പരിശോധനകളിൽ കുഴപ്പമില്ല, എങ്കിലും തളർച്ച തോന്നുന്നുണ്ടോ?  പുരുഷന്മാർ അവഗണിക്കുന്ന ചില വസ്തുതകൾ 

പരിശോധനകളിൽ കുഴപ്പമില്ല, എങ്കിലും തളർച്ച തോന്നുന്നുണ്ടോ?  പുരുഷന്മാർ അവഗണിക്കുന്ന ചില വസ്തുതകൾ 

“റിപ്പോർട്ടുകളെല്ലാം നോർമൽ ആണ്, കുഴപ്പമൊന്നുമില്ല.”

ഈ വാചകത്തിൽ ആരോഗ്യം സംബന്ധിച്ച ആശങ്കകളെല്ലാം പല പുരുഷൻമാരും ഒഴിവാക്കും. എങ്കിലും അവരുടെ മടുപ്പും തളർച്ചയും മാറാതെ തുടരുകയും ചെയ്യും.

ക്ഷീണം അപ്പോഴും ബാക്കിയുണ്ടാകും. മനസ്സിലെ അസ്വസ്ഥത വിട്ടുമാറില്ല. ഒന്നിനും ഉത്സാഹം തോന്നുകയുമില്ല.

പിന്നീടവർ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാൻ അധികം മെനക്കെടില്ല.                കൂടുതൽ കാപ്പി കുടിച്ച്, ഉറക്കം കുറച്ച്, കഠിനമായി ജോലി ചെയ്ത് അവർ മുന്നോട്ട് നീങ്ങും. മാനസിക സമ്മർദ്ദം കൊണ്ടാണിങ്ങനെ എന്ന് അവർ സ്വയം വിശ്വസിക്കും. എന്നാൽ നിരന്തരമായുണ്ടാകുന്ന ഈ തളർച്ച നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമല്ല. മെഡിക്കൽ റിപ്പോർട്ടുകൾ നോർമൽ ആയതുകൊണ്ട് മാത്രം ആ ക്ഷീണം അവഗണിക്കരുത്.

പല പുരുഷന്മാരും തങ്ങളുടെ ഉള്ളിലുള്ള ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാതെയാണ് ജീവിക്കുന്നത്. സാധാരണ പരിശോധനകളിൽ പലപ്പോഴും ഇവ കണ്ടെത്താനായെന്ന് വരില്ല, പ്രത്യേകിച്ച് ലക്ഷണങ്ങൾ തീരെ കുറവാണെങ്കിൽ.

ക്ഷീണം ഒരു മുന്നറിയിപ്പ്

ഇടയ്ക്കിടെയുണ്ടാകുന്ന സാധാരണ ക്ഷീണവും ശ്രദ്ധ നൽകേണ്ട തരം ക്ഷീണവും തമ്മിൽ വ്യത്യാസമുണ്ട്. താഴെ പറയുന്ന സാഹചര്യങ്ങളിൽ നിങ്ങൾ ജാഗ്രത പാലിക്കണം:

  • തളർച്ച ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ
  • എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ
  • ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയോ, ജോലി ചെയ്യുന്നതിനെയോ അല്ലെങ്കിൽ നിങ്ങളുടെ സ്വഭാവത്തെയോ ഇത് ബാധിക്കുന്നുണ്ടെങ്കിൽ
  • പൊതുവെ എല്ലാക്കാര്യങ്ങളിലും ഉത്സാഹം കുറയുകയോ ശാരീരികക്ഷമത കുറയുകയോ ചെയ്യുമ്പോൾ
  • പെട്ടെന്ന് ദേഷ്യം വരികയോ എന്തിനോടും വിരക്തി തോന്നുകയോ ചെയ്താൽ

ഇങ്ങനെയുള്ള ക്ഷീണം ശരീരം തരുന്ന ഒരു സിഗ്നലാണ്. ഈ സാഹചര്യത്തിൽ അവഗണനയല്ല, ശരീരത്തിനാവശ്യമായ ശ്രദ്ധയാണു വേണ്ടത്. 

പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട്?

സാധാരണ ചെക്കപ്പുകളിൽ പൊതുവെ പരിശോധിക്കുന്നവ:

  • ഹീമോഗ്ലോബിൻ (Hemoglobin)
  • ബ്ലഡ് ഷുഗർ (Blood sugar)
  • തൈറോയ്ഡ് (Thyroid)
  • കൊളസ്ട്രോൾ (Cholesterol)

പ്രാധാന്യമുള്ള പരിശോധനകൾ തന്നെയാണെങ്കിലും, ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ കൃത്യമാണെന്നുറപ്പിക്കാൻ ഈ പരിശോധനകൾ മാത്രം മതിയാകില്ല. ജീവിതശൈലി കാരണം ഉണ്ടാകുന്ന തകരാറുകൾ തിരിച്ചറിയാനും ഈ പരിശോധനകൾ മാത്രം പോരാ.

1. സ്ലീപ് ആപ്നിയ (Sleep Apnea): ഉറങ്ങുന്നുണ്ടെങ്കിലും വിശ്രമം കിട്ടുന്നില്ല 

പുരുഷന്മാരിലെ വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകുന്ന, എന്നാൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ‘സ്ലീപ് ആപ്നിയ’.

സ്ലീപ് ആപ്നിയ ഉള്ളവരിൽ കാണുന്ന ലക്ഷണങ്ങൾ:

  • കൂർക്കംവലി
  • എത്ര നേരം ഉറങ്ങിയാലും ഉണരുമ്പോൾ ഒരുന്മേഷവും തോന്നാതിരിക്കുക
  • പകൽ സമയങ്ങളിൽ വല്ലാതെ ഉറക്കം വരിക
  • രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന അനുഭവപ്പെടുക
  • കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം തോന്നുക

പുരുഷന്മാർ പൊതുവേ ഉറക്കത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതി പറയാറില്ല. കൂർക്കംവലി ഒരു സ്വാഭാവിക കാര്യമായി പങ്കാളികളും വീട്ടുകാരും കരുതുന്നതുകൊണ്ട് തന്നെ വർഷങ്ങളോളം ഈ രോഗാവസ്ഥ തിരിച്ചറിയപ്പെടാതെ പോകുന്നു.

സ്ലീപ് ആപ്നിയ ഉള്ളപ്പോൾ ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള ഓക്സിജന്റെ അളവ് കുറയുന്നു. ഇതിന്റെ ഫലമായി എത്ര മണിക്കൂർ ഉറങ്ങിയാലും ശരീരം എപ്പോഴും തളർച്ചയിലായിരിക്കും.

2. ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് ശ്രദ്ധിക്കണം

പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ താഴെ പറയുന്ന കാര്യങ്ങളെ നേരിട്ട് ബാധിക്കുന്നു:

  • ശരീരത്തിന്റെ ഊർജ്ജസ്വലത (Energy)
  • പേശീബലം
  • മാനസികാവസ്ഥ
  • കാര്യങ്ങൾ ചെയ്യാനുള്ള ഉത്സാഹം
  • ഉറക്കത്തിന്റെ ഗുണനിലവാരം
  • ഓർമ്മശക്തിയും ഏകാഗ്രതയും

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് എല്ലായ്പ്പോഴും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, ഭൂരിഭാഗം പുരുഷന്മാരും ഇതിനായുള്ള പരിശോധനകൾ നടത്താറുമില്ല.

ഇതിന്റെ സൂചനകൾ ഇവയാകാം:

  • വിട്ടുമാറാത്ത തളർച്ച
  • പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ആവേശം കുറയുക
  • ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുക
  • എപ്പോഴും മൂഡ് ഓഫ് ആയിരിക്കുക അല്ലെങ്കിൽ പെട്ടെന്ന് ദേഷ്യം വരിക
  • വ്യായാമം ചെയ്തുകഴിഞ്ഞാൽ ശരീരം പഴയ അവസ്ഥയിലേക്ക് എത്താൻ കൂടുതൽ സമയമെടുക്കുക

മറ്റു മെഡിക്കൽ റിപ്പോർട്ടുകൾ നോർമൽ ആണെങ്കിൽ പോലും, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, അമിതവണ്ണം, പ്രായം തുടങ്ങിയ കാരണങ്ങളാൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയാൻ സാധ്യതയുണ്ട്.

3. വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും കോർട്ടിസോൾ അസന്തുലിതാവസ്ഥയും

പുരുഷന്മാർ പലപ്പോഴും മാനസിക സമ്മർദ്ദത്തെ (Stress) നിസ്സാരമായി കാണാറുണ്ട്. 

എന്നാൽ വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിലെ കോർട്ടിസോൾ (Cortisol) എന്ന ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകും:

  • ഉറക്കം തടസ്സപ്പെടുന്നു
  • ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയ്ക്കുന്നു
  • ശരീരത്തിൽ നീർക്കെട്ടുകൾക്ക് (Inflammation) കാരണമാകുന്നു
  • പെട്ടെന്ന് ഊർജ്ജം ചോർന്നുപോകുന്ന അവസ്ഥയുണ്ടാക്കുന്നു
  • ശരീരം തളർന്നിരിക്കുമ്പോഴെല്ലാം മനസ്സും അസ്വസ്ഥമാക്കുന്നു

ഇത്തരത്തിലുള്ള ക്ഷീണം വെറുതെ വിശ്രമിച്ചത് കൊണ്ട് മാത്രം മാറില്ല. ശാരീരികമായി വിശ്രമാവസ്ഥയിലാണെങ്കിലും നമ്മുടെ നാഡീവ്യൂഹം (Nervous system) ഒരിക്കലും ആ അവസ്ഥയിലേക്കെത്തുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.

4. അയേൺ, വിറ്റാമിൻ ബി12, വിറ്റാമിൻ ഡി എന്നിവയുടെ കുറവ്

പോഷകാഹാരക്കുറവ് സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരു പ്രശ്നമല്ല.  പുരുഷന്മാരിലും ഇത്തരം കുറവുകൾ കണ്ടുവരാറുണ്ട്:

  • വൈവിധ്യമാർന്ന ഭക്ഷണരീതിയുടെ കുറവ്
  • മദ്യപാനം
  • ദഹനസംബന്ധമായ പ്രശ്നങ്ങൾ
  • വെയിൽ കൊള്ളാതിരിക്കുന്നത്
  • വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ

പോഷകങ്ങളുടെ കുറവ് മൂലം താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകാം:

  • കഠിനമായ ശാരീരിക തളർച്ച
  • ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ (Brain fog)
  • നിരാശ
  • പേശികൾക്ക് ബലക്കുറവ് തോന്നുക
  • രോഗപ്രതിരോധ ശേഷി കുറയുക

പരിശോധനാ റിപ്പോർട്ടുകളിൽ  പോഷക നില ‘ലോ-നോർമൽ’ (Low-normal) ആണെങ്കിൽ പോലും ശരീരം ഇത്തരം ലക്ഷണങ്ങൾ കാണിച്ചേക്കാം എന്നതാണ് മറ്റൊരു പ്രധാന കാര്യം.

5. ഇൻസുലിൻ റെസിസ്റ്റൻസ്: പ്രമേഹത്തിന് മുൻപേ എത്തുന്ന ക്ഷീണം

പ്രമേഹം (Diabetes) സ്ഥിരീകരിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ പല പുരുഷന്മാരിലും ‘ഇൻസുലിൻ റെസിസ്റ്റൻസ്’ എന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാണ്:

  • ആഹാരം കഴിച്ചാലുടൻ വല്ലാതെ ഉറക്കം വരിക
  • മധുരപലഹാരങ്ങൾ കഴിക്കാനുള്ള അമിതമായ ആഗ്രഹം
  • വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുക
  • ഉച്ച കഴിയുമ്പോഴേക്കും ഊർജ്ജം പൂർണ്ണമായും ചോർന്നുപോകുന്ന അവസ്ഥ
  • കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രയാസം

ഈ ഘട്ടത്തിൽ ബ്ലഡ് ഷുഗർ പരിശോധിച്ചാൽ ഒരുപക്ഷേ ‘നോർമൽ’ ആയി തന്നെ ഫലം വന്നേക്കാം. എന്നാൽ ഊർജ്ജം കൃത്യമായി വിനിയോഗിക്കാൻ ശരീരം അപ്പോഴേക്കും കഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ടാകും.

6. സങ്കടമായി തോന്നാത്ത വിഷാദരോഗം

പുരുഷന്മാരിൽ വിഷാദരോഗം പലപ്പോഴും സാധാരണ കണ്ടുവരുന്ന രീതിയിലായിരിക്കില്ല പ്രകടമാകുന്നത്.

എപ്പോഴും സങ്കടപ്പെട്ടിരിക്കുന്നതിന് പകരം, പുരുഷന്മാരിൽ താഴെ പറയുന്ന രീതിയിലായിരിക്കും ലക്ഷണങ്ങൾ കാണുക:

  • അമിതമായ ക്ഷീണം
  • പെട്ടെന്ന് ദേഷ്യം വരികയോ പ്രകോപിതരാവുകയോ ചെയ്യുക
  • മറ്റുള്ളവരിൽ നിന്ന് ഉൾവലിയുക
  • ഒന്നിനോടും താല്പര്യം ഇല്ലാതാവുക
  • ശാരീരികമായ മറ്റ് ബുദ്ധിമുട്ടുകൾ
  • ഉറക്കമില്ലായ്മ

മാനസികമായ പ്രയാസങ്ങളെ ‘മാനസികാരോഗ്യം’ എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ പുരുഷന്മാർ പൊതുവേ മടിക്കാറുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും വിഷാദരോഗം വെറും ‘തളർച്ച’ എന്ന തോന്നലിലേക്ക് അവർ  ഒതുക്കി നിർത്തുന്നു. 

7. അമിത വ്യായാമവും വിശ്രമമില്ലായ്മയും

ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാതെ കഠിനമായി അദ്ധ്വാനിക്കുന്നവരാണ് പല പുരുഷന്മാരും. ഇതിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാകാം:

  • പേശികളിൽ വിട്ടുമാറാത്ത വേദന
  • ശരിയായ ഉറക്കം ലഭിക്കാതെ വരിക
  • പ്രവർത്തനക്ഷമത കുറയുക
  • ഇടയ്ക്കിടെ പരിക്കുകൾ ഉണ്ടാകുക
  • വ്യായാമത്തിന് ശേഷം ഉന്മേഷത്തിന് പകരം കഠിനമായ ക്ഷീണം തോന്നുക

വ്യായാമം ശരീരത്തിന് നല്ലതുതന്നെയാണ്. പക്ഷേ വിശ്രമവും ശരിയായ പോഷകാഹാരവും ഉറക്കവും വേണ്ടത്ര ലഭിക്കുമ്പോൾ മാത്രമേ  ഗുണകരമാകുകയുള്ളൂ

എന്തുകൊണ്ടാണ് പുരുഷന്മാർ ചികിത്സ തേടാൻ വൈകുന്നത്?

പലപ്പോഴും പുരുഷന്മാർ തങ്ങളുടെ ക്ഷീണത്തെ അവഗണിക്കുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്:

  • തളർച്ച ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് അവർ വിശ്വസിക്കുന്നു
  • സ്വന്തം ആരോഗ്യത്തേക്കാൾ ഉത്തരവാദിത്തങ്ങൾക്ക് മുൻഗണന നൽകുന്നു
  • തളർച്ച പുറത്തുപറഞ്ഞാൽ അത് ബലഹീനതയായി മറ്റുള്ളവർ കരുതുമോ എന്ന് ഭയപ്പെടുന്നു
  • ലാബ് റിപ്പോർട്ടുകൾ നോർമൽ ആണെങ്കിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു

റിപ്പോർട്ടുകൾ “നോർമൽ” ആയതുകൊണ്ട് മാത്രം നിങ്ങൾ ആരോഗ്യവാനാണെന്ന് അർത്ഥമില്ല

താഴെ പറയുന്ന സാഹചര്യങ്ങളിൽ നിങ്ങൾ കൂടുതൽ വ്യക്തമായ ഒരു പരിശോധനയ്ക്ക് തയ്യാറാകേണ്ടതുണ്ട്:

  • ക്ഷീണം നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ
  • കാര്യങ്ങൾ ചെയ്യാനുള്ള ഉത്സാഹം വല്ലാതെ കുറയുന്നുണ്ടെങ്കിൽ
  • എത്ര ഉറങ്ങിയാലും ശരീരത്തിന് ഉന്മേഷം ലഭിക്കുന്നില്ലെങ്കിൽ
  • ലൈംഗിക താല്പര്യത്തിലോ മാനസികാവസ്ഥയിലോ മാറ്റങ്ങൾ അനുഭവപ്പെട്ടാൽ
  • ജോലിയിലെ മികവ് കുറഞ്ഞുവരികയാണെങ്കിൽ
  • ഇടയ്ക്കിടെ ഊർജ്ജം പൂർണ്ണമായും ചോർന്നുപോകുന്ന അവസ്ഥയുണ്ടായാൽ

ബുദ്ധിപരമായ സമീപനം കൈക്കൊള്ളാം

വിട്ടുമാറാത്ത ഈ തളർച്ചയെ മറികടക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

  • ലാബ് റിപ്പോർട്ടുകളെ മാത്രം വിശ്വസിക്കാതെ ശാരീരിക ലക്ഷണങ്ങൾക്ക് മുൻഗണന നൽകുക
  • നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം പരിശോധിക്കുക
  • മാനസിക സമ്മർദ്ദം എത്രമാത്രം സങ്കീർണ്ണമാണെന്ന് സത്യസന്ധമായി വിലയിരുത്തുക
  • ആവശ്യമെങ്കിൽ ഹോർമോൺ നിലകൾ പരിശോധിക്കുക
  • ഭക്ഷണരീതിയും ജീവിതശൈലിയും മെച്ചപ്പെടുത്തുക
  • ജോലിക്കു നൽകുന്ന അതേ പ്രാധാന്യം വിശ്രമത്തിനും നൽകുക

പരിശോധനാറിപ്പോർട്ടുകളെ മാത്രം അടിസ്ഥാനമാക്കി സമ്പൂർണ്ണാരോഗ്യത്തിന് മാർക്കിടരുത്. സ്വന്തം ശരീരത്തിന് എത്രത്തോളം ഊർജ്ജസ്വലത തോന്നുന്നു എന്നതും ശരീരം എത്രത്തോളം നന്നായി പ്രവർത്തിക്കുന്നു എന്നതും സുപ്രധാനമാണ്.

പുരുഷൻമാർക്ക് നെല്ലിക്ക.ലൈഫ് നൽകുന്ന സന്ദേശം

റിപ്പോർട്ടുകളെല്ലാം ‘നോർമൽ’ ആണെന്ന്  കണ്ടാലും നിങ്ങൾക്ക് എപ്പോഴും കഠിനമായ ക്ഷീണം തോന്നുന്നുണ്ടെങ്കിൽ, അതിന് ശ്രദ്ധ നൽകിയേ തീരൂ. ആരോഗ്യത്തിന് അനുകൂലമായ മാറ്റങ്ങളും പിന്തുണയും വേണമെന്ന് ശരീരം പറയുന്നതിൻ്റെ ലക്ഷണമായി ക്ഷീണത്തെ കണക്കാക്കണം.

ഓർക്കുക, സങ്കീർണ്ണമായ പല ആരോഗ്യപ്രശ്നങ്ങളുടെയും ആദ്യ സൂചന തളർച്ചയാണ്.

കഴിയുന്നത്ര നേരത്തെ അതു ശ്രദ്ധിക്കുക. ആരോഗ്യം സംരക്ഷിക്കുക.

Related News

കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, കൂടാതെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചും ഡോ. മുരളി അപ്പുക്കുട്ടൻ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജൻ) നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു.

ഏപ്രിൽ 19, 2026 9:52 pm
ഇന്ന് ലോക ഹീമോഫീലിയ ദിനം

ഇന്ന് ലോക ഹീമോഫീലിയ ദിനം

നേരത്തെ തിരിച്ചറിയാം സങ്കീർണ്ണതകൾ ഒഴിവാക്കാം നമ്മൾ പലപ്പോഴും ശരീരം നൽകുന്ന രോഗസൂചനകളെ കാര്യമാക്കാറില്ല. ചെറിയ ജലദോഷം മുതൽ അർബുദം വരെയുള്ള അസുഖങ്ങളുടെ കാര്യം നോക്കിയാൽ ഇത് വാസ്തവമാണെന്നു...

ഏപ്രിൽ 17, 2026 12:00 pm
ആഹാരം എങ്ങനെ മനസ്സിനെ സ്വാധീനിക്കും?

ആഹാരം എങ്ങനെ മനസ്സിനെ സ്വാധീനിക്കും?

വയറും മസ്തിഷ്ക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞിരിക്കാം കുടലിനെ ശരീരത്തിലെ രണ്ടാം തലച്ചോറെന്ന് വിശേഷിപ്പിക്കാറുണ്ട്. ആശങ്കയും ഭീതിയും ആനന്ദവും ആവേശവുമെല്ലാം മസ്തിഷ്ക്കത്തിലെന്ന പോലെ വയറിലും അനുഭവപ്പെടും. പ്രധാനപ്പെട്ട ഒരു...

ഏപ്രിൽ 11, 2026 11:19 pm
ടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

ടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

അക്കാര്യത്തിൽ സമ്മർദ്ദം വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട് കുറെയേറെ ടെൻഷൻ അനുഭവിക്കുന്ന ദിവസങ്ങളിൽ നമ്മളിൽ ചിലർക്കെങ്കിലും ഭക്ഷണത്തോട് ആർത്തി തോന്നാറുണ്ട്. ഉത്കണ്ഠയും സമ്മർദ്ദവും നേരിടുമ്പോൾ സ്വസ്ഥമാകാൻ ഇഷ്ടഭക്ഷണം വേണമെന്ന...

ഏപ്രിൽ 3, 2026 11:04 pm
Top
Subscribe