അൽപ്പം ആഹാരം കഴിച്ചാലും വയർ വീർക്കുന്നുണ്ടോ? കാരണങ്ങൾ ഇവയാകാം!

ആധുനിക കാലത്തെ സർവ്വസാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് വയറുവീർക്കൽ (Bloating). എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നുക, അൽപ്പം ആഹാരം കഴിച്ചാൽപ്പോലും വയർ വീർത്തുവരിക, വയറിൽ ഭാരം തോന്നുക, വരിഞ്ഞുമുറുക്കിയപോലെ അനുഭവപ്പെടുക- ഇങ്ങനെ വയറിലെ അസ്വസ്ഥതകൾ പലരീതിയിൽ വരാം. ചിലർക്ക് ഭക്ഷണം കഴിഞ്ഞാലുടൻ ഇതനുഭവപ്പെടുമെങ്കിൽ, മറ്റ് ചിലർക്ക് മണിക്കൂറുകൾക്ക് ശേഷമായിരിക്കും ഈ അസ്വസ്ഥത വരുന്നത്.
ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ഇങ്ങനെ സംഭവിക്കുമ്പോൾ, ദഹനപ്രക്രിയയിൽ എന്തോ വലിയ തകരാർ ഉണ്ടെന്ന് നമ്മൾ കരുതും. എന്നാൽ വാസ്തവത്തിൽ, വയർ വീർക്കുന്നത് എപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് മാത്രമാകണമെന്നില്ല.
വയർ വീർക്കുന്നത്, ശരീരം നൽകുന്ന ഒരു വലിയ സൂചനയാണ്. നമ്മുടെ ദഹനവ്യവസ്ഥ, നാഡീവ്യൂഹം, ഹോർമോണുകൾ, വൈകാരികാവസ്ഥ, ജീവിതശൈലി എന്നിവയെല്ലാം പരസ്പര പൂരകമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രതിഫലനമാണിത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കി പരിഹരിക്കണമെങ്കിൽ, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്താണ് ബ്ലോട്ടിങ് (Bloating)?
വയർ നിറഞ്ഞിരിക്കുന്നതുപോലെയോ അല്ലെങ്കിൽ വയറിനുള്ളിൽ എന്തോ തടഞ്ഞു നിൽക്കുന്നതുപോലെയോ തോന്നുന്ന അവസ്ഥയെയാണ് നാം ‘ബ്ലോട്ടിങ്’ എന്ന് വിളിക്കുന്നത്. ഇത് പുറമേയ്ക്ക് പ്രകടമാകണമെന്നില്ല. ചിലർക്ക് വയർ സാധാരണ നിലയിലാണെങ്കിലും ഉള്ളിൽ വലിയ അസ്വസ്ഥതയും ഭാരവും തോന്നും. മറ്റു ചിലരിൽ വയർ പുറത്തേക്ക് തള്ളിവരുന്നത് വ്യക്തമായി കാണാൻ സാധിക്കും.
പൊതുവെ ബ്ലോട്ടിംഗും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ഒന്നാണെന്ന് കരുതുന്നവരുണ്ട്. വയറിൽ അമിതമായി വായു (Gas) നിറഞ്ഞാൽ മാത്രമല്ല ബ്ലോട്ടിങ് ഉണ്ടാകുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനേക്കാൾ ഉപരിയായി, നമ്മുടെ ദഹനവ്യവസ്ഥ ഇത്തരം അവസ്ഥകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ അസ്വസ്ഥത ഉണ്ടാകുന്നത്.
ഓരോ തവണ ആഹാരം കഴിക്കുമ്പോഴും വയർ വീർക്കുന്നുണ്ടെങ്കിൽ അത് ഗൗരവമായി കാണണം. എപ്പോഴെങ്കിലും അമിതമായി ആഹാരം കഴിക്കുമ്പോഴോ അല്ലെങ്കിൽ പതിവില്ലാത്ത തരം ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ വയർ വീർക്കുന്നത് സാധാരണമാണ്. എന്നാൽ എന്ത് കഴിച്ചാലും, അത് ലഘുഭക്ഷണമായാൽ പോലും, വയർ വീർക്കുന്നുണ്ടെങ്കിൽ അത് ശരീരം നൽകുന്ന മുന്നറിയിപ്പാണ്.
ഈ അവസ്ഥ താഴെ പറയുന്ന ചില പ്രധാന കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു:
- തലച്ചോറും ദഹനവ്യവസ്ഥയും തമ്മിലുള്ള ആശയവിനിമയത്തിലെ തകരാർ.
- നാഡീവ്യൂഹത്തിലെ അസന്തുലിതാവസ്ഥ (Nervous system dysregulation).
- ശരീരത്തിനുള്ളിലെ വീക്കം (Low-grade inflammation)
- ഹോർമോൺ മാറ്റങ്ങളും മാനസിക സമ്മർദ്ദവും
ചുരുക്കത്തിൽ, ദഹനവ്യവസ്ഥയ്ക്ക് പ്രവർത്തനത്തകരാർ ഉള്ളതുകൊണ്ടല്ല, മറിച്ച് അത് ഓരോ സാഹചര്യങ്ങളോടും അമിതമായി പ്രതികരിക്കുന്നത് (Overreacting) കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ദഹനം വെറുമൊരു യാന്ത്രിക പ്രക്രിയയല്ല!
യഥാർത്ഥത്തിൽ, ദഹനം ആരംഭിക്കുന്നത് നമ്മുടെ വയറ്റിലല്ല, തലച്ചോറിലാണ്. നമ്മുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ആ സമയത്തെ നമ്മുടെ മാനസികാവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
റെസ്റ്റ് ആൻഡ് ഡൈജസ്റ്റ്: മനസ്സ് ശാന്തമായിരിക്കുമ്പോൾ, ശരീരം ദഹനത്തിന് അനുയോജ്യമായ അവസ്ഥയിലേക്ക് മാറുന്നു. ആ സമയത്ത് ദഹനരസങ്ങൾ (Enzymes) കൃത്യമായി ഉൽപ്പാദിപ്പിക്കപ്പെടുകയും വയറിലെ പേശികൾ ശരിയായ താളത്തിൽ ചലിക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു.
എന്നാൽ നമ്മൾ ശാരീരികമായോ മാനസികമായോ സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ശരീരം ദഹനപ്രക്രിയയ്ക്ക് മുൻഗണന നൽകില്ല.
ബ്ലോട്ടിങ് കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യങ്ങൾ:
- വിട്ടുമാറാത്ത മാനസിക സമ്മർദ്ദം (Chronic Stress): എപ്പോഴും ആകുലതകളിൽ കഴിയുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കും.
- തിടുക്കപ്പെട്ട് ഭക്ഷണം കഴിക്കുന്നത്: വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ദഹനരസങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ സമയം ലഭിക്കില്ല.
- മറ്റു കാര്യങ്ങളിൽ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുന്നത്: ഫോണിലോ ടിവിയിലോ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുമ്പോൾ ശരീരം ആഹാരത്തെ സ്വീകരിക്കാൻ പൂർണ്ണമായി തയ്യാറെടുക്കില്ല.
- വൈകാരിക ബുദ്ധിമുട്ടുകൾ: സങ്കടമോ ദേഷ്യമോ ഉള്ളപ്പോൾ ആഹാരം കഴിക്കുന്നത് വയറിൽ അസ്വസ്ഥതയുണ്ടാക്കും.
ചുരുക്കത്തിൽ, നാം എന്ത് കഴിക്കുന്നു എന്നതിനേക്കാൾ, ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശരീരം എത്രത്തോളം സമാധാനപരമായ അവസ്ഥയിലാണ് എന്നതിനാണ് ദഹനവ്യവസ്ഥ കൂടുതൽ പ്രാധാന്യം നൽകുന്നത്.
കുടലും തലച്ചോറും തമ്മിലുള്ള ബന്ധം
നമ്മുടെ തലച്ചോറും ദഹനവ്യവസ്ഥയും തമ്മിൽ നാഡികളും ഹോർമോണുകളും വഴി, അഗാധബന്ധം പുലർത്തുന്നുണ്ട്. ഇതിനെയാണ് ‘ഗട്ട്-ബ്രെയിൻ ആക്സിസ്’ (Gut-Brain Axis) എന്ന് വിശേഷിപ്പിക്കുന്നത്. വയർ നിറയുന്നതും വയറിലെ പേശികൾ വികസിക്കുന്നതും ഭക്ഷണത്തിന്റെ ചലനവുമെല്ലാം ഈ സംവിധാനത്തിലൂടെയാണ് മസ്തിഷ്ക്കം തിരിച്ചറിയുന്നത്.
വിട്ടുമാറാത്ത ബ്ലോട്ടിങ് അനുഭവിക്കുന്ന പലരിലും കുടലിൽ
അമിതമായ സംവേദനക്ഷമത (Hypersensitivity) ഉണ്ടാകും.
ദഹനപ്രക്രിയ സാധാരണ രീതിയിൽ നടക്കുമ്പോഴും, അത് വലിയൊരു ബുദ്ധിമുട്ടായി ശരീരത്തിന് അനുഭവപ്പെടുന്നു. ലഘുഭക്ഷണം കഴിച്ചാൽ പോലും വയർ വല്ലാതെ വീർത്തതുപോലെ തോന്നാം.
വൈദ്യശാസ്ത്രത്തിൽ ഈ അവസ്ഥയെ ‘വി സെറൽ ഹൈപ്പർസെൻസിറ്റിവിറ്റി’ (Visceral Hypersensitivity) എന്നാണ് പറയുന്നത്. അതായത്, നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് തകരാർ ഉള്ളതുകൊണ്ടല്ല, മറിച്ച് അവിടെയുള്ള അനുഭവങ്ങളെ (Sensations) മസ്തിഷ്ക്കം പെരുപ്പിച്ചു കാണിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നർത്ഥം.
മാനസിക സമ്മർദ്ദം: ബ്ലോട്ടിംഗിന് പിന്നിലെ പരോക്ഷ കാരണം
വിട്ടുമാറാത്ത വയർ വീർക്കലിന് കാരണമാകുന്ന, എന്നാൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഘടകമാണ് മാനസിക സമ്മർദ്ദം (Chronic Stress). സ്ട്രെസ് പല രീതിയിലും ദഹനത്തെ ബാധിക്കുന്നു:
- ആമാശയത്തിൽ ആസിഡും എൻസൈമുകളും ഉൽപ്പാദിപ്പിക്കപ്പെടുന്നത് കുറയുന്നു. ഇത് ദഹനം സാവധാനത്തിലാക്കും.
- കുടലിന്റെ സ്വാഭാവികമായ ചലനത്തിന് തടസ്സം നേരിടുന്നു
- വയറിലെ പേശികൾ വലിഞ്ഞു മുറുകുന്നു
- ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നു
നമ്മൾ പോഷകസമൃദ്ധമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും, ശരീരം സമ്മർദ്ദത്തിലാണെങ്കിൽ അത് ശരിയായി ദഹിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാണ് താഴെ പറയുന്ന സമയങ്ങളിൽ ബ്ലോട്ടിങ് വർദ്ധിക്കുന്നത്:
- ജോലിത്തിരക്കുള്ള ദിവസങ്ങളിൽ
- വൈകാരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ
- യാത്ര ചെയ്യുമ്പോൾ
- കൃത്യമായ ദിനചര്യകൾ പാലിക്കാത്തപ്പോൾ
ഹോർമോണുകളും ബ്ലോട്ടിംഗും
ഹോർമോൺ മാറ്റങ്ങൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ സാരമായി സ്വാധീനിക്കാറുണ്ട്. പലപ്പോഴും ഹോർമോൺ വ്യതിയാനങ്ങൾ ദഹനത്തെ മാത്രമല്ല, ദഹനം നടക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകളെയും വർദ്ധിപ്പിക്കുന്നു.
സ്ത്രീകളിൽ താഴെ പറയുന്ന സമയങ്ങളിൽ ബ്ലോട്ടിങ് കൂടാൻ സാധ്യതയുണ്ട്:
- ആർത്തവ ചക്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ വയറു വീർക്കാനിടയാക്കാം
- പെരിമെനോപോസ് അല്ലെങ്കിൽ മെനോപോസ് സമയത്ത്
- തൈറോയ്ഡ് ഹോർമോണിലെ അസന്തുലിതാവസ്ഥ ദഹനപ്രക്രിയ മന്ദഗതിയിലാക്കാം
സ്ത്രീകളിലായാലും പുരുഷന്മാരിലായാലും, കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോൺ കുടലിന്റെ ചലനത്തെയും സംവേദനക്ഷമതയേയും നേരിട്ട് ബാധിക്കുന്നു.
ഇത് ശരിക്കും ഭക്ഷണത്തിന്റെ കുഴപ്പം തന്നെയാണോ?
പലർക്കും ഭക്ഷണത്തോട് അലർജിയോ സെൻസിറ്റിവിറ്റിയോ (Food sensitivities) ഉണ്ടാകാറുണ്ട്. എന്നാൽ എല്ലാ ബ്ലോട്ടിംഗിനും കാരണം ഭക്ഷണമാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.
ഭക്ഷണത്തോടുള്ള അസഹിഷ്ണുത (Food intolerance) മൂലമാണ് പ്രശ്നം ഉണ്ടാകുന്നതെങ്കിൽ, ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മാത്രം ലക്ഷണങ്ങൾ പ്രകടമാകും. കാലക്രമേണ ഒരു കൃത്യമായ പാറ്റേൺ ഇതിൽ കാണാൻ സാധിക്കും.
എന്നാൽ എന്ത് കഴിച്ചാലും അത് ബ്ലോട്ടിംഗിന് കാരണമാകുന്നുണ്ടെങ്കിൽ, പ്രശ്നം ഭക്ഷണത്തിന്റെയല്ല. താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാകാമത്.
- കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാത്തത്
- നാഡീവ്യൂഹത്തിലെ അസന്തുലിതാവസ്ഥ
- കുടലും തലച്ചോറും തമ്മിലുള്ള ആശയവിനിമയത്തിലെ തകരാർ
പലപ്പോഴും വയറുവീർക്കുന്നതു പേടിച്ച് ചില ആഹാരപദാർത്ഥങ്ങൾ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നത് ലക്ഷണങ്ങളെ താൽക്കാലികമായി കുറച്ചേക്കാം. എന്നാൽ കാലക്രമേണ ഇത്, ഭക്ഷണത്തോടുള്ള പേടി കൂട്ടാനും കുടലിന്റെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനും മാത്രമേ സഹായിക്കൂ.
ഇരിപ്പും ശ്വസന രീതിയും വയറിലെ ബുദ്ധിമുട്ടും
വയറു വീർക്കുന്നത് എപ്പോഴും ശരീരത്തിനകത്തെ മാത്രം പ്രശ്നം കൊണ്ടാകണമെന്നില്ല. ബാഹ്യ ഘടകങ്ങളുമായും (Mechanical) അത് ബന്ധപ്പെട്ടിരിക്കുന്നു.
തെറ്റായ രീതിയിലുള്ള ഇരിപ്പും നടപ്പും (Poor posture), ശ്വാസോച്ഛ്വാസത്തിലെ പ്രശ്നങ്ങൾ, വയറിലെ പേശികൾ എപ്പോഴും മുറുകിയിരിക്കുന്നത് എന്നിവയെല്ലാം താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം:
- കുടലിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നു
- വായു തങ്ങിനിൽക്കാൻ കാരണമാകുന്നു
- വയറ്റിൽ എപ്പോഴും മുറുക്കം അനുഭവപ്പെടുന്നു
മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ അറിയാതെ തന്നെ വയർ ഉള്ളിലേക്ക് വലിച്ച് പേശികൾ മുറുക്കി വെയ്ക്കുന്നവർക്ക്, വളരെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചാൽ പോലും ബ്ലോട്ടിങ് അനുഭവപ്പെടാറുണ്ട്.
ദീർഘമായി ശ്വാസമെടുക്കാൻ ശീലിക്കുന്നതും (Deep breathing), വയറിലെ പേശികൾ അയച്ചുവിടാൻ (Relax) പഠിക്കുന്നതും അസ്വസ്ഥതകൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
കുടലിലെ ബാക്ടീരിയകളുടെ പങ്ക്
കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തെറ്റുന്നത് വയർ വീർക്കുന്നതിന് കാരണമാകാറുണ്ട്. ഇത് താഴെ പറയുന്ന രീതിയിൽ ശരീരത്തെ ബാധിക്കാം:
- ശരീരത്തിനുള്ളിലെ വീക്കം (Inflammation): ഇത് ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കും.
- കുടലിന്റെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നു: സാധാരണ ദഹനം പോലും വേദനയോ അസ്വസ്ഥതയോ ഉള്ളതാക്കി മാറ്റുന്നു.
- ദഹനത്തിന്റെ വേഗതയെ ബാധിക്കുന്നു: ഭക്ഷണത്തിന്റെ സ്വാഭാവിക 1 ചലനത്തെ ഇത് തടസ്സപ്പെടുത്താം.
എന്നാൽ, ബ്ലോട്ടിംഗിന്റെ കൃത്യമായ കാരണം മനസ്സിലാക്കാതെ അമിതമായി പ്രോബയോട്ടിക്കുകൾ (Probiotics) കഴിക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.
വയറു വീർക്കുന്നത് അസുഖമല്ല, സൂചന
ദഹനവ്യവസ്ഥ നൽകുന്ന സന്ദേശമാണ് ബ്ലോട്ടിങ്. അസ്വസ്ഥതകൾ വെളിപ്പെടുത്തുന്ന രീതിയായി വയറു വീർക്കലിനെ കണക്കാക്കാം.
നിരന്തരമായി ബ്ലോട്ടിങ് അനുഭവിക്കുന്നവരിൽ ഉത്കണ്ഠ, ക്ഷീണം, മസ്തിഷ്ക മന്ദത അഥവാ ബ്രെയ്ൻ ഫോഗ്, ഉറക്കമില്ലായ്മ എന്നീ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ബ്ലോട്ടിങ് കുറയ്ക്കാനുള്ള ചില മാർഗ്ഗങ്ങൾ
- സ്ക്രീനുകൾ ഒഴിവാക്കി, സാവധാനം ചവച്ചരച്ച് ശ്രദ്ധയോടെ ഭക്ഷണം കഴിച്ച് ശീലിക്കുക
- എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക
- ആഹാരം കഴിക്കാൻ തുടങ്ങുന്നതിന് മുൻപ് രണ്ട് മിനിറ്റ് ദീർഘമായി ശ്വാസമെടുക്കുന്നത് ശരീരത്തെ ശാന്തമാക്കാൻ സഹായിക്കും
- ഭക്ഷണത്തിന് ശേഷം ചെറിയ നടത്തമോ അല്ലെങ്കിൽ ലഘുവായ യോഗാസനങ്ങളോ ശീലിക്കുന്നത് ദഹനം സുഗമമാക്കും
- ജീവിതത്തിലെ സമ്മർദ്ദങ്ങളെ കുറയ്ക്കാൻ മനപ്പൂർവ്വം ശ്രമിക്കുക
“ഏത് ഭക്ഷണമാണ് ഒഴിവാക്കേണ്ടത്?” എന്ന് ചിന്തിക്കുന്നതിന് പകരം, “ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് എങ്ങനെ സ്വസ്ഥതയും സമാധാനവും നൽകാം?” എന്ന് ചിന്തിച്ചു തുടങ്ങുക. ആ മാറ്റമായിരിക്കും നിങ്ങളുടെ ദഹനാരോഗ്യത്തിലേക്കുള്ള ആദ്യ ചുവട്.
ഡോക്ടറെ കാണേണ്ടതെപ്പോൾ?
സാധാരണ ഗതിയിലുണ്ടാകുന്ന വയറു വീർക്കൽ ജീവിതശൈലീ മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്നതാണ്. എന്നാൽ, ബ്ലോട്ടിംഗിനോടൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്:
- അകാരണമായി ശരീരഭാരം കുറയുക
- വിട്ടുമാറാത്ത വയറുവേദന
- മലത്തിൽ രക്തം കാണുക
- കഠിനമായ മലബന്ധമോ വയറിളക്കമോ തുടങ്ങി ദഹനപ്രക്രിയയിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ ഉണ്ടാകുക
- ഉറക്കത്തിനിടയിൽ വയറിലെ ബുദ്ധിമുട്ടുകൾ കാരണം ഉണരുന്ന അവസ്ഥയുണ്ടാകുക
ഇത്തരം ലക്ഷണങ്ങൾ പ്രത്യേക ചികിത്സ ആവശ്യമായ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. അതിനാൽ ഇവ അവഗണിക്കാതെ കൃത്യസമയത്ത് വൈദ്യസഹായം തേടുക.
വയർ വീർക്കുന്നത് നമ്മുടെ ശരീരം നൽകുന്ന ഒരു സന്ദേശമാണ്. ആ സന്ദേശം എന്താണെന്ന് മനസ്സിലാക്കി വേണം നമ്മൾ പ്രവർത്തിക്കാൻ. നമ്മുടെ ദഹനവ്യവസ്ഥ, അസ്വസ്ഥതകളുടെ രൂപത്തിലാണ് ആന്തരികതലത്തിലെ അസ്വാഭാവികതകൾ പ്രകടിപ്പിക്കുന്നത്. സമാധാനത്തോടെ നല്ല ആഹാരം കഴിക്കുകയും ശരീരത്തിന്റെ സ്വാഭാവിക താളത്തെ പരിഗണിക്കുകയും ചെയ്താൽ, ബ്ലോട്ടിങ് തനിയെ കുറഞ്ഞു തുടങ്ങും.
ഭക്ഷണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെയല്ല, ശരിയായ രീതിയിലുള്ള ക്രമീകരണങ്ങളിലൂടെയാണ് ദഹനാരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.
ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും വയറു വീർക്കുന്നത് ദഹനം ശരിയല്ലാത്തത് കൊണ്ടാകണം എന്നില്ല. മാനസിക സമ്മർദ്ദം, ശരീരത്തിന്റെ അമിത സംവേദനക്ഷമത എന്നീ ഘടകങ്ങളും പ്രധാനമാണ്. ദഹനവ്യവസ്ഥയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകി, സ്വസ്ഥമായും സമാധാനത്തോടെയും നല്ല ആഹാരം ശീലമാക്കിയാൽ വയറിലെ അസ്വസ്ഥതകളും മാറും.




