് താഴെ പറയുന്ന രീതിയിൽ അവരെ സഹായിക്കാം:

  •  ആർത്തവത്തെക്കുറിച്ച് വ്യക്തമായി മക്കളോട് സംസാരിക്കുക
  • ഇതു നാണക്കേടോ രഹസ്യമോ അല്ലെന്നും ശരീരത്തിന്റെ സ്വാഭാവിക മാറ്റമാണെന്നും അവരെ ബോധ്യപ്പെടുത്തുക
  • ഈ സമയത്തെ ശാരീരികവും മാനസികവുമായ മാറ്റങ്ങളിൽ അവർക്ക് താങ്ങായി നിൽക്കുക
  • അവശ്യ ഘട്ടങ്ങളിൽ മടി കൂടാതെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുക

കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്ന ഒരു പെൺകുട്ടിക്ക് ആർത്തവകാലത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കും.

കൗമാരക്കാരായ പെൺകുട്ടികൾക്ക് നെല്ലിക്ക.ലൈഫ് നൽകുന്ന സന്ദേശം

ശരീരത്തിൻ്റെ സ്വാഭാവികമായ വളർച്ചയുടെ ഭാഗം മാത്രമാണ് ആർത്തവം എന്ന് എല്ലാ പെൺകുട്ടികളും മനസ്സിലാക്കണം.

ആർത്തവം അശുദ്ധിയാണെന്നോ നാണക്കേടുളവാക്കുന്ന കാര്യമാണെന്നോ കരുതേണ്ട.

സംശയങ്ങൾ സങ്കോചം കൂടാതെ തുറന്നു ചോദിക്കുക. 

കഠിനമായ വേദനയും ബുദ്ധിമുട്ടുകളും നിശബ്ദമായി സഹിക്കേണ്ടതില്ല, അത് തുറന്നു പറയുക.

ആർത്തവാരോഗ്യത്തെക്കുറിച്ച് നേരത്തെ തന്നെ കൃത്യമായി മനസ്സിലാക്കുന്നത് ജീവിതകാലം മുഴുവൻ ആത്മവിശ്വാസത്തോടെയിരിക്കാൻ നിങ്ങളെ സഹായിക്കും.

ഓർക്കുക: ആർത്തവ ആരോഗ്യം വെറും ശാരീരിക പ്രക്രിയയല്ല. അത് നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കാനും മാറ്റങ്ങളെ തിരിച്ചറിയാനും സ്വയം സ്നേഹത്തോടെ പരിചരിക്കാനും പഠിക്കലാണ്.

ഓരോ പെൺകുട്ടിയും ആദ്യാർത്തവം മുതൽക്കേ കൃത്യമായ അവബോധവും ഭയം കൂടാതെ സംസാരിക്കാനുള്ള സാഹചര്യവും സ്നേഹപൂർവ്വമുള്ള പരിചരണവും അർഹിക്കുന്നുണ്ടെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.

Related News

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...

മെയ്‌ 18, 2026 10:55 pm
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച...

മെയ്‌ 18, 2026 10:51 pm
മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

റുമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു മഴക്കാലം തുടങ്ങുമ്പോൾ സന്ധിവാതപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ പലർക്കും വേദനയും കോച്ചിപ്പിടുത്തവും അസ്വസ്ഥതയും വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. മഴ പെയ്താൽ വേദനയുടെ സീസണായെന്ന്...

മെയ്‌ 18, 2026 10:46 pm
Top
Subscribe