കുഞ്ഞിന് ഓട്ടിസം ഉണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ആദ്യകാല ലക്ഷണങ്ങൾ

കുഞ്ഞിന് ഓട്ടിസം ഉണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ആദ്യകാല ലക്ഷണങ്ങൾ

കുട്ടികളുടെ ആശയവിനിമയം, സാമൂഹിക ഇടപെടലുകൾ, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന നാഡീവികാസവുമായി ബന്ധപ്പെട്ട അവസ്ഥയാണ് ഓട്ടിസം. ഈ അവസ്ഥയിലുള്ള  ഓരോ കുട്ടിയും പ്രകടിപ്പിക്കുന്ന കഴിവുകളും നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും. അതിനാൽത്തന്നെ, ഓട്ടിസത്തെ  ഒരു ശ്രേണിയിൽ അഥവാ സ്പെക്ട്രത്തിൽ  (Spectrum) ഉൾപ്പെടുത്തിയാണ് വിശേഷിപ്പിക്കുന്നത്. 

ചില കുഞ്ഞുങ്ങൾക്ക് ചില പ്രത്യേക കാര്യങ്ങളിൽ വലിയ കഴിവുകൾ ഉണ്ടാകാം, അതേസമയം മറ്റുചില കാര്യങ്ങളിൽ അവർക്ക് പരസഹായം ആവശ്യമായി വരും. കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നത് കൊണ്ട് മാത്രം അവർക്ക് ഓട്ടിസം ഉണ്ടെന്ന് ഉറപ്പിക്കാനാവില്ല. എങ്കിലും, വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, വിദഗ്ദ്ധ പരിശോധന നടത്തുന്നത് ഏറെ നല്ലതാണ്.

എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD)?

എ എസ് ഡി ഒരു രോഗമല്ല. തലച്ചോറിന്റെ വളർച്ചയിലുണ്ടാകുന്ന വ്യത്യാസങ്ങൾ മൂലം സംഭവിക്കുന്ന ഒരവസ്ഥയാണിത്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രത്യേക ശാരീരിക-മാനസിക അവസ്ഥ. പ്രധാനമായും മൂന്ന് മേഖലകളിലാണ് ഇത് മാറ്റങ്ങൾ വരുത്തുന്നത്:

  • സാമൂഹിക ഇടപെടലുകൾ: മറ്റുള്ളവരുമായി ഇടപഴകുന്നതിലും സംസാരിക്കുന്നതിലുമുള്ള വ്യത്യാസങ്ങൾ.
  • പെരുമാറ്റവും താൽപ്പര്യങ്ങളും: ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ച് ചെയ്യുകയോ ചില പ്രത്യേക കാര്യങ്ങളിൽ മാത്രം അമിത താൽപ്പര്യം കാണിക്കുകയോ ചെയ്യുക.
  • ഇന്ദ്രിയാനുഭവങ്ങൾ (Sensory Processing): ശബ്ദം, വെളിച്ചം, സ്പർശനം എന്നിവയോട് സാധാരണയിൽ കവിഞ്ഞോ കുറഞ്ഞോ ഉള്ള രീതിയിൽ പ്രതികരിക്കുക.

ഓട്ടിസം ബാധിച്ച കുട്ടികൾ അവരുടെ സമപ്രായക്കാരിൽ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും കാര്യങ്ങൾ പഠിക്കുന്നതും മറ്റുള്ളവരോട് സംസാരിക്കുന്നതും. ഓട്ടിസം പകരുന്ന അസുഖമല്ല. ഇതിന് കൃത്യമായ ഒരു കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും, ജനിതക ഘടകങ്ങളും (Genetics) തലച്ചോറിന്റെ ആദ്യകാല വളർച്ചയുമാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെയുള്ള തിരിച്ചറിയേണ്ടത് സുപ്രധാനം

ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ പൊതുവെ കുഞ്ഞുങ്ങളിൽ ജനിച്ച് ആദ്യ വർഷങ്ങളിൽത്തന്നെ പ്രകടമാകാറുണ്ട്. സാധാരണയായി ഒരു വയസ്സിനും രണ്ട് വയസ്സിനുമിടയിലാകും ഇത്തരം മാറ്റങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഓട്ടിസം എത്ര നേരത്തെ തിരിച്ചറിയുന്നുവോ, അത്രയും വേഗത്തിൽ കുട്ടിയുടെ വളർച്ചയ്ക്ക് ആവശ്യമായ സ്പീച്ച് തെറാപ്പി അല്ലെങ്കിൽ ബിഹേവിയറൽ തെറാപ്പി പോലുള്ള സഹായക’ ചികിൽസ നൽകാൻ സാധിക്കും.

ആദ്യകാല ലക്ഷണങ്ങൾ: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

കുട്ടികളിലെ വളർച്ചാ ഘട്ടങ്ങളെക്കുറിച്ച്  സി ഡി സിയും എൻ എച്ച് എസും (CDC, NHS) നൽകുന്ന നിർദ്ദേശങ്ങൾ താഴെ പറയുന്നു. ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണം കണ്ടതുകൊണ്ട് മാത്രം കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന് ഉറപ്പിക്കാനാകില്ല. ഒന്നിലധികം ലക്ഷണങ്ങൾ ഒരുമിച്ച് ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ദ്ധ പരിശോധന നടത്തുന്നത് ഉചിതമാകും.

1. സാമൂഹിക ഇടപെടലിലെയും ആശയവിനിമയത്തിലെയും മാറ്റങ്ങൾ

ഓട്ടിസം ഉള്ള കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകുന്നതിൽ താഴെ പറയുന്ന ബുദ്ധിമുട്ടുകൾ കാണിച്ചേക്കാം:

  • കണ്ണിൽ നോക്കാതിരിക്കുക: സംസാരിക്കുമ്പോഴോ ഭക്ഷണം നൽകുമ്പോഴോ കണ്ണുകളിൽ നോക്കുന്നതിൽ താൽപ്പര്യക്കുറവ് കാണിക്കുകയോ മുഖഭാവങ്ങളോട് പ്രതികരിക്കാതിരിക്കുകയോ ചെയ്യുക.
  • പേര് വിളിച്ചാൽ ശ്രദ്ധിക്കാതിരിക്കുക: ഏകദേശം 9 മുതൽ 12 മാസം വരെയുള്ള പ്രായത്തിലും പേര് വിളിക്കുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കുക.
  • ആംഗ്യങ്ങൾ കുറവ്: ടാറ്റാ പറയുകയോ അല്ലെങ്കിൽ എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട് വിരൽ ചൂണ്ടിക്കാണിക്കുകയോ (Pointing) ചെയ്യാതിരിക്കുക.
  • താൽപ്പര്യങ്ങൾ പങ്കുവെയ്ക്കാതിരിക്കുക: തനിക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടം മറ്റുള്ളവരെ കാണിക്കാനോ പങ്കുവെയ്ക്കാനോ താൽപ്പര്യമില്ലായ്മ കാണിക്കുക.
  • കളികളിലെ വ്യത്യാസം: ഒളിച്ചുകളി (Peek-a-boo) പോലുള്ള ലളിതമായ കളികളിൽ ഏർപ്പെടാൻ ബുദ്ധിമുട്ട് കാണിക്കുക.
  • മറ്റ് കുട്ടികളോടുള്ള പെരുമാറ്റം: സമപ്രായക്കാരായ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനേക്കാൾ തനിച്ചിരിക്കാൻ താൽപ്പര്യപ്പെടുക.
  • സംഭാഷണങ്ങളിലെ ബുദ്ധിമുട്ട്: അങ്ങോട്ടും ഇങ്ങോട്ടും മറുപടി പറഞ്ഞുള്ള സംഭാഷണങ്ങൾ നിലനിർത്താൻ പ്രയാസം നേരിടുക.
  • സംസാരത്തിലെ മാറ്റങ്ങൾ: സംസാരിച്ചു തുടങ്ങാൻ താമസിക്കുകയോ അല്ലെങ്കിൽ പ്രായത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയോ ചെയ്യുക.

2. ആവർത്തന സ്വഭാവവും താൽപ്പര്യങ്ങളും 

ഓട്ടിസം ഉള്ള കുട്ടികൾ ചില പ്രവൃത്തികൾ ആവർത്തിച്ച് ചെയ്യാനോ അല്ലെങ്കിൽ ചില പ്രത്യേക രീതികളിൽ മാത്രം കാര്യങ്ങൾ ചെയ്യാനോ താൽപ്പര്യം കാണിച്ചേക്കാം:

  • വാക്കുകളുടെ ആവർത്തനം (Echolalia): മറ്റുള്ളവർ പറയുന്നത് കേട്ട ഉടനെ അതേപടി ആവർത്തിക്കുകയോ അല്ലെങ്കിൽ നേരത്തെ കേട്ട വാക്കുകളോ സിനിമാ ഡയലോഗുകളോ സന്ദർഭത്തിനൊത്തല്ലാതെ ആവർത്തിച്ച് പറയുകയോ ചെയ്യുക.
  • ഒരേ രീതിയിലുള്ള കളി: കളിപ്പാട്ടങ്ങൾ കൊണ്ട് അർത്ഥവത്തായ രീതിയിൽ കളിക്കുന്നതിന് പകരം അവ ഒരു പ്രത്യേക നിരയിൽ അടുക്കി വെയ്ക്കുകയോ, വണ്ടികളുടെ ചക്രങ്ങൾ മാത്രം കറക്കിക്കൊണ്ടിരിക്കുകയോ ചെയ്യുക.
  • മാറ്റങ്ങളോടുള്ള ഭയം: പോകുന്ന വഴി മാറുകയോ അല്ലെങ്കിൽ പതിവ് സമയക്രമത്തിൽ ചെറിയ മാറ്റം വരികയോ ചെയ്താൽ അമിതമായി അസ്വസ്ഥരാകുക.
  • ചിട്ടയായ ശീലങ്ങൾ (Routines): കുളിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ എപ്പോഴും ഒരേ ക്രമത്തിൽ തന്നെ ചെയ്യണമെന്ന് നിർബന്ധം പിടിക്കുക.
  • ശരീരചലനങ്ങൾ: കൈകൾ വീശുക, ശരീരം മുന്നോട്ടും പിന്നോട്ടും ആട്ടുക, അല്ലെങ്കിൽ വട്ടം കറങ്ങുക തുടങ്ങിയ പ്രവൃത്തികൾ ആവർത്തിച്ച് ചെയ്യുക.
  • വസ്തുക്കളോടുള്ള അമിത ശ്രദ്ധ: ഒരു കളിപ്പാട്ടം മുഴുവനായി കാണുന്നതിന് പകരം അതിന്റെ ഒരു ഭാഗത്ത് മാത്രം (ഉദാഹരണത്തിന് ഒരു വണ്ടിയുടെ ചക്രം മാത്രം) അമിതമായി ശ്രദ്ധിക്കുക.
  • ഇന്ദ്രിയങ്ങളിലെ വ്യത്യാസങ്ങൾ (Sensory Reactions): സാധാരണക്കാർ ശ്രദ്ധിക്കാത്ത ചില ശബ്ദങ്ങൾ കേട്ട് ചെവി പൊത്തുക, ചില പ്രത്യേക വസ്ത്രങ്ങൾ കാണുമ്പോൾ അസ്വസ്ഥരാകുക, വെളിച്ചം കാണുമ്പോൾ അസ്വാഭാവികമായി പെരുമാറുക.

3. മറ്റ് ചില വ്യത്യാസങ്ങളും ലക്ഷണങ്ങളും

ഓട്ടിസം ഉള്ള കുട്ടികളിൽ മേൽപ്പറഞ്ഞവ കൂടാതെ മറ്റു ചില പ്രത്യേകതകൾ കൂടി കണ്ടുവരാറുണ്ട്:

  • വളർച്ചാഘട്ടങ്ങൾ വൈകുക 
  • അമിതമായ ചടുലത അല്ലെങ്കിൽ ശ്രദ്ധക്കുറവ്
  • ചില പ്രത്യേക വിഷയങ്ങളിൽ അമിത താൽപ്പര്യം പ്രകടിപ്പിക്കുക.
  • ചില പ്രത്യേക ഭക്ഷണം മാത്രം കഴിക്കാൻ വാശിപിടിക്കുകയോ, ശരിയായ ഉറക്കം ലഭിക്കാതിരിക്കുകയോ ചെയ്യുക
  • ചൂട്, തണുപ്പ്, വേദന എന്നിവയോട് അമിതമായി പ്രതികരിക്കുകയോ അല്ലെങ്കിൽ ഒട്ടും പ്രതികരിക്കാതിരിക്കുകയോ ചെയ്യുക.
  • വികാരങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രകടിപ്പിക്കുക. അകാരണമായി ചിരിക്കുകയോ കരയുകയോ ചെയ്തേക്കാം.
  • നേരത്തെ പഠിച്ച കാര്യങ്ങൾ മറന്നുപോവുക

4. പിഞ്ചുകുഞ്ഞുങ്ങളിൽ കാണുന്ന ആദ്യകാല ലക്ഷണങ്ങൾ

മിക്ക കുട്ടികളിലും 12 മുതൽ 18 മാസത്തിനുള്ളിലാണ് ലക്ഷണങ്ങൾ വ്യക്തമാകുക എങ്കിലും, അതിനു മുൻപ് തന്നെ ചില ചെറിയ വ്യത്യാസങ്ങൾ ശ്രദ്ധിക്കാവുന്നതാണ്:

  • 6 മുതൽ 9 മാസം വരെയുള്ള പ്രായത്തിൽ അമ്മയുടെയോ അച്ഛന്റെയോ മുഖത്തേക്ക് നോക്കാനോ മുഖഭാവങ്ങളോട് (ചിരി, കളിവാക്കുകൾ) പ്രതികരിക്കാനോ താല്പര്യം കാണിക്കാതിരിക്കുക.
  • 9 മുതൽ 12 മാസം പ്രായമായിട്ടും കൊഞ്ചിയുള്ള ശബ്ദങ്ങൾ (Babbling) ഉണ്ടാക്കാതിരിക്കുക.
  • നമ്മൾ ഒരു വസ്തുവിലേക്ക് നോക്കുമ്പോൾ അല്ലെങ്കിൽ വിരൽ ചൂണ്ടുമ്പോൾ കുട്ടി അങ്ങോട്ട് ശ്രദ്ധിക്കാതിരിക്കുന്ന അവസ്ഥയുണ്ടാകുക.
  • ശൈശവാവസ്ഥയിലുള്ള ഉറക്കക്കുറവ്, അസാധാരണമായ ഉറക്ക രീതികൾ എന്നീ അസ്വാഭാവികതകൾക്ക്  ഓട്ടിസവുമായി ബന്ധമുണ്ടാകാമെെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

പെൺകുട്ടികളിലെ ഓട്ടിസം: അറിഞ്ഞിരിക്കേണ്ടത്

ഓട്ടിസം പെൺകുട്ടികളിൽ കുറവാണെന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്. പെൺകുട്ടികളിൽ ലക്ഷണങ്ങൾ തിരിച്ചറിയാൻ കൂടുതൽ പ്രയാസമാണ് എന്നതാണ് സത്യം. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിലെ സാമൂഹിക ഇടപഴകലിലെ വ്യത്യാസങ്ങൾ അത്ര പ്രകടമായിരിക്കില്ല.

ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ട് തന്നെ പെൺകുട്ടികളിൽ രോഗനിർണ്ണയവും വൈകുന്നു.

ആശങ്കയുണ്ടെങ്കിൽ എന്തുചെയ്യണം?

കുട്ടിയുടെ പെരുമാറ്റത്തിലും മറ്റും  മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരിഭ്രമിക്കാതെ ചില കാര്യങ്ങൾ ചെയ്യാം:

1. നിരീക്ഷണങ്ങൾ കുറിച്ചുവെയ്ക്കാം 

കുട്ടിയുടെ ദൈനംദിന പെരുമാറ്റങ്ങൾ ഒരു ഡയറിയിലോ ഫോണിലോ കുറിച്ചുവെക്കുന്നത് ഡോക്ടറെ കാണുമ്പോൾ കാര്യങ്ങൾ കൃത്യമായി പറയാൻ നിങ്ങളെ സഹായിക്കും. കുട്ടി മറ്റുള്ളവരോട് എങ്ങനെ ഇടപെടുന്നു? സംസാരശേഷിയിലും ആംഗ്യങ്ങളിലും ഉള്ള മാറ്റങ്ങൾ,

ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ (Routines) എന്തെങ്കിലും നിർബന്ധങ്ങൾ ഉണ്ടോ?കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് കളിക്കുന്നത്? ശബ്ദം, വെളിച്ചം, സ്പർശനം എന്നിവയോടുള്ള പ്രതികരണങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം കുറിച്ചു സൂക്ഷിക്കാവുന്നതാണ്.

2. പീഡിയാട്രീഷ്യനോട് സംസാരിക്കുക 

കുഞ്ഞിനെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറോട് ആശങ്കകൾ തുറന്നു പറയുക. നിങ്ങൾ കുറിച്ചുവെച്ച കാര്യങ്ങൾ അവരെ കാണിക്കുക. ഡോക്ടർക്ക് താഴെ പറയുന്ന രീതിയിൽ നിങ്ങളെ സഹായിക്കാൻ സാധിക്കും:

  • കുട്ടിയുടെ വളർച്ചാ ഘട്ടങ്ങൾ ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുന്നു.
  • ആവശ്യമെങ്കിൽ ഒരു ചൈൽഡ് സൈക്കോളജിസ്റ്റിനെയോ ഡെവലപ്‌മെന്റൽ പീഡിയാട്രീഷ്യനെയോ കാണാൻ നിർദ്ദേശിക്കുന്നു.
  • കാഴ്ചയിലോ കേൾവിയിലോ ഉള്ള പ്രശ്നങ്ങളാണോ ലക്ഷണങ്ങൾക്ക് കാരണമെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നു.
  • രോഗനിർണ്ണയം (Formal Diagnosis) ലഭിക്കുന്നതിന് മുൻപ് തന്നെ കുട്ടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ലളിതമായ പരിശീലനങ്ങൾ നൽകാൻ ഡോക്ടർ സഹായിക്കും.

3. നേരത്തെയുള്ള ഇടപെടലുകളുടെ ഗുണഫലം 

ഓട്ടിസം ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് പിന്തുണച്ചാൽ കുഞ്ഞിൻ്റെ ഭാവിജീവിത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.  മൂന്നു വയസ്സിന് മുൻപ് തന്നെ ഇത്തരം പരിശീലനങ്ങൾ ആരംഭിക്കുന്നത് കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയെയും കഴിവിനെയും പരമാവധി മെച്ചപ്പെടുത്താൻ സഹായിക്കും.

ഓട്ടിസം ഒരു സ്പെക്ട്രമാണ് – ഓരോ കുഞ്ഞും വ്യത്യസ്തർ

ഓട്ടിസം ഉള്ള എല്ലാ കുട്ടികളും ഒരുപോലെയല്ല. ഓരോ കുട്ടിയുടെയും കഴിവുകളും അവർ നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും. അതിനാലാണ് ഇതിനെ ‘സ്പെക്ട്രം’ (Spectrum) എന്ന് വിശേഷിപ്പിക്കുന്നത്.

ഒരു കുട്ടിക്ക് സംസാരിക്കാൻ പ്രയാസമുണ്ടാകാം, എന്നാൽ മറ്റു കാര്യങ്ങളിൽ അവർ മിടുക്കരായിരിക്കും. മറ്റൊരു കുട്ടി നന്നായി സംസാരിക്കുമെങ്കിലും മറ്റുള്ളവരോടൊപ്പം കളിക്കാൻ പ്രയാസപ്പെടുന്നുണ്ടാകാം.

ചില കുട്ടികൾക്ക് ചെറിയ രീതിയിലുള്ള സഹായങ്ങൾ മാത്രം മതിയാകും, എന്നാൽ മറ്റു ചിലർക്ക് ദൈനംദിന കാര്യങ്ങൾക്കായി കൂടുതൽ പരിശീലനവും പിന്തുണയും ആവശ്യമായി വരും.

ലക്ഷണങ്ങൾ എത്ര ചെറുതാണെങ്കിലും, കൃത്യ സമയത്തുള്ള പരിശോധനയും വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളും കുട്ടിയുടെ ജീവിതയാത്രയ്ക്ക് ശരിയായ പാതയൊരുക്കും. അവർക്ക് നൽകേണ്ടത് സഹതാപമല്ല, അവരുടെ ലോകത്തെ മനസ്സിലാക്കിക്കൊണ്ടുള്ള പിന്തുണയും അവസരങ്ങളുമാണ്.

ഒരു കാര്യം കൂടി…

“എന്റെ കുഞ്ഞിന് ഓട്ടിസമുണ്ടോ?” എന്ന ചോദ്യം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല എന്ന് ആദ്യം മനസ്സിലാക്കുക. പലപ്പോഴും വിദഗ്ദ്ധരായ ഡോക്ടർമാരേക്കാൾ മുമ്പ് കുട്ടികളിലെ വ്യത്യാസങ്ങൾ തിരിച്ചറിയുന്നത് മാതാപിതാക്കളാണ്.

കുട്ടിയുടെ പെരുമാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുക, ആവശ്യമെങ്കിൽ വിദഗ്ദ്ധരുടെ സഹായം തേടാൻ മടിക്കരുത്. നേരത്തെയുള്ള പരിശോധനകൾ കുട്ടിക്ക് എത്തരത്തിലുള്ള പിന്തുണയാണ് വേണ്ടതെന്ന കാര്യത്തിൽ വ്യക്തത നൽകും. ഇത് കുട്ടിയുടെ കഴിവുകൾ തിരിച്ചറിയാനും, അവർക്ക് സന്തോഷകരമായ ഭാവി ഒരുക്കാനുമുള്ള വഴികാട്ടിയായി മാറുകയും ചെയ്യും.

References

  1. When do children usually show symptoms of autism?
  2. Autism Spectrum Disorder (ASD)
  3. About Autism Spectrum Disorder

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe