മാസമുറയും മാറിമറിയുന്ന മാനസികാവസ്ഥയും:

മാസമുറയും മാറിമറിയുന്ന മാനസികാവസ്ഥയും:

സ്ത്രീജീവിതത്തിൽ ഹോർമോണുകളുടെ സ്ഥാനം

മാസമുറ എന്ന പ്രതിഭാസം വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല, മനസ്സിനേയും ശരീരത്തെയും ഒരുപോലെ സ്വാധീനിക്കുന്ന താളനിബദ്ധമായ ചാക്രിക ക്രമമാണത്. സ്ത്രീയുടെ  ഊർജം, ഉറക്കം,ചർമ്മം, വിശപ്പ്,  അങ്ങനെ ഒട്ടനവധി ഘടകങ്ങൾക്കൊപ്പം, അവളുടെ ചിന്തകളേയും പെരുമാറ്റത്തെയും വരെ മാറ്റിമറിക്കാൻ ഹോർമോണുകൾക്ക് കഴിയും. 

ആർത്തവ ചക്രവും ഹോർമോണുകളും തമ്മിലുള്ള ഈ ബന്ധം മനസ്സിലാക്കുന്നത് ശാരീരിക മാറ്റങ്ങളെ നേരിടാൻ മാത്രമല്ല, ആരോഗ്യം, കാര്യക്ഷമത, വൈകാരിക സന്തുലിതാവസ്ഥ എന്നിവയെല്ലാം മെച്ചപ്പെടുത്താനും അത് സ്ത്രീകളെ സഹായിക്കും.

ആർത്തവചക്രത്തിന്റെ നാല് ഘട്ടങ്ങളും അവയുടെ സ്വാധീനവും

ഒരു സാധാരണ ആർത്തവചക്രം ഏകദേശം 28 ദിവസം നീണ്ടുനിൽക്കും. അതായത് ഒരിക്കൽ ആർത്തവമുണ്ടായി ഇരുപത്തിയെട്ടാം ദിവസം അടുത്ത ആർത്തവം വരുന്ന രീതി. ഇത് 21-35 ദിവസത്തിനുള്ളിലാണെങ്കിൽ അതും സാധാരണമായാണ് കണക്കാക്കുന്നത്. സ്ത്രീശരീത്തിലെ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ, ല്യൂട്ടിനൈസിംഗ് ഹോർമോൺ എന്നിവയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ.

1. ആർത്തവ ഘട്ടം ( ദിവസം 1–5) – വിശ്രമവും വീണ്ടെടുപ്പും

ഈ ഘട്ടത്തിലാണ് രക്തസ്രാവം ഉണ്ടാകുന്നത്.

  • ഹോർമോൺ നില: ഈസ്ട്രജനും പ്രൊജസ്റ്ററോണും ഏറ്റവും താഴ്ന്ന നിലയിലായിരിക്കും.
  • ശാരീരിക മാറ്റങ്ങൾ: ഊർജ്ജം കുറയും, ക്ഷീണം, വയറുവേദന, വയറുവീർപ്പ്, എന്നിവയുണ്ടാകാം.
  • മാനസികാവസ്ഥ: ശരീരത്തിലെ സന്തോഷം നൽകുന്ന ഹോർമോണായ സെറോടോണിൻ (Serotonin) കുറയുന്നതു മൂലം ദേഷ്യം, സങ്കടം, വിഷാദം എന്നിവ അനുഭവപ്പെടാം.
  • ശാസ്ത്രീയമായി പറഞ്ഞാൽ: ഈസ്ട്രജൻ കുറയുന്നത് സെറോടോണിന്റെ ഉത്പാദനത്തെ ബാധിക്കുന്നതുകൊണ്ടാണ് ഈ സമയത്ത് മാനസികമായി തളർച്ച തോന്നുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
  • സ്വയം ശ്രദ്ധിക്കാൻ: ഈ സമയത്ത് വിശ്രമിക്കാൻ സമയം കണ്ടെത്തണം. ഇലക്കറികൾ, റെഡ് മീറ്റ്, പയറുവർഗ്ഗങ്ങൾ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. നടത്തം, സ്ട്രെച്ചിംഗ് പോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യാം.

2. ഫോളിക്കുലാർ ഘട്ടം (Follicular Phase: ദിവസം 1–13) – നവോന്മേഷവും സർഗ്ഗാത്മകതയും

ആർത്തവം ആരംഭിക്കുന്ന ദിവസം മുതൽ അണ്ഡവിസർജനം വരെ നീളുന്ന ഘട്ടം.

  • ഹോർമോൺ നില: അണ്ഡാശയങ്ങളിൽ ഫോളിക്കിളുകൾ (അണ്ഡം ഉൾക്കൊള്ളുന്ന സഞ്ചികൾ) വികസിക്കുന്നതിനനുസരിച്ച് ഈസ്ട്രജൻ ഉയർന്നു തുടങ്ങുന്നു.
  • ശാരീരിക മാറ്റങ്ങൾ: ഊർജ്ജസ്വലത കൈവരുന്നു. കൂടുതൽ സമയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് വർദ്ധിക്കും, ചർമ്മം കൂടുതൽ തെളിച്ചമുള്ളതാകും.
  • മാനസികാവസ്ഥ: ഈസ്ട്രജൻ കൂടുന്നത് സെറോടോണിൻ, ഡോപമിൻ ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കും. ഇത് സന്തോഷം, ഏകാഗ്രത എന്നിവ കൂട്ടാൻ സഹായിക്കും.
  • ശാസ്ത്രീയമായി പറഞ്ഞാൽ: ഈസ്ട്രജൻ കൂടുന്നത് ആശയവിനിമയത്തിനുള്ള കഴിവ്, ഓർമ്മശക്തി, പ്രശ്ന പരിഹാര ശേഷി എന്നിവ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
  • സ്വയം ശ്രദ്ധിക്കാൻ: ഊർജ്ജസ്വലതയുള്ള ഈ സമയം പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും പ്രോജക്റ്റുകൾ തുടങ്ങാനും കഠിനമായ വ്യായാമങ്ങൾ ചെയ്യാനും ഉപയോഗിക്കാം.

3. അണ്ഡവിസർജന ഘട്ടം (Ovulatory Phase: ദിവസം 14–16) – ഊർജ്ജവും ആത്മവിശ്വാസവും ഏറ്റവും കൂടുതൽ. ഫോളിക്കിളിൽ നിന്ന് അണ്ഡം പുറത്തുവരുന്ന സമയമാണിത്.

  • ഹോർമോൺ നില: LH ഹോർമോണിന്റെ അളവ് കുത്തനെ ഉയരുന്നത് അണ്ഡവിസർജനത്തിന് കാരണമാകുന്നു. ഈസ്ട്രജൻ ഈ സമയത്ത് ഏറ്റവും ഉയർന്ന നിലയിലായിരിക്കും.
  • ശാരീരിക മാറ്റങ്ങൾ: ഈ സമയത്ത് സ്ത്രീകൾക്ക് കൂടുതൽ ആകർഷണീയത തോന്നാം. ലൈംഗിക താൽപര്യവും മറ്റുള്ളവരുമായി ഇടപഴകാനുള്ള ആത്മവിശ്വാസവും വർദ്ധിക്കുന്നു.
  • മാനസികാവസ്ഥ: തലച്ചോറിലെ രാസപ്രവർത്തനങ്ങൾ മികച്ച രീതിയിലാകുന്നതുകൊണ്ട് ആശയവിനിമയ ശേഷി, കരുത്ത്, സന്തോഷം എന്നിവയെല്ലാം ഈ ഘട്ടത്തിൽ കൂടുതലായിരിക്കും.
  • ശാസ്ത്രീയമായി പറഞ്ഞാൽ: അണ്ഡവിസർജന സമയത്ത് സ്ത്രീകളുടെ ശബ്ദം, ഗന്ധം, ശരീരഭാഷ എന്നിവയിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ അവരെ കൂടുതൽ ആകർഷണീയരാക്കി മാറ്റുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
  • സ്വയം ശ്രദ്ധിക്കാൻ: മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനും പൊതുവേദികളിൽ സംസാരിക്കാനും, കൂട്ടായ്മയോടെ പ്രവർത്തിക്കാനും  പറ്റിയ ഏറ്റവും നല്ല സമയം.

4. ലൂട്ടിയൽ ഘട്ടം (Luteal Phase: ദിവസം 15–28) – അടുത്ത മാസമുറയ്ക്ക്   മുൻപുള്ള മാറ്റങ്ങൾ വരും. അണ്ഡവിസർജനത്തിന് ശേഷം അടുത്ത ആർത്തവം തുടങ്ങുന്നതുവരെയുള്ള ഘട്ടമാണിത്.

  • ഹോർമോൺ നില: ഗർഭധാരണത്തിനായി ശരീരം തയ്യാറെടുക്കുന്നതിന്റെ ഭാഗമായി പ്രൊജസ്റ്ററോൺ ഹോർമോൺ ഉയരുന്നു. ഈസ്ട്രജന്റെ അളവ് ചെറുതായി ഒന്നുകൂടി ഉയർന്നിട്ട് പിന്നീട് താഴാൻ തുടങ്ങും.
  • ശാരീരിക മാറ്റങ്ങൾ: വയറുവീർപ്പ്, സ്തനങ്ങളിൽ വേദനയുണ്ടാകാം, സ്തനങ്ങൾ മാർദ്ദവമുള്ളതായിത്തീരുന്നു. തലവേദന, വിശപ്പിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ഈ ഘട്ടത്തിൽ അനുഭവപ്പെടാം.
  • മാനസികാവസ്ഥ: ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ, ഈസ്ട്രജനും പ്രൊജസ്റ്ററോണും താഴുന്നത് ചിലരിൽ PMS (പ്രീമെൻസ്ട്രൽ സിൻഡ്രോം) അല്ലെങ്കിൽ PMDD (പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ) പോലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
  • ശാസ്ത്രീയമായി പറഞ്ഞാൽ: പ്രൊജസ്റ്ററോൺ ഹോർമോണിന് തലച്ചോറിനെ ശാന്തമാക്കുന്ന, മയക്കം നൽകുന്ന സ്വഭാവമുണ്ട്. ഗാബ (GABA) റിസപ്റ്ററുകളുമായി പ്രവർത്തിക്കുന്നതുകൊണ്ടാണിത്. എന്നാൽ ഈ ഹോർമോണിന്റെ അളവ് പെട്ടെന്ന് കുറയുമ്പോൾ ഉത്കണ്ഠ, ദേഷ്യം തുടങ്ങിയവ വർദ്ധിക്കുകയും ചെയ്യുന്നു.
  • സ്വയം ശ്രദ്ധിക്കാൻ: മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ, ഉദാഹരണത്തിന്, നട്സ്, വിത്തുകൾ, ഡാർക്ക് ചോക്ലേറ്റ് എന്നിവ കഴിക്കുക. യോഗ, ധ്യാനം എന്നിവയിലൂടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തി പെട്ടെന്നുള്ള മാനസിക വ്യതിയാനങ്ങൾ ഒഴിവാക്കുക.

 തിരിച്ചറിയേണ്ടതിൻ്റെ ആവശ്യകത 

1. ശരീരത്തെ വൈകാരികമായി മനസ്സിലാക്കാൻ

ശരീരം പുറപ്പെടുവിക്കുന്ന ഹോർമോണുകൾ വികാരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന്  തിരിച്ചറിയുന്നത്, സ്വയം  മനസ്സിലാക്കാൻ സഹായിക്കും. ഇത്  പങ്കാളിക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നിങ്ങളുടെ ആവശ്യങ്ങൾ നന്നായി മനസ്സിലാക്കാനും അവസരം നൽകുന്നു.

2. ഊർജ്ജം ശരിയായി വിനിയോഗിക്കാൻ

നിങ്ങളുടെ വ്യായാമം, ജോലി, സാമൂഹിക പരിപാടികൾ എന്നിവയെല്ലാം ഹോർമോൺ ചക്രത്തിനനുസരിച്ച് ക്രമീകരിക്കുന്നതിലൂടെ,  തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കാനും മാനസികവും ശാരീരികവുമായ തളർച്ച ഒഴിവാക്കാനും കഴിയും.

3. ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ

ക്രമം തെറ്റിയ ആർത്തവം, മനോനിലയിെ വലിയ മാറ്റങ്ങൾ, അസഹനീയമായ വേദന എന്നിവ PCOS (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം), തൈറോയ്ഡ് പ്രശ്നങ്ങൾ, എൻഡോമെട്രിയോസിസ് പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം. ഇവയെല്ലാം നേരത്തെ കണ്ടെത്തി ചികിൽസ തേടേണ്ടത് അത്യാവശ്യമാണ്.

ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ കാഴ്ചപ്പാടുകൾ

  • ജൈവപരം (Biological): ഹോർമോണുകൾ നമ്മുടെ തലച്ചോറിലെ സെറോടോണിൻ, ഡോപമിൻ, ഗാബ തുടങ്ങിയ രാസവസ്തുക്കളെ നിയന്ത്രിക്കുന്നു. ഇത് മാനസിക സ്ഥിരത, ഊർജ്ജം എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നു.
  • മനഃശാസ്ത്രപരം (Psychological): ഹോർമോൺ മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ ചിന്താരീതികളും വൈകാരികസ്ഥിരതയും വ്യത്യാസപ്പെടും. ഈ മാറ്റങ്ങളെക്കുറിച്ച് ബോധവതിയാകുന്നത് മാനസികാരോഗ്യത്തിന്  മുൻകൂട്ടി ശ്രദ്ധ നൽകാൻ  സഹായിക്കും.
  • സാമൂഹികം (Social): സ്ത്രീകളുടെ സാമൂഹികമായ പെരുമാറ്റം, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ആകർഷണീയത എന്നിവയെല്ലാം ആർത്തവചക്രത്തിന്റെ ഓരോ ഘട്ടത്തിലും അവർ പോലുമറിയാതെ വ്യത്യാസപ്പെടാമെന്ന് പഠനങ്ങൾ പറയുന്നു.

സ്ത്രീകൾക്ക് പ്രായോഗികമാക്കാവുന്ന കാര്യങ്ങൾ

  • ആർത്തവ ചക്രം മനസ്സിലാക്കുക: ആപ്പുകളോ ഡയറിയോ ഉപയോഗിച്ച് നിങ്ങളുടെ ലക്ഷണങ്ങൾ, മാനസികാവസ്ഥ, ഊർജ്ജനില എന്നിവ ഓരോ ദിവസവും കുറിച്ചുവെക്കുക.
  • ജീവിതശൈലി ക്രമീകരിക്കുക: വ്യായാമം, ഭക്ഷണം, ജോലികൾ എന്നിവയെല്ലാം ആർത്തവചക്രത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ക്രമീകരിക്കുക.
  • ആവശ്യങ്ങൾ തുറന്നുപറയുക: നിങ്ങളുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും പങ്കാളി, സുഹൃത്തുക്കൾ തുടങ്ങി അടുത്തിടപഴകുന്നവരുമായി പങ്കുവെയ്ക്കുന്നത് അവർക്ക് നിങ്ങളെ മനസ്സിലാക്കാൻ സഹായിക്കും.
  • സഹായം തേടുക: കഠിനമായ PMS, ക്രമം തെറ്റുന്ന മാസമുറ, അനിയന്ത്രിതമായ മാനസികപ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെയോ മാനസികാരോഗ്യ വിദഗ്ദ്ധനെയോ സമീപിക്കാൻ മടിക്കരുത്.

ആർത്തവചക്രം പ്രത്യുൽപാദനത്തിന് വേണ്ടി മാത്രമുള്ളതല്ല. അത് ശരീരത്തെ മുഴുവൻ സ്വാധീനിക്കുന്ന പ്രക്രിയയാണ്. അത് സൃഷ്ടിക്കുന്ന ശാരീരിക-മാനസിക മാറ്റങ്ങൾ,  മികച്ച ആരോഗ്യത്തിനും കാര്യക്ഷമതയ്ക്കും സ്വയം മനസ്സിലാക്കുന്നതിനും വേണ്ടി പ്രയോജനപ്പെടുത്താം.

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe