“അമ്മേ എനിക്ക് സ്കൂളിൽ ഒരു ക്രഷ്…”

“അമ്മേ എനിക്ക് സ്കൂളിൽ ഒരു ക്രഷ്…”

പത്തോ പതിമൂന്നോ വയസ്സ് പ്രായമുള്ളപ്പോള്‍ ജീവിതത്തില്‍ പെട്ടെന്നൊരു ചുഴലിക്കാറ്റ് പോലെ ആ തോന്നല്‍ കടന്നുവരാം. എതിര്‍ലിംഗത്തില്‍പ്പെട്ടവരോടുള്ള ആകര്‍ഷണം കുട്ടികളെ അവരറിയാതെ വന്ന് പൊതിയുന്നു. ഇന്നത്തെ കുട്ടികളും കൗമാരക്കാരും പക്ഷെ വ്യത്യസ്തരാണ്. അവര്‍ മുന്‍ തലമുറക്കാരെ പോലെ ഒന്നും മറച്ചു പിടിക്കുന്നില്ല. ‘എനിക്കൊരു പ്രേമമുണ്ട്’ എന്ന് മാതാപിതാക്കളോട് തുറന്നു പറയാന്‍ അവര്‍ക്ക് മടിയൊന്നുമില്ല. ഇന്നത്തെ മാതാപിതാക്കളും അത് ഉള്‍ക്കൊള്ളുന്നവരാണ്. എന്നാല്‍ കുട്ടികളുടെ ആ പറച്ചിലിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണ് എന്ന കാര്യത്തില്‍ നമുക്ക് അല്‍പ്പം സംശയമുണ്ടാകാം. ചെറിയ ആശയക്കുഴപ്പവും ഉണ്ടാകാം.

പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളില്‍ ഉള്ളത് ശരിക്കും പ്രണയമാണോ? അതോ വെറുമൊരു ചാപല്യമോ? അതുമല്ലെങ്കില്‍ ആ ചെറിയ കുട്ടികളില്‍ നമുക്ക് കാണാനാകാത്ത മറ്റെന്തെങ്കിലും സംഭവിക്കുന്നുണ്ടോ? ഒരു കാര്യം നമുക്കാദ്യമേ മനസ്സിലാക്കാം. അവരുടെയാ വികാരമുണ്ടല്ലോ. അത് യഥാര്‍ത്ഥമാണ് അതവരുടെ വളര്‍ച്ചയുടെ ഭാഗവുമാണ്.

അതുകൊണ്ട് ഒരു കാര്യം മനസ്സിലുറപ്പിക്കാം. കുട്ടികളുടെ പ്രണയ വികാരങ്ങള്‍ യഥാര്‍ത്ഥമാണ്! ഒരു കുട്ടിയോ കൗമാരക്കാരനോ/കാരിയോ താന്‍ പ്രണയത്തിലാണെന്ന് പറയുന്നുണ്ടെങ്കില്‍ അവര്‍ക്കത് അത്രമേല്‍ തീവ്രമായി അനുഭവപ്പെടുന്നു എന്നു തന്നെയാണര്‍ത്ഥം. കാരണം അവരുടെ തലച്ചോറും ശരീരവും കാര്യമായ ചില മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കാലമാണത്.

9 വയസ്സിനും 13 വയസ്സിനും ഇടയില്‍ എന്ത് സംഭവിക്കുന്നു?

9 വയസ്സു മുതല്‍ 13 വയസ്സ് വരെ ശരീരത്തില്‍ ഹോര്‍മോണുകള്‍ക്ക് സാരമായ വ്യതിയാനം സംഭവിച്ചു തുടങ്ങുന്നു. പ്രത്യേകിച്ച് പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ഈസ്ട്രജനും ടെസ്റ്റോസ്റ്റിറോണും. ഇവ ശാരീരികമായ മാറ്റങ്ങള്‍ മാത്രമല്ല ഉണ്ടാക്കുക. വൈകാരികമായ വളരെ സ്‌ഫോടനാത്മകമെന്നു പോലും വിശേഷിപ്പിക്കാവുന്ന മാറ്റങ്ങളുണ്ടാക്കുന്നു. ഇത് ശരീരത്തിന്റെയും മനസ്സിന്റെയും സംവേദനങ്ങളെ കാര്യമായി സ്വാധീനിക്കുന്നു.

നമ്മുടെ വികാരങ്ങള്‍ക്ക് ഉത്തരവാദിയായ തലച്ചോറിന്റെ ഭാഗമാണ് ലിംബിക് സിസ്റ്റം. ഈ ഭാഗം കൂടുതല്‍ സജീവമാകുന്ന പ്രായമാണിത് എന്നും അറിയുക. ചുരുക്കത്തില്‍ കുട്ടികളില്‍ വിരിയുന്ന പ്രണയഭാവം ശരിക്കും അവരാഗ്രഹിച്ചിട്ടല്ല, മറിച്ച് അവരുടെ ശരീരശാസ്ത്രപരമായ സ്വഭാവിക വ്യതിയാനങ്ങളാണ്.

നമ്മുടെ തീര്‍പ്പുകള്‍, ഉള്‍പ്രേരണകള്‍ തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്. ഈ ഭാഗത്തിന് 9-13 വയസ്സ് പ്രായത്തില്‍ പൂര്‍ണമായ പക്വത വരികയില്ലെന്ന് മനസ്സിലാക്കണം. അഥവാ ആ ഭാഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ത്തന്നെ വികാരങ്ങള്‍ കൈവിട്ട് സഞ്ചരിക്കും. അതിനാല്‍ വികാരങ്ങള്‍ നിയന്ത്രാണതീതമാകാം.

ഈ ചെറു പ്രായത്തിലും പ്രണയമോ?

മുതിര്‍ന്നവര്‍ക്ക് തോന്നാനിടയുള്ള സംശയമാണിത്. പ്രണയത്തെ നാം അനുഭവജ്ഞാനം കൊണ്ട് വലിയ നിര്‍വ്വചനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നതാണ്. എന്നാല്‍ അതിനോട് താരതമ്യപ്പെടുത്താന്‍ കഴിയുന്നതാകണമെന്നില്ല ഒരു കൗമാരക്കാരിയുടെ/കാരന്റെ പ്രണയ കൗതുകങ്ങള്‍. കൗമാരക്കാര്‍ പലപ്പോഴും ‘പ്രണയം’ എന്ന് വിളിക്കുന്നത് ആരാധന, ജിജ്ഞാസ, ശാരീരിക ആകര്‍ഷണം, വൈകാരിക അടുപ്പം എന്നിവയെല്ലാം കൂടിക്കുഴഞ്ഞ ഒരു അവസ്ഥയെയാണ്.

കട്ടികളുടെ ഈ പ്രണയത്തെ എങ്ങനെ തിരിച്ചറിയാം? നമ്മുടെ കുട്ടികള്‍ പ്രണയത്തില്‍ പെടുന്നത് ശ്രദ്ധിച്ചാല്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അത് അവരുടെ വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാവുയും ചെയ്യാറുണ്ട്. കുട്ടികള്‍ ഈ പ്രായത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. കുട്ടി പ്രണയത്തിലാണെങ്കില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി അവര്‍ ചെയ്യാത്തതൊന്നുമുണ്ടാകില്ല. ഈ വെപ്രാളമെല്ലാം കണ്ടാല്‍ കാര്യം മനസ്സിലാക്കിയെടുക്കാന്‍ മാതാപിതാക്കള്‍ക്ക് വലിയ പ്രയാസം കാണില്ല.

പ്രണയിക്കുന്ന സുഹൃത്തിനെ കാണുമ്പോള്‍ അവര്‍ കാണിക്കുന്ന പരിഭ്രാന്തിയും ആവേശവും വ്യക്തമായ സൂചനകളാകാം. ഈ പ്രായത്തിലുള്ള കുട്ടികള്‍ സിനിമയിലും മറ്റും കാണുന്ന നായികാനായകന്മാരെ അനുകരിക്കാന്‍ ശ്രമിക്കുന്നതും ദിവാസ്വപ്‌നങ്ങളില്‍ മുഴുകുന്നതും പ്രണയത്തില്‍ വീണുവെന്നതിന്റെ ലക്ഷണമാകാം. കുട്ടിയുടെ മനസ്സും ശരീരവും സാമൂഹിക-വൈകാരിക വികാസം പ്രാപിക്കുന്ന കാലമാണത്. അതൊരു ആരോഗ്യകരമായ മാനസിക പ്രക്രിയയുടെ ഭാഗമാണെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണം.

എന്തുകൊണ്ട് കുട്ടികള്‍ക്ക് ഈ വികാരം തീവ്രമായി തോന്നുന്നു?

പ്രണയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മസ്തിഷ്‌കത്തില്‍ ഡോപാമൈന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ (തലച്ചോറില്‍ സന്ദേശങ്ങള്‍ കൈമാറുന്ന രാസപദാര്‍ത്ഥം) പുറത്തുവിടുന്നു. മുതിര്‍ന്നവര്‍ എങ്ങനെ പ്രണയത്തിലാകുന്നു എന്നതിന് സമാനമായ അവസ്ഥയാണ് കുട്ടികളിലും ഉണ്ടാകുന്നത്. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം വികാരങ്ങളുടെ ഒരു കുതിപ്പ് കുട്ടിയില്‍ സൃഷ്ടിക്കുന്നു. എന്നാല്‍ പാകത എത്താത്ത കുട്ടിളുടെ തലച്ചോറുകള്‍ക്ക് ഈ വികാരങ്ങളെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ല. മനസ്സിലായത് പ്രകടിപ്പിക്കാനും കഴിയണമെന്നില്ല. അവരുടെ പ്രായത്തില്‍ അതൊന്നും പറയാനൊത്ത പദാവലികളൊന്നും കൈയിലുണ്ടാകില്ല. ഇതാണ് മുതിര്‍ന്നവരുടെയും കൗമാരക്കാരുടെയും പ്രണയങ്ങള്‍ തമ്മിലുള്ള വ്യത്യാസം.

കുറഞ്ഞ കാലത്തേക്ക് മാത്രമേ അവരുടെ പ്രണയം നിലനില്‍ക്കൂ എന്നാണെങ്കില്‍ പോലും അവരെ സംബന്ധിച്ച് ആ പ്രണയത്തിന്റെ തീവ്രത മുതിര്‍ന്നവരില്‍ നിന്നും ഒട്ടും കുറവായിരിക്കണമെന്നില്ല. അതാണ് ആ പ്രായത്തിന്റെ വൈകാരികതയുടെ സ്വഭാവം.

മാതാപിതാക്കളും മുതിര്‍ന്നവരും അറിയേണ്ട കാര്യങ്ങള്‍

കൗമാരക്കാരുടെ പ്രണയത്തെ അവഗണിക്കുകയോ ചിരിച്ചു തള്ളുകയോ ചെയ്യുന്നതിനുപകരം, മുന്‍വിധിയില്ലാതെ കേള്‍ക്കേണ്ടത് പ്രധാനമാണ്. അവരുടെ വികാരങ്ങളെ ആദ്യമേ അംഗീകരിക്കുക. ആരെയെങ്കിലും ഇഷ്ടപ്പെടുന്നത് വളരെ സാധാരണമായ കാര്യമാണെന്ന് അവരോട് പറയാം. അതിനെക്കുറിച്ച് സംസാരിക്കാന്‍ കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മനസ്സിലാക്കി കേള്‍ക്കാനിരിക്കാം.

ഒരു വഴികാട്ടിയാകാന്‍ സംശയിച്ചു നില്‍ക്കേണ്ടതില്ല. ‘നിനക്ക് അത് തോന്നാനുള്ള പ്രായമായിട്ടില്ല’ എന്നൊക്കെ പറയുന്നത് ഒഴിവാക്കുക. പകരം, പ്രണയ വികാരം ഒരു വളര്‍ച്ചാ പ്രക്രിയയായി മനസ്സിലാക്കാന്‍ അവരെ സഹായിക്കാം. മാധ്യമ സ്വാധീനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. ടിവി ഷോകള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സ്‌നേഹം, ബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുകകള്‍ വളച്ചൊടിക്കാന്‍ കഴിയും. കുട്ടികള്‍ അവയില്‍ എളുപ്പം വീഴുകയും ചെയ്യും. അതില്‍ ശ്രദ്ധ വെക്കേണ്ടത് നമ്മള്‍ രക്ഷിതാക്കളാണ്.

രക്ഷിതാക്കള്‍ തന്നെയാണ് ഈ കാര്യത്തില്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടത്. മാതാപിതാക്കള്‍ സ്‌നേഹം, ബഹുമാനം എന്നിവ എങ്ങനെയാണ് പ്രകടിപ്പിക്കുന്നത് എന്ന് കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ എങ്ങനെയാണ് അതിരുകള്‍ പാലിക്കുന്നത് എന്നതും കുട്ടികള്‍ പഠിക്കുന്നു. ആരോഗ്യകരമായ വൈകാരിക പെരുമാറ്റം മാതാപിതാക്കളില്‍ നിന്നുണ്ടാകണം. മാതാപിതാക്കള്‍ വൈകാരികമായി ചപലരാണെങ്കില്‍ കുട്ടികളും അത് അനുകരിക്കാനിടയുണ്ട്.

ഇത് ദോഷകരമാണോ? ആശങ്കപ്പെടേണ്ടതുണ്ടോ?

മിക്ക കേസുകളിലും കൗമാരപ്രണയം നിരുപദ്രവകരവും അവരുടെ വളര്‍ച്ചയുടെ ഭാഗവുമാണ്. എന്നിരുന്നാലും ചില കാര്യങ്ങളില്‍ ശ്രദ്ധ വെക്കാവുന്നതാണ്:

  • വൈകാരിക ആസക്തിയോ അസ്വാസ്ഥ്യമോ അവര്‍ക്കുണ്ടോയെന്നത് ശ്രദ്ധിക്കുക.
  • സമപ്രായക്കാര്‍ക്കിടയിലെ പ്രണയം കുട്ടിക്ക് സമ്മര്‍ദ്ദമായി മാറുന്നുണ്ടോ?
  • കുട്ടി വല്ലാതെ രഹസ്യാത്മകമായി പെരുമാറുക.
  • അവര്‍ ഒരു ബന്ധത്തില്‍ അമിതമായി മുഴുകുക.

ഇതിനൊന്നും അവരെ ശിക്ഷിക്കരുത്. അവര്‍ക്ക് ഈ സമയത്ത് നിങ്ങളുടെ പിന്തുണയാണ് ആവശ്യം. കുട്ടിക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു ഇടം നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുക. കൂടാതെ, ബന്ധുക്കളോ പരിചതരോ അപരിചരിതരോ ആരാണെങ്കിലും അനതിസാധാരണമായ രീതിയില്‍ അടുപ്പം കാണിക്കുന്നത് രക്ഷിതാക്കള്‍ക്ക് ശ്രദ്ധിക്കേണ്ടതാണ്.

നെല്ലിക്ക.ലൈഫ് ടിപ്‌സ്

10 വയസ്സിലോ 13 വയസ്സിലോ പ്രണയത്തിലാകുക എന്നതിന് ആ കുട്ടി പ്രായപൂര്‍ത്തിയായി എന്നല്ല അര്‍ത്ഥം. അവര്‍ ലോകത്തോട് ബന്ധപ്പെടാനും അതിനെ അനുഭവിക്കാനും ശ്രമിക്കുകയാണ്. സ്വപ്നം കാണാന്‍ പഠിക്കുകയാണ്. ഈ കൗമാരകാല വൈകാരിക അനുഭവങ്ങള്‍ അവരുടെ ഭാവി ബന്ധങ്ങളെ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൗമാര പ്രണയത്തെ തള്ളിക്കളയരുത്. അതിനെ രക്ഷിതാക്കള്‍ ഭയപ്പെടുകയും ചെയ്യരുത്. വളര്‍ച്ചയുടെ മനോഹരമായ പടവുകളിലൊന്നാണത്. കുട്ടികളുടെ വിസ്മയകരമായ ഒരു യാത്രയുടെ ഭാഗമായി നമുക്കതിനെ മനസ്സിലാക്കാം. അതിനെ നയിക്കാം. കുട്ടികളുടെ വൈകാരിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാം.

രോഗങ്ങളെയും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ചുമുള്ള ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ക്കും Nellikka.life-ല്‍ വരിക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.

References :
Having and being an other-sex crush during early adolescence
Evaluating the Psychological Concomitants of Other-Sex Crush Experiences During Early Adolescence

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe