വയറെപ്പോഴും വീർത്തിരിക്കുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ?

കാര്യകാരണങ്ങൾ ഡയറ്റീഷ്യനിൽ നിന്ന് മനസ്സിലാക്കാം
മിക്ക ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് വയറു വീർപ്പ് അഥവാ ബ്ളോട്ടിങ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പ്രയാസവും ഉണ്ടാകില്ല. ദഹനപ്രശ്നങ്ങൾക്ക് വഴിവെയ്ക്കാത്ത തരം ആഹാരം സാധാരണ അളവിൽ കഴിച്ചാൽപ്പോലും പെട്ടെന്നുതന്നെ വയറുവീർത്തതായി തോന്നും. വയറിൽ ഭാരവും അസ്വസ്ഥതയും അനുഭവപ്പെടാം.
നല്ല ആഹാരം പാകത്തിന് കഴിച്ചാൽപ്പോലും ഇങ്ങനെ വയറു പ്രശ്നത്തിലാകുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എപ്പോഴാണ് ഇത് സംഭവിക്കുക എന്ന് മുൻകൂട്ടി പറയാനും കഴിയില്ല എന്നതിനാൽത്തന്നെ ഈ പ്രശ്നം മൂലം ദേഷ്യവും നിരാശയും തോന്നാം.
പൊതുവെ ഏറ്റവും സാധാരണമായ ദഹനപ്രശ്നങ്ങളിൽ ഒന്നാണ് വയർ വീർക്കുന്നത് (Bloating) അഥവാ വയർ സ്തംഭനം. വാസ്തവത്തിൽ
വയർ വീർക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കി മാത്രം ഉണ്ടാകുന്ന പ്രശ്നമല്ല.ശരീരം എങ്ങനെ ഭക്ഷണത്തെ ദഹിപ്പിക്കുന്നു, ശരീരത്തിനുള്ളിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു എന്നീ ഘടകങ്ങളെയെല്ലാം ആശ്രയിച്ചാണ് അതനുഭവപ്പെടുന്നത്.
ശാസ്ത്രം പറയുന്നത്
വയർ നിറഞ്ഞിരിക്കുന്നത് പോലെയോ വയറിനുള്ളിൽ വലിയ മർദ്ദമോ മുറുക്കമോ അനുഭവപ്പെടുന്നതിനെയാണ് ബ്ലോട്ടിങ് (Bloating) എന്ന് വിശേഷിപ്പിക്കുന്നത്. ചിലപ്പോൾ വയർ പുറത്തേക്ക് തള്ളിവരുന്നത് കാണാൻ സാധിക്കും, ചിലർക്ക് പുറമെ മാറ്റങ്ങൾ ഒന്നും പ്രകടമായില്ലെങ്കിലും കഠിനമായ അസ്വസ്ഥത അനുഭവപ്പെടാം.
ശാസ്ത്രീയ തലത്തിൽ പരിശോധിച്ചാൽ, ദഹനവ്യവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങളുമായി ഇതിന് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാകും. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതിന് വഴിയൊരുക്കുന്നത്:
- കുടലിനുള്ളിൽ അമിതമായി ഗ്യാസ് അടിഞ്ഞുകൂടുന്നതു മൂലം
- ദഹനം മന്ദഗതിയിലാകുന്നത്
- ദഹനനാളത്തിലെ നാഡികൾക്ക് ഉണ്ടാകുന്ന അമിതമായ സംവേദനക്ഷമത
കുടലിനുള്ളിലെ ദ്രാവകം, വായു, മലം എന്നിവയുടെ അളവ് കൂടുന്നതാണ് (Increased Intraluminal Content) ഈ അസ്വസ്ഥതയ്ക്ക് പ്രധാന കാരണമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ, ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ചില മാറ്റങ്ങളോട് ദഹനവ്യൂഹം പ്രതികരിക്കുകയും ആ മാറ്റം അസ്വസ്ഥതയായി അനുഭവപ്പെടുകയും ചെയ്യുന്നതാണ് വയർ വീർക്കൽ.
തുടർച്ചയായി അനുഭവപ്പെടാൻ കാരണം
വയർ വീർക്കുന്നതിന് പിന്നിൽ ഒരൊറ്റ കാരണം മാത്രമാകില്ല. ചെറിയ പല ഘടകങ്ങൾ ഒത്തുചേരുന്നതിന്റെ ഫലമായാണ് പലപ്പോഴും വയർ സ്തംഭിക്കുന്നത്.
1. വായു രൂപപ്പെടുന്നത്
ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണിത്. നമ്മുടെ കുടലിലുള്ള നല്ല ബാക്ടീരിയകൾ ചില ആഹാരപദാർത്ഥങ്ങളെ (പ്രത്യേകിച്ച് പൂർണ്ണമായി ദഹിക്കാത്ത കാർബോഹൈഡ്രേറ്റുകൾ) വിഘടിപ്പിക്കാൻ സഹായിക്കുന്നു. ഫെർമെന്റേഷൻ (Fermentation) എന്ന ഈ സ്വാഭാവിക പ്രക്രിയയുടെ ഭാഗമായി വായു അഥവാ ഗ്യാസ് ഉൽപാദിപ്പിക്കപ്പെടുന്നു.
ഭൂരിഭാഗം പേരിലും ഇത് പ്രശ്നമാകാറില്ല. എന്നാൽ ഗ്യാസ് പുറത്തേക്ക് പോകുന്നതിനേക്കാൾ വേഗത്തിൽ വീണ്ടും രൂപപ്പെടുകയോ കുടൽ കൂടുതൽ സെൻസിറ്റീവ് ആവുകയോ ചെയ്യുമ്പോൾ അസ്വസ്ഥതയും മുറുക്കവും തുടർച്ചയായി അനുഭവപ്പെടുന്നു.
2. മലബന്ധം (Constipation)
പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നമാണിത്. ദിവസവും ശോധന നടക്കുന്നുണ്ടെങ്കിൽ പോലും കുടൽ പൂർണ്ണമായും ഒഴിയുന്നില്ലെങ്കിൽ അത് അസ്വസ്ഥതയ്ക്ക് കാരണമാകും. മലം കൂടുതൽ സമയം വൻകുടലിൽ തങ്ങിനിൽക്കുമ്പോൾ അവിടെ വീണ്ടും ഫെർമെന്റേഷൻ നടക്കുകയും കൂടുതൽ ഗ്യാസ് ഉണ്ടാവുകയും ചെയ്യുന്നു. സ്വാഭാവികമായി ഇത് വയർ വീർക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
3. കുടലിന്റെ അമിത സംവേദനക്ഷമത
അല്പം സങ്കീർണ്ണമായ കാരണമാണിത്. ചില ആളുകളിൽ വിസെറൽ ഹൈപ്പർസെൻസിറ്റിവിറ്റി (Visceral Hypersensitivity) എന്ന അവസ്ഥ കാണാറുണ്ട്. അതായത്, സാധാരണ അളവിലുള്ള ഗ്യാസോ ചലനങ്ങളോ ഉണ്ടായാൽ പോലും ദഹനവ്യവസ്ഥ അതിനോട് വളരെ ശക്തമായി പ്രതികരിക്കും. ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലുള്ള അവസ്ഥയുള്ളവരിൽ ഈ സെൻസിറ്റിവിറ്റി കൂടുതലായിരിക്കും, അതിനാൽ സാധാരണ ദഹനം പോലും ഇവർക്ക് വലിയ അസ്വസ്ഥതയുണ്ടാക്കുന്നു.
അപ്പോൾ ഭക്ഷണമാണോ വില്ലൻ?
ഭക്ഷണം ഒരു പ്രധാന കാരണമാണ് എന്നതു ശരിതന്നെ. പക്ഷേ അതാണ് ഒരേയൊരു കാരണം എന്ന് പറയാനാകില്ല.
ചിലതരം ആഹാരപദാർത്ഥങ്ങൾ ദഹിക്കാൻ പ്രയാസമാണ്. ഉദാഹരണത്തിന്, പാലുൽപ്പന്നങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് കഴിക്കുന്നത് പെട്ടെന്ന് വയർ വീർക്കാൻ ഇടയാക്കും അതുപോലെ പയർവർഗ്ഗങ്ങൾ, പരിപ്പ്, കാബേജ്, ചില സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങി, കുടലിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടാത്ത തരം കാർബോഹൈഡ്രേറ്റുകൾ (FODMAP) അടങ്ങിയിട്ടുണ്ട്. ഇവ കുടലിൽ എത്തുമ്പോൾ വായുവിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ കഴിക്കുന്നു എന്നതും.
വേഗത്തിൽ ഭക്ഷണം കഴിക്കുക, സംസാരിച്ചുകൊണ്ട് കഴിക്കുക, സ്ട്രോ (Straw) ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുക എന്നിവയെല്ലാം ആഹാരത്തോടൊപ്പം കൂടുതൽ അളവിൽ വായു കുടലിലേക്കെത്താൻ കാരണമാകും.
സ്ത്രീകളിൽ ബ്ളോട്ടിങ് കൂടുതലായി കാണപ്പെടുന്നത് എന്തുകൊണ്ട്?
പല സ്ത്രീകൾക്കും വയർ വീർക്കുന്നത് ഭക്ഷണവുമായോ ദഹനവുമായോ മാത്രം ബന്ധപ്പെട്ട ഒന്നല്ല. ഹോർമോണുകൾക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്.
- ആർത്തവചക്രം: ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ശരീരത്തിൽ ജലാംശം കെട്ടിനിൽക്കാനും (Water retention) ദഹനം സാവധാനത്തിലാകാനും സാധ്യതയുണ്ട്.
- ഹോർമോൺ മാറ്റങ്ങൾ: ഭക്ഷണരീതിയിൽ മാറ്റമൊന്നും വരുത്തിയില്ലെങ്കിൽ പോലും, ഹോർമോണുകളുടെ ഈ വ്യതിയാനങ്ങൾ കാരണം വയറിൽ ഭാരവും അസ്വസ്ഥതയും അനുഭവപ്പെടാം. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന സാധാരണമായ ഒരു പ്രശ്നമാണിത്.
കുടലും തലച്ചോറും തമ്മിലുള്ള ബന്ധം
നമ്മുടെ ദഹനവ്യവസ്ഥയും (Gut) തലച്ചോറും എപ്പോഴും പരസ്പര പൂരകങ്ങളായാണ് പ്രവർത്തിക്കുന്നത്. അമിതമായ സമ്മർദ്ദമോ ഉത്കണ്ഠയോ മാനസികമായ തളർച്ചയോ അലട്ടുമ്പോൾ ദഹനപ്രക്രിയ സാവധാനത്തിലാകാൻ സാധ്യതയുണ്ട്. കുടലിന്റെ ചലനങ്ങൾ ക്രമമല്ലാതാവുകയും സെൻസിറ്റിവിറ്റി കൂടുകയും ചെയ്യുന്നു.
അതുകൊണ്ടാണ് ഭക്ഷണത്തിൽ മാറ്റമൊന്നും വരുത്താത്ത ദിവസങ്ങളിൽ പോലും ചിലപ്പോൾ വയർ സ്തംഭിച്ചതുപോലെ തോന്നുന്നത്. ഇതു വെറും തോന്നലല്ല, മറിച്ച് ശരീരം പ്രകടമാക്കുന്ന ജീവശാസ്ത്രപരമായ പ്രതികരണമാണ്.
അവഗണിച്ചാൽ പ്രശ്നമായേക്കാം
ഇടയ്ക്കു വല്ലപ്പോഴും വയർ വീർക്കുന്നത് സാധാരണമാണ്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ അല്ലെങ്കിൽ ആർത്തവചക്രത്തിന്റെ ചില ഘട്ടങ്ങളിലോ ഇത് സംഭവിക്കാം.
എന്നാൽ, നിരന്തരമായി വയറുവീർപ്പ് അനുഭവപ്പെടുകയോ കഠിനമായ അസ്വസ്ഥതയുണ്ടാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് ശരീരം നൽകുന്ന സൂചനയായി കണക്കാക്കണം.
അകാരണമായി ശരീരഭാരം കുറയുക, കഠിനമായ വേദന, അസ്വസ്ഥത, ശോധനയിൽ പെട്ടെന്നുണ്ടാകുന്ന വലിയ മാറ്റങ്ങൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്.
ചില സന്ദർഭങ്ങളിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS), ദഹനനാളത്തിലെ അണുബാധകൾ അല്ലെങ്കിൽ മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഓരോ വ്യക്തിയുടെയും കുടലിൻ്റെ പ്രവർത്തനം, ശാരീരിക പ്രതികരണം, ആഹാരം കഴിക്കുന്ന രീതി, ജീവിതശൈലി എന്നീ ഘടകങ്ങളുടെ അനന്തരഫലമായി ഇതനുഭവപ്പെടാറുണ്ട്.
അതുകൊണ്ട് പെട്ടെന്നുള്ള പരിഹാരമാർഗ്ഗങ്ങൾ എപ്പോഴും ഫലം നൽകിയെന്നു വരില്ല. ശരീരത്തെ ശരിയായി മനസ്സിലാക്കുക എന്നത് പരമപ്രധാനമാണ്.
തിരിച്ചറിവ് ഏറെ അനിവാര്യം
വയർ വീർക്കുന്നതിൻ്റെ കാരണങ്ങളെക്കുറിച്ച് ശരിയായി മനസ്സിലാക്കുമ്പോൾ, നമ്മുടെ കാഴ്ചപ്പാടിൽ മാറ്റം വരും.
“എനിക്ക് എന്തോ കുഴപ്പമുണ്ട്” എന്ന് ചിന്തിക്കുന്നതിന് പകരം, “എന്റെ ശരീരം എന്നോട് എന്തോ പറയാൻ ശ്രമിക്കുകയാണ്” എന്ന് നമ്മൾ തിരിച്ചറിയാൻ തുടങ്ങുന്നു.
ആ തിരിച്ചറിവ്, പ്രശ്നത്തോടുള്ള നമ്മുടെ സമീപനത്തെത്തന്നെ മാറ്റുന്നു.
സഹായം തേടേണ്ടതെപ്പോൾ?
വയർ വീർക്കുന്നത് പതിവായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് അവഗണിക്കുന്നതിന് പകരം പരിശോധിക്കുന്നത് ഗുണം ചെയ്യും.
ചിലപ്പോൾ ശരീരത്തിന് വേണ്ടത് വ്യക്തിപരമായ ഒരു സമീപനമായിരിക്കും—അതായത് ഭക്ഷണരീതി, ദഹനം, ജീവിതശൈലി, അസ്വസ്ഥതയുണ്ടാക്കുന്ന കാരണങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കിയുള്ള ഒരു രീതി.
പൊതുവായി കേൾക്കുന്ന ഉപദേശത്തിന് പകരം, വ്യക്തികളുടെ ശാരീരിക പ്രത്യേകതകൾ അനുസരിച്ച് ഓരോരുത്തരുടെയും ശരീരത്തിന് കൃത്യമായി എന്താണ് വേണ്ടതെന്ന് കണ്ടെത്താൻ ഒരു ഡയറ്റീഷ്യന് (Dietitian) കഴിയും.
കാരണം, ദഹനപ്രക്രിയ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് അതിന്റെ പരിഹാരവും.
കഴിക്കുന്ന ഭക്ഷണത്തോടും ശീലങ്ങളോടും ഹോർമോൺ വ്യതിയാനങ്ങളോടും മാനസിക സമ്മർദ്ദത്തോടും ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ലക്ഷണങ്ങളായി പ്രകടമാകുന്നത്.
വയർ വീർക്കുന്ന അവസ്ഥ പൂർണ്ണമായും ഇല്ലാതാക്കുക എന്നതല്ല നമ്മുടെ ലക്ഷ്യം. മറിച്ച്, അസ്വസ്ഥതകൾ കുറയ്ക്കാനും സ്നേഹത്തോടെ പരിചരിക്കാനും പാകത്തിന് സ്വന്തം ശരീരത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക എന്നതാണ്.
കാരണം, സ്വന്തം ശരീരത്തെ ശരിയായി മനസ്സിലാക്കുമ്പോൾ, രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് പകരം, അവരവരുടെ ആരോഗ്യത്തിന് പൂർണ്ണമായ പിന്തുണ നൽകാൻ കഴിയും. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും വ്യക്തമായി മനസ്സിലാക്കി, അതിനനുസൃതമായി പ്രവർത്തിക്കാൻ ഡയറ്റീഷ്യൻ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് പ്രസക്തിയേറുന്നതും അതുകൊണ്ടുതന്നെ.
References




