കടബാദ്ധ്യതകൾ മനസ്സ് തകർക്കുമ്പോൾ: ഭാരമൊഴിവാക്കി സ്വസ്ഥത നേടാനുള്ള മാർഗ്ഗങ്ങൾ നോക്കാം

ജീവിതച്ചെലവുകൾ വരുമാനത്തേക്കാൾ കവിഞ്ഞുപോകുന്ന അവസ്ഥയിൽ പലരും കടം വാങ്ങാറുണ്ട്. സുഹൃത്തുക്കളിൽ നിന്ന്, ബാങ്കുകളിൽ നിന്ന്, വീട്, വാഹനം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി തവണവ്യവസ്ഥയിൽ അടച്ചുതീർക്കാമെന്ന ഉറപ്പിൽ, സ്വർണ്ണം പണയം വെച്ച്-അങ്ങനെ പല പല മാർഗ്ഗങ്ങളിലൂടെ അപ്പപ്പോഴത്തെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ കടം വാങ്ങുന്നു. അടച്ചുതീർക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും ഇങ്ങനെ ബാദ്ധ്യതകളിൽപ്പെടുകയെങ്കിലും അപ്രതീക്ഷിതമായ സാഹചര്യങ്ങൾ നേരിടേണ്ടി വരികയോ, വിചാരിച്ച പോലെ പണം കൈകാര്യം ചെയ്യാൻ കഴിയാതെ വരികയോ ചെയ്യുന്നതോടെ മനസ്സിൽ ആധിയേറും. ഓരോ മാസവും വാങ്ങുന്ന ശമ്പളം മാസത്തവണകൾക്കും മറ്റു ചെലവുകൾക്കും തികയാതെ വരുന്ന അവസ്ഥയും പലർക്കും ഉണ്ടാകാറുണ്ട്.
തിരിച്ചടയ്ക്കാനുള്ള തുക, പലിശ നിരക്ക്, അവധി തീയതികൾ- അങ്ങനെ കുറെ സംഖ്യകളിൽപ്പെട്ടുപോകുന്ന മനസ്സിന് ഭാരമേറും. കടബാദ്ധ്യതകൾ, സാമ്പത്തിക ഞെരുക്കത്തിനപ്പുറം ഉറക്കത്തെയും വ്യക്തിബന്ധങ്ങളെയും ആത്മവിശ്വാസത്തെയും മൊത്തത്തിലുള്ള സമാധാനത്തെയും ബാധിക്കുന്ന വലിയ ഭാരമാണ്.
കടബാധ്യതയും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് ഇതു സംബന്ധിച്ച് ലോകമെമ്പാടും നടന്നിട്ടുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് അമിതമായ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, കടുത്ത മാനസിക തളർച്ച എന്നീ പ്രയാസങ്ങളിലേക്ക് നയിക്കുന്നു. ഈ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് ഏറെ പ്രധാനമാണ്. കാരണം, ശാരീരിക- മാനസികാവസ്ഥകളെ സങ്കീർണ്ണമായി ബാധിക്കാൻ കടബാദ്ധ്യതകളെക്കുറിച്ചുള്ള ആശങ്കയ്ക്ക് കഴിയും എന്നതു തന്നെ. സഹാനുഭൂതിയോടെ ഈ പ്രശ്നത്തെ കാണാനും പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താനും വേണ്ടിയുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
കടബാധ്യതയും വൈകാരിക പ്രത്യാഘാതങ്ങളും
ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരുപിടി പ്രശ്നങ്ങളെ കടബാദ്ധ്യതകൾ കൂടെക്കൊണ്ടുവരും:
- അടങ്ങാത്ത ആശങ്ക: തിരിച്ചടവുകളെക്കുറിച്ചും സമയപരിധിയെക്കുറിച്ചും കൂടിക്കൂടിവരുന്ന പലിശയെക്കുറിച്ചുമുള്ള നിരന്തരമായ ചിന്തകൾ.
- ഭീതിയും അനിശ്ചിതത്വവും: ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ഉണ്ടാകുന്ന ഭയവും ആശങ്കയും.
- കുറ്റബോധം: കടബാധ്യത വരുന്നത് വ്യക്തിപരമായ പരാജയമാണെന്നും പിടിപ്പുകേടാണെന്നും സമൂഹം കരുതുന്നതുകൊണ്ട് ഉണ്ടാകുന്ന നാണക്കേടും വിഷമവും.
- നിയന്ത്രണം നഷ്ടമാകുക: നിസ്സഹായാവസ്ഥ അനുഭവിക്കുന്നതുമൂലമുണ്ടാകുന്ന മാനസിക തളർച്ചയും മനോനിലയിലെ മാറ്റങ്ങളും
മെന്റൽ ഹെൽത്ത് ഫൗണ്ടേഷന്റെ (Mental Health Foundation) പഠനങ്ങൾ പ്രകാരം, കടബാദ്ധ്യതയുള്ളവർക്ക് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഈ ബുദ്ധിമുട്ടുകൾ ഉറക്കം, ഏകാഗ്രത, വികാര നിയന്ത്രണം എന്നിവയെ ബാധിക്കുന്നു. ക്രമേണ, ചെറിയ തീരുമാനങ്ങൾ പോലും എടുക്കാൻ പ്രയാസമുള്ള അവസ്ഥയിലേക്ക് വ്യക്തികൾ എത്തിച്ചേരുന്നു.
കടബാധ്യത ഇത്രയധികം മാനസിക തളർച്ചയുണ്ടാക്കാൻ കാരണം?
സാമ്പത്തിക ബാദ്ധ്യതകൾ നമ്മുടെ മനസ്സിനെ എത്രത്തോളം ആഴത്തിൽ ബാധിക്കുന്നു എന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല.
1. ചിന്താശേഷി കുറയ്ക്കുന്നു:
സാമ്പത്തിക സമ്മർദ്ദം, അതനുഭവിക്കുന്ന വ്യക്തിയുടെ ചിന്താശേഷി കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പണത്തെക്കുറിച്ചുള്ള ആകുലതകളിൽ മനസ്സ് എപ്പോഴും കുടുങ്ങിക്കിടക്കുമ്പോൾ, പ്രശ്നപരിഹാരങ്ങൾ കണ്ടെത്താനോ കൃത്യമായ പ്ലാനിംഗ് നടത്താനോ തലച്ചോറിന് സാധിക്കാതെ വരുന്നു. അതുകൊണ്ടാണ് പരിഹാരവഴികൾ മുന്നിലുണ്ടെങ്കിൽ പോലും, കടബാധ്യതയുള്ളവർ പലപ്പോഴും ഒന്നും ചെയ്യാൻ കഴിയാതെ സ്തംഭിച്ചു പോകുന്നത്.
2. നിരന്തര സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കുന്നു:
ദീർഘകാലത്തെ കടബാധ്യത ശരീരത്തെ എപ്പോഴും ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. ഇത് കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും:
- ഉത്കണ്ഠാ രോഗങ്ങൾ (Anxiety disorders).
- വിഷാദരോഗ ലക്ഷണങ്ങൾ.
- തലവേദന, ദഹനപ്രശ്നങ്ങൾ, കടുത്ത ക്ഷീണം.
- രോഗപ്രതിരോധ ശേഷി കുറയുക.
3. നാണക്കേട് കൊണ്ടുള്ള ഒറ്റപ്പെടൽ:
കടം ഉണ്ടാകുന്നത് വ്യക്തിയുടെ കുറ്റമായി പലരും കരുതുന്നു. ഈ നാണക്കേട് കാരണം കടബാദ്ധ്യതയുള്ളവർ, മറ്റുള്ളവരോട് സംസാരിക്കാൻ മടിക്കുകയും സഹായം തേടാൻ വൈകുകയും ചെയ്യുന്നു. വാസ്തവത്തിൽ ഈ ഒറ്റപ്പെടൽ മാനസികാവസ്ഥയെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുക.
കടങ്ങളും മാനസികാരോഗ്യവും: വിഷമവൃത്തത്തിൽപ്പെടുന്ന അവസ്ഥ
കടവും മാനസികാരോഗ്യവും പരസ്പരം സ്വാധീനിക്കുന്ന ചക്രം പോലെയാണ്:
- കടബാധ്യത സമ്മർദ്ദവും വിഷാദവും വർദ്ധിപ്പിക്കുന്നു.
- മാനസികമായി തളരുമ്പോൾ സാമ്പത്തികമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും താല്പര്യവും കുറയുന്നു.
- ഇത് കാരണം ബില്ലുകളും വായ്പകളും അടയ്ക്കാൻ വൈകുകയും കടം വീണ്ടും വർദ്ധിക്കുകയും ചെയ്യുന്നു.
അച്ചടക്കമില്ലാത്തത് കൊണ്ടല്ല, മാനസികമായ അമിതഭാരം (Emotional Overload) കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ഒരു വിഷമവൃത്തത്തെക്കുറിച്ച് തിരിച്ചറിയുക എന്നതാണ് ഇതിൽ നിന്ന് പുറത്തുകടക്കാനുള്ള ആദ്യ പടി.
നിത്യജീവിതത്തെയും ബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നു?
കടബാദ്ധ്യതകൾ നൽകുന്ന ഭാരം നമ്മുടെ ദൈനംദിന ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു:
- ഉറക്കമില്ലായ്മ: സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ആകുലതകൾ കാരണം ഉറക്കം നഷ്ടപ്പെടുക.
- ബന്ധങ്ങളിലെ വിള്ളലുകൾ: സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉണ്ടാകുന്ന ദേഷ്യം, അസ്വസ്ഥത അല്ലെങ്കിൽ കാര്യങ്ങൾ മറച്ചുവെക്കാനുള്ള പ്രവണത എന്നിവയെല്ലാം പങ്കാളിയുമായും കുടുംബാംഗങ്ങളുമായുമുള്ള ബന്ധത്തെ വഷളാക്കുന്നു.
- തൊഴിലിലെ തളർച്ച: മാനസിക സമ്മർദ്ദം കാരണം ജോലിയിലോ വീട്ടുകാര്യങ്ങളിലോ പഴയതുപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു.
- ഒഴിഞ്ഞുമാറാനുള്ള പ്രവണത: ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുകയോ ബാങ്കിൽ നിന്നുള്ള കത്തുകൾ തുറന്നുനോക്കാൻ ഭയപ്പെടുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് കടച്ചുമടു മൂലമുള്ള ആശങ്ക മാറുന്നു.
കാലക്രമേണ, ഇത്തരം സാഹചര്യങ്ങൾ വ്യക്തിയുടെ ആത്മവിശ്വാസത്തെയും പ്രതീക്ഷയെയും തകർക്കുന്നു. എത്ര ശ്രമിച്ചാലും ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന തെറ്റായ തോന്നൽ ഇത് സൃഷ്ടിക്കുന്നു. എന്നാൽ, ശരിയായ പ്ലാനിംഗിലൂടെ ഏത് പ്രതി കൂലാവസ്ഥയിൽ നിന്നും തിരിച്ചു വരാൻ സാധിക്കും എന്നതാണ് യാഥാർത്ഥ്യം.
പ്രായോഗികമായി മുന്നേറാം, മനസ്സിന് കരുതലേകാം
കടം മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പ്രായോഗികമായ സാമ്പത്തിക നീക്കങ്ങളും ഒപ്പം മാനസികമായ കരുതലും ആവശ്യമാണ്. മാനസികാരോഗ്യം ശ്രദ്ധിക്കാതെ സാമ്പത്തിക കാര്യങ്ങൾ മാത്രം നോക്കുന്നതോ, തിരിച്ചോ ചെയ്യുന്നത്, നിങ്ങളെ കൂടുതൽ തളർത്താനേ ഇടവരുത്തൂ.
1. വൈകാരിക ആഘാതത്തെ തിരിച്ചറിയുക നിലവിലെ അവസ്ഥയെ അംഗീകരിക്കുകയാണ് ഏറ്റവും ആദ്യം വേണ്ടത്.
കടബാധ്യത ഉണ്ടാകുന്നത് സ്വഭാവദൂഷ്യമോ ധാർമ്മികമായ പരാജയമോ അല്ല. പലപ്പോഴും താഴെ പറയുന്ന അപ്രതീക്ഷിത കാരണങ്ങളാൽ ഇത് സംഭവിക്കാം:
- പെട്ടെന്നുണ്ടാകുന്ന ചികിത്സാ ചെലവുകൾ
- ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്യുന്നത്
- കുടുംബപരമായ ഉത്തരവാദിത്തങ്ങൾ
- ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ
നിങ്ങൾ അനുഭവിക്കുന്ന ഭയം, ദേഷ്യം, സങ്കടം എന്നിവയെ കുറ്റബോധമില്ലാതെ തന്നെ ഉൾക്കൊള്ളാൻ ശ്രമിക്കുക. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുകയും പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടാൻ സഹായിക്കുകയും ചെയ്യും.
2. നാണക്കേടിൽ നിന്ന് തന്ത്രപരമായ നീക്കങ്ങളിലേക്ക്
നാണക്കേട് ഒരു തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും നൽകില്ല. കൃത്യമായ പ്ലാനിംഗിലൂടെ മുന്നോട്ട് പോകുക എന്നതാണ് ചെയ്യാനാകുന്ന ഏറ്റവും മികച്ച കാര്യം. കടബാധ്യതയെ വ്യക്തിപരമായ പരാജയമായി കാണാതെ, പരിഹരിക്കാനുള്ള ഒരു പ്രശ്നം മാത്രമായി കണക്കാക്കുക. ഈ രീതിയിലുള്ള ചിന്താഗതി, ആത്മവിശ്വാസം വീണ്ടെടുക്കാനും കാര്യങ്ങൾ നിയന്ത്രണത്തിലാക്കാനും സഹായിക്കും.
3. സാമ്പത്തിക വ്യക്തത വേണം
അനിശ്ചിതത്വമാണ് സമ്മർദ്ദം വർദ്ധിപ്പിക്കുന്ന പ്രധാന ഘടകം. കാര്യങ്ങളിൽ വ്യക്തത വരുന്നതോടെ സമ്മർദ്ദം കുറയും. അതിനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം:
- എല്ലാ കടങ്ങളും (തുക, പലിശ, അടയ്ക്കേണ്ട തീയതി) ഒരു ലിസ്റ്റ് ആയി എഴുതുക.
- നിങ്ങളുടെ വരുമാനവും അത്യാവശ്യ ചെലവുകളും കൃത്യമായി രേഖപ്പെടുത്തുക.
- ചെറിയ രീതിയിലുള്ള, നടപ്പിലാക്കാൻ കഴിയുന്ന തിരിച്ചടവ് പ്ളാൻ നിശ്ചയിക്കുക.
ലളിതമായ പ്ലാൻ കയ്യിലുണ്ടാകുന്നത് പോലും കടക്കെണിയിൽപ്പെട്ട് ബുദ്ധിമുട്ടുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും വൈകാരികമായ സ്ഥിരത നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
4. അനുയോജ്യമായ തിരിച്ചടവ് രീതി തെരഞ്ഞെടുക്കുക ഓരോരുത്തർക്കും വ്യത്യസ്തമായ രീതികളായിരിക്കും അനുയോജ്യം. മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് പ്രധാന വഴികൾ ഇനിപ്പറയുന്നു:
- ഡെബ്റ്റ് സ്നോബോൾ (Debt Snowball): ചെറിയ കടങ്ങൾ ആദ്യം വീട്ടുക. ഇത് നിങ്ങൾക്ക് പുതിയൊരു ഊർജം നൽകും. കൂടുതൽ ഉൽസാഹത്തോടെ മുന്നേറാനുള്ള പ്രചോദനവും ലഭിക്കും.
- ഡെബ്റ്റ് ആവലാഞ്ച് (Debt Avalanche): ഏറ്റവും കൂടുതൽ പലിശയുള്ള കടങ്ങൾ ആദ്യം തീർക്കുക. ഇത് സാമ്പത്തിക ഭാരം ക്രമേണ കുറയ്ക്കാൻ സഹായിക്കും.
ഇതിൽ ഏത് രീതിയും തെരഞ്ഞെടുക്കാം. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതുമായ രീതിയാണ് ഏറ്റവും നല്ലത്.
5. മാനസികാരോഗ്യത്തിന് മുൻഗണന നൽകുക
കടബാധ്യതകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും മനസ്സിനെ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്:
- കൃത്യസമയത്ത് ഉറങ്ങുന്ന ശീലം നിലനിർത്തുക.
- ശ്വസന വ്യായാമങ്ങൾ (Deep breathing), മനോനിറവ് (Mindfulness) തുടങ്ങിയ മാർഗങ്ങളിലൂടെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
- ഇടയ്ക്കിടെ സാമ്പത്തിക ആപ്പുകളോ സന്ദേശങ്ങളോ പരിശോധിക്കുന്നത് കുറയ്ക്കുക.
- മാനസികമായി തളർച്ച അനുഭവപ്പെടുമ്പോൾ പണത്തെക്കുറിച്ചുള്ള വർത്തമാനങ്ങളിൽ നിന്ന് അല്പനേരം വിട്ടുനിൽക്കുക.
മനസ്സിന് നൽകുന്ന ഇത്തരം വിശ്രമം ഒളിച്ചോട്ടമല്ല, അടുത്ത ചുവടുവെയ്പ്പിന് വേണ്ട ഊർജ്ജം സംഭരിക്കാൻ ഇത് ‘ ഗുണകരമാകും.
6. തുറന്നു സംസാരിക്കാം
കടബാധ്യതയുടെ ഭാരം വർദ്ധിക്കുന്നത് അത് ഉള്ളിലൊതുക്കുമ്പോഴാണ്. വേണ്ടപ്പെട്ടവരോട് കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് വലിയ ആശ്വാസം നൽകും.
- വിശ്വസ്തനായ ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ മനസ്സിലെ ഭാരം പങ്കുവെയ്ക്കുക.
- ഒരു സാമ്പത്തിക ഉപദേഷ്ടാവിനെയോ (Financial counselor) കൗൺസിലറെയോ കണ്ട് സംസാരിക്കുക.
പ്രിയപ്പെട്ടവരിൽ നിന്നുള്ള പിന്തുണ, സമ്മർദ്ദം കുറയ്ക്കാനും പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള കരുത്ത് നൽകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
7. ഭയം വേണ്ട, വിദഗ്ധ സഹായം തേടാം
കടബാധ്യത നിങ്ങളുടെ സമാധാനം കെടുത്തുകയും അമിതമായ ഉത്കണ്ഠ (Panic attacks), വിഷാദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും വിദഗ്ധ സഹായം തേടണം.
മാനസികാരോഗ്യ വിദഗ്ധർക്ക് താഴെ പറയുന്ന രീതിയിൽ സഹായിക്കാൻ കഴിയും:
- നെഗറ്റീവ് ചിന്താഗതിയിൽ നിന്ന് പുറത്തുകടക്കാൻ.
- സാമ്പത്തിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഉത്കണ്ഠ കുറയ്ക്കാൻ.
- സമ്മർദ്ദങ്ങൾക്കിടയിലും ശരിയായ തീരുമാനങ്ങൾ എടുക്കാൻ മനസ്സിനെ പ്രാപ്തമാക്കാൻ.
സാമ്പത്തിക ഉപദേഷ്ടാക്കൾക്ക് മുൻവിധി കൂടാതെ നിങ്ങളുടെ കടങ്ങൾ എങ്ങനെ പ്രായോഗികമായി തിരിച്ചടയ്ക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാൻ നൽകാൻ സാധിക്കും.
മാനസിക കരുത്ത് വീണ്ടെടുക്കാം
കടബാദ്ധ്യതകളിൽ നിന്ന് മോചനം കൈവരുന്നതു വഴി സാമ്പത്തിക ഭദ്രതയേക്കാൾ ഉപരിയായി, മാനസിക കരുത്ത് വർദ്ധിപ്പിക്കാൻ സാധിക്കും.
- സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് ലഭിക്കുന്നു.
- മെച്ചപ്പെട്ട സാമ്പത്തിക ശീലങ്ങൾ വളർത്തിയെടുക്കാം.
- സ്വയം അനുകമ്പ തോന്നാനും ആത്മവിശ്വാസം വീണ്ടെടുക്കാനും സാധിക്കുന്നു.
ചെറിയ ചുവടുവെയ്പ്പുകൾ സ്ഥായിയായ സമാധാനത്തിലേക്കുള്ള പാതകൾ തുറന്നുതരും.
കടങ്ങളും വരവുചെലവും കൃത്യമായി എഴുതി, എവിടെയെങ്കിലും അനാവശ്യച്ചെലവുകൾ വരുന്നുണ്ടോ എന്ന് നോക്കാം. തിരിച്ചടവ്, വീട്ടുവാടക മരുന്നുകൾ തുടങ്ങി ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചെലവുകൾക്കു വേണ്ട തുക ആദ്യമേ നീക്കി വെയ്ക്കാം. ദൈനംദിനച്ചെലവുകളിൽ എവിടെയെല്ലാം ചുരുക്കാൻ സാധിക്കുമെന്നും തിരിച്ചറിഞ്ഞ് അതിനനുസൃതമായി വരുമാനം കൈകാര്യം ചെയ്യുക. ബിൽതുക അടയ്ക്കുന്നതും ചെറിയ കടങ്ങൾ വീട്ടുന്നതുമെല്ലാം സാമ്പത്തിക ഭാരത്തിൽ നിന്നുള്ള മോചനം സാദ്ധ്യമാക്കും.
ഈയൊരു കാര്യം മറക്കല്ലേ
ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് സാമ്പത്തിക പരാധീനത. നിങ്ങൾ പേറുന്ന ആ വലിയ ഭാരത്തെക്കുറിച്ച് സ്വയം തിരിച്ചറിയുക എന്നതാണ് സുപ്രധാനം. ആ ഭാരം കുറേശെക്കുറേശെയായി കുറച്ചുകൊണ്ടുവരാൻ ഇപ്പോൾ തീരുമാനമെടുക്കാം. കടക്കെണി മൂലമുള്ള നാണക്കേടിനും അപകർഷതയ്ക്കും പകരം സമാധാനവും സുരക്ഷിതത്വവും പിന്തുണയുമാണ് നമുക്കാവശ്യം.
നിലവിൽ നിങ്ങൾ വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ:
- അല്പനേരം ശാന്തമായി ഇരിക്കുക: അമിതമായ സമ്മർദ്ദം നിങ്ങളുടെ ചിന്തകളെ തളർത്തും. ദീർഘമായി ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
- ഒരു ചെറിയ കാര്യം ചെയ്യുക: കടം വീട്ടുന്നതിനോ മനസ്സ് ശാന്തമാക്കുന്നതിനോ വേണ്ടി ഇന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ ഒരു കാര്യം മാത്രം എഴുതിവെയ്ക്കുക, അത് വൈകാതെ ചെയ്യാൻ ശ്രമിക്കുക.
- നിങ്ങളുടെ പ്രിയപ്പെട്ടവരോട് മനസ്സ് തുറക്കുക.
എപ്പോഴും ഒരുകാര്യം ഓർക്കുക: കൃത്യമായ മുന്നൊരുക്കങ്ങളോടെ സാമ്പത്തിക ബാദ്ധ്യതകളുടെ സങ്കടക്കാലം തരണം ചെയ്യാനാകും. സമാധാനത്തിൻ്റെ വസന്തകാലം നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്.
References




