ജീവിതം ശാന്തമാണെങ്കിലും മനസ്സ് അസ്വസ്ഥമാണോ? ചിന്തകളുടെ കുത്തൊഴുക്കിന് കാരണങ്ങളുണ്ട്

ജീവിതം ശാന്തമാണെങ്കിലും മനസ്സ് അസ്വസ്ഥമാണോ? ചിന്തകളുടെ കുത്തൊഴുക്കിന് കാരണങ്ങളുണ്ട്

ജീവിതം വലിയ ബുദ്ധിമുട്ടു കൂടാതെ മുന്നോട്ടുപോകുന്നുണ്ട്. കഴിക്കാൻ ആഹാരവും താമസിക്കാൻ വീടുമുണ്ട്. ഉറക്കം കളയുന്ന സമസ്യകളൊന്നും നിലവിലില്ല. സാമ്പത്തിക ഞെരുക്കവും കടബാദ്ധ്യതകളുമില്ല. 

എന്നിട്ടും…. എന്തോപോലെ. മനസ്സിനുള്ളിൽ ഒരുതരം അസ്വസ്ഥതയും വീർപ്പുമുട്ടലും. ഒന്നും ചെയ്യാനില്ലാത്ത നേരത്തും ചിന്തകൾ കാടു കയറുന്നു. ഉറക്കം ശരിയാകുന്നില്ല; തിരക്കും ബഹളവുമില്ലാത്ത, നല്ല അന്തരീക്ഷം പോലും അസ്വസ്ഥത സൃഷ്ടിക്കുന്നു. നിശബ്ദത പോലും വല്ലാതെ അലോസരപ്പെടുത്തുന്നു.

ജീവിതം ശാന്തമായിരിക്കുമ്പോഴും മനസ്സിങ്ങനെ വേവലാതിയുടെ ചുഴിയിൽപ്പെടുന്നത് ആധുനിക കാലത്തെ ഒരു പ്രത്യേകതയാണ്. വലിയ മാനസിക വിഷമങ്ങളോ പ്രശ്നങ്ങളോ ഒന്നുമാകണമില്ല ഇതിനു പിന്നിൽ.  സദാ സർവ്വദാ വിവരങ്ങളിങ്ങനെ മസ്തിഷ്ക്കത്തിലേക്ക് ഒഴുകിയെത്തുമ്പോൾ, വിശ്രമമില്ലാതെ പ്രവർത്തിക്കാൻ നമ്മുടെ മനസ്സ് ശീലിച്ചുപോയി എന്നതാണ് പ്രധാന കാരണം.

ഡിജിറ്റൽ ലോകവും കലങ്ങിമറിയുന്ന മനസ്സും

നമ്മുടെ ജീവിതം എളുപ്പമാക്കാനാണ് ഡിജിറ്റൽ സംവിധാനങ്ങൾ വളർന്നു വികസിച്ചത്. പക്ഷെ, അതിൻ്റെ അമിതോപയോഗം കാര്യങ്ങൾ മാറ്റിമറിച്ചു. താങ്ങാൻ കഴിയുന്നതിലധികം വിവരങ്ങൾ കൊണ്ട് നവീനകാല സാങ്കേതികത നമ്മുടെ മനസ്സിനെ നിറച്ചു. വാർത്തകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, വീഡിയോകൾ എന്നിവ ഒന്നിനുപുറകെ ഒന്നായി ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. ഇവയോരോന്നും നമ്മുടെ ശ്രദ്ധ കയ്യടക്കുന്നു.

കാര്യമുള്ള വിവരങ്ങൾ ഏതാണ്, നമുക്കാവശ്യമില്ലാത്തത് ഏതാണ് എന്ന് തിരിച്ചറിയാൻ തലച്ചോറിന് കഴിയില്ല. അതെല്ലാത്തിനോടും ഒരുപോലെ പ്രതികരിച്ചുകൊണ്ടിരിക്കും. ഇത് നമ്മുടെ മനസ്സിനെ എപ്പോഴും അസ്വസ്ഥമായ അവസ്ഥയിൽ നിലനിർത്തുന്നു. ഫോൺ മാറ്റിവെച്ചാൽ പോലും, കണ്ടതും കേട്ടതുമായ കാര്യങ്ങൾ ചിന്തകളായി മനസ്സിൻ്റെ പശ്ചാത്തലത്തിൽ ഓടിക്കൊണ്ടിരിക്കും. നമ്മുടെ പൂർണ്ണശ്രദ്ധ ആവശ്യമുള്ള പ്രവർത്തനങ്ങളിലേർപ്പെടുമ്പോഴും ഈ പ്രക്രിയ തുടരുന്നു.

മനസ്സിൻ്റെ ഈ മാറ്റം, എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തങ്ങൾ ചുമക്കുന്നതുകൊണ്ടൊന്നുമല്ല. നമ്മുടെ ശ്രദ്ധ പല കാര്യങ്ങളിലായി ചിതറിപ്പോകുന്നത് കൊണ്ടാണത്. ആ വേഗതയ്ക്കൊപ്പം എത്താൻ ശ്രമിക്കുന്നതിനിടയിൽ മനസ്സ് വല്ലാതെ തിരക്കിലായിപ്പോകുന്നു.

തുടർച്ചയായ തിരക്കുകളും നഷ്ടമാകുന്ന ആന്തരിക ശാന്തതയും

പഴയകാലത്ത് ബോറടിച്ചിരിക്കുകയോ നിശബ്ദമായി വെറുതെ ഇരിക്കുകയോ എന്തിനെങ്കിലും വേണ്ടി കാത്തിരിക്കുകയോ ചെയ്യുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇത്തരം നിമിഷങ്ങൾ നമ്മുടെ മനസ്സിന് സ്വതന്ത്രമായി ചിന്തിക്കാനും വികാരങ്ങളെ തിരിച്ചറിയാനും സ്വയം ശാന്തമാകാനും ആവശ്യമായ സമയം നൽകിയിരുന്നു.

എന്നാൽ ഇന്ന് ബോറടിക്കുന്നത് ഒഴിവാക്കാൻ നാം എന്തു ചെയ്യാനും തയ്യാറാണ്. അൽപ്പ സമയം വീണു കിട്ടുമ്പോൾ, ആ നിമിഷം തന്നെ നമ്മൾ ഫോണിലേക്ക് തിരിയുന്നു. കാത്തിരിപ്പുകൾ സ്ക്രോളിംഗ് ആയി മാറുന്നു; നിശബ്ദത, കൺമുന്നിൽക്കാണുന്ന ബഹളമായി മാറുന്നു. ഇത് നമ്മുടെ നാഡീവ്യൂഹത്തെ ശാന്തമായ അവസ്ഥയിലേക്ക് മടങ്ങിവരുന്നതിൽ നിന്നും തടയുന്നു.

മനസ്സിനുള്ളിൽ അല്പം പോലും ഇടമില്ലാത്ത വിധം ചിന്തകൾ കുന്നുകൂടുന്നു. വികാരങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ പറ്റാതാകുന്നു. സ്വയം ശൂന്യമാക്കാൻ സമയം ലഭിക്കാത്തതുകൊണ്ട് മനസ്സെപ്പോഴും തിരക്കിൽ തുടരുന്നു. പുറംലോകം എത്ര ശാന്തമാണെങ്കിലും, മനസ്സിനെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങൾ (Stimulation) നിലയ്ക്കാതെ ഉള്ളിലെ ബഹളം അടങ്ങില്ല.

കോർട്ടിസോൾ: മറഞ്ഞിരിക്കുന്ന മാനസിക സമ്മർദ്ദം

നമ്മുടെ ശരീരം ഏതെങ്കിലും പ്രവർത്തിയ്ക്കായി തയ്യാറെടുക്കുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് കോർട്ടിസോൾ (Cortisol). അപകടഘട്ടങ്ങളിലും വെല്ലുവിളികൾ നേരിടുമ്പോഴും നമ്മെ ജാഗരൂകരാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിക്കുന്നു. കുറഞ്ഞ സമയത്തേക്ക്, അതായത്, ആ ഘട്ടം കഴിയുംവരെ മാത്രമാണെങ്കിൽ, ഈ അവസ്ഥ ശരീരത്തിന് നല്ലതാണ്.

ഇന്നത്തെ ഡിജിറ്റൽ ലോകത്തെ തിരക്കുകളും ജോലിഭാരവും ഒരേസമയം പല കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതും (multitasking), വിവരങ്ങളുടെ അതിപ്രസരവും കാരണം നമ്മുടെ ശരീരത്തിൽ ഈ ഹോർമോൺ നിരന്തരമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. പുറമെ അപകടങ്ങൾ ഒന്നുമില്ലെങ്കിലും ശരീരം എപ്പോഴും ഒരു പോരാട്ടത്തിന് തയ്യാറെടുക്കുന്ന അവസ്ഥയിൽ തുടരുന്നു.

ഇത് താഴെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു:

  • ചീറിപ്പായുന്ന ചിന്തകൾ: നിയന്ത്രിക്കാൻ കഴിയാത്ത വിധം ചിന്തകൾ ഓടിക്കൊണ്ടിരിക്കുന്നു
  • വിശ്രമിക്കാൻ പറ്റാതെ വരിക: ശരീരം അയച്ച് സ്വസ്ഥമാകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
  • ഗാഢമായി  ശ്വാസോച്ഛ്വാസം ചെയ്യാൻ കഴിയാതാകുന്നു
  • ശരിയായി ഉറങ്ങാൻ പറ്റാതെ വരുന്നു
  • ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ദേഷ്യം തോന്നുന്നു
  • മാനസിക ക്ഷീണം: മനസ്സ് എപ്പോഴും തളർന്നിരിക്കുന്ന അവസ്ഥ.

ജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടല്ല മനസ്സിങ്ങനെ തിരക്കിലാകുന്നത്, മറിച്ച് എപ്പോഴും ജാഗ്രതയോടെ ഇരിക്കാൻ ശരീരം നിർബന്ധിക്കപ്പെടുന്നത് കൊണ്ടാണ്.

ശാന്തത പോലും അസ്വസ്ഥതയുണ്ടാക്കുന്നത് എന്തുകൊണ്ട്?

എപ്പോഴും എന്തിലെങ്കിലും മുഴുകിയിരിക്കാൻ (stimulation) ശീലിച്ച ഒരാൾ പെട്ടെന്ന് ശാന്തമായി ഒരിടത്ത് ഇരിക്കുമ്പോൾ, അയാളുടെ നാഡീവ്യൂഹം ഉടനെത്തന്നെ വിശ്രമാവസ്ഥയിലേക്ക് മാറില്ല. പകരം, ചിന്തകൾ ഇരച്ചുകയറും. ഇത് ഒരുതരം അസ്വസ്ഥതയോ പരിഭ്രമമോ (Anxiety) ആയി അനുഭവപ്പെടാം.

പുറമെ നിന്നുള്ള ബഹളങ്ങൾ അവസാനിക്കുമ്പോൾ, ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന വികാരങ്ങളും ആശങ്കകളും പഴയ ഓർമ്മകളും പുറത്തേക്ക് വരാൻ തുടങ്ങുന്നു. ഇത് കാണുമ്പോൾ പലരും തങ്ങൾക്ക് എന്തോ പ്രശ്നമുണ്ടെന്ന് തെറ്റിദ്ധരിക്കുകയും ആ അസ്വസ്ഥത ഒഴിവാക്കാൻ വീണ്ടും ഫോണിലേക്കോ മറ്റ് ബഹളങ്ങളിലേക്കോ തിരിയുകയും ചെയ്യുന്നു. കാലക്രമേണ, ഇവർക്ക് നിശബ്ദത ബുദ്ധിമുട്ടായും ബഹളങ്ങൾ ആശ്വാസമായും തോന്നിത്തുടങ്ങുന്നു.

ഇതിന്റെ ഫലമായി, ചുറ്റുപാടും എത്ര സമാധാനമുണ്ടെങ്കിലും മനസ്സിനുള്ളിൽ വലിയ തിരക്ക് അനുഭവപ്പെട്ടുകൊണ്ടേയിരിക്കും.

നാഡീവ്യൂഹത്തിന് ഉറക്കം മാത്രം പോരാ, വിശ്രമവും വേണം

നമുക്കെല്ലാവർക്കും ദിവസവും ഏഴെട്ടു മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. ശരീരത്തിലെയും മസ്തിഷ്ക്കത്തിലെയും കോശങ്ങുടെ അറ്റകുറ്റപ്പണികൾ നടക്കുന്നത് ആ സമയത്താണ്.  പക്ഷെ നമ്മുടെ നാഡീവ്യവസ്ഥയ്ക്ക് (Nervous system) ആവശ്യമായ പൂർണ്ണവിശ്രമം ഉറക്കത്തിൽ നിന്നു മാത്രം ലഭിക്കില്ല.   

ഉണർന്നിരിക്കുമ്പോൾ തന്നെ മനസ്സ് ശാന്തമായിരിക്കുന്ന അവസ്ഥയുണ്ടെ ങ്കിൽ മാത്രമേ നാഡീവ്യവസ്ഥയുടെ വിശ്രമം പൂർണ്ണമാകൂ. അതായത്, കാര്യങ്ങൾ പരിഹരിക്കാനോ, എന്തെങ്കിലും കാണാനോ, എന്തിനോടെങ്കിലും പ്രതികരിക്കാനോ അല്ലെങ്കിൽ പുതിയ വിവരങ്ങൾ തേടിക്കൊണ്ടിരിക്കാനോ ശ്രമിക്കാത്ത, തികച്ചും ശാന്തമായ ചില നിമിഷങ്ങളിലാണ് നാഡീവ്യൂഹം വിശ്രമാവസ്ഥയിലെത്തുന്നത്.

നമ്മുടെ ശരീരത്തെ റിപ്പയർ ചെയ്യുകയും ഊർജ്ജം വീണ്ടെടുക്കുകയും ചെയ്യുന്ന ‘പാരാസിംപതറ്റിക് നാഡീവ്യൂഹം’ (Parasympathetic nervous system) ഉണരുന്നതപ്പോഴാണ്. ഈ സമയത്താണ് ദഹനം മെച്ചപ്പെടുന്നതും ഹൃദയമിടിപ്പ് സാധാരണ നിലയിലാകുന്നതും ചിന്തകളിൽ വ്യക്തത കൈവരുന്നതും.

ഇങ്ങനെയുള്ള വിശ്രമം ലഭിച്ചില്ലെങ്കിൽ, മസ്തിഷ്കം ദിവസം മുഴുവൻ പണിപ്പെട്ടുകൊണ്ടിരിക്കും. അപ്പോൾ നമ്മൾ വിനോദമായി കാണുന്ന കാര്യങ്ങൾ പോലും മനസ്സിന് ആശ്വാസം നൽകുന്നതിന് പകരം മറ്റൊരു തരത്തിലുള്ള തിരക്കായി മാറും.

നിശബ്ദതയുടെയും നിശ്ചലതയുടെയും പ്രാധാന്യം

ഒന്നും ചെയ്യാതെ കുറച്ചുനേരം ശാന്തമായി ഇരിക്കുക എന്നത് നമ്മുടെ ശരീരത്തിന് ഏറെ അനിവാര്യമായ ഒരു ജൈവികാവശ്യമാണ്.

നമ്മുടെ ശരീരം ശാന്തമായിരിക്കുമ്പോൾ സംഭവിക്കുന്നത്:

  • ശ്വാസോച്ഛ്വാസം ആഴത്തിലുള്ളതാകുന്നു
  • പേശികൾ അയയുന്നു
  • കോർട്ടിസോളിന്റെ (സമ്മർദ്ദ ഹോർമോൺ) അളവ് കുറയുന്നു
  • ചിന്തകളുടെ വേഗത കുറയുന്നു
  • വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് കൂടുന്നു

പുതിയ അറിവുകൾക്ക് പിന്നാലെ പായുന്നതിന് പകരം, ലഭിച്ച അറിവുകളെയും അനുഭവങ്ങളെയും ശരിയായി ക്രമീകരിക്കാൻ ഇത്തരം നിശ്ചലമായ നിമിഷങ്ങൾ തലച്ചോറിനെ സഹായിക്കുന്നു. ഈ നിശബ്ദതയിലാണ് പുതിയ ഉൾക്കാഴ്ചകളും സർഗ്ഗാത്മകതയും മാനസിക തുലനവും ഉടലെടുക്കുന്നത്.

പഴയകാലസംസ്കാരങ്ങളിൽ പ്രാർത്ഥനയിലൂടെയും സന്ധ്യാസമയത്തെ നിശബ്ദതയിലൂടെയും ഈ ശാന്തത സ്വാഭാവികമായും ലഭിച്ചിരുന്നു.  വൈകുന്നേരം കുറച്ചുനേരം ഒരുമിച്ചു കൂടി സമാധാനത്തോടെ സൗഹൃദം പങ്കിട്ട്, വീട്ടിലെത്തി, സ്വസ്ഥമായി നേരത്തെ തന്നെ ഉറങ്ങുമ്പോൾ, ഈ ശാന്തത ആവോളം കൈവന്നിരുന്നു. ആചാരങ്ങൾക്കും ശീലങ്ങൾക്കുമുപരിയായി, അത്തരം ചിട്ടകൾ നമ്മുടെ നാഡീവ്യൂഹത്തെ ശുദ്ധീകരിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു. 

ശാന്തത നേടാൻ ചില വഴികൾ 

ശാന്തമായിരിക്കേണ്ടതെങ്ങനെയെന്ന് ആധുനിക കാലത്തെ മനുഷ്യർ വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു. ഇതിനായി കഠിനമായ ധ്യാനമോ ഒറ്റപ്പെട്ട ജീവിതമോ ഒന്നും ആവശ്യമില്ല. പകരം, ബോധപൂർവമായ ചില ചെറിയ ഇടവേളകൾ എടുത്താൽ മതിയാകും.

ചില ലളിതമായ വഴികൾ:

  • പത്തു മിനിറ്റ് നേരം ഫോണോ ടിവിയോ ഇല്ലാതെ വെറുതെ ഇരിക്കുക
  • ഇയർഫോൺ ഉപയോഗിക്കാതെ വെറുതെ നടക്കാൻ ഇറങ്ങുക
  • ഫോണിൽ നോക്കാതെ ഭക്ഷണം കഴിക്കുക
  • ഉറങ്ങുന്നതിന് മുൻപ് സാവധാനം ശ്വാസമെടുക്കുക
  • ആകാശത്തേക്കോ പ്രകൃതിയിലേക്കോ നോക്കി നിൽക്കുക
  • ബോറടിക്കുമ്പോൾ ഉടനെ അത് മാറ്റാൻ ഫോണിലേക്ക് നോക്കാതിരിക്കുക

ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിശബ്ദതയെ പതിയെപ്പതിയെ  സഹിക്കാനും ക്രമേണ അതാസ്വദിക്കാനും നമ്മുടെ മസ്തിഷ്കത്തിന് സാധിക്കും.

ആദ്യമൊക്കെ ഇങ്ങനെ ചെയ്യുമ്പോൾ ചിന്തകൾ കൂടി വരുന്നത് പോലെ തോന്നാം. പക്ഷേ അത് താത്കാലികമാണ്. നമ്മുടെ നാഡീവ്യൂഹം ഈ മാറ്റവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ, ചിന്തകളുടെ വേഗത കുറയുകയും മനസ്സിന് കൂടുതൽ തെളിച്ചം ലഭിക്കുകയും ചെയ്യും.

മാനസിക ബഹളങ്ങളിൽ നിന്ന് വ്യക്തതയിലേക്ക്

മനസ്സ് എപ്പോഴും തിരക്കിലായിരിക്കുന്നത് കാര്യക്ഷമതയുടെ ലക്ഷണമായി കണക്കാക്കരുത്. ഇന്നത്തെ കാലത്തെ പല മാനസിക പ്രവർത്തനങ്ങളും വെറും പ്രതികരണങ്ങൾ (Reactive) മാത്രമാണ്. അതായത്, ഉള്ളിൽ നിന്നുള്ള ചിന്തകൾക്ക് പകരം ഉപരിപ്ളവമായ കാര്യങ്ങളോടാണ് നമ്മുടെ മനസ്സ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.

മനസ്സിന്റെ ബഹളങ്ങൾ കുറയ്ക്കുമ്പോൾ, ചിന്തകളിൽ വ്യക്തതയുണ്ടാകാൻ തുടങ്ങും. അനാവശ്യ ബഹളങ്ങൾ കുറയുമ്പോൾ നമ്മുടെ ശ്രദ്ധ കൂടും. ശ്രദ്ധ കൂടുമ്പോൾ ചിന്തകൾക്ക് കൂടുതൽ ശാന്തതയും ലക്ഷ്യബോധവും കൈവരും.  

അതുകൊണ്ടാണ് പ്രകൃതിയുടെ മടിത്തട്ടിലായിരിക്കുമ്പോഴോ, കറന്റ് പോയി ചുറ്റുപാടും നിശബ്ദമാകുമ്പോഴോ, ഏകാന്ത യാത്രയിലോ ഒക്കെ നമ്മൾ അപ്രതീക്ഷിതമായ ഒരു സമാധാനം അനുഭവിക്കുന്നത്. പുതിയ അറിവുകൾക്കോ മറുപടികൾക്കോ വേണ്ടി നമ്മുടെ മനസ്സിനോട് ആരും നിർബന്ധിക്കാത്ത ആ നിശബ്ദമായ നിമിഷങ്ങളിലാണ് നാഡീവ്യൂഹം ജീവസ്സുറ്റതാകുക.

ശാന്തതയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട്

ശാന്തത നേടാൻ നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതിരിക്കേണ്ടതില്ല.

മനസ്സിനുള്ളിലെ ഇടം (inner space) വീണ്ടെടുക്കലാണത്.

മനസ്സിന് വിശ്രമിക്കാൻ ഒരിടം ലഭിക്കാതെ വരുമ്പോഴാണ് അത് എപ്പോഴും തിരക്കിലാണെന്ന് നമുക്ക് തോന്നുന്നത്. ഡിജിറ്റൽ ലോകത്തെ അമിതഭാരവും തുടർച്ചയായ ഉത്തേജനങ്ങളും സമ്മർദ്ദ ഹോർമോണുകളും കാരണം സാധാരണ ദിവസങ്ങൾ പോലും നമ്മുടെ മനസ്സിന് വലിയ ഭാരമായി അനുഭവപ്പെടുന്നു.

എപ്പോഴും ജാഗ്രതയോടെ ഇരിക്കേണ്ട അവസ്ഥയിൽ നിന്നും വിശ്രമത്തിന്റെ അവസ്ഥയിലേക്ക് മാറാൻ നമ്മുടെ നാഡീവ്യൂഹത്തെ അനുവദിക്കുമ്പോഴാണ് യഥാർത്ഥ ശാന്തത അനുഭവിച്ചറിയാനാകുക.

തിരക്കുകളിൽ നിന്ന് സന്തുലനത്തിലേക്ക്

ജീവിതം ശാന്തമായതുകൊണ്ട് മാത്രം മനസ്സ് ശാന്തമാകണമെന്നില്ല. മനസ്സിന്റെ സമാധാനം നമ്മൾ ബോധപൂർവ്വം വളർത്തിയെടുക്കണം.

വിശ്രമിക്കുമ്പോൾ നമ്മുടെ സമയം പാഴായിപ്പോകുന്നു എന്ന മിഥ്യാധാരണ പലർക്കുമുണ്ട്.  വാസ്തവത്തിൽ അത്, നമ്മുടെ ശരീരത്തിന് ജീവശ്വാസം പോലെതന്നെ പ്രധാനമാണ്.

നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ലോകം മുഴുവൻ മത്സരിക്കുന്ന ഈ കാലത്ത്, അല്പനേരം നിശബ്ദമായിരിക്കാൻ തീരുമാനിക്കുന്നത് സ്വയം നൽകുന്ന കരുതലാണ്.  എപ്പോഴും തിരക്കിലായിരിക്കുന്നത് ഒരു നേട്ടമായി കാണുന്ന ഈ സംസ്കാരത്തിൽ, സാവധാനം മുന്നോട്ട് പോകാൻ തീരുമാനിക്കുന്നത് തികച്ചും ആരോഗ്യകരമായ നിലപാടു തന്നെ.

ലോകത്തു സംഭവിക്കുന്ന എല്ലാക്കാര്യങ്ങളും അണുവിട തെറ്റാതെ അതേസമയത്ത് നമ്മൾ അറിഞ്ഞിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. സാഹചര്യങ്ങൾക്കും വ്യക്തിജീവിതത്തിലെ പ്രവർത്തനങ്ങൾക്കുമനുസൃതമായി ജീവിതം രൂപപ്പെടുത്തുക. സ്വന്തം മനസ്സിലേക്ക് നോക്കാൻ കുറച്ചു നിമിഷങ്ങൾ മാറ്റിവെയ്ക്കുക. രാവിലെ പല്ലു തേച്ച് കുളിക്കുന്നതു പോലെയും  ആഹാരം കഴിക്കുന്നതു പോലെയും ജോലി ചെയ്യുന്നതുപോലെയുമുള്ള ഒരു കാര്യമാണ് ശരീരനാഡികൾക്കും മനസ്സിനും അൽപ്പനേരം വിശ്രമം നൽകുക എന്നതും.  

ചുമരുണ്ടെങ്കിലേ ചിത്രമുള്ളൂ എന്ന പഴഞ്ചൊല്ല്  ഇവിടെ അന്വർത്ഥമാകുകയാണ്. ബാഹ്യലോകത്തെ ബഹളത്തിലേക്കും തിരക്കുകളിലേക്കും മനസ്സിനെയും ചിന്തകളേയും നിയന്ത്രണമില്ലാതെ മേയാൻ വിടുകയും അടുക്കും ചിട്ടയുമില്ലാതെ ജീവിക്കുകയും വിശ്രമിക്കാൻ സമയം നൽകാതെ മസ്തിഷക്കത്തെ സദാ ജാഗ്രത പാലിക്കേണ്ട അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുമ്പോൾ, ശരീരത്തിൻ്റെയും മനസ്സിൻ്റെയും താളം തെറ്റും. ആരോഗ്യം നഷ്ടമാകും. ശാന്തമായിരിക്കുമ്പോഴും മനസ്സ് തിരക്കിലാകുന്നത്, എങ്ങനെ ശാന്തമായിരിക്കണം എന്നത് മറന്നുപോയതുകൊണ്ടാണ്.

ശാന്തമായിരിക്കാൻ ശീലിക്കുന്നത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിച്ചറിയാൻ ആ ശീലം സഹായകമാകും.

Related News

ഡയറ്റിന് പിന്നാലെ പോകുംമുമ്പ് അറിയണം ഇക്കാര്യങ്ങൾ

ഡയറ്റിന് പിന്നാലെ പോകുംമുമ്പ് അറിയണം ഇക്കാര്യങ്ങൾ

ആഹാരക്രമത്തിലെ ശാസ്ത്രീയരീതികൾ മനസ്സിലാക്കാം ട്രെൻഡനുസരിച്ചുള്ള ആഹാരമാറ്റം വർത്തമാനകാലത്ത് നിലവിൽ ഹിറ്റായിട്ടുള്ള ട്രെൻഡിനു പുറകെ വെച്ചുപിടിക്കുന്നവർ ധാരാളമുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും പോലെ പലതരം ഡയറ്റും ട്രെൻഡാകുന്ന കാലത്താണ് നമ്മൾ...

ഏപ്രിൽ 11, 2026 10:40 pm
വേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

വേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

ഈ പഴങ്ങൾ കഴിക്കാം ദഹനം എളുപ്പമാക്കാം വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സി‌ലേക്ക് വരിക പൊള്ളുന്ന ചൂടും വിയർപ്പും എത്ര വെള്ളം കുടിച്ചാലും മതിവരാത്ത തരം...

ഏപ്രിൽ 2, 2026 9:19 pm
ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ആധുനിക ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ സ്വന്തം ശരീരവും  ആരോഗ്യവും ശ്രദ്ധിക്കാനും പരിപാലിക്കാനും നമ്മളിൽ പലർക്കും സമയം കിട്ടാറില്ല. ആ കുറവ് പരിഹരിക്കാൻ ഗുളികയുടെയും പൗഡറിൻ്റെയും സിറപ്പിൻ്റെയുമൊക്കെ രൂപത്തിൽ പകരക്കാരുണ്ടല്ലോ...

ഏപ്രിൽ 1, 2026 7:47 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
Top
Subscribe