ചെവിക്കായം കേൾവിയെ ബാധിക്കുമോ? ചെവി വൃത്തിയാക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ മനസ്സിലാക്കാം

ചെവിക്കായം കേൾവിയെ ബാധിക്കുമോ? ചെവി വൃത്തിയാക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ മനസ്സിലാക്കാം

നമ്മൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ അത് കൃത്യമായി കേൾക്കാതെ “എന്താണ് പറയുന്നത്” എന്ന് ആവർത്തിച്ചു ചോദിച്ചാൽ എന്ത് തോന്നും? ഇത്രകാലം എല്ലാം വ്യക്തമായി കേട്ടിരുന്നയാൾക്ക് എപ്പോഴിതെന്തുപറ്റി എന്നാവും മനസ്സിൽ ആദ്യമെത്തുന്ന ചോദ്യം. അല്ലേ? 

കേൾവിയെ ബാധിക്കുന്ന തരത്തിൽ  പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ,  പിന്നെ കേൾക്കുന്നതിൽ ഈ അവ്യക്തത വരാൻ എന്താവും കാരണം? ഇത്തരത്തിൽ സംശയം തോന്നുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ചെവിക്കായം (Earwax) അടിഞ്ഞുകൂടി കട്ടിയായിട്ടുണ്ടോ എന്നാണ്.  

ചെവിക്കായം കേൾവിക്ക് തടസ്സമാകുന്നത് പലപ്പോഴും നമ്മൾ അറിയാറില്ല. തികച്ചും സാധാരണമായ ഒരു കാര്യം തന്നെയാണിത്. പക്ഷെ വ്യക്തമായി കേൾക്കാൻ കഴിയാതെ വരുമ്പോൾ, പലരും ചെവിയിലെന്തോ വലിയ പ്രശ്നം സംഭവിച്ചിട്ടുണ്ട് എന്നുകരുതി പരിഭ്രമിക്കാറുണ്ട്. 

ചെവിയുടെ പ്രവർത്തനത്തെക്കറിച്ചും ചെവിക്കായം എങ്ങനെ കേൾവിയെ ബാധിക്കുമെന്നതിനെക്കുറിച്ചും മനസ്സിലാക്കിയാൻ, ഈ അനാവശ്യ പരിഭ്രമം നമുക്കൊഴിവാക്കാൻ കഴിയും.

ചെവിക്കായം കാതുകളെ എങ്ങനെ സംരക്ഷിക്കുന്നു?

ചെവിക്കായം—അല്ലെങ്കിൽ സെറൂമെൻ (cerumen) അഴുക്കല്ല. ചെവിയുടെ സുരക്ഷയ്ക്കായി നമ്മുടെ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു വസ്തുവാണത്. അതിൻ്റെ ധർമ്മങ്ങൾ ഇവയാണ്:

  • പൊടി, ബാക്ടീരിയ, മറ്റ് അഴുക്കുകൾ എന്നിവയെ തടഞ്ഞു നിർത്തുന്നു.
  • ചെവിക്കനാലിന് ഈർപ്പം നൽകി, വരൾച്ചയും ചൊറിച്ചിലും തടയുന്നു.
  • സ്വാഭാവിക ആൻ്റിബാക്ടീരിയൽ ഗുണങ്ങൾ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു.

ചെവികൾ സ്വാഭാവികമായിത്തന്നെ വൃത്തിയാക്കപ്പെടുന്നുണ്ട്. ചവയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും താടിയെല്ലിന്റെ ചലനങ്ങൾ ചെവിക്കായത്തെ പതിയെ പുറത്തേക്ക് തള്ളുകയും ഇത് അടർന്നു പുറത്തെത്തുകയും ചെയ്യുന്നു. 

ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വരുമ്പോൾ ചെവിക്കായം പ്രയാസം സൃഷ്ടിക്കാൻ തുടങ്ങും.

ചെവിക്കായം പ്രശ്നമായി മാറുന്നത് എപ്പോൾ?

ചിലപ്പോൾ, സ്വാഭാവികമായി പുറന്തള്ളാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ  

ചെവിക്കായം അടിഞ്ഞുകൂടാം.

ഇതിനുള്ള സാധാരണ കാരണങ്ങൾ ഇനിപ്പറയുന്നു:

  • കോട്ടൺ ബഡുകൾ (പഞ്ഞിത്തിരികൾ) അല്ലെങ്കിൽ ഇയർബഡുകൾ അമിതമായി ഉപയോഗിക്കുന്നത് (ഇവ ചെവിക്കായത്തെ ഉള്ളിലേക്ക് തള്ളിവിടുന്നു).
  • ശ്രവണസഹായികളോ (Hearing Aids) ഇയർഫോണുകളോ ദീർഘനേരം ഉപയോഗിക്കുന്നത്.
  • ചെവിക്കനാലിലെ അമിതമായ രോമവളർച്ച.
  • ചെവിക്കനാലിൻ്റെ ഘടന ഇടുങ്ങിയതോ വളഞ്ഞതോ ആയാൽ (ചിലർക്ക് ജന്മനാ തന്നെ ഇങ്ങനെയായിരിക്കും).
  • എക്സിമ അല്ലെങ്കിൽ സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾ.

കാലക്രമേണ ഇത് ഇംപാക്ഷൻ (Impaction) എന്ന അവസ്ഥയിലേക്ക് നയിക്കാം — അതായത്, ചെവിക്കനാലിനെ പൂർണ്ണമായി തടസ്സപ്പെടുത്തുന്ന, കട്ടിയുള്ള ഒരു  അടപ്പുപോലെ ചെവിക്കായം രൂപപ്പെടുന്നു.

കേൾവിക്കുറവ് പോലെ തോന്നിക്കുന്ന ലക്ഷണങ്ങൾ

ചെവിക്കായം മൂലമുള്ള തടസ്സം താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടാക്കാം:

  • പെട്ടെന്നോ അല്ലെങ്കിൽ സാവധാനത്തിലോ കേൾവിക്കുറവ് അനുഭവപ്പെടുക (പ്രത്യേകിച്ച് ഒരു ചെവിയിൽ).
  • ചെവിക്കുള്ളിൽ കനം അല്ലെങ്കിൽ സമ്മർദ്ദം അനുഭവപ്പെടുക.
  • ടനൈറ്റിസ് (Tinnitus – ചെവിയിൽ മുഴങ്ങുന്നതോ മൂളുന്നതോ പോലുള്ള ശബ്ദങ്ങൾ)
  • കേൾവി അവ്യക്തമാകുക
  • ചൊറിച്ചിൽ, വേദന, അല്ലെങ്കിൽ തലകറക്കം.

ഈ ലക്ഷണങ്ങൾക്ക് കേൾവിക്കുറവിൻ്റെ ആദ്യ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ, പലരും ചെവിക്ക് ഗുരുതരമായ എന്തോ പ്രശ്നമുണ്ടെന്ന് തെറ്റിദ്ധരിക്കുന്നു.

ശാസ്ത്രം പറയുന്നത്: ചെവിക്കായം കേൾവിയെ എങ്ങനെ ബാധിക്കുന്നു

ശബ്ദതരംഗങ്ങൾ പുറംചെവി വഴി അകത്തേക്ക് കടന്ന് ചെവിയുടെ കനാലിലൂടെ കമ്പനങ്ങളായി (Vibrations) സഞ്ചരിച്ചാണ് കർണ്ണപടത്തിൽ (Eardrum) എത്തുന്നത്.

ചെവിക്കായം ഒരു അടപ്പുപോലെ കനാലിനെ തടസ്സപ്പെടുത്തുമ്പോൾ, ഈ കമ്പനങ്ങൾക്ക് കാര്യക്ഷമമായി കർണ്ണപടത്തിൽ എത്താൻ കഴിയാതെ വരുന്നു.

ദി ജേണൽ ഓഫ് ലാറിംഗോളജി & ഓട്ടോളജി എന്ന പ്രസിദ്ധീകരണത്തിൽ 2021 ൽ വന്ന ഒരു പഠനം പറയുന്നത്: കട്ടിയായി അടിഞ്ഞ ചെവിക്കായം (സെറൂമെൻ ഇംപാക്ഷൻ) കേൾവി 30–40 ഡെസിബെൽ വരെ കുറയ്ക്കാൻ കാരണമാകും, ഇത് സാധാരണ കേൾവിക്കുറവ് പോലെ തോന്നിപ്പിക്കുകയും ചെയ്യും.

ഈ തടസ്സം നീക്കം ചെയ്ത ഉടൻതന്നെ, കേൾവി പൂർവസ്ഥിതിയിലായതായി ചെവിക്കായം മാറ്റിയ ശേഷം മിക്കവരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

സ്ഥിരമായ കേൾവിക്കുറവ് എന്നനുമാനിക്കുന്നതിന് മുൻപ്, ചെവിക്കായം അടിഞ്ഞുകൂടുന്നത് പോലുള്ള, പരിഹരിക്കാൻ കഴിയുന്ന കാരണങ്ങൾ ആണോ പ്രശ്നമാകുന്നതെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

ചെവി വൃത്തിയാക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും

സുരക്ഷിതമായ മാർഗ്ഗങ്ങൾ

  • ചെവിക്കായം മൃദുവാക്കാൻ ഇയർ ഡ്രോപ്പുകൾ (ഒലിവ് ഓയിൽ, ഗ്ലിസറിൻ, അല്ലെങ്കിൽ കാർബമൈഡ് പെറോക്സൈഡ് പോലുള്ളവ) ഉപയോഗിക്കുക.
  • പ്രശ്നം തുടരുകയാണെങ്കിൽ, ചെവി കഴുകുന്നതിനോ (ഇറിഗേഷൻ) അല്ലെങ്കിൽ മൈക്രോസക്ഷൻ വഴി വൃത്തിയാക്കുന്നതിനോ ഒരു ഇ എൻ ടി ഡോക്ടറെയോ ഓഡിയോളജിസ്റ്റിനേയോ സമീപിക്കുക.
  • ചെവി ഈർപ്പരഹിതവും വൃത്തിയുള്ളതുമായി സൂക്ഷിക്കുക, അമിതശുചിത്വം ചിലപ്പോൾ ദോഷം ചെയ്തേക്കാം.

ഒഴിവാക്കേണ്ടവ (Don’ts)

  • കോട്ടൺ സ്വാബുകൾ (പഞ്ഞി ത്തിരികൾ), തീപ്പെട്ടിക്കോലുകൾ, ഹെയർ പിന്നുകൾ എന്നിവ ഉപയോഗിക്കരുത്.  ഇവ ചെവിക്കായത്തെ കൂടുതൽ ഉള്ളിലേക്ക് തള്ളുകയും കർണ്ണപടത്തിന് പരിക്കേൽപ്പിക്കുകയും ചെയ്തേക്കാം.
  • ഇയർ കാൻഡിലുകൾ (Ear Candles) —ഇവ സുരക്ഷിതമാണെന്ന്  തെളിയിക്കപ്പെട്ടിട്ടില്ല, പൊള്ളലോ കർണ്ണപടത്തിൽ സുഷിരങ്ങളോ ഉണ്ടാക്കിയേക്കാം. 
  • അമിതമായി വൃത്തിയാക്കരുത്. ചെവിക്ക് അണുബാധയിൽ നിന്നുള്ള സംരക്ഷണത്തിന് ചെവിക്കായം ആവശ്യമാണ്.

ഡോക്ടറെ കാണേണ്ടത് എപ്പോൾ?

താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒരു ആരോഗ്യ വിദഗ്ദ്ധനെ കാണുക:

  • കേൾവിക്കുറവോ ചെവിയിൽ കനം തൂങ്ങുന്ന പോലുള്ള തോന്നലോ തുടർച്ചയായി നിലനിൽക്കുന്നുവെങ്കിൽ.
  • ചെവിയിൽ വേദനയോ സ്രവമോ (Discharge) ഉണ്ടെങ്കിൽ.
  • ടനൈറ്റിസ് (മുഴക്കം) കുറവില്ലാതെ തുടരുന്നുവെങ്കിൽ.
  • തലകറക്കമോ ബാലൻസ് നഷ്ടമാകുന്ന അവസ്ഥയോ ഉണ്ടെങ്കിൽ.

ഡോക്ടർമാർക്ക് ഇറിഗേഷൻ (വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നത്), സക്ഷൻ (വലിച്ചെടുത്തു കളയുന്നത്), അല്ലെങ്കിൽ ക്യൂറെറ്റേജ് (ചെറിയ ഉപകരണത്തിൻറെ സഹായത്തോടെ മാറ്റുന്നത്) തുടങ്ങിയ രീതികളിലൂടെ ചെവിക്കായം സുരക്ഷിതമായി നീക്കം ചെയ്യാൻ കഴിയും. ഇത് വേഗത്തിലുള്ളതും വേദനാരഹിതവും മിക്കപ്പോഴും ഉടൻ തന്നെ ആശ്വാസം നൽകുന്നതുമായ പ്രക്രിയയാണ്.

വൃത്തിയാക്കലിന് ശേഷവും കേൾവിക്കുറവ് തുടരുകയാണെങ്കിൽ, ചെവിയുടെ ഉൾഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ ഡോക്ടർ കേൾവി പരിശോധന (ഓഡിയോഗ്രാം) നിർദ്ദേശിച്ചേക്കാം.

 ചെവിയുടെ ആരോഗ്യത്തിനായുള്ള നല്ല ശീലങ്ങൾ

  • ചെവിക്കനാലിലേക്ക് വസ്തുക്കൾ കടത്തുന്നത് ഒഴിവാക്കുക.
  • കുളിച്ച ശേഷം പുറംചെവി മാത്രം തുടയ്ക്കുക.
  • ഹിയറിംഗ് എയ്ഡുകളോ ഇയർബഡുകളോ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ, വർഷത്തിലൊരിക്കൽ ചെവിയുടെ പരിശോധന നടത്തുക.
  • വലിയ ശബ്ദത്തിൽ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് കുറയ്ക്കുക. ചെവിക്കായം അടിഞ്ഞുകൂടുന്നതിനോടൊപ്പം ഉച്ചത്തിലുള്ള ശബ്ദം കൂടിയാകുമ്പോൾ പ്രശ്നസാധ്യത ഇരട്ടിയാകും.

ചില സമയങ്ങളിൽ, കേൾവിക്കുറവ് പോലെ തോന്നുന്നത് സ്ഥായിയായ പ്രശ്നമായിരിക്കില്ല. ചെവിയുടെ സംരക്ഷണത്തിനായി സ്വാഭാവികമായുണ്ടാകുന്ന ചെവിക്കായം വേണ്ടതിൽക്കൂടുതൽ  നിലനിൽക്കുന്നതിൻ്റെ ഫലമായാകാം അത്.

ചെവിക്കായമെന്നത് നമ്മുടെ കേൾവി സംരക്ഷിച്ചു നിർത്താനുള്ള പ്രകൃതിദത്ത സംവിധാനമാണെന്നും അമിതമായി വൃത്തിയാക്കുന്നതിനേക്കാൾ, അതിൻ്റെ പ്രവർത്തനത്തെക്കുറിച്ചുള്ള അവബോധമാണ് വേണ്ടതെന്നും തിരിച്ചറിയണം.

ചെറിയ ശ്രദ്ധയും വിദഗ്ധ പരിചരണവും നമ്മുടെ ലോകത്തെ ശബ്ദവിസ്മയത്തെ വ്യക്തവും സ്ഫുടവും മനോഹരവുമായി നിലനിർത്തും.

References

  1. Roland, P. S., Smith, T. L., Schwartz, S. R., et al. (2017). Clinical Practice Guideline: Cerumen Impaction. Otolaryngology–Head and Neck Surgery, 156(1_suppl), S1–S29.
  2. Guest, J. F., & Greener, M. J. (2021). Impact of earwax impaction on hearing and quality of life. The Journal of Laryngology & Otology, 135(6), 503–510.
  3. American Academy of Otolaryngology–Head and Neck Surgery (AAO-HNS). Earwax (Cerumen Impaction): Patient Education.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe