എന്താണ് സൈക്കിൾ സിങ്കിങ്? സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതെങ്ങനെ പ്രയോജനപ്പെടുത്താം?

എന്താണ് സൈക്കിൾ സിങ്കിങ്? സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതെങ്ങനെ പ്രയോജനപ്പെടുത്താം?

സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച ചർച്ചകളിൽ ട്രെൻഡായി മാറിയിരിക്കുന്ന വിഷയമാണ് സൈക്കിൾ സിങ്കിങ്. ആർത്തവചക്രത്തിനനുസരിച്ച് സ്ത്രീകൾക്കു വരുന്ന ശാരീരിക മാനസിക മാറ്റങ്ങളെ അധികരിച്ചാണ് സൈക്കിൾ സിങ്കിങ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ശാസ്ത്രം പറയുന്നതെന്താണെന്നും സ്ത്രീജീവിതത്തിൽ ഇത് എങ്ങനെ പ്രയോജനകരമാകുമെന്നും നമുക്ക് വിശദമായി പരിശോധിക്കാം.   

 എന്താണ് സൈക്കിൾ സിങ്കിങ് (Cycle Syncing) 

ആർത്തവചക്രത്തിലെ വിവിധ ഘട്ടങ്ങൾക്ക് അനുസൃതമായി ഭക്ഷണക്രമം, വ്യായാമം, ഉറക്കം, മാനസികാവസ്ഥ എന്നിവയെല്ലാം ക്രമീകരിക്കുന്ന രീതിയാണ് സൈക്കിൾ സിങ്കിങ്. മാസത്തിലെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ  ശരീരത്തിലെ ഹോർമോൺ തോതിൽ വ്യത്യാസങ്ങൾ വരുന്നു. ഇതിനനുസരിച്ച് നമ്മുടെ ഊർജ്ജം, വിശപ്പ്, മനോനില, ദഹനപ്രക്രിയ എന്നിവയിലും മാറ്റങ്ങൾ സംഭവിക്കാം എന്ന തിരിച്ചറിവാണ് സൈക്കിക്ഷ സിങ്കിങ്ങിൻ്റെ അടിസ്ഥാനം.

ആർത്തവം എന്നാൽ ബ്ലീഡിങ് മാത്രമല്ലെന്നും ഹോർമോണുകളിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതിലൂടെ, സൈക്കിൾ സിങ്കിങ് പ്രായോഗികമാക്കാൻ കഴിയും. പ്രധാനമായും ഇതിന് നാലു ഘട്ടങ്ങളാണുള്ളത്:

  • ആർത്തവ ഘട്ടം (Menstrual Phase): ആർത്തവം നടക്കുന്ന സമയമാണിത്. ഈ ഘട്ടത്തിൽ ഈസ്ട്രജൻ (Estrogen), പ്രൊജസ്ട്രോൺ (Progesterone) എന്നീ ഹോർമോണുകൾ വളരെ കുറഞ്ഞ അളവിലായിരിക്കും
  • ഫോളിക്കുലാർ ഘട്ടം (Follicular Phase): ആർത്തവത്തിന് ശേഷമുള്ള സമയം. ഈ ഘട്ടത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് പതുക്കെ വർദ്ധിക്കാൻ തുടങ്ങുന്നു
  • അണ്ഡോൽപ്പാദന ഘട്ടം (Ovulation): ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകൾ ശരീരത്തിൽ ഏറ്റവും ഉയർന്ന അളവിൽ എത്തുന്ന സമയം
  • ലൂട്ടിയൽ ഘട്ടം (Luteal Phase): അടുത്ത ആർത്തവത്തിന് തൊട്ടുമുൻപുള്ള സമയം. ഈ ഘട്ടത്തിൽ പ്രൊജസ്ട്രോൺ ഹോർമോൺ വർദ്ധിക്കുകയും പിന്നീട് കുറയുകയും ചെയ്യുന്നു

ഹോർമോണുകളിലുണ്ടാകുന്ന ഈ മാറ്റങ്ങൾ നമ്മുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ സ്വാധീനിക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും,  ഭക്ഷണത്തിലും വ്യായാമത്തിലും വലിയ മാറ്റങ്ങൾ വരുത്തണമെന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്.  ശാസ്ത്രീയമായി ഇതെങ്ങനെ ക്രമീകരിക്കാം എന്ന് നോക്കാം.

ഗവേഷണങ്ങൾ പറയുന്നത്

സൈക്കിൾ സിങ്കിങ് പ്രായോഗികമാക്കുന്നതിന് മുൻപ്, ഇതിനെക്കുറിച്ച് ശാസ്ത്രം എന്ത് പറയുന്നു എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്:

1. ഹോർമോണുകളിൽ മാറ്റം വരുന്നത് സ്വാഭാവികം ആർത്തവചക്രത്തിന്റെ ഓരോ ഘട്ടത്തിലും ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകൾ കൂടുകയും കുറയുകയും ചെയ്യുന്നത് ജൈവശാസ്ത്രപരമായ യാഥാർത്ഥ്യമാണ്.  ഈ മാറ്റങ്ങൾ നമ്മുടെ ഊർജ്ജത്തെയും മാനസികാവസ്ഥയെയും വിശപ്പിനെയും ദഹനപ്രക്രിയയെയും സ്വാധീനിക്കുന്നു എന്നതിൽ തർക്കമില്ല.

2. കൃത്യമായ പ്ലാനിംഗിന് വേണ്ട ശാസ്ത്രീയ തെളിവുകൾ പരിമിതം

സൈക്കിൾ സിങ്കിങ് ശരിയാണെന്നു തോന്നാമെങ്കിലും ഇതു സംബന്ധിച്ച് മതിയായ ക്ലിനിക്കൽ പഠനങ്ങൾ (Clinical Research) ലഭ്യമല്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഓരോ ഘട്ടത്തിലും വ്യായാമം, ഭക്ഷണക്രമം എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതുകൊണ്ട്, ആരോഗ്യത്തിലോ കായികക്ഷമതയിലോ വലിയ വ്യത്യാസങ്ങൾ സംഭവിക്കുമെന്ന് തെളിയിക്കാൻ പര്യാപ്തമായ രേഖകൾ നിലവിലില്ല.

വ്യായാമത്തെക്കുറിച്ചും ഹോർമോണുകളെക്കുറിച്ചും ഗവേഷണം നടത്തുന്ന വിദഗ്ധരുടെ അഭിപ്രായത്തിൽ, സൈക്കിൾ സിങ്കിങ് വഴി പേശികളുടെ വളർച്ച വർദ്ധിക്കുമെന്നോ വ്യായാമത്തിന്റെ ഫലം പൂർണ്ണമായി ലഭിക്കുമെന്നോ ഉറപ്പിച്ചു പറയാൻ കഴിയില്ല.

3. പ്രായോഗികമായി ഇതെങ്ങനെ സഹായിക്കും?

സൈക്കിൾ സിങ്കിങ്ങിന് ശാസ്ത്രീയ സ്ഥിരീകരണം ഇല്ലെങ്കിലും, സ്വന്തം ആർത്തവചക്രത്തെ നിരീക്ഷിക്കുന്നത് (Tracking) താഴെ പറയുന്ന ഗുണങ്ങൾ നൽകും:

  • ശാരീരികവും മാനസികവുമായ മാറ്റങ്ങൾ തിരിച്ചറിയാനാകും
  • കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാം
  • അമിതമായ വേദന, അമിത രക്തസ്രാവം, അല്ലെങ്കിൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പി എം എസ് ലക്ഷണങ്ങൾ എന്നിവ മുൻകൂട്ടി അറിയുന്നത്, കൃത്യസമയത്ത് ചികിത്സ തേടാൻ സഹായകമാകും

ജീവിതശൈലി ക്രമീകരിക്കാൻ ചില പ്രായോഗിക മാർഗ്ഗങ്ങൾ

സൈക്കിൾ സിങ്കിങ് രീതിയെ സങ്കീർണ്ണ പ്രക്രിയയായി കാണുന്നതിന് പകരം, സ്വന്തം ശരീരത്തെ മനസ്സിലാക്കാനും പരിപാലിക്കാനുമുള്ള ഒരു മാർഗ്ഗമായി കാണുന്നത് ഗുണം ചെയ്യും. 

ഇതിനായി താഴെ പറയുന്നവ പരീക്ഷിക്കാവുന്നതാണ്:

1. ആർത്തവചക്രത്തെ അടുത്തറിയുക

ഒരു ആപ്പ് വഴിയോ ഡയറിയിലോ നിങ്ങളുടെ ആർത്തവചക്രം സംബന്ധിച്ച വിവരങ്ങൾ നിരീക്ഷിച്ച് 2-3 മാസം തുടർച്ചയായി രേഖപ്പെടുത്തുക എന്നതാണ് ആദ്യമായി വേണ്ടത്. ഓരോ സമയത്തും നിങ്ങളുടെ ഊർജ്ജം, മൂഡ്, വിശപ്പ്, ഉറക്കം എന്നിവയിൽ വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുക. മറ്റുള്ളവർ തയ്യാറാക്കിയ പ്ലാൻ പിന്തുടരുന്നതിനേക്കാൾ, സ്വന്തം ശരീരത്തിന്റെ താളം സ്വയം തിരിച്ചറിയുന്നതാണ് ഏറ്റവും നല്ലത്.

2. പോഷകങ്ങൾക്ക് മുൻഗണന നൽകണം

ഓരോ ഘട്ടത്തിലും പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലാവരിലും ഒരുപോലെ ഫലം നൽകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും, പോഷകഗുണമുള്ള ആഹാരം കഴിക്കുന്നത് ആർത്തവകാലത്തെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കും:

  • ആർത്തവ സമയത്തെ രക്തനഷ്ടം പരിഹരിക്കാൻ ഇരുമ്പ് (Iron) ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
  • മെഡിറ്ററേനിയൻ ശൈലി: പച്ചക്കറികൾ, പ്രോട്ടീൻ, ധാന്യങ്ങൾ, നല്ല കൊഴുപ്പ് (Healthy fats) എന്നിവ അടങ്ങിയ ഭക്ഷണരീതി ശരീരത്തിലെ വീക്കവും (Inflammation) അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും

ഓരോ ഘട്ടത്തിലും പ്രത്യേക സൂപ്പർ ഫുഡുകൾ അന്വേഷിച്ചു പോകുന്നതിനേക്കാൾ, ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന പോഷകാഹാരങ്ങൾ സ്ഥിരമായി കഴിക്കുകയാണ് വേണ്ടത്.

3. ഊർജ്ജത്തിനനുസരിച്ച് വ്യായാമം 

 “ഫോളിക്കുലാർ ഘട്ടത്തിൽ സ്ട്രെങ്ത് ട്രെയിനിംഗ് മാത്രമേ ചെയ്യാവൂ” എന്നൊക്കെയുള്ള കടുപ്പമേറിയ നിയമങ്ങൾ പിന്തുടരുന്നതിന് പകരം, ഓരോ ദിവസവും നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കുക:

  • ഊർജ്ജം കുറഞ്ഞ ദിവസങ്ങളിൽ: യോഗ, നടത്തം, ലളിതമായ സ്ട്രെച്ചിംഗ് തുടങ്ങിയ ലഘുവായ വ്യായാമങ്ങൾ പരീക്ഷിക്കുക
  • ഊർജ്ജം കൂടിയ ദിവസങ്ങളിൽ: നിങ്ങൾക്ക് ശാരീരികമായി ഉന്മേഷം തോന്നുന്നുണ്ടെങ്കിൽ മാത്രം കഠിനമായ വർക്കൗട്ടുകൾ ചെയ്യാവുന്നതാണ്. ഇങ്ങനെ ശരീരത്തിന്റെ അവസ്ഥയറിഞ്ഞ് വ്യായാമം ചെയ്യുന്നത് അമിതമായ ക്ഷീണം ഒഴിവാക്കാനും വ്യായാമം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കും

4. ശാരീരിക ബുദ്ധിമുട്ടുള്ളപ്പോൾ വിശ്രമത്തിന് പ്രാധാന്യം നൽകുക

ആർത്തവ സമയത്തോ അല്ലെങ്കിൽ അതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലോ കഠിനമായ വയറുവേദനയോ ക്ഷീണമോ അനുഭവപ്പെടുകയാണെങ്കിൽ വിശ്രമിക്കാൻ മടിക്കരുത്. സ്വസ്ഥമായ ഉറക്കവും മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വഴികളും ശാന്തമായ അന്തരീക്ഷവും ഉറപ്പാക്കുന്നത് വലിയ മാറ്റം കൊണ്ടുവരും. സൈക്കിൾ സിങ്കിങ് ഒരു ചികിത്സാരീതിയല്ലെങ്കിൽ പോലും, ഇത്തരം മുൻകരുതലുകൾ നിങ്ങളുടെ മനസ്സിനും ശരീരത്തിനും വലിയ ആശ്വാസം നൽകും.

ശരീരത്തിന്റെ താളം തിരിച്ചറിയുക

സൈക്കിൾ സിങ്കിങ്ങിൽ കർക്കശനിയമങ്ങളൊന്നുമില്ല. അത് ആർത്തവ സമയത്തെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരവുമല്ല. ഓരോ ഘട്ടത്തിനും അനുസരിച്ചുള്ള പ്രത്യേക ഭക്ഷണക്രമവും നിശ്ചിത വ്യായാമങ്ങളും വേണമെന്ന നിർദ്ദേശത്തെ ശാസ്ത്രം പൂർണ്ണമായി പിന്തുണയ്ക്കുന്നില്ലെങ്കിലും, ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളുടെ ശാരീരിക – മാനസികാവസ്ഥകളെ സ്വാധീനിക്കുന്നു എന്നത് തികച്ചും യാഥാർത്ഥ്യമാണ്.

സ്വന്തം ആർത്തവചക്രത്തെക്കുറിച്ചും ശരീരത്തിന്റെ രീതികളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ തിരിച്ചറിവോടെ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ വിശ്രമിക്കാനും പോഷകഗുണമുള്ള ആഹാരം കഴിക്കാനും ശരീരത്തിന് താങ്ങാൻ കഴിയുന്ന രീതിയിൽ വ്യായാമം ചെയ്യാനും ഇത് സഹായിക്കുന്നു. സ്വന്തം ശരീരത്തെ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നതിനാണ്  സൈക്കിൾ സിങ്കിങ്  ഊന്നൽ നൽകുന്നത്.

References

  1. Cycle Syncing: Everything You Need To Know
  2. Menstruation and Menstrual Problems

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe