ഡോ. മുത്തുലക്ഷ്മി റെഡ്ഡി:  ചരിത്രം തിരുത്തിക്കുറിച്ച പെൺപൊരുൾ

ഡോ. മുത്തുലക്ഷ്മി റെഡ്ഡി:  ചരിത്രം തിരുത്തിക്കുറിച്ച പെൺപൊരുൾ

സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറിയ അപൂർവ്വ വ്യക്തിത്വമാണ് ഡോ.മുത്തുലക്ഷ്മി റെഡ്ഡി. കാലങ്ങളായി ചോദ്യങ്ങളേതു മുയർത്താതെ സമൂഹം  നിശബ്ദം പിന്തുടർന്നുപോന്ന മാമൂലുകളെ ദുർഘടപാതയിലൂടെ യാത്ര ചെയ്ത് മാറ്റിമറിച്ച ധീരവനിത. നെഞ്ചിൽ നിശ്ചയദാർഢ്യത്തിൻ്റെ തീക്കനൽ പേറുമ്പോഴും അലിവിൻ്റെ ആർദ്രത കൈവിടാതെ കാത്തുപോന്ന പെൺകരുത്ത്. ഡോ. മുത്തുലക്ഷ്മി എന്ന വിശിഷ്ട വ്യക്തിത്വത്തെ  ചെറിയ വിശേഷണങ്ങളിൽ ഒതുക്കിനിർത്താനാവില്ല.

1886ലായിരുന്നു അവരുടെ ജനനം. സ്ത്രീകളുടെ ലോകം വീടിന്റെ ഉമ്മറപ്പടിയിൽ അവസാനിക്കണമെന്ന് സമൂഹം നിഷ്കർഷിച്ചിരുന്ന കാലമായിരുന്നു അത്. എന്നാൽ ആ അതിരുകൾക്കപ്പുറത്തേക്ക് നടന്നുപോകാൻ മുത്തുലക്ഷ്മി തീരുമാനിച്ചു. ആ പാത സുഗമമായതുകൊണ്ടല്ല, മാറ്റങ്ങൾ അനിവാര്യമാണെന്ന് ബോധ്യമുള്ളതുകൊണ്ടായിരുന്നു അത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായി മാറുക എന്നത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം; മരുന്നുകൾക്ക് മാത്രം സുഖപ്പെടുത്താനാകാത്ത, സമൂഹം പേറുന്ന ആഴ്ന്നിറങ്ങിയ മുറിവുകളെ ഉണക്കുക എന്നതുകൂടിയായിരുന്നു.

പരമ്പരാഗത ചിട്ടവട്ടങ്ങൾ കൂറ്റൻ മതിലുകൾ തീർത്തിരുന്ന ഒരു സമൂഹത്തിലാണ് അവർ വളർന്നത്. അനീതികളുടെ നീരാളിക്കൈകൾ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ എത്രത്തോളം വരിഞ്ഞുമുറുക്കുന്നു എന്ന് അവർ നേരത്തെ തന്നെ മനസ്സിലാക്കി. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ നന്നേ വിരളമായിരുന്നു; വലിയ ലക്ഷ്യങ്ങൾ സ്വപ്നം കാണുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല; നിശബ്ദമായി എല്ലാം അനുസരിക്കുക എന്നതായിരുന്നു സ്ത്രീലക്ഷണമെന്നും കരുതിപ്പോന്നിരുന്നു.

സമൂഹം സൃഷ്ടിച്ച പ്രതിബന്ധങ്ങളുടെ മതിൽക്കെട്ടിനകത്തു കഴിയുമ്പോഴും ആ കൊച്ചുപെൺകുട്ടിയുടെ ഉള്ളിൽ ഒരു നിശബ്ദ വിപ്ലവം തുടിക്കുന്നുണ്ടായിരുന്നു. ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നത് വിധിയല്ലെന്നും നിശ്ചയദാർഢ്യമുണ്ടെങ്കിൽ മാറ്റങ്ങൾ സാധ്യമാണെന്നുമുള്ള ഉറച്ച വിശ്വാസം അവൾക്കുണ്ടായിരുന്നു.

മദ്രാസ് മെഡിക്കൽ കോളേജിലേക്ക് കാലുകുത്തുമ്പോൾ, അതുവരെ ഭാരതത്തിലെ ഒരു വനിതയും ചെന്നെത്തിയിട്ടില്ലാത്ത  ലോകത്തേക്കായിരുന്നു അവർ ചുവടുവെച്ചത്. പഠനകാലത്ത് ഒറ്റപ്പെടലുകളും കടുത്ത എതിർപ്പുകളും അവർക്ക് നേരിടേണ്ടി വന്നു. സ്ഥാപനങ്ങളിൽ നിന്നു മാത്രമല്ല, ഇടുങ്ങിയ ചിന്താഗതിയാണ് ഏറ്റവും മികച്ചത് എന്നു കരുതിപ്പോന്ന സമൂഹത്തിൽ നിന്നും. എന്നിട്ടും അവർ പതറാതെ, സധൈര്യം  മുന്നോട്ട് നീങ്ങി. 1912ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ മെഡിക്കൽ ബിരുദധാരിയായി അവർ ചരിത്രം കുറിച്ചു. ആ നേട്ടത്തിനു പിന്നാലെ ഡോ. മുത്തുലക്ഷ്മി നടത്തിയ പ്രവർത്തനങ്ങളോരോന്നും ചരിത്രത്തിൽ ഇടം പിടിച്ചു എന്നതാണ് യാഥാർത്ഥ്യം. 

ഡോ. മുത്തുലക്ഷ്മി റെഡ്ഡിയെ സംബന്ധിച്ചിടത്തോളം, വൈദ്യശാസ്ത്രം എന്നത് മരുന്നുകളിലോ ശസ്ത്രക്രിയകളിലോ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ദാരിദ്ര്യവും അടിച്ചമർത്തലും അവഗണനയുമാണ് പലപ്പോഴും രോഗങ്ങളായി ജനങ്ങളെ കാർന്നുതിന്നുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ, രോഗമുക്തിക്ക് ചികിത്സാ വൈദഗ്ധ്യം മാത്രം പോരാ, അതിനായി നിലകൊള്ളാനുള്ള ആർജ്ജവം കൂടി വേണമെന്ന് അവർ ശഠിച്ചു.

വൈകാതെ തന്നെ അവരുടെ പ്രവർത്തനങ്ങൾ ആശുപത്രിയുടെ പുറത്തേക്കും വ്യാപിച്ചു. ദേവദാസി സമ്പ്രദായത്തിനും ബാലവിവാഹത്തിനും സ്ത്രീ ചൂഷണങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച ഒരു സാമൂഹിക പരിഷ്കർത്താവായി അവർ മാറി. പ്രതികരിക്കുന്നവർക്ക് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്ന ആ കാലഘട്ടത്തിലും അവർ തന്റെ ശബ്ദം ഉയർത്തി— സൗമ്യമായി, അചഞ്ചലമായി. ദൃഢചിത്തതയുടേയും അറിവിന്റെയും കരുണയുടെയും ഉൾക്കരുത്ത് ആ വാക്കുകൾക്കുണ്ടായിരുന്നു.

1927ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാംഗമായി അവർ ചുമതലയേറ്റു. നയരൂപീകരണത്തിലൂടെയും നിരന്തരമായ ഇടപെടലുകളിലൂടെയും തലമുറകളായി അവഗണിക്കപ്പെട്ട സ്ത്രീകൾക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കാൻ അവർ പ്രയത്നിച്ചു. കഷ്ടപ്പാടുകൾ അനുഭവിച്ച ശേഷം ചികിത്സിക്കുന്നതിനേക്കാൾ, ആ കഷ്ടപ്പാടുകൾക്ക് കാരണമാകുന്ന സാഹചര്യങ്ങൾ മാറ്റിയെടുക്കുന്നതാണ് യഥാർത്ഥ രോഗശാന്തി എന്ന് അവർ വിശ്വസിച്ചു.

ഡോ.മുത്തുലക്ഷ്മിയുടെ നിരന്തരമായ പ്രയത്നഫലമായാണ് ചെന്നൈയിലെ അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് രൂപം കൊണ്ടത്. ലോകത്തെ ഏറ്റവും മികച്ച അർബുദചികിൽസാകേന്ദ്രമായി ഇന്നും അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തലയുയർത്തി നിൽക്കുന്നു. കാൻസർ ബാധിച്ച എല്ലാ വ്യക്തികൾക്കും, അനുകമ്പാപൂർവ്വമുള്ള ചികിൽസ ലഭ്യമാക്കണമെന്ന ദീർഘവീക്ഷണത്തോടെയാണ് അവർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. വിമൻസ് ഇന്ത്യ അസോസിയേഷൻ്റെ സഹകരണത്തോടെ എളിയ രീതിയിൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ലക്ഷക്കണക്കിന് രോഗികൾക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്നു. ജീവൻ്റെ മൂല്യം നിശ്ചയിക്കുന്നതിൽ, സമ്പത്തോ പദവിയോ പശ്ചാത്തലമോ മാനദണ്ഡമാകരുതെന്ന് അവർ അടിയുറച്ചു വിശ്വസിച്ചു. ഓരോ ജീവനും ഒരുപോലെ വിലപ്പെട്ടതാണെന്നും.

ഡോ. മുത്തുലക്ഷ്മി റെഡ്ഡി ഒരിക്കലും അംഗീകാരങ്ങൾ തേടിപ്പോയിരുന്നില്ല; അവർ തേടിയത് നീതിയായിരുന്നു. സമൂഹത്തിൽ ചവിട്ടിമെതിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനാണ് അവർ പോരാടിയത്.

സ്ത്രീകൾ എല്ലാ ദുരിതങ്ങളും നിശബ്ദമായി സഹിക്കണമെന്ന അലിഖിതനിയമം നിലനിന്നിരുന്ന ഒരു ലോകത്താണ് ഡോ. മുത്തുലക്ഷ്മി റെഡ്ഡി ജീവിച്ചിരുന്നത്. തലമുറകളായി ഊട്ടിയുറപ്പിക്കപ്പെട്ടിരുന്ന മാമൂലുകൾക്ക് വഴങ്ങുന്നതിന് പകരം, വസ്തുതകള വിവേകത്തോടെ സമീപിക്കാനും അക്ഷീണം പ്രവർത്തിക്കാനുമാണ് അവർ തീരുമാനിച്ചത്. ആരവങ്ങളുടെ കോലാഹലമല്ല, നിശബ്ദമായ നിശ്ചയദാർഢ്യമാണ് അവർക്ക് കരുത്തുപകർന്നത്. 

സ്ത്രീ പുരുഷ സമത്വവും എല്ലാവർക്കും തുല്യാവകാശവും ചർച്ചകൾക്ക് വിഷയമാകുന്ന വർത്തമാനകാല സമൂഹത്തിൽ, ഡോ.മുത്തുലക്ഷ്മി റെഡ്ഡിയുടെ ജീവിതം നമുക്കു മുന്നിൽ ചില പ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്:

നമ്മുടെ വിദ്യാഭ്യാസത്തെ മറ്റുള്ളവരുടെ നന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാം?

പരമ്പരാഗത ധാരണകളും മാനവികതയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണം?

സഹാനുഭൂതിയുടെ പ്രതിഫലനമായി ധീരതയെ മാറ്റിയെടുക്കാൻ നമുക്കാകുമോ ?

ഈ ചോദ്യങ്ങൾക്ക്, സ്വജീവിതത്തിലൂടെ സാർത്ഥകമായ ഉത്തരങ്ങൾ നൽകിയ വ്യക്തിയാണ് ഡോ. മുത്തുലക്ഷ്മി റെഡ്ഡി.

ആർജിച്ചെടുത്ത അറിവുകളും അവകാശങ്ങളും ലോക നൻമയ്ക്കായി സമർപ്പിച്ച വ്യക്തി. 

സമൂഹത്തിൽ ആഴത്തിൽ വേരോടിയിരുന്ന അസമത്വങ്ങൾക്ക് പ്രവൃത്തി കൊണ്ടുത്തരം നൽകിയ വ്യക്തി.

നിയമം, വിദ്യാഭ്യാസം, സഹാനുഭൂതി എന്നിവയെല്ലാം ചികിത്സയുടെ വിവിധ രൂപങ്ങളാണെന്ന് അവർ നമ്മെ പഠിപ്പിച്ചു. മനസ്സാക്ഷിയുടെ പാത പിന്തുടരുന്ന, ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്ക് വരുംതലമുറയുടെ ഭാവി തന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന് അവരുടെ ജീവിതം തെളിയിക്കുന്നു.

സമൂഹനൻമയ്ക്കായി ജീവിതം കൊണ്ടു പൊരുതുന്ന അപൂർവ്വം ചില ഡോക്ടർമാരുണ്ട്. അങ്ങനെയൊരു വ്യക്തിയായിരുന്നു ഡോ. മുത്തുലക്ഷ്മി റെഡ്ഡി.

References

  1. The Incredible Story of India’s Revolutionary Feminist: Dr. Muthulakshmi Reddy (1886–1968)
  2. How Muthulakshmi Reddy became British India’s first woman legislator and Madras Presidency’s first woman doctor

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe